Saturday, July 24, 2021

നിലാവസന്തം

 

വ്യാസമേറിയവിഭാസമൊടെവിധു വാസരാന്തമണയും സഹം
ധൂസരദ്യുതിവിലാസചന്ദ്രിക നികാസമോ തമനിരാസമായ്
ത്രാസമൻമദസുവാസതല്ലജസുഹാസമാടി നടരാസകം
ലാസമാർന്നരിയ രാസഭാവുക വികാസമാർന്നു സുമകേസരം 

(സഹം - ധനുമാസം. ധൂസര - കാന്തിയോടുകൂടിയ. നികാസം - ചക്രവാളം. ത്രാസ - ത്രസിപ്പിക്കുന്ന. രാസകം - നാട്യത്തിലെ ഉപരൂപങ്ങളിലൊന്ന്. രാസ ഭാവുക - രസത്തോടുകൂടി ഭാവിക്കുന്ന )

പേലവാംഗനടശീലമോടെവിധു ചേലണിഞ്ഞു വധുപോലതാ
താലമേന്തി, ഗിരിശൈലമാകെ നറുമാലതീകുസുമജാലവും
പാലപൂത്തശുഭകാലമായ്,നിശി വിലോലതാലവനമോലകൾ
ആലവട്ടനിരലോലലോലിത വിശാലസാനുതടമീ ലവം

(പേലവ - കോമളമായ. താലവനം - പനങ്കാട്. ലവം - വിനോദം)

പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞപുതുകൈരവങ്ങളുടെ മാരകേളിപകരും രജം
ഗൗരവർണ്ണദലതാരണിഞ്ഞപനി ഹീരമോ കതിരുചേരവേ
ധാരപോലൊഴുകിസൗരഭം സരസിതീരവും വനവിദൂരവും

(കൈരവം - ആമ്പൽ രജം - പൂമ്പൊടി. ഹീരം - വൈഡൂര്യം)

ശ്യാമയാമിനിയിലോമലാംനിലവു തൂമതൂകിയ നികാമമാം
യാമമായി തെളിസോമമാകെ നിറഭാമമായ് മധുനിലാമയം
ഹൈമമാർന്ന തണുചാമരംതഴുകി പൂമണംവിതറി കേമമാ-
രാമമാരുതസകാമചാതുരി വിലോമമൂതി വനസീമയിൽ

(നികാമം - ഏറ്റവും സമൃദ്ധമായി, യഥേഷ്ടം. ഭാമം - ശോഭ . സകാമം - ആഗ്രഹത്തോടുകൂടിയ. വിലോമ - ക്രമത്തിന്/പതിവിന് വിപരീതമായി  )

സ്ഫീതവെണ്ണിലവിഭൂതയാമിനി, വിധൂതകാളിമ നിപാതമായ്
വീതതാന്തമനകാതരസ്മൃതികളും, തലോടി നവനീതമാൽ
കേതകം കതിരിടുംതടം മിഴിവെഴും തളിർത്ത നറുചൂതവും
ശീതസാന്ദ്രകരനീതമാലെ വിടരുംതമാലകദലം തഥാ

(സ്ഫീത - വർദ്ധിച്ച ശുദ്ധമായ സന്തോഷമുള്ള. വിഭൂതം -  ഉണ്ടായ/കാണപ്പെട്ട. വിധൂത - ഇളക്കപ്പെട്ട, ഉപേക്ഷിച്ച. നിപാത - വീഴ്ച/ഒടുങ്ങിയ
കേതകം - പൂക്കൈത/താഴമ്പൂ ചൂതം - മാമ്പൂ. നീതം : ധ്യാനം/സമ്പത്ത്. തമാലകം - നീർമാതളം)

ശ്രീകരം ഭുവനമോ കലാകലിതനാകമാക്കിരജനീകരൻ
കാകജാതവിളി തൂകയായ് ഹൃദയമാകയോ കളസുധാകരം
ശീകരംതഴുകി വീകവും കുളിരുപൂകയായി സുമസൈകതം
സാകമാടിനിറവേകയായി നറുസൂകസൂനഗണമീ കണം

(കാകജാതം - കുയിൽ സുധാകരം - സമുദ്രം ശീകരം - മഞ്ഞുതുള്ളി വീകം - കാറ്റ് . സാകം - കുടെ/ഒപ്പം സൂകം ആമ്പൽ കണം - നിമിഷം (ക്ഷണം))

രാവലിഞ്ഞനുപമം വളർമതിനഭം വരാംഗനസമം വരേ 
ഈ വസുന്ധരയെ പാർവണേന്ദുവനുഭാവമോടു രതിസാവക
ദ്യോവടർന്നപടി കൂവരാഭിഗതദാവമാകെ പുതുദേവനം
കേവലാനുഭവതാവതാ ധനുവിലും വസന്തമിതു മേവതായ്

(വരാംഗന - ഉത്തമസ്ത്രീ. അനുഭാവം - മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം രതി സാവക - പ്രിയം ജനിപ്പിക്കുന്ന. കൂവര അഭിഗത - ഭംഗി (യോടെ) ആഗതമായ. ദാവം - കാട്. ദേവനം - ഉദ്യാനം. താവതാ - അത്രയുംകൊണ്ട്)

വൃത്തം: കുസുമമഞ്ജരി
പ്രാസം : ഷോഡശപ്രാസം






Saturday, July 10, 2021

രാഗവസന്തം

ദ്വാദശപ്രാസത്തിനുപുറമേ ദ്വിതീയകൂടിചേർത്ത് മറ്റൊരെണ്ണം. ഇവിടെ രണ്ടിനും ഒരേ അക്ഷരമാകയാൽ ഫലത്തിൽ ഇത് ഷോഡശമായി.  കുസുമമഞ്ജരി വൃത്തത്തിനു മുൻപിലായി 2 ലഘുക്കൾ ചേർത്ത് അതിനുപകരമായി  അവസാനഭാഗത്തെ 2 അക്ഷരങ്ങൾ കുറച്ചാൽ തടിനിയായി.


രാഗവസന്തം

മലരല്ലിപോലെമുഖ,മില്ലിപോലെ കുനുചില്ലികൾ വളയവേ
കുലവില്ലിലിന്നുകുടമുല്ലകോർത്ത രതിവല്ലഭൻറെ മികവോ
അലതല്ലിടുന്നനിറവല്ലെയെൻ ഹൃദയവല്ലകിക്കുമിഴ പൂ-
ങ്കുലവല്ലികൾ വരികളില്ലപോൽ, തരളപല്ലവങ്ങളവയിൽ

പിടികിട്ടുകില്ലരിയനോട്ടമോ നിശിതചാട്ടുളിയ്ക്കു സമമായ്
ഇടിവെട്ടിവന്നമഴമട്ടിലായ് മധുപുരട്ടിവീണകനലായ്
ചൊടിമൊട്ടിലൂറിയപകിട്ടുചിന്നി മിഴിനട്ടു തൂമതെളിയേ
തുടികൊട്ടിയെൻ പുളകമൊട്ടിടും ഹൃദയമൊട്ടുപൂത്തുവനിയായ്

മതിമത്തമായ് സരളമോർത്തിടുന്ന നിമിഷത്തിലുള്ളലഹരി
പ്രതിപത്തിയാൽത്തരളവൃത്തികൾ പ്രണയകീർത്തനങ്ങളെഴുതും
ജതിനൃത്തമാർന്നു ഹൃദയത്തുടിപ്പു മമചിത്തമോ കനവിലായ്
കതിരൊത്തിരാപ്പുളകമുത്തിനീ തിരികൊളുത്തി നെഞ്ചിനകമേ

അകമൊക്കെയും കനവൊരുക്കുമാ മണിവിളക്കുകൾ ദ്യുതിയെഴെ
പുകയേൽക്കുവാനകിലുപോൽക്കരിഞ്ഞുമണമാക്കിനെഞ്ചുമെരിയേ
മികമോർക്കവേ പിരിമുറുക്കമായ്ത്തിര കണക്കെയാർത്തു നിനവും
മകരക്കുളിർപ്പനി വിയർക്കുമീത്തപമുറക്കമറ്റ നിശിയിൽ

തപവീർപ്പുവന്നു, നെടുവീർപ്പുകൾ  കദനമൊപ്പിവന്നൊരലകൾ
ചപലപ്പഴംകനവിലീപ്പകൽവെയിലു നീർപ്പളുങ്കുമണികൾ
ജപമിപ്പൊഴിങ്ങധരജല്പനം ഹൃദയകല്പനാമുകുളമേ-
തു പടപ്പിലും ഞൊടിമിടിപ്പിലും വരുവതൊപ്പമിന്നനുപദം


വൃത്തം: തടിനി
പ്രാസം : ദ്വിതീയ + ദ്വാദശപ്രാസം


ഇഹസം ജസം ജസജസം തുടർന്നുവരുമെങ്കിലങ്ങു തടിനീ




Saturday, June 19, 2021

നന്ദിതവിന്ദു

ധൃതി (18) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് ശങ്കരചരിതം. ഈ വൃത്തത്തിലെ ഒരു ദ്വാദശപ്രാസ പരീക്ഷണമാണ് ഇത്.  ദ്വാദശപ്രാസം എഴുതുമ്പോൾ പൊതുവെ  അതിൽ സ്വാഭാവികമായി ദ്വിതീയ പ്രാസം ചേർന്ന് വരികയാണ് പതിവ്.  എന്നാണ് ചില വൃത്തങ്ങളിലെങ്കിലും ദ്വിതീയപ്രാസം ദ്വാദശ പ്രാസത്തിനു പുറമെ കൊടുക്കുവാനാകും. അത്തരം ഒരു വൃത്തമാണ് ശങ്കരചരിതം.


മൂന്ന് അധികനിബന്ധനകളോടെയാണ് ഈ കവിതയിൽ ശങ്കരചരിതം കൊണ്ടുവന്നിരിക്കുന്നത്.

1 ദ്വിതീയാക്ഷരപ്രാസം
2 അതിൽ നിന്നും വേറിട്ട് ദ്വാദശപ്രാസം
3 ദീർഘസ്വരങ്ങൾ പാടെ നിരാകരിച്ചിരിക്കുന്നു, 



നന്ദിതവിന്ദു

കനവല്ലിതു നറുമല്ലിക നലഝില്ലിയിലനിശം 
മനവല്ലരി നിറഫുല്ലവുമതു നല്ലൊരു മണവും
വിന തെല്ലൊരു തരിയില്ലൊരു കുനുപല്ലവനിനവിൽ
പനിമല്ലികമലതല്ലിയ  മതിവല്ലഭസുരസം


ഝില്ലി: ശോഭ/ (സൂര്യ) പ്രകാശം
അനിശം : എല്ലായെപ്പോഴും
വിന : പാപം
പനി മല്ലികം : മഞ്ഞ് ഉള്ള മാഘമാസം, (ജനുവരി 15 - ഫെബ്രുവരി 15)
മതി വല്ലഭ : മനസ്സിന് ഇഷ്ടമുള്ള
സുരസം : നല്ല രസം, മണം

തനിസത്തൊരു നിറവൊത്തൊരു സുഭഗത്തൊടു വിടരും
കനിവൊത്തൊരു മണിമുത്തവുമതു ഹൃത്തടമരുളും
മനവൃത്തികളമുദത്തൊടുമൊരു നർത്തനലസിതം
ഘനമെത്തിയ ഗഗനത്തിനു മദമത്തമയിലുകൾ

നിറവ്: പൂർണ്ണത
സുഭഗ : ഐശ്വര്യം ഉള്ള
അമുദം : ആഹ്ലാദം
ഘനം : മേഘം 



ശതകുന്ദകമിളവൃന്ദവുമതു വിന്ദുവിനലകൾ
സിതകന്ദടചിതിമന്ദര മധുനന്ദിത ഹൃദയം
പുതുചന്ദനവലിസന്ദിതമതികന്ദളിതമഘം
ഋതുനന്ദനവനികന്ദളമണിമന്ദിരസദൃശം


ശത കുന്ദകം : നൂറുകണക്കിന് കുരുക്കുത്തി മുല്ലകൾ
ഇള വൃന്ദം: പിഞ്ച്, ഇളയതായ കൂട്ടം
വിന്ദു : അറിവുള്ള
സിത: വെളുത്ത/തികവായ
കന്ദടം : വെളുത്ത ആമ്പൽ
ചിതി: ഗ്രഹണം, അറിവ് 
മന്ദര : വലിയ/വലിപ്പമുള്ള
നന്ദിത : കൈക്കൊള്ളപ്പെട്ട
വലി : കുറിക്കൂട്ടുകൊണ്ടു ശരീരത്തില്‍ ഉണ്ടാക്കുന്ന രേഖ (ഇവിടെ മനസ്സിൽ)
സന്ദിത : കെട്ടപ്പെട്ട കോർക്കപ്പെട്ട
മതി : ബുദ്ധി, മനസ്സ്
കന്ദളിത : മുളച്ച/അങ്കുരിച്ച
മഘം : സുഖം/ഭാഗ്യം
നന്ദനവനി : ഇന്ദ്രൻറെ പൂന്തോട്ടം
കന്ദളം : സ്വർണ്ണം



മനകങ്കര ദുഷിപങ്കില പതിരങ്കതി കളയും
വിനശങ്കയുമകപങ്കവുമൊരു പങ്കജിനിവളം
തനികങ്കുരമതിലങ്കനമൊഴി കുങ്കുമമണിയും
നിനവങ്കുര മുഴുതിങ്കളിനൊളി തങ്ക നിറലയം


കങ്കര : മുഷിഞ്ഞ/ചീത്തയായ
ദുഷി : ദുഷിച്ചുപറയല
പതിര് : കൊള്ളരുതാത്ത
അങ്കതി:  തീ/ ഹോമാഗ്നി സൂക്ഷിക്കുന്നവൻ
അക പങ്കം : അകത്തെ ചെളി
പങ്കജിനി വളം: താമരക്കൂട്ടം, താമരപ്പൊയ്ക, അതിനുള്ള വളം
തനി കങ്കുരം : തനി സ്വർണ്ണം
അങ്കനം : അടയാളപ്പെടുത്തല്‍, മുദ്രയിടല്‍




തമഭഞ്ജന ചിതിപഞ്ജവുമൊരു കുഞ്ജരവിപുലം
രമഗുഞ്ജിതരവകുഞ്ജവുമൊരുമഞ്ജു വലയിതം
മമരഞ്ജിത മനപിഞ്ജരമനുരഞ്ജനനിറവിൽ
സുമരഞ്ജന മധുമഞ്ജരി നിറമഞ്ജുഷനികരം

തമ ഭഞ്ജനം - ഇരുട്ടിനെ നശിപ്പിക്കുന്ന
ചിതി പഞ്ജം - പ്രജ്ഞാനത്തിൻറെ/ഗ്രഹിച്ചവയുടെ കൂട്ടം
കുഞ്ജരം : വടവൃക്ഷം
വിപുലം : വിസ്തൃതമായ
രമ ഗുഞ്ജിത രവം: ആനന്ദിപ്പിക്കുന്ന കുയിലിന്റെ പാട്ടിൻറെ ഒച്ച
കുഞ്ജം : വള്ളിക്കുടിൽ
മഞ്ജു വലയിതം : അഴകിനാൽ ചുറ്റപ്പെട്ട
മമ രഞ്ജിത മനം : എൻറെ സന്തോഷിക്കുന്ന മനം
പിഞ്ജരം : സ്വർണ്ണനിറം (ആയി)
അനുരഞ്ജന : യോജിച്ചു പോകുന്ന
നിറവ് : പൂർണ്ണത
സുമ രഞ്ജന : നിറം പിടിപ്പിക്കുന്ന/ചായമിടുന്ന /പ്രീതിപ്പെടുത്തുന്ന / സന്തോഷിപ്പിക്കുന്ന പൂവിന്റെ
മധു മഞ്ജരി : തേനുള്ള പൂങ്കുല
നിറ മഞ്ജുഷ : വലിയ കൊട്ട നിറയെ
നികരം : സാരം


ദ്യുതിമണ്ഡന മതിമണ്ഡപപരിമണ്ഡല നികടം
ശ്രുതിപണ്ഡിത മഹിതുണ്ഡവുമിഹ തുണ്ഡിലമൊഴികൾ
ചിതിഖണ്ഡനമദഹണ്ഡിക ഹൃദിലുണ്ഡി വിരചിതം
സ്മൃതിപിണ്ഡക ശുഭഗണ്ഡവുമിതുമുണ്ഡകതിലകം

ദ്യുതി മണ്ഡന : പ്രകാശത്താൽ അലങ്കരിക്കപ്പെട്ട
മതി മണ്ഡപം : ബുദ്ധിയുടെ മണ്ഡപം
പരിമണ്ഡലം : വൃത്തം/ബിംബം
നികടം : അടുത്ത്, സമീപം
ശ്രുതി പണ്ഡിത : വേദം/ശാസ്ത്രം അറിവുള്ള 
മഹി തുണ്ഡം : മഹത്തരമായ(വലിയ) ചുണ്ട്
ഇഹ : ഇവിടെ
തുണ്ഡില : ധാരാളം സംസാരിക്കുന്ന
ചിതി ഖണ്ഡന  : അറിവ് പൊട്ടിക്കുന്ന
മദ ഹണ്ഡിക : മദത്തിൻറെ മൺകുടം
ഹൃദി ലുണ്ഡി : ഹൃദയത്തിൽ  ഉചിതമായ തീരുമാനം/ശരിയായ പെരുമാറ്റം
വിരചിതം : ഉണ്ടാക്കിത്തീർക്കുന്നു
സ്മൃതിപിണ്ഡക :  ധർമ്മശാസ്ത്രത്തിലെ അറിവിൻറെ കസ്തൂരി
ശുഭ ഗണ്ഡം : ശുഭമായ അടയാളം
മുണ്ഡകം : നെറ്റി




Saturday, June 5, 2021

മഴക്കളികൾ

 

മഴപെയ്തിടമുറിയാതൊരു കൊടുമാരിയിലൊടുവിൽ
പുഴപോലൊരു ചെറുചാലുകളണിയും നടവഴിയിൽ
ഒഴുകുംജലമണികൾ പദതളിരാൽ ചിതറിയതിൽ
തഴുകുംകുളിരലവീണിളമനമേ, കളിതുടരാം

തെളിനീരല മഴപെയ്തൊഴുകിടുമാ നടവഴികൾ 
ചെളിയിൽ പദമമരും ചെളിനിറമായതുപടരും
തെളിനീരിനുചെളിതൂകിയകഴലിൻ തുടിനടനം
കളികൾ തിരുതകൃതിയ്ക്കതിനിടയിൽ പലവികൃതി!

മനമാകെയൊരഴകേറിയ മഴവില്ലൊളിവിതറും
കനവിൻകണിയുദയം പ്രഭ തെളിവാനവുമണിയും
നനവേറിയ കളിമുറ്റവുമടരാടിയ കുഴികൾ 
കനകാംബരമലരൂർന്നതു ചുടുചെന്നിണമണിപോൽ

കൊതിപൂണ്ടൊരു ചെറുഷഡ്പദഗണമോ നിരനിരയായ്
പതിയേയൊരു പദസഞ്ചലനവുമായ് വരിവരിയായ്
ഗതിമാറ്റിയ പരവേശമൊടവയോടിയ ബഹളം
അതിജീവനസമയം കടിപിടികൂടിയ കലഹം!

പലകോണിലുമളവിൽ ജലമണകെട്ടിയ തടമായ്
വിലസാമതിലലസം വരുയിനിലീലകളതിലായ്
നിലയുള്ളൊരു കുളമാണതു തരിയുംഭയമരുതാ
അലമാലയിലുഴറാം ചെളികൊതിതീരെയുമണിയാം

കടലാസുകളൊഴുകും പലതരമായതിലലയും
കടലാണതു പലതോണികളൊരു ചാകരതിരയും
നടമാടിയ പദമാൽ തടമതിലോളവുമിളകും
ഇടനേരവുമഴിയാത്തൊരു തിരമാലയുമുണരും

ചെളിവെള്ളവുമണനിന്നൊരു കളിമുറ്റവുമൊരു കാ-
കളിപാടണ കിളിപോലൊരു ചൊടികൂടിയവിളികൾ
കളിതന്നൊരു വിരുതേറിയ ചെറുഭാവനപലതിൽ 
കളിവഞ്ചികളൊഴുകേയലകടലായ് മനമുയരും

ചെറുതോണിയിലകമേ തളിരിലയും കുനുമലരും
ചെറുജീവികളിവയും കരതിരയുംകളി രസമായ്
മറുതീരവുമണയാൻകൊതി  തിരമേലവയലയും
വെറുതേയൊരു വികൃതിത്തരമതു വഞ്ചികളുലയാൻ

ഇരുകൈകളുമിഴചേർന്നൊരുപുടമായതിലളവിൽ
വിരുതോടൊരുതുടി തേകിയകളി മത്സരമയമായ്
പെരുമാരിയിലൊരുവൻകുടമളവോടതു പൊഴിയേ
തിരവീണൊരുചെറുതോണികളലയാഴിയിലുലയും

തിരതീണ്ടിയ ചെറുതോണികളലയിൽ നിലമറിയും
തിരമേലില, ചെറുജീവികളിവചേർന്നതിലൊഴുകും
കരപൂകണമുടനേ ത്വരയതുജീവനുഭയമാൽ
തിരനീന്തിയതണയും മറുകരചേർന്നവമറയും 

ഗതകാലമൊഴലായ് മനമുരുകും പഴനിനവിൽ
ഹിതമായതുപലതും മനമുകുരം തിരതെളിയും
മൃതനായിടുമൊരുനാൾവരെയതുമിന്നിടുമകമേ
ശതപൊൻകണിമിഴിവോടതു തുടരും വരിശകളിൽ

വൃത്തം: ശങ്കരചരിതം


സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം




Saturday, May 8, 2021

വസന്തവനം

കുസുമമഞ്ജരിയിൽ ഓരോ ര ഗണത്തിനും ഇടയ്ക്ക് ഒരു ന ഗണം 3 തവണയായി  വരുന്നുണ്ട്.  ഈ ന ഗണങ്ങളിൽ  നിന്നും ഒരു ലഘു വീതം മൊത്തം 3  എണ്ണം കുറച്ചാൽ  21 അക്ഷരങ്ങളുള്ള കുസുമമഞ്ജരി 18  അക്ഷരങ്ങളിലേക്ക് ചുരുങ്ങും. ഇതാണ് മല്ലിക.  സ്വാഭാവികമായും കുസുമമഞ്ജരിയിൽ വരുന്ന ഷോഡശ പ്രാസം മല്ലികയിലും വരണമല്ലോ.



വസന്തവനം

പൂക്കടമ്പുകളൊക്കെനിന്നരുവിക്കരയ്ക്കിരുപക്കമായ്‌
പൂക്കളങ്ങളൊരുക്കവേ മറനീക്കിയെത്തിയൊരർക്കനോ
നോക്കെറിഞ്ഞിരുളൊക്കെ വർണ്ണമൊഴുക്കിവന്നിഹ പോക്കവേ
പൂക്കളിന്നുമയക്കിടുന്നു തിളക്കമോടൊരുദൃക്കിനേ

പൊങ്ങിവന്നുവിളങ്ങി സൂര്യകരങ്ങളായിരമെങ്ങുമേ
നീങ്ങിടുന്നൊരുമങ്ങലും വിടവാങ്ങിടുന്നകലങ്ങളിൽ 
തിങ്ങിനിന്നുതടങ്ങളോ ഹരിതങ്ങളാൽ ഭരിതങ്ങളായ്
വിങ്ങിമോടികളെങ്ങുമേ പുളകങ്ങളാർന്ന ദിനങ്ങളായ്

ചന്തമോടെ ജമന്തിപൂത്തു സമന്തഭൂമിക കാന്തിയായ്
ഹന്ത! ശോഭ വസന്തകാലവിചിന്തയാൽ ഹൃദിസന്തതം
ക്രാന്തസുന്ദരചിന്തപാടി ഹൃദന്തകിന്നരതന്തിയിൽ
അന്തരാളമനന്തതുഷ്ടിയി,ലെന്തിനേറെ, ദിഗന്തവും

ചെണ്ടുപൂത്തതുകണ്ടു മൂളിയിരുണ്ടകാർനിര വണ്ടുകൾ
ചെണ്ടിനാശകളുണ്ടു, മത്തിലുരുണ്ടു മൂർച്ഛയിലാണ്ടപോൽ
ചെണ്ടുദോളനതണ്ടിലാട്ടിയ വണ്ടുനിദ്രയിലാണ്ടുപോയ്
ലുണ്ടപൂമധുവണ്ടിനം കനവുണ്ടുകണ്ടൊരു വിണ്ടലം

നൃത്തമാടിവനത്തിലോ  പ്രതിപത്തിയോടവിടെത്തിയും
നീർത്തി,പൂഞ്ചിറകൊത്തൊരാ  ശലഭത്തിനാഭ മഹത്തരം
മത്തഭൃംഗഗണത്തിനാരവമൊത്തു കൂജനമെത്തിടും
ഓർത്തുനിന്നൊരുചിത്തമോ  സുഭഗത്തിലാഴ്ന്ന മണത്തിലും

ചഞ്ചലംലത തുഞ്ചമേയൊരു പിഞ്ചിളം ദലകാഞ്ചനം
പുഞ്ചിരിക്കതിരഞ്ചിതം സുമസഞ്ചയം മിഴിവഞ്ചകം
പഞ്ചമംവിളി കൊഞ്ചലായിടനെഞ്ചിലൂടല തഞ്ചിടും
അഞ്ചിടുന്ന വിരിഞ്ചിവൈഭവ ചഞ്ചുവെങ്ങിനി കിഞ്ചന?

ഉല്ലലം കുനുചില്ലയിൽ മൃദുപല്ലവം സുമഫുല്ലവും
തല്ലജം തളിരല്ലികൾ, ചുറവല്ലിമേൽ നറുമുല്ലകൾ
നല്ലബാണമതല്ലയോ പ്രിയവില്ലിയോ കളയല്ലിതു്
വല്ലമീശരവില്ലുമായിഹ വെല്ലുമേ രതിവല്ലഭൻ

വൃത്തം: മല്ലിക
പ്രാസം: ഷോഡശപ്രാസം

പദപരിചയം
സുഭഗം : ചെമ്പകം/അശോകം/ചെങ്കുറിഞ്ഞി
സമന്ത: മുഴുവനായ/ചുറ്റുമുള്ള
ക്രാന്ത: കടന്ന
ലുണ്ട : കവർച്ച/മോഷണം
വിണ്ടലം : സ്വർഗ്ഗം
തഞ്ചുക : തങ്ങുക/നിലനിൽക്കുന്ന
വിരിഞ്ചി : ബ്രഹ്മാവ്
ചഞ്ചു : സാമർത്ഥ്യം
കിഞ്ചന: ഏതാണ്ട്/അല്പം/കുറച്ച് 
ഉല്ലലം: അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടുന്ന
തല്ലജം : തല്ലത്തിൽ ജനിച്ചത് എന്തും
അല്ലി : താമര
ചുറ : ചുറ്റിപ്പിണയുന്ന
വില്ലി : കാമദേവൻ,(വില്ലേന്തിയവൻ)
വല്ല: ബലം/ശക്തി

ലഘുപ്രയത്നം തീവ്രപ്രയത്നം എന്നിങ്ങനെ ചില്ലക്ഷരങ്ങളുടെ ഉച്ചാരണം സംബന്ധിച്ച് വകഭേദമുണ്ട്.  ഒരു ചില്ലക്ഷരത്തിന്റെ മുന്നിലുള്ള ലഘു ഗുരുവായി മാറും എന്നാണ് പൊതുവെ മനസ്സിലാക്കിയിരിക്കുന്നത് എങ്കിലും ചില്ലക്ഷരം ഒട്ടും ബലം കൊടുക്കാതെ ഉച്ചരിക്കുന്ന ഇടങ്ങളിൽ ഇങ്ങനെ ലഘു ഗുരുവായി മാറുന്നില്ല എന്നാണ് വൃത്തമഞ്ജരി പറയുന്നത്. 

അതിനാൽ ഇങ്ങനെയും എഴുതാം

ചെണ്ടുപൂത്തതുകണ്ടു മൂളിയിരുണ്ടകാർനിര വണ്ടുകൾ
ചെണ്ടിൻകാമനയുണ്ടു, മത്തിലുരുണ്ടു മൂർച്ഛയിലാണ്ടപോൽ
ചെണ്ടുദോളനതണ്ടിലാട്ടിയ വണ്ടുനിദ്രയിലാണ്ടുപോയ്
ചെണ്ടിൻമാനസലുണ്ടനോ കനവുണ്ടു കണ്ടൊരു വിണ്ടലം





Saturday, April 24, 2021

ചോദക ചേതന

സംസ്കൃതി (24) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് തന്വി. അഞ്ചിലും പന്ത്രണ്ടിലും യതി വന്ന് മുറിഞ്ഞു നിൽക്കുന്നു. ആദ്യ ഭാഗം ഏതാണ്ട് മൗക്തികമാല പോലെ തന്നെ, ഒരു ലഘു കുറവുണ്ടെന്നേയുള്ളൂ. ചെറിയ വ്യത്യാസങ്ങളോടെ ആദ്യഭാഗം വീണ്ടും ആവർത്തിക്കുന്നു. അതിനാൽ  അഷ്ടപ്രാസം കൊടുക്കാൻ പറ്റിയ വൃത്തം, ഒന്ന് കൂടെ ഉത്സാഹിച്ചാൽ ദ്വാദശപ്രാസവും ആകാം.  ഇത് രണ്ടും പലപല വൃത്തങ്ങളിൽ നേരത്തെ എഴുതിയതിനാൽ ഇത്തവണ രണ്ടിനും മുതിരുന്നില്ല, പകരം സമാന ശബ്ദ പദങ്ങൾ നിരത്താനായിരുന്നു താല്പര്യം .  


ചോദക ചേതന

മേദുരമോദം പകരുകനിതരാം കാതരചിത്തവുമനിതരസൗഖ്യം
വേദനപാടേ തകരണനിമിഷം പ്രാണനിലേക്കൊരു മധുമഴവീഴ്കേ
ചോദനചിത്തം നിറകതിരൊളിയാൽ ചോദകചേതന പുതുനിറവാനം
മോദവിഭാതം കരിനിഴലഴിയേ ദ്യോതകഭാവന മധുരവിചാരം

ശീതപടീരം മണമൊടുനിറയും മോഹകുടീരവുമൊരു പുതുവെട്ടം
ചൂതനികുഞ്ജം സുമലതികകളും താമരമാതളകനകപരാഗം
ആതിരരാവിൽ നറുനിലകിരണം പാതിരമേലൊരു  പുളകമിടുംപോൽ
നിൻതിരിവെട്ടം മനമകമരുളും ആതപശാന്തിയിലൊരു പുതുസൗഖ്യം

ചുണ്ടിലുമുണ്ടേ പുതുകവിതകളും കൊണ്ടുവരുന്നൊരു മൊഴിമണിമുത്തായ്
ഉണ്ടതിലേറേ അനുഭവമറിവും കണ്ടതുമിണ്ടിയ ജനപദധൂളി
ചെണ്ടിനുമുള്ളിൽ മധുരിതരസമായ് കണ്ടുവരുന്നൊരു മധുവിനുതുല്യം
പണ്ടുമനസ്സിൽ തഴുകിയകനവിൻ വീണ്ടുമൊരോർമ്മയിലുരുതിയതാവാം

ഭാവിതചിത്തം വെറുതെയൊരിളവിൽ പൂർവികസൂരികളുടെവഴിധന്യം
പാവിതചിന്താസരണിയിലവരും പോയൊരുപാതയുമുണരണനേരം
പൂവിതളെങ്ങും പരിചൊടുവിതറി പ്രാണനുമാദരവടിവൊടുനിൽക്കേ
പൂർവികപാദം ചൊരിയണകണവും കേവലനാം മമ മനപുടരാഗം

ചിന്തിതമല്ലാതവ മതിമികവിൻ ഉന്നതിതൂകിയ കവിതമഹസ്സായ്
ചിന്തിയപുണ്യം ജനഹൃദയതടം ചന്തവുമേറിയശബളതരംഗം 
മന്ത്രണമായാവരികളിലിവനും നന്തുണിമീട്ടി പിറകെവരുന്നു
മുന്തിയചിന്താസരണിയിലൊരുനാൾ നിൻതുണയാലിവനണയുമതെങ്കിൽ !


വൃത്തം : തന്വി

പദപരിചയം
മേദുര : വളരെയധികം
നിതരാം : മുഴുവനായും
ചോദന : പ്രേരിപ്പിക്കുന്ന/(ഉത്തരം കണ്ടെത്താൻ) പ്രോത്സാഹിപ്പിക്കുന്ന
ചോദക: മുന്നോട്ടുകൊണ്ടുപോകുന്ന/പ്രേരിപ്പിക്കുന്ന 
ദ്യോതക : പ്രകാശിപ്പിക്കുന്ന ; തിളങ്ങുന്ന ; വ്യക്തമാക്കുന്ന; വിശദീകരിക്കുന്ന
പടീരം : ചന്ദനം
പാവിത : ശുദ്ധീകരിക്കപ്പെട്ട 



അഞ്ചഥ പന്ത്രണ്ടിഹകളിൽ മുറിയും ഭംതനസം ഭഭ നയമിഹ തന്വീ




Saturday, April 10, 2021

നാഗബന്ധം

ചിത്രം എന്ന ഒരു അലങ്കാരമുണ്ട്, അതിന്റെ ഭാഗമായി പലവിധ ചിത്രബന്ധങ്ങളും  ഉണ്ട്. കവി ഒരുചിത്രം ചമച്ച് തന്റെകവിത ആ ചിത്രത്തിന്റെ ആകൃതിയിൽ കൊണ്ടുവരുന്നതാണ് ചിത്രബന്ധം. ഇത് പലപ്രകാരമുണ്ട്, താമരയുടെരൂപം കൊണ്ടുവന്നാൽ പദ്മബന്ധം, വില്ലാണെങ്കിൽ ധനുർബന്ധം, ചക്രത്തിൻറെ ആകൃതിയിലുള്ളത് രഥചക്ര ബന്ധം, കലപ്പയുടെ ചിത്രമെങ്കിൽ ഹലബന്ധം എന്നിങ്ങനെ.  ഇതിൽപ്പെട്ട ഒന്നാണ് നാഗബന്ധം അഥവാ  സർപ്പബന്ധം .  നാഗബന്ധം ഒറ്റയും ഇരട്ടയുമായി രണ്ടുവിധമുണ്ട്. ഒറ്റയിൽ ഒരു നാഗമേയുള്ളൂ. ഇരട്ടയിൽ അത് രണ്ട് നാഗങ്ങളാണ്.  ഒറ്റയിൽ 20ഉം 21ഉം ബന്ധനങ്ങളുള്ളതുണ്ട്.  ഇരട്ടയിൽ 21 ബന്ധങ്ങളുള്ള  ഒരു ചിത്രമേയുള്ളൂ. ഭാഷാഭൂഷണം ഇതിനെ അവതരിപ്പിക്കുന്നത് ഇരട്ടയിലാണ്.  അതാണ് ഇവിടെയും വിശദീകരിക്കാനെടുക്കുന്നത്.

കെട്ടുപിണഞ്ഞു കിടന്ന് മുഖാമുഖം നോക്കി നിൽക്കുന്ന രണ്ട് സർപ്പങ്ങളാണ് ഇവിടെ ചിത്രം. ഇടത്തെ സർപ്പത്തിന്റെ തലയിൽനിന്നും ശ്ലോകം ആരംഭിച്ചാൽ ചുറ്റിക്കറങ്ങി അതിന്റെ വാൽഭാഗത്ത് എത്തുമ്പോൾ രണ്ടാമത്തെവരി അവസാനിക്കുന്നു. തുടർന്ന് മൂന്നാംവരി തുടങ്ങുമ്പോൾ അടുത്ത സർപ്പത്തിന്റെ വാലിലൂടെ  കയറി നാലാംവരി തീരുമ്പോൾ അതിന്റെ തലഭാഗത്തേക്ക് എത്തുന്നു. ഇതിനിടെ സർപ്പങ്ങൾ 21 വട്ടം ചുറ്റിപ്പിണയുന്നുണ്ട്. ഈ ചുറ്റലിൽ അവയുടെ ദേഹം എവിടെയെല്ലാം കൂട്ടിമുട്ടുന്നുവോ അവിടെയെല്ലാമുള്ള അക്ഷരം അതേപടി ആവർത്തിക്കേണ്ടി വരും. 

കുറച്ച് കൂടെ വ്യക്തതയ്ക്ക് പട്ടിക കാണുക.

നിബന്ധന

വരി

അക്ഷരം

മാത്ര

 

വരി

അക്ഷരം

മാത്ര

1

1

2

ഗുരു

4

20

ഗുരു

2

1

4

ഗുരു

=

2

9

ലഘു

3

1

6

ഗുരു

3

17

ഗുരു

4

1

8

ലഘു

2

17

ഗുരു

5

1

10

ലഘു

3

21

ഗുരു

6

1

12

ലഘു

1

14

ഗുരു

7

1

16

ലഘു

2

21

ഗുരു

8

1

18

ഗുരു

4

4

ഗുരു

9

1

20

ഗുരു

=

3

3

ഗുരു

10

2

1

ഗുരു

=

4

12

ലഘു

11

2

3

ഗുരു

=

3

7

ഗുരു

12

2

5

ലഘു

4

16

ലഘു

13

2

7

ഗുരു

=

3

15

ഗുരു

14

2

11

ലഘു

2

13

ലഘു

15

2

15

ഗുരു

=

3

19

ലഘു

16

2

19

ലഘു

4

2

ഗുരു

17

3

1

ഗുരു

 =

4

6

ഗുരു

18

3

5

ലഘു

4

14

ഗുരു

19

3

9

ലഘു

 =

3

11

ലഘു

20

3

13

ലഘു

 =

4

18

ഗുരു

21

4

8

ലഘു

 =

4

10

ലഘു

എഴുതേണ്ടത് സ്രഗ്ദ്ധര എന്ന വൃത്തത്തിലാണ്.  അപ്പോൾ ഒന്നാം വരിയിലെ രണ്ടാമത്തെ അക്ഷരം ഗുരു ആയിരിക്കും, ഇതേ അക്ഷരം നാലാം വരിയിലെ ഇരുപതാമത്തെ അക്ഷരമായി ആവർത്തിക്കണം. ഇതും ഗുരുവാണ്.  അതേസമയം, ഒന്നാം വരിയിലെ നാലാം സ്ഥാനത്തുള്ള ഗുരു അതേപോലെ രണ്ടാം വരിയിലെ ഒൻപതാം സ്ഥാനത്തുള്ള ലഘുവായി മാറണം.  ഒന്നാം വരിയിലെ എട്ടാമത്തെ അക്ഷരം ലഘുവാണെങ്കിൽ ഇത് രണ്ടാംവരിയിലെ പതിനേഴാം സ്ഥാനത്തുള്ള ഗുരുവായി വരേണ്ടതുണ്ട്. അതായത്, കൂട്ടക്ഷരങ്ങളിലൂടെ മാത്രമേ ഇവിടെ ഗുരു കൊണ്ടുവരാനാകൂ. ഇത്തരത്തിലുള്ള 21 നിബന്ധനകളാണ് മേലേ കൊടുത്തിരിക്കുന്നത്.   

ഒന്നിടവിട്ടുള്ള അക്ഷരങ്ങൾക്ക് ഈ നിബന്ധനയുണ്ടെന്നു  കാണാം.  സ്രഗ്ദ്ധരയ്ക്ക്  ഒരുവരിയിൽ 21 അക്ഷരങ്ങളാണ്.  ഇവിടെയാണെങ്കിൽ 21 നിബന്ധനകളും.4 വരി എഴുതുമ്പോൾ മൊത്തം 84 അക്ഷരങ്ങളുണ്ടാകും, അതിൽ 42 അക്ഷരങ്ങൾ ഈ നിബന്ധന പ്രകാരവുമായിരിക്കും.അപ്പോൾ ബാക്കി 42 അക്ഷരങ്ങളെ നമുക്ക് ഇഷ്ടാനുസാരം ഉപയോഗിക്കാനാകൂ. ഒരു വരിയിലെ ഒരു അക്ഷരം മറ്റൊരു വരിയിലെ അക്ഷരത്തെ നിർണ്ണയിക്കുന്നതിനാൽ അവയെ യഥാക്രമം നിർണ്ണയം എന്നും പരാശ്രയം എന്നും വിളിക്കാം.  


വരി

നിർണ്ണയം

പരാശ്രയം

1

9

1

2

7

4

3

4

7

4

1

9

ഒന്നാമത്തെ വരിയിലെ രണ്ടാമത്തെ അക്ഷരം എഴുതുമ്പോഴേ അവസാന വരിയിലെ അവസാനത്തേതിന് തൊട്ടു മുമ്പത്തെ അക്ഷരം നിര്ണയിക്കപ്പെട്ടു കഴിഞ്ഞു. ഈ രീതിയിൽ ഒന്നാംവരിയിൽ 9 അക്ഷരങ്ങൾ മറ്റു വരികളിലെ അക്ഷരങ്ങൾ നിര്ണയിക്കുമ്പോൾ അതിൽ ഒരു അക്ഷരം മാത്രം പരാശ്രയമാണ്. അതേ സമയം നാലാം വരിയിൽ നേരെ തിരിച്ച് 9 അക്ഷരങ്ങൾ പരാശ്രയവും വെറും ഒരു അക്ഷരം മാത്രം നിർണ്ണയവുമാണ്. ഒരു വിപരീതബന്ധം ഇവ തമ്മിലുണ്ടെന്നു കാണാം. നാഗ ബന്ധം ( സർപ്പ ബന്ധം ) മറ്റു പദബന്ധങ്ങളെ അപേക്ഷിച്ച് സങ്കീര്ണമാകുന്നത് ഇതിനാലാണ്.

ഭാഷാ സാഹിത്യത്തിന്റെ ഔന്നത്യമാണ് നമ്മളിവിടെ കാണുന്നത്. പൂർവസൂരികളുടെ ചിന്തയും ഭാവനയും കേവലം വൃത്തരചനയിൽ മാത്രം ഒതുങ്ങിയിരുന്നില്ല എന്ന് കാണാം. സ്രഗ്ദ്ധരയിൽ   പലവിധ പദ്യങ്ങളും ഉണ്ടെങ്കിലും അതിനകത്ത് ഇത്തരമൊരു ചിത്രം ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയ അവരുടെ വിജ്ഞാനകുതുകം എടുത്ത് പറയേണ്ടതാണ്. പണ്ട് അക്ഷരലക്ഷം സമ്മാനമായിരുന്നല്ലോ, അതായത് മഹത്തരമായി വാഴ്ത്തപ്പെട്ട പദ്യത്തിലെ മഹത്തരമായ ഓരോ അക്ഷരത്തിനും ലക്ഷം നാണയം സമ്മാനം .  അപ്പോൾ ഇതും ഇതിനപ്പുറവുമൊക്കെ അവർ കണ്ടുപിടിച്ചില്ലെങ്കിലേയുള്ളൂ.   

ശ്ലോകങ്ങളും ചിത്രങ്ങളും താഴെ കൊടുക്കുന്നു. കടുപ്പിച്ച അക്ഷരങ്ങൾ നിർണ്ണയങ്ങളും കടുപ്പിച്ച് ചുവപ്പിച്ച അക്ഷരങ്ങൾ പരാശ്രയങ്ങളുമാണ്.


സാരംഗം ഞ്ജുസാന്ദ്രം രിപ്രേമായ് പൂകിവ്യം
ചിമ്പാകം സൂഭാപ്രചം ദ്യദ്മം ലാ
നിധ്യാത്തിൻവിവേകം പ്രമോ ന്മസാരം രാ-
ത്താല്ലോ പൂത്തുനിൽപ്പൂ രുചിവിസ്സ്വപ് മാന്തരംഗം   


പദപരിചയം
സാരംഗം : സ്വർണ്ണം, രത്നം, താമര, ചന്ദനം
ചിമ്പാകം : ചെമ്പകം
സൂനഭാനം : പൂവിൻ പ്രകാശം
വചം : തത്ത, ശാരികപ്പൈങ്കിളി
ലലാമ : ഭംഗിയുള്ള, കൗതുകം തോന്നിക്കുന്ന 
നിധ്യാനം : കാഴ്ച, ദര്‍ശിക്കൽ, ‍ആലോചിച്ചറിയൽ
രുചി: രശ്മി, നിറം, ശോഭ

അന്വയാർത്ഥം - സ്വർണംപോലെ മനോഹരമായി ഘനീഭവിച്ച വാക്കുകളുടെ ഗാംഭീര്യം എൻറെ പുതിയ ഇഷ്ടമായി പ്രാപിച്ചപ്പോൾ ചെമ്പകപ്പൂവിൻറെ പ്രകാശം പരത്തുന്ന  ഉദ്യാനത്തിലെ (ഉദ്യാനത്തിലിരുന്ന്) ശാരികപ്പൈങ്കിളി (പാടുന്ന) ഭംഗിയുള്ള താമരപോലുള്ള പദ്യം കണ്ടറിഞ്ഞ തിരിച്ചറിവ് പരക്കുന്ന സമയത്ത് നന്മയുടെ സാരമായ പരാഗത്താൽ  കനകനിറത്തിലുള്ള കവിസ്വപ്നമായിട്ടല്ലോ (എൻറെ) അന്തരംഗത്തിൽ പൂത്തുനിൽപ്പൂ.













ഓരാതേ മഞ്ജിമത്തേനലനവകലികയ്ക്കുള്ളിലോ കൊഞ്ചിയാദ്യം
മട്ടാകെച്ചേർത്തുടൻവന്നമലമടുമലർ രഞ്ജനത്തോടു തുള്ളി
പാരായാരാമമാകെ സ്മിതമിതളിടുവാൻ വണ്ടുമന്ദാരസൂന-
ത്തോടുള്ളംകൊണ്ട പാശം രതിരവമരുമയ്ക്കൊത്തു പാടുന്നുരാഗം





പദപരിചയം
മട്ട് : തേൻ മടുമലർ: തേനുള്ളപൂ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/പ്രീതിപ്പെടുത്തുന്ന/സന്തോഷിപ്പിക്കുന്ന    പാരായ് : കാണായ്/കണ്ടാലും

അന്വയാർത്ഥം - വിചാരിച്ചിരിക്കാതെ മധുരത്തേനിൻ അല പുതുമൊട്ടിനകത്ത് ആദ്യമായി കൊഞ്ചി(യപ്പോൾ അത്) തേനൊക്കെച്ചേർത്തു വന്നുടനെ അമലവും തേനുള്ളതുമായ പൂവായി പ്രീതിപ്പെടുത്തുന്ന രീതിയിൽ തുള്ളി(യാടി).   (പൂവിൻറെ) പുഞ്ചിരി ആരാമമാകെ ഇതളിടുവാൻ വണ്ട് മന്ദാരപ്പൂവിനോട് തൻറെ ഉള്ളം കൊണ്ട സ്നേഹം/അടുപ്പം പ്രിയനാദത്തിൽ (മൂളലിലൂടെ) അരുമയ്ക്കൊത്തു  രാഗ(മായ്) പാടുന്നു, കണ്ടാലും.


രാഗാലീനപ്രകമ്പം തഴുകുമകവികത്തിൻറെയീ ധാരനേകൻ
പുണ്യം! കണ്ടെൻറെ ഹൈമക്കനവിനല നലം, ലക്ഷിതസ്മേരമെൻറെ
പാരിൻനേരാക,യേകപ്പൊരുളൊരു നിനവിൽമഗ്ന കല്ലോലമേകു-
ന്നോരന്തർധാരപാടും പുതുപുതു പുളകത്തിന്റെ സാനന്ദഗാനം

പദപരിചയം
പ്രകമ്പം : ഇളക്കം
വികം : മനസ്സ് ധാരൻ : വിഷ്ണു
ലക്ഷിത: വേർതിരിച്ചറിഞ്ഞ
മഗ്ന : മുങ്ങിയ കല്ലോലം : സന്തോഷം

അന്വയാർത്ഥം - രാഗത്തിൽ ലീനമായ കമ്പനം തഴുകുന്ന അകമനസ്സിൻറെ ഏകനായ വിഷ്ണുവെന്ന പുണ്യം കണ്ടിട്ട് എൻറെ സ്വർണ്ണമയമായ കനവിൻ അല നലമാർന്നതും, ചിരി അത് വേർതിരിച്ച് അറിഞ്ഞതിൻറെയും (ആയി). പാരിൻറെ നേരായ ആ ഏകപ്പൊരുൾ ഒരു നിനവിൽമുങ്ങിയ കല്ലോളത്തിൽ (എൻറെ) അന്തർധാര പുതുപുതു പുളകത്തിൻറെ സാനന്ദഗാനം പാടുന്നു.
വിശദീകരണം- ഒരു കല്ല് വെള്ളത്തിൽ വീഴുമ്പോൾ അലവീഴ്ത്തുന്ന പോലെ നിനവിൽ ആ പൊരുൾ വന്നു മുങ്ങി അതിൻറെ അലയൊലിയായി ഞാൻ സാനന്ദഗാനം പാടുന്നു. എനിക്ക് കൈവന്നിട്ടില്ലാത്തതും എനിക്ക് അതുകൂടി വേണമെന്നും മറ്റൊന്നിനോട് തോന്നുന്നത് കാമമാണെങ്കിൽ അത് കൈവന്നശേഷം നിലനിർത്തിക്കൊണ്ടുപോകാനായി അതിനോട് തോന്നുന്നത്  രാഗമാണ്. വിഷ്ണു അകത്തുതന്നെയുള്ളവനായതിനാൽ രാഗം












തൂമത്താർ തങ്ങുമുള്ളം നവകവിത കൃതത്തോടിതോ തേടികാമ്പായ്
ലക്ഷം നക്ഷത്രജാലസ്മിത മനനിനവും തന്നു നല്ലോരുമോടി
മോദം കാസാരമാനപ്രകര കവിമനം ലസ്തമുഗ്ദസ് തരം ക-
ണ്ടോരുള്ളം തേടുമോരോ മഹിമ പലതരച്ചിത്രകം  മഞ്ജിമയ്ക്കായ്

പദപരിചയം
കൃതം: ഫലം/പ്രയോജനം
കാമ്പ്: ഏറ്റവും ഉള്ളിലുള്ള സത്ത്
കാസാരം : തടാകം
മാനം : സാദൃശ്യം
പ്രകര: അധികം ചെയ്യുന്ന
ലസ്ത: പാടവമുള്ള
സ്തരം : പരന്നുകിടക്കുന്നത്
ചിത്രകം: ചിത്രകാവ്യം/ശോഭയുള്ളതോ അസാധാരണമായതോ ആയ കാഴ്ച

അന്വയാർത്ഥം -  തുവെള്ള നിറമുള്ള പൂ (നൽതാർ - സരസ്വതിയുടെ ഇരിപ്പിടം) തങ്ങുന്ന (എൻറെ) ഉള്ളം ഫലം/പ്രയോജനം ഉള്ള, കാമ്പായ, പുതുകവിത തേടി. ലക്ഷം നക്ഷത്രജാലം  ചിരിക്കുന്ന മനനിനവും (ഭാവനാസ്ഫുല്ലിംഗങ്ങൾ) നല്ല മോടിയും തന്നു. സന്തോഷം തടാകം പോലെ, അധിക (വിഭാവനം) ചെയ്യുന്ന കവിമനസ്സിൻറെ പാടവം ഭംഗിയുള്ളതായി പരന്നുകിടക്കുന്നതു കണ്ട ഉള്ളം ഓരോ മഹിമ(കൾ) പലതരം ചിത്രകാവ്യങ്ങളാൽ മഞ്ജിമയ്ക്കായി തേടുന്നു









ആനന്ദം ദത്തസാകം നികരശുഭനിഭദ്ദീപിതം മാനസത്തിൽ
വിസ്താരം ശ്ളോകസാരം പദനിര വരവായ് ഗദ്യനിമ്നം കദാപി
സക്തം സത്തിൽ വിചാരം ദ്യുതിയതിവിമലം രംഗസാരംഗസാര-
പ്രകർഷം മാറ്റിസത്വം കതികതി വിഭുവിന്നാകരം മന്ഥനത്താൽ

പദപരിചയം
സാകം : കൂടെ നികരം: സ്വത്ത്/നിധി
നിഭ: പോലെ
ഗദ്യ: ഗദിക്കത്തക്ക നിമ്ന: മുങ്ങിയ
കദാപി: ഇടയ്ക്കിടയ്ക്ക്/ചിലപ്പോ
സാരംഗ: പല നിറമുള്ള പ്രകർഷം : ആധിക്യം/ ശ്രേഷ്ഠത  സത്വം: സ്വഭാവം 
കതികതി: എത്രയെത്ര
ആകരം: സ്വര്‍ണം, രത്നം മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം
മന്ഥനം: കടയൽ

അന്വയാർത്ഥം - ആനന്ദം തന്നു, കൂടെ നിധിയും. ശുഭം പോലെ പ്രകാശിച്ച മനസ്സിൽ വിസ്താരമേറിയ ശ്ളോകസാരമുള്ള പദനിരകൾ ഗദിക്കത്തക്കതായതിൽ മുങ്ങി പലപ്പോഴും വരവായി. താൽപര്യം (ആണെങ്കിൽ) സത്തായതിലുള്ള വിചാര(ത്തിലും അതിൻറെ) ദ്യുതി അതിവിമലവും (ആ കാണുന്ന) രംഗം വർണ്ണശബളവും. (ആ) സാരത്തിൻറെ ശ്രേഷ്ഠത (എൻറെ) സ്വഭാവം തന്നെ മാറ്റി. മനസ്സിനെ കടയുമ്പോൾ വിഭുവിൻറെ എത്രയെത്ര രത്നഖനികൾ. (വിഭു - എല്ലായിടത്തും നിറഞ്ഞിരിക്കുന്നവൻ)

ചിന്തകളിലൂടെ മനസ്സിനെ കടഞ്ഞ് എടുത്താണല്ലോ സർഗാത്മക സൃഷ്ടികൾ പുറത്ത് വരുന്നത്. ഗദിക്കത്തക്കതായത് ഗദ്യം, അപ്പോൾ അതിൽ സത്തും സാരവും കാണും.  അങ്ങനെ മനസ്സിനെ മഥിച്ച് സ്വർണ്ണവും രത്നങ്ങളുമൊക്കെ ഉൾപ്പെട്ട സൃഷ്ടികൾ ആർക്കൊക്കെയോ കിട്ടിയിട്ടുണ്ട്, ശ്ളോകത്തിലെങ്കിലും എനിക്കും കിട്ടിയെന്നോ അത് കണ്ടെന്നോ ഒക്കെ എഴുതാമല്ലോ, അല്ലാതെ കിട്ടിയെന്നുള്ള അവകാശവാദമില്ല, വെറും ആഗ്രഹം മാത്രം





ഭാരതത്തിലുടനീളം പലപലതരം നാഗബന്ധങ്ങളുണ്ട്.  തെലുങ്കിൽ ഇതിന് സ്വല്പം വ്യത്യാസം കാണാം.  അക്ഷരങ്ങളുടെ സംഗമസ്ഥാനം മാറുന്നു. ഇവിടെ ഒറ്റനാഗവും 20 ബന്ധങ്ങളുമാണ്. കുമാരസംഭവം കഴിഞ്ഞ് സന്തോഷാധിക്യത്തിൽ ഇന്ദ്രൻ ശിവനെ സ്തുതിച്ചുകൊണ്ട് ചൊല്ലിയതാണെത്രെ ഇവരുടെ ആദ്യത്തെ നാഗബന്ധം.  ഇനി ഇവരുടെ രീതിയിലുള്ള  നാഗബന്ധം പൂരിപ്പിച്ചുനോക്കാം 

പ്രേമത്തിൻ കാവ്യമന്ത്രം ദലമിടുമിനിയസ്ഫീതമാസാരനാദം
ഔപമ്യം ചാർത്തിവർണ്ണം മഥിതഭൃതമകസ്ഥൂമമായ് താരയൻപായ്
താരുണ്ടേ, സാരസമ്യക് പദമണിമലരോ മേവതായ് കാൺമുകണ്ണിൽ
മോദത്താൽ താമ്രതങ്കം രുചിര വരകിനാവാസനം, ചാരു രോഹം

പദപരിചയം
സ്ഫീത : വർദ്ധിച്ച ആസാരം : ധാരമുറിയാത്ത മഴ ഔപമ്യം: തുല്യത/ സാമ്യം.  മഥിത: കടഞ്ഞ ഭൃത: നിറയ്ക്കപ്പെട്ട/ പോഷിപ്പിക്കപ്പെട്ട സ്ഥൂമം: പ്രകാശം താര: തിളക്കമുള്ള/ ഉത്കൃഷ്ടമായ
സമ്യക് : മുഴുവനും താമ്രം : ചെമ്പ്/ചുവപ്പുനിറം
രുചിര: ഭംഗിയുള്ള  രോഹം: പൂമൊട്ട് 

അന്വയാർത്ഥം -  ഉത്കൃഷ്ടവും (ഇനിയ - ഉത്കൃഷ്ടമായ) വർദ്ധിച്ചതുമായി പ്രേമത്തിന്റെ കാവ്യമന്ത്രം  ദലമിടുമ്പോൾ ഇടമുറിയാത്ത (ചിന്താ) മഴയുടെ നാദം  കടഞ്ഞുനിറച്ച മനസ്സിൻറെ പ്രകാശമായും തിളങ്ങുന്ന സ്നേഹമായും നിറം ചാർത്തി. (മന)താര് ഉണ്ട്, ഒരു ഭംഗിയുള്ള പൂമൊട്ട് ;(അത്) സാരം മുഴുവൻ പദങ്ങളായ് അണിഞ്ഞ മലരോ, സന്തോഷത്താൽ ചെമ്പൊന്നായി മേവുന്നതായ് കണ്ണിൽ കാണ്മു,  ഭംഗിയേറിയതും ഉത്തമമായതുമായ കിനാവിൻറെ സുഗന്ധത്തോടെ.

മനതാര് അല്ലെങ്കിൽ അകതാര് എന്നൊക്കെയാണ് നമ്മൾ പറയുന്നത്. ഭാഷയിൽ പോലും മനസ്സ് ഒരു താരല്ലേ
ആ താരിൽ കിനാവിൻറെ സുഗന്ധം ഉള്ളതുകൊണ്ടാവാം സ്വപ്നസുഗന്ധം എപ്പോഴും കവിതകളിൽ പതിവുപല്ലവിയാകുന്നത്











ഉത്തരേന്ത്യയിൽ ഒറ്റനാഗമേയുള്ളൂ, തലയിൽനിന്നും വാലിലേക്ക് ഒറ്റപ്പോക്കാണ്, നാഗപാശപ്രബന്ധം!  
ഇതും നമ്മുടേതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. വാൽഭാഗം കൂട്ടിയോജിപ്പിച്ച് അവിടെ ഒരു അക്ഷരം കൊടുക്കുന്നു, അങ്ങനെ മൂന്നാം പാദം ഇവിടെ തുടങ്ങി രണ്ടാമത്തെ അക്ഷരം തൊട്ട് മേലേ കാണിച്ചിരിക്കുന്നതുപോലെ പോകുന്നു. ഒരക്ഷരം കുറഞ്ഞതിനാൽ അവസാനബന്ധം നാലാം പാദം അവസാന അക്ഷരം = ഒന്നാം പാദം രണ്ടാമത്തെ അക്ഷരം എന്നാകും.  ബാക്കിഭാഗം  വാലായതിനാൽ വേറേ അക്ഷരങ്ങളുമില്ല.  നമ്മുടെ രീതിയിൽനിന്നും ഇത് 3, 4 പാദങ്ങളിലെ ബന്ധനക്രമമൊഴികെ മറ്റു വ്യതാസങ്ങളില്ല.


ഹർഷംതൻ മന്ദവീകം വരനികരഗിര സ്ഥൈര്യവൃഷ്ടി പ്രകാമം
മദ്രം പെയ്യും നികാമപ്രമഥമനമകം പാരവന്ദ്രം സപര്യ
നീടും നീകാൺമു ചിത്തേ, പെരുകിവികിരണ സ്തോമമാ വീണപാടും
നിന്നിൽ സന്തുഷ്ടിയോടും സ്വരനിര വിമലം ചിന്തി നിക്വാണവർഷം

പദപരിചയം
വീകം - കാറ്റ് വര- ശ്രേഷ്ഠമായ നികരം - നാലുപാടും വ്യാപിച്ചത് ഗിര - സരസ്വതി/വാക്ക്/ഭാഷണം പ്രകാമം - സന്തോഷപൂർവ്വം/മനസ്സോടെ മദ്രം -  സന്തോഷം നികാമം - ഏറ്റവും  പ്രമഥ - മഥിക്കുന്ന/കടഞ്ഞ വന്ദ്രം - ഐശ്വര്യം
നീട് - പ്രഭ/ഭംഗി സ്തോമം - സ്തുതിക്കപ്പെടുന്ന നിക്വാണം - വീണ ചേങ്ങല തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദം

അന്വയാർത്ഥം - ഹർഷത്തിൻറെ ഇളംകാറ്റ്  ശ്രേഷ്ഠവും നാലുപാടും വ്യാപിക്കുന്നതുമായ സരസ്വതി/വാണിയായി സ്ഥൈര്യതയുടെ വർഷം സന്തോഷത്തോടെ പെയ്യുമ്പോൾ ഏറ്റവും മഥിക്കുന്ന/മഥിക്കപ്പെടുന്ന മനസ്സിനകം അപാരമായ ഐശ്വര്യം (ആ)  സപര്യ തരുന്നു. ആ ഭംഗിയും നീ ചിത്തത്തിൽ കാണുന്നു, അത് പെരുകി വരുന്ന വികിരണം (പോലെ) സ്തുതിക്കപ്പെടുന്ന  (ആ) വീണ പാടും,  (അപ്പോൾ) നിന്നിൽ സന്തുഷ്ടിയോടും സ്വരങ്ങളുടെ (ഒരു) വിമലനിര തന്നെ (ആ) വീണാനാദം വർഷിച്ചു ചിന്തി.
വികിരണം എന്ന് പറയുമ്പോൾ ചിതറൽ, പ്രസരണം എന്നൊക്കെ അർത്ഥം. സൂര്യനെ നമുക്ക് നോക്കാനാകില്ല, ആ പ്രസരണം മതി പകൽവെളിച്ചത്തിന്. അതുപോലെ ദേവിയെ നേർക്കുനേർ കാണേണ്ടതില്ല, ആ പ്രസരണം തന്നെ കവിത്വത്തിന് ധാരാളം മതിയാകും എന്ന് ഞാൻ കരുതുന്നു.






തമിഴിലേക്ക് വരുമ്പോൾ മലയാളത്തിലേതുപോലെ  രണ്ട് നാഗങ്ങൾ കാണാം, പക്ഷെ ബന്ധിക്കുന്ന അക്ഷരങ്ങൾക്കിടയിൽ ഒന്നിലധികം അക്ഷരസ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു.  ഒരുപക്ഷെ, അവരുടെ ലിപിയും വൃത്തഘടനയുമൊക്കെ  അപ്രകാരം ആയതിനാലാകാം.  സത്യപ്രകാശം എന്ന് അവർ എഴുതുന്ന രീതി ചത്തിയപിരകാചം എന്നാണല്ലോ, സ്രഗ്ദ്ധരയ്ക്ക് പകരം ഭാഷാവൃത്തങ്ങളാണല്ലോ ഉപയോഗിക്കുന്നതും.ഏതായാലും അവരുടേത് അയച്ചുകെട്ടിയ നാഗബന്ധമാണ്. നമ്മുടെ  ഭാഷാഭൂഷണത്തിലെ ക്രമമാകട്ടെ മുറുക്കിക്കെട്ടിവെച്ച അതേ ഇരട്ടനാഗങ്ങളും, അതിനാൽ ആ രീതി പുനരവതരിപ്പിക്കുന്നില്ല