Showing posts with label ഛേകാനുപ്രാസം. Show all posts
Showing posts with label ഛേകാനുപ്രാസം. Show all posts

Saturday, August 1, 2020

നിള നിലാവ്



മാനമെന്നമഹിചോലമുങ്ങിനിവരുന്ന തിങ്കളിനു മോഹമായ്
മാനവൻറെപുകളേറിടും നിളയിലൊന്നു ചേർന്നൊഴുകി നീന്തണം
വാനമേഘമിടയിൽത്തടഞ്ഞു വഴിമൂടിനിന്നു കരികൊണ്ടലാൽ
ഈ നിളയ്ക്കു വിരിമാറിലല്ല നിറവിണ്ണിലാണു തിരുവിണ്ടലം

താരവാനപഥമാകെനീന്തി സുരനാരിപോലെ വിലസുന്നു നീ
ചേരുകില്ല തവലാസ്യമോഹനനടം നടത്തിവരുവാനിടം
നീരുമില്ല, പുഴയാകെമാറിയതിലാലിമാലിമണലാഴിയായ്
ചാരെ വഞ്ഞികളുമാശയോടെയൊരു മാരികേണു  മിഴിനീട്ടിടും

ഇല്ലയില്ല മുകിലേയെനിക്കു വഴിമാറുകില്ലെ ജലദങ്ങളേ
നല്ലമാമഴകളല്ലെ ഭൂമിതിരയുന്ന ജീവജലധാരകൾ
അല്ലലാറ്റി, ധരതന്നെമാറ്റിയൊഴുകുന്ന പാലരുവികൊണ്ടതിൻ
കില്ലുമാറിയഴകുള്ളപല്ലവി വിടർന്നിടും ഹൃദയവല്ലകി

ഇണ്ടലുണ്ടുമിടനെഞ്ചിലുണ്ടു് വരളുന്ന വിണ്ടലുവളർന്നിടം
ഉണ്ടു് നിന്നിലൊരു നോവുറഞ്ഞ ഘനമുണ്ടു് പെയ്തൊഴിക കൊണ്ടലേ
നീണ്ടമാരി മഴകൊണ്ട മണ്ണിലഴകുണ്ടു്, തേനുറവു രണ്ടുമേ
കണ്ടറിഞ്ഞുമഴ പെയ്തുമാറയിനി മണ്ണിലാകുമൊരുവിണ്ടലം

വീണുമണ്ണിലടിയുമ്പൊളന്നതിലലിഞ്ഞിടുന്നകണമായി നീ
കാണുമെന്നെ നിള ചേർത്തണച്ച മണിമുത്തുകോർത്തൊരു പതക്കമായ്
രേണുവെൻറെയലയിൽക്കലർന്നു നിളനീളെയോളകളകാഞ്ചിയായ്
ഈണമേകിയൊരു താളമുള്ളയൊലി പാട്ടുപോൽ പലരറിഞ്ഞിടും

മൂടിനിന്ന കരിമേഘമൊന്നു മഴയായ്‌പ്പൊഴിഞ്ഞു, മനഭാരവും
ചൂടിനിന്നു മതി പുഞ്ചിരിക്കതിരു കാറൊഴിഞ്ഞ നിറവാനിലായ്
കാടറിഞ്ഞകുളിരിൽപ്പിറന്ന ചെറുചോലകൾ രജതമാലകൾ
ഓടിവന്നുനിളയേവരിച്ചു പുഴപിന്നെയും ജലസമൃദ്ധമായ്

വെള്ളിമേൽപ്പണിത കാഞ്ചിപോലെനിള വള്ളുവൻറെകരചുറ്റവേ
കള്ളിവെണ്ണിലവു രാത്രിനേരമതിലെത്തി മുത്തമിടുമാസുഖം
തുള്ളിയോടിടുമതിൻറെ നെഞ്ചിനകമിക്കിളിക്കുളിരിളക്കിടും
തുള്ളികൾക്കു ചിരിവന്നതിന്റെ കളിയൊച്ചകേൾപ്പതു കളം കളം

പാലുപെയ്യണ നിലാവുവന്നു നടമാടിടുന്നവിരിമാറിലായ്
ചോലതന്നലകളുള്ളിലെപ്പുളകമോടുചേർന്നു കളിയാടവേ
ചോലകൊണ്ടകുളിരും കവർന്നു പുളിനം കടന്നുമിളമാരുതൻ
നീലയാമിനികളിൽവിരിഞ്ഞസുമ പല്ലവങ്ങളിലിറങ്ങിയോ

മാറ്റുകൂടിയതിളക്കമോടെ നറുവെണ്ണിലാവു നിളനീന്തിടും  
ഏറ്റുവാങ്ങിനിള മാറിലേറ്റിയലയിൽത്തെളിഞ്ഞു മറുതിങ്കളും
ആറ്റുവഞ്ഞിനിര കാറ്റിലാടി മനമാർത്തുനിന്നു  നിറകാഴ്ചയിൽ
തോറ്റുപോയിടുമതിൻറെ മുന്നിലൊരു നീലവാനപഥചോലയും

പാൽനിലാവുനിളയിൽലയിച്ചിരുവരും പുണർന്നമദമേളനം 
പൂനിലാവിനൊളിതൂകിടും പ്രണയമായ് നിറഞ്ഞഹൃദയാമൃതം
താനലിഞ്ഞ നറുവെൺമകൊണ്ടുതളിരോളമോ നടനമാടിടും
ന്യൂനമില്ല വികലങ്ങളല്ല വിരഹങ്ങളില്ലയനുഭൂതിയിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ദ്വിതീയ + അനു



പദപരിചയം
മഹി: വലിയ/വലിപ്പമുള്ള
ആലി : അരിക്/ വരമ്പ്
മാലി : വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഭൂമി
വിണ്ടലം : സ്വർഗ്ഗം
കാഞ്ചി : അരഞ്ഞാണം
കളകാഞ്ചി : (കളനാദം പൊഴിച്ച്) കിലുങ്ങുന്ന കാഞ്ചി
ഇണ്ടൽ : ദുഃഖം/സങ്കടം/വ്യാകുലത
ഉറവ് : ബന്ധുത്വം
മറു: മറ്റൊരു