Saturday, March 9, 2024

സായാഹ്നസഞ്ചാരം

ആകൃതി (22) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണു് മദിര.  ലക്ഷണം കൊടുത്തിരിക്കുന്നതു്  - ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കുവരും.  മഹിഷാസുരമർദ്ദിനീസ്തോത്രമെഴുതിയിട്ടുള്ള അഭിമതം എന്ന വൃത്തവുമായി ഏറെ സാദൃശ്യമുള്ള ഒരു വൃത്തമാണിതു്, കാരണം ആ സ്തോത്രത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങളുടെ സ്ഥാനത്ത് ഒരു ഗുരു ചേർത്തുകൊടുത്താൽ മാത്രം മതി.

സന്ധ്യയിക്ക് ഇരുട്ടുവീണശേഷം ഒരു 7 മണിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണു് ഇതിവൃത്തം. കൃത്യമായ ഒരു പ്രതിസമത്വവും സന്തുലിതാവസ്ഥയും ഉള്ള വൃത്തഘടനയായതിനാൽ ഷോഡശപ്രാസം കൊടുത്താണു് എഴുതുന്നതു്.



അർക്കനൊരസ്തമനക്കടലിൽ തലചായ്ക്കുവതിന്നു ഗമിക്കുകയായ്
ചക്കലമായ വിളക്കിനിയില്ലതു ചക്കനെമുങ്ങിമയക്കമിടും
നീക്കിയിരിപ്പിലെ ബാക്കിനിറങ്ങളുരുക്കിയരിച്ചു തിളക്കമെഴും
പോക്കുവെയിൽ പവനാക്കിയിതാ വിരചിക്കുകയാണവനിയ്ക്കുപരി
(അർക്കൻ - സൂരൂൻ ചക്കല - വൃത്താകാരമായ ചക്കനെ - പെട്ടെന്ന് അവനി - ഭൂമി)

ചന്തമെഴുന്നൊരു ചാന്തുപുരട്ടിയ കാന്തിമിനുങ്ങണൊരന്തിയിതാ
ധ്വാന്തമണഞ്ഞൊരു ശാന്തവിഭാവരിയന്തിമമെത്തി ദിനാന്തവുമായ്
സന്തമസക്ഷിതി കുന്തളമായതിലന്തിമലർക്കുടമന്തരിതം
മുന്തിയവാരൊളി ചിന്തിവിടർന്നവ, സന്തതഗന്ധമിതാന്തരികം
(ധ്വാന്തം - വെളിച്ചത്തിൻ്റെ അവസാനം വിഭാവരി - നക്ഷത്രങ്ങളുള്ള രാത്രി സന്തമസ - ഇരുട്ടാക്കിയ ക്ഷിതി - ഭൂമി കുന്തളം - മുടിക്കെട്ട് അന്തരിതം - അങ്ങിങ്ങായി ആന്തരികം - ഉള്ളിൽത്തന്നെയുള്ള)

ഉല്ലലമാടിയ ചില്ലകളിൽ മൃദുപല്ലവിമൂളിയ പല്ലവവും
വല്ലരികെട്ടിയ വല്ലകിപോൽ ചെറുചില്ലികളുണ്ടിവിടുല്ലസിതം
മല്ലികസൂനമതല്ലിക പൂത്തതു നല്ലമണം, തരുകില്ലെ മദം
അല്ലിചിരിക്കണ തല്ലമതിൻകര ചെല്ലുകിലോ വരുകില്ലെ രസം 
(വല്ലരി - വള്ളി വല്ലകി - വീണ മതല്ലിക - ശ്രേഷ്ഠം തല്ലം - കുളം)

ഉങ്ങിനുമേലെ പതുങ്ങിയിരുന്നൊരു മൂങ്ങകരഞ്ഞു, കിടുങ്ങിയതാൽ 
മങ്ങിയ കാഴ്ച, വിറങ്ങലിലാ നിമിഷങ്ങളിലൊന്നു കുടുങ്ങിമനം
തിങ്ങിയഭീതി മടങ്ങുകളേറി,യൊരേങ്ങലുവിട്ടു കലങ്ങി വയർ
എങ്ങനെ ഞാനിനി നീങ്ങണമീവഴി? തങ്ങിടുമെൻഗൃഹമങ്ങകലേ

നത്തുകരഞ്ഞതുമോർത്തുനടന്ന നിരത്തിനുമേലെ മരത്തലകൾ
മൊത്തമതൊക്കെയുമാർത്തുചിരിച്ചതിനൊത്തതുപോലെ മരുത്തൊഴുകീ
നൂത്തനുഴഞ്ഞു കറുത്തൊരു പൂച്ചയിടത്തുവശത്തരികത്തണയേ
പത്തിവിരിച്ചു വിടർത്തിയപോൽ ഭയമെത്തിമനസ്സിനകത്തളമേ
(മരുത്ത് - കാറ്റ് നൂത്ത - വേലിയിലുള്ള ദ്വാരം)

പൂക്കളടർന്ന വഴിയ്ക്കരികിൽ തലപൊക്കണ പാമ്പുകളൊക്കെ വരാം
മിക്കതുമേ നിവസിക്കണതോ തിരിവെയ്ക്കണ കാവു പരക്കെയതിൽ
തേക്കുമരങ്ങളെരിക്കുമരം തടിയാക്കമൊടങ്ങൊരു ചേക്കുമരം
തെക്കിനു പാലമണക്കണതാമൊരു ദിക്കുകടക്കണതോർക്കരുതാ
(ആക്കം - ശക്തി/ബലം)

മുമ്പിലെനിയ്ക്കൊളി,യമ്പിളിയെന്ന തിടമ്പുതെളിഞ്ഞു വരുമ്പൊളിതാ
കൂമ്പിയകണ്ണിമയാമ്പലുചിമ്മിയൊരിമ്പമൊടേ വിടരുമ്പൊളിതാ
കമ്പിവിളക്കിലെ ശമ്പമതാംദ്യുതി ചാമ്പി, ഭയന്നു കൊടുമ്പിരിയായ്
അമ്പലമേടയിലമ്പൊടുപൂത്തൊരു ചെമ്പകഗന്ധമകമ്പടിയായ് 
(ശമ്പ - മിന്നൽ, ഇവിടെ വൈദ്യുതിയെന്ന അർത്ഥത്തിൽ ചാമ്പുക - കെടുക) 

രാത്രിയിലുള്ളൊരു യാത്രയിലീവഴി ചിത്രകരാം തനിയാത്രികരെ
പത്രകമിത്തിരിമാത്രമിരന്നൊരു സൂത്രമൊടന്നഭിനേത്രി തരം
ഗാത്രികമിട്ടിളഗാത്രമൊടങ്ങനെ ഖാത്രവുമേറ്റി വിചിത്രവിധം
ശത്രുവിനൊത്തൊരു ചിത്രവധം, നിണമത്രയുമൂറ്റി ചരിത്രവശാൽ
(ചിത്രക - ധൈര്യമുള്ള/ശോഭയുള്ള പത്രകം - ഇല, ഇവിടെ വെറ്റില ഗാത്രിക - മുലക്കച്ച/ഒഡ്യാണം ഖാത്രം - കാട് വിചിത്ര - അദ്ഭുതകരമായ)

വമ്പിലുയർന്ന കരിമ്പനമേലെയുടമ്പടിവെച്ചു, പരമ്പരയായ്
തമ്പുമടിച്ചഥ, തുമ്പിനെ യക്ഷിണി കമ്പനമാട്ടി വികമ്പിതമായ്
തുമ്പ നിറഞ്ഞവരമ്പുകളന്നു കടമ്പകണക്കൊരു തുമ്പമതായ്
കമ്പിരികെട്ടു ഞരമ്പുവലിഞ്ഞു പെരുമ്പറപോൽതുടി വെമ്പലിലായ്
(കമ്പനം - ഇളക്കം/വിറ വികമ്പിത - വലുതായി കമ്പനം ചെയ്യുന്ന കമ്പിരി - വീറ്/ശൗര്യം)

അട്ടഹസിച്ചൊരു മട്ടിലവൾ പനയൊട്ടുകുലുക്കി വിരട്ടുകയായ്
പട്ടകളാം കരമാട്ടി, വരാനതു നീട്ടിവിളിച്ചതു ഞെട്ടലുമായ്
പട്ടിയൊരോരിയതട്ടയരോചകമിട്ടുതുടങ്ങണ കേട്ടതൊടേ
മുട്ടുവിറച്ചവ കൂട്ടിയിടിയ്ക്കണു് കോട്ടമിതാൽ വഴിമുട്ടിയഹോ!
(അട്ട - ഉയർന്ന/ഉച്ചത്തിൽ അരോചകം -  ഒട്ടും സുഖകരമല്ലാത്ത)

അക്കരെ,യീവയലിക്കുറിഞാനിനി പുക്കുവതെങ്ങിനെയാർക്കറിയാം
പോക്കുക ദുർഘട,മക്കിടി മാറി, കടക്കുകവേണമെനിയ്ക്കണയാൻ
നോക്കി സഹർഷമിരിക്കുകവേണ്ട ഹരിക്കുക നീ ഹരി വെക്കമിതും
കാക്കുക നീ, തവ വാക്കഭയം, നിവസിക്കു മനസ്സു മുഴുക്കെയുമേ
(പുക്കുക -  പ്രവേശിക്കുക പോക്കുക - നീക്കംചെയ്യുക )

വ്യഷ്ടിയിൽനിന്നു സമഷ്ടിവരേയ്ക്കിഹ സൃഷ്ടവുമേതൊരദൃഷ്ടമതും
സ്പഷ്ടവിചാരമൊരിഷ്ടസുഹൃത്തിനു തുഷ്ടിവരാൻ വരവൃഷ്ടി സമം
പുഷ്ടിയൊടന്നതു മൃഷ്ടമൊടോതിയ ശിഷ്ടമതേകിടുകഷ്ടമനേ
ദുഷ്ടയവൾക്കിവനഷ്ടിയുമോ? മമ കഷ്ടതകണ്ടൊരു ദൃഷ്ടിതരൂ
(വ്യഷ്ടി -  വ്യക്തി -  സമഷ്ടി - സമൂഹം അദൃഷ്ട - കാണപ്പെടാത്ത തുഷ്ടി -  സന്തോഷം  വൃഷ്ടി - മഴ പുഷ്ടി - ശക്തി/പോഷണം മൃഷ്ട - ശുദ്ധീകരിച്ച ശിഷ്ടം - ബാക്കിയുള്ളതു് അഷ്ടമൻ - എട്ടാമത്തവൻ അഷ്ടി - ഭക്ഷണം)

തീക്ഷ്ണത പൂണ്ടൊരു വീക്ഷണമോടവളക്ഷമയാം നിണകാംക്ഷിണിയായ്
തത്ക്ഷണമാണിര ഭക്ഷണമാകുക, ലക്ഷണമൊത്തൊരു യക്ഷിയവൾ
ശിക്ഷയിതിൽപ്പരമീക്ഷയുമെന്തിനി? രക്ഷതരാൻ മമപക്ഷമൊരാൾ
ദക്ഷമൊടെത്തുകയീക്ഷണമെങ്കിലരക്ഷിതഭാവന പോം ക്ഷണമേ
(കാംക്ഷിണി - ആഗ്രഹിക്കുന്ന ഈക്ഷ - കാഴ്ച/വിചാരം ദക്ഷം - സാമർത്ഥ്യം)

പത്തനമാർഗ്ഗമുരുത്തിരിയാൻ, പ്രഭുകാത്തു, കരാളവിപത്തകലാൻ
പുത്തനെബീഡി കൊളുത്തിയൊരാളരമത്തുപിടിച്ച നടത്തമൊടേ
ഒത്തതടി,യ്ക്കതിനൊത്തുയരം, വിരിവൊത്തുവരുന്നൊരു മത്തഗജം
പിത്തളകെട്ടിയ കത്തിയുമായ്, പനചെത്തിടുവോൻ തലമൂത്തതുമേ
(പത്തനം -  വീട് കരാള -  ഭയങ്കരമായ അര മത്ത് - പാതിമത്ത്)

മുന്നിലയാളുടെയന്നനട, പ്രതിപന്നനയാള,വസന്നനിവൻ
പിന്നിലൊളിച്ചുപപന്നതുണയ്ക്കു,വിപന്നനു മാർഗ്ഗമിതുന്നിയ ഞാൻ
ഉന്നതമാം പന സന്നതിതാണ്ടിയ ഭിന്നവിജാരണഖിന്നമനം
എന്നെവിരട്ടിയ സുന്നമതോ കഥ, പിന്നെ ലഭിച്ചതൊരുന്നമനം
(പ്രതിപന്ന - അറിയപ്പെട്ട/ജയിച്ച അവസന്ന - തളർന്ന/ക്ഷീണിച്ച ഉപപന്ന - അവസരോചിതമായ വിപന്ന - ആപത്തിൽപ്പെട്ട ഉന്നുക -  മനസ്സുറപ്പിക്കുക  സന്നതി - കുനിഞ്ഞ് മേലോടുനോക്കാൻ അപ്പോഴും ധൈര്യമില്ലെന്നു വ്യംഗ്യം ഭിന്ന - കൂടിക്കലർന്ന, സമ്മിശ്രവികാരങ്ങൾ എന്നു വിവക്ഷ വിജാരണം - സങ്കോചം ഖിന്ന - തളർന്ന സുന്നം - ശൂന്യം  ഉന്നമനം - ഉയർച്ച)

സങ്കടനീരദശങ്കയകന്നു ശശാങ്കനുയർത്തിയ തങ്കനിലാ
ചങ്കുപിടച്ച കരിങ്കനവില്ലിനി കങ്കരചിന്തയിലങ്കുരിതം
ചെങ്കനലായി പഴങ്കഥപോൽ മനസിങ്കലണഞ്ഞ ഭയങ്കരിയാം
മങ്കവിടർത്തിയ പൂങ്കുഴലല്ലതു സങ്കുലമായ പനങ്കുലകൾ!
(നീരദം -  മേഘം ശശാങ്കൻ - ചന്ദ്രൻ കങ്കര - ചീത്തയായ )


വൃത്തം : മദിര
പ്രാസം : ഷോഡശപ്രാസം