Saturday, November 23, 2013

ചേടീഭവന്നിഖില - ദേവിസ്തുതി

cheti bhavan nikhila Malayalam Translation with word by word meaning

മത്തേഭം എന്ന വാക്കിന്‌ മദയാന എന്നാണര്‍ത്ഥം.  ആകൃതി എന്ന വിഭാഗത്തിൽപ്പെടുന്ന ഒരു വൃത്തമാണിത്‌.  ഒരു വരിയിൽ 22 അക്ഷരങ്ങൾ വീതമുള്ള നാലു വരി പദ്യങ്ങളാണ്‌ ആകൃതി എന്ന വിഭാഗത്തിൽപ്പെടുന്നത്‌. അതായത്‌ 7 ഗണങ്ങളും പിന്നെ ഒരു അക്ഷരവും ചേർന്ന  വൃത്തങ്ങൾ ഛന്ദശാസ്ത്രമനുസരിച്ച്‌ ആകൃതിയിൽപ്പെടുന്നു. 

മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം

അശ്വധാടി എന്നൊരു പേര്‌ ഈ വൃത്തത്തിന്‌ കേരളത്തിനു പുറമേ കൊടുത്തു കാണുന്നു.  അവരുടെ സിദ്ധാന്തമനുസരിച്ച്‌ ഈ വൃത്തത്തിന്‌ കുതിരക്കുളമ്പടി താളമാണ്‌.   ആന മദിച്ചു വരുന്നതുപോലെയാണോ അതോ കുതിര കുളമ്പടിച്ചു വരുന്ന താളമാണോ ഈ വൃത്തത്തിന്‌ യോജിക്കുക എന്ന വിഷയം തൽക്കാലം മാറ്റിവെയ്ക്കാം.

ദ്വാദശ  പ്രാസത്തിലാണ്‌ ഈ ശ്ലോകം എഴുതിയിട്ടുള്ളത്‌. ഈ വൃത്തത്തിൽ എഴുതിയിട്ടുള്ള സ്തോത്രങ്ങൾ താരതമ്യേന കുറവവായതിനാൽ യേശുദാസ്‌ പാടിയ അയ്യപ്പ സുപ്രഭാതത്തിലെ 'വ്യാഘ്രീചരേശഭവതാത്സുപ്രഭാതമിഹപമ്പാതടാദ്ര/അധിപതേ' എന്നവസാനിക്കുന്ന ശ്ലോകങ്ങളാണ്‌ ഒരു ഉദാഹരണമായി പെട്ടെന്ന് പറയാനുള്ളത്‌.  ആ ശ്ലോകങ്ങൾക്ക്‌ ഇല്ലാത്തതും ഇതിനുള്ളതുമായ ഒരു വലിയ പ്രത്യേകതയാണ്‌ ദ്വാദശാക്ഷര പ്രാസം. പ്രാസാക്ഷരം ഓരോ വരിയിലും 2, 9, 16 എന്നീ സ്ഥാനങ്ങളിൽ ആവർത്തിക്കുന്നതായി കാണാം. അങ്ങനെ 4 വരികളിലായി  മൊത്തം 12 തവണ പ്രാസാക്ഷരം ആവർത്തിക്കപ്പെടുന്നതിനാൽ ഇതിനെ ദ്വാദശപ്രാസം എന്നു കണക്കാക്കുന്നു. വെറും രണ്ടക്ഷരത്തിന്റെ പ്രാസത്തിൽ കവിതയെഴുതാൻ വിമുഖത കാണിക്കുന്ന കവികൾക്കു മുൻപിൽ ഈ 12 അക്ഷരങ്ങൾ മത്തേഭങ്ങളായി തലയുയർത്തി നിൽക്കട്ടെ.

രചനാ പാടവം കൊണ്ട്‌ സമ്പുഷ്ടമായ ഈ സ്തോത്രം രചിച്ചത്‌ കാളിദാസനാണെന്നാണ്‌ കരുതപ്പെടുന്നത്‌.  മൂഢനായ മനുഷ്യൻ കാളിയുടെ ദയാ വായ്പ്പിനാൽ ജ്ഞാനിയായി, ‘കാളി ദാസ‘നായി മാറിയപ്പോൾ ആദ്യം ചൊല്ലിയ ശ്യാമളാ ദണ്ഡകത്തിന്‌ പിന്നോടിയായി വന്നതാണ്‌ ഈ സ്തുതി എന്ന് കരുതപ്പെടുന്നു.  ഒന്നാമത്തെ ശ്ലോകത്തിൽ തന്നെ ഇതിന്റെ  ഒരു സൂചന നമുക്ക്‌ ലഭിക്കുന്നുണ്ട്‌.  തന്നേയുമല്ല, കവി പ്രാർത്ഥിക്കുന്നത്‌ കവന ശേഷിക്കാണ്‌.  കവിത്വം കുതിരക്കുളമ്പടി താളത്തിലും അധിക പ്രൗഢിയിൽ വേണം, മന്ദാകിനിയിലും നന്നായി തടസ്സമില്ലാതെ ഒഴുകി വരണം, ദുരിതം മാറ്റിത്തരണം എന്നിങ്ങനെയുള്ള പ്രാർത്ഥനകൾ കാളിദാസന്റെ അറിയപ്പെടുന്ന ചരിത്രവുമായി യോജിച്ചു പോകുന്നതുമാണ്‌.

കാളിദാസ ദശശ്ലോകി, കാളിസ്തുതി എന്നിങ്ങനെയൊക്കെ ഈ സ്തുതിയെ വിളിക്കുന്നുണ്ട്.  ദശശ്ലോകി എന്നാല്‍ 10 ശ്ലോകങ്ങളേ വേണ്ടൂ. ഇവിടെ 13 എണ്ണമുണ്ട്.  കാളിയെ മാത്രമല്ല, കവി ദേവിയെ എല്ലാ പ്രത്യക്ഷ ഭാവത്തിലും സ്തുതിക്കുന്നുണ്ട്. അതുകൊണ്ട് ഇതിനെ ദേവിസ്തുതി എന്നു വിളിക്കാം.




ചേടീഭവന്നിഖിലഖേടീകദംബവനവാടീഷുനാകിപടലീ 
കോടീരചാരുതരകോടീമണീകിരണകോടീകരംബിതപദാ  
പാടീരഗന്ധികുചശാടീകവിത്വപരിപാടീമഗാധിപസുതാ 
ഘോടീഖുരാദധികധാടീമുദാരമുഖവീടീരസേനതനുതാം   1

ചേടീ -  ഭൃത്യകള്‍ (ആയി)
ഭവന്‍ - ഭവിക്കുന്നു
നിഖില - മുഴുവന്‍
ഖേടീ - നഗരവാസി (കളും)
കദംബവന - കടമ്പുമരക്കാട്
വാടീഷു - വാടിയില്‍
നാകി - സ്വര്‍ഗ്ഗ
പടലീ - കൂട്ടം
കോടീര - കിരീട (ത്തിലെ)
ചാരുതര - ചാരുതയാര്‍ന്ന
കോടീ - തല (കിരീടത്തിന്റെ)
മണീ - മുത്ത്
കിരണ - രശ്മി (കള്‍)
കോടീ - 100 ലക്ഷം
കരംബിത - ഒത്തുചേര്‍ന്ന / കൂട്ടിക്കലര്‍ത്തിയ
പദാ  - പാദങ്ങള്‍
പാടീരഗന്ധി - ചന്ദനം മണക്കുന്ന
കുചശാടീ - മുലക്കച്ച
കവിത്വ - കവനം
പരി - അധികമായി
പാടീം -  ധാര
അഗാധിപസുതാ - അഗത്തിന് (പര്‍വതത്തിന്) അധിപനായവന്റെ - ഹിമവാന്റെ പുത്രി
ഘോടീ - പെണ്‍കുതിര
ഖുരാദ് - കുളമ്പടി
അധിക ധാടീം - അധിക പ്രൌഢി
ഉദാര - ദയാവായ്പ്പോടെ
മുഖ - വായിലെ
വീടീ - വെറ്റില
രസേന - നീരിനാല്‍
തനുതാം   - തന്നാലും



ദ്വൈപായനാപ്രഭൃതിശാപായുധാത്രിദിവസോപാനധൂളിചരണാ 
പാപാപഹാസ്വമനുജാപാനുശീലജനതാപാപനോതിനിപുണാ 
നീപാലയാസുരഭിധൂപാളകാദുരിതകൂപാദുദഞ്ചയതുമാം  
രൂപാധികാശിഖരിഭൂപാലവംശമണിദീപായിതാഭഗവതീ   2

ദ്വൈപായനൻ - വ്യാസൻ
പ്രഭൃതി - തുടങ്ങിയ
ശാപായുധാ - ശപിക്കാനുള്ളകഴിവ്‌ ആയുധമാക്കിയവർ(ക്ക്)
ത്രിദിവ സോപാനം - സ്വർഗ്ഗത്തിലേയ്ക്കുള്ള ഏണിപ്പടി
ധൂളി ചരണാ - (ദേവിയുടെ) കാലിലെ പൊടി
പാപ അപഹാ - പാപം മറയ്ക്കുന്ന/രക്ഷിക്കുന്ന
സ്വം - സ്വയമുള്ള
അനുജപം - നിത്യേനയുള്ള ജപം
ശീല ജന - ശീലിച്ച ജനത്തിന്റെ
താപ - ദുഃഖം
അപനോതി - ദൂരത്താക്കുക/നീക്കം ചെയ്യുക
നിപുണാ - സമർത്ഥ
നീപം - കടംബ്‌ മരം
ആലയാ - വാസസ്ഥലം ആയിട്ടുള്ളവള്‍
സുരഭി - സുഗന്ധമുള്ള
ധൂപം - പുക
അല(ള)കാ  - കുറുനിരയോടു (കൂടിയവള്‍)
ദുരിത കൂപാദ്‌ - ദുരിതക്കിണറിൽ നിന്നും
ഉദഞ്ചയതു - ഉയർത്തേണമേ
മാം - എന്നെ
രൂപം - സുന്ദരമായ ആകൃതി
അധികാ- ധാരാളമുള്ള
ശിഖരി - ഉന്നതിയിലുള്ള
ഭൂപാലഃ - രാജാവ്‌
വംശ മണി - കുലത്തിന്‌ ശ്രേഷ്ഠ
ദീപായിതാ - വിളക്കായവൾ
ഭഗവതി - ഭഗത്തിന് അധിപയാവള്‍


യാലീഭിരാത്മതനുതാലീനകൃത്‌പ്രിയകപാലീഷുഖേലതിഭവ
വ്യാലീനകുല്യസിതചൂലീഭരാചരണധൂലീലസത്‌മുനിഗണാ
യാലീഭൃതിശ്രവസിതാലീദലംവഹതിയാലീകശോഭിതിലകാ
ശാലീകരോതുമമകാലീമനസ്വപദനാലീകസേവനവിധൗ    3

സംസ്കൃതത്തില്‍ (വൈദിക സംസ്കൃതത്തില്‍ ഒഴികെ) ള എന്ന അക്ഷരമില്ല. ല കാരം മാത്രമേയുള്ളൂ. തമിഴ് കലര്‍ന്നപ്പോള്‍ മലയാളത്തില്‍ ചില ലകാരങ്ങള്‍ ളകാരങ്ങളായി. ശ്ലോകത്തില്‍ ദ്വാദശപ്രാസം നിലനിര്‍ത്താന്‍ വേണ്ടി ലകാരമായിത്തന്നെ എഴുതിയിട്ടുണ്ട്.  ഈ മാറ്റം ശ്രദ്ധിക്കുക.


യാ - യാതൊരാൾ
ആലീഭിർ- ഭൃത്യകളൊത്ത്‌
ആത്മതനുത്‌ - ആത്മഭാവത്തെ
ആലീന ക്രൃത്‌ - ആലിംഗനം ചെയ്ത്‌
പ്രിയ - പ്രിയപ്പെട്ട
കപാലീഷു - ശിവനോടൊത്ത്‌
ഖേലതി - ലീലയാടി
ഭവാ - ഭവിക്കുന്നു
വ്യാലീന - ഇടതിങ്ങിയ
കുൽ - ഒത്തുചേർന്ന
അസിത - കറുത്ത
ചൂലീ ഭരാ - തലമുടി ഭാരം
ചരണ ധൂലീ (ളീ) - കാലിലെ പൊടിയിൽ
ലസത്‌ - പരിലസിക്കുന്നു
മുനി ഗണാ - മുനി വൃന്ദം
യാ - യാതൊരാൾ
ആലീ(ളീ) - ദാസികളെ
ഭൃതി - ഭരിക്കുന്നു/രക്ഷിക്കുന്നു
ശ്രവസി - ചെവിയിൽ
താലീ ദലം - നിലപ്പനയുടെ ഇല (ദശപുഷ്പങ്ങളിൽ ഒന്ന്)
വഹതി - വഹിച്ച്‌
യാ- ആരുടെ
ആലീക - നെറ്റിയിൽ
ശോഭി തിലകാ - തിലകം ശോഭിക്കുന്നു
ശാലീ - ഉള്ളവൻ (ഉദാ: ഭാഗ്യശാലി, കീർത്തിശാലി)
കരോതു - ആക്കണമേ
മമ - എന്റെ
കാലീ - (അജ്ഞാനത്താല്‍) കറുത്ത (എന്റെ കാളീ എന്നും വായിക്കാം)
മന - മനസ്സിനെ
സ്വ - എന്റെ/തന്റെ
പദ - പാദം
നാലീക - താമര പോലത്തെ
സേവന വിധൗ - വിധിയാം വണ്ണം സേവിക്കുന്ന


ബാലാമൃതാംശുനിഭഫാലാമനാകരുണചേലാനിതംബഫലകേ
കോലാഹലക്ഷപിതകാലാമരാകുശലകീലാലശോഷണരവിഃ
സ്ഥൂലാകുചേജലദനീലാകചേകലിതലീലാകദംബവിപിനേ
ശൂലായുധപ്രണതിശീലാദദാതുഹൃദിശൈലാധിരാജതനയാ  4

ബാല - ചെറിയ
അമൃതാംശു - ചന്ദ്രൻ
നിഭഃ - തുല്യം
ഫാലാ - നെറ്റിത്തടം
മനാക്‌  - അൽപം/കുറച്ച്‌
അരുണ ചേലാ - ചുവന്ന വസ്ത്രം
നിതംബ ഫലകം - പരന്ന/വിസ്താരമേറിയ നിതംബം
കോലാഹല - കോലാഹലത്തോടെ
ക്ഷപിത - നശിപ്പിച്ച
കാലാം - യഥാകാലത്ത്‌
അര - വേഗം
അകുശല - ദുഷ്ടൻ
കീലാലം - അമൃത്‌
ശോഷണ - ശോഷിക്കുന്ന
രവിഃ - സൂര്യൻ
സ്ഥൂലാ - തടിച്ച
കുചേ -സ്തനങ്ങളോടു കൂടിയ
ജലദ നീലാ - നീലമേഘം
കചേ - തലമുടിയോടു കൂടിയ
കലിത - കെട്ടിവെച്ച
ലീലാ - വിനോദവിഹാരം
കദംബ വിപിനേ - കടമ്പുമരക്കാട്ടിൽ
ശൂലായുധ - ശൂലം ആയുധമാക്കിയ
പ്രണതി - നമിക്കുന്നു
ശീലാ - പരിശീലിച്ചത്‌/നല്ല ശീലം
ദദാതു - തന്നാലും
ഹൃദി - ഹൃദയത്തിൽ
ശൈലാധിരാജ - ഹിമവാന്റെ
തനയാ - പുത്രി

കംബാവതീവസവിദംബാഗളേനനവതുംബാഭവീണസവിധാ
ബിംബാധരാവിനതശംബായുധാദിനികുരംബാകദംബവിപിനേ
അംബാകുരംഗമദജംബാലരോചിസിഹലംബാലകാദിശതുമേ
ശംബാഹുലേയശശിബിംബാഭിരാമമുഖസംബാധിതസ്തനഭരാ 5


കഃ - ആർ
അംബാവതി - അമ്മയെന്ന
ഇവ - പോലെ
സ - അവൻ/അവൾ
വിദ്‌ - അറിയുന്നു
അംബാ - അമ്മയെ
ഗളേന - തുളുംബുന്ന
നവ തുംബ - പുതിയ പാൽപ്പാത്രം
ആഭ - ശോഭിക്കുന്ന
വീണ സവിധാ - സമീപത്ത്‌ വീണയോടെ
ബിംബാധരാ - ചുവന്ന ചുണ്ട്‌
വിനത - നമിച്ച
ശംഭായുധ - വജ്രായുധം ആയുധമായുള്ളവൻ - ഇന്ദ്രൻ
ആദി - അടക്കം എല്ലാവരും (ഉള്ള)
നികുരംബഃ - സമൂഹം
കദംബ വിപിനേ - കടമ്പു മരക്കാട്ടിൽ
അംബ - അമ്മ/പാർവ്വതി
കുരംഗ മദം - കസ്തൂരി
ജംബാല - പൂക്കൈത
രോചിസ്‌ - പ്രഭ
ഇഹ - പോലെ
ലംബാ - ദുർഗ്ഗ
ലകാ - നെറ്റി (ലംബാളകം എന്ന് വായിക്കുകയാണെങ്കിൽ നീണ്ട അളകങ്ങൾ, പക്ഷെ കൂടുതൽ ഉചിതം കസ്തൂരിക്കുറി തൊട്ട നെറ്റിയാണ്‌)
ദിശതു - തന്നാലും
മേ - എനിക്ക്‌
ശം - മംഗളകരം
ബാഹു - കൈ
ലേയ - ലയിക്കുന്ന (ബാഹുലേയൻ സുബ്രഹ്മണ്യനാണ്‌, പക്ഷെ ഇവിടെ വാക്കിനെ രണ്ടായി മുറിച്ച്‌ അർത്ഥമെടുക്കുന്നു)
ശശിബിംബ അഭിരാമം - ചന്ദ്രബിംബം പോലെ മനോഹരമായ
മുഖം - വദനം
സംബാധിത - ശേഖരിച്ചുവെച്ച
സ്തനഭരാ - സ്തനഭാരം



ദാസായമാനസുമഹാസാകദംബവനവാസാകുസുംഭസുമനോ
നാസാവിപഞ്ചികൃതരാസാവിധൂതമധുമാസാരവിന്ദമധുരാ
കാസാരസൂനതതിഭാസാഭിരാമതനുരാസാരശീതകരുണാ
നാസാമണിപ്രവരഭാസാശിവാതിമിരമാസായെദഃഉപരതിം   6

ആസായദ ഉപരതിം എന്നെഴുതുമ്പോൾ വൃത്തം തെറ്റും.  ഇതിനായി ആസായെദഃ എന്നെഴുതി.  പക്ഷെ ഒരു സംശയം ആസായതോദുപരതിം (ആസാ-യത-അത) എന്നായിരിക്കുമോ ശരി

ദാസായമാന - ദാസനെന്നു മാനിക്കുന്നവന്‌
സുമ ഹാസാ - പൂ പോലെ ചിരിക്കുന്ന
കദംബ വന വാസാ - കടമ്പുമരക്കാട്ടിൽ വസിക്കുന്ന
കുസുംഭ - പുറത്തേക്കൊഴുകുന്ന സ്നേഹം
സുമനോ - നല്ല മനസ്സുള്ള
നാസാ - ശബ്ദിക്കുന്ന
വിപഞ്ചി - വീണ
കൃത - ചെയ്ത
രാസാ - ക്രീഢ
വിധൂത - ഇളക്കപ്പെട്ട
മധു മാസം - വസന്തം
അരവിന്ദ - താമര
മധുരാ - മാധുര്യമുള്ളവൾ
കാസാര സൂനത്‌ - തടാകത്തിലെ പൂവിലും (താമര/ആമ്പൽ)
അതി ഭാസ - അധികം പ്രകാശിക്കുന്ന/ശോഭയുള്ള
അഭിരാമ - ഭംഗിയുള്ള
താനൂർ - ശരീരത്തിൽ
ആസാര - മഴ പെയ്യുന്ന/ വ്യാപിക്കുന്ന
ശീത കരുണാ - കരുണയെന്ന കുളിര്‌
നാസാ മണി - മുക്കുത്തിക്കല്ല്
പ്രവരഃ - ശ്രേഷ്ഠമായ
ഭാസാ - പ്രകാശം
ശിവാ - പാർവ്വതി
തിമിര - ഇരുട്ട്‌
ആസ - അവസാനിപ്പിക്കുക
യതഃ - എവിടെ നിന്നും
ഉപരതിം - വിരക്തി


ന്യങ്കാകരേവപുഷികങ്കാലരക്തപുഷിങ്കാദിപക്ഷിവിഷയേ
ത്വംകാമനാമയസികിംകാരണംഹൃദയപങ്കാരിമേഹിഗിരിജാം
ങ്കാശിലാനിശിതതങ്കായമാനപദസങ്കാശമാനസുമനോ
ങ്കാരിഭൃംഗതതിമങ്കാനുപേതശശിസ
ങ്കാശവക്ത്രകമലാം  7

ന്യങ്കാകരേ - കരിമാൻ കൈയിലുള്ള
വപുഷി - ദേഹത്തിൽ
കങ്കാല - അസ്ഥിപഞ്ജരം
രക്ത - ശിവൻ
പുഷി - പോഷിപ്പിക്കുന്ന
കങ്ക ആദി - കൊക്ക്‌/കഴുകൻ പോലുള്ള
പക്ഷി - പക്ഷി (വസിക്കുന്ന)
വിഷയേ - പ്രദേശം (സ്മശാനത്തെ ഉദ്ദേശിക്കുന്നു)
ത്വം - നീ/നിങ്ങൾ
കാമനഃ - കാമുകൻ
അയസി - പോകുന്നു
കിം കാരണം- എന്ത്‌ കാരണം
ഹൃദയ - മനസ്സിലെ
പങ്കാരി - പങ്കം അഥവാ പാപം നശിപ്പിക്കുന്ന
മേ - എനിക്ക്‌/ എന്റെ
ഗിരിജാം - ഗിരിയിൽ ജനിച്ചവൾ
ശങ്കാ ശിലാ - ആശങ്ക/ഭയം എന്ന പാറ
നിശിത - മൂർച്ചയുള്ള
തങ്കായമാന - കല്ലുകൊത്തുന്ന മഴു കണക്കെയുള്ള
പദ - പാദങ്ങൾ
സങ്കാശമാന - അടുത്തുള്ള
സുമനോ - നല്ല മനസ്സുള്ള
ഝങ്കാരി - മൂളുന്ന
ഭൃംഗ തതിം -വണ്ടിന്റെ സമൂഹം
അങ്കഃ - പർവ്വതം
അനു - കൂടെ
ഉപേത - സമീപിക്കുന്ന
ശശി - ചന്ദ്ര
സങ്കാശ - സദൃശമായ
വക്ത്ര കമലാം - മുഖമെന്ന താമര


ജംഭാരികുംഭിപൃഥുകുംഭാപഹാസികുചസംഭാവ്യഹാരതിലകാ
രംഭാകരീന്ദ്രകരദംഭാപഹോരുഗതിഡിംഭാനുരഞ്ജിതപദാ
ശംഭാവുദാരപരിരംഭാങ്കുരാത്‌പുളകദംഭാനുരാഗപിശുനാ
ശംഭാസുരാഭരണഗുംഫാസദാദിശതുശുംഭാസുരപ്രഹരണാ  8

ഇതിലെ മൂന്നാം വരി മോഹിനി രൂപത്തെക്കണ്ടു മതിമറന്നുപോയ ശിവന്റെ ചേഷ്ടകൾ കണ്ടു ലജ്ജിച്ചു പോയ പാർവതിയെക്കുറിച്ചാണ്.  പക്ഷെ ഒന്നും രണ്ടും വരികളെ യോജിപിക്കുന്ന കഥ മനസ്സിലായില്ല.  തൽക്കാലം ഇന്ദ്രൻ രംഭയ്ക്ക് പിറകെ - രംഭ ദേവിക്കു പിറകെ എന്ന രീതിയിൽ എടുക്കുന്നു. മറ്റൊന്ന് ഗുംഫാ എന്നവാക്കാണ്.  ഭ എന്ന അക്ഷരമാണ് ഷോഡശപ്രാസത്തിന് ശരിക്കും വേണ്ടിയിരുന്നത്.  കാളിദാസൻ ഇവിടെ 11 കൊമ്പന്മാരെയും ഒരു പിടിയാനയേയും നിർത്തി ഷോഡശപ്രാസം ഒപ്പിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.  പക്ഷെ അർത്ഥം ശരിയാണ്, തന്നേയുമല്ല ഭ എന്ന അക്ഷരം തന്നെ വരുന്ന മറ്റൊരു വാക്ക് അന്വേഷിച്ചിട്ടൊട്ടു കിട്ടിയതുമില്ല.
ജംഭാരി - ജംഭന്റെ ശത്രു (ഇന്ദ്രൻ)
കുംഭി - ആനയുടെ
പൃഥു - തടിച്ച / സമൃദ്ധമായ
കുംഭ - മസ്തകം (ത്തെ)
അപഹാസി - അപഹസിക്കുന്ന
കുച - സ്തനം
സംഭാവ്യ - വിഭാവനം ചെയ്ത്‌/ഭാവിച്ച്‌
ഹാ രതി ലകാ - ഹാ പ്രിയം തോന്നിയ (ഹാര തിലകാ എന്നതിനെ മറ്റൊരു രീതിയിൽ പദം മുറിച്ചു നോക്കി)
രംഭാ - രംഭയെന്ന അപ്സരസ്സ്‌ (മഹിഷാസുരന്റെ അച്ഛ്ൻ രംഭാസുരനാണ്‌. പക്ഷെ മാറിടത്തെക്കുറിച്ച്‌ ആദ്യവരിയിൽ പറഞ്ഞിരിക്കുന്നത്‌ രംഭയെന്ന അപ്സരസ്സിനെക്കുറിച്ചാണെന്ന് അർത്ഥമെടുക്കുന്നു.)
കരി - ചെയ്തു
ഇന്ദ്ര കര - ഇന്ദ്രന്റെ കൈയ്യിലെ
ദംഭഃ - വജ്രായുധം
അപഹാ - മറയ്ക്കൽ
ഉരു ഗതി - മഹത്തായ അഭയം
ഡിംഭഃ - കൊച്ചുകുട്ടിയാൽ
അനുരഞ്ജിത - സന്തോഷിപ്പിക്കപ്പെടുന്ന
പദാ - പാദങ്ങൾ
ശംഭഃ - വിഷ്ണു (മോഹിനി രൂപം പൂണ്ട)
ഉദാര - നിറഞ്ഞ മനസ്സോടെ
പരിരംഭ അങ്കുരാത്‌ - ആലിംഗനത്തിൽ അങ്കുരിച്ച
പുളക - രോമാഞ്ചം / കോരിത്തരിച്ച്‌
ദംഭ  അനുരാഗ - ശിവന്റെ അനുരാഗത്തിൽ
പിശുനാ - അപവാദം പറയുന്ന
ശം - മംഗളകരം
ഭാസുര - ഭാസുരമായ
ആഭരണ - ആഭയുള്ളത്‌
ഗുംഫാ - പദബന്ധം/പൂമാല  (പദങ്ങൾ വൃത്തത്തിൽ കൊരുത്തതാണ്‌ കവിത)
സദാ - എന്നും/എപ്പോഴും
ദിശതു - തന്നാലും
ശുംഭാസുര പ്രഹരണാ - ശുംഭാസുരനെ വധിച്ചവളേ

ദാക്ഷായണീദനുജശിക്ഷാവിധൗവിതതദീക്ഷാമനോഹരഗുണാ
ഭിക്ഷാശിനോനടനവീക്ഷാവിനോദമുഖിക്ഷാധ്വരപ്രഹരണാ
വീക്ഷാംവിദേഹിമയിദക്ഷാസ്വകീയജനപക്ഷാവിപക്ഷവിമുഖീ
ക്ഷേഷസേവിതനിരാക്ഷേപശക്തിജയലക്ഷ്മ്യാവധാനകലനാ  9

ദാക്ഷായണീ - ദക്ഷന്റെ പുത്രി
ദനുജ - അസുരന്‌
ശിക്ഷാ വിധൗ - ശിക്ഷ വിധിക്കുന്ന
വിതതഃ - പരന്ന/അധികമായ
ദീക്ഷാ - വ്രതം/അനുഷ്ഠാനം
മനോഹര ഗുണാ - മനോഹരമായ ഗുണത്തോടു കൂടിയ
ഭിക്ഷ അശിനോ - ഭിക്ഷയാചിച്ച്‌ തിന്നുന്നവൻ (ശിവൻ)
നടന വീക്ഷാ - നൃത്തത്തിന്റെ കാശ്ച
വിനോദ മുഖി - സന്തോഷിക്കുന്ന മുഖത്തോടുകൂടിയവൾ
ദക്ഷ അധ്വര - ദക്ഷന്റെ യാഗം
പ്രഹരണ - നശിപ്പിച്ച
വീക്ഷാം - നോക്കുക/ദർശ്ശിക്കുക
വിദേഹി -ശരീരബന്ധമില്ലാത്ത്‌ / ആത്മബോധമുള്ള
മയി - എന്നെ
ദക്ഷാ - സമർത്ഥ
സ്വകീയ ജന പക്ഷാ വിപക്ഷ - സ്വപക്ഷത്തുള്ളതെന്നോ മറുപക്ഷത്തുള്ളയാളെന്നോ
വിമുഖീ - കാണുന്നതിൽ വിമുഖതയുള്ള
യക്ഷേഷ - യക്ഷന്മാരാൽ (അവരുടെ തലവൻ കുബേരനാണ്‌)
സേവിത - സേവിക്കപ്പെടുന്ന
നിരാക്ഷേപ ശക്തി - അപവാദമില്ലാത്ത
ജയ - ജയിക്കട്ടെ
ലക്ഷ്മ്യ - ഐശ്വര്യം
അവധാന - ശ്രദ്ധ
കലനാ - ഗ്രഹിക്കൽ


ന്ദാരുലോകവരസന്ദായിനീവിമലകുന്ദാവദാതരദനാ
വൃന്ദാരവൃന്ദമണിവൃന്ദാരവിന്ദമകരന്ദാഭിഷിക്തചരണാ
ന്ദാനിലാകലിതമന്ദാരദാമഭ്യമന്ദാഭിരാമമകുടാ
ന്ദാകിനീജവനബിന്ദാനവാചമരവിന്ദാസനാദിശതുമേ  10

വന്ദാരുഃ ലോക - സ്തുതിക്കുന്ന ജനത്തിന്‌
വര സന്ദായിനീ - വരം പ്രദാനം ചെയ്യുന്നവൾ
വിമല - മാലിന്യമില്ലാത്ത
കുന്ദ - മുല്ല
അവദാതഃ - വെളുപ്പ്‌
രദനാ -പല്ല്/ദന്തനിര
വൃന്ദാര വൃന്ദ - ദേവ സമൂഹത്തിന്റെ
മണി - മുത്ത്‌/പവിഴം (കിരീടത്തിലെ)
വൃന്ദാരഃ - മനോഹരമായ / ഉത്തമമായ
അരവിന്ദ മകരന്ദം - താമരയിലെ തേനിനാൽ
അഭിഷിക്ത ചരണാ - അഭിഷേകം ചെയ്യപ്പെട്ട പാദങ്ങൾ
മന്ദാനിലാ -മന്ദ മാരുതനാൽ
കലിത - ബന്ധിച്ച
മന്ദാര ദാമം - മന്ദാര മാല
അഭി - നേരെ/ വീണ്ടും വീണ്ടും
അമന്ദ - തിളങ്ങുന്ന/ പ്രകാശിക്കുന്ന
അഭിരാമ - ഭംഗിയുള്ള
മകുടാ - കിരീടം/മുകൾ ഭാഗം
മന്ദാകിനീ - ഒഴുകുന്ന നദി
ജ വനഃ - വേഗം
ബിന്ദാന - പിളർക്കുന്ന
വാചം - വാക്ക്‌ (വാൿധോരണി)
അരവിന്ദാസനാ - താമരയിൽ ഇരിക്കുന്നവൾ
ദിശതു മേ - എനിക്കു തന്നാലും

ദേവന്മാർ അവരുടെ കിരീടത്തിൽ താമരപ്പൂ ചൂടുന്നുവെന്നും അവർ ദേവിയെ നമസ്കരിക്കുമ്പോൾ കിരീടത്തിലെ താമരയിലെ തേൻ അഭിഷേകമായി കാലിൽ വീഴുന്നുവെന്നും ഭാവിക്കുന്നു.

ത്രാശയോലഗതിതത്രാഗജാവസതുകുത്രാപിനിസ്തുലശുകാ
സുത്രാമകാലമുഖസത്രാസകപ്രകരസൂ
ത്രാണകാരിചരണാ
ചൈത്രാനിലാതിരയപത്രാഭിരാമഗുണമിത്രാമരീസമവിധൗ
കുത്രാസഹീനമണിചിത്രാകൃതിസ്ഫുരിതപുത്രാദിദാനനിപുണാ  11

യത്ര  - എവിടെ
ആശയോ - മനസ്സ്‌
ലഗതി - ആസ്വദിക്കുന്നുവോ/ആനന്ദിക്കുന്നുവോ
തത്ര - അവിടെ
അഗജാ - അഗത്തിൽ (പർവ്വതത്തിൽ) ജനിച്ചവൾ
വസതു - വസിക്കുന്നു
കുത്ര - എവിടെ
അപി -പോലും
നിസ്തുല -തുല്യതയില്ലാത്ത
ശുകാ - ശുക മഹർഷി
സുത്രാമ - ഇന്ദ്രൻ
കാല മുഖ - യമൻ
സത്രാസക - ഒരുമിച്ച്‌/കൂടെ
പ്രകരഃ - സമൂഹത്തെ
സൂത്രാണ കാരി - കോർക്കുന്ന
ചരണാ - പാദങ്ങൾ
ചൈത്ര അനിലാ - വസന്ത മാരുതൻ
അതി - അതിലും
രയ - ഒഴുക്ക്‌
പത്രം - എഴുതാനുള്ള ഓല/ ലിഖിതം
അഭിരാമ - മനോഹരമായ
ഗുണ മിത്ര  - ഗുണത്തിന്‌ മിത്രമായ
അമരീ - ദേവി
സമ വിധൗ - സമമായി ഭാഗിക്കുന്ന
കുഃ - ഭൂമി
ത്രാസ ഹീന - ഭയമില്ലാത്ത
മണി - മുത്ത്‌
ചിത്ര - അത്ഭുതമായ
ആകൃതി - 24 അക്ഷരങ്ങൾ വീതമുള്ള 4 വരി പദ്യം (ഇങ്ങനെയുള്ള വൃത്തം)
സ്ഫുരിത - സ്ഫുരിക്കുന്ന
പുത്രാദി - പുത്ര ലബ്ധി പോലെയുള്ളവ്‌
ദാന നിപുണാ - പ്രദാനം ചെയ്യുന്നതിന്‌ നൈപുണ്യമുള്ളവൾ

കൂലാതിഗാമിഭയതൂലാവലിജ്വലനകീലാനിജസ്തുതിവിധാ
കോലാഹലക്ഷപിതകാലാമരീകുശലകീലാലപോഷണനഭാ
സ്ഥൂലാകുചേജലദനീലാകചേകലിതലീലാകദംബവിപിനേ
ശൂലായുധപ്രണതിശീലാവിഭാതുഹൃദിശൈലാധിരാജതനയാ  12

കൂല - തീരം/കര
അതി ഗാമി - വരെ ഗമിക്കുന്ന
ഭയ തൂലാ - ഭയത്തെ ദൂരത്താക്കുന്ന
വലി - കുറി
ജ്വലന - ജ്വലിക്കുന്ന
കീലഃ - ശിവൻ
നിജ സ്തുതി - തന്റെ സ്തുതി
വിധാ - കൊടുക്കുക
കോലാഹല - കോലാഹലത്തോടെ
ക്ഷപിത - നശിപ്പിച്ച
കാല - കറുത്ത
അമരീ - ദേവി
കുശല - സാമർത്ഥ്യമുള്ള
കീലാല - അമൃത്‌
പോഷണ - പോഷിപ്പിക്കുന്ന
നഭ - ആകാശം/ മേഘം
സ്ഥൂലാ - തടിച്ച
കുചേ -സ്തനങ്ങളോടു കൂടിയ
ജലദ നീലാ - നീലമേഘം
കചേ - തലമുടിയോടു കൂടിയ
കലിത - കെട്ടിവെച്ച
ലീലാ - വിനോദവിഹാരം
കദംബ വിപിനേ - കടമ്പുമരക്കാട്ടിൽ
ശൂലായുധ - ശൂലം ആയുധമാക്കിയ
പ്രണതി - നമിക്കുന്നു
ശീലാ - പരിശീലിച്ചത്‌/നല്ല ശീലം
വിഭാതു - വിടർത്തുക / പ്രത്യക്ഷമാക്കുക
ഹൃദി - ഹൃദയത്തിൽ
ശൈലാധിരാജ - ഹിമവാന്റെ
തനയാ - പുത്രി


ന്ധാനകീരമണിബന്ധാഭവേഹൃദയബന്ധൗവതീവരസികാ
ന്ധാവതീഭുവനസന്ധാരണേപ്യമൃതസി
ന്ധൗവുദാരനിലയാ
ന്ധാനുഭാവമുഹുരന്ധാലിപീതകചബന്ധാസമർപ്പയതുമേ
ശംധാമഭാനുമപിരുന്ധാനമാശുപദസന്ധാനമപ്യനുഗതാ  13

ഇന്ധാന - ജ്വലിക്കുന്ന
കീര - തത്ത
മണി ബന്ധഃ - (വാക്കാകുന്ന) രത്നങ്ങളെ ബന്ധിക്കൽ
ഭവേ - ഭവിക്കട്ടെ (അപ്പോള്‍ തത്ത തുഞ്ചന്റെ സ്വന്തമല്ലല്ലേ!!!???)
ഹൃദയ ബന്ധൗ - ഹൃദയ ബന്ധത്തിൽ
അതീവ രസികാ - അതിയായി രസിക്കുന്നവൾ
സന്ധാവതീ - കൂട്ടിച്ചേർക്കുന്നവൾ
ഭുവന - ഭൂമി
സന്ധാരണേ - താങ്ങൽ/ നിലനിർത്തൽ
അപി - പോലും
അമൃത സിന്ധൗ - സുധാ സിന്ധുവിൽ
ഉദാര - കനിവോടെ
നിലയാ - വസിക്കുന്നവൾ
ഗന്ധാനുഭാവ - ഗന്ധത്തിൽ അനുഭാവം പൂണ്ട്‌
മുഹുഃ - പിന്നെയും
അന്ധ അലി പീത - അന്ധനായ വണ്ട്‌ കുടിച്ച
കച ബന്ധ - മുടിക്കെട്ട്‌
സമർപ്പയതു മേ - സമർപ്പിക്കുന്നു ഞാൻ
ശം - മംഗളകരം
ധാമ - പ്രഭാവം / കീർത്തി
ഭാനുഃ - സൗ ന്ദര്യം (ശിവൻ)
അപി - പോലും
രുൻ - പാടുന്നു
ധാനം - ഇരിപ്പിടം
ആശു - വേഗം
പദ സന്ധാനം - പദങ്ങളെ കൂട്ടിച്ചേർക്കൽ
അപി - നിശ്ചയം
അനുഗതാ - പിന്തുടരൽ


 ഈ സ്തുതിയെ കൂടുതൽ മനസ്സിലാക്കുന്നതിനു വേണ്ടി ഏതാനും കാര്യങ്ങളെഴുതാം.   സ്തോത്രം തുടങ്ങുന്നതു തന്നെ എല്ലാവരും ഭൃത്യകളായി ഭവിക്കുന്നു എന്നു പറഞ്ഞാണ്‌.  പാർവ്വതീ ദേവിക്കു മുമ്പിൽ പരമശിവനൊഴികെ മറ്റാരും പുരുഷന്മാരല്ല, അതിനാൽ ദാസികളേയുള്ളൂ ദാസന്മാരില്ല.  ദേവിയുടെ വാസസ്ഥലം സൗന്ദര്യ ലഹരി 8 - ാ‍ം ശ്ലോകപ്രകാരം സുധാസിന്ധുവിന്റെ നടുവിൽ കൽപവൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ട രതദ്വീപിൽ കടമ്പുമരങ്ങൾ നിറഞ്ഞ ആരാമത്തിലെ ചിന്താമണിഗൃഹത്തിൽ ശിവാകാരമഞ്ചത്തിലെ പരമശിവ പര്യങ്കത്തിലാണ്‌.  ദേവിയുടെ കാൽക്കീഴിൽ മറ്റു ദേവന്മാരെല്ലാം നമിച്ചു കിടക്കുന്നു.  സൗന്ദര്യലഹരി 29-ാ‍ം ശ്ലോകത്തിൽ പറയുന്നത്‌ പ്രതീക്ഷിക്കാത്ത നേരത്ത്‌ ശിവൻ കയറി വരുന്നതു കണ്ട്‌ ദേവി എഴുന്നേറ്റപ്പോൾ അറിയാതെ താഴെ നമസ്കരിച്ചു കിടക്കുന്ന ഇന്ദ്രൻ, വിഷ്ണു, ബ്രഹ്മാവ്‌ എന്നിങ്ങനെയുള്ളവരുടെ കിരീടത്തിൽ ചവുട്ടിയെങ്കിലോ എന്നോർത്ത്‌ ദേവിയുടെ പരിജനങ്ങൾ ഇവിടെ ബ്രഹ്മാവ്‌, അവിടെ വിഷ്ണു, അയ്യോ ഇന്ദ്രൻ എന്നിങ്ങനെ പറയുന്നു എന്നാണ്‌.

കിരീടം വെച്ചവർ നമസ്കരിച്ചു കിടക്കുമ്പോൾ കിരീടത്തിലെ ദിവ്യ രത്നങ്ങളുടെ പ്രഭ വീഴുന്നത്‌ ദേവിയുടെ കാലിലേയ്ക്കാണ്‌.  കിരീടം വെച്ച എല്ലാവരും സാഷ്ടാംഗം നമസ്കരിക്കുന്ന പാർവ്വതിയുടെയും പതി ശിവന്റെയും കിരീടമെന്താണ്‌ ? വെറും ജടാജൂട മകുടം! മഹിഷാസുരമർദ്ദിനി സ്തോത്രത്തിൽ ദേവിയെ രമ്യകപർദ്ദിനി (മനോഹരമായ മുടിക്കെട്ടോടുകൂടിയവൾ)  എന്നാണ്‌ വിശേഷിപ്പുക്കുന്നത്‌. അപ്പോൾ കിരീടമില്ലാത്ത രണ്ടേരണ്ടു പേർ ശിവനും പാർവ്വതിയുമാണ്‌.  കിരീടം സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രതീകങ്ങളാണ്‌.  അതില്ലാത്ത രണ്ടുപേർക്കു മുന്നിലാണ്‌ അത്‌ ധരിച്ച എല്ലാവരും കുമ്പിടുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

പ്രമബ്ഥനാഥനാണ് ശിവൻ, ദേവിയും അങ്ങനെ തന്നെ (ദൂതകൃതപ്രമഥധിപതേ - മഹിഷാസുര മർദ്ദിനി സ്തോത്രം).  ഗൃഹസ്ഥന് മാതൃക, സന്യാസികളിൽ മുമ്പൻ, വൈരാഗികളിൽ പ്രഥമൻ.  പട്ടുടയാടകൾക്ക് സമം ആനത്തോലും മരവുരിയുമൊക്കെ കാണാൻ പറ്റുന്നത് (ചിലപ്പോൾ ദിഗംബരനും) ഒരു തികഞ്ഞ സന്യാസിയുടെ മാനസികാവസ്ഥ ഉള്ളതുകൊണ്ടാണ്. മറ്റുള്ളവർക്ക് മാലയണിയാൻ പാരിജാതം വരെ വേണം, ശിവന് രുദ്രാക്ഷവും പാമ്പും ചിലപ്പോൾ കങ്കാലമാലയും. ഭിക്ഷ ലഭിച്ച ഭക്ഷണം കഴിക്കുന്ന ഒരേയൊരു ദൈവവും അദ്ദേഹത്തിന്റെ പത്നിയായി മാതാ അന്നപൂർണ്ണേശ്വരിയും!  തലയ്ക്കു പുറത്ത് വെള്ളവും (ഗംഗ) തലയ്ക്കകത്ത് തീയും (തൃക്കൺ തുറന്നാൽ)!  എത്ര പരസ്പര വിരുദ്ധങ്ങൾ.


കിരീടത്തിൽ പതിച്ച രത്നങ്ങളെക്കാളും മഹത്വം ദേവിയുടെ കാലിലെ പൊടിപടലങ്ങൾക്കുണ്ട്‌.  അത്‌ അജ്ഞാനിക്ക്‌ അന്ധകാരത്തെ നശിപ്പിക്കാനും മണ്ടന്‌ ബുദ്ധി വികസിക്കാനും ദരിദ്രന്‌ അഭീഷ്ടലബ്ധിക്കുള്ള ചിന്താമണി രത്നമായും സംസാരത്തിൽ മുങ്ങിയവന്‌ അതില്‍ നിന്നും ഉയർത്താൻ കഴിവുള്ള വരാഹത്തിന്റെ തേറ്റയുമാണ്‌ (സൗന്ദര്യലഹരി 3-ാ‍ം ശ്ലോകം)

ദേവീ സ്തുതിയിൽ സ്തനത്തെപ്പറ്റി പ്രത്യേകം എടുത്തു പറയുന്നതെന്തിനാണെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം. അതിനവർക്ക്‌ വ്യക്തമായ ഉത്തരം കിട്ടിയിട്ടുണ്ടോ എന്നറിയില്ല.   ഏതായാലും സ്തനം, കുചം എന്നൊക്കെ ദേവി സ്തുതിയിൽ കാണുമ്പോൾ ആ വാക്കുകൾക്ക്‌ വെറുതെ നിഘണ്ടു കൽപിത അർത്ഥം കൊടുത്താൽ പോരാ. അത് ഭംഗിക്കുവേണ്ടി പറഞ്ഞിട്ടുള്ളതുമല്ല.   ഭാവസാന്ദ്രമായിട്ടാണ്‌ സ്തുതി രചിച്ചിട്ടുള്ളത്‌.  ആദ്യം ശ്രദ്ധിക്കേണ്ടത്‌ അതേ സ്തുതിയിൽ തന്നെ ദേവിയെ അമ്മയെന്ന് അഭിസംബോധന ചെയ്തിട്ടുണ്ടെന്നാണ്‌.  രണ്ടാമത്‌ കവി ഭാവതലത്തിൽ അതിനെ കവിതയായി, കവിഭാവനയായി അഥവാ കവി ഹൃദയമായിത്തന്നെയാണ്‌ കാണുന്നത്‌.  അതായത്‌ ഉദാത്തമായ എല്ലാ കവിതാസൃഷ്ടിയും അതിൽ നിന്നു ഒഴുകി വന്നിട്ടുള്ളതായാണ്‌ കവി കണക്കാക്കിയിരിക്കുന്നത്‌.  സൗന്ദര്യ ലഹരി തന്നെ ഉദ്ദരിക്കുകയാണെങ്കിൽ ആദി ശങ്കരൻ പറയുന്നത്‌ ദേവിയുടെ സ്തന്യം ഹൃദയത്തിൽ നിന്ന് അമൃത സമുദ്രം സരസവാക്‌ സ്വരൂപമായി പ്രവഹിക്കുന്നുവെന്ന് അദ്ദേഹം കരുതുന്നുവെന്നാണ്‌.  എന്തെന്നാൽ ദയ തോന്നി ഗിരിഗുഹയിൽ കണ്ട ഏതോ ഒരു കുഞ്ഞിനെ മുലയൂട്ടുകയാൽ ആ കുട്ടി ബാല്യത്തിലേ ഒരു മഹാ കവിയായി ശോഭിച്ചു. (സൗന്ദര്യ ലഹരി 75)

ഇനി ഈ സ്തുതിയിലെ ഒന്നാം ശ്ലോകം മൂന്നും നാലും വരികൾ നോക്കുക.  ഇവിടെ കവിത്വം എന്ന് എഴുതിവെച്ചിരിക്കുന്നതും മറ്റൊന്നുമല്ല.  മുലക്കച്ചയിലെ ചന്ദനഗന്ധിയായ 'കവിത്വം' പെൺകുതിരയുടെ പതിഞ്ഞ താളത്തിലും അധിക പ്രൗഢിയിലുള്ള ധാരയായി വെറ്റില മുറുക്കിത്തുപ്പിയതിലൂടെ തന്നാലും എന്നാണ്‌ ആദ്യപ്രാർത്ഥന.

മുറുക്കിത്തുപ്പിയതിനെക്കുറിച്ചും പറയാതെ വയ്യ.  അസുരന്മാരെ യുദ്ധത്തിൽ ജയിച്ച്‌ തിരിച്ചുവന്ന് സുബ്രഹ്മണ്യനും ഇന്ദ്രനും വിഷ്ണുവും ദേവിയുടെ ഭുക്താവശിഷ്ടമായ താംബൂലകബളം സസന്തോഷം സ്വീകരിച്ച് മുഴുവനും അലിയുന്നവരെ ചവച്ചു ഭക്ഷിക്കുന്നു (സൗന്ദര്യലഹരി 65)


യോഗശാസ്ത്രപ്രകാരം ഒരു ചിന്ത വാക്കായി രൂപാന്തരപ്പെടുന്നത്, അത് ഉരുളയ്ക്കുപ്പേരി പോലെ പറഞ്ഞതാണെങ്കിലും അതല്ല ചിന്തിച്ചുറപ്പിച്ച് പറഞ്ഞതാണെങ്കിലും, അത് 4 ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടാണ്.  ചിന്ത രൂപപ്പെടുന്ന ആദ്യ അവസ്ഥയായ ‘പര’, അതിനെ തിരിച്ചറിയുന്ന ‘പശ്യതി’, വാ‍ക്കിലേയ്ക്ക് പരിഭാഷപ്പെടുന്ന ‘മധ്യമ’, പിന്നെ പുറത്തേയ്ക്കു വന്ന വാക്കായ ‘വൈഖരി’ എന്നിവയാണവ.  വാക്ദേവി മാധ്യമത്തിന്റെ അധിഷ്ഠാന ദേവതയാണ്.  പറഞ്ഞ വാക്കിന്റെ നിലവാരം, ഭാഷ, അത് തോന്നിപ്പിക്കുന്ന വികാരം എന്നിവയെല്ലാം മാധ്യമത്തില്‍ നിശ്ചയിക്കപ്പെടുന്നു.  അത് പുറത്തേയ്ക്ക് പറഞ്ഞതു മാത്രമാണ് വൈഖരി.  വാണീ നിന്‍ കൃപ കാണിവേണമെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതിയത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവിടെ കാളിദാസനും ഇതേ പ്രാര്‍ത്ഥനയാണ് നടത്തുന്നത്.

തിലകം എന്നും ശോഭിക്കുന്നത് ദേവിയുടെ നെറ്റിയില്‍ മാത്രമാണ്.  ബ്രഹ്മാവും മരിക്കും വിഷ്ണുവും ഇന്ദ്രനും കുബേരനും എല്ലാവരും ലയിക്കും.  മഹാസംഹാരത്തിനൊടുവില്‍ ദേവിയുടെ പതിയായ ശിവന്‍ മാ‍ത്രം ശേഷിക്കും.  ഇത് ദേവിയുടെ പാതിവൃത്യ മഹിമയല്ലാ‍തെ മറ്റെന്താണ്.  (സൗന്ദര്യലഹരി 26)

ഭഗ എന്ന ശബ്ദത്തിന് വിഷ്ണുപുരാണം ഇങ്ങനെ അർത്ഥം കൊടുക്കുന്നു. 
ഐശ്വര്യസ്യസമഗ്രസ്യ 
ധർമ്മസ്യ യശസ്സഃ ശ്രിയഃ 
ജ്ഞാനവൈരാഗ്യയോശ്ചൈവ 
ഷണ്ണാം ഭഗ ഇതീരണാ 
(ഐശ്വര്യം സമഗ്രത ധർമ്മം യശസ്സ് ശ്രീത്വം ജ്ഞാനം വൈരാഗ്യം ഇവയെല്ലാം ഉള്ളയാൾ ഭഗ എന്ന് വിളിക്കുന്നു) അതിനധിപയായവൾ ഭഗവതി.




Saturday, September 21, 2013

ശിവ താണ്ഡവ സ്തോത്രം - വ്യാഖ്യാനം

Shivathandava Sthothram - Malayalam Translation
മഹാശിവന്റെ താണ്ഡവതാളത്തിലെഴുതിയ ഒരു സ്തോത്രകൃതിയാണ്‌ ശിവതാണ്ഡവസ്തോത്രം. ഇതിലെ വാക്കുകളും അത്‌ ധ്വനിപ്പിക്കുന്നപ്രതീതികളും അർത്ഥമറിയാതെ ചൊല്ലുന്നവനുപോലും ഒരു താണ്ഡവനടനാനുഭവം നൽകാൻപോന്നതാണ്‌. തന്നേയുമല്ല, സ്തോത്രകൃതികള്‍ക്ക് അതിന്റെ ഫലസിദ്ധി കൈവരാന്‍ അര്‍ത്ഥമറിഞ്ഞുതന്നെ ചൊല്ലണം എന്നനിര്‍ബന്ധവുമില്ല. പഞ്ചചാമരം എന്നവൃത്തത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 16 അക്ഷരങ്ങളുള്ള ഓരോവരിയും ഒരു ലഘുവിൽ തുടങ്ങി പിന്നെ ഒരുഗുരു പിന്നെ ഒരുലഘു എന്നക്രമത്തിൽപ്പോയി അവസാനം ഒരുഗുരുവിൽ ചെന്ന് അവസാനിക്കുന്നു.  താണ്ഡവത്തിന്റെ സ്വാഭാവികതാളം ഇങ്ങനെ ഒന്നിടവിട്ട്‌ വരുന്ന ലഘുഗുരുക്കൾ നൽകുന്നു. പദങ്ങളിലെ പ്രാസവും വാൿവൈഭവവും താണ്ഡവപ്രതീതിയുമുളവാക്കുന്നു.

ചുക്കുമുളകുതിപ്പലി എന്നരീതിയില്‍ ഇടവിടാതെ എഴുതിയിട്ടുള്ള വാക്കുകളെ അര്‍ത്ഥമറിയാതെ ചുക്കുമു ളകുതി പ്പലി എന്ന് വായിക്കേണ്ടിവന്നിരുന്നതുകൊണ്ടും, പിന്നീട് ഓരോവാക്കിന്റെയും അര്‍ത്ഥം കണ്ടുപിടിച്ചപ്പോള്‍ വായിച്ചിരുന്നരീതി തെറ്റെന്ന് മനസ്സിലാക്കേണ്ടിവന്നത് കൊണ്ടും, സമാനരീതിയില്‍ തെറ്റിവായിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഈ ഭൂമിമലയാളത്തില്‍ കണ്ടേക്കാമെന്ന് തോന്നിയതുകൊണ്ടും, അവരില്‍ തല്പരരായവര്‍തന്നിലെ തെറ്റുതിരുത്തുവാന്‍ ഒരു നിമിത്തമാകുന്നതുകൊണ്ട് തെറ്റില്ലെന്ന് തോന്നിയതുകൊണ്ടും,  മലയാളത്തില്‍ അന്വയാര്‍ത്ഥസഹിതം ഈ കൃതിയെക്കുറിച്ച് ആരെങ്കിലും എഴുതിയത് internet-ല്‍ കാണാത്തതുകൊണ്ടും, ഇങ്ങനെയൊരു പോസ്റ്റ് ഞാനിടുന്നു.




സ്തോത്രരചയിതാവ്


ഇത്‌ രാവണനാൽ രചിക്കപ്പെട്ടസ്തോത്രമാണെന്ന് കരുതപ്പെടുന്നതുകൊണ്ട്‌ രാവണനെക്കൂടി പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും.  വൈകുണ്ഠത്തിലെ ദ്വാരപാലകരായ അജയനും വിജയനും സനത്‌ കുമാരന്മാരുടെ ശാപത്താൽ മൂന്നുജന്മങ്ങൾ ഹിരണ്യാക്ഷൻ-ഹിരണ്യകശിപു, രാവണൻ-കുംഭകർണ്ണൻ, ശിശുപാലൻ-ദന്തവക്ത്രൻ എന്നിങ്ങനെ ഭൂമിയിൽ പിറക്കുകയും മൂന്നു ജന്മത്തിലും വിഷ്ണുവിനാൽ നിഗ്രഹിക്കപ്പെട്ട്‌ ശാപമോക്ഷം കൈവന്ന്  തിരികെ വൈകുണ്ഠത്തിലെത്തുകയും ചെയ്തുവെന്നകാര്യം ആദ്യമേ ഓർമ്മിപ്പിക്കട്ടെ. ഇതില്‍ രാവണനൊഴികെ മറ്റാര്‍ക്കും കവി, പണ്ഡിതന്‍, ജ്ഞാനി എന്നിങ്ങനെ വിശേഷണങ്ങളും നല്‍കിവന്നിട്ടില്ല. ശിവന്റെ എക്കാലത്തെയും മികച്ചഭക്തനായി രാവണനെ കണക്കാക്കുന്നു. ഈ ഭക്തിയില്‍ പ്രസാദിച്ചാണല്ലോ ശിവന്‍ ചന്ദ്രഹാസം രാവണനു കൊടുക്കുന്നതും. വിശ്രവസ്സിന്റെ പുത്രനാണു രാവണൻ, സാമവേദിയാണു രാവണൻ.  രാവണന്റെഭാഷ സംസ്കൃതമാണ്‌. ശിവനെയും ബ്രഹ്മാവിനെയും പ്രീതിപ്പെടുത്തി വരസിദ്ധി നേടിയവനാണ്‌ രാവണൻ. അതേസമയം വിഷ്ണുവിനോട്‌ ‘വിദ്വേഷഭക്തി‘ കാണിച്ച രാവണൻ.



മൂക്കും മുലയും ഛേദിക്കപെട്ട ശൂർപ്പണഖ സീതയേയും രാമനേയും കുറിച്ച്‌ പറഞ്ഞപ്പോൾ തനിക്ക്‌ എന്ന് വൈകുണ്ഠപ്രാപ്തി ഉണ്ടാകുമെന്ന് ചിന്തിച്ച രാവണൻ. ശൂര്‍പ്പഖാവിലാപം എന്ന ഭാഗത്ത് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: 

വ്യക്തം മാനുഷനല്ല രാമനല്ലെന്നതു 
നൂനം 'ഭക്തവത്സനനായ' ഭഗവാന്‍ പത്മേക്ഷണന്‍..... 
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ

അശോകവനിയിൽ 'മായാ'സീതയെ 'മാതൃ'രൂപേണ ഇരുത്തിയ രാവണൻ.ഇത്രയും എഴുതിയത് രാമനും രാവണനും ഒരുസാധാരണ കഥയിലെ നായക-പ്രതിനായകന്മാരല്ല, മറിച്ച് ദേവനും ദാസനും അല്ലെങ്കില്‍ ഭഗവാനും ഭക്തനും ആയിരുന്നു എന്നു സൂചിപ്പിക്കാനാണ്.  രാവണനന്‍ ഒരു പണ്ഡിതനും ജ്ഞാനിയും കൂടിയായിരുന്നത്കൊണ്ടാണ് വിദ്വേഷഭക്തി ശീലിക്കാന്‍ കഴിഞ്ഞത്.  ഈ സ്തോത്രത്തിലെതന്നെ അവസാനഭാഗങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു ശരാശരി രാവണസങ്കല്പത്തിനു ചേരാത്തവിധത്തിലാണ്  അദ്ദേഹം ശിവനോട് പ്രാര്‍ത്ഥിക്കുന്നത് എന്നുകാണാം.


അങ്ങനെയുള്ള രാവണന്‍ എഴുതിയ ഒരു കൃതിയിലേക്ക് നമുക്ക് കടക്കാം.


സ്തോത്രം


ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യലംബിതാം ഭുജംഗതുംഗ മാലികാം
ഡമഡ്ഡമഡ്ഡമന്നിനാദമഡ്ഡമഡ്ഡമര്‍വയം
ചകാര ചണ്ഡതാണ്ഡവം തനോതുനഃശിവശ്ശിവം          ശ്ലോകം      1

ജട + അടവി = കാടു പിടിച്ച ജട 
ഗള = കിനിയുക ജല പ്രവാഹം = നീരൊഴുക്ക് പാവിത = പവിത്രീകരിച്ച സ്ഥല = സ്ഥലം
ഗളേ /അവലംബ്യലമ്പിതാം = ഗളത്തെ അവലംബിച്ച് ലംബമായി (തൂങ്ങിക്കിടക്കുന്ന) ഭുജംഗം = പാമ്പ് തുംഗ = ഉയർന്ന മാലികാ = പൂമാല
ഡമഡ് ഡമഡ് ഡമൻ = ഡമരുകം കൊട്ടുന്ന ഒച്ചയെ സൂചിപ്പിക്കുന്നു നിനാദം = ശബ്ദം ഡമർ = ഡമരുകം വയം =നെയ്യുന്ന - കൊട്ടുന്ന
ചകാര = ചെയ്തു ചണ്ഡതാണ്ഡവം = ഉഗ്രതാണ്ഡവം തനോതു = തന്നാലും നഃ = ഞങ്ങൾക്ക് ശിവഃ - പരമശിവൻ  ശിവം = മംഗളകരമായത് ശിവം

ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു  ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു.  ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്.  എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.




ജടാകടാഹസംഭ്രമഭ്രമര്‍നിലിമ്പമിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാന മൂര്‍ദ്ധനി
ധഗധ്ധഗധ്ധഗല്ലലാടപട്ടപാവകേ
കിശോര ചന്ദ്രശേഖരേ രതി പ്രതിക്ഷണം മമ      ശ്ലോകം       2

ജടാ കടാഹം = കുടം അല്ലെങ്കിൽ  നിറച്ചു വെയ്ക്കുന്ന വലിയ പാത്രം കണക്കെ ഉള്ള ജട 
സംഭ്രമ = ഭ്രമണം ചെയ്യുക അഥവാ കറങ്ങുക ഭ്രമ = കറങ്ങുക നിലിമ്പ = ദേവ നിർജ്ഝരി = നദി
വിലോല = ഇളകിയാടുന്ന വീചി = തരംഗം വല്ലരി = വള്ളി വിരാജമാന = വിരാജിക്കുന്ന മൂർദ്ധനി = മൂർദ്ധാവ്
ധഗധ് = കത്തിക്കാളുന്നതിനെ സൂചിപ്പിക്കുന്നു ലലാടം = നെറ്റിത്തടം പട്ട = പരന്ന പാവകേ = കത്തുന്ന
കിശോരചന്ദ്രശേഖരേ = കൊച്ചു ചന്ദ്രക്കല ചൂടിയ രതി = ഇഷ്ടം /  പ്രിയം / സന്തോഷം പ്രതിക്ഷണം = ക്ഷണം പ്രതി മമ = ഞാൻ /  എന്റെ

ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവനദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്നുവീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്നനെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചുചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണംപ്രതി രതി തോന്നുന്നു.  രതിയെന്ന വാക്കിന് ഇഷ്ടം, പ്രിയം, സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.






ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിപ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ദരാദപി
ക്വചിദ്ദിഗംബരേ  മനോ വിനോദമേതുവസ്തുനി       ശ്ലോകം     3 

ധരാധരേന്ദ്രൻ = ഭൂമിയെ ധരിച്ചവൻ = ഹിമവാൻ  ധരാധരേന്ദ്ര നന്ദിനി = ഹിമവൽ പുത്രി = പാർവതി വിലാസ = വിലസീടുന്ന ബന്ധു ബന്ധുര = മനോഹരിയായ ബന്ധു (ഭാര്യ) 
സ്ഫുരദ് = സ്ഫുരിക്കുന്ന ദിഗന്തം = ദിക്കിന്റെ അറ്റം = ചക്രവാളം  സന്തതി = പരക്കുന്ന /  വ്യാപിക്കുന്ന പ്രമോദമാന മാനസേ = സന്തോഷമാനമായ മാനസം
കൃപാകടാക്ഷ ധോരണി =  കൃപയാലുള്ള കടാക്ഷത്തിന്റെ ഇടതടവില്ലാത്ത പ്രവാഹം നിരുദ്ധ = നിരോധിക്കുക തടയുക ദുർദ്ദരാദ് അപി = കഷ്ടമേറിയതു പോലും ദുർദ്ദരാപദി എന്നും പാഠഭേദമുണ്ട് = ദുർദ്ദരമായ (കഷ്ടമേറിയ) ആപത്ത്
ക്വചിദ് = ചിലപ്പോൾ ദിഗംബരൻ = ദിക്കിനെ വസ്ത്രമാക്കിയവൻ മനോ വിനോദം = മനോവിനോദം വസ്തുനി = വസ്തു = ഉള്ള സാധനം = ഉണ്ടാവുന്നു എന്ന അർത്ഥത്തിൽ

ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു.  ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായതുപോലും തരണംചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെപ്പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന്  ഈ മനോവിനോദനൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.





ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ
കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ
മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ           ശ്ലോകം     4 

ജടാ ഭുജംഗം = ജടയിലെ പാമ്പ് ലതാഭുജംഗം എന്നും പാഠഭേദമുണ്ട് = വള്ളിപോലുള്ള പാമ്പ് പിംഗള = പിംഗളവർണ്ണം = തവിട്ടു നിറം സഫുൽ ഫണാ = വിരിഞ്ഞ പത്തി സ്ഫുരത് ഫണാ എന്നും പാഠഭേദമുണ്ട് = സ്ഫുരിക്കുന്ന പത്തി മണി പ്രഭാ = മാണിക്യത്തിന്റെ പ്രഭ
കദംബം = കൂട്ടം കുങ്കുമദ്രവം = കുങ്കുമച്ചാറ് പ്രദീപ്ത ദിക് = പ്രകാശിക്കുന്ന ദിക്ക് പ്രലിപ്തദിക് എന്നും പാഠഭേദമുണ്ട് = ദിക്കിലേക്ക് വ്യാപിക്കുന്ന വധൂ മുഖേ = വധുവിന്റെ മുഖമെന്ന പോലെ
മദാന്ധ = മദത്താൽ അന്ധനായ സിന്ധുര = ആന സ്ഫുരത് = സ്ഫുരിക്കുന്ന വിറയ്ക്കുന്ന ത്വക് = തോൽ ഉത്തരീയം = മേൽ വസ്ത്രം മേദുരം = കട്ടിയുള്ള
മനോവിനോദമത്ഭുതം = മനസ്സ്  വിനോദവും അത്ഭുതവും ബിഭർത്തു =  കൊണ്ടുപോകുന്നു ഭൂതഭർത്തരി = സർവ്വതിനേയും നിലനിർത്തുന്നത്

ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളിപോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാദിക്കിനെയും വധുവിന്റെമുഖമെന്നപോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു.  തീർന്നില്ല, ശിവന്റെ ഉത്തരീയം മദംപൊട്ടിയ ആനയുടെ കട്ടിയേറിയചർമ്മം പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെമനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.  






സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ
ഭുജംഗരാജ മാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ         ശ്ലോകം 5

സഹസ്രലോചനൻ = 1000 കണ്ണുള്ളവൻ = ഇന്ദ്രൻ പ്രഭൃതി = തുടങ്ങിയ അശേഷ = ശേഷമില്ലാത്ത / അവസാനമില്ലാത്ത ലേഖ = നിര ശേഖര = കിരീടം / തല
പ്രസൂനം = പൂക്കൾ ധൂളി = പൊടി ധോരണി = ഇടതടവില്ലാത്ത പ്രവാഹം    വിധൂസര = മണ്ണിന്റെ നിറം ആംഘ്രി = പാദം പീഠഭൂ = പീഠഭൂമി
ഭുജംഗ രാജ മാലയ = രാജവെമ്പാല മാല നിബദ്ധ = കെട്ടിയ ജാടജൂടക = ജടാജൂടം
ശ്രിയൈ = ശ്രീത്വം ചിരായ = നീണ്ടു നിൽക്കുന്ന ജായതാം = ആയിത്തീരട്ടെ ചകോരബന്ധു = ചന്ദ്രൻ ചകോരബന്ധുശേഖരൻ = തലയിൽ ചന്ദ്രനെ ചൂടിയവൻ

ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്തനിരയായി വന്നുനിൽക്കുമ്പോൾ പൂക്കളെന്നപോലെ പീഠഭൂമിയിൽ നൃത്തംചവിട്ടുന്ന ശിവന്റെ മണ്ണിന്റെനിറമായ  പാദങ്ങളിൽനിന്നും പൊടിപരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽച്ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു.  ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും എന്നണ് കവി സങ്കല്പം. അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്.






ലലാടചത്വരജ്ജ്വലധ്ധനഞ്ജയ സ്ഫുലിംഗഭാ
നിപീത പഞ്ചസായകം നമറ്നിലിമ്പ നായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജടാലമസ്തുനഃ           ശ്ലോകം     6

ലലാടം = നെറ്റിത്തടം ചത്വര = ഹോമകുണ്ഠം ജ്വല = ജ്വലിക്കുന്ന ധനഞ്ജയ = അഗ്നി സ്ഫുലിംഗം = തീപ്പൊരി ഭാ = പ്രകാശം
നിപീത = മുങ്ങി പഞ്ചസായകം = കാമദേവൻ നമഃ = നമിക്കുന്നു നിലിമ്പനായകം = ദേവനായകൻ
സുധാ = അമൃത് മയൂഖ = പ്രകാശരശ്മി ലേഖ = നിര വിരാജമാന = വിരാജിക്കുന്ന ശേഖര = തല
മഹാ കപാലി = മഹാശിവൻ സമ്പദേ = സമ്പത്ത് ശിരോജടാല = ശിരസ്സിലെ ജട അസ്തു = ആയിത്തീരട്ടെ നഃ = നമുക്ക്

നെറ്റിത്തടത്തിലെ തീപ്പൊരിചിതറി ജ്വലിക്കുന്നഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധുതൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും  ആയിത്തീരട്ടെ.  ഒരുവരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്.





കരാളഫാലപട്ടികാ ധഗധ്ധഗധ്ധഗജ്വലാ
ധനഞയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക
പ്രകല്പനൈകശില്‍പ്പിനീ ത്രിലോചനേ മതിര്‍മ്മമ      ശ്ലോകം       7

കരാള = വലുതായ് തുറന്ന / ഭീകരമായ  ഫാല / ഭാല = നെറ്റി പട്ടിക = തടം ധഗധ് = തീ കത്തുന്നതിനെ കാണിക്കുന്നു ജ്വലാ = ജ്വലിക്കുന്ന
ധനഞയ = തീ ധരീകൃത = ധരിച്ച്   ആഹുതി കൃത എന്നും പാഠഭേദമുണ്ട് = ആഹുതിയർപ്പിച്ച് പ്രചണ്ഡ = ഉഗ്രം  പഞ്ചസായകൻ = കാമദേവൻ
ധരാ ധരേന്ദ്ര നന്ദിനീ = ഹിമവൽ പുത്രി കുച = മാറിൽ അഗ്ര =അറ്റത്ത് ചിത്രപത്രക = ചിത്രം വരയ്ക്കാൻ
പ്രകല്പന = സാധിക്കുന്ന ഏക = ഒരേ ഒരു ശില്പിൻ = ശില്പി ത്രിലൊചനൻ = മുക്കണ്ണൻ മതി = ഭക്തി സ്തുതി ചിന്ത എന്നെല്ലാം അർത്ഥമുണ്ട് മമ = ഞാൻ / എന്റെ രതിർമ്മമ എന്നും പാഠഭേദമുണ്ട് = ഞാൻ ഇഷ്ടപ്പെടുന്നു

കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്നനെറ്റിത്തടവും അതേസമയം ഹിമവൽപുത്രിയുടെ മാറിടത്തിൽ ചിത്രംവരയ്ക്കാൻ കഴിയുന്ന ഏകവ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞതുപോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെഹോമിച്ചവനെന്നും പിന്നീട് ഹിമവൽപുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചുപറയുന്നു.



നവീന മേഘമണ്ഡലീ നിരുദ്ദദുര്‍ധരസ്ഫുരൽ
കുഹൂനിശീഥിനീതമഃപ്രബന്ധബന്ധ കന്ധര
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തി സിന്ധുര
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ദുരന്ധരഃ            ശ്ലോകം   8

നവീന മേഘ മണ്ഡലീ = പുതിയ മേഘ മണ്ഡലം  നിരുദ്ധ = തടഞ്ഞു നിർത്തിയ ദുർധര =  ദുർധരമായത്  സ്ഫുരൽ = സ്ഫുരിക്കുന്ന
കുഹു = അമാവാസി നിശീഥിനി = രാത്രി തമഃ = ഇരുട്ട് പ്രബന്ധ = കെട്ടിവെച്ച ബന്ധ = ബന്ധിച്ച കന്ധര = കഴുത്ത്
നിലിമ്പ നിർഝരി = ഗംഗ ധര =ധരിച്ച്  തനോതു = തന്നാലും കൃത്തി = തോൽ സിന്ധുര = ആന
കലാ നിധാന  ബന്ധുരഃ = മനോഹരമായ ചന്ദ്രക്കല ചൂടി ശ്രിയം = ശ്രീത്വം ജഗത് = ലോകം  ധുരന്ധര = മറ്റൊരാളെ സഹായിക്കുന്ന നേതാവ്

കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസിരാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കലചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.





പ്രഫുല്ലനീലപങ്കജപ്രപഞ്ചകാളിമഛടാ
വിഡംബകണ്ഠകന്ധരാ രുചി പ്രബന്ധകന്ധരം
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദന്ധകഛിദം തമന്തകച്ഛിദം ഭജേ             ശ്ലോകം   9

പ്രഫുല്ലം = വിരിഞ്ഞ നീലപങ്കജം = നീലത്താമര  പ്രപഞ്ചം = പ്രപഞ്ചം കാളിമ = കറുപ്പു നിറം  പ്രപഞ്ചകാളിമ ചേർത്തുപറയുമ്പോൾ കാളകൂടവിഷത്തെ സൂചിപ്പിക്കുന്നു ഛടാ = കൂട്ടം / കട്ടപിടിച്ച വിഡംബ = അനുകരിച്ച കണ്ഠം = കഴുത്ത് രുചി = പ്രകാശം / ഭംഗി പ്രബന്ധ = കെട്ടിയ കന്ധരം = കഴുത്ത്
ഛിദം = നശിപ്പിച്ച  സ്മരൻ = കാമദേവൻ പുരൻ = ത്രിപുരാസുരൻ ഭവ = സംസാരം അഥവ വ്യാവഹാരിക ലോകം മഖ = യാഗം (ദക്ഷന്റെ) ഗജൻ = ഗജാസുരൻ  അന്ധകൻ = അന്ധകാസുരൻ  തം = ആ / അങ്ങനെയുള്ള അന്തകൻ = യമൻ ഭജേ = ഭജിക്കുന്നു
വിരിഞ്ഞനീലത്താമരയെ അനുകരിക്കും പോലെ  കാളകൂടവിഷത്തിന്റെ കട്ടപിടിച്ചനിറം കഴുത്തിനുചുറ്റും ഭംഗിയോടെകെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരികലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെയാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമനാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരുമനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും.  ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറിമാറി വസിക്കുന്ന ആളാണ്.  ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.



അഖര്‍വസര്‍വ്വമംഗളാകലാകദംബനിര്‍ഝരീ
രസപ്രവാഹമാധുരിവിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ             ശ്ലോകം   10

അഖര്‍വ =ചെറുതല്ലാത്ത സര്‍വ്വമംഗളാ = എല്ലാ മംഗളങ്ങളും കലാകദംബം = കലകളുടെ കൂട്ടം നിര്‍ഝരി = ഒഴുക്ക്  രസ പ്രവാഹ മാധുരി = മധുരമുള്ള രസ പ്രവാഹം വിജൃഭ = തുറന്ന/വികസിച്ച മധു = തേന്‍ വ്രത = തീരുമാ‍നം / സ്വാധീനം / സേവ /ഇച്ഛ /നിഷ്ഠ മധുവില്‍ വ്രതമുള്ളവന്‍ = മധുവ്രത = വണ്ട്
തുടര്‍ന്ന് ഛിദം എന്ന വാക്ക് മാറ്റി അന്തകം എന്ന് ചേര്‍ത്ത് ശ്ലോകം 9-ലെ വരികള്‍ പുനരവതരിപ്പിച്ചിരിക്കുന്നു

ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകലകലകളുടെയും ഒഴുക്കും മധുരസപ്രവാഹവും  നുകര്‍ന്ന് വളര്‍ന്നവണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും  വ്യാവഹാരിക ലോകത്തെ കൊന്നവനും  ദക്ഷന്റെയാഗം കൊന്നവനും  ഗജാസുരനെ കൊന്നവനും  അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.





ജയത്വദംഗവിഭ്രമല്‍ഭ്രമദ്ഭുജംഗമസ്ഫുര
ധഗധ്ധഗധ്വനിര്‍ഗമല്‍ കരാളഫാലഹവ്യവാട്
ധിമിധ്ധിമിധ്ധിമിധ്വനമൃദംഗതുംഗമംഗള
ധ്വനിക്രമപ്രവര്‍ത്തിതപ്രചണ്ഡതാണ്ഡവ ശിവഃ             ശ്ലോകം  11

ജയ = ജയിക്കട്ടെ ത്വദ് അംഗ = അങ്ങയുടെ അവയവങ്ങള്‍ വിഭ്രമല്‍ = ഇളകിയാടല്‍/മുന്നോട്ടും പിന്നോട്ടും ചലിക്കല്‍ ഭ്രമ = തിരിയുന്ന ഭുജംഗ = പാമ്പ് സ്ഫുരല്‍ = സ്ഫുരിക്കുന്ന
ധഗധ് = തീ കത്തുന്നതിനെ സൂചിപ്പിക്കുന്നു നിര്‍ഗമല്‍ = നിര്‍ഗമിക്കുന്ന കരാള = ഭയങ്കരമായ ഫാല = നെറ്റിത്തടം ഹവ്യം = യാഗത്തില്‍ അര്‍പ്പിക്കുന്നത് വാട് = ആശ്ചര്യസൂചകമായി
ധിമി = മൃദംഗത്തിന്റെ നാദം ധ്വനി = ശബ്ദം തുംഗ = ഉയര്‍ന്ന മംഗള = മംഗളകാരിയായ ധ്വനിക്രമപ്രവര്‍ത്തിത = താ‍ളക്രമത്തില്‍ ചെയ്യുന്ന പ്രചണ്ഡതാണ്ഡവം = ഉഗ്ര താണ്ഡവം ശിവഃ = ശിവന്‍

അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടുകൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്നതാളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്രതാണ്ഡവനടനമാടുന്ന ശിവന്‍ ജയിക്കട്ടെ.





ദൃഷദ്വിചിത്രതല്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍
ഗ്ഗരിഷ്ടരത്നലോഷ്ടയോ സുഹൃദ്വിപക്ഷപക്ഷയോര്‍
തൃണാരവിന്ദചക്ഷുഷോര്‍ പ്രജാമഹീമഹേന്ദ്രയോര്‍
സമം പ്രവര്‍ത്തയന്മന കദാ സദാശിവം ഭജേ            ശ്ലോകം  12

ദൃഷദ് = പാറ/വലിയൊരു കല്ല് വിചിത്ര തല്പം = വിചിത്രമായ കിടക്ക/കട്ടില്‍ ഭുജംഗം = പാമ്പ് മൌക്തികസ്രജം = മുത്തുമണിമാല ഗരിഷ്ട = തടിച്ച രത്ന = രത്നം ലോഷ്ട = മണ്ണാങ്കട്ട സുഹൃദ് = സുഹൃത്ത് വിപക്ഷന്‍ = സ്വപക്ഷത്തില്ലാത്തവന്‍ (ശത്രു) പക്ഷന്‍ = സ്വപക്ഷത്തുള്ളവന്‍ = ബന്ധു
തൃണം = പുല്ല് അരവിന്ദം = താമര  ചക്ഷുസ്സ്=  കണ്ണുകള്‍ പ്രജ = പ്രജകള്‍ മഹീ = മഹിമയേറിയ മഹേന്ദ്രന്‍ = ഇന്ദ്രന്‍
സമം = സമമായി പ്രവര്‍ത്ത യത് മന = ആരുടെ മനസ്സാണോ ഒരു പോലെ പ്രവര്‍ത്തിക്കുന്നത് / കാണുന്നത് കദാ = എങ്ങനെ/എപ്പോള്‍ സദാശിവം = സദാശിവന്‍ ഭജേ = ഭജിക്കുന്നു

പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരുപോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ ണ്ണുകൊണ്ട് ഒരുപോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയരാജാവും ഒരുപോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും.  രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക.  ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.





കദാനിലിമ്പനിര്‍ഝരീ നികുഞ്ജകോടരേവസന്വി
മുക്തദുര്‍മതിസദാ ശിരസ്തമഞലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാല ലഗ്നകഃ
ശിവേതിമന്ത്രമുച്ഛരന്‍ കദാസുഖീ ഭവാമ്യഹം             ശ്ലോകം  13   

കദാ = എന്ന്‍ നിലിമ്പനിര്‍ഝരി = ഗംഗ നികുഞ്ജം = വള്ളിക്കുടില്‍ കോടര = ഗുഹ വസന്‍ = വസിക്കുക വിമുക്ത = മുക്തനായി ദുര്‍മതി = ചീത്ത വിചാരങ്ങള്‍ ശിരസ്തമഞ്ജലി വഹന്‍ = ശിരസ്സില്‍ തൊഴുകൈയ്യും വഹിച്ചുകൊണ്ട്
വിമുക്ത = മുക്തനാക്കപ്പെട്ട ലോലം = ഇളകിയാടുന്ന = ലോചനം = കണ്ണ്   ഇളകിയാടുന്ന ലോചനം = ഉറയ്ക്കാത്ത ദൃഷ്ടി = പലതില്‍ ശ്രദ്ധിക്കുന്ന.  അപ്പോള്‍ അതില്‍ നിന്നു മുക്തനായിട്ടുള്ളാവന്‍ = ഉറച്ച ദൃഷ്ടിയോടെയുള്ളവന്‍ = ഒന്നില്‍ത്തന്നെ ധ്യാനിച്ചിരിക്കുന്നവന്‍ ലലാമം = തൊടുകുറി ഫാലം= നെറ്റിത്തടം ലഗ്നക = മദ്ധ്യസ്ഥന്‍ ശിവ ഇതി = ശിവന്‍ എന്ന മന്ത്രമുച്ഛരന്‍ = മന്തമുച്ഛരിച്ച് കദാ = എന്ന് സുഖീ = സുഖമുള്ളവന്‍ ഭവാമി അഹം = ഭവിക്കുന്‍ ഞാന്‍

എന്നാണു ഞാന്‍ ഗംഗാതീരത്തെ നികുഞ്ജത്തിനകത്ത് ഒരുഗുഹയില്‍ എല്ലാ ചീത്തവിചാരങ്ങളില്‍നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക.  എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറിതൊട്ട് ശിവന്‍ എന്നമന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക





ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ഭുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശുയാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം             ശ്ലോകം   14

ഇമം = ഇതിനാല്‍ ഹി = തീര്‍ച്ചയായും നിത്യം = എന്നും ഏവം = മാത്രം ഉക്തം = പറഞ്ഞ ഉത്തമോത്തമം = ഉത്തമത്തില്‍ ഉത്തമം സ്തവം = സ്തോത്രം  പഠന്‍ = പഠിക്കുക സ്മരന്‍ = സ്മരിക്കുക ഭ്രുവന്‍ = പറയുക വിശുദ്ധി = വിശുദ്ധി ഇതി = ഇപ്രകാരം സംതതം = നിര്‍ത്താതെ ഹരേ ഗുരൌ = ഹരന്‍ എന്നഗുരു സുഭക്തി = നല്ല ഭക്തി ആശു = വേഗം യാതി = പോകുക ന = അല്ല/ഇല്ല അന്യഥ = മറ്റൊന്ന് ഗതിം = ഗതി വിമോഹനം = മായാമോഹം ഹി = തീര്‍ച്ചയായും ദേഹിനാം = ദേഹമെന്ന ചിന്തനം = ചിന്തിക്കല്‍

ഇതിനാല്‍ത്തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്നഗുരുവില്‍ നല്ലഭക്തിയോടെ ഉത്തമത്തിലും ഉത്തമമായിപ്പറഞ്ഞ സ്തോത്രംമാത്രം എന്നും നിരന്തരം പഠിച്ചും  സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍  ദേഹമെന്നമായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരുഗതി ഉണ്ടാകില്ല.





ഇനി വസന്തതിലകത്തിലെഴുതിയ അവസാ‍ന ഭാഗം: ഇതാണ് ഫലശ്രുതി

പൂജാവസാനസമയേ ദശവക്ത്രഗീതം
യഃശംഭു പൂജനമിദം പഠതി പ്രദോഷേ
തസ്യഃസ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മിം സദൈവസുമുഖിം പ്രദതാതി ശംഭു

പൂജാവസാന സമയേ = പൂജ അവസാനിച്ച സമയം ദശവക്ത്രഗീതം = 10 തലയുള്ളവന്റെ ഗീതം = രാവണഗീതം
യഃ = യാതൊരുവന്‍ ശംഭു പൂജനമിദം = ശംഭുവിന്റെ പൂജയ്ക്കായി ഇവിടെ പ്രദോഷേ = പ്രദോഷ സന്ധ്യകളില്‍
തസ്യഃ = അവന് സ്ഥിരാം = സ്ഥിരമായി  രഥ - ഗജേന്ദ്ര -തുരംഗ യുക്താം = തേരും ആനയും കുതിരയും ചേര്‍ന്ന
ലക്ഷിം സദൈവ സുമുഖിം = സുമുഖിയായ ലക്ഷിയും = ഐശ്വരവും പ്രദതാതി ശംഭുഃ = ശിവന്‍ നല്‍കും