Saturday, May 8, 2021

വസന്തവനം

കുസുമമഞ്ജരിയിൽ ഓരോ ര ഗണത്തിനും ഇടയ്ക്ക് ഒരു ന ഗണം 3 തവണയായി  വരുന്നുണ്ട്.  ഈ ന ഗണങ്ങളിൽ  നിന്നും ഒരു ലഘു വീതം മൊത്തം 3  എണ്ണം കുറച്ചാൽ  21 അക്ഷരങ്ങളുള്ള കുസുമമഞ്ജരി 18  അക്ഷരങ്ങളിലേക്ക് ചുരുങ്ങും. ഇതാണ് മല്ലിക.  സ്വാഭാവികമായും കുസുമമഞ്ജരിയിൽ വരുന്ന ഷോഡശ പ്രാസം മല്ലികയിലും വരണമല്ലോ.



വസന്തവനം

പൂക്കടമ്പുകളൊക്കെനിന്നരുവിക്കരയ്ക്കിരുപക്കമായ്‌
പൂക്കളങ്ങളൊരുക്കവേ മറനീക്കിയെത്തിയൊരർക്കനോ
നോക്കെറിഞ്ഞിരുളൊക്കെ വർണ്ണമൊഴുക്കിവന്നിഹ പോക്കവേ
പൂക്കളിന്നുമയക്കിടുന്നു തിളക്കമോടൊരുദൃക്കിനേ

പൊങ്ങിവന്നുവിളങ്ങി സൂര്യകരങ്ങളായിരമെങ്ങുമേ
നീങ്ങിടുന്നൊരുമങ്ങലും വിടവാങ്ങിടുന്നകലങ്ങളിൽ 
തിങ്ങിനിന്നുതടങ്ങളോ ഹരിതങ്ങളാൽ ഭരിതങ്ങളായ്
വിങ്ങിമോടികളെങ്ങുമേ പുളകങ്ങളാർന്ന ദിനങ്ങളായ്

ചന്തമോടെ ജമന്തിപൂത്തു സമന്തഭൂമിക കാന്തിയായ്
ഹന്ത! ശോഭ വസന്തകാലവിചിന്തയാൽ ഹൃദിസന്തതം
ക്രാന്തസുന്ദരചിന്തപാടി ഹൃദന്തകിന്നരതന്തിയിൽ
അന്തരാളമനന്തതുഷ്ടിയി,ലെന്തിനേറെ, ദിഗന്തവും

ചെണ്ടുപൂത്തതുകണ്ടു മൂളിയിരുണ്ടകാർനിര വണ്ടുകൾ
ചെണ്ടിനാശകളുണ്ടു, മത്തിലുരുണ്ടു മൂർച്ഛയിലാണ്ടപോൽ
ചെണ്ടുദോളനതണ്ടിലാട്ടിയ വണ്ടുനിദ്രയിലാണ്ടുപോയ്
ലുണ്ടപൂമധുവണ്ടിനം കനവുണ്ടുകണ്ടൊരു വിണ്ടലം

നൃത്തമാടിവനത്തിലോ  പ്രതിപത്തിയോടവിടെത്തിയും
നീർത്തി,പൂഞ്ചിറകൊത്തൊരാ  ശലഭത്തിനാഭ മഹത്തരം
മത്തഭൃംഗഗണത്തിനാരവമൊത്തു കൂജനമെത്തിടും
ഓർത്തുനിന്നൊരുചിത്തമോ  സുഭഗത്തിലാഴ്ന്ന മണത്തിലും

ചഞ്ചലംലത തുഞ്ചമേയൊരു പിഞ്ചിളം ദലകാഞ്ചനം
പുഞ്ചിരിക്കതിരഞ്ചിതം സുമസഞ്ചയം മിഴിവഞ്ചകം
പഞ്ചമംവിളി കൊഞ്ചലായിടനെഞ്ചിലൂടല തഞ്ചിടും
അഞ്ചിടുന്ന വിരിഞ്ചിവൈഭവ ചഞ്ചുവെങ്ങിനി കിഞ്ചന?

ഉല്ലലം കുനുചില്ലയിൽ മൃദുപല്ലവം സുമഫുല്ലവും
തല്ലജം തളിരല്ലികൾ, ചുറവല്ലിമേൽ നറുമുല്ലകൾ
നല്ലബാണമതല്ലയോ പ്രിയവില്ലിയോ കളയല്ലിതു്
വല്ലമീശരവില്ലുമായിഹ വെല്ലുമേ രതിവല്ലഭൻ

വൃത്തം: മല്ലിക
പ്രാസം: ഷോഡശപ്രാസം

പദപരിചയം
സുഭഗം : ചെമ്പകം/അശോകം/ചെങ്കുറിഞ്ഞി
സമന്ത: മുഴുവനായ/ചുറ്റുമുള്ള
ക്രാന്ത: കടന്ന
ലുണ്ട : കവർച്ച/മോഷണം
വിണ്ടലം : സ്വർഗ്ഗം
തഞ്ചുക : തങ്ങുക/നിലനിൽക്കുന്ന
വിരിഞ്ചി : ബ്രഹ്മാവ്
ചഞ്ചു : സാമർത്ഥ്യം
കിഞ്ചന: ഏതാണ്ട്/അല്പം/കുറച്ച് 
ഉല്ലലം: അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടുന്ന
തല്ലജം : തല്ലത്തിൽ ജനിച്ചത് എന്തും
അല്ലി : താമര
ചുറ : ചുറ്റിപ്പിണയുന്ന
വില്ലി : കാമദേവൻ,(വില്ലേന്തിയവൻ)
വല്ല: ബലം/ശക്തി

ലഘുപ്രയത്നം തീവ്രപ്രയത്നം എന്നിങ്ങനെ ചില്ലക്ഷരങ്ങളുടെ ഉച്ചാരണം സംബന്ധിച്ച് വകഭേദമുണ്ട്.  ഒരു ചില്ലക്ഷരത്തിന്റെ മുന്നിലുള്ള ലഘു ഗുരുവായി മാറും എന്നാണ് പൊതുവെ മനസ്സിലാക്കിയിരിക്കുന്നത് എങ്കിലും ചില്ലക്ഷരം ഒട്ടും ബലം കൊടുക്കാതെ ഉച്ചരിക്കുന്ന ഇടങ്ങളിൽ ഇങ്ങനെ ലഘു ഗുരുവായി മാറുന്നില്ല എന്നാണ് വൃത്തമഞ്ജരി പറയുന്നത്. 

അതിനാൽ ഇങ്ങനെയും എഴുതാം

ചെണ്ടുപൂത്തതുകണ്ടു മൂളിയിരുണ്ടകാർനിര വണ്ടുകൾ
ചെണ്ടിൻകാമനയുണ്ടു, മത്തിലുരുണ്ടു മൂർച്ഛയിലാണ്ടപോൽ
ചെണ്ടുദോളനതണ്ടിലാട്ടിയ വണ്ടുനിദ്രയിലാണ്ടുപോയ്
ചെണ്ടിൻമാനസലുണ്ടനോ കനവുണ്ടു കണ്ടൊരു വിണ്ടലം