Saturday, September 19, 2020

ഇടയാഷ്ടകം

ഇടയൻ എന്നാൽ ഇടയിൽ നിൽക്കുന്നവൻ. തുടർച്ചയായി ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ പലതും വന്നു പോകുമ്പോൾ ഒരു വിഷയം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്റെ ഇടയ്ക്കുള്ള സമയം അവിടെ കാണുന്നവൻ.

ഒരുപീലിക്കൊടിതൻറെ  ചുരുളോലുംമുടിമാടി
ത്തിരുകിപ്പാലൊളിതൂകും ചിരികണ്ടെന്നാൽ 
വരുമെൻറെമനതാരും അരുമപ്പാൽക്കടലായ്നിൻ
ചിരിതൂകും തിരമേലേസരസംനീന്തീ

സ്വതസിദ്ധം തിരുഹാസം മതിമുന്നിൽ അതുകാന്തം
സിതലജ്ജം തരളാബ്ജം ലതമേൽകുന്ദം
സ്മിതമേകും ഒളിതൻറെ ച്യുതിതീണ്ടാ പ്രഭകണ്ടാൽ
നതശീർഷം തൊഴുകുന്നാ ദ്യുതിതൻമുന്നിൽ

തുളപോലേ മുറിവാലിന്നുളവാകും മമദേഹം
വിളയാടൂ വിരലാൽപ്പാഴ്മുളപോലെന്നിൽ
മുളതോൽക്കും കളനാദം കുളിരേകും കരളാകെ
വളരുമ്പോൾ  വരളാത്ത പ്രളയം തന്നേ

അലതല്ലും ഒലിതന്റെ നലമോലും പുളിനത്തിൽ
പലവർണ്ണം മമദാഹം മലരുംചേലിൽ
ജലദത്തിൻ ഘനവർണ്ണം തുലനം നിൻവിരിമാറിൽ
അലരെല്ലാം നറുമാല്യം മലരൊന്നാകേ

ഫണിമേലെനടമാടും അണിയാൻനിൻപദയുഗ്മം
അണിചേർന്നീപ്പദമാകെ കിണിതൻതാളം
മണിവർണ്ണാ തവപാദം പണിയാനീ പദശ്രേണി
ശൃണുനീയെൻ ഹൃദയത്തിൻ മണിതൻ നാദം

നവനീതം കുഴയുംപോൽ പവഭാവം നുകരേണം
അവഗാഹം, കവനം നീ അവധാനത്താൽ
തവതൃക്കൺ കൃപവീണെൻ ധവമോലും മനസ്സിൻറെ
ദവനാശം* ഭഗവാനേ ജവനം വേണം

ഇടചേർന്നും തുടരുന്നീ നടമാടും വിഷയങ്ങൾ
ക്കിടയിൽനീ സ്ഥിരമുണ്ട്, "ഇടയൻ" തന്നേ!
നടനത്തിൽ മമചിത്തം ഉടനീളം മുഴുകുമ്പോൾ
ഉടയോനേ അറിവീലാ ഇടയാനിന്നേ

അജയൻനീ അജിതന്നും ദ്വിജമിത്രം തവവക്ത്രം
കജസൂനം നറുകഞ്ജം രജതം ചാന്ദ്രം
വ്രജബാലാ പ്രജപാലാ നിജതേജോമയബിംബം
ഭജരേഹം യദുജാതാ ഭജതത്പാദം

പ്രാസം: അഷ്ടപ്രാസം + അനു

*ഭവം ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് ഭവനാശവും അർത്ഥിക്കാം 


പദപരിചയം

മതി: ചന്ദ്രൻ   കാന്തം : ആകർഷണീയമായത്
സിത : നിലാവ്
തരളാബ്ജം : തരളമായ വെള്ളത്തിൽ ജനിച്ചത് (ആമ്പൽ)
കുന്ദം: മുല്ല ച്യുതി: നാശം
നത: കുനിഞ്ഞ/നമസ്കരിച്ച ദ്യുതി: ശോഭ/ദീപ്തി/മഹത്വം
പ്രളയം: നിത്യം/ആത്യന്തികം   
പുളിനം: നദിക്കര (ഇവിടെ ഒലിയാണു നദി)
ഫണി: സർപ്പം യുഗ്മം : രണ്ട്/ഇരട്ട
അണി: ആദ്യത്തേത് അണിയുക/അലങ്കരിക്കുക രണ്ടാമത്തേത് അണിചേരുക/നിരന്നു നിൽക്കുന്ന
കിണി : കൈ താളം
മണിവർണ്ണൻ : അഴകാർന്ന വർണ്ണമുള്ളവൻ
(പാദം) പണിയുക: വന്ദിക്കുക/സ്തുതിക്കുക
ശൃണു: കേട്ടാലും
കവനം : കവിതയെഴുത്ത് നവനീതം : വെണ്ണ
പവം: ശുദ്ധീകരിച്ച ഭാവം: ഭക്തി
അവഗാഹം - മുങ്ങിയ/അഗാധമായ അറിവ് അവധാനം : ശ്രദ്ധ/താത്പര്യം
ജവനം: വേഗത്തിൽ ദവം : തീ  ധവം : ഇളക്കം/വിറയൽ
കജം: വെള്ളത്തിൽ ജനിച്ചത്  കഞ്ജം: താമര