Monday, November 7, 2011

സൗന്ദര്യ ലഹരി - വിവര്‍ത്തനം

Soundarya Lahari - Malayalam Translation

ആമുഖം
ശ്രീ ശങ്കരാചാര്യര്‍ ശിഖരിണി വൃത്തം അവലംബിച്ച്‌ എഴുതിയ കൃതിയാണ്‌ സൗന്ദര്യലഹരി. 100 ശ്ളോകങ്ങളുള്ള ഈ കൃതി സത്യത്തില്‍ രണ്ടു ഭാഗങ്ങളാണ്‌. 41 ശ്ളോകങ്ങളുള്ള ആദ്യഭാഗം ആനന്ദലഹരിയെന്നും അറിയപ്പെടുന്നു. ഈ ഭാഗത്ത് വരുന്ന ശ്ളോകങ്ങളില്‍ പാര്‍വതി ദേവിയുടെ മഹിമയാണ്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌. ഈ ശ്ളോകങ്ങളെല്ലാം തന്നെ സ്വതന്ത്രവും ഒന്നിനൊന്നോട്‌ ബന്ധമില്ലാത്തതുമാണ്‌. തുടര്‍ന്നു വരുന്ന 59 ശ്ളോകങ്ങള്‍ ദേവിയുടെ കിരീടം മുതല്‍ താഴേയ്ക്ക്‌ പാദാഗ്രം വരെയുള്ള ഭാഗങ്ങള്‍ വര്‍ണ്ണിക്കുന്നു. ഇവിടെ ക്രമമായ വര്‍ണ്ണനയാണ്‌ കാണുന്നത്‌.

ലളിതകലയെ ഉപാസിക്കുന്നവന്‌ സരസ്വതിയും സമ്പത്ത്‌ അനുഭവിക്കുന്നവന്‌ ലക്ഷ്മീ ദേവിയും കല്‍പനാപരമായെങ്കിലും പ്രാപ്യയാണ്‌. അതേ സമയം പാര്‍വതീ ദേവി ശിവന്‌ ഒഴികെ മറ്റാര്‍ക്കും ഒരു കാലത്തും പ്രാപ്യയാകുന്നുമില്ല എന്ന്‌ അദ്ദേഹം തന്നെ ഇതിൽ (ശ്ളോകം 96 സൗന്ദര്യലഹരി) പറയുന്നുണ്ട്‌.  ശങ്കരാചാര്യരുടെ തന്നെ മറ്റൊരു കൃതിയായ അന്നപൂര്‍ണ്ണ സ്തോത്രത്തിൻറെ അവസാനഭാഗത്ത്‌,

മാതാ ച പാര്‍വതീ ദേവീ,
പിതാദേവോ മഹേശ്വരഃ
ബാംധവാഃ ശിവഭക്‌താശ്ച
സ്വദേശോ ഭുവനത്രയം

എന്നും പറയുന്നുണ്ട്‌.

ഈ രണ്ടു കാഴ്ച്പ്പാടും സമന്വയിപ്പിച്ച് മനസ്സിലുള്ളതു കൊണ്ടാകാം അദ്ദേഹം പാര്‍വതീ ദേവിയെ ഉത്തമ വനിതയായി കണ്ടുകൊണ്ട്‌ മഹിമയും അംഗപ്രത്യംഗ വര്‍ണ്ണനയും നടത്തിയത്‌. ആദിശങ്കരന്‍ എന്ന സന്യാസിവര്യൻറെ കവി ഭാവന അദ്ദേഹത്തിൻറെ തന്നെ ഇതര കൃതികളില്‍ നിന്നും കൂടുതലായി ഇതില്‍ കാണാനാകും. മിക്ക ശ്ളോകങ്ങളിലും യമകം/അനുപ്രാസം കാണാവുന്നതാണ്‌.

ഉദാഹരണങ്ങള്‍
സകൃന്നത്വാ ന ത്വാ - നമസ്കരിച്ച് ഇല്ല നിന്നെ (ശ്ലോകം 15)
സഹോര്‍വശ്യാ വശ്യാ (ശ്ളോകം 18) - അവന്‌ ഉര്‍വശി പോലും വശ്യയാകും
വിഹരതിസതി ത്വത്‌ പതി രസൌ (ശ്ളോകം 26) - 'ത' ശബ്ദത്തിൻറെ ആവര്‍ത്തനം ശ്രദ്ധിക്കുക.
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം (ശ്ളോകം 26)
സ്വതന്ത്രം തേ തന്ത്രം - സ്വതന്ത്രമായ നിന്റെ തന്ത്രം (ശ്ളോകം 31)
തവാപര്‍ണ്ണേ കര്‍ണ്ണേ - നിന്റെ, അപര്‍ണ്ണേ, കര്‍ണ്ണം (ശ്ളോകം 56)
തവ സ്‌തന്യം മന്യേ ധരണി ധര കന്യേ - നിന്റെ മുലപ്പാല്‍, മാനിക്കുന്നു, ഹിമവാന്റെ മകളേ (ശ്ളോകം 75)

സൗന്ദര്യലഹരി സത്യത്തില്‍ ഒരു സാഹിത്യഗ്രന്ഥം മാത്രമല്ല, ഒരു സ്‌തുതിയും ഒരു താന്ത്രികഗ്രന്ഥവും കൂടിയാണ്‌. ഇതിലെ ഓരോ ശ്ളോകങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം യന്ത്രങ്ങളും പൂജാവിധികളും അതിൻറെ ഫലസിദ്ധിയും അതിനുതാഴെ തന്നെയായി കൊടുത്തിട്ടുണ്ട്‌. തന്ത്രവിദ്യ എൻറെ വിഷയമല്ലാത്തതിനാലും, അതിലുള്ള എന്റെ അറിവ് പരിമിതമായതിനാലും, പദ്യ വിവര്‍ത്തനം മാത്രം ഇവിടെ എഴുതുന്നതിനാലും, വിവര്‍ത്തനം ചെയ്യപ്പെട്ടാലും മലയാളപദ്യത്തിന്‌ ശങ്കരാചാര്യര്‍ എഴുതിയ ശ്ളോകത്തിൻറെ അതേ ഫലസിദ്ധിതന്നെ കൊടുക്കാന്‍ ശേഷിയുണ്ടോയെന്ന ഉറപ്പ്‌ എനിക്കുതന്നെ ഇല്ലാത്തതിനാലും, താന്ത്രികവിധിയിലേക്കു ഞാന്‍ കടക്കുന്നില്ല.

ഈ കാവ്യത്തിന്‌ കുമാരനാശാന്‍ ഒരുപൂര്‍ണ്ണ വിവര്‍ത്തനം എഴുതിയിട്ടുണ്ട്‌. മലയാളം സംസ്കൃതത്തില്‍നിന്നും ജന്യമാണെങ്കിലും സംസ്കൃതവുമായി തുലനം ചെയ്യുമ്പോള്‍ അതിനുചില പരിമിതികളുണ്ട്‌. അതുകൊണ്ടാവണം 17 അക്ഷരങ്ങളില്‍ ശങ്കരാചാര്യര്‍ എഴുതിയ ആശയം വിവര്‍ത്തനം ചെയ്യുമ്പോള്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വൃത്തത്തെ കുമാരനാശാന്‍ ആശ്രയിച്ചത്‌. സംസ്കൃതശ്ളോകങ്ങളെ വൃത്തം മാറാതെ മലയാളീകരിക്കാന്‍ ഒരു ശ്രമം ഞാന്‍ ഇവിടെ നടത്തുന്നു. കടുത്ത താന്ത്രികസങ്കല്പമുള്ള വരികൾ ഞാൻ വിവർത്തനം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. വായിച്ചതിൽനിന്ന്  ഞാൻ ഹൃദിസ്ഥമാക്കിയതും  എനിക്ക് ഇഷ്ടപ്പെട്ടതുമായ  ശ്ലോകങ്ങൾ  മാത്രമേ ഇവിടെ വിവർത്തനം ചെയ്തിട്ടുള്ളൂ. ദ്വിദീയപ്രാസം എന്നത് എന്റെ ഒരു നിർബന്ധബുദ്ധിയാണ്, ആചാര്യന്റെ സംസ്കൃതം ശിഖരിണി എന്റെ മലയാളം ശിഖരിണിയിലേക്ക് വരുമ്പോൾ, അദ്ദേഹത്തിന്റെ താന്തികഫലസിദ്ധിക്ക് പകരമായി ഞാൻ ദ്വിദീയപ്രാസം കൊണ്ട്  തൃപ്തിപ്പെടുന്നു.    ഈ കൃതിയുടെ പൂര്‍ണ്ണ രൂപം ഇംഗ്ലീഷിലുള്ള വ്യാഖ്യാന സഹിതം (താന്ത്രിക വിധി ഇല്ലാതെ) ഇവിടെ കാണാം.


ഹരന്‍ ശക്തന്‍ തന്നേ ഭവതിസവിധം വന്നസമയം
ചരിപ്പാന്‍ പോലും തെല്ലുമിട,യബലന്‍ പാര്‍വതി വിനാ
അമോഘം പാടാതേ തവമഹിമ സല്‍കര്‍മ്മ സുകൃതം
ത്രിമൂര്‍ത്തീവന്ദ്യം നിൻ പദമിഹ തൊഴാനായ് കഴിയുമോ ശ്ളോകം ... 1

കണം നിന്‍ കാല്‍പങ്കം ഒരുതരിമതി ബ്രഹ്മ്മനുലകം
ഗുണങ്ങള്‍ മൂന്നാലിങ്ങനവധിവിധം തീര്‍ക്കുവതിനും
ഫണീന്ദ്രന്‍ കഷ്ടത്തോടതുതലയിലായ് താങ്ങു, മൊടുവില്‍
അണിഞ്ഞൂ ഭസ്മംപോൽ ശിവനതുപൊടിച്ചും തരികളായ് ശ്ലോകം....2

അവിദ്വാനോ ഉള്ളില്‍ ഇരവിനെതിരാം സൂര്യനഗരം
ഭവിപ്പൂ ചൈതന്യം മധുവിനുറവായ് മണ്ടനുലകില്‍
ദരിദ്രന്നോ ചിന്താമണിയണിയും മാലാ, അഴലിലോ
വരാഹത്തിന്‍ തേറ്റയ്ക്കുയരെ വരുവാന്‍, മുങ്ങിയവനും    ശ്ലോകം .....3

കരത്താലേ ദൈവം പകരുമഭയം പിന്നെ വരവും
തരും, എന്നാലെന്തേ ഭവതിയതുപോല്‍ വന്നിടണമോ
ഭയം മാറാനിച്ഛയ്ക്കധികതരമായ് തന്നെ വരവും
സ്വയം നല്‍കാന്‍ പ്രാപ്തം ചരണയുഗളം ദേവി ശരണം      ശ്ലോകം   ...... 4

അപാരം സൗന്ദര്യം തവമഹിമതൻ ചാരുതകളോ
അപര്‍ണ്ണേ വര്‍ണ്ണിക്കാന്‍ പദമരുതിതാ ബ്രഹ്മനുലകിൽ
മനക്കണ്ണാലേ നിന്നഴകു നുകരാനായി സതതം
മനസ്സാല്‍ പ്രാപിപ്പൂ സുരലലനകള്‍ ശൈവപദവും ശ്ളോകം ... 12

നരച്ചും, തന്‍ ദേഹം ജരസഹിത,മോജസ്സു കുറവും,
വിരൂപന്‍ തന്നില്‍ നിൻ, മിഴി കൃപ പതിച്ചെങ്കിലവനേ,
മുടിപ്പൂംകെട്ടും പോയ്‌, പുടവ മണി മാറത്തു മറയാ-
തടര്‍ന്നും ഒഢ്യാണം, വിവശവതികള്‍ പിന്തുടരുമേ. ശ്ളോകം ... 13

ശരത്തിങ്കള്‍ വെട്ടം തിരുജടയതില്‍ ചന്ദ്രമകുടം
കരഗ്രന്ഥം മാലാ വരവുമഭയം മുദ്ര സഹിതം
മനം ഓർക്കേ വാക്കോ നിറയുമളവിൽ ഭക്തനകമേ
ഇനിക്കും പാലും, തേൻ കനി മധുവിലും‌മേല്‍ മധുരമായ്. ശ്ലോകം ...15

ഉമേ നിന്നില്‍നിന്നും ത്രിഗുണവഴിയായ്‌ വന്നിതരുളും
ത്രിമൂര്‍ത്തീപൂജയ്ക്കും ഫലമറിവു നിൻ പൂജയനിശം
ശിവേ നീ കാൽ വെയ്ക്കും  കനകമണിപീഠത്തിനരികില്‍
അവര്‍ മൂവര്‍ നില്‍പൂ തൊഴുതു, മകുടംമേല്‍ കരപുടം ശ്ളോകം ... 25

മരിക്കും ബ്രഹ്മാവും, മുരരിപു വരിക്കും വിലയനം,
മരിക്കും സർവ്വം, ഈ യമ - സുര- കുബേരന്റെഗതിയും
സുരേന്ദ്രന്നന്ത്യത്തിൽ  ഇമകളടയും, നാശസകലം
ഹരന്‍ മാത്രം ശേഷം, ഇതു സതി  ശിവേ നിന്‍ വ്രതഫലം  ശ്ളോകം ... 26

കിരീടം ബ്രഹ്മാവിന്‍ തിരുവടികളില്‍ വിഷ്ണു പിറകില്‍
തിരിഞ്ഞാല്‍ തട്ടല്ലേ കനക മകുടം ഇന്ദ്രനിവിടെ
പ്രണാമം ചെയ്യുമ്പോള്‍ ഭവതി പതിയെ സ്വാഗതവുമായ്‌
എണീറ്റോടും നേരം തവ പരി ജനം ചൊല്ലുമിതുപോല്‍ ശ്ളോകം ...29

ചമച്ചൂ തന്ത്രങ്ങൾ ശിവനറുപതും നാലു വിധമായ്‌
ഉമാകാന്തൻ തൃപ്തൻ, അതതുതര സിദ്ധിക്കു, ഹിമവല്‍
സുതേ നിന്‍ നിര്‍ബന്ധം സകല പുരുഷാര്‍ത്ഥത്തിനൊരുപോല്‍
സ്വതന്ത്രം നിന്‍ തന്ത്രം ധരയിലുളവാകാനുമിടയായ്‌. ശ്ളോകം ... 31

നിലാവോലും പൂംപുഞ്ചിരി വിരിയുമാസ്യം നുകരവേ
മലര്‍ തേന്‍ തോറ്റോടും മധുരിമ ചകോരത്തിനുളവായ്‌
ഇനിപ്പാൽ നാവിന്മേൽ കഠിന മരവിപ്പും, പുളിരസം
മനസ്സില്‍ ഓർത്തിട്ടാ കിളി മുകരുമാ ചന്ദ്ര കിരണം ശ്ളോകം ... 63

അറിഞ്ഞൂ ഞാനമ്മേ ദധിപകരുമമ്മിഞ്ഞയമൃതം
വെറും പാലേയല്ലക്ഷരവുമറിവും ധാരയൊഴുകും
കുടിച്ചൂ ഭാഗ്യത്താൽ ദ്രവിഡശിശുവും നിന്‍ ദയവിനാല്‍
ഇടം നേടീ ശ്രേഷ്ഠം കവികുലമതില്‍ കേമനവനും ശ്ളോകം ... 75

ഹരന്‍ തന്‍ ക്രോധത്തീയുടലുമുഴുവന്‍ പൂണ്ടു വരവേ
സരസ്സായ്‌ തോന്നീ നാഭീ, മനസിജനതില്‍ മുങ്ങിയുടനേ
അതില്‍ നിന്നും പിന്നെ,പ്പുക ചുരുളു പോല്‍ പൊന്തിയതിനേ
ഇതാ കാണ്‍മൂ അമ്മേ, തവ തരള രോമാവലികളായ്‌ ശ്ളോകം ... 76

ജയിക്കാനായ് കാമന്‍ ശിവനെ, നിജതൂണീര നിറയേ
സ്വയം രണ്ടാക്കീ, നിന്നഴകിയമുഴങ്കാലു പണിതൂ
ശരത്തിന്‍ അഗ്രം പോല്‍ നഖമുനകളോ കാണ്‍മു നിരയായ്‌
അരം പോൽ രാകാനോ സുരരണിയുമാ തങ്ക മകുടം ശ്ളോകം ... 83

സ്തുതിച്ചോരോ വാക്കും, കതിരവനു കര്‍പ്പൂരശിഖ പോൽ
മതിയ്ക്കുള്ളോരര്‍ഘ്യം തരള ശശികാന്തം ഉരുകി പോൽ
ജലം കയ്യില്‍ കോരീട്ടലകടലിനായ് തര്‍പ്പണ സമം,
ജ്വലിക്കും സൌന്ദര്യം, തവ മഹിമയില്‍ നിന്നപരമോ ശ്ലോകം .. 100

വൃത്തം: - ശിഖരിണി
പ്രാസം  ദ്വിതീയ 

ലക്ഷണം : യതിയ്ക്കാറിൽ തട്ടും യമനസഭലം ഗം ശിഖരിണീ