അതിധൃതി (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അമലതരം. ഇതിന് രസരംഗവുമായി ഒരു സാമ്യമുണ്ട്. മൊത്തം 19 അക്ഷരങ്ങളുള്ളതിൽ ആകെ 3 അക്ഷരങ്ങളെ ഗുരു ആയിട്ടുള്ളൂ, ബാക്കിയെല്ലാം ലഘുക്കളാണ്. 7, 12, 19 എന്നീ സ്ഥാനങ്ങളിൽ മാത്രമാണ് ഗുരു വരുന്നത്.
അതേ സമയം രസരംഗം ആണെങ്കിൽ മൊത്തം 16 അക്ഷരങ്ങൾ, അതിൽ ഗുരു വരുന്നത് 5, 6,11, 12, 15, 16 എന്നീ സ്ഥാനങ്ങളിൽ മാത്രം. ഇതിൽ ആറാമത്തെയും, പന്ത്രണ്ടാമത്തെയും പതിനഞ്ചാമത്തെയും ഗുരുക്കളെ ഈരണ്ടു ലഘുക്കളാക്കി മാറ്റുന്നു. സ്വാഭാവികമായും വരിയുടെ നീളം 16ൽ നിന്നും 19 ആയി മാറും, എന്നാൽ ഇവ രണ്ടും ചൊല്ലാനെടുക്കുന്ന സമയം ഒന്നു തന്നെയാണ് എന്നും കാണാം.
ഉദാഹരണമായി,
നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ - രസരംഗം
നവ മുകുളം പടി കവനമുയർത്തിടുമവയിവനിൽ - അമലതരം
ദ്വാദശപ്രാസം കൊടുത്തതാണ് ഇത് എഴുതിയിട്ടുള്ളത്. ഓരോ വരിയിലും 2,9,18 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ് വരുന്നത്. അങ്ങനെ 4 വരികളിലായി മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു
ഭൂതോദയം
ഉലയുമൊരാർദ്രത വലയുമൊരാകുലനിനവലകൾ
ജ്വലനമണഞ്ഞുമിതുലനകനൽ പുകമറതലയിൽ
കലയഴിയാനിതു ഹലമെരിയാൻ മതി വൃതനിലയിൽ
പലദിനമായിതു ചലനവിഹീനവുമൊരു ശിലപോൽ
ചിതറിയചിന്തന സതതമുയർന്നൊരു വിപിനതതി
ബത,യറിയില്ലൊരു ജിതമനകാമനവഴി വിതതം
ഭൃതമറിവിൻ മധുവിതളിടുവാനൊരു ഹൃദയതടം
ഋതവിധിയാലൊരു വ്രതസമയം പരിചൊടുമുതകാം
ചിരസമയം മനവിരസവുമാം ദിനമനവരതം
സുരഭിലമാമൊരു തരളകിനാവല പുതുകിരണം
സ്ഫുരണവുമേറ്റതു മരതകമാം നിറലയഭരമായ്
ത്വരയുണരും ഹൃദിതിരകളിലോ പുതുനിരനിരയായ്
അനലവിരാഗത കനലെരിയുന്നൊരു ജനമനമേ
വിനയെരിയുന്നതിലനഘ വിശോകത നിറകനകം
തനതുനിഭാലന നിനവുപടർന്നൊരു മമമനമേ
നനവുപകർന്നിടു, ദിനമുഖമായ്പ്പകരുക ഖനകം
കപടവുമാം പലചപലകിനാമണിനിറയെ പതിർ
അപചയമായ് കള,യുപചിതിയായ് ത്തരു പുതിയപഥം
സപദിമനസ്സുണരുപരതിയാൽ തിരയുവതു പരം
ഉപഗതമായ് മനമുപവനമായൊരു പുതുവിപലം
അളവിലടിഞ്ഞൊരു കളവുകളങ്കവുമടിയിളകും
കളയകലേ, കനിവിളയുവതോ നലമണിമുളകൾ
ഇളവെയിലേറ്റതു വളരുവതുണ്ടൊരു ചിതിവിളപോൽ
ഉളവറിയുന്നൊരുതിളമനമാം കുളിരൊരു പുളകം
വികലതയും മനവികടതയും സ്വയമെരിയുകയായ്
അകമനചൂളയിൽ പകരുക നീരലയൊരുശകലം
പ്രകരജലാശയമകരിവിഭാവന നിധിനികടം
പ്രകടവുമായ് വനമുകരി വിരിഞ്ഞൊരു ഋതുനികരം
കദനകുതൂഹല ഹൃദയമുണർന്നൊരു പുതുസദനം
മദനമനോഹരമദഭര രാഗവുമനുപദമായ്
പ്രദസുഭഗം നറുവിദലസുമംസമ മമവദനം
തദനുവരും തിരയുദധിദധി ദ്യുതിയതിലുദയം
സവനകരം വരുമവനിയിരുൾ മറയഴിയുവതായ്
അവഗതമാം മനഭുവനവുമോ പ്രഭവഴിയുവതായ്
അവനശിഖാമണി കവരുകിരുൾമറ മമശിവനേ
നിവരുകനീയൊരു കുവലയമായ് പ്രഭു മനമിവനിൽ
തൃമധുരഭാവനയമലതരം നറുകലികമണം
ഭ്രമരമണഞ്ഞൊരു കമലദളം തരുമിനിയമദം
പ്രമദവനം പരനിമ കവരുന്നതിനഴകുമതിൽ
ദ്രുമസദൃശം ലതസുമലസിതം കിസലയകമനം
വൃത്തം : അമലതരം
പ്രാസം : ദ്വാദശപ്രാസം
പദപരിചയം
കല : കരിഞ്ഞ പാട്
ഹലം : വൈരൂപ്യം
വൃത : മറയ്ക്കപ്പെട്ട/ഒളിക്കപ്പെട്ട
സതതം : നിത്യവും/എല്ലാപ്പോഴും
തതി : വിസ്താരം/സമൂഹം/കൂട്ടം/
വിതതം : ദൂരെ
പരിചൊട് : ഭംഗിയായി/വേണ്ടതുപോലെ
അനവരതം : തുടർച്ചയായി
തനത് : തൻറേതായ
നിഭാലനം : ആത്മജ്ഞാനം
ദിനമുഖം : പ്രഭാതം
ഖനകം : ഖനി
ഉപചിതി : ഐശ്വര്യം/കൂട്ടിവയ്പ്പ്,/വര്ധന
സപദി : വേഗം
ഉപരതി : വിരക്തി
പരം : പരമമായത്, ഏറ്റവും ശ്രഷ്ഠമായത്
ഉപഗതം : നേട്ടം, സമ്പാദ്യം
വിപലം : നിമിഷം
ചിതി : പ്രജ്ഞാനം/ഗ്രഹണം/അറിവ്/ ചൈതന്യം
ഉളവ് : ഉണ്ടാകല്‍, ഉദ്ഭവം
തിള : പ്രകാശം
പ്രകര : അധികം ചെയ്യുന്ന
മകരി : സമുദ്രം
നികടം : അടുത്ത്
മുകരി : മുല്ല
നികരം : സമ്മാനം/നിധി
പ്രദ : പ്രദാനം ചെയ്യുന്ന
വിദല : വിടർന്ന
തദനു : അതിനു ശേഷം
ഉദധി : സമുദ്രം
ദധി : പാൽ/തൈര്
സവനൻ : സൂര്യൻ
അവഗത : അറിഞ്ഞ/പഠിച്ച/മനസ്സിലാക്കിയ
അവനം : രക്ഷണം/പാലനം/പോറ്റൽ
കിസലയം : തളിര്
കമനം : അശോകവൃക്ഷം
അമല തരാഭി ധമിഹ നജനം സന നഗ വരികിൽ