Wednesday, January 26, 2022

അമോഘകുസുമം

ഷോഡശപ്രാസം (16) വരെയുള്ള പ്രാസങ്ങളെ ഭാഷാഭൂഷണം പറയുന്നുള്ളൂവെങ്കിലും ഗണിതയുക്തിയിൽ ചിന്തിച്ചാൽ നമുക്ക് 20 അക്ഷരങ്ങളുടെ ഒരു വിംശതി പ്രാസം കൂടി കൊണ്ടുവരാനാകും. അടുത്ത പരീക്ഷണം വിംശതിപ്രാസമാണ്. ഓരോ വരിയിലും 5 തവണ വീതം 4 വരികളിലായി നിശ്ചിതസ്ഥാനങ്ങളിൽ മൊത്തം 20 തവണ വ്യഞ്ജനം ആവർത്തിക്കുന്നു. പുനരുക്തി കവിതയിലെ വർണ്ണനയിൽ ആസ്വാദ്യകളാകും എന്ന് കരുതുന്നു



അമോഘകുസുമം

തൊട്ടു തൊട്ടു സുമമൊട്ടുപുൽകി കുളിരൊട്ടിവന്ന പുതുവെട്ടമാൽ
കേട്ടു മട്ടിയവു,മൂട്ടി പൊൻവെയിലു,മാട്ടി ചാരുലത തൊട്ടിലും
കാട്ടുമട്ടലരി പട്ടിളം കസവുമിട്ടുമൂടി വിടരട്ടെയോ
വട്ടമിട്ട മിഴിവൊട്ടു തൂകി രതിമട്ടിലെത്തി മിഴിനീട്ടിടാൻ

(മട്ടിയം - മുഖസ്തുതി/പ്രശംസ 
ഊട്ടുക - പോഷിപ്പിക്കുക/ ചായം തേയ്ക്കുക 
മട്ടലരി - തേനുള്ള പൂ)

ചാരുവാം രുധിരതാരുണർന്നു, മനമോരുവാൻ പുതിയൊരാരുഷി!
താരുണാരുണവുമാരുതന്നു ദലമാരുവാൻ പറയു നേരുനീ 
വാരുചേരുമഴകാരു നീ, തുഹിനവാരുണം വിതറിമാരുതൻ
ആരുയിർ! രുചിരമാം രുതം തഴുകി, ദാരുകണ്ട കനവിൽ രുഹം?

(രുധിര - ചുവപ്പുനിറം, രക്തവര്‍ണം. ഓരുക - വിചാരിക്കുക ആരുഷി -  ഉഷസ്സ് താരുണ - ചെറുപ്പമായ അരുണം - ചുവപ്പ്   ആരുക - നിറയുക/ചേരുക തുഹിനം - മഞ്ഞുനീർ വാരുണം - ജലം ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ രുചിര -  മാധുര്യമുള്ള രുതം - പക്ഷിയുടെ കൂജനം  രുഹം -  ഉണ്ടായത് (സരസീരുഹം - സരസിൽ ഉണ്ടായത്)

താവിഷം വികചമീ വിചിത്രദലമോ വിഡൂരജവിധം വിധൗ
മേവിയോ വിഗതരാവിലെ പ്രിയകിനാവിലൂർന്നമധു രാവിലെ?
ദ്യോവിലും വിതനുദേവിലസ്ഫുടിത പൂവിതൾ ചൊരിയുമീ വിഭ
ദാർവിപോൽ വിലസിയുർവിയിൽ വിടരുവാൻ വിധിച്ചരുളിയോ വിഭു

(താവിഷം: പൊന്ന് വികചം: വിരിഞ്ഞത്/പൂത്തുനിൽക്കുന്നത് വിചിത്ര:ഭംഗിയുള്ള/പലനിറമുള്ള വിഡൂരജം: വൈഡൂര്യം വിധൗ: സമയത്ത് വിഗത: പോയ
വിതനു: അഴകുള്ള ദേവില: സുകൃതമുള്ള സ്ഫുടിത: വിടര്‍ന്ന വിഭ: രശ്മി/സൗന്ദര്യം ദാർവി: ദേവദാരു വിഭു: ഇന്നപ്രകാരമെന്നു നിര്‍ണയിക്കാന്‍ സാമര്‍ഥ്യമുള്ളവന്‍)

ഈരമീരണവുമായ് രമണ്യമനുഹാരമായ് കുമുദകൈരവി
കീരകേരവഗണം രണംചൊരിയെ ഭാരയം പകരുമാരഭി
ചാരവേ രവണവും രസാലരഭസം രസം കുഹുകുഹൂരവം
ശാരദം രചിതസൗരഭം രുചിതകോരകം മണമപാരമായ്

(ഈരം - സ്നേഹം ഈരണം - പറച്ചിൽ രമണ്യം - ക്രീഡ/കളി അനുഹാരം - ഒന്നിനുതുല്യമ്യായി ചെയ്ത/അനുകരണം കൈരവി - നിലാവ് കീരം - തത്ത കേരവം - അരയന്നം രണം - ശബ്ദം ഭാരയം - വാനമ്പാടി ചാരവേ - അടുത്ത്
രവണം - കുയിൽ രസാലം - മാവ് രഭസം - ഹർഷം ശാരദം - ഏഴിലംപാല കോരകം - പൂക്കാനുള്ള മൊട്ട്)

ലാസഹാസമൊരു ധൂസരപ്രസരഭാസഭാസുരവിഭാസമായ്
കേസരം സകലരാസഭാവസഹിതം സചേഷ്ടസതതം സര
നിൻ സമാസനമിതിൽ സലീലമണയാൻ സമീരണനുപാസന!
ത്രാസവാസനയിലായ് സമീഹമവനോ നിവാസമരികിൽ സദാ
 

(ലാസം: ഉദയം ധൂസര: ഭംഗിയുള്ള ഭാസ: തിളക്കം ഭാസുര : ഭയങ്കരമായ / ശോഭയുള്ള വിഭാസ: ശോഭ /വെളിച്ചം
സചേഷ്ട: ചേഷ്ടയോടുകൂടിയ സതതം: എല്ലാപ്പോഴും സര: ചലനം
സമാസനം: മാളിക സലീലം: കളിയായിട്ട് 
സമീരണൻ: കാറ്റ് ത്രാസ: ത്രസിപ്പിക്കുന്ന സമീഹ: ആഗ്രഹം/ഇച്ഛ
ഗന്ധം കവർന്നു പറക്കാനെന്നു വ്യംഗ്യം)

ചേർത്തുണർത്തി ഹൃദയത്തിനാത്മ സവിധത്തിലെ പ്രണയമുത്തമാ
ഉത്തമോത്തമസുമത്തിനേകി തണുവൊത്തനീർത്തുളി വിതിർത്തുമേൽ
മുത്തുകോർത്തനിറവൊത്തമാല തുഹിനത്തിനാലഴകു ചാർത്തവേ
പേർത്തുപേർത്തുമുയിരാർത്തു കാണു, ചമയത്തൊടീ കലിക പൂത്തിതാ

(തുഹിനം - മഞ്ഞ് പേർത്ത് - വീണ്ടും)

കോമളം മലരിനോമലാംചിരിതരും മരീചിയൊരു കാമലം
പൂമകൾ മധുരമാം മരന്ദമണിയേ മകാന്ദരുചിരം മദം
പ്രേമസോമളനികാമമോ, കുസുമധാമമേ തരളകാമമാൽ
ഭ്രാമരം മദനമാ മണീചചുഴലം മനോരമ ലലാമമോ

(മരീചി : രശ്മി കാമലം: വസന്തം മകാന്ദം: തേനീച്ച രുചിരം: സ്വാദുള്ളത്
സോമള: മൃദുവായ നികാമം: ഏറ്റവും സമൃദ്ധമായ ഭ്രാമരം: ചുറ്റിക്കറങ്ങുന്ന മദനം: തേനീച്ച/വണ്ട്  മണീചം: പൂവ്
ചുഴലം: വട്ടത്തിൽ/പരിസരത്ത്
ലലാമ: കൗതുകം തോന്നിപ്പിക്കുന്ന)

നല്ലപല്ലവവുമില്ലിമേലരുളി  ചൊല്ലെഴും മിഴിവുദുർല്ലഭം
മെല്ലെ മെല്ലെ കിളിസല്ലപിച്ചു കളിചൊല്ലിയാടി സഖിയുല്ലരി
ഫുല്ലവല്ലരിയിലല്ലിമേലെ ചെറുചില്ലുതീർത്തു മഴവില്ലൊളി
മല്ലമല്ലികവുമുല്ലസിക്കയിനി കില്ലുവേണ്ടയൊരുഖുല്ലവും

(പല്ലവം - കാറ്റിലിളകുന്നതും ചെവിയിലോ മുടിയിലോ അലങ്കാരത്തിനായി ഇറുത്തെടുക്കുന്നതുമായത് ഇല്ലി - മരക്കൊമ്പ് ചൊല്ലെഴും - കീർത്തികേട്ട
ഉല്ലരി - തളിര്/കൂമ്പ് ഫുല്ല - വിടർന്ന അല്ലി - കേസരം ചില്ല് - വെള്ളത്തുള്ളി
മല്ല - സൗന്ദര്യമുള്ള മല്ലികം - മാഘമാസം കില്ല് - ക്ളേശം ഖുല്ല - ചെറിയ)

ദൃപ്രദീപ്രമുകുളം പ്രകർഷനിനവായ് പ്രബോധനമതിപ്രിയം
വപ്രവപ്രിപവനപ്രവാഹനിഖിലപ്രതാനി വിലസും  പ്രതി
വിപ്രനും പ്രകടമായ് പ്രഫുല്ലകവിതപ്രബാലമണി വെൺപ്രഭ
അപ്രമപ്രകരസുപ്രലാപനിചയം, പ്രകാമകവനപ്രദം

(ദൃപ്ര:  ശക്തിയേറിയ ദീപ്ര:  കണ്ണഞ്ചിക്കുന്ന/വെട്ടിത്തിളങ്ങുന്ന പ്രകർഷം : ശ്രേഷ്ഠമായ വപ്രം - നദീതീരം  വപ്രി - വയൽ പ്രതാനി: പരപ്പ് പ്യതി : സാദൃശ്യം  വിപ്രൻ - കവി പ്രബാലം - പവിഴം അപ്രമ - ഭ്രമം പ്രകര: അധികം ചെയ്യുന്ന സുപ്രലാപം: സുവചനം/നല്ല വാക്ക് നിചയം : ശേഖരം പ്രകാമം : തൃപ്തിയോടെ കവനപ്രദം: കവനം പ്രദാനം ചെയ്യുന്ന)


വൃത്തം: കുസുമമഞ്ജരി
പ്രാസം: വിംശതിപ്രാസം