Friday, January 16, 2009

അദ്വൈത ചിന്തകള്‍

ആദിശങ്കരൻ്റെ അദ്വൈതചിന്തയിലൂന്നിയ വരികളിലൂടെയാണു് ഈ കവിത പോകുന്നത്. അദ്വൈതം എന്തെന്ന് പൊതുവിൽ മനസ്സിലാക്കിയവർ ഉണ്ടാകും. നിങ്ങളിൽ പലരും ഭഗവദ്ഗീതയുടെയും ഉപനിഷത്തുക്കളുടെയുമൊക്കെ വ്യാഖ്യാനങ്ങളും വായിച്ചിരിക്കാം.   മാണ്ഡൂക്യകാരികയുടെ നാലാം ഭാഗം സൃഷ്ടിയുടെ കാര്യകാരണബന്ധം ചർച്ച ചെയ്തുകൊണ്ടാണു് മുന്നോട്ടുപോകുന്നത്. സാധാരണഗതിയിൽ വേദാന്തപുസ്തകങ്ങളോ ഗീതാവ്യാഖ്യാനമോ ഒക്കെ വായിച്ചുപോന്നവർക്കും  രജ്ജുസർപ്പഭ്രാന്തി ഉൾപ്പെടെ വിക്ഷേപവും ആവരണവുമൊക്കെ പരിചയപ്പെട്ടവർക്കും ഒരുപക്ഷെ ഈ കാര്യകാരണബന്ധം ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുതർക്കം ശ്രദ്ധയിൽപ്പെട്ടുകാണില്ല. ആ തർക്കം എത്രത്തോളമൊക്കെ ഭംഗിയാക്കി അവതരിപ്പിക്കാൻ എനിക്കായി എന്നറിയില്ല, എത്രത്തോളമൊക്കെ ആ യുക്തികൾ നിങ്ങൾക്കു മനസ്സിലാക്കിത്തരാനായി എന്നും അറിയില്ല, അഥവാ നിങ്ങൾക്കിതൊക്കെ വായിച്ച് പുതിയൊരു പ്രബോധനം ഉണ്ടായെങ്കിൽ അത് ശങ്കരൻ്റെയും ഗുരുവായ ശ്രീ ഗൗഡപാദരുടെ സാമർത്ഥ്യം കൊണ്ടുമാത്രമാണു്. അസംബന്ധങ്ങളായിത്തോന്നിയെങ്കിൽ അത് എൻ്റെ അല്പജ്ഞാനവും.


ആമുഖം



വേദസംഗ്രഹസാരമുള്ളൊരു വാക്യമുള്ളതിലേതിലും
വേദമോതിടുമര്‍ത്ഥശുദ്ധി പകര്‍ന്നതിൻ്റെ മഹത്വമെന്‍
ലോകത്തിൻ ഗുരുവന്ദ്യനുള്ളതുപോലെ, യേതൊരു തെറ്റിനും
ഏകകാരണമെൻ്റെയജ്ഞതയൊന്നു മാത്രമറിഞ്ഞിടൂ.



************



ദൈവം എങ്ങോ എവിടെനിലകൊള്ളുന്നിടം തേടിനീങ്ങും
പാവം പാന്ഥൻ പടുമനുജനീ ഭൂമിതോറും കറങ്ങീ
ആഴീയേഴും വഴിയെതരണംചെയ്തുപോരാതെ, ജീവന്‍
വാഴും തീരം മുഴുകെയവനും തേടിയോ വാടിനിന്നൂ

അഴിക്കുള്ളിൽ ഗഹനതരമാം ഗർത്തവും നോക്കിപോലും!
പാഴായ്പ്പോയീ ശ്രമവു,മവിടേയൊന്നുമേ കണ്ടതില്ലാ 
അകാശം, പിന്നലിനനലനൻ പഞ്ചഭൂതങ്ങളെന്ന്യേ
ലോകത്തെങ്ങും ചെറുമണികണം വിട്ടുപോകാതെ തേടി

കണ്ടീലെങ്ങും ഭുവനമിതിനെത്തീര്‍ത്തൊരാ പൂജ്യരൂപം
തേടുന്നോരോ കണികകളിലും പാവമാ പാന്ഥനെങ്ങും
എന്തേ നീയീയഖിലമുലകം തേടിടും നേരമൊന്നും
സ്വന്തം ചിത്തം വെറുതെയുഴറിത്തിരഞ്ഞീല തെല്ലും?

അജ്ഞാനത്തിൻ കരിനിഴലിലൂടിത്തിരി കൈത്തിരിയ്ക്കാ
വിജ്ഞാനത്തിൻ പ്രഭയിലവിടം കാണുമാറാവതല്ലേ
ശുദ്ധം ബോധം, കതിരുടയവൻ! വെട്ടമോ വേറെവേണോ?
അന്തര്യാമിപ്പരമപുരുഷൻ വാഴുമാ ധാമമല്ലേ

വ്യാഖ്യാനം: വിദ്യാവിദ്യാം നിഹത്യേവ തേജസ്തിമിരസങ്കവത് എന്ന് ആത്മബോധം. പ്രകാശം എപ്രകാരം ഇരുട്ടിനെ അകറ്റുന്നുവോ അപ്രകാരം വിദ്യ അവിദ്യയെ ഇല്ലാതാക്കുന്നു. അതു ശുദ്ധമായ ബോധമാകുന്നു അതുതന്നെ കതിരിനും ഉടയവൻ, സ്വയം പ്രകാശിക്കുന്നവൻ, എങ്കിൽ അതുകാണാൻ മറ്റൊരു വെട്ടം ആവശ്യമാകില്ലല്ലോ   


ഏകം ദൈവം ഗഗനവിരിവാലുള്ളവന്‍ തന്നെയല്ലേ
ലോകത്തെങ്ങും നിറയു,മതുപോലുള്ളിലും വാണിരിപ്പൂ
പൂക്കൾ നാനാതരവു,മവയെച്ചേർത്തുനിർത്തുന്ന നൂലായ്
കോർക്കുന്നേകൻ വെളിയിലറിയാത്തന്തുതൻ തത്വമോർക്കാം

വ്യാഖ്യാനം: ദൈവം എന്ന പദം സത്യത്തിൽ ഭാരതീയദർശനങ്ങളിലില്ല. ഇവിടെ ദേവതാസങ്കല്പവും ഈശ്വരനും ഭഗവാനുമൊക്കെയാണു്.  God എന്ന ഇംഗ്ളീഷ് വാക്കിൻ്റെ തർജ്ജമയായി, ഇന്ന് അത് പരക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകത്തിനു് ഏറെ പരിചിതമായ ഒരു വാക്ക് എന്ന നിലയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നു മാത്രം.  ഗഗനസദൃശം എന്നുപറയുമ്പോൾ ആകാശനീലനിറത്തോടുകൂടിയവൻ എന്ന പരിമിത അർത്ഥത്തിലല്ല ശാന്താകാരം സ്തുതി.  എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നതാണു് ആകാശം, അതിനു് യാതൊരു നിറമോ ഗുണമോ മണമോ ഇല്ല. അത് മേലെമാത്രമല്ല, ഈ ലോകത്ത് എല്ലായിടത്തുമുണ്ടു്.  അതിനെ കളങ്കപ്പെടുത്താനുമാകില്ല. ഈ ലോകത്തെ സകലതിനും ഇരിക്കാനുള്ള ഇരിപ്പിടം/ആധാരം, പക്ഷെ കേട്ടുമാത്രം അറിയാനാകും.  വായുവിനെതൊട്ടറിയാനുമാകും, തീയെങ്കിൽ തൊട്ടും കേട്ടും കാണാനുമാകും.  പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മമായതായി ഇതിനാൽ കണക്കാക്കപ്പെടുന്നു.

ഭഗവദ്ഗീത 7:7 ...സൂത്രേ മണിഗണാ ഇവ - ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. തന്തും മണിപ്രകരഭേദങ്ങൾ പോലെ പരമെന്തെന്തുജാതമിഹ നാരായണായനമഃ എന്നു് എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ.  മാലകോർത്ത നാരു് പുറത്തു് കാണാനാകില്ല, പക്ഷെ ആ നാരാണു് അത്രയും പൂക്കളെ ഒന്നിച്ചുചേർത്തുനിർത്തുന്നത് എന്നു നമുക്കറിയാം, ആ നാരു് അവിടെ ഇല്ലെങ്കിൽ പൂക്കളങ്ങനെ ഒന്നിച്ചുനിൽക്കുകയുമില്ല.


നാമീക്കാണും സകലവിധമാം ദ്രവ്യമോരോന്നിലഞ്ചായ്‌
നാമം, രൂപം, ചിതി,യുമവതന്നുണ്മ,യാനന്ദമെന്നായ്
നാമം രൂപം ഭുവനഗുണമായ് കണ്ടിടൂ രണ്ടിനേയും
ആനന്ദം പിന്നറിവുമതുപോലുണ്മയും ബ്രഹ്മദത്തം

വ്യാഖ്യാനം: ദൃക്‌-ദൃശ്യവിവേകം ഇപ്രകാരം പറയുന്നു: - അസ്തി ഭാതി പ്രിയം നാമം രൂപം ചേത്യംശപഞ്ചകം.  ആദ്യത്രയം ബ്രഹ്മ രൂപം ജഗത് രൂപം തതൊദ്വയം.  ഈ ലോകത്തെ ഏതുവസ്തുവിലും 5 കാര്യങ്ങൾ ഉണ്ടെന്നുപറയുന്നു.  1. നാമം – അതിനൊരു പേരുണ്ടു് 2. അതിനൊരു രൂപമുണ്ടു്. 3. അറിവു് – അത് അറിയാനാകും 4. ഉണ്മ – ഉണ്ട്, അത് ഉള്ളതാണു്. അതിനൊരു അസ്തിത്വമുണ്ടു്. 5. അത് ഒരു ജീവിക്ക് അല്ലെങ്കിൽ മറ്റൊന്നിനു് ആനന്ദദായകമാണു് അഥവാ പ്രിയം കൊടുക്കുന്നതാണു്.  ഇതിൽ ആദ്യം പറഞ്ഞ രണ്ടും ഈ ലോകത്തിൻ്റേതാണു്.  അത് നിരന്തരം മാറിക്കൊണ്ടിരിക്കും, പക്ഷെ പിന്നത്തെ മൂന്നും പരബ്രഹ്മത്തിൽനിന്നു വന്നതാണു്, അതുകൊണ്ടുതന്നെ അവ എല്ലാറ്റിനും ബാധകമാണു്, ഇതിൽ ഏതെങ്കിലും ഒരെണ്ണത്തിനെ ഏതെങ്കിലും ഒരുദ്രവ്യത്തിൽനിന്നും എടുത്തുമാറ്റാനുമാകില്ല, 

ഇല്ലാതെല്ലും ദിനവുമിരവും, ജീവ - നിർജ്ജീവ ഭേദം
പുല്ലും പൂവും ചരവുമചരം തന്നിലെന്നും സമസ്തം 
ഉള്‍ക്കൊള്ളേണ്ടൂ ഭുവമിതിലാനന്ദസച്ചിന്‍മയത്വം
തള്ളാം ദേശം സമയമിവയും നാമരൂപാത്മകത്വം  

വ്യാഖ്യാനം: ഖവായഗ്നി ജലോര്‍വീഷു ...ദൃഗ്ദൃശ്യ വിവേകം (21) രാവെന്നോ പകലെന്നോ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഉള്ള ഭേദമിതിനില്ല. പുല്ലായാലും പൂവായാലും ചലിക്കുന്നതാണെങ്കിലും അല്ലെങ്കിലും സമസ്ത ദ്രവ്യങ്ങളിലും ഈ 3 ഗുണങ്ങളും കാണപ്പെടുന്നു. ഉപേക്ഷ നാമരൂപേദ്യേ ... ദൃഗ്ദൃശ്യവിവേകം (22) ആയതിനാൽ അറിവ്(ചിത്), ആനന്ദം, ഉണ്മ(സത്) ഇവ മൂന്നും ബ്രഹ്മഗുണമായ തത്വമായി ഉൾക്കൊണ്ട് ദേശം, കാലം, നാമം, രൂപം എന്നിവ എക്കാലവും മാറിക്കൊണ്ടിരിക്കുന്നതായതിനാൽ തള്ളിക്കളയേണ്ടതുമാകുന്നു.

മാറ്റം = മരണം.  അതായത് തൊട്ടുമുമ്പത്തെ അവസ്ഥമരിച്ച് ഒരു പുതിയ അവസ്ഥ ജനിച്ചു.  പാൽ മരിച്ചു, തൈരു് ജനിച്ചു, തൈരു മരിച്ച് വെണ്ണയും മോരും പിറന്നു. അതിൽ വെണ്ണമരിച്ചപ്പോൾ നെയ്യും പിറന്നു. ഇനി ദൈവത്തിലേക്കു തിരിച്ചുവരാം.  ദൈവത്തിനു മാറ്റമുണ്ടായി എന്നു പറഞ്ഞാൽ ദൈവം മരിച്ചുമറ്റൊന്നായി എന്നാകും അർത്ഥം.  അതായത് ദൈവം മരിച്ചു, ഇപ്പോൾ ആ മറ്റൊന്നാണു് ഉള്ളതു്.  ഇത് സ്വീകാര്യമല്ലാത്തതിനാൽ ദൈവം = മാറ്റമില്ലാത്തവൻ എന്ന നിയമം നിലനിർത്തിയേ പറ്റൂ. ഉദാഹരണത്തിൽ പറഞ്ഞതുപോലെ മാറ്റത്തിൽ  മരണത്തോടൊപ്പം ഒരു ജനനവും നടക്കുന്നുണ്ടു്.  അതുകൊണ്ടു് മാറ്റമില്ലാത്തദൈവം എന്നതിനു് ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ലാത്തവൻ എന്നുകൂടി പറയേണ്ടിവരും. ഇത്രയും പറഞ്ഞതിൽനിന്നും നമ്മൾ മനസ്സിലാക്കേണ്ട ആ ദൈവത്തിനെ ഒന്നുകൂടി പുനരവലോകനം ചെയ്യാം.

 

അജാതൻ

ജനിക്കാത്തവൻ

മറ്റൊന്നിൽനിന്നും ജനിച്ചതാവരുത്, സ്വയമേ ഉള്ളതാകണം

അമരൻ

മരിക്കാത്തവൻ

ഒരുതരത്തിലുള്ള മാറ്റവും സംഭവിക്കാത്തവനാകണം

സത്

ഉണ്മയാണ്

സത്യത്തിൽ ഉള്ളതാണു്.  സത്യം എന്നു പറഞ്ഞാൽതന്നെ 3 കാലത്തിലും (പണ്ടോ ഇപ്പോഴോ നാളെയോ) മാറാതെ നിലകൊള്ളുന്നത് എന്നർത്ഥം.  ഇനിമുതൽ വരാനിരിക്കുന്ന ശ്ലോകങ്ങളിലൊക്കൊ സത്യം എന്ന വാക്കിനു് നുണയുടെ വിപരീതമെന്നല്ല, ഇനിയുള്ള ചർച്ചകളിലെല്ലാം ഇതേ അർത്ഥമെടുക്കണം

ചിത്

അറിവാണു്

ശുദ്ധമായബോധം, എന്തും എല്ലാ അറിവും അറിയുന്നവൻ.  അപ്പോൾ സർവജ്ഞാനി

ആനന്ദം

സന്തോഷം, തുഷ്ടി

സ്വരൂപം തന്നെ ആനന്ദമാണു്, അവിടെ അല്ലലൊരുതരിയില്ലപോൽ

ഗഗനസദൃശം

അരൂപി, സർവവ്യാപി

അരൂപിയാണു്, എല്ലായിടത്തും നിറഞ്ഞിരിക്കുന്നതാണു്.  അതിനെ കളങ്കപ്പെടുത്താനാകാത്തതാണു്.  ഉള്ളിലും പുറത്തുമുള്ളതാണു് ഒരു കാലിയായകുടം കമിഴ്ത്തിവെച്ചിരിക്കുകയാണെങ്കിൽ കുടത്തിനകത്ത് ഘടാകാശവും കുടത്തിനുപുറത്തു് മഹാകാശവുമെന്നപോലെ.


 

ഇത്രയൊക്കെ ഉള്ളവൻ്റെ അടുത്ത വിശേഷണങ്ങൾ നോക്കാം.




ഐശ്വര്യത്തോടഖിലമുലകിൽ ശ്രീ, സമഗ്രം, സുധർമ്മം,
യശ്ശസ്സോടും, അമരുകഭവൻ ജ്ഞാനവൈരാഗ്യമോടും
ആരംഭം തൊട്ടു,ലകവിലയം, വന്നതും പോയതെല്ലാം 
ആരോകാൺമൂ, അറിവു,മതുപോൽമായയും ദൈവമത്രേ.

വ്യാഖ്യാനം: വീണ്ടും പറയട്ടെ, God = ദൈവം എന്നൊരു ചിന്തയോ നിർവചനമോ നമുക്കില്ല.  നമുക്കു ഭഗവാനുണ്ടു്.  വിഷ്ണുപുരാണത്തിൽ 2 ശ്ലോകങ്ങളിലായി ഭഗ എന്ന ശബ്ദത്തിൻ്റെ സൂചനയും ഭഗവാൻ ആരെന്നും പറയുന്നുണ്ടു്. 

ഐശ്വര്യസ്യ സമഗ്രസ്യ ധര്‍മ്മസ്യ യശ്ശസ്സഃ ശ്രിയ 
ജ്ഞാന വൈരാഗ്യയോര്‍ശ്ചൈവ ഷണ്ണാം ഭഗ ഇതീരണാ

ഐശ്വര്യം, സമഗ്രത ധർമ്മം യശസ്സ്, ശ്രീ, ജ്ഞാനം വൈരാഗ്യം (ഐഹികസുഖങ്ങളോടുള്ള വിരക്തി) ഇവയെല്ലാം ആർക്കുണ്ടോ അത് ഭഗ എന്നശബ്ദംകൊണ്ടു പറയുന്നു.

ഉത്പത്തിം പ്രളയം ചൈവ ഭൂതാനാമഗതീം ഗതിം
വേത്തി വിദ്യാം അവിദ്യാം ച സ വാച്യോ ഭഗവാനിതി

ഉത്ഭവവും പ്രളയവും സകലഭൂതങ്ങളുടെയും വരവും പോക്കും അറിവും അജ്ഞാനവും (മായ) ആരറിയുന്നുവോ അവനെ ഭഗവാനെന്നു് വിളിക്കുന്നു. നേരത്തെ പട്ടികയിൽ പറഞ്ഞ ഗുണങ്ങളുമായി ചേർത്തുവായിക്കുമ്പോൾ നമ്മുടെ ദൈവം, ലോകമുണ്ടാകും മുമ്പേ ഉള്ളതാകണം, ലോകാവസാനത്തിനു ശേഷവും നിലകൊള്ളണം.  എങ്കിൽ മാത്രമേ ലോകമുണ്ടാക്കിയ ദൈവം എന്ന വിശേഷണം യോജിക്കുകയുള്ളൂ.

വിത്തിന്നുള്ളില്‍ ചെറിയമരമായ് നിന്നിരുന്നന്നുലോകം
ഹൃത്തിന്നുള്ളില്‍ പ്രഭചിതറിടും ബോധമാം തൻസ്വരൂപം 
സ്പഷ്ടം, ശുദ്ധം, അറിവുഘനമായ് സൃഷ്ടിതൻ മുമ്പുപണ്ടേ
സൃഷ്ടാവേകീ പലവിധമതിൽ ചിത്രവൈചിത്ര്യഭേദം


ദേശം, കാലം, ധിഷണയിതു തീര്‍ക്കുന്നുപാധിദ്വയത്താൽ
ലോകം തീര്‍ത്തന്നിവിടെയൊരുനാൾ യോഗി-മായാവി പോലേ 
ചേലില്‍ തീര്‍ക്കാനൊരു കുട,മതിന്നാസ്പദം മൃൺമയത്താൽ
മൂലാധാരം പ്രകൃതിയിതുപോലായതോ മായയാലും

വ്യാഖ്യാനം: ദക്ഷിണാമൂർത്തിസ്തോത്രം – ശ്ലോകം 2ൻ്റെ തർജ്ജമ 6 വരികളിലായിക്കൊടുത്ത് ആത്മബോധത്തിലെ ശ്ലോകം 8 (ഉപദാനേഖിലാധാരേ) ചേർത്തുവെച്ചിരിക്കുന്നു.  കൂടാതെ ദൃഗ്ദൃശ്യവിവേകം ശ്ലോകം 12ഉം (മനോഹംകൃത്യുപാദാനം) സമാനവിഷയമാണു്.
 
ഒരുകുടം മണ്ണുകൊണ്ടുനിർമ്മിക്കപ്പെടുന്നുവെന്നതുപോലെ ബുദ്ധി കൽപ്പിച്ചുകൊടുത്ത 2 ഉപാധികളായ ദേശം, കാലം എന്നിവയിലൂടെ ഒരു യോഗിയോ മായവിയോ ശൂന്യതയിൽനിന്നും സൃഷ്ടിച്ചെടുക്കുന്നപോലെ ഉലകജനനം നടന്നുവെന്നു പറയുന്നു.  സത് ഏവ സൗമ്യ, അഗ്ര ആസീത് – ഹേ സൗമ്യാ, തുടക്കത്തിൽ സത് (ഉണ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ) എന്ന് വേദവാക്യം.  സൃഷ്ടിക്കുമുമ്പ് എന്തായിരുന്നു, ഘനീഭവിച്ച ശുദ്ധമായ അറിവു മാത്രം ഉണ്ടായിരുന്നു. ആ അറിവു് ഉണ്മയായിരുന്നു, അതിൽ മറ്റൊന്നും മാറ്റം വരുത്താനില്ലായിരുന്നു. കാലം അഥവാ സമയം, ദേശം ഇവരണ്ടും ബുദ്ധിയുടെ വഴികളാണു്.  ഒരുകാര്യം നടന്നു എന്നുപറയുമ്പോൾ അതു് ഒരു പ്രത്യേകസ്ഥലത്ത് ഒരു നിശ്ചിതസമയത്ത് നടന്നു എന്നാണു് നമ്മൾ മാസ്സിലാക്കുന്നതു്. ഗഗനം പോലെ എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഒന്നാണു് ബോധമെന്നു നമ്മൾ നേരത്തെ പറഞ്ഞിരുന്നു, അതിനാൽ അത് ദേശത്തെ മറികടന്നുനിൽക്കുന്നു.  സമയം ആദ്യമായി രേഖപ്പെടുത്തിയത് എന്നാകും? അത് ആദ്യം അറിഞ്ഞ അന്ന്. ആദ്യത്തെ സമയം കണക്കാക്കപ്പെട്ട അന്നു് അത് അറിഞ്ഞെങ്കിൽ, ബോധം അതിനുമുമ്പേ ഉണ്ടാകണമല്ലോ, അപ്പോൾ ബോധം സമയത്തിനുമുമ്പേ ഉണ്ടായിരിക്കണമല്ലോ, ഇനിസർവ്വവും നശിച്ചാലും ബോധം മാത്രം അവശേഷിക്കുന്നുവെങ്കിൽ അതിനെ കാലാതീതം എന്നു പറയാം. അപ്പോൾ നമ്മുടെ ദൈവം കാലാതീതനാണു് എന്നു പറയണമെങ്കിൽ ഈ നിബന്ധനകൾ കൂടി സംയോജിപ്പിച്ചുവേണം ഇനി മുന്നോട്ടുപോകാൻ.


ഒന്നേയൊന്നീയുലകസകലം സൃഷ്ടമാക്കാൻ നിദാനം
തന്നുള്ളില്‍ത്തന്നെയൊരുമറ വിക്ഷേപമൊത്തീടിനാലേ
വിക്ഷേപത്താൽ, മറബലവതായ്  ദൃക്കിനേ മൂടിടുമ്പോൾ
സൂക്ഷ്മംദേഹം മുതലഖിലലോകം വരേയ്ക്കും ചമയ്ക്കും

വ്യാഖ്യാനം:  . ശക്തിദ്വയം ഹി മായായാ ....ദൃഗ്ദൃശ്യ വിവേകം (12) വിക്ഷേപശക്തി ......... വിവേക ചൂഢാമണി (113) എന്നീ ശ്ലോകങ്ങളിലെ ആശയം.  ഒരേയൊരു സാധനമാണു് ഈ സകലലോകത്തിൻ്റേയും സൃഷ്ടിയ്ക്കു നിദാനം.  വിക്ഷേപം, ആവരണം എന്നിങ്ങനെ മായയ്ക്ക് രണ്ടുശക്തികളുണ്ടു്.  അതിൽ ആവരണം ബോധം മറച്ചുപിടിക്കുന്നു, തൽസമയം വിക്ഷേപം ബുദ്ധിയ്ക്കു ബോധ്യമാകുന്ന മറ്റെന്തോ അവിടെ കല്പിച്ചുനൽകുന്നു.  

ലക്ഷംപ്രകാരമിതു സൃഷ്ടിപ്പതിന്നുമതു ... വിക്ഷേപമാവരണമീരണ്ടു ശക്തികളിതിങ്കേന്നുദിച്ചു ഹരിനാരായണായ നമഃ എന്നു് എഴുത്തച്ഛൻ. ശുദ്ധമായബോധം ഇക്കാണുന്നപ്രപഞ്ചമായി മാറിയത് അതിനെ മായ മറച്ചുവെച്ച് മറ്റൊന്നിനെ ആ സ്ഥാനത്ത് കല്പിച്ചുതന്നിട്ടാണെന്ന് ശങ്കരസിദ്ധാന്തം.  രജ്ജു-സർപ്പ-ഭ്രാന്തി:- കയറിൽ പാമ്പെന്നു കണ്ടുധരിക്കുന്നതുപോലെ എന്ന് അദ്ദേഹം ദൃഷ്ടാന്തമായിപ്പറയുന്നു.  ഉണ്ടായിരുന്നത് കയർ മാത്രമായിരുന്നു, പക്ഷെ അതുതിരിച്ചറിയാനുള്ള തെളിച്ചം ബുദ്ധിയ്ക്ക് ഇല്ലാതെപ്പോയപ്പോൾ കയറിൻ്റെ സ്വത്വം മനസ്സിലാക്കുന്നസമയം വരെ അവിടെ ഒരു സർപ്പം വന്നു.  ആവരണമെന്ന മറ അത്രയും ബലവത്തായതാണു്.  അത് സത്യത്തെ (3 കാലങ്ങളിലും മാറാതെ നിൽക്കുന്നതിനെ) മൂടിമറയ്ക്കുമ്പോൾ വിക്ഷേപം നാമവും രൂപവും ചേർത്ത് ഇങ്ങനെയൊരുലോകം ചമയ്ക്കുന്നു.


ലോകം തീർക്കാനവനു പുതുതായ് വസ്തു വേറെന്തിനാ
ലോകം തന്നെപ്രഭുമഹിമപോൽ കണ്ടിടാമൊത്തുനോക്കൂ
ലോകം മൊത്തം വിഭുവൊരുവനാണാശ്രയം സർവവ്യാപി
ലോകം സ്വത്വം നിറയുമതിലോ കാരണം-കാര്യബന്ധം ?
 
വ്യാഖ്യാനം: ഒരു സൃഷ്ടി നടക്കണമെങ്കിൽ അവിടെ ഒരു ദ്രവ്യം വേണം അതുണ്ടാക്കുന്ന ഒരാൾ വേണം അവതമ്മിൽ ഒരു കാര്യകാരണബന്ധവും വേണം.   കുടമെന്ന ഉദാഹരണത്തിൽ മണ്ണു് ദ്രവ്യവും, ചക്രവും വടിയുമൊക്കെ ഉപകരണങ്ങളും കുഴച്ച കളിമണ്ണിനെ കുടമാക്കാനുള്ള നൈപുണ്യവുമള്ള ഒരു മനുഷ്യൻ്റെ പ്രയത്നവും തീച്ചൂളയുടെ ചൂടുമൊക്കെ ചേരുമ്പോഴാണു് മണ്ണ് കുടമായി മാറുന്നത്. ഇങ്ങനെ ഒരു കാര്യകാരണബന്ധം എല്ലാ സൃഷ്ടികൾക്കും കാണാനാകും.  ഒരു പ്രത്യേകസ്ഥലത്തു് ഒരു പ്രത്യേകസമയത്തു് കാര്യകാരണബന്ധം സഹിതമാണു് നമ്മുടെലോകത്ത് എല്ലാകാര്യങ്ങളും അപഗ്രഥിക്കപ്പെടുന്നതു്.  ദേശം – കാലം – കാര്യകാരണബന്ധം എന്നത് ഒരു മുക്കാലിയാണ്.  നമ്മൾ പടുത്തുയർത്തിയിരിക്കുന്ന യുക്തികളത്രയും ഈ മുക്കാലിക്കു മുകളിലെ ഒരു പീഠത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നതു്. ഈ മുക്കാലിയുടെ ഏതെങ്കിലും ഒരു കാൽ തകർന്നാൽ ആ പീഠം താനെ നിലം പതിക്കും. ആദിശങ്കരൻ്റെ ഗുരുവായ ഗൗഡപാദർ മാണ്ഡൂക്യോപനിഷത്തിനു് ഒരു കാരിക എഴുതിയിട്ടുണ്ടു്. അതിൽ അദ്ദേഹം ദേശം കാലം എന്നിവയെ വിട്ട് സൃഷ്ടിയിലെ കാര്യകാരണബന്ധം നിരാകരിച്ചുകൊണ്ടാണു് മുന്നേറുന്നത്. സൃഷ്ടിപ്രക്രിയയിലെ കാര്യകാരണബന്ധം നിരാകരിക്കപ്പെട്ടാൽ ദേശം, കാലം എന്നിവയുടെ പ്രസക്തിയും താനേ നഷ്ടപ്പെട്ടുകൊള്ളും.  അപ്രസക്തമായ കാല-ദേശങ്ങളെപ്പറ്റി പിന്നെ ചർച്ചചെയ്തു സമയം കളയേണ്ടതുമില്ല. അദ്ദേഹം നയിച്ച യുക്തിവാദങ്ങളിലൂന്നിയാണു് ഇനി മുന്നോട്ടുപോകുന്നത്.

ഇപ്പോൾ നമുക്കുമുന്നിലുള്ള പ്രശ്നം എപ്പോൾ, എവിടെവച്ച്, എന്തുസാധനം കൊണ്ട് ആരു് ഈ ലോകമുണ്ടാക്കി എന്നതാണു്. അതുണ്ടാക്കിയ ആൾക്ക് മുകളിൽ വിവരിച്ചയത്രയും ഗുണങ്ങളുമുണ്ടു്.  എപ്പോൾ, എവിടെവച്ച് എന്നിവ തൽകാലം മാറ്റിവെച്ച് നമുക്ക് ബാക്കികാര്യങ്ങൾക്കു പിറകെ പോകാം.      


തന്നില്‍നിന്നും അപര,മുഭയം വസ്തുവില്‍ നിന്നുമായീ
ഒന്നും വന്നീലിവിടെയുലകില്‍,പിന്നെയോ സത്തു മാത്രം
സത്യാസത്തില്‍, ഇരു പകുതിയും ചേർന്നസമ്മിശ്രണത്തിൽ
സത്യം ചൊന്നാലിവിടൊരു കണം പോലുമുണ്ടായതില്ലാ 

വ്യാഖ്യാനം: തന്നിൽ നിന്നോ മറ്റൊന്നിൽനിന്നോ താനും മറ്റൊന്നും ചേർന്ന ഉഭയവസ്തുവിൽ നിന്നോ ആയി ഇവിടെ ഒന്നും വന്നിട്ടില്ല. ഇവിടെ ആകെ സത്തു് (ഉണ്മ) മാത്രമേയുള്ളൂ. ലോകം വന്നെങ്കിൽ ഒന്നുകിൽ അത് തന്നിൽനിന്നും വരണം അല്ലെങ്കിൽ മറ്റൊന്നിൽ നിന്നും വരണം, ഇതുരണ്ടുമല്ലെങ്കിൽ താൻ തന്നെ മറ്റൊന്നിനോട് ചേർന്ന് ഇതായിവരണം.  ഇത് സംഭവിച്ചിട്ടില്ല എന്നതാണു് അദ്ദേഹത്തിൻ്റെ സിദ്ധാന്തം. സത്തിൽ (ഉള്ളതിൽ) നിന്നും ഉണ്ടാകാം, അസത്തിൽ (ഇല്ലാത്തതിൽ) നിന്നും ഉണ്ടാകാം എന്നിങ്ങനെയും വാദങ്ങളുള്ളതിനാൽ ഉള്ളതിൽനിന്നോ ഇല്ലാത്തതിൽനിന്നോ ഉള്ളത് ഇല്ലാത്തതിനോടുചേർന്ന മിശ്രിതത്തിൽ നിന്നോ ഇവിടെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. (സ്വതോ വാ പരതോ – മാണ്ഡൂക്യകാരിക – 22)


"ആരംഭം" പോൽ വിവിധവിധമാം യുക്തിസിദ്ധാന്തമെല്ലാം
"സാരം ശൂന്യം" വരെ ഗഹനമാം തത്വമെല്ലാമസത്യം
തമ്മിൽത്തമ്മിൽ തെളിവുസഹിതം വാക്കുതർക്കങ്ങളോതി
ചെമ്മേകൊണ്ടുത്തരുവതുമതേ യുക്തിവൈരുധ്യമല്ലേ

"കാര്യം" വന്നാലിഹ പുതിയതായ്‌ "കാരണം" സത്തുമല്ലാ
നേരേ ചൊൽവൂ തെളിവുസഹിതം  ന്യായ-വൈശേഷികന്‍മാര്‍
സാംഖ്യം വാദം തിരികെയുയരും കേൾക്കു സത്-കാര്യവാദം
ലോകം മൊത്തം പ്രബലമുണരാൻ ഹേതുവോ സത്തുമാത്രം

വ്യാഖ്യാനം: ലോകം എങ്ങനെ ഉണ്ടായി എന്നുചോദിച്ചാൽ പലപല സിദ്ധാന്തങ്ങളുണ്ടു്, അതിനൊക്കെ ഓരോ പേരുകളുമുണ്ടു്, അന്നും ഇന്നും.  പണ്ടത്തെ പ്രബലമായ വാദങ്ങളിൽ ചിലതാണു് ആരംഭവാദം, ശൂന്യവാദം തുടങ്ങിയവയൊക്കെ. ഇവയൊക്കെ അവയുടെയുക്തിക്കനുസരിച്ച് ലോകം ഒരുനാൾ പെട്ടെന്ന് തുടങ്ങിയതാണു്, ഇല്ല ശൂന്യതയാണു് സത്യം എന്നിങ്ങനെ അതാതുവാദങ്ങൾ നിരത്തുന്നു. ഇവ പലപ്പോഴും പരസ്പരവിരുദ്ധവും എതിർചേരികളിൽപ്പെടുന്നതുമാകയാൽ ഇവയുടെ യുക്തികൾ മറ്റുസിദ്ധാന്തങ്ങളെ നിരന്തരം എതിർത്തുകൊണ്ടേയിരിക്കുന്നു.  ഉദാഹരണമായി ന്യായശാസ്ത്രവും വൈശേഷികസിദ്ധാന്തവും എടുത്തുനോക്കാം. ഒരാൾ പറയുന്നു കാര്യം (ലോകം) ഇവിടെ പുതിയതായി വന്നതാണു്.  മറ്റൊരാൾ പറയുന്നു, അതിൻ്റെ കാരണം (ദൈവം) അസത്ത് ആണു് (ഇല്ലാത്ത ഒന്നാണു്) സത്ത് (ഉള്ളത്) അല്ല.  ഇനി സാംഖ്യശാസ്ത്രമെടുത്താലോ കാര്യവും കാരണവും സത്ത് ആണു്.
(ഭൂതസ്യ ജാതമിച്ഛന്ദി ... മാണ്ഡൂക്യകാരിക 3)

ഉണ്‍മയ്ക്കര്‍ത്ഥം ഉലകമിവിടേയുള്ളൊരാ "സത്യ"മെങ്കിൽ
ഉണ്‍മയ്ക്കെന്തേ പുതിയജനനം വന്നിടേണ്ടൂ ജഗത്തില്‍
ഇല്ലാത്തൊന്നിങ്ങൊരുദിവസമിന്നുള്ളോരു സത്തായിടാമോ ?
ചൊല്ലും നിങ്ങൾ തെളിവുസഹിതം, മൂഢമോ തത്വചിന്ത?

വ്യാഖ്യാനം: ഉണ്മ = സത്ത് = ഉള്ളത് = സത്യം എന്നൊക്കെ നമ്മൾ കണ്ടു.  സത്യം എന്നാൽ 3 കാലങ്ങളിലും മാറാതെ നിൽക്കുന്നത് എന്നും പറഞ്ഞു. മാറ്റം = മരണം. ലോകമാണു കാര്യം അതിനുള്ള കാരണമോ ദൈവവും. അപ്പോൾ കാരണം മാറി എന്നു പറഞ്ഞാൽ ദൈവം മരിച്ചു എന്നു പറയേണ്ടിവരും. പക്ഷെ സത്യമായ, ഉണ്മയായ, സത്ത് ആയ ആ കാരണം എന്തിനു വീണ്ടും ഈ ലോകമാകാൻ പുതിയതായി ജനിക്കണം? ആ “കാരണം“ പണ്ടും ഇപ്പോഴും നാളെയും മാറാതെ, ഉണ്മയായി, സത്തായി “അങ്ങനെത്തെന്നെ“ നിലകൊള്ളുകയല്ലേ.  എങ്കിൽ പണ്ട് ഇല്ലായിരുന്നെന്നും പിന്നീട് ഉണ്ടായി എന്നും പറയേണ്ടിവരും. ഇല്ലാത്ത ഒരെണ്ണം എങ്ങനെയാണു് പെട്ടെന്നൊരുദിവസം ഉള്ളതായ ഉണ്മയും സത്യവുമൊക്കെയായി മാറിയത്? അങ്ങനെ അതിനു മാറാനാകുമോ (ഭൂതം ന ജായതേ – മാണ്ഡൂക്യകാരിക 4)


ലോകം രണ്ടെന്നറിവുകളയൂ, ദ്വൈതമോ മൂഢതത്വം
ഏകം സത്യം ഭവഭയമൊഴിഞ്ഞുള്ളൊരാ ബോധരൂപം
ദ്വൈതംസർവ്വം പറവതു മതം, ലോകസൃഷ്ടിപ്രസിദ്ധം
സത്യം, ജ്ഞാനം, അമരവിഭുവാം  സൃഷ്ടികര്‍ത്താവജാതൻ

വ്യാഖ്യാനം: ദ്വൈതം എന്നാൽ അദ്വൈതമല്ലാത്തത് എല്ലാം. അതായത് രണ്ടു് ഉണ്ട് എന്ന സിദ്ധാന്തം. ഒരു ദൈവം, ആ ദൈവം സൃഷ്ടിച്ച ഒരു ലോകം എന്നുപറയുമ്പോൾ ഇവിടെ രണ്ടു് ഉണ്ടു്, ഇത് ദ്വൈതം. അദ്വൈതം എന്നതോ ഇങ്ങനെ രണ്ടില്ല, ഇവിടെ ആകെ ഒന്നുമാത്രമേ ഉള്ളൂ, രണ്ടാമതായി ഒന്നില്ലാത്ത ആ ഒന്ന്, എന്ന സിദ്ധാന്തം കൊണ്ടുവരുന്നു. എല്ലാ ദ്വൈതസിദ്ധാന്തങ്ങളിലും ലോകസൃഷ്ടി എന്ന തത്വമുണ്ടു്, സൃഷ്ടി ഉണ്ടായിട്ടുണ്ടെങ്കിൽ അത് എങ്ങനെ ഉണ്ടായി ആരു് ഉണ്ടാക്കി എന്നിങ്ങനെയുള്ള അനുബന്ധചോദ്യങ്ങളും വരും, ഇതിനൊന്നും മതിയായ ഉത്തരങ്ങളുമില്ല.  അദ്വൈതമാണെങ്കിലോ ഇവിടെ ഒന്നുമാത്രമേ ഉള്ളൂ എന്നു സ്ഥാപിച്ചെടുക്കുന്നു.  അതാണു് സത്യം (3 കാലങ്ങളിലും മാറാതെ നിലകൊള്ളുന്നതു്), ജ്ഞാനം (ശുദ്ധമായ അറിവു്) അമരൻ (മരണമില്ലാത്തതവൻ, സത്യം എന്നതുതന്നെ മാറാതെ നിലകൊള്ളുന്നത്, മാറ്റമാണു് മരണം) അങ്ങനെ മരണമില്ലാത്ത സത്യമാണെങ്കിൽ അത് കാലത്തെ അതിക്രമിച്ചുനിൽക്കുന്നതാകണം. വിഭുവെന്നാൽ എങ്ങും നിറഞ്ഞിരിക്കുന്നതു്.  സ്വാഭാവികമായും അത് അജാതവും (ജനിക്കാത്തത്) ആകും.  ജനനമുള്ളതിനു് മരണമുണ്ടു്, മരണമെന്നപോലെ ജനനവും ഒരു മാറ്റം തന്നെയാണല്ലോ, പൂവു് ജനിച്ചെങ്കിൽ മൊട്ടു മരിച്ചെന്നുകൂടി അർത്ഥം.

ദൈവത്തിന്നീ നിഖിലഗുണമായ്  മേല്‍പ്പറഞ്ഞീടുമെല്ലാം
മേവുന്നെങ്കിൽ,  വിഭുവിനിവകൾ സത്യമായുള്ളതെങ്കിൽ
എന്തേ ലോകം ജനനമരണത്തിന്നു പാത്രീഭവിച്ചൂ?
എന്തേ ജീവന്‍ കദനമെരിയും വഹ്നി മൂടിക്കരിഞ്ഞൂ?

എന്തേ മാറ്റം സകലവിധമാം വസ്തുവിന്നും വരുന്നൂ?
എന്തേ ജ്ഞാനം അഴലിനിരുളില്‍ മുങ്ങിയജ്ഞാനമായീ?
എന്തേ ലോകം മുകുരസദൃശം  ബിംബമായ് കണ്ടിടും പോൽ 
സ്വന്തം പാര്‍ശ്വം ഇരു വശവുമേ നേരെ മാറുന്നപോലേ

വ്യാഖ്യാനം: ദൈവത്തിൻ്റെ ഗുണഗണങ്ങൾ പലവട്ടം നമ്മൾ വിസ്തരിച്ചുപറഞ്ഞു കഴിഞ്ഞു. സത്യത്തിൽ ദൈവത്തിനു് ഇവയൊക്കെ അവകാശപ്പെടാനുള്ളതാണെങ്കിൽ ആ ദൈവത്തിൻ്റെ സ്വന്തം സൃഷ്ടിയെന്ന് അവകാശപ്പെടുന്ന ലോകമോ അതിനു നേർവിപരീതമായി, കണ്ണാടിയിൽ കാണുന്ന പ്രതിബിംബമെന്നപോലെ, ഇടതു വലതായും വലത് ഇടത്തായും കാണുന്നതെന്തേ? 

ദൈവം

ലോകം

അമരൻ, അജാതൻ

ജനനവും മരണവും നിത്യവും നടക്കുന്നു

ആനന്ദൻ

ദുഃഖപൂർണ്ണം

സത്യം – 3 കാലങ്ങളിലും മാറാതെ നിൽക്കുന്നവൻ

മാറ്റം എല്ലായിടത്തും കാണാം

അറിവിൻ്റെ തൽസ്വരൂപം

അറിവില്ലായ്മയും ഉണ്ടു്

(വിശ്വം ദര്‍പ്പണദൃശ്യമാനനഗരീതുല്യം നിജാന്തര്‍ഗതം
 ദക്ഷിണാമൂര്‍ത്തിസ്തോത്രം – ശ്ലോകം 1)

ഏതും വസ്തുക്കളിവിടെ ഗുണം ചേർന്നുകാണുന്നുവെങ്കിൽ
ഏതെല്ലാമാ വഴികളിലവയ്ക്കാ ഗുണം വന്നമാർഗ്ഗം
ശാസ്ത്രം ചൊല്ലുന്നതവ, യകൃതം, തൽസ്വരൂപം, പ്രകൃത്യാ
സംസിദ്ധത്താൽ, സഹജവുമതുപോൽ സ്വഭാവങ്ങളെന്ന്യേ

വ്യാഖ്യാനം: ഗുണം എല്ലാവസ്തുക്കൾക്കുമുണ്ടെന്നു് നമുക്കറിയാം. ഏതു വസ്തുവായാലും അതിൽ ഗുണം ചേർന്നുകാണുന്നുണ്ടെങ്കിൽ, ഏതെല്ലാം വഴികളിലൂടെ അവയ്ക്ക് ആ ഗുണം സ്വായത്തമാക്കാനാകും? ഭാരതീയപഠനങ്ങളിൽ അവ അകൃതം, തൽസ്വരൂപം, പ്രകൃത്യാ, സംസിദ്ധം, സഹജം, സ്വഭാവം എന്നിങ്ങനെയാണു് അവ തരംതിരിച്ചിരിക്കുന്നത്.

നീരോ താഴ്ചക്കൊഴുകിവരുവാനായി ചെയ്യേണ്ടയൊന്നും
പാരിൻ തത്വം, പറവ‘തകൃതം‘ കേൾക്കു ദൃഷ്ടാന്തമായി
സ്ത്രീയ്ക്കായ് സ്ത്രീത്വം, ബത പുരുഷനിൽ പൗരുഷം പോലെയെന്നും
ഓർക്കാം രൂപപ്രകൃതിയതിനെ സ്വന്തരൂപപ്രകാരം

വ്യാഖ്യാനം: അകൃത എന്നു പറഞ്ഞാൽ ചെയ്യാത്ത എന്ന അർത്ഥം. അത് അങ്ങനെ ആയിത്തീരാൻ ഇനി നമ്മളായിട്ട് പ്രത്യേകിച്ചൊന്നുംതന്നെ ചേയ്യേണ്ടതില്ലാത്തത് എന്ന് അർത്ഥം. വെള്ളം താഴോട്ടൊഴുകുന്നപോലെ, അതിനെ മുകളിലേയ്ക്കൊഴുക്കാനേ പ്രത്യേകിച്ചൊരു ഉദ്യമം ആവശ്യമുള്ളൂ.  സ്ത്രീക്കു സ്ത്രീതത്വമെന്നതും പുരുഷനു പൗരുഷമെന്നതും തൽസ്വരൂപമാണു്.

ആർജ്ജിച്ചെന്നാലൊരുതവണ കൊണ്ടാഗുണം പിന്നെയെന്നും
വർജ്ജിച്ചീടാൻ കഴിവതരുതാം രീതി സംസിദ്ധമാകും
വാനിൽ നീളേ പറവചിറകും നീർത്തിടുമ്പോൾ, മരാളം
താനേ നീരിൽ സഹജമണയും വാസനയ്ക്കൊത്ത മട്ടിൽ

വ്യാഖ്യാനം: ചിലപ്പോൽ ചില ഗുണങ്ങൾ ഒരു തവണ ഒരു വസ്തുവിനോടുചേർന്നാൽ പിന്നെയൊരു മടങ്ങിപ്പോക്കില്ല. ആ ഗുണം പിന്നെ ആജീവനാന്തം ആ വസ്തുവിനോടുകൂടെയുണ്ടാകും.  പാൽ തൈരാകുന്നതോ തൈര് നെയ്യാകുന്നതുപോലെ. അതുമല്ലെങ്കിൽ വിദ്യാഭാസയോഗ്യതകൾ, അതിലെ മൂല്യങ്ങൾ ഒക്കെ വിദ്യാർത്ഥിയ്ക്കു ലഭിക്കുന്നതുപോലെ.  സഹജവാസന ജനനത്തോടുകൂടി ലഭിക്കുന്നു.  നീർക്കോലിക്കുഞ്ഞിനെ ആരും നീന്താനും പൊന്മാനെ ആരും മീൻപിടിക്കാനും പഠിപ്പിക്കാറില്ല എന്നതുപോലെ.

നീരിൽ ശൈത്യം പൊതുവൊരുഗുണം കണ്ടിടാമെങ്ങുമെങ്ങും
ചേരും ചൂടൊന്നനലനുമതേപോൽ സ്വഭാവങ്ങളായി
തന്നിൽച്ചേരും ഗുണവഴികളീയഞ്ചുമാർഗ്ഗത്തിലൂടെ
ഒന്നും സ്വന്തം ഗുണഗണമതെ,ക്കൈവിടില്ലേതു നാളും

ഏതാണോ തൻ തനിഗുണമതിങ്ങൊന്നു കൈവിട്ടിടുന്നു
സ്വന്തം സാരം കളയുമിവിടെ, ക്കാണ്മു മറ്റൊന്നുപിന്നെ
സാരത്തോടും ഗുണഗണമതോ വിട്ടുപോയിട്ടുകൂടി
പേരും മാറ്റാതുലുകമിതിലൊന്നിന്നുമാവുന്നതല്ല

വ്യാഖ്യാനം: വെള്ളത്തിനു തണുപ്പും തീയ്ക്കു ചൂടും അവയുടെ സ്വഭാവങ്ങളാണു്.  മേൽപ്പറഞ്ഞ 5 വഴികളിലൂടെയാണു് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിനെ ആ വസ്തുവാക്കുന്ന ഒഴിച്ചുകൂടാനാകാത്ത, അടിസ്ഥാനപരമായ ആ ഗുണം ലഭ്യമാകുന്നത്.  ആ ഗുണം കൈവെടിഞ്ഞു എന്നു പറഞ്ഞാൽ അത് അതല്ലാതായിത്തീർന്നു എന്നു കൂടി കരുതേണ്ടി വരും. കാരണം നഷ്ടപ്പെടുന്നത് ഏതുഗുണം ഉള്ളതുകൊണ്ടാണോ ആ വസ്തുവിനെ അപ്രകാരം നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് ആ ഗുണം തന്നെയാണു്. ചൂടില്ലാത്ത തീയും, ആണത്തമില്ലാത്ത ആണും, അക്ഷരമറിയാത്ത അഭ്യസ്തവിദ്യനും, എന്തിനധികം ലഹരിയില്ലാത്ത മദ്യവുമൊക്കെ അവ എന്തിനെ ഉദ്ദേശിച്ചിട്ടുള്ളതാണോ ആ കാര്യത്തിനു് ഉതകാത്തതെങ്കിൽ ഉപയോഗശൂന്യമായതായിക്കൂടി കണക്കാക്കേണ്ടിവരും.  അപ്പോൾ പ്രപഞ്ചത്തിൻ്റെ കാരണഭൂതനോ? കാരണം തന്നെയാണു് കാര്യം എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞതുപോലെ സൃഷ്ടാവും സൃഷ്ടിയും നേരെ വിപരീതങ്ങളായിട്ടാണു് കാണുന്നത്.  കാരണം കാര്യമായപ്പോൾ ആ ഗുണങ്ങളൊക്കെ നഷ്ടപ്പെട്ടുവെങ്കിൽ ആ കാരണം ഇപ്പോൾ ഉപയോഗശൂന്യമായി എന്നു സമ്മതിക്കേണ്ടിവരും. തൻ്റെ തനിഗുണമായതെന്തോ അത് കൈവിട്ടുപോയി എന്നുപറഞ്ഞാൽ സാരം മാറി അത് മറ്റൊന്നായിക്കഴിഞ്ഞു എന്നുപറയാം. സാരം നിലനിർത്തി, പേരും അതുപോലെതന്നെനിലനിർത്തി തൻ്റെ തനിഗുണം മാത്രം കൈവിട്ടുകളയാനാണെങ്കിലോ ഇവിടെ ഒന്നിനും ആവുകയുമില്ല.

ഏതും മാറ്റം സഹിതമുലകം വന്നിടുന്നെങ്കിലാട്ടേ
തീർത്തും ചൊല്ലാം ജനനമരണം സംഭവിക്കുന്നിതങ്ങ്
സച്ചിദ് രൂപം സമയപരിധിയ്ക്കപ്പുറത്തുള്ള തത്വം
വാച്യാർത്ഥം കേൾ ചിരസമയമായ് സ്ഥായിയായുള്ള സത്യം

വ്യാഖ്യാനം: ഏതെങ്കിലും ഒരു മാറ്റം സഹിതമാണു് ലോകം വന്നിട്ടുള്ളതെങ്കിൽ സംശയലേശമന്യേ നമുക്കു പറയാം അവിടെ കാരണത്തിൽ ഒരു ജനനവും മരണവും സംഭവിച്ചുകഴിഞ്ഞു. “കാരണം“ മരിച്ചുകഴിഞ്ഞെങ്കിൽപ്പിന്നെ ഇപ്പൊഴും എങ്ങനെയാണു് അത് സത്യമാണെന്നും അമരമാണെന്നുമൊക്കെ പറയാനാകുക? സച്ചിദ് രൂപം, സത് +‍ ചിത് രൂപമായ കാലാതീതമായ തത്വം എന്നു പറഞ്ഞാൽ നമ്മൾ മനസ്സിലേക്കണ്ടതോ കാലത്തേയും കടന്നുനിന്നു് വളരെക്കാലമായി ഒരുമാറ്റവും ഇല്ലാതെ ഒരേപോലെ തുടരുന്ന ഒന്നാണെന്നും.


ആനന്ദത്തിന്നറിവുപകരും  ബ്രഹ്മമാം ബോധരൂപം
നാനാത്വം പോലനുഭവമതിൻ ധർമ്മമാധാര ലോകം
തന്നില്‍ത്തന്നേയുലകസകലം ജന്‍മമൃത്യുസ്ഥിതീയം
തന്നില്‍ത്തന്നേ ത്രിപുരജനനം ജീവലീലാലയങ്ങള്‍

വ്യാഖ്യാനം: ആനന്ദത്തിൻ്റെ അറിവു് അല്ലെങ്കിൽ ആനന്ദത്തോടെയുള്ള അറിവു് പകരുന്ന ബ്രഹ്മമാണു് ബോധരൂപമായി നിൽക്കുന്നതും പലതായി അനുഭവവേദ്യമാകുന്നതുമായ ധർമ്മം ആധാരമായുള്ള ഈ ലോകം. ഏതൊന്നാണോ ഒരുവസ്തുവിനെ അതാക്കി നിലനിർത്തുന്നത് അത് അതിൻ്റെ ധർമ്മം. നിലനില്ക്കുന്നതെന്തോ അത് ഉണ്മ, അതായത് സത്.  സത് സത്തായിത്തന്നെ നിലനിൽക്കുന്നതിനാൽ അതുതന്നെ ലോകധർമ്മവും. ഈ ലോകം നിലനിൽക്കുന്നതും നമ്മിൽത്തന്നെയാണു്. ഉണർവ്, സ്വപ്നലോകം, ഉറക്കം എന്നിങ്ങനെ 3 തലങ്ങളിലായാണു് ജീവിതം.  ജീവൻ എപ്പോഴും ഈ 3 തലങ്ങളിലെവിടെയോ ഉണ്ടാകും. ഉറക്കത്തിൽനിന്നും ഉണർവിലേക്കും സ്വപ്നത്തിലേക്കും മാറിമാറി ചരിച്ചുകൊണ്ടിരിക്കും.  കണ്ണുതുറന്നിരുന്നുകൊണ്ടു് സ്വപ്നം കാണും.   ഇങ്ങനെ ഒരു ത്രിപുരത്തിൽ ജീവിക്കുന്നവനെ 3 പുരങ്ങളും ഒന്നിച്ചുതകർത്തല്ലാതെ മോചിപ്പിക്കുവാനുമാകില്ല. 


ലോകത്തിൻ്റെ പ്രഭുവുമുടയോൻ ദൈവമായ് തത്വശാസ്ത്രം
ഏകം ഓതുന്നതിനു പൊതുവിൽ മാറിടാനാവതില്ലാ 
ഏതും മാറ്റം ജനനമരണത്തിന്നു സാക്ഷ്യം വഹിക്കും !
അര്‍ത്ഥം : ലോകം ജനനസമയം “കാരണം“ മൃത്യുപൂകും

വ്യാഖ്യാനം: ലോകകാരണം എവിടെയിരുന്നാലും അതിനൊരു മാറ്റം വന്നിട്ടുണ്ടെന്നു് ഒരിക്കലും പറയാനാകില്ല. അങ്ങനെ പറഞ്ഞാൽ അതിനർത്ഥം ലോകം ജനിച്ചപ്പോൾ അതിൻ്റെകാരണം അന്നു മരിച്ചെന്നുകൂടിയാകും


നിത്യം സത്യം അജവുമമരം “കാരണം“ തന്നെ “കാര്യം“
സത്യം കാലത്രയവുമൊരുപോല്‍ മാറിടാതുള്ളതാകും
ആധാരം ഇങ്ങൊരുവശമിതാ നിത്യ നിര്‍മുക്തമായും
ഭേദം കണ്ടോരുലകമതിനാലിങ്ങു വന്നുള്ളതാകും ?

വ്യാഖ്യാനം: ഇങ്ങനെ നിത്യമായയതും സത്യമായതും ജനിക്കാത്തതും മരിക്കാത്തതുമായ “കാരണം“ തന്നെയാണു് “കാര്യവും“ എന്നു പറഞ്ഞാലോ 3 കാലങ്ങളിലും മാറാതെ നിലകൊള്ളുന്ന ഭുവനാധാരം നിത്യനിർമുക്തമായും അതിൽനിന്നും വ്യത്യാസമോടെയുള്ളൊരു ലോകം അതിൽനിന്നു തന്നെ വന്നിട്ടുള്ളതുമാണെന്നു പറയേണ്ടിവരും. കാരണം മാറിയിട്ടാണു് കാര്യമായതെങ്കിൽ കാരണം നിത്യമോ സത്യമോ അല്ലതാനും. കാരണവും കാര്യവും തമ്മിൽ യാതൊരുബന്ധവുമില്ല. ഇതെങ്ങിനെ ശരിയാകും?

വിശ്വാധാരം അജിതമമരം നിത്യമാം നഗ്നസത്യം
വിശ്വം മാറ്റം വരുമനുദിനം ഭംഗുരം ചഞ്ചലം താൻ
ജന്‍മം കൊള്ളാത്തൊരു പൊരുളിതായ്‌ “കാരണം“ വാഴ്ത്തിടുമ്പോള്‍
ജന്‍മം നല്‍കാനതിനു കഴിയുന്നെന്നവാദം വിചിത്രം !

വ്യാഖ്യാനം: ജനിക്കാത്തതും മരിക്കാത്തതും നിത്യവുമായ ഒരു സത്യമാണു് വിശ്വത്തിനാധാരം എന്നത് തിരുത്താകാത്ത ഒരു വാക്യം.  അതിൽനിന്നുമാണു് മാറ്റത്തോടുകൂടിയ ഭംഗുരവും ചഞ്ചലവുമായ വിശ്വവും വന്നിട്ടുള്ളതെങ്കിൽ ആ സിദ്ധാന്തവും തെറ്റ്.  ജനിക്കാത്ത ഒരു “കാരണ“മാണ് ജനിപ്പിച്ചത് എന്നാണു് പറയുന്നതു്. ജനിച്ചിട്ടേയില്ലാത്ത ഒന്നിനു് മറ്റൊന്നിനെ എങ്ങനെ ജനിപ്പിക്കാനാകും? ഇത് അതിലും വിചിത്രമായ വാദമല്ലേ (അജദ്വൈജായതേ - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 13)

ജന്‍മം കൊണ്ടൊരുടയവനവൻ “കാരണം“ ചൊന്നുവെന്നാൽ
ജന്‍മം ആദ്യം വരുവതൊരു പൂച്ചെണ്ടിനോ പൂച്ചെടിയ്ക്കോ ?
കാര്യാധാരം ഉലകജനനം ഹേതുവോ “കാരണം“ പോൽ
“കാര്യം“ പിന്നെ,ത്തിരികെയൊരു ‍നാൾ “കാരണം“ തന്നെയാകും

വ്യാഖ്യാനം: ജന്മം കൊണ്ടവൻ തന്നെയാണു് ഉടയവനായ ആ “കാരണം“ എന്നു പറഞ്ഞാൽ ഫലത്തിൽ “കാര്യം“ “കാരണ“ത്തിൻ്റെ കാരണമാണു്,  കാര്യത്തിൻ്റെ കാരണം കാരണവുമാണു് ഇങ്ങനെ പരസ്പരപൂരകങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായ ഒരു ചങ്ങലയിൽ കണ്ണിചേർത്തുപോകുന്നതുപോലെ അവ പൊയ്ക്കൊണ്ടിരിക്കും. ബീജവൃക്ഷന്യായം ഇവിടെയാണു് വരുന്നത്.  വിത്താണോ അതോ മരമാണോ അപ്പോൾ ആദ്യമുണ്ടായത്  എന്ന ചോദ്യം അവശേഷിക്കും. തന്നെയുമല്ല, അപ്പോൾ “കാരണം“ ജനിക്കാത്ത മരിക്കാത്ത ഒരു സത്യവുമാകില്ല. (ഹേതോരാദി - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 14) കാര്യത്തിൽനിന്നും വന്നതാണു് കാരണമെങ്കിൽ അതിനെ നമുക്ക് സമർത്ഥിച്ചെടുക്കാനാകില്ല. അങ്ങനെയുള്ള ഒരു കാരണത്തിനു് എങ്ങനെ കാര്യത്തെ ജനിപ്പിക്കാനാകും?

കാര്യം പിന്നെങ്ങിനെയജവുമായ്‌, കാരണം ജന്‍മ മുക്തം ?
നേരോ പുത്രന്‍ ജനകനു പിതാവായി വന്നീടുമെന്നോ ?
ആദ്യം ഏതാണിവിടെയുദയം ചെയ്തതെന്നും നിഗൂഢം
ചോദ്യം മാത്രം, മറുപടികളേതു യുക്തിക്കുമൊക്കാ

വ്യാഖ്യാനം: തേടുന്നത് സത്യമാണു്, സത്യമാണെങ്കിലോ ജനിക്കാത്ത, മരിക്കാത്ത മാറാത്ത ഒന്നും. അപ്പോൾ  “കാര്യം“ പിന്നെ എങ്ങനെ ജനിക്കാത്ത ഒന്നാകും? കാരണമെങ്ങിനെ ജന്മമില്ലാത്തതാകും? കാര്യത്തിനു് കാരണത്തിൻ്റെ കാരണമാകാനാകുമെങ്കിൽ മകനു് അച്ഛൻ്റെ അച്ഛനാകാനാകും എന്നു പറയുന്നതിനു തുല്യമാകും.  ഇവ രണ്ടിൽ ആദ്യം ഏതായിരിക്കും വന്നത്? ഇതിനൊന്നും യുക്തിഭദ്രമായ ഒരു മറുപടിയും കിട്ടുകയുമില്ല.
 

ഒന്നേ നേരം ഒരുസമയമീ കാര്യഹേതുക്കളൊന്നായ്‌
വന്നൂ നേരേയിവിടെയുദയം ചെയ്തതാണെന്നു ചൊന്നാല്‍
എന്തേബന്ധം അവയിടയിലായ്‌ തമ്മിലായ്‌ചേര്‍ത്തുവെച്ചാല്‍
ദന്തം ദന്തിക്കിരുവശവുമോരോന്നു കാണുന്നപോലേ

വ്യാഖ്യാനം: മറ്റൊരു സാധ്യത ഒരേസമയത്ത് കാര്യവും കാരണവും വന്നുവെന്നു പറയുന്നതാണു്. പക്ഷെ ഇങ്ങനെ പറഞ്ഞാൽ കാര്യവും ഉണ്ടാകും കാരണവും ഉണ്ടാകും, കാര്യകാരണബന്ധം മാത്രമില്ല. കാരണം, അവ രണ്ടും തമ്മിൽത്തമ്മിൽ ഒരു ബന്ധവും കാണുന്നില്ല,  ആനയ്ക്കു 2 കൊമ്പുകൾ ഇരുവശത്തും വെവ്വേറെ നിൽക്കുന്നപോലെ.  അപ്പോൾ “കാരണം“ വേറെ, “കാര്യം“ വേറെ രണ്ടും സ്വതന്ത്രമായി പരസ്പരബന്ധമില്ലാതെ വെവ്വേറെ നിലകൊള്ളും.  കാര്യത്തിൻ്റെ ആരുമല്ല കാരണമെങ്കിൽപ്പിന്നെ നമ്മളെന്തിനു് ആ കാരണത്തിനു പിറകെ പോകണം?  (സംഭവേ ഹേതുഫല - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 16)

അജ്ഞാനത്താൽ മറുപടികളോ യുക്തിഭദ്രം വരില്ലാ
വിജ്ഞാനം താൻ ചപലമുലകം സത്യമല്ലൊന്നുമിങ്ങും
ആരംഭിച്ചാലൊരു ദിനമതിന്നന്ത്യവും  നിശ്ചയം പോല്‍
ആരംഭിക്കാത്തതിനു വരുവാനന്ത്യമേയില്ല സാരം

വ്യാഖ്യാനം:  കാര്യകാരണബന്ധം കൃത്യമായി സമർത്ഥിക്കാനായില്ലെങ്കിൽ അതിനർത്ഥം അങ്ങനെയൊന്നില്ലെന്നുതന്നെ.  അപ്പോൾ വിശേഷിച്ചു മനസ്സിലാക്കേണ്ടത് ഈ ലോകം ചപലമാണു്, മാറ്റമുള്ളതാണു്. അതിനാൽ ഇത് സത്യമാകില്ല.  കാരണം സത്യം മാറാതെ നിൽക്കേണ്ടതാണു്. അതുകൊണ്ടു് സത്യം അജാതം തന്നെയാകുകയും വേണം.  ഏതൊന്നാണോ ജനിച്ചിട്ടുള്ളത് അതിനൊരു അന്ത്യവും ഒരുനാൾ വന്നേ തീരൂ.  ജനിച്ചിട്ടേയില്ലെങ്കിൽ പിന്നെ അതിനെങ്ങനെ മരണം വരാനാണു്?
(അശക്തിരപരിജ്ഞാനം - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി (19)
ആദാവന്തേ ച - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി (31))

നിത്യം, മുക്തം, അമരമജിതം വസ്തുവാദ്യന്തഹീനം
യുക്ത്യാലുക്തം ക്ഷണികതരമാം വസ്തുവാദ്യന്ത്യമോടും
സൃഷ്ടാവെന്നും അജിതനമരൻ, ജന്മജന്മാന്തഹീനൻ
സൃഷ്ടം മാത്രം ജനനമരണം വന്നുപോകുംസദാ കാൺ 

വ്യാഖ്യാനം:  ഏതുവസ്തുവാണോ ആദ്യവും അന്തവും ഇല്ലാത്തത്, അത് നിത്യവും മുക്തവും മരണമില്ലാത്തതും ജനിക്കാത്തതും ആകണം. അതേ യുക്തിയിൽ പറഞ്ഞാൽ ക്ഷണികമായ വസ്തുവേതാണോ അത് ആദ്യവും അന്ത്യവുമൊക്കെ ഉള്ളതുമാകും.  അപ്പോൾ സൃഷ്ടാവു് ജനിക്കാത്തവനും മരിക്കാത്തവനും ജന്മവും ജന്മാന്തവുമൊക്കെ ഇല്ലാത്തതാകണം, സൃഷ്ടിച്ചതോ ജനനവും മരണവുമൊക്കെ എപ്പോഴും വന്നുപോകുന്ന ഒന്നുമാത്രം.



സത്യം ദൈവം, അവനുലകമായ്ത്തീർത്തസത്താണു ലോകം
തീർത്തും മിഥ്യ, ക്കരുതിടുക നീ സത്യമല്ലാത്തതെല്ലാം
സത്തിൽനിന്നും കളയു പതിരായ് വന്നസത്തായ മിഥ്യ
സത്തിൽക്കാണും ധിഷണരചിതം നാമരൂപപ്രപഞ്ചം

വ്യാഖ്യാനം: “കാരണം“ സത്യമാണു്, “കാര്യ“മെന്ന ഈ ലോകം അസത്തും.  ഏതാണോ സത്യമല്ലാത്തത് അതിനെ മിഥ്യയെന്നു പറയും. നിലനില്ക്കുന്നതെന്തോ അത് ഉണ്മ, അതായത് സത്.  ലോകം ഇല്ലാത്തതല്ല, അതിനും ഉണ്മയുണ്ടു്. മിഥ്യയാണെന്നു പറഞ്ഞാൽ സത്യമല്ലാത്തത് എന്ന് അർത്ഥം. ലോകം മാറ്റമില്ലാത്തതല്ല, മാറ്റ‘മുള്ള‘താണു് എന്നു പറയുമ്പോൾ വീണ്ടും നമ്മൾ ഉണ്മയിലേക്കാണു് വരുന്നത്. എല്ലാം മാറിക്കൊണ്ടിരിക്കുന്നുവെങ്കിലും അവ അപ്പോഴും ഉണ്ട് എന്നുതന്നെയാണു് പറയുന്നത്.  ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയാൽ മാറുന്നതത്രയും/മാറിയതത്രയും രൂപവും പേരും മാത്രമായിരുന്നുവെന്നുകൂടി കാണാം. ഇത് സത്തിൽ ആരോപിക്കപ്പെട്ട പതിരാണു്. സത്ത് അന്നും ഇന്നും എന്നും സത്തു മാത്രമാണു്, അസത്തിനെ തൻ്റെബുദ്ധി സത്തിൽ ആരോപിച്ചപ്പോഴും ആ അസത്തിനു് സത്തിൻ്റെ ഉണ്മയാണു് കിട്ടിയത്. 


മിഥ്യയ്ക്കിങ്ങൊട്ടൊരുവിധവുമേ കാരണം മിഥ്യയല്ലാ 
തഥ്യയ്ക്കിങ്ങൊട്ടൊരുവിധവുമേ ‌ ഹേതുവാകാവതല്ലാ 
തഥ്യയ്ക്കോ കേൾ, ഒരു വിധവുമേ ഹേതുവാ തഥ്യയല്ലാ
മിഥ്യാലോകം ഇവിടെ ജനനംകൊണ്ടുവെന്നെങ്ങിനോതും ?

വ്യാഖ്യാനം:  മിഥ്യയായ ഒന്നിനു് ഒട്ടൊരുവിധത്തിലും മിഥ്യ തന്നെ കാരണമാകാൻ പറ്റില്ല.  മിഥ്യയ്ക്കു കാരണം തഥ്യയാണെന്ന് ഒട്ടൊരുവിധത്തിലും പറയാനും പറ്റില്ല. തഥ്യ സ്വയമേ ഉണ്മയും അതിനിനി വേറൊരു കാരണവും പ്രത്യേകിച്ച് വേണ്ടതുമില്ല. മിഥ്യാലോകം പിന്നെങ്ങിനെ ഇവിടെ ജനിച്ചിട്ടുണ്ടെന്നു പറയും? (നാസ്ത്യസത് ഹേതുകം - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 40)


സത്യം ചൊന്നാലിവിടെമുഴുവൻനിന്നതാ സത്തുമാത്രം
സത്യം തേടുന്നൊരുമനുജനും നേരിലാ സത്തുതന്നേ
മായാമോഹം വെറുതെയവനിൽ ജീവനായ്‌ മാറിയപ്പോള്‍
മേയും പുല്ലില്‍ മൃഗമദമണംതേടി നീങ്ങുന്നമാനായ്

വ്യാഖ്യാനം:  ഇന്നലെയും ഇന്നും ഇനി നാളെയും ഇവിടെ ഉണ്മയായിട്ടുള്ളത് സത്തുമാത്രമാണു്. അത് തേടിനടക്കുന്ന മനുജനും അതേ സത്തുമാത്രമാണു്. അസത്തായ ഒന്നിനെ സത്തായതിൽ ഉണ്ടെന്നുസങ്കൽപ്പിച്ച്, സത്തിൻ്റെ ഉണ്മയെ അസത്തിൽ ആരോപിച്ച്, ഒരിക്കലും ഉണ്ടായിട്ടേയില്ലാത്ത ഒരു അസത്തിൻ്റെ സൃഷ്ടിക്കു് ഒരു കാരണം കൂടി ഉണ്ടായേക്കാമെന്ന തോന്നലിൽ ആ കാരണത്തെ അതേ മിഥ്യാലോകത്തിൽ തേടിനടക്കുന്നവൻ തൻ്റെതന്നെ കസ്തൂരി പുല്ലിൽ തിരഞ്ഞുനടക്കുന്ന മാനിനെപ്പോലെതന്നെ.

വൃത്തം : മന്ദാക്രാന്താ