Saturday, February 26, 2022

പാലക്കാടൻ കാഴ്ചകൾ

ഏഴുതിയാലും ഏഴുതിയാലും തീരില്ല, എങ്കിലും വിസ്താരഭയംകൊണ്ട് നിർത്തുന്നു.

പാലക്കാടൻ കാഴ്ചകൾ
കോവൈമാനഗരം കടന്നുവരവേ നേരേ പടിഞ്ഞാറിലായ്
പോവാമങ്ങു മധുക്കരയ്ക്കു വഴിയേ,യാമോദമോടേ മനം
ഏവം എട്ടിമടയ്ക്കുമപ്പുറമതാ മുന്നേറിടും പാതയിൽ
ആവേശത്തൊടെ കേ ജി ചാവടിയുമേ, ദേ വാളയാർ വന്നിതാ!

എൻവീടും പ്രിയനാടുമീയതിരുകൾ താണ്ടുമ്പൊളെത്തുന്നതാൽ
ആവോ, നെഞ്ചിലുതിർന്നു നിർവൃതികളോ, സന്തോഷമോ, ശാന്തിയോ
വാ വായെന്നു വിളിച്ചിടുന്നകലെയാ  സഹ്യാദ്രികണ്ടുള്ളിലായ്
കാവ്യാലംകൃത കേരനാടണയുവാനുള്ളിൽത്തിടുക്കം വരും

തൂമഞ്ഞോ തെളിമേഘമോ വെളുവെളെപ്പാറുന്നതെന്നാശയോ
എൻമണ്ണിൽ തിരികേയണഞ്ഞനിനവിൻ ഹർഷം പറക്കുന്നതോ
ചെമ്മേ ചെന്നുപുണർന്നതാമലകളെ പ്രാപിച്ചതോ, രമ്യമാ-
രാമത്തിൻ നിറചാതുരിക്കുസവിധം ബാഷ്പാഞ്ജലിക്കെത്തിയോ

കാണാമങ്ങകലേ തടാകസദൃശം പാതയ്ക്കിടത്തോരമായ്
മണ്ണിൽ പൊൻപുകളേറിവാണനദിയെൻ പ്രൗഢം നിളക്കുത്ഭവം
തണ്ണീർ തൂകിനനച്ചുകൊണ്ടൊഴുകുവാനെൻ നാടിനോടോ പ്രിയം?
പൂണാരം കളനൂപുരം സകലതും ചാർത്തീട്ടുനീ പോരുവാൻ 

നിൻമോഹം തടയിട്ടുനിർത്തിയിടുവാൻ പറ്റില്ലണയ്ക്കൊട്ടുമേ
നീ മന്ദംവരവേ തടങ്ങളിലുയിർ തേകിപ്പകർന്നീലയോ
സാമാന്യം പൊതുവേയുയർന്നവെയിലിൻ കാഠിന്യമേൽക്കുന്നിടം
കൗമാരം കഴിയാത്തനീ പരിചൊടെ,ക്കേദാരമാക്കീലയോ

പാലംകേറിവരുന്നമാത്രതെളിയും പൊൻകേരളാതിർത്തി കാൺ
മേലേനോക്കു കമാനമൊന്നവിടെയായ് സുസ്വാഗതം ചൊല്ലുവാൻ
പോലീസിൻ്റെ, തഥാ ഗതാഗതവുമാ വാണീജ്യമേൽനോട്ടവും
വല്ലാതൊട്ടുവലച്ചിടാതനുമതിയ്ക്കൊത്തെങ്കിൽ ഹാ! ഭാഗ്യമായ്

പാതയ്ക്കോരമതാവരുന്നുനിരയായ് കാലിൻ്റെമേൽ കണ്ണുകൾ
പാതയ്ക്കുള്ളിലുമോ വിലങ്ങനെവരും നാരെന്നപോൽ മാപിനി!
മീതേചക്രമുരുണ്ടുപോണഗതിതൻ വേഗംകണക്കാക്കിയാ
പാതക്കണ്ണിമചിമ്മിടും, പരിധിമേൽ വേഗത്തിനുണ്ടേ പിഴ!

പാമ്പാംപള്ളമതാവരുന്നുവഴിയിൽ ചുങ്കം കൊടുത്തീടണം
അമ്പോ! ചില്ലിലെയൊട്ടിവെച്ച ഫലകം? മുൻകൂറൊടുക്കാം പണം
വമ്പോടുണ്ടു വലത്തുമാറിയകലേ നിൽക്കുന്നതാ മാമല!
തെമ്പുള്ളോർക്കതുകേറി, 'ബാബുസദൃശം'വീണാൽ(1) വരുംസൈന്യവും !

സഞ്ചാരിയ്ക്കൊരുകാഴ്ച ചുള്ളിമടയിൽ! കണ്ടാൽ ഹരംകൊണ്ടിടാം
കഞ്ചിക്കോടുവരും തുടർവഴിയിലായ് പിന്നെപ്പുതുശ്ശേരിയും
ചെഞ്ചെമ്മേയൊരു പാലമുണ്ടവിടെയായാ  വാളയാറാറിനായ്
കൊഞ്ചിക്കൊണ്ടുമുറിച്ചുപോം വഴിയവൾ കല്പാത്തി കണ്ടീടുവാൻ

പൊള്ളാച്ചീന്നൊരുപാതയും തൊടുമിടം ചേരുന്നമേൽപ്പാലവും
കൊള്ളാം നമ്മളിതെത്തി ചന്ദ്രനഗറും തൃശ്ശൂരിടത്തോട്ടുമാ  
തുള്ളിപ്പാഞ്ഞുതിരക്കിലൂടെ മലബാർപോകാൻ വലത്തേവഴി
നുള്ളും വേണ്ടൊരുസംശയം, വലതുതാ,നുള്ളിൽവരും പട്ടണം

പാലക്കാടൊരുപട്ടണം നടുവിലോ ടിപ്പൂൻ്റെ വൻകോട്ടയും
മേലേ കൊത്തളവും, കിടങ്ങുവലുതായുണ്ടല്ലൊ ചുറ്റെങ്ങുമേ
ഇല്ലേ, മാരുതിതൻറെയമ്പലവുമാ കോട്ടയ്ക്കകം കൈതൊഴാൻ
ചേലിൽ തീർത്തൊരു വാടികാപരിസരം നല്ലോരു മൈതാനവും

കാവശ്ശേരി, തരുർ, പിരായിരി, കവ, ക്കൊപ്പം, കുനിശ്ശേരിയും
മണ്ണാർക്കാട്, വരോട്, തൂത, അയിലൂർ പട്ടാമ്പി, കോട്ടായിയും
ഒറ്റപ്പാല, മടിപ്പെരണ്ട, പറളി, ത്തൃത്താല പോത്തുണ്ടിയും
ആലത്തൂർ, ശിരുവാണി, ധോണി, കസബ, പ്പാലപ്പുറം, ലെക്കിടി..............

എമ്പാടും പലതുണ്ടു് കേൾ തെരുവുകൾ, തങ്ങും തമിഴ് മക്കളും
ഇമ്പം ചൂടിയൊരഗ്രഹാരനിരകൾ നാട്ടിൽ പലേടത്തുമായ്
വമ്പിച്ചുള്ളൊരു കീർത്തിയിൽ പ്രഥമനായ് കല്പാത്തിയും, പിന്നെയോ
ചെമ്പൈ, നൂറണി ശേഖരീപുരവുമാ മാത്തൂരു് തൃത്താമര.............

തേരോടും തെരുവീഥികൾ വിപുലമായ് കല്പാത്തിയിൽ പത്തുനാൾ!
ശൂരൻപോരു നടത്തിടും മുറപടിസ്കന്ദന്റെ ഷഷ്ഠീദിനം!
ചേരൻ ചോഴനുമൊക്കെയന്നരുളിയോരാചാരശേഷിപ്പുകൾ
ചേരുന്നീവിധ,മീനിറന്നവനിതൻ സംസ്കാരസമ്പന്നത! 

കൊല്ലങ്കോടണയും കുരുന്നുനദിയായ് ഗായത്രിചൊല്ലും പുഴ
ചെല്ലും, നല്ലൊരു താളവും പകരുവാൻ പല്ലശ്ശനക്കാർക്കവൾ
പല്ലാവൂർക്കതു ചേർന്നതും തരുണിയായ് മേളക്കൊഴുപ്പാർന്നപോൽ
'പല്ലാവൂർത്രയ'മോടെവന്നു(2) പുകളാൽ തായമ്പകത്താളമായ്

കാണാനേറെ, കലാവിരുന്നുനുകരാൻ കണ്യാർകളിക്കൂട്ടവും
വേണോ, പോരിനുപോയ് വരാമുശിരെഴും കൊങ്ങൻപടയ്ക്കൊപ്പവും
കണ്യാർ വന്നുപുലർന്നനാളിലിവിടെ,ക്കുമ്മാട്ടിയായ് കൂട്ടരേ
കിണ്ണം കൊട്ടിയതാളവും ഭഗവതിയ്ക്കുണ്ടുത്സവാഘോഷവും (3)

ഗായത്രിപ്പുഴ പോകയായ്, തരുണിതൻ കല്യാണമെന്നാണിനി?
അയ്യേ! പെണ്ണിനുനാണമായ് സമുചിതം യോജിച്ച തീർപ്പെപ്പൊഴോ?
പയ്യേചെന്നു പണിക്കരെത്തിരയണം പാടൂർക്കുപോയീടണം (4)
നെയ്യുംപൊൻകസവിട്ട പൂംപടവയും വാങ്ങാനുമുണ്ടോ വിധി?

പണ്ടേ കേട്ടതു മാമയിൽ മുരുകനിൻ വിശ്വസ്തനാം സേവകൻ
ഉണ്ടോ നിന്നിലൊരാശയാ മഹിയെഴും ശ്രീരാമചന്ദ്രന്നുമേൽ
കൊണ്ടൽകണ്ടുമദിച്ചപോൽ ചിറകുകൾ നീർത്തുന്നതിന്നെന്തിനോ
കണ്ടോനീ തവ ചൂലനൂർമലയിലും വില്വാർദ്രിനാഥപ്രഭ! (5)

നർമ്മത്തിൽ പുതുമർമ്മമോടെയെഴുതും കുഞ്ചൻ്റെയാ പാടവം
കേമം തന്നെയതും പിറന്നതിവിടേയിന്നാട്ടിലാ - ലെക്കിടി
ചെമ്മേ 'മാനസപൂജ'യിൽ മുഴുകിയാൽ അക്കിത്തമുണ്ടിപ്പൊഴും
ഓമൽത്താരിലൊളപ്പമണ്ണ വരവായ് കാൺ വെള്ളിനേഴി പ്രിയം

എം ടീ കണ്ടൊരു നാടിതാ, കടവിതാ മഞ്ഞും മുറപ്പെണ്ണുമായ്
കുട്ട്യേടത്തിവിധംപകർന്നു ഹൃദയംകൈക്കൊണ്ട സാഹിത്യവും
നീടേറും രവികണ്ട നാട്ടിലലയാം പോരേ ഖസാക്കിൻ കഥ
കൂടെക്കേൾക്കു കരിമ്പനക്കുസൃതികൾ ചൂളംവിളിക്കുന്നതായ്

നാറാണത്തൊരു പാന്ഥനുണ്ടു് മലയിൽ കല്ലുന്തിനിൽക്കുന്നതാ(6)
വേറിട്ടുള്ളൊരു കാഴ്ചയാണതുവെറും കല്ലല്ല, വട്ടല്ലതു്
പേറും ജീവിതഭാരമാണു, ദിനവും യത്നിച്ചു മുന്നേറവേ
വീറോടെന്നുമുയർത്തിനാ,മൊടുവിലോ വീഴാം നിലംപൊത്തിടാം

വീഴുമ്പോൾ തളരുന്നവർ ച്യുതികളിൽ പൊട്ടിക്കരഞ്ഞീടുവോർ
വാഴാനോടിനടപ്പവർ ദ്യുതിയിലോ പൊട്ടിച്ചിരിക്കുന്നു നാം
വീഴും കല്ലിനെ നോക്കിനിൽക്കെ പൊരുളായ് വന്നട്ടഹാസച്ചിരി!
വാഴും സത്യമതൊന്നുമാത്രമറിയുന്നെന്നിട്ടുമേ ഭ്രാന്തനായ്

മൂടും കൂരിരുളോടെ പണ്ടുപതിവായ് പാലയ്ക്കുമേൽ യക്ഷികൾ
പാട്ടുംപാടി മണംപരത്തിവരവായ് ചൂടോടെ താ ചെന്നിണം
ആടും പട്ടകളൊക്കെയും പനകളിൽ പേടിപ്പെടുത്തുന്നതും
പാടേമാഞ്ഞൊടിവിദ്യയും ഒടിയനിന്നെങ്ങോ മറഞ്ഞില്ലയോ

തൊട്ടിട്ടില്ല മനുഷ്യപാദമിനിയും നിശ്ശബ്ദമാം താഴ് വര!
അട്ടപ്പാടിയിലൊട്ടനേകമറിയാനീ ജൈവവൈവിധ്യവും
കാട്ടിൻവൈഭവമൊക്കെയും നിധികളായ് കണ്ടിട്ടതിൻ ചാരുത
കോട്ടം തീരെവരാതെ നാം കരുതലോടെന്നും സ്വയം കാക്കുക

പാടം വിസ്തൃതമുണ്ടതിന്നതിരുകൾ കാക്കുന്നതോ മാമല
നാടാകെച്ചെറുതോടുകൾ സഖികളായ്, നിൻമേലരഞ്ഞാണമായ്
പാടത്തൂടവചുറ്റി, തന്നുറവിനാൽ മണ്ണിന്നുമുണ്ടായ് മദം
കൂടെച്ചേർന്നതു നാമ്പിടും കതിരിടും സ്വപ്നം വിളഞ്ഞായിരം

കണ്ണീരുപ്പുകലർത്തി വിത്തുമുഴുവൻ വേർപ്പിൽവിതച്ചിട്ടതാൽ
കണ്ണെത്താ വയലേലപൂണ്ടുകനകം മഞ്ഞച്ചപൊൻധാന്യമായ്
മണ്ണിൽ മറ്റൊരുനന്ദനം മരതകപ്പട്ടിട്ടപൂങ്കാവനം
ഓണം താനെയണഞ്ഞുപോം കരയിതിൽ സമ്മോഹനം സുന്ദരം

കേൾക്കാമാരവമോടെ കന്നിനെ നുകം കെട്ടീട്ടതാ ചേറുമി-
ന്നൊക്കും കണ്ടമതൊന്നിലൂടതിസരം പായിച്ച കോലാഹലം
ഊക്കിൻ തെമ്പു നിലംമുഴുക്കെയുതാൽ തീരാത്തവർ കർഷകർ
മിക്കപ്പോഴുമവർക്കു കന്നുതെളിയുംകൊണ്ടേയടങ്ങൂ ചുണ

കന്നും കാലികളൊക്കെയൻപൊടു സദാ വീട്ടിൽവളർത്തുന്നവർ
നന്നായ് തന്നുപജീവനത്തിനവതൻ  ക്ഷേമത്തിനാശിപ്പവർ
എന്നും മുണ്ടിയനുള്ളനേർച്ച പതിവും തെറ്റാതെയേകുന്നവർ
വന്നീയാൽത്തറമുന്നിലെത്തു,മമരും കാളത്തലയ്ക്കേകുവാൻ (7)

കാറ്റൂതും കതിരിട്ടപാടമഴകായ്, പൊന്നിൻവെയിൽസ്പർശമാൽ
മാറ്റേറും മണികൾവിളങ്ങിവയലിൽ മുത്താരമായ് മഞ്ഞുനീർ
ചുറ്റും കൗതുകമോടെ പാറിയണയും പൂത്തുമ്പികൾ, പക്ഷികൾ
ഏറ്റംകാണ്മു സമൃദ്ധിതൻവിളനിലം സന്തോഷസാമ്രാജ്യമായ്

മൊത്തം നാടിനുദാഹനീർ പകരുവാനുണ്ടേ നിളാലാളനം
കത്തുംചൂടിലെയാശ്രയം, മഴയിലോ കോപിച്ചിടും കാമിനി
നൃത്തച്ചോടൊടു ലാസ്യമാടിമനവും മോഷ്ടിക്കുമാ മോഹിനി
സത്താം സംസ്കൃതിയും പകർന്നുപലനാൾ പാലിച്ചിടും വാഹിനി

പന്നീർ തൂകിവരുന്നവേള കഴലിൽ സംഗീതമിന്നെങ്ങിനെ?
മാനത്തപ്സരനർത്തനം മുറുകവേ താഴേക്കുതിർന്നോ മണി?
പുന്നാരം മൊഴിതഞ്ചമോടരുളിയാ പാടുന്നതിൻ സാധകം
തേനോലും കിണിപോലെവാങ്ങിവരവോ കല്പാത്തിയോടിത്തിരി?

ചിന്തീ പൊൻനിറമോടെ സൂര്യകിരണം പൂ വാരിവീശുന്നപോൽ
സ്വന്തം സന്തതവർണ്ണമാമരുണിമയ്ക്കൊപ്പം തിളങ്ങാൻ നിള
ചാന്തിട്ടോമന ഹേമരാഗമഴകായ് ചിറ്റോളമാലയ്ക്കുമേൽ
ചന്തംതൂകി നിതാന്തശാന്തമൊഴുകാൻ തൂമന്ദഹാസത്തൊടെ

പാടം കൊയ്ത്തുകഴിഞ്ഞുറങ്ങി നിറവിൽ വേനൽക്കിനാവുണ്ണവേ
നാടാകെച്ചെറുവേലകൾ പലതരം താലപ്പൊലീയുത്സവം
കൂടെക്കാണ്മു പടക്കവും വിവിധമാം കോലങ്ങളും മേളവും
ചാടിത്തുള്ളി തിമിർപ്പിലൂടലയവേ വല്ലാത്തൊരാഘോഷമാ

മൊത്തം വേലകളത്രയിൽ പ്രമുഖമാം നെന്മാറ-വല്ലങ്ങിയിൽ 
എത്തും മാനവരത്രയും കരിമരുന്നുണ്ടങ്ങു കേമം ബഹു
കത്തിക്കേറിയതൊന്നൊടൊന്നു നിരയായ് പൊട്ടുന്നതിന്നൊച്ചയിൽ
പൊത്തും കാതുകളത്രയും സഹികെടും, വിസ്ഫോടനം മുന്നിലായ്!!

വേവും ചൂടുപരക്കെയുണ്ടൊരുവിധം ജില്ലയ്ക്കകത്തെങ്ങുമേ
പാവങ്ങൾക്കൊരു ഊട്ടിയുണ്ടു് മലയിൽ നെന്മാറതൻ മേലെയായ്
മേവും കാറ്റല നെല്ലിയാമ്പതിമലയ്ക്കുള്ളിൽ കുളിർ തൂകിടും (8)
ഈ വേനൽപ്പൊരിചൂടിലും തണുവെഴും  കാടിൻകുളിർമേടുകൾ

കാണാൻ സുന്ദരമാണു, മണ്ണുപവിഴം കൊയ്യുന്ന നാടാണിത്
സ്വർണ്ണം നെന്മണിപോലെവന്നു സുഭഗം തന്നോരുവാഴ് വാണിത്
വർണ്ണങ്ങൾ നിറമാലപൂണ്ടകനവാൽ കഷ്ടത്തെയിഷ്ടപ്പെടും
കണ്ണാൽ കാണുവതിന്നുമപ്പുറമുയിർ കാണുന്നവർ കർഷകർ

നോക്കൂ, ഞങ്ങളിലില്ല ജാഡമൊഴികൾ, വാക്കിൽ വഴക്കില്ലപോൽ
വക്കാണം പതിവല്ലകാണ്മു, പൊതുവേ മെക്കിട്ടുകേറാത്തവർ
ഊക്കിൽ നേർമ്മകളുള്ളവർ നെറിയിതെന്നോർക്കുന്ന നെഞ്ചുള്ളവർ
കേൾക്കൂ തേന്മൊഴിപോലെ, തെല്ലുപതിരും വെയ്ക്കാത്തൊരീ വാക്കുകൾ


കുറിപ്പുകൾ
1.  മലമ്പുഴ പോകുന്നവഴിയിലെ കുമ്പാച്ചി മലയിൽ ബാബു എന്ന ഒരു ചെറുപ്പക്കാരൻ കയറുകയും അബദ്ധവശാൽ താഴെവീണ് ഇടയിൽ തങ്ങുകയും രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിൽ സൈന്യം രക്ഷിച്ചെടുക്കുകയും ചെയ്തു. ബാബുവിനുപറ്റിയത് അബദ്ധമാണെങ്കിൽ തുടർന്ന് പലരും മലകയറിനോക്കൻ വരികയും അവിടെ പ്രവേശനം നിരോധിക്കുകയും ചെയ്തു.  ഇനി കയറാൻ ഇതുപോലെ മറ്റുമലകളേയുള്ളൂ.

2. പല്ലാവൂർ ത്രയം : പല്ലാവൂർ അപ്പുമാരാർ - ഇടയ്ക്ക, പല്ലാവൂർ മണിയൻ മാരാർ - തിമില, പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാർ - തിമില. പ്രസിദ്ധരായ മേളക്കാർ

3. കണ്യാർകളി - കൊങ്ങൻപട - കുമ്മാട്ടി.  പലക്കാടിൻ്റെ കിഴക്കൻപ്രദേശങ്ങളിൽ മാത്രം കൊണ്ടാടുന്ന 3 ഉത്സവങ്ങൾ

4.  പാടൂർ - ധാരാളം ജ്യോത്സ്യന്മാരാൽ പ്രസിദ്ധം.   തുടർന്ന് പുഴ തൃശ്ശൂർക്കു കടന്ന് പഴയന്നൂർ കുത്താമ്പുള്ളി മായന്നൂർ വഴി നിളയിലേക്ക്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് കുത്താമ്പുള്ളി.

5.  ചൂലനൂർ മയിൽ വളർത്തുകേന്ദ്രം. ഇത് പാലക്കാടിൻ്റെ അതിർത്തിയാണ്. തുടർന്ന് തിരുവില്വാമലയാണ്.(മഹാവിഷ്ണു മേഘവർണ്ണനാണല്ലോ)

Pic Courtsy tourismnewslive


6. രായിരനെല്ലൂർ മല - പട്ടാമ്പി - കൊപ്പം വഴി വളഞ്ചേരിക്കുപോകും വഴിയിൽ. തിരുവേഗപ്പുറ ഗ്രാമവും സമീപത്തുള്ള രായിരനെല്ലൂർ മലയും ഭ്രാന്തൻ്റെ വിഹാര കേന്ദ്രങ്ങളായിരെന്നെത്രെ.  ഈ മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് തഴേക്കുരുട്ടിവിട്ട് പൊട്ടിച്ചിരിക്കുക  ഭ്രാന്തൻ്റെ(?) ഒരുപതിവ് വിനോദമായിരുന്നു.




7. മുണ്ടിയൻ കാവ് - മനുഷ്യർക്കു ദൈവങ്ങളുള്ളപോലെ ആടുമാടുകളുടെ ദൈവം. ആൽത്തറയിലെ കാളത്തലയാണ് പ്രതിഷ്ഠ.  അവരുടെ ആയുസ്സിനും ആരോഗ്യത്തിനും മുണ്ടിയനാണ് നേർച്ച. 

8.  പാവപ്പെട്ടവൻ്റെ ഊട്ടിയെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതി.  പണച്ചെലവില്ലാതെ കണ്ടുവരാം.

  







Saturday, February 5, 2022

കംബരകാവ്യം

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് ചെമ്പകമാലാ (രുക്മവതി). കൃത്യം 5 അക്ഷരങ്ങളിൽ ഓരോവരിയും രണ്ടായി മുറിയുന്നതിനാലും മുറിച്ചുവെച്ച  പൂർവ്വഭാഗവും ഉത്തരഭാഗവും ഒരുപോലെതന്നെയിരിക്കുന്നതിനാലും അഷ്ടപ്രാസത്തിന് ഉത്തമമാണ് ഈ വൃത്തം.  

വ്യഞ്ജനത്തിനാണ് പൊതുവെ പ്രാസം കൊടുക്കുന്നത്.  ഇത്തവണ അവസാനശ്ലോകത്തിൽ ഒരു വ്യത്യസ്തതയ്ക്കുവേണ്ടി  അനുസ്വാരം ഉപയോഗിച്ചാണ് പ്രാസം കൊടുത്തിരിക്കുന്നത്.  അം എന്നത് സ്വരാക്ഷരങ്ങളിൽപ്പെട്ടതാണെങ്കിലും പ്രാസത്തിനെടുത്തപ്പോൾ അതിന് വ്യഞ്ജനത്തിന്റെ ഫലംകിട്ടിയോയെന്നു സംശയം.  ഇത് വെറുതെ എഴുതിയെന്നേയുള്ളൂ. വ്യത്യസ്തത പരീക്ഷിക്കുന്നത് എനിക്ക് ഒരുരസമുള്ള കാര്യമാണ്.

കംബരകാവ്യം

ഇന്ദിരതങ്ങും മന്ദിരമായെൻ
സന്ദിതഹൃത്തിൻ നന്ദനമെങ്ങും
സുന്ദരചിന്താവൃന്ദമുതിർക്കും
ചന്ദനഗന്ധം തുന്ദിലഭാവം

നൊമ്പരമേന്തും കുമ്പിളുകൾ തൻ
തമ്പു തകർത്തെൻ തുമ്പമകറ്റാൻ
വെമ്പുകയായ് ഹൃത്കമ്പനമുള്ളിൽ
ഇമ്പമുണർത്തും കമ്പവുമോടെ

ചിന്തകളെല്ലാം ചിന്തിയ ചിത്രം
ചന്തമെഴും ചേമന്തി കണക്കെ
ആന്തരനോവിൻ ചാന്തുകലർത്തി
നൊന്തൊരു ജീവൻ കാന്തി പരത്തി

അക്ഷരമോരോന്നായ് ക്ഷരിതത്തി-
ന്നക്ഷമനായ് ഞാനക്ഷരഭിക്ഷു
എൻ ക്ഷരമാറ്റും വീക്ഷണകോണൊ-
ന്നീക്ഷണമേകീ നീ ക്ഷണികത്താൽ

പഞ്ഞവുമുള്ളിൽ തേഞ്ഞുമറഞ്ഞൂ 
കാഞ്ഞകടുപ്പം മാഞ്ഞലിവാർന്നു
മേഞ്ഞു മനസ്സിൽ കുഞ്ഞുകിനാക്കൾ
മഞ്ഞണിചിത്തേ വീഞ്ഞിലെ മത്തായ്

നട്ടുമനം വേറിട്ട വിചാരം
മൊട്ടുകളും പൂന്തോട്ടവുമായി
മട്ടലരിൻ പൂവട്ടകയുള്ളിൽ
കൊട്ടിയ വാണീനേട്ടമറിഞ്ഞു

വിങ്ങലിലെൻ രാഗങ്ങളലിഞ്ഞു
തേങ്ങലിലും നാദങ്ങളുണർന്നു
ചങ്ങലതൻ ബന്ധങ്ങളുമറ്റു
തിങ്ങിമനസ്സിൽ പൊങ്ങി വസന്തം

രഞ്ജനഭാഷാമഞ്ജരി തന്നിൽ
മഞ്ജുളവാക്കിൻ മഞ്ജുപതംഗം 
പഞ്ജമണഞ്ഞും രഞ്ജിതനേരം 
ഗുഞ്ജിതമാമെൻ കുഞ്ജകുടീരം

പഞ്ചമരാഗം കൊഞ്ചലിലെൻറെ
നെഞ്ചിലെനാദം ചഞ്ചലതാളം
അഞ്ചിതമാകും പുഞ്ചിരിയെന്നിൽ
പിഞ്ചിളസൂനം കഞ്ചമൊരെണ്ണം

പൂത്തൊരു ചിമ്പാകത്തിലെ മാലാ-
വൃത്തമതൊന്നിൽ ചിത്തമിണക്കി
ഉത്തമമാം വാക്കൊത്തു നിരത്തീ
ട്ടിത്തരുണം ഞാൻ തീർത്തൊരുകാവ്യം

കംബരമാം കാവ്യാംഗന മുന്നിൽ
രംഗണവാക്കിൻ സംഗമരംഗം
മംഗളമാക്കിക്കംബുകമൂതി
തംബുരു മീട്ടീ സംഗതചിത്തം

വൃത്തം: ചമ്പകമാലാ
പ്രാസം: അഷ്ടപ്രാസം
ഭം മസഗം കേൾ ചെമ്പകമാലാ

പദപരിചയം
സന്ദിത: ബന്ധിക്കപ്പെട്ട
തുന്ദില: നിറഞ്ഞ/വഹിക്കുന്ന
ക്ഷരിത: തുള്ളി തുള്ളിയായി വീഴ്ത്തപ്പെട്ട
ക്ഷരം: അഞ്ജാനം/മൂഢത
ക്ഷണിക: മിന്നൽ
മട്ടലർ: തേനുള്ളപൂ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന
പഞ്ജം: കൂട്ടം
കഞ്ജം: താമര
ചിമ്പാകം: ചെമ്പകം
കംബര: പലനിറമുള്ള
രംഗണം: നൃത്തം
കംബുകം: ശംഖ്
സംഗത: ചേര്‍ന്നു നില്‍ക്കുന്ന