Saturday, June 19, 2021

നന്ദിതവിന്ദു

ധൃതി (18) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് ശങ്കരചരിതം. ഈ വൃത്തത്തിലെ ഒരു ദ്വാദശപ്രാസ പരീക്ഷണമാണ് ഇത്.  ദ്വാദശപ്രാസം എഴുതുമ്പോൾ പൊതുവെ  അതിൽ സ്വാഭാവികമായി ദ്വിതീയ പ്രാസം ചേർന്ന് വരികയാണ് പതിവ്.  എന്നാണ് ചില വൃത്തങ്ങളിലെങ്കിലും ദ്വിതീയപ്രാസം ദ്വാദശ പ്രാസത്തിനു പുറമെ കൊടുക്കുവാനാകും. അത്തരം ഒരു വൃത്തമാണ് ശങ്കരചരിതം.


മൂന്ന് അധികനിബന്ധനകളോടെയാണ് ഈ കവിതയിൽ ശങ്കരചരിതം കൊണ്ടുവന്നിരിക്കുന്നത്.

1 ദ്വിതീയാക്ഷരപ്രാസം
2 അതിൽ നിന്നും വേറിട്ട് ദ്വാദശപ്രാസം
3 ദീർഘസ്വരങ്ങൾ പാടെ നിരാകരിച്ചിരിക്കുന്നു, 



നന്ദിതവിന്ദു

കനവല്ലിതു നറുമല്ലിക നലഝില്ലിയിലനിശം 
മനവല്ലരി നിറഫുല്ലവുമതു നല്ലൊരു മണവും
വിന തെല്ലൊരു തരിയില്ലൊരു കുനുപല്ലവനിനവിൽ
പനിമല്ലികമലതല്ലിയ  മതിവല്ലഭസുരസം


ഝില്ലി: ശോഭ/ (സൂര്യ) പ്രകാശം
അനിശം : എല്ലായെപ്പോഴും
വിന : പാപം
പനി മല്ലികം : മഞ്ഞ് ഉള്ള മാഘമാസം, (ജനുവരി 15 - ഫെബ്രുവരി 15)
മതി വല്ലഭ : മനസ്സിന് ഇഷ്ടമുള്ള
സുരസം : നല്ല രസം, മണം

തനിസത്തൊരു നിറവൊത്തൊരു സുഭഗത്തൊടു വിടരും
കനിവൊത്തൊരു മണിമുത്തവുമതു ഹൃത്തടമരുളും
മനവൃത്തികളമുദത്തൊടുമൊരു നർത്തനലസിതം
ഘനമെത്തിയ ഗഗനത്തിനു മദമത്തമയിലുകൾ

നിറവ്: പൂർണ്ണത
സുഭഗ : ഐശ്വര്യം ഉള്ള
അമുദം : ആഹ്ലാദം
ഘനം : മേഘം 



ശതകുന്ദകമിളവൃന്ദവുമതു വിന്ദുവിനലകൾ
സിതകന്ദടചിതിമന്ദര മധുനന്ദിത ഹൃദയം
പുതുചന്ദനവലിസന്ദിതമതികന്ദളിതമഘം
ഋതുനന്ദനവനികന്ദളമണിമന്ദിരസദൃശം


ശത കുന്ദകം : നൂറുകണക്കിന് കുരുക്കുത്തി മുല്ലകൾ
ഇള വൃന്ദം: പിഞ്ച്, ഇളയതായ കൂട്ടം
വിന്ദു : അറിവുള്ള
സിത: വെളുത്ത/തികവായ
കന്ദടം : വെളുത്ത ആമ്പൽ
ചിതി: ഗ്രഹണം, അറിവ് 
മന്ദര : വലിയ/വലിപ്പമുള്ള
നന്ദിത : കൈക്കൊള്ളപ്പെട്ട
വലി : കുറിക്കൂട്ടുകൊണ്ടു ശരീരത്തില്‍ ഉണ്ടാക്കുന്ന രേഖ (ഇവിടെ മനസ്സിൽ)
സന്ദിത : കെട്ടപ്പെട്ട കോർക്കപ്പെട്ട
മതി : ബുദ്ധി, മനസ്സ്
കന്ദളിത : മുളച്ച/അങ്കുരിച്ച
മഘം : സുഖം/ഭാഗ്യം
നന്ദനവനി : ഇന്ദ്രൻറെ പൂന്തോട്ടം
കന്ദളം : സ്വർണ്ണം



മനകങ്കര ദുഷിപങ്കില പതിരങ്കതി കളയും
വിനശങ്കയുമകപങ്കവുമൊരു പങ്കജിനിവളം
തനികങ്കുരമതിലങ്കനമൊഴി കുങ്കുമമണിയും
നിനവങ്കുര മുഴുതിങ്കളിനൊളി തങ്ക നിറലയം


കങ്കര : മുഷിഞ്ഞ/ചീത്തയായ
ദുഷി : ദുഷിച്ചുപറയല
പതിര് : കൊള്ളരുതാത്ത
അങ്കതി:  തീ/ ഹോമാഗ്നി സൂക്ഷിക്കുന്നവൻ
അക പങ്കം : അകത്തെ ചെളി
പങ്കജിനി വളം: താമരക്കൂട്ടം, താമരപ്പൊയ്ക, അതിനുള്ള വളം
തനി കങ്കുരം : തനി സ്വർണ്ണം
അങ്കനം : അടയാളപ്പെടുത്തല്‍, മുദ്രയിടല്‍




തമഭഞ്ജന ചിതിപഞ്ജവുമൊരു കുഞ്ജരവിപുലം
രമഗുഞ്ജിതരവകുഞ്ജവുമൊരുമഞ്ജു വലയിതം
മമരഞ്ജിത മനപിഞ്ജരമനുരഞ്ജനനിറവിൽ
സുമരഞ്ജന മധുമഞ്ജരി നിറമഞ്ജുഷനികരം

തമ ഭഞ്ജനം - ഇരുട്ടിനെ നശിപ്പിക്കുന്ന
ചിതി പഞ്ജം - പ്രജ്ഞാനത്തിൻറെ/ഗ്രഹിച്ചവയുടെ കൂട്ടം
കുഞ്ജരം : വടവൃക്ഷം
വിപുലം : വിസ്തൃതമായ
രമ ഗുഞ്ജിത രവം: ആനന്ദിപ്പിക്കുന്ന കുയിലിന്റെ പാട്ടിൻറെ ഒച്ച
കുഞ്ജം : വള്ളിക്കുടിൽ
മഞ്ജു വലയിതം : അഴകിനാൽ ചുറ്റപ്പെട്ട
മമ രഞ്ജിത മനം : എൻറെ സന്തോഷിക്കുന്ന മനം
പിഞ്ജരം : സ്വർണ്ണനിറം (ആയി)
അനുരഞ്ജന : യോജിച്ചു പോകുന്ന
നിറവ് : പൂർണ്ണത
സുമ രഞ്ജന : നിറം പിടിപ്പിക്കുന്ന/ചായമിടുന്ന /പ്രീതിപ്പെടുത്തുന്ന / സന്തോഷിപ്പിക്കുന്ന പൂവിന്റെ
മധു മഞ്ജരി : തേനുള്ള പൂങ്കുല
നിറ മഞ്ജുഷ : വലിയ കൊട്ട നിറയെ
നികരം : സാരം


ദ്യുതിമണ്ഡന മതിമണ്ഡപപരിമണ്ഡല നികടം
ശ്രുതിപണ്ഡിത മഹിതുണ്ഡവുമിഹ തുണ്ഡിലമൊഴികൾ
ചിതിഖണ്ഡനമദഹണ്ഡിക ഹൃദിലുണ്ഡി വിരചിതം
സ്മൃതിപിണ്ഡക ശുഭഗണ്ഡവുമിതുമുണ്ഡകതിലകം

ദ്യുതി മണ്ഡന : പ്രകാശത്താൽ അലങ്കരിക്കപ്പെട്ട
മതി മണ്ഡപം : ബുദ്ധിയുടെ മണ്ഡപം
പരിമണ്ഡലം : വൃത്തം/ബിംബം
നികടം : അടുത്ത്, സമീപം
ശ്രുതി പണ്ഡിത : വേദം/ശാസ്ത്രം അറിവുള്ള 
മഹി തുണ്ഡം : മഹത്തരമായ(വലിയ) ചുണ്ട്
ഇഹ : ഇവിടെ
തുണ്ഡില : ധാരാളം സംസാരിക്കുന്ന
ചിതി ഖണ്ഡന  : അറിവ് പൊട്ടിക്കുന്ന
മദ ഹണ്ഡിക : മദത്തിൻറെ മൺകുടം
ഹൃദി ലുണ്ഡി : ഹൃദയത്തിൽ  ഉചിതമായ തീരുമാനം/ശരിയായ പെരുമാറ്റം
വിരചിതം : ഉണ്ടാക്കിത്തീർക്കുന്നു
സ്മൃതിപിണ്ഡക :  ധർമ്മശാസ്ത്രത്തിലെ അറിവിൻറെ കസ്തൂരി
ശുഭ ഗണ്ഡം : ശുഭമായ അടയാളം
മുണ്ഡകം : നെറ്റി




Saturday, June 5, 2021

മഴക്കളികൾ

 

മഴപെയ്തിടമുറിയാതൊരു കൊടുമാരിയിലൊടുവിൽ
പുഴപോലൊരു ചെറുചാലുകളണിയും നടവഴിയിൽ
ഒഴുകുംജലമണികൾ പദതളിരാൽ ചിതറിയതിൽ
തഴുകുംകുളിരലവീണിളമനമേ, കളിതുടരാം

തെളിനീരല മഴപെയ്തൊഴുകിടുമാ നടവഴികൾ 
ചെളിയിൽ പദമമരും ചെളിനിറമായതുപടരും
തെളിനീരിനുചെളിതൂകിയകഴലിൻ തുടിനടനം
കളികൾ തിരുതകൃതിയ്ക്കതിനിടയിൽ പലവികൃതി!

മനമാകെയൊരഴകേറിയ മഴവില്ലൊളിവിതറും
കനവിൻകണിയുദയം പ്രഭ തെളിവാനവുമണിയും
നനവേറിയ കളിമുറ്റവുമടരാടിയ കുഴികൾ 
കനകാംബരമലരൂർന്നതു ചുടുചെന്നിണമണിപോൽ

കൊതിപൂണ്ടൊരു ചെറുഷഡ്പദഗണമോ നിരനിരയായ്
പതിയേയൊരു പദസഞ്ചലനവുമായ് വരിവരിയായ്
ഗതിമാറ്റിയ പരവേശമൊടവയോടിയ ബഹളം
അതിജീവനസമയം കടിപിടികൂടിയ കലഹം!

പലകോണിലുമളവിൽ ജലമണകെട്ടിയ തടമായ്
വിലസാമതിലലസം വരുയിനിലീലകളതിലായ്
നിലയുള്ളൊരു കുളമാണതു തരിയുംഭയമരുതാ
അലമാലയിലുഴറാം ചെളികൊതിതീരെയുമണിയാം

കടലാസുകളൊഴുകും പലതരമായതിലലയും
കടലാണതു പലതോണികളൊരു ചാകരതിരയും
നടമാടിയ പദമാൽ തടമതിലോളവുമിളകും
ഇടനേരവുമഴിയാത്തൊരു തിരമാലയുമുണരും

ചെളിവെള്ളവുമണനിന്നൊരു കളിമുറ്റവുമൊരു കാ-
കളിപാടണ കിളിപോലൊരു ചൊടികൂടിയവിളികൾ
കളിതന്നൊരു വിരുതേറിയ ചെറുഭാവനപലതിൽ 
കളിവഞ്ചികളൊഴുകേയലകടലായ് മനമുയരും

ചെറുതോണിയിലകമേ തളിരിലയും കുനുമലരും
ചെറുജീവികളിവയും കരതിരയുംകളി രസമായ്
മറുതീരവുമണയാൻകൊതി  തിരമേലവയലയും
വെറുതേയൊരു വികൃതിത്തരമതു വഞ്ചികളുലയാൻ

ഇരുകൈകളുമിഴചേർന്നൊരുപുടമായതിലളവിൽ
വിരുതോടൊരുതുടി തേകിയകളി മത്സരമയമായ്
പെരുമാരിയിലൊരുവൻകുടമളവോടതു പൊഴിയേ
തിരവീണൊരുചെറുതോണികളലയാഴിയിലുലയും

തിരതീണ്ടിയ ചെറുതോണികളലയിൽ നിലമറിയും
തിരമേലില, ചെറുജീവികളിവചേർന്നതിലൊഴുകും
കരപൂകണമുടനേ ത്വരയതുജീവനുഭയമാൽ
തിരനീന്തിയതണയും മറുകരചേർന്നവമറയും 

ഗതകാലമൊഴലായ് മനമുരുകും പഴനിനവിൽ
ഹിതമായതുപലതും മനമുകുരം തിരതെളിയും
മൃതനായിടുമൊരുനാൾവരെയതുമിന്നിടുമകമേ
ശതപൊൻകണിമിഴിവോടതു തുടരും വരിശകളിൽ

വൃത്തം: ശങ്കരചരിതം


സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം