Saturday, July 23, 2022

വാണീസ്തുതി

ഒരു വരിയിൽ 23 അക്ഷരങ്ങൾ വരുന്ന വികൃതി എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് ശ്രവണാഭരണം.  അഭിമതം എന്നൊരുപേരും ഇതിനുകേട്ടിട്ടുണ്ട്. മഹിഷാസുരമർദ്ദിനി സ്തോത്രം വായിച്ചിട്ടുള്ളവർക്കും കേട്ടിട്ടുള്ളവർക്കും പഠിച്ചിട്ടുള്ളവർക്കും  ഇഷ്ടപ്പെടുന്നവർക്കുമൊക്കെ ഈ വൃത്തം പെട്ടെന്നു തിരിച്ചറിയാനാകും, ഒരുപക്ഷെ അതിൻ്റെ പേരു്  അറിഞ്ഞുകാണില്ല. കാരണം  ഇത് വൃത്തമഞ്ജരിയിൽ കാണാത്ത ഒരു വൃത്തമാണ്. അതിനാൽ  ഓരോപേരിലും ഓരോ ലക്ഷണങ്ങളുംകൂടി താഴെ എഴുതി ചേർത്തിട്ടുണ്ട്. ഇഷ്ടപ്പെട്ടപേരിൽ ഇതിനെ വിളിക്കാം.  പ്രാസഭംഗിയുള്ളതുകൊണ്ടും അർത്ഥസമ്പുഷ്ടമായതുകൊണ്ടും എന്നും അത്ഭുതത്തോടും ആരാധനയോടുംകൂടിമാത്രമേ ഞാൻ മഹിഷാസുരമർദ്ദിനി സ്തോത്രം  കണ്ടിട്ടുള്ളൂ. അതേവൃത്തമെടുത്തു് ഒരു സ്തുതിയെഴുതാൻ തുനിയുമ്പോഴും എത്രത്തോളം പ്രാസം എഴുതിയൊപ്പിക്കാനാകും എന്നതായിരുന്നു എൻ്റെ മനസ്സിലെ ചിന്ത.

മഹിഷാസുരനിഗ്രഹത്തിൻ്റെ കഥപറഞ്ഞ്, ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും കാണിച്ച്, ഭ്രാമരീവിദ്യയും യോഗിനീജാലശാംബരവും പോലത്തെ തന്ത്രങ്ങളും പറഞ്ഞ്, മന്ത്രങ്ങളിൽത്തന്നെ മഹാമന്ത്രമായ മഹാഷോഡശാക്ഷരീമന്ത്രവും പരാമർശിച്ചു്, സുരഥൻ്റെയും സമാധിയുടെയും മോക്ഷകഥാസാരവും സൂചിപ്പിച്ച്, സമയാചാരം പോലത്തെ ദേവീസാധനാവിദ്യകളും പഠിപ്പിച്ച് ഒടുവിൽ ഫലസിദ്ധിയും പറഞ്ഞുപോകുന്ന ആ പ്രൗഡകൃതിയുടെ ബൗദ്ധികസത്തയോളമൊക്കെ ഉന്നതിയിൽ എൻ്റെചിന്തകൾക്ക് എത്താനാകുകയോ, അത്രയൊക്കെ  എഴുതിഫലിപ്പിക്കാനാകുകയോ ആകില്ലെങ്കിലും, വാക്കുകൾകൊണ്ടു് എന്തെങ്കിലുമൊക്കെ കസർത്ത്കാണിച്ച് വായനയിലെങ്കിലും അതുപോലെതോന്നിക്കുന്ന ഒരെണ്ണം അനുകരിച്ചെഴുതിയൊപ്പിക്കാനെങ്കിലും എനിക്കാകുമോ എന്ന് നോക്കിയത്താണു്. 


സവിധമണഞ്ഞു തൊഴുന്നൊരുവന്നു പുലർന്നകമിന്നു നിറന്നപദം
കവിമനഭാവനയെന്നസരോജനി തന്നുയിരിൽ നിറയുന്നനിശം
കവിത വിടർന്നുവരുന്നു മനം വഴിയുന്നമൃതം പകരുന്നളവിൽ
അവിരളവാക്കുകളൊന്നൊഴിയാതെയുയർന്നുപറന്നതിനുന്നതിയിൽ

(സരോജനി - താമരപ്പൊയ്ക)

അകമനകങ്കരപങ്കിലമങ്കകളങ്കിത സങ്കരസങ്കലനം
പുകമറകാങ്കിലുയർത്തിയസങ്കടപുംഗകലങ്കുര മങ്കിതമോ
മികവൊടു പുംഗലപുംഗവരംഗിതരംഗണരംഗതരംഗിണിയിൽ
മുകരിമണം! മനപങ്കജിനിപ്രതി സങ്കുലപങ്കജകങ്ക വരും

(കങ്കര - ചീത്തയായ പങ്കിലം - ചെളിനിറഞ്ഞപ്രദേശം
അങ്കം - പാപം/അപരാധം സങ്കര സമ്മിശ്രമായ  സങ്കലനം - കൂടിച്ചേർക്കൽ/ഒന്നാക്കൽ
കാങ്കിൽ തീക്കനൽ/ചൂട്
പുംഗം - കൂട്ടം കലങ്കുരം- നീർച്ചുഴി  മങ്കിതം - ചോല
പുംഗലം - ആത്മാവ്  പുംഗവം - ശ്രേഷ്ഠമായത്  രംഗിത - നിറംപിടിപ്പിച്ച/ആകര്‍ഷകമായ  രംഗണം - നൃത്തം മുകരി - മുല്ല പങ്കജിനി - താമരപ്പൊയ്ക  പ്രതി - പോലെ/സാദൃശ്യം  സങ്കുല - കൂട്ടത്തോടെ
കങ്ക - താമരയുടെ സുഗന്ധം)

നവനവസുന്ദരചിന്തകളൂള്ളിലെ മന്ഥരകന്ധരമാരി വിധം
ഭവതികനിഞ്ഞ ഭവാന്തരമെന്തൊരുബന്ധുരമന്തരകാന്തികളിൽ 
കവനമുണർന്നൊരു സിന്ധുസമം, തവബാന്ധവമാൽ മതിശാദ്വലമായ്
ഇവനുമനം മഴചിന്തിയതാൽ സുധതുന്ദിലബിന്ദു ഹൃതന്തവിധൗ

(മന്ഥര - കൊഴുത്ത കന്ധര - മേഘം ഭവാന്തരം - മറ്റൊരുജീവിതം/മറ്റൊരവസ്ഥ 
ബാന്ധവം - സ്നേഹം ശാദ്വല - പച്ചപ്പ് നിറഞ്ഞ തുന്ദില - വഹിക്കുന്ന വിധൗ - സമയത്ത്)

മഴപൊഴിയും കൃപമട്ടലരായ് തവനോട്ടമദൃഷ്ടമൊടേറ്റിവനിൽ
നിഴലിഴകൾ കടുകട്ടിയകത്തെയിരുട്ടുമകറ്റിയ വെട്ടമതായ്
അഴലഴിയും വഴിവിട്ടൊഴിയും, കളയട്ടെ,യലട്ടിയകഷ്ടതകൾ 
കഴലിണയാൽ തലതൊട്ടതുതൊട്ടൊരു ധന്യത! കിട്ടിയിരട്ടിഫലം.

(മട്ടലർ - തേനുള്ളപൂ അദൃഷ്ട - കാണപ്പെടാത്ത/സുകൃത-ദുഷ്കൃതങ്ങളുടെ ഫലമായിവരുന്ന സുഖദുഃഖാനുഭവങ്ങൾ) 

ഭഗവതിയുത്തമസദ്ഗുണസത്തുവിതിർത്തൊരുനീർത്തുളി പെയ്തമഴ
നിഗമമൊരിത്തിരി സത്തപടുത്തുകലർത്തിയെടുത്തതു വിത്തമഴ!
മൃഗമദഗന്ധമുണർത്തിയകത്തുനിരത്തിയതോ കവിവൃത്തനിര 
സുഗമപദം പടുവൊത്തതുകോർത്തിടെ വാഴ്ത്തിടുവാനിതു മൗക്തികമായ്

(നിഗമം - വേദം/ദൈവവാക്ക് വിത്തം -അറിവു്  മൃഗമദം - കസ്തൂരി മൗക്തികം - മുത്തുമാല  പടു - സമർത്ഥൻ, സാധാരണ/താണ  എന്നൊക്കെയും  പറയാം. അതായത് പദങ്ങൾ  സമർത്ഥമായിനിരത്തിയെതെന്നോ  അല്ലെങ്കിൽ  താണപദങ്ങൾ നിരത്തിയിട്ടും കൃപയാൽ അത് മൗക്തികമായി എന്ന രീതിയിലും എടുക്കാം)

മതി തെളിവോടെതിളങ്ങി, വിളങ്ങിമനം സ്ഫുരണങ്ങളരങ്ങിടവേ
സ്തുതിയിതുകൊണ്ടുകരങ്ങളിണങ്ങിവണങ്ങി പദങ്ങളിലിങ്ങനെ ഞാൻ 
ശിതികിരണങ്ങളുമായ് വചനങ്ങളൊരുങ്ങി,യിറങ്ങി വരങ്ങളതിൽ
ദ്യുതിവിതനുസ്ഫുടനങ്ങളിതോ സ്ഫടികങ്ങളതിൽ മണികങ്ങളുമോ

(അരങ്ങിടുക - ആരംഭിക്കുക ശിതി - വെളുത്ത വിതനു - അഴകുള്ള സ്ഫുടനം - വികാസം മണികം - രത്നം/ചില്ലുമേട)

ഒരുവനുമേൽ തവദൃഷ്ടിപതിഞ്ഞു ദയപ്രകലപ്രദ വിപ്രതയാൽ
ഒരുനിമിഷം പ്രചയംവരവായ് പ്രസഭപ്രദവപ്രഥിതപ്രതിഭ!
വരുമരികെ പ്രവഹം പ്രജവം പ്രണതന്നുഭവം സകലപ്രഭവം
തരുമധികം പ്രമദം പ്രയതപ്രകരപ്രതതപ്രണുതസ്തുതിയാൽ

(പ്രകല വളരെ ചെറിയ പങ്ക്, പ്രദ - കൊടുക്കുന്ന വിപ്രൻ - വിദ്വാൻ/കവി
പ്രചയം - കൂമ്പാരം പ്രസഭം ശക്തിയോടെ 
പ്രദവം - പ്രകാശം പ്രഥിത - പുകഴ്ത്തപ്പെട്ട/ അറിയപ്പെട്ട 
പ്രതിഭ- ബുദ്ധിവിശേഷം പ്രവഹം- ഒഴുക്ക് പ്രജവം - അതിവേഗം പ്രണത - നമസ്കരിക്കുന്ന ഭവം - പ്രാപ്തി പ്രഭവം - ജ്ഞാനത്തിന്‍റെ ഉറവിടം പ്രമദം - സന്തോഷം പ്രയത- പ്രയത്നിക്കുന്ന 
പ്രകര അധികം ചെയ്യുന്ന പ്രതതം - തുടര്‍ച്ചയായ പ്രണുത - സ്തുതിക്കപ്പെട്ട)

പുതുപുതുഭാവനമണ്ഡമെടുത്തൊരു പിണ്ഡിതപിണ്ഡികഭാണ്ഡവുമായ്
ചതുരവിചാരമഖണ്ഡമതിൽ പദമണ്ഡനമോടൊരു മണ്ഡലവും  
അതുമുഴുവൻ സ്തുതിപോൽ മമതുണ്ഡമുണർത്തിയ തുണ്ഡിലലുണ്ഡിവിധം
അതുമതി ഖണ്ഡിത,മിന്നൊരു പണ്ഡിതമണ്ഡനമണ്ഡപമേറിടുവാൻ

(മണ്ഡം - എല്ലാ രസങ്ങളുടെയും തെളി
പിണ്ഡിത - ഗുണിക്കപ്പെട്ട/ബലമുള്ള 
പിണ്ഡക - കസ്തൂരി മണ്ഡന - അലങ്കാരശീലമുള്ള തുണ്ഡം - വായ
തുണ്ഡില ധാരാളം സംസാരിക്കുന്ന
ലുണ്ഡി - ശരിയായ പ്രവര്‍ത്തനം,
ഖണ്ഡിതം - നിശ്ചയം മണ്ഡനം - അലങ്കാരമായ/ അനുകൂലവിമർശനം)

കനിവിലൊരക്ഷയമക്ഷരചക്ഷണമക്ഷിതചക്ഷണിയക്ഷമൊടും
ഇനിമയിലുക്ഷിതമിക്ഷുകമാം ക്ഷരമക്ഷരഭിക്ഷുവിനേകുക നീ
തനിമയിലക്ഷജമിക്ഷണമീക്ഷണമീക്ഷസമീക്ഷ കണക്കിവനും
ഇനിയവിവക്ഷയിതാ ക്ഷിതിരക്ഷക ഭിക്ഷതരൂ ക്ഷമമീക്ഷിക നീ

(അക്ഷയമായ അക്ഷരത്തിൻ്റെ, ചക്ഷണം = കാഴ്ച,/ഭാവം. 
അക്ഷിത = അഴുകാത്ത, ചീയാത്ത  ചക്ഷണി = പ്രകാശിപ്പിക്കുന്ന
അക്ഷം = ജ്ഞാനം
ഇനിമ - മധുരിക്കുന്ന  ഉക്ഷിത - ശുദ്ധി ചെയ്യപ്പെട്ട  ഇക്ഷുകം - കരിമ്പ് 
ക്ഷരം - വെള്ളം 
അക്ഷജം - വജ്രം,/വൈരക്കല്ല് ഇക്ഷണം - ഇപ്പോൾ/ഈ നിമിഷം
ഈക്ഷണം - കണ്ണ് ഈക്ഷ - കാഴ്ച/വിചാരം സമീക്ഷ - ധാരണ/ഗ്രഹണം
ഇനിയ - ഹിതമുള്ള/മനോഹരമായ വിവക്ഷ - ആഗ്രഹം ക്ഷമം - യോഗ്യത/ഔചിത്യം ഈക്ഷിക - കാണുന്നവൾ/നോക്കുന്നവള്‍)

മമമനമേ പുതുപത്രിണിചിത്രകയത്രവചിത്രഗചൈത്രസമം
ത്രിമധുരസത്തപെരുത്തൊരുസത്രി, വിചിത്രമഴ! ത്രിദിവം ത്രസനം
സമയിമനം വരദാത്രിതരും ത്രധസിദ്ധികെളത്ര,യരിത്രയവൾ
സുമധുരഭാവസരിത്തതു തത്രതരിത്രി,തരിത്രമതത്രെയിവൻ

(പത്രിണി അങ്കുരം,/മുള ചിത്രക - ശോഭയുള്ള അത്രവ - അവിടെത്തന്നെ
ചിത്രഗ - വിവിധവര്‍ണങ്ങളുള്ള ചൈത്രം - വസന്തം 
സത്രി - മേഘം ത്രിദിവം  - സ്വർഗ്ഗം  ത്രസനം - ഹൃദയം  
സമയി - സമയാചാരം അനുഷ്ഠിക്കുന്നയാൾ
ദാത്രി - കൊടുക്കുന്നവള്‍ ത്രധ - മൂന്നിരട്ടി അരിത്ര - മുന്നോട്ട് കൊണ്ടുപോകുന്ന
തത്ര - അവിടെ തരിത്രി - തോണിക്കാരി തരിത്രം - തോണി)




വൃത്തം: ശ്രവണാഭരണം / അഭിമതം 
പ്രാസം: അനുപ്രാസം

പരിചൊടുവൃത്തമതിൽ നജജം ജജജം ജലഗ ശ്രവണാഭരണം
അഭിമതവൃത്തമതിൽ നഗണം ജഗണം ജഗണം ജഗണം ല ഗുരു




Saturday, July 2, 2022

വിധുരമഴ

 അഷ്ടിഛന്ദസ്സിലുള്ള ഒരു സമവൃത്തമാണൂ് രുചിരതരം.


തീരാനോവിൻകടലലമുകളിൽ കദനതപം
കൂരാപ്പോലും കരിമുകിലുറവായ് മനമകമേ
പോരാതുണ്ടോ തുടിയകമിടിപോൽ ഹൃദയഞൊടി
തോരാക്കണ്ണീർമഴ പൊഴിയുകയായ് മിഴിയുഗളം
(കൂരാപ്പ് - വലിയ ഇരുട്ട് യുഗളം - ഇരട്ട)

തുള്ളിയ്ക്കോ വൻകുടമൊരുമഴയിൽ ചൊരിയുകിലും
വിള്ളൽ വീണോരകമനതടമോ വരളലിലും!
മുള്ളാൽ കള്ളിച്ചെടി നിണകണമൂറ്റിയ മുറിവിൽ-
ക്കൊള്ളും നീറ്റൽപടരവെ, നിഗരം മൊഴിയിടറും
(നിഗരം - തൊണ്ട)

കാറുണ്ടുള്ളിൽ പൊഴിവതുമുഴുവൻ വിധുരമഴ
നീറുന്നമ്ലം ചൊരിയണവിധ,മീ വിധി ശരിയോ?
പാറുന്നോർമ്മപ്പറവകളുടെയാ ശബളിമയും
മാറുന്നെന്നോ കഴുകനുസമമായ് ചുടലയിലെ
(വിധുര - ദുഃഖിച്ച/പ്രതികൂലമായ )

ചൂടുണ്ടുള്ളിൽ കനലുകളുമിയിൽ പുകയുകയോ
വാടുമ്പോഴും തനുവിനുതണുവായ് ചുടുമിഴിനീർ!
പാടുന്നെന്നോ മൃതിയരികെ, വരണ്ടൊരുചൊടികൾ
തേടുന്നോ വിസ്മൃതിയുടെനിഴലിൽ പുതുവരികൾ

ആഷാഢത്തിന്നിടിമഴ പുളകക്കുമിളുതിരും
പാഷാണം വീണകതളിരുകളോ കരിയുകയും
ഹർഷം പൂക്കേണ്ടിടമിതു നിറയേ തരിശുകളോ?
വർഷം വീണാൽ മലരുവതിനിയും വ്രണശതമോ?
(കുമിൾ - കൂണ് ഇടിവെട്ടി മഴപെയ്തപിറ്റേന്ന് ഭൂമിയുടെ പുളകം പോലെ മുളച്ചുപൊങ്ങും)

രാഗം പാടും കിളികുലസഖി യാതനമല തൻ
ശൃംഗം തന്നിൽ തടവിലൊരിര! കേഴുകയുമതിൽ
ഭൃംഗം മൂളും മുരളികയെവിടേ? നടമിടുവാൻ
അംഗം പാടേ വിഗളിതവികൃതം മയിലുകളും !
(വിഗളിതം - വീണുപോയ)

വൃത്തം: രുചിരതരം

ഉണ്ടാം വൃത്തം മഭനജനഗവും രുചിരതരം