Showing posts with label പതഞ്ജലി നവകം. Show all posts
Showing posts with label പതഞ്ജലി നവകം. Show all posts

Saturday, March 20, 2021

പതഞ്ജലി നവകം

ചിത് എന്നു പറഞ്ഞാൽ അറിവ് ശുദ്ധമായ അറിവ് അംബരം എന്നാൽ ആകാശം അങ്ങനെയെങ്കിൽ ചിദംബരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വെറുമൊരു സ്ഥലപ്പേരു മാത്രമല്ല മറിച്ച് അറിവിൻറെ ആകാശം എന്നു കൂടെയാണ്. ഈ സ്തോത്രം എഴുതിയതാണെങ്കിലോ പതഞ്ജലിയും. പത് + അഞ്ജലി = പതഞ്ജലി.  അപ്പോൾ അതിൻറെ അർത്ഥം കാലിൽ തൊഴുകൈയോടെ വീണവൻ എന്നായി. അറിവിൻറെ ആകാശത്തിൽ നൃത്തം ചെയ്യുന്ന ശിവനെ, ആ കാലിൽ തൊഴുകൈയോടെ വീണവൻ സ്തുതിക്കുന്ന കൃതി എന്ന രീതിയിൽ എടുത്താൽ അതൊരു സർവകാല സകലജന സ്തുതിയുമായി.

ശംഭു നടനം (സംസ്കൃതത്തിൽ ഈ വൃത്തത്തിൻറെ പേര് ശിവതാണ്ഡവം) എന്ന വൃത്തത്തിൽ പതഞ്ജലി എഴുതിയ ഒരു കൃതിയാണ് ഇത്. ചിദംബര മൂർത്തിയെ സ്തുതിക്കുന്ന ഈ കൃതി ദീർഘാക്ഷരങ്ങൾ തീർത്തും ഒഴിവാക്കി അനുസ്വാരവും അനുപ്രാസവും മാത്രം കൊടുത്ത് എഴുതിയിട്ടുള്ളതാണ്.  നന്ദികേശ്വരൻ ശിവദർശനം തടഞ്ഞപ്പോൾ അദ്ദേഹവുമായി ഇടഞ്ഞ് ദീർഘചരണങ്ങൾ തീർത്തും ഒഴിവാക്കി സ്തുതിച്ചുവെന്ന് കഥ. സർപ്പത്തിന്റെ ഉടലും മനുഷ്യൻറെ തലയും ഉള്ള രൂപമായാണ് പതഞ്ജലിയെ പറയുന്നത്. ഉരഗങ്ങൾ മാത്രമാണല്ലോ കാലുകളില്ലാതെ ഇഴഞ്ഞ് നടക്കുന്നത്. അങ്ങനെ ഇഴഞ്ഞ് നീങ്ങുന്ന ഒരുത്തന് ശിവന്റെ നടനം എങ്ങനെ കാണാനാകും. നന്ദികേശ്വരനാണെങ്കിൽ ചരിക്കാൻ പാദങ്ങളുണ്ട്, തലയിൽ ഉയർന്നു നിൽക്കുന്ന കൊമ്പുകളുണ്ട്. നൃത്തം ചെയ്യുന്ന ചന്ദ്രക്കലാ മൗലിയായ  ശിവനും അങ്ങനെ തന്നെ. ജട തന്നെ മേലോട്ട് ഉയർന്ന് അതിൽ ഒരു ചന്ദ്രനും ഗംഗയും പിന്നെ ഫണം വിരിച്ച ഒരു സർപ്പവുമൊക്കെയുണ്ട്. ഇതൊന്നുമില്ലാതെ ഒരു പാവം പതഞ്ജലിയും. ആകാരത്തിൽ പോലും ഉയർച്ചയും താഴ്ചയും ഒക്കെ ഉള്ള മറ്റുള്ളവരെവിടെ, ഒരു കുഴലു പോലെ മാത്രം  ശരീരമുള്ള പതഞ്ജലിയെവിടെ.

ഇനി ഇതേ കാര്യം ഒരു പദ്യത്തിലേക്ക് ചേർക്കുകയാണെങ്കിൽ ദീർഘസ്വരാക്ഷരങ്ങളാണ് ഇപ്പറഞ്ഞ കൈകാലുകളും ശിഖരവും എല്ലാം. അത് സർവ സാധാരണമായി എല്ലാ പദ്യത്തിലും ഉണ്ടാകും. ഇത് ഒഴിവാക്കിയ സ്തുതി എന്ന് പറയുമ്പോൾ അത് പതഞ്‌ജലി കണ്ട ശിവ നടനം കൂടിയാണ് 

ശിവന്റെവാഹനം കൂടിയാണ് നന്ദി. അങ്ങനെയെങ്കിൽ സാധാരണഗതിയിൽ ശിവൻറെ പദസഞ്ചലനവും വിശ്വനടനവുമെല്ലാം പതഞ്ജലി ഉപയോഗിക്കാതിരുന്ന  ദീർഘസ്വരങ്ങളിലൂടെയും ആവണമല്ലോ.  നീണ്ടുനിൽക്കുന്നത് ഒഴിവാക്കി, അതായത്  ശൃംഗവും ചരണവും  മാറ്റി, ഫലത്തിൽ പതഞ്ജലി നന്ദിയുടെ കൊമ്പും കുളമ്പും വെട്ടി, അതേ  ശിവനെ പതഞ്‌ജലി നൃത്തം ചെയ്യിക്കുന്നതാണ് ഇതെന്ന് ചുരുക്കം.   

ഇപ്രകാരം ദീർഘങ്ങളില്ലാത്ത ഒരു    സ്തുതിയിലൂടെ  ശിവന്റെ നടനം കൊണ്ടുവന്നു എന്നതാണ് ഈ സ്തോത്രത്തിൻറെ പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഉള്ള ദീർഘ സ്വരാക്ഷരങ്ങൾ ആണ് ഏതു കൃതിയിലും ഒരു നടനതാളം കൊണ്ടുവരുന്നത്.  ഈ വൃത്തത്തിൽ ആണെങ്കിൽ ഓരോ നാലാമത്തെ അക്ഷരവും ഒരു ഗുരു ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്. അതിനുപകരമായിട്ടാണ് ദീർഘസ്വരം തീർത്തും ഒഴിവാക്കി, അനുസ്വാരവും അനുപ്രാസവും പകരം കൊണ്ടുവന്നു, വൃത്തവടിവിൽ സ്തോത്രം എഴുതിയിരിക്കുന്നത്.   പതഞ്ജലി എന്നപേരിനുതന്നെ ദീർഘസ്വരങ്ങളില്ല. ദീർഘമില്ലാത്തവൻ ശിവൻറെ പ്രപഞ്ചനടനം എങ്ങനെകാണാനാണ് എന്ന്   ഒരു വിദ്വാൻ കളിയാക്കിയതിന്റെ ഉത്തരവുമാണ് ഈ കൃതി. (വ്യാഘ്രപാദനുമായി ബന്ധപ്പെടുത്തി അങ്ങനെയും ഒരു കഥയുണ്ട്)




സദഞ്ചിതമുദഞ്ചിതനികുഞ്ചിതപദം ഝലഝലഞ്ചലിതമഞ്ജുകടകം
പതഞ്ജലിദൃഗഞ്ജനമനഞ്ജനമചഞ്ചലപദം ജനനഭഞ്ജനകരം
കദംബരുചിമംബരവസം പരമമംബുദകദംബകവിടംബകഗളം
ചിദംബുധി മണിം ബുധ ഹൃദംബുജ രവിം പര ചിദംബര നടം ഹൃദി ഭജ   1

അഞ്ചിത :  പൂജിക്കപ്പെട്ട/ അലങ്കരിക്കപ്പെട്ട
സദഞ്ചിത : നന്നായി അഞ്ചിതമായ
മുദഞ്ചിത : സന്തോഷത്തോടെ അഞ്ചിതമായ
നികുഞ്ചിത : ചുരുങ്ങിയ, ഉള്‍വലിഞ്ഞ, സങ്കുചിതമായ 
ഝലഝല : ഝങ്കാര നാദത്തോടെ
ചലിത : ചലിക്കുന്ന
മഞ്ജു കടകം : സുന്ദരമായ കാൽത്തള
പതഞ്ജലി : ഇത് എഴുതിയ ആളുടെ പേര്,   (പകരം പത് + അഞ്ജലി എന്ന് ആണെങ്കിൽ കാലിൽ തൊഴുകൈയോടെ വീണവൻ)
ദൃഗഞ്ജനം : കണ്ണിന് മഷി പോലെ കുളിരേകുന്ന
അനഞ്ജനം : കളങ്കമില്ലാത്ത
അചഞ്ചല പദം : സുസ്ഥിര പദം
ജനന ഭഞ്ജന കരം : മുക്തി അഥവാ മോക്ഷം കൊടുക്കുന്നത്.
കദംബ രുചിം : കദംബ പുഷ്പ വർണ്ണമായ
അംബര വസം : ദിഗംബരൻ
പരമം : ഏറ്റവും ഉന്നതമായ
അംബുദ കദംബക : തിങ്ങിക്കൂടിയ മേഘം പോലെ
വിടംബക ഗളം : സാദൃശ്യം ജനിപ്പിക്കുന്ന  കണ്ഠം
ചിത് : അറിവ്
അംബുധി : സമുദ്രം
മണിം : മുത്ത് ആയും
ബുധ : അറിവുള്ളവൻറെ
ഹൃദംബുജ : ഹൃദയമെന്ന താമരയിലെ
രവിം : സൂര്യൻ ആയും
പര : ഉയർന്ന
ചിദംബര നടം: ചിത് (അറിവിന്റെ) അംബരം, അവിടെ നൃത്തം ചെയ്യുന്ന (ചിദംബരം എന്ന സ്ഥലത്തെ  ശിവക്ഷേത്രത്തെ കുറിച്ച് മാത്രം ഉള്ള പരിമിത അർത്ഥം എടുക്കുന്നതിനു പകരം) 
ഹൃദി ഭജ : ഹൃദയത്തിൽ ഭജിക്കുന്നവന് (അവസാന ശ്ലോകത്തിലെ ഫലപ്രാപ്തി വരും എന്ന്)

ഹരം തൃപുരഭഞ്ജനമനന്തകൃതകങ്കണമഖണ്ഡ ദയമന്തരഹിതം
വിരിഞ്ചിസുരസംഹിത പുരന്ധരവിചിന്തിതപദം തരുണചന്ദ്രമകുടം
പരം പദവിഖണ്ഡിതയമം ഭസിതമണ്ഡിതതനും മദനവഞ്ചനപരം
ചിരന്തനമമും പ്രണവസഞ്ചിതനിധിം പരചിദംബരനടം ഹൃദിഭജ   2

ഹരം : ശിവൻ
ത്രിപുര : ത്രിപുരാസുരൻറെ 3 പുരങ്ങൾ,  ഈ അസുരൻ ഒരു സമയം ഈ മൂന്നു പുരങ്ങളിൽ ഏതെങ്കിലും ഒന്നിനകത്ത് ഉണ്ടായിരിക്കും, അതിനാൽ മൂന്ന് പൂരങ്ങളും ഒന്നിച്ച് തകർത്തു മാത്രമേ ഈ അസുരനെ വിജയിക്കാനാകൂ. സത്യത്തിൽ ഇത് ഉണർവ്, ഉറക്കം, സ്വപ്നം എന്നിങ്ങനെ ജീവൻറെ മൂന്ന് തലങ്ങളാണ്. ശിവനാരെന്നറിയാതെ ശിവനെ മറ്റൊന്നായി കാണുന്ന ജീവൻ തന്നെ ത്രിപുരാസുരനും
ഭഞ്ജനം : തകർത്തു
അനന്ത കൃത കങ്കണം : അനന്തനെന്ന മഹാസർപ്പത്തെ കൈവളയാക്കി മാറ്റിയ
അഖണ്ഡ ദയ : മുഴുവനായ/മുടക്കമില്ലാത്ത ദയ
അന്ത രഹിതം : അവസാനമില്ലാത്ത, അമരനായ
വിരിഞ്ചി : ബ്രഹ്മാവ്
സുര സംഹിത : ദേവ ഗണങ്ങൾ
പുരന്ധര : ഇന്ദ്രൻ
വിചിന്തത പദം : വിശേഷമായി ചിന്തിച്ച, ധ്യാനിച്ച പദം, പദം എന്നാൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥാനം, ശിവൻറെ പാദവും ആകാം
തരുണ ചന്ദ്ര മകുടം : കൊച്ചു ചന്ദ്രനെ ധരിച്ച ജടയെന്ന കിരീടം
പരം പദ : അത്യുന്നതമായ പദം അഥവാ പാദം
വിഖണ്ഡിത : ഖണ്ഡനംചെയ്ത /അംഗഭംഗം വരുത്തിയ/വിഭജിക്കപ്പെട്ട, മുറിക്കപ്പെട്ട
യമം : യമൻ
ഭസിത : ഭസ്മീകരിച്ച
മണ്ഡിത :  അലങ്കരിക്കപ്പെട്ട
തനും : ദേഹം
മദന വഞ്ചന പരം : കാമനയിലൂടെ വഞ്ചിക്കുന്നതിൽ ഒന്നാമനായ കാമദേവൻ
ചിരന്തനം : നിത്യനായ
അമും : അവനെ
പ്രണവ സഞ്ചിത നിധിം : ഓംകാര പൊരുൾ എന്ന സഞ്ചിതനിധി


അവന്തമഖിലം ജഗദഭംഗഗുണതുംഗമമതം ധൃതവിധും സുരസരിത്
തരംഗ നികുരംബധൃതിലമ്പടജടം ശമന ദംഭസുഹരം ഭവഹരം
ശിവം ദശദിഗന്തരവിജൃംഭിതകരം കരലസന്മൃഗശിശും പശുപതിം
ഹരം ശശിധനഞ്ജയപതംഗനയനം പരചിദംബരനടം ഹൃദിഭജ    3

അവന്തം : സംരക്ഷിക്കുന്ന
അഖിലം : മുഴുവൻ
ജഗത് : ലോകം
അഭംഗ : ഭംഗമില്ലാത്ത, തടസ്സമില്ലാത്ത/തിരയില്ലാത്ത (ജലാശയമെന്നപോലെ)
ഗുണ തുംഗം : ഉയർന്ന ഗുണത്തോടു കൂടിയ
അമതം : അജ്ഞാതമായ
ധൃത : ധരിക്കപ്പെട്ട/ പിടിക്കപ്പെട്ട
വിധും : ചന്ദ്രനെ
സുര സരിത് : ഗംഗ
തരംഗ : അലകൾ
നികുരംബ : സമൂഹം കൂട്ടം
ധൃതി : ധാരണം, വഹിക്കല്‍
ലമ്പട : സാമര്‍ഥ്യമുള്ള /അത്യാഗ്രഹമുള്ള/കാമാധിക്യമുള്ള
ജടം : ജടയിൽ
ശമന ദംഭ : അഹങ്കാരം അടക്കി
സുഹരം : നന്നായി ഹരിക്കുന്ന
ഭവ ഹരം : ലൗകിക പ്രപഞ്ചം അവസാനിപ്പിക്കുന്നവൻ, ഭവം എന്നാൽ ഉണ്ടായത്, ഉണ്ടായ എന്തിനെയും നശിപ്പിക്കുന്നവൻ
ശിവം : 
ദശ ദിക് അന്തര : 10 ദിക്കിനും അറ്റം വരേയ്ക്കും
വിജൃംഭിത കരം : തള്ളിച്ച/ പ്രകടമായ കരം
കര ലസൻ : കൈയ്യിൽ ലസിക്കുന്ന
മൃഗ ശിശും : മാൻ കിടാവും
പശുപതിം : മൃഗാധിപതി
ഹരം ശശി ധനഞ്ജയ പതംഗ നയനം : ചന്ദ്രൻ, അഗ്നി, സൂര്യൻ ഇവ കണ്ണുകളായ ഹരൻ

അനന്തനവരത്നവിലസത് കടകകിംഗിണി ഝലംഝലഝൽഝലരവം
മുകുന്ദവിധിഹസ്തഗതമദ്ദളലയധ്വനി ധിമിദ്ധിമിതനർത്തനപദം
ശകുന്തരഥ ബർഹിരഥ നന്ദിമുഖ ശൃങ്കിരിടി ഭൃങ്കിഗണ സംഘനികടം
സനന്ദസനകപ്രമുഖ വന്ദിതപദം  പരചിദംബരനടം ഹൃദിഭജ   4

അനന്ത നവ രത്ന വിലസത് : എണ്ണിയാലൊടുങ്ങാത്ത നവരത്നങ്ങൾ വിലസുന്ന
കടക കിംഗിണി ഝലം ഝലഝൽ ഝല രവം : പൊൻവള അല്ലെങ്കിൽ അരഞ്ഞാണത്തിലെ കിങ്ങിണിയുടെ ഝങ്കാര നാദം
മുകുന്ദ : വിഷ്ണു
വിധി : ബ്രഹ്മാവ്
ഹസ്ത ഗത : കൈയ്യിൽ വന്ന
മദ്ദള ലയ ധ്വനി : മദ്ദളത്തിന്റെ ലയമാർന്ന ധ്വനിയുടെ (ലയം : താളത്തിന്റെ അനായാസ ഗതി)
ധിമിദ്ധിമിത നർത്തന പദം: ധിമിധിമി താളത്തിനൊത്ത് നൃത്തമാടുന്ന പദം
ശകുന്ത രഥ : ഗരുഡൻ വാഹനം ആയവനും
ബർഹി രഥ : മയിൽ വാഹനനും
നന്ദി മുഖ ശൃങ്കി രിടി ഭൃങ്കി ഗണ : നന്ദിമുഖനും ശൃങ്കി രിടി ഭൃങ്കി തുടങ്ങിയ ഭൂതഗണങ്ങളും
സംഘ നികടം : സംഘമായി സമീപത്ത് നിൽക്കുമ്പോൾ
സനന്ദ സനക പ്രമുഖ വന്ദിത പദം : സനന്ദ നെയും സനകനേയും പോലുള്ള പ്രമുഖരാൽ വന്ദിതമായ പദം

ആനന്തമഹസം ത്രിദശവന്ദ്യചരണം മുനിഹൃദന്തര വസന്തമമലം
കബന്ധവിയദിന്ദ്വവനി ഗന്ധവഹവഹ്നിമഖബന്ധുരവിമഞ്ജുവപുഷം
അനന്തവിഭവം ത്രിജഗദന്തരമണിം ത്രിനയനം ത്രിപുരഖണ്ഡനപരം
സനന്ദമുനിവന്ദിതപദം സകരുണം പരചിദംബരനടം ഹൃദിഭജ   5

അനന്ത മഹസം : അവസാനമില്ലാത്ത  മഹസ്സ് = ശക്തി തേജസ്സ് ശോഭ (അഹസ്സ് എന്നുപറഞ്ഞാൽ ആകാശം  അനന്തം + അഹസം എന്നും പറയാം എന്നു തോന്നുന്നു)
ത്രിദശ വന്ദ്യ ചരണം: മുപ്പത്തി മൂന്നാൽ വന്ദിക്കപ്പെട്ടുന്ന ചരണം (33 ദേവതകൾ) 33 പ്രകാരത്തിലുള്ള ദേവതകൾ, കോടി എന്നാൽ പ്രകാരം. അതായത് മുപ്പത്തിമുക്കോടി ദേവതമാരും ( 33 cr അല്ല ). കോടി എന്നാൽ ശ്രേഷ്‌ഠമായ, കൂട്ടം എന്നൊക്കെക്കൂടി അർത്ഥങ്ങളുണ്ട്.
മുനി ഹൃദന്തര - മുനിയുടെ ഹൃദയത്തിനകത്ത്
വസന്തമമലം : അമലമായ വസന്തകാലം പോലെ
കബന്ധ : വെള്ളം
വിയത് : ആകാശം
ഇന്ദു : ചന്ദ്രൻ
അവനി : ഭൂമി
ഗന്ധവഹ: വായു
വഹ്നി : തീ
മഖ ബന്ധു : യാഗത്താൽ ബന്ധിക്കപ്പെട്ട വൻ (ആത്മാവ്)
രവി : സൂര്യൻ
മഞ്ജു വപുഷം : (ആ)  മനോഹര ദേഹം (ഒരുക്കുന്നു)
അനന്ത വിഭവം : അവസാനിക്കാത്ത കാര്യസിദ്ധി കൊണ്ട് ഭവിച്ചതായി
ത്രിജഗദന്തര മണിം: മൂന്നു ലോകങ്ങൾക്കും അകത്തിരിക്കുന്ന മുത്തായ
ത്രിനയനം : മുക്കണ്ണൻ ആയി
ത്രിപുര ഖണ്ഡന പരം : ത്രിപുരങ്ങൾ തകർത്ത പരമോന്നതമായ
സനന്ദ മുനി വന്ദിത പദം : സനന്ദ മുനിയാൽ വന്ദിക്കപ്പെട്ട പാദങ്ങളോടെ 
സകരുണം : കരുണാമയൻ ആയി

അചിന്ത്യമളിവൃന്ദരുചിബന്ധുരഗളം കുരിതകുന്ദനികുരംബധവളം
മുകൂന്ദസുരവൃന്ദബലഹന്തുകൃതവന്ദനലസന്തമഹി കുണ്ഡലധരം
അകമ്പമനുകമ്പിതരതിം സുജന മംഗളനിധിം ഗജഹരം പശുപതിം
ധനഞ്ജയനുതം പ്രണതരഞ്ജനപരം പരചിദംബരനടം ഹൃദിഭജ   6

അചിന്ത്യ : ചിന്തിച്ചെടുക്കാനാവാത്ത
അളി വൃന്ദ രുചി: വണ്ടിൻറെ കൂട്ടം പോലെ നിറമുള്ള
ബന്ധുര ഗളം: സുന്ദരമായ കഴുത്തും
കുരിത : കുരികിൽ പൂത്തു
കുന്ദം : വെളുത്ത പിച്ചകം , മുല്ല പ്പൂ
നികുരംബ ധവളം : കൂട്ടത്തിൻറെ വെൺമയും
മുകുന്ദ സുര വൃന്ദ : വിഷ്ണു (വും) ദേവഗണങ്ങളും
ബലഹന്തു : ഇന്ദ്രനും
കൃത വന്ദന : വന്ദിച്ച
ലസന്തം : ലസിക്കുന്ന
അഹി : സർപ്പം (എന്ന)
കുണ്ഡല ധരം : കുണ്ഡലം ധരിച്ചവൻ
അകമ്പം : കമ്പമില്ലാത്ത/ഇളകാത്ത (വനും)
അനുകമ്പിത : അനുകമ്പയുള്ളവനും
രതിം സുജന : നല്ല മനുഷ്യരെ ഇഷ്ടപ്പെടുന്നവരും
മംഗള നിധിം : മംഗള നിധിയായവനും
ഗജ ഹരം പശുപതിം : ആനയെ കൊന്നവനും ആയ പശുപതിയായ
ധനഞ്ജയ നുതം : അർജ്ജുനാൽ സ്തുതിക്കപ്പെട്ടവനും
പ്രണത രഞ്ജന പരം: പിണങ്ങിയ അവനെ സന്തോഷിപ്പിക്കുന്നവനും ആയി..
 
പരം സുരവരം പുരഹരം പശുപതിം ജനിതദന്തിമുഖഷൺമുഖമമും
മൃഡം കനകപിംഗളജടം സനകപങ്കജരവിം സുമനസം ഹിമരുചിം
അസംഗമനസം ജലധി ജന്മകരളം കവലയന്തമതുലം ഗുണനിധിം
സനന്ദവരദം ശമിതമിന്ദുവദനം പരചിദംബരനടം ഹൃദിഭജ   7

പരം സുരവരം പുരഹരം പശുപതിം : സുരവരന്മാരിൽ ഉന്നതനും ത്രിപുര ഹരനും പശുപതിയും
ജനിത ദന്തിമുഖ ഷൺമുഖമമും : ആനമുഖനേയും ആറുമുഖനേയും ജനിപ്പിച്ചവനും (അമും - അവനും)
മൃഡം : ശിവം
കനക പിംഗല ജടം : സ്വർണ്ണ പിച്ചള നിറത്തോടു കൂടിയ ജടയോടും
സനക പങ്കജ രവിം : സനകൻ എന്ന താമരയെ ഉണർത്തുന്ന സൂര്യനായും
സുമനസം ഹിമരുചിം : നല്ല മനസ്സിലെ ഹിമമഴയായും
അസംഗ മനസം : ഒന്നിനോടും ഒട്ടിച്ചേരാത്ത മനസ്സോടും
ജലധി ജന്മകരളം : കടലിൽ നിന്നും ജനിച്ച വിഷം
കവലയന്തം : വിഴുങ്ങിയ
അതുലം ഗുണനിധിം : തുല്യതയില്ലാത്ത ഗുണനിധിയും
സനന്ദ വരദം : സനന്ദന് വരം കൊടുത്തവനും
ശമിതം : ശാന്തമായ
ഇന്ദു വദനം : ചന്ദ്രനെ പോലത്തെ മുഖത്തോടു കൂടിയവനും ആയ

അജം ക്ഷിതിരഥം ഭുജഗപുംഗവഗുണം കനകശൃംഗിധനുഷം കരലസത്
കുരംഗപൃഥുടങ്കപരശും രുചിരകുങ്കുമരുചിം ഡമരുകം ച ദധതം
മുകുന്ദവിശിഖം നമദവന്ധ്യഫലദം നിഗമവൃന്ദതുരഗം നിരുപമം
സചണ്ഡികമമും ഝടിതിസംഹതപുരം പരചിദംബരനടം ഹൃദിഭജ    8

അജം : ജനിക്കാത്തവനും
ക്ഷിതിരഥം : ഭൂമിയെ രഥമാക്കി
ഭുജഗ പുംഗവ : പാമ്പിലെ ശ്രേഷ്ഠൻ (വാസുകി)
ഗുണം : ഞാണായും
കനക ശൃംഗി : സ്വർണ്ണവർണ്ണമായ കൊടുമുടി ഉള്ള (മേരു പർവ്വതം) മലയെ
ധനുഷം : വില്ലായും
കരലസത് : ലസിക്കുന്ന കൈയ്യും
കുരംഗ : മാൻ
പൃഫു ടങ്ക : തടിച്ച വാളും
പരശും : വെൺമഴുവും
രുചിര : ഭംഗിയുള്ള
കുങ്കുമ രുചിം : കുങ്കുമ വർണ്ണത്തോടും
ഡമരുകം ച ദധതം: ഡമരുകവുമേന്തി
മുകുന്ദ വിശിഖം: മുകുന്ദനെ അമ്പാക്കി (മുകുന്ദൻ - മോക്ഷം പ്രദാനം ചെയ്യുന്നവൻ)
നമത് : നമസ്കരിക്കുന്നവർക്ക്
അവന്ധ്യ : വന്ധ്യമല്ലാത്ത 
ഫലദം : ഫലം കൊടുക്കുന്ന
നിഗമവൃന്ദ തുരഗം : വേദ വൃന്ദമാകുന്ന കുതിരകളാലും
നിരുപമം : ഉപമ ഇല്ലാത്തവനായി
സചണ്ഡികം : ചണ്ഡികയോടൊത്ത്
അമും : അവൻ
ഝടിതി സംഹത പുരം : ഝടിതിയിൽ ത്രിപുരം നശിപ്പിച്ചു


അനംഗപരിപന്ഥിനമജം ക്ഷിതിധുരന്ധരമലം കരുണയന്തമഖിലം
ജ്വലന്തമനലം ദധതമന്തകരിപും സതതമിന്ദ്രമുഖ വന്ദിതപദം
ഉദഞ്ചദരവിന്ദകുല ബന്ധുശതബിംബരുചിസംഹതി സുഗന്ധിവപുഷം
പതഞ്ജലിനുതം പ്രണവപഞ്ചരശുകം പരചിദംബരനടം ഹൃദിഭജ  9

അനംഗ : അംഗമില്ലാത്തവന് ( ദേഹം പരമേശ്വരൻ ചുട്ടെരിച്ചതിനാൽ പിന്നീട് കുറേക്കാലം ദേഹം ഇല്ലാതെയാണ് കാമദേവൻ ജീവിച്ചത്)
പരിപന്ഥിനം : ശത്രുവും (പരിപന്ഥി - ശത്രു)
അജം : ജനിക്കാത്തവനും
ക്ഷിതി ധുരന്ധരം : ഭൂമിയിൽ മറ്റൊരാളെ സഹായിക്കുന്ന നേതാവായി
അലം : വേണ്ടുവോളം/ മതിയാവോളം
കരുണയന്തമഖിലം : മുഴുവൻ പേർക്കും കരുണാമയനായും
ജ്വലന്തം : ജ്വലിക്കുന്ന
അനലം : അഗ്നി
ദധതം: വശമുള്ള
അന്തക രിപും : യമൻറെ ശത്രു
സതതം : എല്ലായെപ്പോഴും
ഇന്ദ്രമുഖ വന്ദിത പദം : ഇന്ദ്രൻ മുഖം താഴ്ത്തി വന്ദിക്കുന്ന പാദം
ഉദഞ്ചത് : വിടർന്ന
അരവിന്ദ കുല ബന്ധു - താമര പൂക്കൾക്ക് എല്ലാം ബന്ധുവായവൻ, അതായത് സൂര്യൻ
ശത ബിംബ രുചി  : നൂറ് ബിംബങ്ങളുടെ തിളക്കത്തോടെ 
സംഹതി : കൂടിച്ചേർന്ന പോലെ
സുഗന്ധി വപുഷം : സുഗന്ധമോലുന്ന ദേഹവും
പതഞ്ജലി നുതം : പതഞ്ജലിയാൽ സ്തുതിക്കപ്പെട്ടവനും (അഥവാ കാലിൽ തൊഴുകൈയോടെ വീണവൻ)
പ്രണവ പഞ്ചര : ഓംകാരമായ കിളിക്കൂട്ടിലെ
ശുകം : കിളിയും ആയ..

ഇനി സ്തോത്രത്തിൻറെ ഫലശ്രുതി

ഇതിസ്തവമമും ഭുജഗപുംഗവകൃതം പ്രതിദിനം പഠതി യഃ കൃതമുഖഃ
സദഃ പ്രഭുപദ ദ്വിതയദർശനപദം സുലളിതം ചരണശൃംഗരഹിതം
സരഃ പ്രഭവസംഭവഹരിത്പതി ഹരിപ്രമുഖ ദിവ്യനൃതശങ്കരപദം
സ ഗച്ഛതിപരം ന തു ജനുർജലനിധിം പരമദുഃഖജനകം ദുരിതദം


ഇതി : ഇപ്രകാരം
സ്തവമമും : ഈ സ്തോത്രം
ഭുജഗ പുംഗവ കൃതം : സർപ്പങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവന്നാൽ എഴുതപ്പെട്ടത് (പതഞ്ജലി ശേഷനാഗത്തിൻറെ അവതാരമാണെന്ന് ഒരു സങ്കൽപം ഉണ്ട്)
പ്രതിദിനം പഠതി : ദിവസേന പഠിക്കുന്നത് 
യഃ കൃതമുഖഃ 
നൈപുണ്യമുള്ള, അറിവുള്ള അവൻ
സദഃ സദസ്സിൽ
പ്രഭു പദ ദ്വിതയ : പ്രഭുവിന്റെ ഇരു പാദങ്ങളും
ദർശന പദം : ദർശിക്കുന്ന സ്ഥിതിയിലാകും
സുലളിതം : ഭംഗിയുള്ള /വളരെ ലളിതമായ
ചരണ ശൃംഗ രഹിതം : ദീർഘ സ്വരാക്ഷരങ്ങൾ ഇല്ലാത്ത ചരണങ്ങൾ
സരഃ പ്രഭവ സംഭവ : സരസിൽ പ്രഭവമായതിൽ ഉണ്ടായവൻ (സരസ്സിൽ ഉണ്ടായത് താമര താമരയിൽ ഉണ്ടായത് ബ്രഹ്മാവ്)
ഹരിത് പതി : ദിക് പാലകർ (ഹരിത് - ദിക്ക്)
ഹരി പ്രമുഖ : വിഷ്ണുവിനെ പോൽ പ്രമുഖരായവരും
ദിവ്യ നൃത : ദിവ്യമായി സ്തുതിച്ച
ശങ്കര പദം : ശങ്കരൻറെ സ്ഥാനം അല്ലെങ്കിൽ ശങ്കരന്റെ കാൽപാദം
സ : അവൻ
ഗച്ഛതി പരം : ഉയർച്ചയിൽ എത്തിച്ചേരുന്നു
ന തു : അങ്ങനെയല്ലാതെ
ജനുർജല നിധിം : ജനന (മരണ)ങ്ങളുടെ കടലിൽ
പരമ ദുഃഖ ജനകം ദുരിതദം : (അതും) പരമദുഃഖം ജനിപ്പിക്കുന്ന ദുരിതം തരുന്ന (അല്ല)


നവകം എന്നുപറഞ്ഞാൽ 9 പദ്യങ്ങളുള്ള സ്തോത്രം എന്നർത്ഥം  ഇവിടെ ശ്ളോകങ്ങൾ ഒൻപത് എണ്ണവും കഴിഞ്ഞ്, അതിന്റെ ഫലശ്രുതിയും കഴിഞ്ഞ് , ഇതിലൊന്നും ഉൾപ്പെടാതെ മറ്റൊരു ശ്ളോകം കൂടെ ശ്രദ്ധയിൽപ്പെട്ടു,  അത് ചുവടെ കൊടുക്കുന്നു. ഇത് എന്തുകൊണ്ട് മൂലകൃതിയിൽ ഉൾപ്പെട്ടില്ല എന്നൊന്നും അറിഞ്ഞുകൂടാ ഇനി അഥവാ ഇതും അതിൻറെ ഭാഗമാണെങ്കിൽ ഇത് പിന്നെ നവകം അല്ല  ദശകം ആണ്.

അഖണ്ഡവിധുമണ്ഡലമുഖം ഡമരുമണ്ഡിതകരം കനകമണ്ഡപഗൃഹം
സ്വദണ്ഡതലമുണ്ഡശശികുണ്ഡലിപ മണ്ഡനപരം ജലജഖണ്ഡജടിലം
മൃകണ്ഡുസുത ചണ്ഡകരദണ്ഡധര മുണ്ഡനപദം ഭുജഗകുണ്ഡലധരം
ശിഖണ്ഡശശിഖണ്ഡമണി മണ്ഡനപരം പരചിദംബരനടം ഹൃദിഭജ

അഖണ്ഡ വിധു മണ്ഡല മുഖം : ഭാഗിക്കാത്ത വിധു മണ്ഡലം പോലത്തെ മുഖം (പൂർണ്ണചന്ദ്ര മുഖം)
ഡമരു മണ്ഡിത കരം : ഡമരുവാൽ അലങ്കരിക്കപ്പെട്ട കരംകനക മണ്ഡപ ഗൃഹം : സ്വർണമണിഞ്ഞ നടന മണ്ഡപംസ്വദണ്ഡ : തൻറെ പരമാധികാരംതല മുണ്ഡ : ശിവൻശശികുണ്ഡ : വലയത്തിൽ ഉള്ള ചന്ദ്രൻലിപ : ലേപനം ചെയ്യുക, അടയാളംമണ്ഡന പരം :  അലങ്കരിക്കുന്ന ശീലമുള്ള, അലങ്കാരഭ്രമമുള്ള ജലജ ഖണ്ഡ ജടിലം : മുത്തുച്ചിപ്പിയില്‍നിന്നു കിട്ടുന്ന മുത്ത് മുറിച്ചു വെച്ചതു പോലെ ജടയും മൃകണ്ഡു സുത : മാർക്കണ്ഡേയൻ ( മൃകണ്ഡുവിൻറെ പുത്രൻ)ചണ്ഡ : ഉഗ്രമായ/ബലമുള്ള/ഊക്കുള്ളകര ദണ്ഡധര : കരദണ്ഡം ധരിച്ചമുണ്ഡന പദം : സംരക്ഷണ സ്ഥാനം അഥവാ പാദംഭുജഗ കുണ്ഡല ധരം : പാമ്പാകുന്ന ആഭരണം കാതിൽ ധരിച്ചശിഖണ്ഡ ശശിഖണ്ഡ : കുടുമയിൽ ചന്ദ്രൻറെ കഷണംമണി മണ്ഡനപരം : മുത്തു പോലെ അലങ്കരിക്കുന്ന


വൃത്തം : ശംഭുനടനം