Showing posts with label രസരംഗം. Show all posts
Showing posts with label രസരംഗം. Show all posts

Saturday, November 21, 2020

അക്ഷരമുറ്റം

 ദ്വാദശ പ്രാസം പൊതുവെ മത്തേഭം എന്ന വൃത്തത്തിലാണ് എഴുതി കണ്ടിട്ടുള്ളത്.  ഒരു വരിയെ മൂന്നായി മുറിക്കാവുന്ന ഏത് സമവൃത്തത്തിലും ദ്വാദശപ്രാസം പ്രയോഗിക്കാവുന്നതാണ്.  നേരത്തെ സ്രഗ്ദ്ധരയിൽ ഇങ്ങനെ ശ്രമിച്ചിരുന്നു.  ഇത്തവണ രസരംഗം ആണ്. അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് രസരംഗം.  

എല്ലാ 4 വരികളിലും 2, 8, 14 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ്.


അക്ഷരമുറ്റം

ഹിരണമണിഞ്ഞാ കിരണവുമേറ്റക്ഷര മുറ്റം
സ്വരസുധ പോൽ പാൽ നുരയുമൊരാഴിക്കര പോലേ
വരമരുളൂയെൻ കരപുടമേ സ്ഥാവര പുണ്യം  
തിരയുയരും സാഗരസമമെൻ കാതര ചിത്തം

തവ കനിവോലും പവനുതിരേ, പാലവനത്തിൽ
നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ
കുവലയമെല്ലാം ദിവസവുമിന്നീ ഭുവനത്തിൽ 
സുവനനുണർത്താൻ  പ്രവണതയുണ്ടെന്നവബോധം

അപശകുനങ്ങൾക്കപചയമായ് സ്നേഹപരാഗം 
കൃപ തഴുകുമ്പോൾ  തപശമമാം ശീതപടീരം
ചപലവികാരം ഉപമയുമില്ലാത്ത പകിട്ടിൽ
ഉപവനമാലോലുപമണയും വർണ്ണപതംഗം

മലയജഗന്ധം കലയവിലോലം അല ചൂടും
മലരണി വാകക്കുലകളിലാ തെന്നലണഞ്ഞൂ 
പലവിധ വാക്കും  നലമൊടു വിടരാം പുഷ്കല നാവിൽ
ഉലകിനുമേ വ്യാകുലമകലും കോകില ഗാനം

വിമലതരം മഞ്ജിമ പകരും വാക്കുമനേകം
കമലദളം പോൽ സുമമധുവും ചിന്തി മനസ്സിൽ
ക്രമമൊടു വന്നും ചമയുകയെന്നും കമനീയം
സുമധുര ഭാവം ഹിമകര ശൈത്യം മമ ചിത്തം

കൃത മമ ചിത്തം ഭൃതമിതു വിത്തം ധൃത സത്താൽ
ഇതളണിയാം ചാരുതയണിയാമെൻ ലതയെല്ലാം
സിതമതു ഫുല്ലം വിതതമൊരർത്ഥം നതവാക്യം
ശത നിറമാലംകൃത വരി പോലും സ്വതസിദ്ധം

വൃത്തം: രസരംഗം
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ഹിരണം: സ്വർണ്ണം
സ്ഥാവര: സ്ഥിരമായ/ ഇളകാത്ത
പാലവനം : വെള്ളം കുറവുള്ള അത്യുഷ്ണ ഭൂമി
കുവലയം: ആമ്പൽ/താമര
സുവനൻ: ചന്ദ്രൻ/സൂര്യൻ
അവബോധം : അറിവ്/ഉദ്ദേശം/മനോഭാവം
അപചയം: ക്ഷയം/നാശം/കുറവ്
തപം: ചൂട്
ശീതപടീരം: കുളിർചന്ദനം
ലോലുപ: തീവ്രമായ ആഗ്രഹമുള്ള, കൊതിക്കുന്ന, അഭിനിവേശമുള്ള
കലയ: വിചാരിച്ചാലും, ചിന്തിച്ചാലും,  ചെയ്താലും, ധരിച്ചാലും, ഭാവന ചെയ്താലും
പുഷ്കല: ഉത്തമമായ/പ്രധാനമായ/ഐശ്വര്യമുള്ള/പൂര്‍ണമായ/മുഴങ്ങുന്ന
ധൃത: ധരിക്കപ്പെട്ട
ഭൃതം: നിറച്ച
വിത്തം : അറിവ്
കൃത: ചെയ്യപ്പെട്ട/സൃഷ്ടിക്കപ്പെട്ട 
സിത:  അറിയപ്പെട്ട/മുഴുവനായ/വെളുത്ത/തികവായ
വിതതം: വിസ്തൃതി

നയന യസംഗം വരുവതു വൃത്തം രസരംഗം