Showing posts with label മകരന്ദിക. Show all posts
Showing posts with label മകരന്ദിക. Show all posts

Saturday, January 9, 2021

കാണാക്കുയിൽ പാട്ട്

 അതിധൃതി   (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് മകരന്ദിക. ശിഖരിണി എന്ന വൃത്തവുമായി ഇതിന് സാമ്യമുണ്ട്.  രണ്ടിനും 6 അക്ഷരങ്ങൾക്ക് ശേഷം യതി ഉണ്ട്. ആദ്യത്തെ 12 അക്ഷരങ്ങൾ രണ്ടു വൃത്തങ്ങൾക്കും ഒരു പോലെ തന്നെ. മകരന്ദികയ്ക്ക് 12-)മത്തെ അക്ഷരം കഴിഞ്ഞാൽ രണ്ടാമത്തെ യതി വേണം, ശിഖരിണി ഒരു യതിയെ ഉള്ളൂ. ശിഖരിണിയ്ക്ക് തുടർന്ന് 5 അക്ഷരങ്ങളെ വരുന്നുള്ളൂ. മകരന്ദികയ്ക്ക് തുടർന്ന് 7  അക്ഷരങ്ങൾ വേണം . അധികം വേണ്ട 2 അക്ഷരങ്ങളിൽ ഒരു ലഘു തുടക്കത്തിലും ഒരു ഗുരു 3 അക്ഷരങ്ങൾക്ക് ശേഷവും ചേർത്താൽ മകരന്ദിക ആയി. ശിഖരിണിയുടെ ഒരു നീട്ടിയെടുത്ത പതിപ്പാണ് മകരന്ദിക

ഉദാഹരണത്തിന് 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മോഹന രവം - ശിഖരിണി 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മനോഹര ഗാനമാ - മകരന്ദിക 


കാണാക്കുയിൽ പാട്ട്

ഇളം കാറ്റേ മൂളും ചതുരവിരുതാൽ മനോഹരഗാനമാ
മുളംതണ്ടിൽപ്പോലും കളമൃദുരവം വിടർത്തിയുണർത്തിടാൻ
നവദ്വാരം വീണോരെളിയ കുഴലിൽ വിളിച്ചൊരു ചൂളമാൽ
പ്രവർഷം ഹർഷത്തിൻ പുളകമഴയാൽത്തരും മനമോദവും

വെറും പാഴ്ത്തണ്ടിൽനീ കയറിനിവരും വിലോലവിലാസമാൽ
നറുംപാൽ തന്നാഴിത്തിരകളുയരും ശുഭോദയസൗഭഗം
ലതാകുഞ്ജംതന്നിൽ മദനസദനം തിരഞ്ഞൊരുപൂങ്കുയിൽ
അതേനാദം നൽകും പ്രണയഴുകാൻ മുദാമദമത്തമായ്

നവസ്വപ്നം കാണും മലരിലുയരുംമണം നുണയുന്നനീ
കവർന്നാഗന്ധം, തന്നലചുരുളിലായ് കടത്തിയതസ്കരൻ
മലർപൂക്കുംമുറ്റം മലരിനഴകാൽ വിടർന്നൊരുവാടിയും 
മലർതൂകുംഗന്ധം പരനുടമയാം പറമ്പിനൊരിമ്പവും

കുയിൽ പാടുംപാട്ടിൻ മധുരമൊഴിനിൻ പ്രചോദനമേറ്റതിൽ
ഉയിർ പൂക്കും താരശ്രുതിപകരവേ വിടർന്നൊരു പഞ്ചമം
ഒളിപ്പൂതൻരൂപം നിഴലിഴയിടും തമസ്സിലധൃഷ്ടമായ്
വിളിപ്പൂ പുള്ളിപ്പൂങ്കുയിലിനെ, തുയിൽ വെടിഞ്ഞണയാനുടൻ

സദാനേരം കാറ്റിന്നലതഴുകയാൽ  പരന്നൊരുഗന്ധവും
ഹൃദന്തം തിങ്ങുന്നാ മൃദുതരളമാം  സരോരുഹമോഹവും
കവർന്നോടുംപോൽ നീ കുയിലുയിരിലായ് മുഴക്കിയഗാനവും
കവർന്നീടൊല്ലേ, തൻഹൃദയവനിയിൽ നിറഞ്ഞനുരാഗവും

വിരിക്കും മേലാപ്പിൽ ഗഹനഗഗനം വിളങ്ങിയഛായയിൽ
സ്വരത്തിൻ പൂമാരിക്കുളിരുപകരാൻ പുറത്തുവരാത്തതും  
മരപ്പൂഞ്ചില്ലയ്ക്കും മറയിലൊളിയാനിതോ നിജകാരണം?
സ്വരപ്പൂന്തേൻ തൂകുന്നരിയസുകൃതം സദാമറവിൽ  സ്ഥിരം!

കൂഹൂഗാനംതൂകും സ്വരമഴയിലായ് നനഞ്ഞൊരുതെന്നലോ
അഹോരാത്രം വൃക്ഷത്തളിരിലകളിൽ നിരന്തരമന്ത്രണം
നിനാദം, സായൂജ്യസ്വര,മുറവിടം തിരഞ്ഞുരയുമ്പൊഴോ
വനത്തിൻ സ്പന്ദംപോൽ മറുപടികളായ് വരും ദലമമർമരം

ദിനംതോറും നീറി,പ്പെരുകിയഭയം കളഞ്ഞനിലാ ഭവാൻ
മനസ്സിന്നാശങ്കയ്ക്കിളവുപകരൂ, കുയിൽ വെയിലിൽവരാം
വനിയ്ക്കുള്ളിൽനിന്നും വെളിയിലൊളിയിൽ നിരാമയതാരമായ്
ഇനിക്കുംപാട്ടെന്നും വിതതിസഭയിൽ വിനോദകുതൂഹലം


വൃത്തം: മകരന്ദികാ

പദപരിചയം
മത്തം : കുയിൽ
അധൃഷ്ടം : ലജ്ജയോടെ
ഉരയുക : പറയുക/ഉരസുക
അനിലൻ : കാറ്റ്
നിരാമയ : ആപത്തില്ലാത്ത
വിതതി : വലിയ/വ്യാപിച്ച
കുതൂഹലം : അദ്ഭുതം /താത്പര്യം/ സന്തോഷം/ആഹ്ലാദം/ ഉത്സാഹം



മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ