Saturday, December 19, 2020

പ്രസൂനപാത

 

പൂവീണപാതയിൽ പൂമെത്തതീർക്കുന്ന
പൂവിന്റെ നോവാണൊരുണ്മ
നോവോടെവീഴ്കിലും പൂപെയ്തു പാതയേ
ദ്യോവാക്കി മാറ്റുന്ന കാഴ്ച!

മോടിപ്പളുങ്കാകെയും താഴെയോവീഴ്ത്തി 
പൊട്ടിച്ചിരിക്കുന്നതാണോ
കഷ്ടം! വിധി ക്രൂരമാടിത്തിമിർത്തിട്ടു
പൊട്ടിച്ചിരിക്കുന്നതാണോ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്നനാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

പൂവിന്റെ വർണ്ണാഭയെക്കാളുമുണ്ടതിൽ
തൂവർണ്ണമോലും കിനാക്കൾ
എന്നെന്നുമുള്ളിലായ് തുന്നിപ്പിടിപ്പിച്ചു
കുന്നോളമായ് വന്നതെല്ലാം

പൂക്കാൻ തുടങ്ങുന്നതിന്നേറെമുമ്പു നീ
കൈക്കൊണ്ടിരുന്നുവോ സ്വപ്നം?
അപ്പൊഴേ സ്വപ്നത്തരിപൊട്ടിനാൽ മുഖ-
ക്കാപ്പിട്ടിരുന്നുവോ നിത്യം?

ചിന്താസരസ്സിലായ് സന്തോഷഭൂഷയിൽ
നീന്തിത്തുടിക്കും മരാളം
ചന്തം തുടിക്കുന്ന നിന്നന്തരംഗത്തി-
ലെന്തേ തിമിർത്താടി നൃത്തം

സ്വപ്നങ്ങൾ ചാലിച്ചവർണ്ണങ്ങളാലുള്ള
സ്വപ്നാടനം നിന്റെജന്മം
ആ വർണ്ണജാലങ്ങളോചേർന്നുവന്നാടി
മേവുന്നു നീ പൂത്തിടുമ്പോൾ

സന്തോഷഭാവം കിനിഞ്ഞെത്തിയുള്ളിലാ
പൂന്തേൻകണക്കേ വഴിഞ്ഞാൽ
കാന്താരസൗന്ദര്യമാകേ വസന്തമായ്
സന്താപഭാവം ത്യജിക്കും

നീകണ്ടസ്വപ്നങ്ങളെല്ലാം സുഗന്ധമായ്
തേകിപ്പകർന്നീലയെന്തേ?
നാനാവിധത്തിലായ് ഗന്ധം പരത്തുന്ന
സൂനങ്ങളുണ്ടെത്രെ മണ്ണിൽ

പൂവിട്ടുനിൽക്കുന്നതുണ്ടും പലപ്പൊഴും
ഭൂവിലായ് നിർഗന്ധപൂക്കൾ
മിന്നും പുറംമോടിമാത്രം ലഭിച്ചോരു
ഭിന്നശേഷിക്കതിർ മൊട്ട്!

ചന്തത്തിൽ പൂവിട്ടപൂവായിരുന്നിട്ടു 
മെന്തേ മണം മാത്രമില്ലാ
മൂടിപ്പൊതിഞ്ഞിട്ടടിത്തട്ടിലാഴ്ത്തിയോ
നീടുറ്റ നിൻപൊൻകിനാക്കൾ?

ആരോടുമൊന്നും പറഞ്ഞീലനിൻമോഹ
മാരോമലേമൂടി ഗൂഢം?
ചൊല്ലുവാനാകാത്തമോഹങ്ങളോ, അതോ
ചൊല്ലിടാൻനിന്നിലോ നാണം

അടക്കിപ്പിടിച്ചോരു മോഹങ്ങളെന്നും
തുടിക്കുന്നനിന്നന്തരാളം
തുടുപ്പാർന്നവാനം വിരിച്ചോരുചങ്കിൻ
മിടിക്കുന്നനിൻജീവതാളം

പൂമണം നിന്നുള്ളിൽ നീമൂടിവെച്ചതോ,
പൂമനം വീർപ്പിട്ടകാറ്റിൽ
ആമണം നേർത്തതോ, ആവിയായ് വെന്തതോ
നിൻമനക്കാമ്പിലെ ചൂടിൽ?

നിൻതാപമാണോ കടുംവർണ്ണമായതീ
കാതരപ്പൂവിൻ ദളത്തിൽ?
ഗന്ധം പരത്തുന്നപൂക്കളെക്കാളേറെ
സന്ധാനിറം പൂണ്ടുനിൽക്കാൻ

പൂമണംതൂകുവാൻ ആവതില്ലാത്തൊരാ
പൂമകൾക്കേറെയായ് ചന്തം
നേർമ്മയിൽ തുല്യതയ്ക്കായ്നിന്നിലേകിയോ
ഓർമ്മയോടമ്മയാം ഭൂമി

ഈഗന്ധമില്ലാത്ത പൂക്കൾക്കുമുണ്ടിടം
സൗഗന്ധികങ്ങൾക്കിടയ്ക്കും
വർണ്ണോത്സവംതീർത്ത പൂക്കളെനോക്കിയാൽ
വർണ്ണങ്ങളുണ്ടതിന്നേറേ

ഓരോസുമങ്ങളും ഓമൽക്കിടാങ്ങളായ്
പാരിലോ പാലിച്ചിടുമ്പോൾ
നിഷ്പന്നമാക്കിയീ വ്യത്യസ്ത മേളനം
നിഷ്പക്ഷയായൊരീ ഭൂമി

കായായിമാറുന്ന പൂക്കളോപാകമായ്
വായിലേയ്ക്കന്നമാം കാഴ്ച
കായായിമാറാതെ വാടിക്കരിഞ്ഞൊന്നു
പോയാലുമുണ്ടുനിൻ നന്മ

പാദങ്ങൾ പൊള്ളാതെ പാതതന്നാതപം
പാദപം പൂവീഴ്ത്തിയാറ്റി
പൂ വാടിവീഴുന്നിടംകണ്ടു ലോകമോ
പൂവാടിയെന്നേ വിളിക്കൂ

വർണ്ണത്തിടമ്പേ നിനക്കും പ്രചോദനം
കർണ്ണന്റെ വാഴ് വായിരുന്നോ?
കർണ്ണന്റെ താതനെ പിന്നെന്തിനേ കണ്ടു
കണ്ണെടുക്കാതെ നീ നിന്നു?

തീവെയിൽതൂകുന്ന സൂര്യനെത്തോൽപ്പിച്ച
പൂവിനും സൂര്യന്റെതന്മ
പൂവിനെപ്പെറ്റൊരാ മാമരത്തിന്നില
തീവെയിൽ പൂകിരുന്നെന്നും

ഉഗ്രമാത്തേജസ്സിലാണ്ടും തിരണ്ടിടാൻ 
വ്യഗ്രമായ്വീണ്ടും വിളിപ്പൂ 
ആതപം തന്നിലയ്ക്കുള്ളിലൂടേറ്റതോ
ചേതസ്സിലാക്കാൻ കൊതിപ്പൂ

പൂവേനിനക്കങ്ങുനിന്നും വരുന്നതീ
സൗവർണ്ണമോലും പകിട്ട്
പൂത്തൊരാപൂക്കളോ സൂര്യാംശുതന്നെയെ
ന്നൊത്തു നോക്കാമതിൻശോഭ

വട്ടത്തിലുള്ളൊരാ മാംഗല്യകുങ്കുമ
പ്പൊട്ടിട്ടപോൽവന്ന സൂര്യൻ
തീവെട്ടമോലുന്നവട്ടത്തിനേ ഭൂമി
വട്ടംകറങ്ങുന്നപോലേ

പൂവിട്ടനാൾതൊട്ടു ഞെട്ടറ്റിടുംവരേ
വട്ടംപരത്തുന്നു വെട്ടം
വിട്ടൊന്നുമാറാതെ തൊട്ടുംതലോടുന്ന
മട്ടിൽകറങ്ങും പതംഗം

കായായിമാറാതെ വീഴുന്നപൂക്കൾതൻ
മായികാ സൗവർണ്ണമോർമ്മ
മായുംപകൽ വെട്ടമോടൊത്തൊരാഴിയിൽ
ചായുന്നസൂര്യനോ യാത്ര

സത്യാർത്ഥസാരം പരത്തിയീ ലോകത്തു
നിത്യനേർക്കാഴ്ചയായ് മാറാൻ
വ്യർത്ഥാഭിലാഷങ്ങൾ, പാടേകൊഴിഞ്ഞിട്ട-
നിത്യനേർക്കാഴ്ചയായ് മാറാൻ

ഈവിധം പൂവിതിർത്തേകുവാൻ വന്നുനീ
ജിവിതപ്പാതയിൽ നീളെനീളെ
ഈവഴിപ്പോയവർ കണ്ടതേയില്ലപോൽ
പാവമാം നിന്നെയോ പൂവുപോലെ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്ന നാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

വൃത്തം: മാരകാകളി
പ്രാസം: ദ്വിതീയപ്രാസം ലാടാനുപ്രാസം




Saturday, December 5, 2020

വിഭാവന വല്ലരി

അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അശ്വഗതി. 5 ഭ ഗണങ്ങളും ഒടുക്കം ഒരു ഗുരുവും ചേർത്താൽ അശ്വഗതിയായി. 2  ഗണങ്ങളെ ഒന്നിച്ചെടുത്ത് മൂന്നായി മുറിച്ച് ഓരോ വരിയും എഴുതിയാൽ ഇതിൽ ദ്വാദശപ്രാസം കൊണ്ടുവരാനാകും. തന്നെയുമല്ല, പ്രാസത്തിനെടുക്കുന്ന അക്ഷരം ഒരു കൂട്ടക്ഷരം ആണെങ്കിൽ അത് ദ്വാദശപ്രാസം കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യും.


വിഭാവന വല്ലരി

ഒട്ടൊരുജീവിതമുട്ടുകളൊന്നിടവിട്ടതിലായ്
നട്ടൊരു ഭാവനമൊട്ടുവളർന്നൊരു തട്ടകമായ്
കൂട്ടിനു, ദുർഘടഘട്ടമലട്ടിയകാട്ടിലതിൻ,
വെട്ടമുയർത്തിയിരുട്ടിലതാ തിരിനീട്ടിവരും

അല്ലലൊഴിഞ്ഞുതരില്ലെ, മനോഹരവല്ലിയിലായ്
അല്ലിയിളംമലരല്ലെ വിരിഞ്ഞതിലുല്ലസിതം
ഉല്ലലമാടിടുമില്ലെ, വിഭാവനവല്ലരിയിൽ
നല്ലതുമാത്രവുമല്ലെ വിടർന്നിടുകില്ലെയതിൽ

കന്നിയിളം കുനുകന്നലുലഞ്ഞിതു തെന്നലിലായ്
എന്നിലുമേ കൃപതന്നല വീശണമെന്നറിവായ്
മിന്നിമിനുങ്ങണ പൊന്നിനു തുല്യമതെന്നുയിരിൽ
മിന്നലുദിച്ചതുചിന്നിവരും മനഖിന്നതയിൽ

കച്ചരമാക്കിനിറച്ചൊരുശങ്കയുടച്ചതിനേ
കച്ചികണക്കെയെരിച്ചു മനസ്സുതുടച്ചതിലായ്
കാച്ചിയെടുക്കുമിനിച്ച വിഭാവനമുച്ചരണം
തേച്ചുമിനുക്കിയുദിച്ചുപകർന്ന വെളിച്ചമിതാ

കത്തിടുമാശകളൊത്തിരിയുണ്ടതിലിത്തിരി ഞാൻ
ചിത്തമലിഞ്ഞുനിരത്തിയ കുഞ്ഞൊരുകൈത്തിരിയിൽ
ആർത്തമമാർദ്രതചേർത്തൊരു തൈലവുമാഴ്ത്തിയതിൽ
അത്തലെരിച്ചു പകർത്തിയതീശിഖ വാഴ്ത്തിടുവാൻ

വിങ്ങിടുമുള്ളിലൊതുങ്ങിയവേപഥു തേങ്ങലുകൾ
പൊങ്ങിവരുന്നു മുഴങ്ങുമതേസ്വരചേങ്ങിലകൾ
മങ്ങിയകണ്ണിലിറങ്ങിയനീർത്തുളി തൊങ്ങലുകൾ
താങ്ങുകവാണി, വണങ്ങിടുമെന്നെ വരങ്ങളുമായ്

തുള്ളിയൊരാലവുമുള്ളതിനാൽ ചെളിവെള്ളവുമേ
വെള്ളിവിളങ്ങണതുള്ളതുപോലൊരു വെള്ളനിറം!
നുള്ളിയെടുക്ക,ലിവുള്ളനിരാമയി ഉള്ളമിതിൽ
തള്ളിയടിഞ്ഞൊരു കള്ളവുമീവിധമുള്ളതുമേ

തെറ്റുനിവർത്തിയിതേറ്റിടണം അഴലാറ്റിടണം
നീറ്റലണച്ചതകറ്റിടണം വരമാറ്റിടണം
മാറ്റൊരുതുള്ളിയതിറ്റിയതാൽ മനചിറ്റലകൾ
കാറ്റലതന്നിലതേറ്റുപടർന്നൊരു മാറ്റൊലിയായ്


വൃത്തം: അശ്വഗതി
പ്രാസം:  ദ്വാദശ പ്രാസം

പദപരിചയം
തട്ടകം:മറ്റുപ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി വേര്‍തിരിച്ചിട്ടുള്ള ഭൂവിഭാഗം /ഒരു ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശം
ഉല്ലലം: ഇളകുന്ന
കുനു: കൊച്ചു/അരുമയുള്ള
കന്നൽ : കരിങ്കൂവളം
ഖിന്നത: മ്ലാനത/ദുഃഖം
കച്ചരം: മുഷിഞ്ഞ/വൃത്തികേടായ
ആർത്തമമാർദ്രത: ആർത്തനായ (ദുഖമുള്ള) എന്റെ (മനസ്സിന്റെ) ആർദ്രത
അത്തൽ: ദുഃഖം
ശിഖ: തീനാളം/ജ്വാല, ശിഖരം
വേപഥു: വിറയൽ, കമ്പനം
ആലം: അലുമിനിയം നൈട്രേറ്റ്, ചെളി കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
നിരാമയ: ദുഃഖമില്ലാത്ത/രോഗമില്ലാത്ത
വര: തലവര


അഞ്ചു ഭ കാരമിഹാശ്വഗതിയ്ക്കൊടുവിൽ ഗുരുവും