Saturday, December 5, 2020

വിഭാവന വല്ലരി

അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അശ്വഗതി. 5 ഭ ഗണങ്ങളും ഒടുക്കം ഒരു ഗുരുവും ചേർത്താൽ അശ്വഗതിയായി. 2  ഗണങ്ങളെ ഒന്നിച്ചെടുത്ത് മൂന്നായി മുറിച്ച് ഓരോ വരിയും എഴുതിയാൽ ഇതിൽ ദ്വാദശപ്രാസം കൊണ്ടുവരാനാകും. തന്നെയുമല്ല, പ്രാസത്തിനെടുക്കുന്ന അക്ഷരം ഒരു കൂട്ടക്ഷരം ആണെങ്കിൽ അത് ദ്വാദശപ്രാസം കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യും.


വിഭാവന വല്ലരി

ഒട്ടൊരുജീവിതമുട്ടുകളൊന്നിടവിട്ടതിലായ്
നട്ടൊരു ഭാവനമൊട്ടുവളർന്നൊരു തട്ടകമായ്
കൂട്ടിനു, ദുർഘടഘട്ടമലട്ടിയകാട്ടിലതിൻ,
വെട്ടമുയർത്തിയിരുട്ടിലതാ തിരിനീട്ടിവരും

അല്ലലൊഴിഞ്ഞുതരില്ലെ, മനോഹരവല്ലിയിലായ്
അല്ലിയിളംമലരല്ലെ വിരിഞ്ഞതിലുല്ലസിതം
ഉല്ലലമാടിടുമില്ലെ, വിഭാവനവല്ലരിയിൽ
നല്ലതുമാത്രവുമല്ലെ വിടർന്നിടുകില്ലെയതിൽ

കന്നിയിളം കുനുകന്നലുലഞ്ഞിതു തെന്നലിലായ്
എന്നിലുമേ കൃപതന്നല വീശണമെന്നറിവായ്
മിന്നിമിനുങ്ങണ പൊന്നിനു തുല്യമതെന്നുയിരിൽ
മിന്നലുദിച്ചതുചിന്നിവരും മനഖിന്നതയിൽ

കച്ചരമാക്കിനിറച്ചൊരുശങ്കയുടച്ചതിനേ
കച്ചികണക്കെയെരിച്ചു മനസ്സുതുടച്ചതിലായ്
കാച്ചിയെടുക്കുമിനിച്ച വിഭാവനമുച്ചരണം
തേച്ചുമിനുക്കിയുദിച്ചുപകർന്ന വെളിച്ചമിതാ

കത്തിടുമാശകളൊത്തിരിയുണ്ടതിലിത്തിരി ഞാൻ
ചിത്തമലിഞ്ഞുനിരത്തിയ കുഞ്ഞൊരുകൈത്തിരിയിൽ
ആർത്തമമാർദ്രതചേർത്തൊരു തൈലവുമാഴ്ത്തിയതിൽ
അത്തലെരിച്ചു പകർത്തിയതീശിഖ വാഴ്ത്തിടുവാൻ

വിങ്ങിടുമുള്ളിലൊതുങ്ങിയവേപഥു തേങ്ങലുകൾ
പൊങ്ങിവരുന്നു മുഴങ്ങുമതേസ്വരചേങ്ങിലകൾ
മങ്ങിയകണ്ണിലിറങ്ങിയനീർത്തുളി തൊങ്ങലുകൾ
താങ്ങുകവാണി, വണങ്ങിടുമെന്നെ വരങ്ങളുമായ്

തുള്ളിയൊരാലവുമുള്ളതിനാൽ ചെളിവെള്ളവുമേ
വെള്ളിവിളങ്ങണതുള്ളതുപോലൊരു വെള്ളനിറം!
നുള്ളിയെടുക്ക,ലിവുള്ളനിരാമയി ഉള്ളമിതിൽ
തള്ളിയടിഞ്ഞൊരു കള്ളവുമീവിധമുള്ളതുമേ

തെറ്റുനിവർത്തിയിതേറ്റിടണം അഴലാറ്റിടണം
നീറ്റലണച്ചതകറ്റിടണം വരമാറ്റിടണം
മാറ്റൊരുതുള്ളിയതിറ്റിയതാൽ മനചിറ്റലകൾ
കാറ്റലതന്നിലതേറ്റുപടർന്നൊരു മാറ്റൊലിയായ്


വൃത്തം: അശ്വഗതി
പ്രാസം:  ദ്വാദശ പ്രാസം

പദപരിചയം
തട്ടകം:മറ്റുപ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി വേര്‍തിരിച്ചിട്ടുള്ള ഭൂവിഭാഗം /ഒരു ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശം
ഉല്ലലം: ഇളകുന്ന
കുനു: കൊച്ചു/അരുമയുള്ള
കന്നൽ : കരിങ്കൂവളം
ഖിന്നത: മ്ലാനത/ദുഃഖം
കച്ചരം: മുഷിഞ്ഞ/വൃത്തികേടായ
ആർത്തമമാർദ്രത: ആർത്തനായ (ദുഖമുള്ള) എന്റെ (മനസ്സിന്റെ) ആർദ്രത
അത്തൽ: ദുഃഖം
ശിഖ: തീനാളം/ജ്വാല, ശിഖരം
വേപഥു: വിറയൽ, കമ്പനം
ആലം: അലുമിനിയം നൈട്രേറ്റ്, ചെളി കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
നിരാമയ: ദുഃഖമില്ലാത്ത/രോഗമില്ലാത്ത
വര: തലവര


അഞ്ചു ഭ കാരമിഹാശ്വഗതിയ്ക്കൊടുവിൽ ഗുരുവും




2 comments: