Saturday, March 25, 2023

വരവർണ്ണവര

വര എന്നാൽ ശ്രേഷ്ഠമായതു് എന്നർത്ഥം, രണ്ടാമത്തെ വര തലവരയും.  

മിഴികളിൽ മിഴിവോടെഴുന്ന കൊഴിഞ്ഞുകേഴുമൊരോർമ്മതൻ
കിഴിതുറന്നൊരു ചിമിഴിനുള്ളിലഴിച്ചപാഴ്ക്കനവിന്നഴൽ  
മൊഴിയിനിച്ചു കഴിഞ്ഞവേദനകൾ പിഴിഞ്ഞൊരു തേനിനാൽ
വഴികളിൽ തഴുകുന്നുകാറ്റല,യൂഴിയിൽ പുതുപൂമഴ

വിഷയമൂന്നിദുഷിച്ചചിന്തകളുള്ളിലേറ്റിയ കല്മഷം
വിഷമമാറ്റി തുഷാരനിർമലവർഷമേറ്റു സഹർഷമായ്
സുഷമപൂണ്ടുഷസ്സിൻ്റെ വെട്ടമണഞ്ഞ തോഷമൊടെൻ മനം
വിഷമുതിർത്തൊരുദോഷശോഷണമായിടാനതൊരൗഷധം

അഹനശോഭ വിഹർഷരോഹിതരശ്മിതൂകി വിഹംഗമൻ
സഹജഹൈമകവീചികൾ സഹിതം വരും മഹിതം ഹിതം
അഹരഹം വ്യവഹാരബാഹുലഹല്ലനം സഹസാ ഹതം
ഗഹനവിദ്യവിഹായവാഹിനിയാത്മദാഹശമം ഹി മേ
(അഹന - പ്രഭാതം വിഹർഷം - വലിയ സന്തോഷം രോഹിത - ചെമപ്പുനിറമുള്ള വിഹംഗമൻ - സൂര്യൻ ഹൈമകം - സ്വർണ്ണം അഹരഹം - ദിനംതോറും ഹല്ലനം - (ബോധ്യമില്ലാതെ) കിടന്നുരുളല്‍ സഹസാ - പെട്ടെന്നു് ഹതം - ഹനിക്കപ്പെട്ട വിഹായ - പിന്നിട്ടുകൊണ്ട്)

ധവളരശ്മി കവർന്നിരുൾ നവഭവ്യഭാവനവിദ്രുമം
ഭുവനമാകെ വെളിച്ചമായ് രവിവന്നു വിദ്രവകാളിമ
അവനിയിൽ സവിതാവുകൂവരവാരിജങ്ങളുണർത്തിടും
കവനഭാവനയേവതും വിവിധം വിരിഞ്ഞിഹ വിദ്രുതം
(വിദ്രുമം - പവിഴം വിദ്രവം - പിൻവലിയൽ വിദ്രുതം - പെട്ടെന്ന്)

നിശയകറ്റിയ ദർശനം ശശികാന്തശോഭയിലന്തരം
ദിശതെളിഞ്ഞ നികാശമാ,യകശർവരം  ശബളാഭയിൽ 
അശനിപാതവിധം വിശാരദകൗശലം വശമാക്കിയെൻ
കൃശനിരാശയുരുക്കി ശാരികയാക്കി മാനസമൂശമേൽ
(നികാശം - ചക്രവാളം/കാഴ്ചയുടെ പരിധി ശർവരം - ഇരുട്ട് ) 

വിരവിലാരുഷിപോരവേ ഗതഭീതരാവിനിരുട്ടു പോയ്
കിരണധാരപരക്കെ ഭാവനതാരുണർന്നു വിരിഞ്ഞുപോയ് 
സ്വരമണിഞ്ഞൊരു കീരമാധുരി ശാരശാരികരാഗമായ്
വരവരേണ്യമൊരെണ്ണമെൻ്റെ ശിരസ്സിലാരു വരച്ചിതോ
(വിരവ് - വേഗം ആരുഷി - പ്രഭാതം കീരം - തത്ത ശാര - പലനിറമുള്ള)

ഗുണമെഴും മധുവാണിതൻ രണനങ്ങളുള്ളൊരു രേണുപോൽ
ഉണരുമാ സ്ഫുരണങ്ങൾ ചാരണചേണിലായ് മനവീണയിൽ
തുണതരുന്നൊരു പാണിവേണമതാണു ധാരണയാകുവാൻ
അണയുമെന്നകകോണിലീണമണിഞ്ഞു, കൺകണി കാണുവാൻ 
(രണനം - മാറ്റൊലി ചാരണം - ചലിപ്പിക്കൽ ചേണ് - അഴക്/തിളക്കം ധാരണ - വഹിക്കുന്ന/രക്ഷിക്കുന്ന)

സുഗമയോഗവുമായനർഗ്ഗളനിർഗ്ഗളം വിഗളിച്ചൊരെൻ
നിഗമസൗഭഗസാരസംഗമവാണി രംഗണരംഗമായ്
ഗഗനകാവ്യവിതാനഗീർണദിഗന്തഗമ്യ വിഹംഗമം
നിഗരഗഹ്വരഗദ്യഗീതിക ഭാഗധേയമഭംഗുരം  

(അനർഗ്ഗളം - മുറുകിനില്ക്കാതെ നിർഗ്ഗളം - ഒഴുകുന്ന വിഗളിക്കുക - പൊഴിയുക രംഗണം - നൃത്തം ഗീർണ - സ്തുതിക്കപ്പെട്ട ഗമ്യ - പോകാവുന്ന നിഗരം - തൊണ്ട ഗഹ്വരം - ഗുഹ/കുഴി)

വിടരുമെൻ മനവാടിചൂടിയ കോടിഭാവനചോടയം
നടനനീടൊടെ കാവ്യകോകിലയാടിടും തടിനീതടം
അടവിപൂത്തതു മാടിമാടിവിളിച്ചു, ഗാനകിരാടിക
സ്ഫുടമൊടേകിയ പാടവം തുടരേണ്ടു, ഞാൻ തവകോടരം 
(ചോടയം - ഭംഗി നീട് - ഭംഗി കിരാടിക - പഞ്ചവർണക്കിളി കോടരം - മരപ്പൊത്ത് )

നിജകൃപാജലബിന്ദു ജല്പിതമേകിടും ജലഗാസമം
രജതസാരജഭോജ്യമായഥ കാവ്യരാജിതതല്ലജം
വിജനജാഡ്യമനം സരോജിനി, കുടെ ശാരികകൂജനം
വിജയിയായ് വിജിഗീഷുവായ സജീവജാവി വിജാനനായ്
(ജല്പിതം - വാക്ക് ജലഗാ - നദി സാരജം - വെണ്ണ അഥ - പിന്നീട് വിജനജാഡ്യമനം - വൃത്തികളൊഴിഞ്ഞ് മരവിച്ച മനസ്സ് സരോജിനി - താമരപ്പൊയ്ക വിജിഗീഷു - ജയിക്കാന്‍ ആഗ്രഹിക്കുന്ന സജീവ - പ്രവർത്തനനിരതമായ ജാവി - വേഗമുള്ള വിജാനൻ - അറിഞ്ഞ)

വൃത്തം: ഭ്രമരാവലി
പ്രാസം : അനുപ്രാസം

നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി