Sunday, November 7, 2021

ഭൂമിപ്പെണ്ണ്

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സുഷമ.  ഈ കൊച്ചു വൃത്തത്തിലും അഷ്ടപ്രാസം കൊടുത്ത് എഴുതിയാത്തതാണിത്.

 
ഭൂമിപ്പെണ്ണ്

വെന്തിട്ടുരുകും ചെന്തീവെയിലിൽ
സന്താപമൊടിന്നന്തിച്ചവനി
ഹന്ത! പ്രിയഹൃത്തന്തി ശ്ലഥമായ്
ചിന്തിത്തപമാൽ താന്തശ്രുതികൾ
(അവനി - ഭൂമി ശ്ലഥ - അയഞ്ഞ താന്ത - തളർന്ന)

ദ്യോവാകെയലിഞ്ഞാവാഹനമോ-
ടാ വാഹിനിപോൽ തൂവാനമിതാ
ജീവാമൃതമായ് നോവാറ്റിടുവാൻ
ദേവാതിതരാം ഭാവാർദ്രകണം!
(തൂവാനം - ചിതറിത്തെറിച്ചു വീഴുന്ന (മഴ)ത്തുള്ളി. അതിതരാം - മെച്ചപ്പെട്ട തരത്തിൽ)

മോഹിച്ചഴലിൻരാഹിത്യദിനം
അർഹിച്ചുരരീവാഹിപ്രണയം
ഗ്രാഹിക്കുക,യാവാഹിക്കുകയായ്
സ്നേഹിച്ചരുളും സൗഹിത്യമഴ
(ഉരരീ - അംഗീകാരം വാഹി - വഹിക്കുന്ന സൗഹിത്യം - ഇണക്കം)

മാരിപ്പനിനീർ കോരിച്ചൊരിയും
നേരിട്ടിളയെ വാരിപ്പുണരാൻ
താരിന്നഴകും പാരിപ്ലവമായ്
നീരിന്നലമേൽ പാരിൻ സുകൃതം!
(ഇള - ഭൂമി പാരിപ്ലവം - ഇളകുന്ന/പൊങ്ങിനിൽക്കുന്ന)

വിണ്ണിൻ കളസൗവർണ്ണക്കുളിരാം
തണ്ണീരുറവാൽ പർണ്ണപ്രഭവം
മണ്ണിൽ, ധരണിപ്പെണ്ണിന്നകമേ
വിണ്ണോർക്കിതരം വർണ്ണാഭകളോ!
(വിണ്ണോർ - ദേവകൾ ഇതരം - അന്യം)

വേനൽ പകരും ദീനങ്ങളൊഴി-
ഞ്ഞാനന്ദമൊടാ താനം തുടരാൻ
മാനത്തഴകിൻ സൂനങ്ങളുമായ്
കാനൽ മെനയും പാനപ്രസരം
(താനം - രാഗവിസ്താരം കാനൽ - സൂര്യരശ്മി പാന - പാട്ട്/രാഗം)

നീലാംബരമാം മേലാപ്പിവിടെ
നീലാർണ്ണവമായ് പാലാഴിവിധം
നീലാംബുജവും ചേലാർന്നുണരാൻ
നീലാംബരിതന്നാലാപനവും

പൈമ്പാലൊഴുകും പമ്പാനദിയും
ചമ്പാവുലയാൻ കമ്പാകമല
ഇമ്പത്തിലതാ പൂമ്പാറ്റകളും
തുമ്പിച്ചിറകോ ചെമ്പൊന്നിഴയാൽ
(കമ്പാകം - കാറ്റ്)

ചെത്തിക്കുലകൾ പൂത്തിട്ടുലയേ
നൃത്തച്ചുവടാൽ തൃത്താവുകളും
ചാർത്തുന്നഭിരാമത്തിന്നളകം
മുത്താരവുമായെത്തും തുഹിനം
(തൃത്താവ് - തുളസി മുത്താരം - മുത്തുമാല തുഹിനം - മഞ്ഞുതുള്ളി)

കേളീവനകങ്കേളീമലരും
നാളീകിനിയിൽ നാളീകനിര
കാളീകവുമിന്നാളീയലകളിൽ
മൂളീടുകയാണാളീ മധുപരും
(കങ്കേളി  -  അശോകം നാളീകിനി - താമരപ്പൊയ്ക നാളീകം - താമര
കാളീകം - ക്രൗഞ്ചം ആളുക - ഭരിക്കുക/കൈവശപ്പെടുത്തുക
ആളി - നിര/പങ്ക്തി/കൂട്ടം)

ആരാധനയാലാരാമമിതിൽ
മാരാമൃതമാം ശ്രീരാഗവുമായ്
ചോരാതവ തൻ സാരാംശസുധ
പാരാതെ തരാൻ പോരാവു കുയിൽ 
(പാരാതെ - മടികൂടാതെ)

യാമിയ്ക്കമൃതംപോൽ മിന്നി നിലാ
പ്രേമിച്ചൊഴുകീടും മിഷ്ടകണം
കാമിക്കുവതായ് രശ്മിപ്രഭയും
ഭൂമിയ്ക്കുളവാകാമിന്ദുകരം
(യാമി - രാത്രി മിഷ്ട - നനഞ്ഞ/തളിക്കപ്പെട്ട/മാധുര്യമുള്ള)

തൂവിണ്ണമൃതം തൂവിത്തഴുകീ
രാവിന്നുയിരിൽ വാവിൻറെ നിലാ
ദ്യോവിന്നുസമം ഭാവിക്കുച്ചുലകിൽ
മേവില്ലെ വനം കാവിന്നുണരേ

പത്രീശബളം ചിത്രാക്ഷികളും
സത്രാ മയിലന്യത്രശ്ശലഭം
ചിത്രാഞ്ജലി നക്ഷത്രക്കതിരാൽ
ധാത്രിക്കിതുപോൽ കുത്രാപിയിനി
(പത്രി - ചിറകുള്ള ചിത്രാക്ഷി - പഞ്ചവർണക്കിളി 
സത്രാ - കൂടെ അന്യത്ര - മറ്റൊരിടത്ത് കുത്രാപി - വേറെയെങ്ങ്)

വൃത്തം: സുഷമ
പ്രാസം: അഷ്ടപ്രാസം
ചൊല്ലാം സുഷമാ തം യം ഭ ഗുരു