Tuesday, October 3, 2017

ഷോഡശപ്രാസം - ഒരു മലയാളപദ്യപരീക്ഷണം

ഷോഡശാക്ഷര പ്രാസം - ഒരു  മലയാളപദ്യപരീക്ഷണം 


പ്രാസങ്ങളെ അക്ഷരങ്ങളുടെ ആവർത്തനത്തിന്റെ സ്ഥാനവും ക്രമവും എണ്ണവും അടിസ്ഥാനപ്പെടുത്തിയാണ്‌ തരം തിരിക്കുന്നത്‌. ഭാഷാഭൂഷണം പറയുന്നനിർവ്വചനങ്ങൾക്കപ്പുറം ഗണിതയുക്തിയിൽ അതിനെ ഇങ്ങനെയും പറയാം, അഥവാ ഭാഷാഭൂഷണം പറഞ്ഞിരിക്കുന്ന പ്രാസങ്ങളുടെ കണക്കിലൂടെയുള്ള ഒരു വിശദീകരണം മാത്രമാണിത്.


രണ്ടക്ഷര പ്രാസം
1 x 2 = 2 (ഒരു വരിയിൽ ഒരു തവണ x 2 വരികൾ)
ഒരുവ്യഞ്ജനം  (ശബ്ദമോ) രണ്ടുതവണ  രണ്ടുവരികളിലായി  ഒരു പ്രത്യേകസ്ഥാനത്ത്‌ ആവർത്തിച്ചുവരുന്നു. ഇത്‌ ആദ്യാക്ഷരമോ രണ്ടാമത്തെ അക്ഷരമോ അന്ത്യാക്ഷരമോ ആവാം.  ഇതാണ്‌ ആദ്യാക്ഷര പ്രാസവും കേരള പ്രാസമെന്ന ദ്വിതീയാക്ഷര പ്രാസവും ഉത്തരേന്ത്യൻ ശൈലിയിലുള്ള അന്ത്യാക്ഷര പ്രാസവും. 

നാലക്ഷര പ്രാസം
2 x 2 = 4 (ഒരു വരിയിൽ രണ്ടു തവണ x 2 വരികൾ)
ഉദാഹരണം, ഒരു വരിയിൽ 18 അക്ഷരങ്ങളുണ്ടെങ്കിൽ, രണ്ടുവരികളിലെ രണ്ടാമത്തേയും പത്താമത്തേയും അക്ഷരങ്ങൾ ഒരേവ്യഞ്ജനമോ ശബ്ദമോ ആയി പ്രയോഗിക്കുന്നു. അതായത് അഷ്ടപ്രാസത്തിൻ്റെ നേർപകുതി! അതുമല്ലെങ്കിൽ ഒരേഅക്ഷരത്തിനെ ആദ്യാക്ഷര പ്രാസമായും അന്ത്യാക്ഷരപ്രാസമായും ഉപയോഗിക്കുന്നു. ഇതൊക്കെ അതിന്റെ ഗണിതയുക്തി മാത്രമാണ്. എണ്ണം പറഞ്ഞ പ്രാസങ്ങൾ ഉപയോഗിക്കുമ്പോൾ ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒഴികെ ബാക്കിയുള്ള സ്ഥാനങ്ങളിലാണ് പ്രാസം കണക്കാക്കുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു രണ്ടക്ഷരപ്രാസത്തിനെ തന്നെ 4 വരികളിലേയ്ക്ക്‌ നീട്ടിയെഴുതി 1 x 4 = 4 എന്ന രീതിയിൽ നാലക്ഷര പ്രാസം കൊണ്ടുവരുന്നു.  പക്ഷെ, സാമാന്യമായി അത് ദ്വിതീയാക്ഷരപ്രാസം എന്നേ നമ്മൾ മനസ്സിലാക്കൂ. 

ആറക്ഷര പ്രാസം
2 x 3 = 6 
ഒരു അക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 2 വരികൾ. ഇത്‌ ദ്വാദശ പ്രാസത്തിന്റെ പകുതിയാണ്‌.  ഒരു സാധ്യത മാത്രം, ഗണിതയുക്തിയിൽ മാത്രം ശരിയും. 

എട്ടക്ഷര പ്രാസം
2 x 4 = 8
ഒരക്ഷരം ഒരു വരിയിൽ 4 തവണ, അങ്ങനെ 2 വരികൾ. ഇത്‌ ഷോഡശപ്രാസത്തിന്റെ പകുതിയാണ്‌. ഇങ്ങനെ ആരും എഴുതാറില്ലെന്നുകൂടി പറഞ്ഞോട്ടെ

അല്ലെങ്കിൽ 4 x 2 = 8
ഒരക്ഷരം ഒരു വരിയിൽ 2 തവണ, അങ്ങനെ 4 വരികൾ.  യതിയോട് ചേർന്നുവരുന്നസ്ഥാനങ്ങളിൽ പ്രാസം ഉപയോഗിക്കുന്നതായാണ് ഭാഷാഭൂഷണം പറയുന്നത്‌. ഉദാഹരണമായി ശാർദ്ദൂലവിക്രീഡിതവും. പക്ഷെ അഷ്ടപ്രാസത്തിന് യതി വേണമോ, ഏതെങ്കിലും ഒരു സമാവൃത്തം പോരേ, പാദങ്ങളുടെ സന്തുലിതഗണക്രമമോ അതിന്റെ സ്വാഭാവികതാളത്തിൽ/ഈണത്തിൽ  വരുന്ന രണ്ടു സ്വരസ്ഥാനങ്ങളോ പോരേ ?  വലതുഭാഗത്തെ ലേബൽ സൂചിക നോക്കൂ, ഏതെല്ലാം വൃത്തങ്ങളിലാണ് അഷ്ടപ്രാസം ഞാൻ ചേർത്തിരിക്കുന്നത്  എന്ന് കാണാം 

ദശാക്ഷര പ്രാസം
2 x 5 = 10
ഒരു സാധ്യത മാത്രം, ആരും ഉപയോഗിക്കാറില്ല. ഉദാഹരണമായി, വൃത്തമഞ്ജരിയിൽനിന്നും ഒരുവരിയിൽ 20 - 26 അക്ഷരങ്ങളുള്ള ഏതെങ്കിലും ഒരു സമവൃത്തമെടുത്ത് ഓരോ വരിയും 5 ആയി മുറിച്ച് രണ്ടുവരികൾ പ്രാസം ചേർത്ത് എഴുതിയാൽ ദശാക്ഷര പ്രാസമായി. അങ്ങനെ 4 വരിയും എഴുതാനായാൽ അത് 20 അക്ഷരങ്ങളുടെ പ്രാസമായി എന്നും പറയണം. (വിംശതിപ്രാസം)

ദ്വാദശപ്രാസം
4 x 3 = 12
ഒരക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 4 വരികൾ. 
ഒരു വരിയിൽ 18 അക്ഷരങ്ങളിൽ കൂടുതൽ വരുമ്പോൾ വൃത്തത്തിന്റെ താളത്തിനനുസരിച്ച്‌ അവയെ മൂന്നായി പകുത്ത്‌ 4 വരികൾ എഴുതുന്നു.  പ്രാസാലങ്കാരത്തിന്റെ ശബ്ദഭംഗി വളരെ  പ്രകടമായി കാണാം.  മത്തേഭം പോലുള്ള വൃത്തങ്ങളിൽ ഇത് നന്നേ യോജിക്കും. ഇതാണ് ഭാഷാഭൂഷണത്തിലെ ഉദാഹരണവും.  പക്ഷേ വലതുവശത്തു കാണുന്ന ലേബൽ സൂചിക നോക്കൂ, വേറെ ഏതെല്ലാം വൃത്തങ്ങളിൽ ഞാൻ ദ്വാദശപ്രാസം കൊണ്ടുവന്നിട്ടുണ്ട് എന്നുകാണാം

ഷോഡശപ്രാസം
4 x 4 = 16
ഒരു വരിയിൽ ഒരു അക്ഷരം 4 തവണ, അങ്ങനെ 4 വരികൾ. അതുകൊണ്ടു തന്നെ പ്രാസാലങ്കാരങ്ങളിൽ വെച്ച്‌ ഏറ്റവും ബുദ്ധിമുട്ടുള്ളത്‌. നാലായി മുറിക്കാനാവുന്ന വരികൾ വരുന്ന ഏത് സമവൃത്തത്തിലും ഇത് പരീക്ഷിക്കാവുന്നതേയുള്ളൂ.  

പ്രാസാക്ഷരം അല്ലെങ്കിൽ ശബ്ദം ഉപയോഗിക്കന്നതും ചില നീക്കുപോക്കുകൾക്ക്‌ വിധേയമായാണ്‌.   ഒരു വ്യഞ്ജനം, ഉദാഹരണം ക ഉപയോഗിച്ചു തുടങ്ങി എന്നിരിക്കട്ടെ. ഇത്‌ ആവർത്തിക്കുമ്പോൾ കി എന്നോ കു എന്നോ കൃ എന്നോ മാറ്റി ഉപയോഗിക്കുന്നു. (സ്വരഭേദം വരുത്തുക)  അതല്ലെങ്കിൽ കുറേക്കൂടി കർശനമായി ക മാത്രമായി ഉപയോഗിക്കുന്നു. ഇതിലേത്‌ ശരി ഏത്‌  തെറ്റ്‌ എന്നില്ല. പ്രാസം വ്യഞ്ജനത്തിനാണെന്നും അതോടൊപ്പം ചേരുന്ന സ്വരാക്ഷരങ്ങളെ കണക്കിലെടുക്കേണ്ടെന്നും ഭാഷാഭൂഷണം. എന്നാലും സ്വരഭേദം വരുത്താതെ ഷോഡശപ്രാസം കൊടുക്കുക എന്നുപറയുന്നത് ഒരു രസമല്ലേ, കുറച്ചധികം മെനക്കെട്ട പണിയാണ്‌  എങ്കിലും.

ഷോഡശപ്രാസത്തിലെഴുതിയ ചില പദ്യങ്ങളാണ്‌ ഇവിടെ കൊടുക്കുന്നത്‌. സാധാരണ പതിനെട്ടോ ഇരുപതോ അതിലധികമോ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഏതെങ്കിലും  വൃത്തത്തിലാണ്‌ ഷോഡശാക്ഷര പ്രാസം ഉപയോഗിക്കാറുള്ളത്‌.

ആദ്യമായി കുസുമമഞ്ജരി വൃത്തത്തിൽ സ്വരഭേദം വരുത്താതെ എഴുതിയത്‌.  ഇതിൽ ഒരു വരിയിൽ 21 അക്ഷരങ്ങളുണ്ട്‌.


പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞ പുതു കൈരവങ്ങളുടെ മാരകേളി പകരും രജം
ഗൗരവർണ്ണ ദല താരണിഞ്ഞ ലത തോരണങ്ങളുടെ  സൗരഭം
പാരറിഞ്ഞു കനി ഭാരമേന്തിയുലയും രസാല വന തേൻ രസം

അധിക വെൺമയോടെ അരയന്നം കണക്കെ വാനിൽ നീന്തി  വന്ന ചന്ദ്രനെ കണ്ട് ആമ്പലിന്റെ പൂമ്പൊടി മാര കേളിക്കു സജ്ജമായി. ഇത് കണ്ട്  വള്ളി (മുല്ല) തോരണം പോലെ പടർന്നു കയറി തന്റെ വെളുത്ത പൂക്കളിലുള്ള  സൗരഭം  മാവിന്  പകർന്നതാണ് അതിലെ പഴത്തിന്റെ തേൻ രസമെന്നു ലോകമറിഞ്ഞു.

 

വാകമേലെയതി ശോകനിർഭര, വിമൂകമായി പികമേകനായ് 
കൂകവേ, കളസുധാകരം, കുയിലിനോ കരാളമയമാകയാൽ 
ശോകമേറിയരവംകടഞ്ഞസുധ വാക പാടലമലർകളായ് 
ശീകരാഞ്ചിതവശീകരം കടുനിറം കലർത്തുവതിനാകണം 

അതേ സമയം വാകമേലെ അതിയായ  ശോകത്തോടെ ഉച്ചത്തിൽ  ഒരു കുയിൽ ഏകനായ് കൂകുമ്പോൾ (മറ്റുള്ളവർക്ക്) അവിടെ ഒരു മധുര നാദത്തിന്റെ സമുദ്രം തന്നെയുണ്ടെങ്കിലും കുയിലിന് അത് കരാളമാണ് (വിരഹം). വെള്ളത്തുള്ളി കൊണ്ടലങ്കരിച്ച (നീഹാരം) വശ്യമായ ഒരു കടും നിറം (തൻറെ പൂക്കളിൽ)  കലർത്തുവാനാകണം അതിശോകമുള്ള ആ ശബ്ദം കടഞ്ഞസുധ വാകയുടെ ചുവന്ന പൂക്കളായത്.


മലർകളായ് എന്നതിലെ ർ എന്ന ചില്ലക്ഷരം ഉറപ്പിച്ചു പറയാത്തതിനാൽ ല എന്ന അക്ഷരത്തിന് ഗുരു സ്ഥാനം കൃത്യമായി കിട്ടുന്നില്ല.


ഈ കല്ലുകടി ഒഴിവാക്കാൻ ആ വരി ഇങ്ങനെ ആക്കാം.

ശോകമേറിയരവംകടഞ്ഞസുധ വാകപൂത്തനിറമാകയായ്

ഇതിന്റെ ഒരു വിപുലീകരിച്ച പതിപ്പ് നിലാവസന്തം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്. 

കുസുമമഞ്ജരിയിൽ ഒരു ന ഗണം 3 വട്ടം  ആവർത്തിച്ച് വരുന്നുണ്ട്.  ഇതിൽ ഓരോ ന ഗണത്തിൽ നിന്നും ഓരോ മാത്ര വീതം കുറച്ചെടുത്താൽ അത് 18 അക്ഷരങ്ങളിൽ നില്കും. അങ്ങനെ  ര ന ര ന ര ന ര മാറി ര സ ജ ജ ഭ ര എന്നാകും.  അതാണ് മല്ലിക. മറ്റൊരുതരത്തിൽ പറഞ്ഞാൽ കുസുമ മഞ്ജരിയുടെ അനിയത്തിയായിവരും മല്ലിക!

ഇനി ഒന്ന് ചുരുക്കി മല്ലികയിലേക്ക് എഴുതാം.കൂട്ടക്ഷരമായി "ക " ആണ് ഇവിടെ പ്രാസത്തിനെടുത്തിരിക്കുന്നത്. 

പൂക്കടമ്പുകളൊക്കെയും അരുവിക്കരയ്ക്കിരുപക്കമായ് 
പൂക്കളങ്ങളൊരുക്കവേ മറ നീക്കിയെത്തിയൊരർക്കനോ 
നോക്കെറിഞ്ഞിരുളൊക്കെ വർണ്ണമൊഴുക്കി വന്നിഹ പോക്കവേ 
പൂക്കളിന്നു മയക്കിടുന്നു തിളക്കമോടൊരു  ദൃക്കിനേ 

ഈ ശ്ലോകത്തിന്റെ മുഴുവൻ ഭാഗവും വസന്തവനം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്. 


അടുത്തതായി ഒരുവരിയിലെ അക്ഷരങ്ങളെ പരമാവധി ചുരുക്കി ഒരു പരീക്ഷണം.  ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു വരിയിൽ 12 അക്ഷരങ്ങൾ മാത്രം വരുന്ന  വൃത്തമാണ്‌. അതായത്‌ കുറുക്കിയെഴുതിയ വരികളിലെ  4 ഗണങ്ങളും പ്രാസാക്ഷരം ഉൾപ്പെട്ടതാണ്‌. മാത്രവുമല്ല പ്രാസാക്ഷരം മാറാതെ നിലനിർത്തിയിട്ടുണ്ട് . (മ എന്നത്  മി എന്നോ  മു എന്നോ മാറുന്നില്ല.)

വൃത്തം: തോടകം


സുമമഞ്ജിമയാൽ പ്രമദം ഭ്രമരം
കമനീയ മരാളമഗംഗമനം
സമശോണിമയാൽ ദ്രുമസൂനമയം
ഹിമപൂർണ്ണിമയിൽ ചമയും സമയം

  


ദലമാർന്നലരിൻ കുല സംകുലമായ്‌
ഉലയുന്ന ലവംഗലതാ വലയം
മലയാനിലവിൽ വിലസുന്നലസം
കുലരാഗിലകോകില പൂമലയിൽ

 

നിനവിൻ നനവിൽ കനവിൻ കനകം
വനരഞ്ജനചന്ദനഗന്ധനമായ്‌
മനതാരിനകം ഘനവാസനയിൽ
മനമോഹനകൂജനമേളനവും

 

സുവരം പ്രവദം തവവൈഭവമാം
പ്രവരം കവരും രവനീരവമായ്‌
ദിവമോ  ധവളം  കുവമോ പ്ലവകം
നവഹാർദ്ദവമൈന്ദവകാന്തിവനം

വൃത്തം : തോടകം


പദപരിചയം
പ്രമദം : സന്തോഷത്തോടെ
കമനീയ : കാമിക്കത്തക്കതായ
മരാളം : മാതളത്തോപ്പ്  അഗം : വൃക്ഷം/പർവ്വതം
ദ്രുമം വൃക്ഷം
സംകുലം കൂട്ടത്തോടെ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/സന്തോഷിപ്പിക്കുന്ന
ഗന്ധനം: മണം പരത്തൽ
കൂജനം :കുയിലിന്റെ പാട്ട്
സുവരം: അനുഗ്രഹീതമായ
പ്രവദം :ഉച്ചത്തിൽ പറഞ്ഞ/പാടിയ
പ്രവരം: കുലം/ആ ഗണത്തിൽ പെട്ട
രവം :ശബ്ദം നീരവം :നിശ്ശബ്ദത
ദിവം: ആകാശം കുവം: ആമ്പൽ
പ്ളവകം :പൊന്തിക്കിടക്കുന്ന
ഐന്ദവ : ഇന്ദുവിൻറെ


വിംശതിപ്രാസം
4 x 4 = 20 വിംശതിപ്രാസം.  വിംശതി എന്നാൽ 20.  ഒരു വരിയിൽ 5 തവണവീതം 4 വരികളിലായി മൊത്തം 20 തവണ.  ഇതൊരു ഗണിതസാധ്യത മാത്രമല്ല, സന്തുലിതഗണക്രമമുള്ള വൃത്തങ്ങളിൽ എഴുതുവാനും സാധിക്കും.  അത്തരത്തിലുള്ള ഒരു മുഴുനീള കവിത അമോഘകുസുമം എന്ന പേരിൽ പ്രത്യേകമായിത്തന്നെ ചേർത്തിട്ടുണ്ടു്.