Saturday, March 19, 2022

പ്രഹർഷപ്രസൂനം

ത്രിഷ്ടുപ്പു് (11) എന്ന ഛന്ദസ്സിൽപെട്ട ഒരു സമവൃത്തമാണ് രഥോദ്ധത


അന്തരംഗമൃദുതന്തി മൂളവേ
ചിന്തിനിർവൃതികളെന്തു മോഹനം!
ചന്തമേറിയ വസന്തദേവതേ
നീന്തു മാമകവിചിന്തതൻ നദി!

എൻ പ്രഹർഷനിനവാം പ്രസൂനമേ
എൻ പ്രപഞ്ചനിറവിൻ പ്രഭാതമേ
നിൻ പ്രഭയ്ക്കു മധുരപ്രതീക്ഷയാൽ
വിപ്രലംഭമദനപ്രതീതികൾ

അക്ഷികണ്ടു മധുമക്ഷിയായ് മന-
സ്സാക്ഷിയോ കതകുസാക്ഷ മാറ്റിടും!
ഈക്ഷണം ഹൃദയവീക്ഷണം ബദൽ
ചക്ഷുവിൽ മദനലക്ഷണം വരും

നോട്ടമോ, മധുപുരട്ടിടും ശരം!
മൊട്ടുപോൽ, സ്മരനിരട്ടയമ്പുകൾ?
വിട്ടുനീ,യുയിരിലൊട്ടിനിന്നപോൽ
തൊട്ടു, ജീവിതമിരുട്ടുമാറി പോൽ

ചൈത്രമാർന്ന തവഗാത്രമോ നറും
ചിത്രവാടി, യതിലെത്ര പൂനിറം!
രാത്രികാളിനിറനേത്രഭംഗി, ന-
ക്ഷത്രശോഭയൊരുമാത്ര പൂത്തിതാ

ചെമ്പകം ചിരിയി,ലാമ്പലോ മുഖം?
വെമ്പലുണ്ടു് മനകമ്പനം വരേ!
കമ്പമോടെ തവമുമ്പിലിന്നു ഞാൻ
ഇമ്പമേറിയ കളിമ്പമോയിതു്!

കൊഞ്ചിവന്നമൊഴി നെഞ്ചിനുള്ളിലോ
പഞ്ചമം! മധുരസഞ്ചിതം പ്രിയേ
കെഞ്ചി കാമനക,ളഞ്ചിതാധര-
പ്പുഞ്ചിരിക്കതിരുതഞ്ചി നീവരൂ

കുന്ദമൂർന്ന മകരന്ദധാരയോ 
സാന്ദ്രമാം നിലവൊരിന്ദു തൂകയോ
ചന്ദനക്കുളിരു തുന്ദിലം ചിരി!
മന്ദമിങ്ങണയു സൂന്ദരീ വരൂ

മാറ്ററിഞ്ഞ മിഴിവുറ്റപെൺകൊടീ
നീറ്റലുള്ള മനമാറ്റുവാൻ വരൂ
ഇറ്റുനീയമൃതമൊറ്റിടും പ്രിയം
ചുറ്റുമൻപുമഴ ചാറ്റലായിയും

മഞ്ഞണിക്കുളിരണിഞ്ഞു നെഞ്ചകം
ചാഞ്ഞുനീ മധുമൊഴിഞ്ഞ വേളയിൽ 
വീഞ്ഞുപോൽ മനമറിഞ്ഞു കന്മദം
മാഞ്ഞുപോകരുതൊഴിഞ്ഞു നീയിനി


വൃത്തം : രഥോദ്ധത
പ്രാസം : അഷ്ടപ്രാസം

രം നരം ല ഗുരുവും രഥോദ്ധത