Sunday, December 12, 2021

കരയും തിരയും

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സാരവതി3 ഭ ഗണങ്ങൾ നിരത്തി ഒടുക്കം ഒരു ഗുരു ചേർത്താൽ സാരവതിയായി. 

കരയും തിരയും എന്ന് കേട്ടാൽ കര, പിന്നെ ഒരു തിര എന്നായിരിക്കും ആദ്യം മനസ്സിൽ തോന്നുന്നത് എങ്കിലും കരയും തിരയുന്നു എന്നുകൂടി ആവാം.  അതുപോലെ തിരിച്ച് തിരയും കരയും എന്ന്പറയുമ്പോൾ തിരകൂടെ കരയുന്നു എന്നും ആവാം. അക്ഷരങ്ങൾ ഒന്നാണെങ്കിലും ഒന്ന് ക്രിയാപദവും മറ്റേത് നാമവുമാണല്ലോ. ഈ സാദ്ധ്യത ഉപയോഗിച്ചാണ് ഇതെഴുതിയിരിക്കുന്നത്. ഒപ്പം അനുപ്രാസവും.  സമാനശബ്ദത്തിലുള്ള,  അതേസമയം അർത്‌ഥവ്യത്യാസവുമുള്ള വാക്കുകളും കൂടെ ചേർത്തിരിക്കുന്നു.. 


കരയും തിരയും

തേടിവരും തിരതേടിവരും
കൂടിവരുന്നകദാഹമൊടെ
തീരമണഞ്ഞു പുണർന്നനിശം
ചേരണമാ കരതന്നിലിവൾ
(അനിശം - എല്ലായെപ്പോഴും)


കാമുകസന്നിധിയെന്ന നിധി
നിൻ മുഹുരാരുയിരായ വിധി
നിത്യനിബദ്ധവിഭാവനുമായ്
നിത്യതകണ്ട വിഭാവനമായ്
(മുഹുഃ - പിന്നെയും ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ നിബദ്ധ - കൂട്ടിക്കെട്ടിയ വിഭാവൻ - സ്നേഹിതൻ വിഭാവനം - സങ്കല്പം)

പ്രേമവിലോലുപലോലിതമാം
കാമസമാഗമമാഗതമായ്
കോൾമയിരാലമലാനുഭവം
കോമളമാം പരിരംഭഭരം
(ലോലിത - അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന പരിരംഭം - ആലിംഗനം ഭരം - വളരെ)

യാമിനിതൂകി നിലാവൊളിയാൽ
ദാമിനിപോലൊരു കാൽസരവും
രാസവിലാസമലംകൃതമാം
ആ സരരാഗതരംഗിണിയിൽ
(ദാമിനി - മിന്നൽ സര - ചലിക്കുന്ന)

മാനിനി നിൻമദമോ നുരപോൽ
നിൻ നിനവോ മനനിർവൃതിയോ
പാൽനുരതൻവിരിയും വിരിയും
പോൽ നനവാം രതിനിർഝരികൾ
(മാനിനി - പ്രേമകോപമുള്ളവൾ
വിരി,വിരിയുക)

തീരമറിഞ്ഞു നനഞ്ഞകരം
താരണിയായ് വിരിമാറിനുമേൽ
സാരസരോവരതീരമിതിൽ
മാരവിരാജിതരാജികളായ്


വാരിതനിർവൃതിയേറിടവേ
വാരിയണച്ചണയും തിരയേ
വാരി വികാരവിധൂനനമായ്
വാരിജമാടി വിദൂരജമായ്
(വാരിത - തടുക്കപ്പെട്ട വാരി - വെള്ളം വിധൂനനം വിറയൽ/ഇളകൽ  വിദൂരജം - വൈഡൂര്യം)

തീരനിമന്ത്രണമന്ത്രണമാൽ
ചാര നിരന്തരബന്ധുരമീ
സംവൃതസംഗതസംഗമമാൽ
നിർവൃതികൾ കരയും തിരയും
(നിമന്ത്രണം - ക്ഷണിക്കൽ/വിളിക്കൽ മന്ത്രണം -  രഹസ്യസന്ദേശം
ചാര - സഞ്ചരിക്കുന്ന ബന്ധുര - തരംഗാകൃതിയായ/താണും ഉയര്‍ന്നുമുള്ള  സംവൃത - ചുറ്റപ്പെട്ട/ നിയന്ത്രിക്കപ്പെട്ട/ അമര്‍ത്തപ്പെട്ട  സംഗത - കൂടിച്ചേര്‍ന്ന/പരസ്പരപൂരകമായ )

കാമിനിയേ കരയും തിരയും
ഭാമിനിപോൽ തിരയും തിരയും
വാമിലവും പരികമ്പിതമീ
നൈമിഷികം പരിരംഭണമോ
(ഭാമിനി - കാമമുള്ളവൾ വാമില - സൗന്ദര്യമുള്ള പരികമ്പിത -  ചുറ്റും ഇളക്കപ്പെട്ട)

ദമ്പതികൾ! തിരയും കരയും
കമ്പിതമായ് തിരയും തിരയും
നിൻ വിളിയിൽ കരയും തിരയും
നിൻ വിരഹം! കരയും കരയും
(കമ്പിത - ഇളകുന്ന. തിര,കര,തിരയുക,കരയുക)

വൃത്തം : സാരവതി
പ്രാസം:  അനുപ്രാസം + യമകം
സാരവതിക്കിഹ ഭംഭഭഗം