Showing posts with label അഷ്ടപ്രാസം. Show all posts
Showing posts with label അഷ്ടപ്രാസം. Show all posts

Saturday, September 10, 2022

കൃഷ്ണഹരി

പൊതുവേ എല്ലാവൃത്തങ്ങളിലും അവസാന അക്ഷരം ഗുരുവിൽ അവസാനിക്കുമ്പോൾ സ്തിമിത എന്നവൃത്തത്തിൽ അവസാന 3 അക്ഷരങ്ങളും ലഘുക്കളാണു്. ഹരിനാമകീർത്തനം രചിച്ചിട്ടുള്ളത് പ്രധാനമായും ഈ വൃത്തത്തിലാണു്.  വൃത്തമഞ്ജരി 24 വൃത്തങ്ങൾ എന്നഭാഗത്ത് ഇത് വിവരിച്ചിരിക്കുന്നു,  ലക്ഷണമായി കൊടുത്തിരിക്കുന്നത് “തഭയം ജലലം മദ്ധ്യേ മുറിഞ്ഞാൽ സ്തിമിതാഭിധം“. 

മത്തേഭവുമായി വളരെസാമ്യമുള്ള ഒരു വൃത്തമാണിത്.  മത്തേഭത്തിനെ മൂന്നായി പകുത്താൽ കിട്ടുന്ന ആദ്യത്തെ 14 അക്ഷരങ്ങൾ തന്നെയാണു് സ്തിമിതയിലും.  മത്തേഭം ദ്വാദശപ്രാസത്തിനെങ്കിൽ സ്തിമിത അഷ്ടപ്രാസത്തിനും അതുപോലെതന്നെ ചേരും. നാരായണായ നമ എന്ന സപ്താക്ഷരി 8 തവണ എഴുതിയാൽ സ്തിമിതയിലെ ഒരു ശ്ലോകമായി.  ഏതു വൃത്തത്തിൻ്റെയും ലക്ഷണം അതേവൃത്തത്തിൽത്തന്നെ എഴുതണമെന്നത് സംസ്കൃതവൃത്തങ്ങളുടെ കാര്യത്തിൽ പൊതുവെ പിന്തുടർന്നുവരുന്ന കീഴ്വഴക്കമാണു്. ശക്വരി(14) എന്ന ഛന്ദസ്സിൽ ഉൾപ്പെടുത്താവുന്നതുമായിരുന്നു ഈ വൃത്തം. പക്ഷെ, വൃത്തമഞ്ജരിയിൽ ഇത് മറ്റൊരിടത്താണു് കൊടുത്തിട്ടുള്ളത്. ഏതായാലും ഒരു സംസ്കൃതസമവൃത്തമെന്നരീതിയിൽ അതേലക്ഷണംതന്നെ ഒരു പുതിയലക്ഷണമായി അതേ വൃത്തത്തിൽത്തന്നെ മാറ്റിയെഴുതി താഴെ ചേർത്തിട്ടുണ്ടു്.  

ലക്ഷണത്തിൽ യതി ഉള്ളതായിട്ടാണു് പറഞ്ഞിരിക്കുന്നത്, അതിനാൽ അത് മാറ്റിയെഴുതിയപ്പോഴും യതി ചേർത്തുതന്നെയാണു് ലക്ഷണം കൊടുത്തിട്ടുള്ളത്.  യതി ചൊല്ലുമ്പോൾകിട്ടുന്ന ആകർഷണീയതയ്ക്കു വേണ്ടിയാണു് നിഷ്കർഷിക്കപ്പെടുന്നതു്; അഥവാ യതിഭംഗം വന്നാൽ അതൊരു കല്ലുകടിയായി അവശേഷിക്കുമെന്നർത്ഥം. പക്ഷെ ഹരിനാമകീർത്തനത്തിൽ എവിടെയാണു് യതി? അതിലില്ലാത്ത യതി പിന്നെങ്ങനെ ലക്ഷണമെഴുതിയപ്പോൾ കയറിപ്പറ്റി എന്നും അറിയില്ല. “തോന്നുന്നതാകിലഖി//ലം ഞാനിതെന്ന വഴി“ . അഖിലം എന്നത് യതിക്കുമുമ്പ് അഖി എന്നും ലം പിന്നീടുമാണു് വന്നിട്ടുള്ളത്. പക്ഷെ ചൊല്ലിയപ്പോൾ ഇതുവരെയും എനിക്കൊരു കല്ലുകടി ഉള്ളതായി തോന്നിയിട്ടില്ല. ഇനിയും ഉദാഹരണങ്ങളുണ്ടു്. “തള്ളിപ്പുറപ്പെടുമ// ഹം ബുദ്ധികൊണ്ടു ബത“ . എന്തിനാണുപിന്നെ ലക്ഷണത്തിൽ യതി നിഷ്കർഷിച്ചത് എന്ന് എനിക്കറിയില്ല.  സ്തിമിത പഠിക്കും മുമ്പ് ഹരിനാമകീർത്തനം പഠിച്ചതുകൊണ്ടു് എൻ്റെ എഴുത്തിലും അതേശൈലിതന്നെയാണു് വന്നതും ഞാൻ എഴുതിഫലിപ്പിക്കാൻ ശ്രമിച്ചതും, അതുകൊണ്ടു് ചില വരികളിൽ അങ്ങിങ്ങായി ലക്ഷണത്തിലെ നിയമപ്രകാരം മാത്രം യതിഭംഗം കണ്ടേക്കാം. സ്തിമിത എന്തെന്നറിയാതെയാണു് വായിക്കുന്നതെങ്കിൽ നിങ്ങൾക്കും അതൊരു ന്യൂനതയായി തോന്നുകയില്ല.

വൃത്തമഞ്ജരി നിയമപ്രകാരം 1,2 വരികൾ തമ്മിലും 3,4 എന്നീ വരികൾ തമ്മിലും സന്ധിസമാസബന്ധമാകാം, 2,3 എന്നിവ തമ്മിൽ ഒരിക്കലും ആകാവതല്ല.   വരിയുടെ തുടർച്ചയ്ക്ക് സന്ധി-സമാസബന്ധം മാത്രമായിരുന്നോ എഴുത്തച്ഛൻ എടുത്തിരുന്നത്? ഈ വരികൾ നോക്കൂ

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി

ണത്താരിൽമാനനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനിതി

ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി

വൃത്തമഞ്ജരി പഠിക്കും മുൻപേ ഹരിനാമകീർത്തനം പഠിച്ചിരുന്നതുകൊണ്ടും അത് മനസ്സിൽ പതിഞ്ഞിരുന്നതുകൊണ്ടും ഹരിനാമകീർത്തനത്തിൻ്റെ വഴിയിലാണ് എൻ്റെവരികളും പോയത്.  അതുകൊണ്ടുതന്നെ സന്ധി-സമാസ-ബന്ധം ഉൾപ്പെടുത്തിമാത്രമേ  പാദങ്ങളെ മുറിക്കാവൂ എന്ന നിഷ്കർഷയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.  നേരത്തെ പറഞ്ഞതുപോലെ ഹരിനാമകീർത്തനം വായിച്ചിട്ടുള്ള, അതേസമയം, വൃത്തനിയമമൊന്നും പഠിച്ചിട്ടില്ലാത്ത ഒരാളാണു് നിങ്ങളെങ്കിൽ ഇതും ഒരു ന്യൂനതയായി തോന്നുകയില്ല.

ശ്രുതി/സ്മൃതിവചനങ്ങൾ പ്രകാരം വിദ്യ വിദ്വാനോടു് പറയുന്നത് ഞാൻ അങ്ങയുടെ നിധിയാണെന്നും ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്നും തന്നെ വീര്യവത്താക്കുന്നവനു മാത്രമേ കൊടുക്കാവൂ എന്നും അസൂയയുള്ളനു് കൊടുക്കരുതെന്നുമാണു്. “വിദ്യാഃ ബ്രാഹ്മണമാജഗാമ ശേവധിഷ്ടേസ്മി രക്ഷകാം മാം ഗോപായ  അസൂയകായമാം മാ ദാ സ്തദാ വീര്യവത്തമാം “  ഒന്നാം ശ്ലോകം വായിക്കുമ്പോൾ ബുദ്ധി ഒളിച്ചുവെച്ചവാൾ പോലെയാണെന്നു് പറഞ്ഞതിൻ്റെ കാരണം പറഞ്ഞെന്നേയുള്ളൂ.

2, 9 എന്നീ സ്ഥാനങ്ങളിൽ പ്രാസാക്ഷരം ആവർത്തിക്കുന്നു. കൂടാതെ രണ്ടാം  ശ്ലോകത്തിൽ നാരാ എന്ന രണ്ടക്ഷരമാണു് ആവർത്തനം. ഒരു വ്യഞ്ജനം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ വ്യഞ്ജനങ്ങൾ ചേർന്ന വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണ് വ്യത്യസ്ത അർത്ഥങ്ങളിൽ ആവർത്തിക്കുന്നതെങ്കിൽ അത് യമകവുമായി. കൂടാതെ മറ്റൊരു ശ്ലോകത്തിൽ സാര എന്ന ശബ്ദം ആവർത്തിക്കുന്നുണ്ട്.


ഏകൂ വിനായക! ഭവാൻ കൂർമ്മബുദ്ധിയിവ-
നാ കൂർച്ച വേണമിനിയെൻ  കൂടഖഡ്ഗമതു്
നീ കൂടെയെങ്കിലകമേ കൂവരപ്രതിഭ
സാകൂതമേകു കൃപ കൈകൂപ്പിടുന്നരികെ

( കൂർച്ച - മൂർച്ച/മുന കൂടഖഡ്ഗം - മറച്ചുവെച്ചവാൾ കൂവര - സൗന്ദര്യമുള്ള സാകൂതം - ഉദ്ദേശ്യപൂര്‍വകമായി/അര്‍ത്ഥവത്തായി)

നാരായണായ നമ നാരായവേരുലകി-
നാ രായഹേതുപതി നാരായമാണിവനു്
നാരാധിപാ മതധുനാ രാ വെളുക്കുവതി-
നാരാണു വേറെയിഹ? നാരായണാ ഹരി ഹി 

(നാരായവേര് - മുഖ്യമായ/ ആധാരം/ നിലനിറുത്തുന്നത്  രായം - സ്വർണ്ണം/ധനം  നാരായം - എഴുത്താണി നാരം - നരധർമ്മം/നരസമൂഹം   മത് - എൻ്റെ അധുനാ - ഇപ്പോഴുള്ള  രാ - രാത്രി/ഇരുൾ ഇഹ - ഇവിടെ ഹി - തന്നെ/തനിച്ച് )

വാക്കാണു സത്യമതിനൊക്കുന്നപോലെ തവ
തൃക്കൈതരും വരമുദിക്കേണമെൻ മനസി
കേൾക്കുന്നു സോദരികണക്കെന്നു  വാണി, മമ
നാക്കിൽ വിളങ്ങിടുവതാക്കില്ലെ കൃഷ്ണ! ഹരി

(ശ്രദ്ധയോടും വിശ്വാസത്തോടുംകൂടി ഏതേതു ദേവതകളെ ആരാധിച്ച് ഏതേതുകാമനകൾക്കായി പ്രാർത്ഥിക്കുന്നുവോ അത് കൊടുക്കുന്നത് ഞാൻ തന്നെയാകുന്നു എന്ന ഗീതാവാക്യം 7:22 ആധാരമാക്കി എടുക്കുന്നു. കൂടാതെ വാണി സരസിജനാഭസോദരിയുമാണല്ലോ)

പൊല്ലാപ്പുകാട്ടി വരി, പൊല്ലാത ശൈലിയിലെ
വല്ലാത്ത വീഴ്ചകളു,മില്ലാ തെളിച്ചമഥ
കില്ലാകെമാറ്റി പദകല്ലോലമായിയവ-
യെല്ലാമെനിക്കുതരു സല്ലാപഭാഷി ഹരി

(പൊല്ലാത - ചീത്തയായ/ശോഭിക്കാത്ത അഥ - അനന്തരം കില്ല് -  സംശയം/ക്ലേശം കല്ലോലം - തിര, പദങ്ങൾ മനസ്സിൽ ഉറവെടുക്കുന്നതിനാൽ സന്തോഷം എന്നും എടുക്കാം സല്ലാപഭാഷി - സരസമായി ഭാഷണം ചെയ്യുന്നവൻ)

കീലാലമായിവരുമാലാപവേണുവിലെ
ജാലാദിവേലപടി,യാ ലാഘവത്തിലൊരു
കാലാതിവൃത്തിപദചേലാലൊരുക്കി കവി
പോലാക്കിടാനിവനെ പാലാഴിമങ്കപതി

(കീലാലം - തേൻ അതിവൃത്തി - കവിഞ്ഞുനില്‍ക്കൽ/ജയിക്കല്‍)

കാമ്പുള്ള വൈഖരി വിളമ്പിത്തരുന്നസുധ-
യിമ്പത്തിലായ് കതിരിടുമ്പോളതിൻ മഹിമ
കമ്പം കുറഞ്ഞു, പലതുമ്പങ്ങളങ്ങകലെ
സമ്പൂർണ്ണനാം നിപുണനമ്പാടി തൻ്റെനിധി!

(വൈഖരി - പുറത്തുവന്ന വാക്ക് കമ്പം - ഭയം/സംഭ്രമം തുമ്പം - ദുഃഖം)

കംസാരി നീയിവനു ഹംസാധിരൂഢയുടെ
ഭാസാവിഭൂതിയൊരു ഹംസാപ്തവിദ്യപടി
ആ സാരമാകെ വരമാസാരമായ് പ്പൊഴികെ
കാസാരമായ്ത്തരിക നീ, സാദരം തൊഴുവു

(ഹംസാധിരൂഢ - സരസ്വതി ഭാസാവിഭൂതി - തിളക്കത്തിൻറെ ശക്തി/ഐശ്വര്യം  ആപ്ത - വിശ്വസിക്കപ്പെട്ട/ ലഭിക്കപ്പെട്ട;  വെള്ളവും പാലും കലർത്തിവെച്ചാൽ ഹംസത്തിന് പാൽ മാത്രം കുടിക്കാനാകും എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിദ്യ അറിയാം. നീരക്ഷീരവിവേകം എന്നത് നന്മതിന്മകൾ വേർതിരിച്ചറിഞ്ഞ് നല്ലതുമാത്രം സ്വീകരിക്കുന്ന വിവേകമായി വിവക്ഷിക്കപ്പെടുന്നു. ആസാരം - പെരുമഴ കാസാരം - തടാകം)

ആങ്കാരമാം നിബിഡപങ്കം നിറഞ്ഞിവിടെ
സങ്കോച,ശങ്കയതിസങ്കീർണമാണു മതി
കൈങ്കര്യഭാവമൊടെ സങ്കീർത്തനം ജപന-
മെങ്കിൽ ഭവാനിവിടെ നങ്കൂരമിട്ടിടുക

(ആങ്കാരം - അഹങ്കാരം പങ്കം - ചെളി കൈങ്കര്യം - ദാസ്യം)

വീറുള്ളമായ മനമേറുന്നു മൂടലൊടെ
കാറുള്ളപോലെ ചിതിതാറുന്ന നേരമൊരു
തേറുന്നമിഥ്യയുടെ മാറുന്നകാഴ്ചകളി-
ലൂറുന്ന മോഹമിതു മാറില്ലെ കൃഷ്ണ! ഹരി 

(താറുക - താത്കാലികമായി നിന്നുപോവുക തേറുക - വര്‍ദ്ധിക്കുക
മാറുന്ന കാഴ്ചകൾ - മാറിമറിയുന്നതൊന്നും സത്യമാകില്ല, സത്യമെന്നാൽ 3 കാലങ്ങളിലും മാറാതെ നിൽക്കുന്നതാകണം)

പൊങ്ങുന്നു നൂറുവിഷയങ്ങൾ തരുന്ന ചല-
നങ്ങൾ നിറഞ്ഞനടനങ്ങൾ മനസ്സിലവ
നീങ്ങുന്നതിന്നിടയിലങ്ങുന്നഹോ! ഇടയ-
നങ്ങല്ലെ, പിന്നണിയിലങ്ങല്ലെ കൃഷ്ണ! ഹരി 

(അഹോ - ആശ്ചര്യസൂചകം ഇടയൻ - ഇടയിൽ നിൽക്കുന്നവൻ ഇടയിൽക്കൂടെ കാണുന്നത് അതിനും പിന്നിലുള്ള ഒന്നാകണമല്ലോ)

തെണ്ടിത്തിരിഞ്ഞു മതി മണ്ടുന്നതുണ്ടിവിടെ-
യിണ്ടൽ രുചിച്ചകഥ മിണ്ടാനുമാക ഹരി
രണ്ടല്ല,യെൻ്റെമിഴി കണ്ടോരനേകവിധ-
മുണ്ടിങ്ങു കൃഷ്ണ! ഹരി കണ്ടില്ലെയെൻ്റെ വിധി

(മണ്ടുക - ഓടുക ഇണ്ടൽ -  ദുഃഖം ഒന്നായതിനെ രണ്ടായിട്ടുകാണാനുള്ള അറിവ് എഴുത്തച്ഛനുണ്ടായിരുന്നെങ്കിൽ അത് അനേകമായിട്ടാണ് എനിക്ക് കാണപ്പെടുന്നത്. ആദ്യം അത് രണ്ടായിക്കാണാനും അതുരണ്ടും ഒന്നെന്ന് പിന്നീടും മനസ്സിലാക്കേണ്ടിയിരിക്കുന്നു)

കൊണ്ടൽ മറഞ്ഞുടനെ തണ്ടേണ്ടതില്ല, കിരി
താണ്ടിക്കഴിഞ്ഞു രവി പണ്ടുള്ളപോലിവിടെ
വീണ്ടും വരുന്നപതിവുണ്ടെങ്കിലും കരി പു-
രണ്ടിട്ടുതന്നെ മതി കണ്ടില്ലെ കൃഷ്ണ! ഹരി 

(കൊണ്ടൽ - മേഘം തണ്ടുക - അന്വേഷിക്കുക കിരി - മേഘം 
പരിച്ഛിന്നനായി കാണപ്പെടുന്നത്
അജ്ഞാനം കൊണ്ടുമാത്രമാണ്, അത് നശിച്ചാൽ മേഘം മാറി സൂര്യൻ തെളിയുംപോലെ ആത്മാവ് താനേ പ്രകാശിക്കും എന്ന് ശങ്കരവചനം - ആത്മബോധം 5, പക്ഷെ പഠിച്ചത് പുസ്തകത്തിലും മനസ്സിൽ ഇരുളും മാത്രം അവശേഷിക്കുന്നു)

ദൃക്കായനിന്നെ മനമൊക്കെത്തിരഞ്ഞു മൊഴി
കേൾക്കാനുമാശ മറനീക്കീട്ടു നീവരിക
തൃക്കാലെഴുംദ്യുതി വിളക്കായിനിൽക്കണമൊ-
ളിക്കല്ലെ നീ, വഴിതുറക്കില്ലെ കൃഷ്ണ! ഹരി 

(ദൃക്ക് - സാക്ഷീഭാവത്തിൽ എല്ലാം കാണുന്നവൻ, ദൃക്-ദൃശ്യവിവേകത്തിലെ അതേ അർത്ഥത്തിൽ)

ഭൃംഗാദിജാലമതു ശൃംഗാരഭാവമൊടെ-
യംഗാരവർണ്ണമലരിൽ ഗാഢമൂർന്നപടി
രാഗാംഭണം മുരളിയിൽ ഗാനമായുയരെ
ഭാഗാർത്ഥി ഞാനരികെ നിൻ ഗാഥ മൂളിയിഹ

(അംഗാരം - ചുവന്ന നിറം  അംഭണം - ശബ്ദം പുറപ്പെടുവിക്കുന്നത് ഭാഗാർത്ഥി - പങ്കിന് അപേക്ഷിക്കുന്നവൻ ഗാഥ - സ്തുതിഗീതം)

ചെഞ്ചായമിട്ടഴകു് തഞ്ചുന്ന കാലടിക-
ളെഞ്ചുന്നുവെൻ്റെ വിന നെഞ്ചോടലിഞ്ഞ കറ
ചാഞ്ചാടിവന്നു കളകാഞ്ചിക്കിലുക്കമൊടെ
കൊഞ്ചിച്ചിരിച്ച ചിരിയഞ്ചുന്നു കണ്ണു് ഹരി

(എഞ്ചുക - നശിക്കുക/കുറയുക)

നൃത്തം ചവിട്ടി മമ ഹൃത്തും മെതിച്ചതു വി-
ഷത്തോടെ കാളിയനകത്തെത്തിയൂതി പക
പത്തിക്കുമേലെ വടിവൊത്തോരു പാദകല
തത്തിക്കളിച്ചഗതി ചിത്തത്തിലെത്തി ഹരി

മഞ്ഞച്ചയാടകളണിഞ്ഞിട്ടു പുഞ്ചിരി വി-
രിഞ്ഞോരുപൂർണ്ണിമ തികഞ്ഞൊരു കാഴ്ച മമ 
പഞ്ഞം കുചേലനു കുറഞ്ഞെന്നപോലിഹ ചൊ-
രിഞ്ഞിട്ടു ചിന്തന വിളഞ്ഞെൻ്റെ കൃഷ്ണ ഹരി 

(പഞ്ഞം - ദാരിദ്ര്യം ചിന്തന - വിചാരിക്കൽ)

അങ്ങുന്നുവന്നു മമ വിങ്ങുന്നമാനസമി-
റങ്ങീടണം, വ്യഥകലങ്ങീടുമാറു ചിതി
താങ്ങിപ്പിടിച്ചു കദനങ്ങൾക്കുമേലനുഭ-
വങ്ങൾ കടഞ്ഞതിനുമങ്ങേയ്ക്കു വെണ്ണ ഹരി 

(ചിതി - അറിവ്/ചൈതന്യം കൂർമ്മത്തിലുറച്ചു മന്ഥരപർവതം കടഞ്ഞതുപോലെ ചിതിയിൽ ഉറപ്പിച്ച് അനുഭവങ്ങൾ കൊണ്ട് മനസ്സ് കടയുന്നതായി സങ്കൽപ്പിക്കുന്നു)

പ്രക്ഷുബ്ധമാനസവുമീക്ഷിച്ച ചക്ഷു തവ
കാംക്ഷിച്ചമാനസവുമെൻ ക്ഷുദ്രമായ മതി
വിക്ഷേപമെന്നവ വിവക്ഷിച്ചുതന്നിവനൊ-
രക്ഷൗണിണിപ്പടയിലക്ഷാമ കൃഷ്ണ! ഹരി 

(ഈക്ഷിക്കുക - കാണുക/നോക്കുക ചക്ഷു - കണ്ണു് വിക്ഷേപം - മായയുടെ 2 ശക്തികളിലൊന്ന്; ആവരണം സത്യം മറയ്ക്കുമ്പോൾ വിക്ഷേപം മറ്റൊന്നിനെ ആ സ്ഥാനത്ത് തെറ്റിദ്ധരിപ്പിച്ചുകാണിക്കുന്നു.  അക്ഷാമ - ക്ഷാമം ഇല്ലാത്ത )

ഭള്ളോടു കൂടിയൊരു കള്ളം കളങ്കമന-
മള്ളിപ്പിടിച്ച വിഷവള്ളിയ്ക്കിതെന്തു ചുറ
മുള്ളോടുകൂടിയതു നുള്ളിക്കളഞ്ഞ തവ
കള്ളച്ചിരിയ്ക്കഴകിലുള്ളോരു കാന്തി ഹരി

(ഭള്ള് - അഹംഭാവം/ധിക്കാരം ചുറ - ചുറ്റ്/വളയം)

ഒട്ടുന്ന പാശമിഹ പൊട്ടാത്തൊരാ ലതിക
കെട്ടുള്ളബന്ധമതു വിട്ടിട്ടു പോവതിനു
കൂട്ടായി വന്നു വഴികാട്ടുന്നൊരെന്നുടയ
പട്ടാഭിരാമ! മനമൊട്ടാകെ കൃഷ്ണ! ഹരി

സ്പഷ്ടം ഭവാൻ്റെയൊരു ദൃഷ്ടിക്കിവൻ സപദി
നഷ്ടക്കയം കയറി കഷ്ടത്തിനെന്തറുതി!
മിഷ്ടപ്രസന്നസുമവൃഷ്ടിക്കുമൊത്ത ചിരി
സൃഷ്ടിച്ചു പൊൻപുലരി ശിഷ്ടന്നു കൃഷ്ണ! ഹരി

(സപദി - ഉടനെ/തത്ക്ഷണം മിഷ്ട - നനഞ്ഞ/തളിക്കപ്പെട്ട/മാധുര്യമുള്ള ശിഷ്ട -
ശാസിക്കപ്പെട്ട /നല്ലരീതിയില്‍ വളര്‍ത്തപ്പെട്ട)

നീ വാഴുമെൻ്റെമനമോ വാഗതീതരുചി
തേവാരനേരമതു ഭാവാനുബന്ധശതി
പൂവായിയേകി തതി നാവാൽ ജപിച്ച കതി
എൻ വാങ്മയപ്രതിമ നീ വാരിജാക്ഷഹരി 

(വാഗതീത - വാക്കുകള്‍കൊണ്ടു വെളിപ്പെടുത്താനാവാത്ത രുചി - ഭംഗി/നിറം/ ശോഭ  തേവാരം - ഈശ്വരപൂജ ഭാവാനുബന്ധം -   ഏതെങ്കിലും ഒന്നിനോടുള്ള സ്വാഭാവികപ്രതിപത്തി ശതി - നൂറുമടങ്ങായ. തതി - സമൂഹം/കൂട്ടം. കതി - എത്ര വാങ്മയം- വാക്സ്വരൂപം)

വൃത്തം: സ്തിമിത
പ്രാസം : അഷ്ടപ്രാസം 

ഏഴിൽയതിക്കുതഭ യംജംലലസ്തിമിത