Showing posts with label ശാർദ്ദൂലവിക്രീഡിതം. Show all posts
Showing posts with label ശാർദ്ദൂലവിക്രീഡിതം. Show all posts

Tuesday, June 2, 2020

ശാർദ്ദൂല വിക്രീഡിതം

ശാർദ്ദൂലവിക്രീഡിതം എന്നാൽ പുലികളിയെന്നാണല്ലോ ഒരു മഹാനുഭാവൻ അർത്ഥം കൽപിച്ചത്. ആലോചിച്ചു നോക്കിയപ്പോൾ അത് വെറും ക്രീഡയല്ല, വിക്രീഡയാണ്. അപ്പോൾ ക്രീഡയും പലതരം വേണമല്ലോ.

1
ഓണം വന്നിതു ചിങ്ങമാസനിറവിൽ മിന്നുന്ന പൊന്നാടയും
വേണം പൂപ്പട പൂവിളിക്കുപുറമേ പൂക്കാലവർണ്ണാഭയും
ഈണം പാടിടുമോണവില്ലുമുറുകേ മാവേലിയെത്തുന്നതും
കാണാം മോദമൊടെങ്ങുമീനഗരിയിൽ ശാർദ്ദൂല വിക്രീഡിതം

2
പാരിൽ കണ്ടിടുമെത്രയോ നരശതം നിസ്വൻറെ ജൻമങ്ങളായ്
ഊരിൽ തെണ്ടിനടന്നു ജീവിതരണം ദൈനംദിനം കൊണ്ടിടും 
നേരിൽകണ്ടറിയാത്തൊരാ, ധനികരാം സൗഭാഗ്യജന്മങ്ങളോ
പോരിൽകഷ്ടമതല്ല കണ്ടതുവെറും ശാർദ്ദൂലവിക്രീഡിതം


3
നീറും നൊമ്പരമോടെനില്പവനുതൻ വീടിൻവിശപ്പോ മനം
പേറുംവൻഭയമിന്നു പട്ടിണിയുടെ വ്യാഘ്രീകരങ്ങൾക്കുമേൽ
ചോറുംനീരുമതൊന്നുമില്ലിരുളെഴും ദാരിദ്ര്യഭാവിയ്ക്കുമേൽ
ചീറുംവൻപുലിയായി വന്നവിടെയോ ശാർദ്ദൂലവിക്രീഡിതം

4
വീര്യം തന്നതിതേതൊരാ ലഹരിയിൽ പൊങ്ങുന്നൊരാ ഗർജ്ജനം
ക്രൗര്യം കൂടിയ വൻപുലിക്കുസമമായ് സംഹാരമാടുന്നുവോ
ധൈര്യംപോയൊരു നിസ്സഹായസമയം വീട്ടിൽ നിരാലംബരും
ശൗര്യംകൂടിയമത്തനാം കുടിയനും ശാർദ്ദൂലവിക്രീഡിതം


നാലെണ്ണം കഴിഞ്ഞപ്പൊഴാ ഓർത്തത്, ലക്ഷണത്തിൻറെ വ്യാഖ്യാനമെവിടേ? അജ്ഞാതനായ ആ മഹാനുഭാവൻ SSLC പരീക്ഷയ്ക്ക് ഉത്തരമെഴുതിയത് 
പന്ത്രണ്ടാൽ മസജം - പന്ത്രണ്ടാം മാസത്തിൽ ജനിച്ചവൻ (December ആകാം, കർക്കിടകവുമാകാം)
സ തംത ഗുരുവും - അവന്റെ തന്തയും ഗുരുവും
ശാർദ്ദൂലം - പുലി
ക്രീഡ - കളി 
ആയതിനാൽ, പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും അവന്റെ തന്തയും ഗുരുവും കൂടി നടത്തുന്ന പുലികളിയാണ് ശാർദ്ദൂല വിക്രീഢിതം എന്നാണ്.
ഉത്തരത്തിലെ തമാശ മാത്രമേ പത്രത്തിൽ വന്നുള്ളൂ, പക്ഷേ ഇതെഴുതിയവന് മലയാളത്തിന് എത്ര മാർക്ക് കിട്ടി എന്ന് പറഞ്ഞില്ല.  

മാസജം എന്നാൽ മാസത്തിൽ ജനിച്ചത് ആണെന്നും, സ തംത എന്നാൽ അവന്റെ തന്ത ആണെന്നും ശാർദ്ദൂലമെന്നാൽ പുലിയെന്നാണ്  അർത്ഥമെന്നും അറിയുന്നവൻ സാധാരണക്കാരനാവില്ല. 
സത്യം, പത്താം ക്ലാസിൽ ഞാനിത്രയും ചിന്തിച്ചിട്ടില്ല. 

5
തട്ടും കൊട്ടുമനേകമാണു ഗുരുതൻ,  മട്ടും പിതാവിന്നതേ
ഒട്ടും പന്തിയിലല്ലവൻറെ പഠനം, പൊട്ടും പരീക്ഷയ്ക്കവൻ 
കെട്ടും, കർക്കിടകംപിറന്നപുലിയേ, പൂട്ടും, മെരുക്കീടുവാൻ
മുട്ടും മൂവരുമെന്നുമാകളരിയിൽ ശാർദ്ദൂലവിക്രീഡിതം



ഇനി ഇതിന്റെ സംസ്കൃതം പതിപ്പ്, ഇവിടെ മാഷാണ് പുലി


ക്രുദ്ധം കർശനദർശിതം (ഭാവിതം) ഭയകരം ശാർദ്ദൂലരൂപം ഗുരും
ശുദ്ധം മേഷസമാനബാലജനനം വർഷാന്തികം ഫാൽഗുണം
ബദ്ധം തസ്യപിതോ നിരന്തരമതം ജല്പം തമഭ്യുദ്ദയം
യുദ്ധം കേളിതരം (കേളിരതം) ത്രയം പ്രതിദിനം ശാർദ്ദൂല വിക്രീഡിതം