Showing posts with label ചമ്പകമാലാ. Show all posts
Showing posts with label ചമ്പകമാലാ. Show all posts

Saturday, February 5, 2022

കംബരകാവ്യം

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് ചെമ്പകമാലാ (രുക്മവതി). കൃത്യം 5 അക്ഷരങ്ങളിൽ ഓരോവരിയും രണ്ടായി മുറിയുന്നതിനാലും മുറിച്ചുവെച്ച  പൂർവ്വഭാഗവും ഉത്തരഭാഗവും ഒരുപോലെതന്നെയിരിക്കുന്നതിനാലും അഷ്ടപ്രാസത്തിന് ഉത്തമമാണ് ഈ വൃത്തം.  

വ്യഞ്ജനത്തിനാണ് പൊതുവെ പ്രാസം കൊടുക്കുന്നത്.  ഇത്തവണ അവസാനശ്ലോകത്തിൽ ഒരു വ്യത്യസ്തതയ്ക്കുവേണ്ടി  അനുസ്വാരം ഉപയോഗിച്ചാണ് പ്രാസം കൊടുത്തിരിക്കുന്നത്.  അം എന്നത് സ്വരാക്ഷരങ്ങളിൽപ്പെട്ടതാണെങ്കിലും പ്രാസത്തിനെടുത്തപ്പോൾ അതിന് വ്യഞ്ജനത്തിന്റെ ഫലംകിട്ടിയോയെന്നു സംശയം.  ഇത് വെറുതെ എഴുതിയെന്നേയുള്ളൂ. വ്യത്യസ്തത പരീക്ഷിക്കുന്നത് എനിക്ക് ഒരുരസമുള്ള കാര്യമാണ്.

കംബരകാവ്യം

ഇന്ദിരതങ്ങും മന്ദിരമായെൻ
സന്ദിതഹൃത്തിൻ നന്ദനമെങ്ങും
സുന്ദരചിന്താവൃന്ദമുതിർക്കും
ചന്ദനഗന്ധം തുന്ദിലഭാവം

നൊമ്പരമേന്തും കുമ്പിളുകൾ തൻ
തമ്പു തകർത്തെൻ തുമ്പമകറ്റാൻ
വെമ്പുകയായ് ഹൃത്കമ്പനമുള്ളിൽ
ഇമ്പമുണർത്തും കമ്പവുമോടെ

ചിന്തകളെല്ലാം ചിന്തിയ ചിത്രം
ചന്തമെഴും ചേമന്തി കണക്കെ
ആന്തരനോവിൻ ചാന്തുകലർത്തി
നൊന്തൊരു ജീവൻ കാന്തി പരത്തി

അക്ഷരമോരോന്നായ് ക്ഷരിതത്തി-
ന്നക്ഷമനായ് ഞാനക്ഷരഭിക്ഷു
എൻ ക്ഷരമാറ്റും വീക്ഷണകോണൊ-
ന്നീക്ഷണമേകീ നീ ക്ഷണികത്താൽ

പഞ്ഞവുമുള്ളിൽ തേഞ്ഞുമറഞ്ഞൂ 
കാഞ്ഞകടുപ്പം മാഞ്ഞലിവാർന്നു
മേഞ്ഞു മനസ്സിൽ കുഞ്ഞുകിനാക്കൾ
മഞ്ഞണിചിത്തേ വീഞ്ഞിലെ മത്തായ്

നട്ടുമനം വേറിട്ട വിചാരം
മൊട്ടുകളും പൂന്തോട്ടവുമായി
മട്ടലരിൻ പൂവട്ടകയുള്ളിൽ
കൊട്ടിയ വാണീനേട്ടമറിഞ്ഞു

വിങ്ങലിലെൻ രാഗങ്ങളലിഞ്ഞു
തേങ്ങലിലും നാദങ്ങളുണർന്നു
ചങ്ങലതൻ ബന്ധങ്ങളുമറ്റു
തിങ്ങിമനസ്സിൽ പൊങ്ങി വസന്തം

രഞ്ജനഭാഷാമഞ്ജരി തന്നിൽ
മഞ്ജുളവാക്കിൻ മഞ്ജുപതംഗം 
പഞ്ജമണഞ്ഞും രഞ്ജിതനേരം 
ഗുഞ്ജിതമാമെൻ കുഞ്ജകുടീരം

പഞ്ചമരാഗം കൊഞ്ചലിലെൻറെ
നെഞ്ചിലെനാദം ചഞ്ചലതാളം
അഞ്ചിതമാകും പുഞ്ചിരിയെന്നിൽ
പിഞ്ചിളസൂനം കഞ്ചമൊരെണ്ണം

പൂത്തൊരു ചിമ്പാകത്തിലെ മാലാ-
വൃത്തമതൊന്നിൽ ചിത്തമിണക്കി
ഉത്തമമാം വാക്കൊത്തു നിരത്തീ
ട്ടിത്തരുണം ഞാൻ തീർത്തൊരുകാവ്യം

കംബരമാം കാവ്യാംഗന മുന്നിൽ
രംഗണവാക്കിൻ സംഗമരംഗം
മംഗളമാക്കിക്കംബുകമൂതി
തംബുരു മീട്ടീ സംഗതചിത്തം

വൃത്തം: ചമ്പകമാലാ
പ്രാസം: അഷ്ടപ്രാസം
ഭം മസഗം കേൾ ചെമ്പകമാലാ

പദപരിചയം
സന്ദിത: ബന്ധിക്കപ്പെട്ട
തുന്ദില: നിറഞ്ഞ/വഹിക്കുന്ന
ക്ഷരിത: തുള്ളി തുള്ളിയായി വീഴ്ത്തപ്പെട്ട
ക്ഷരം: അഞ്ജാനം/മൂഢത
ക്ഷണിക: മിന്നൽ
മട്ടലർ: തേനുള്ളപൂ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന
പഞ്ജം: കൂട്ടം
കഞ്ജം: താമര
ചിമ്പാകം: ചെമ്പകം
കംബര: പലനിറമുള്ള
രംഗണം: നൃത്തം
കംബുകം: ശംഖ്
സംഗത: ചേര്‍ന്നു നില്‍ക്കുന്ന