Saturday, July 10, 2021

രാഗവസന്തം

ദ്വാദശപ്രാസത്തിനുപുറമേ ദ്വിതീയകൂടിചേർത്ത് മറ്റൊരെണ്ണം. ഇവിടെ രണ്ടിനും ഒരേ അക്ഷരമാകയാൽ ഫലത്തിൽ ഇത് ഷോഡശമായി.  കുസുമമഞ്ജരി വൃത്തത്തിനു മുൻപിലായി 2 ലഘുക്കൾ ചേർത്ത് അതിനുപകരമായി  അവസാനഭാഗത്തെ 2 അക്ഷരങ്ങൾ കുറച്ചാൽ തടിനിയായി.


രാഗവസന്തം

മലരല്ലിപോലെമുഖ,മില്ലിപോലെ കുനുചില്ലികൾ വളയവേ
കുലവില്ലിലിന്നുകുടമുല്ലകോർത്ത രതിവല്ലഭൻറെ മികവോ
അലതല്ലിടുന്നനിറവല്ലെയെൻ ഹൃദയവല്ലകിക്കുമിഴ പൂ-
ങ്കുലവല്ലികൾ വരികളില്ലപോൽ, തരളപല്ലവങ്ങളവയിൽ

പിടികിട്ടുകില്ലരിയനോട്ടമോ നിശിതചാട്ടുളിയ്ക്കു സമമായ്
ഇടിവെട്ടിവന്നമഴമട്ടിലായ് മധുപുരട്ടിവീണകനലായ്
ചൊടിമൊട്ടിലൂറിയപകിട്ടുചിന്നി മിഴിനട്ടു തൂമതെളിയേ
തുടികൊട്ടിയെൻ പുളകമൊട്ടിടും ഹൃദയമൊട്ടുപൂത്തുവനിയായ്

മതിമത്തമായ് സരളമോർത്തിടുന്ന നിമിഷത്തിലുള്ളലഹരി
പ്രതിപത്തിയാൽത്തരളവൃത്തികൾ പ്രണയകീർത്തനങ്ങളെഴുതും
ജതിനൃത്തമാർന്നു ഹൃദയത്തുടിപ്പു മമചിത്തമോ കനവിലായ്
കതിരൊത്തിരാപ്പുളകമുത്തിനീ തിരികൊളുത്തി നെഞ്ചിനകമേ

അകമൊക്കെയും കനവൊരുക്കുമാ മണിവിളക്കുകൾ ദ്യുതിയെഴെ
പുകയേൽക്കുവാനകിലുപോൽക്കരിഞ്ഞുമണമാക്കിനെഞ്ചുമെരിയേ
മികമോർക്കവേ പിരിമുറുക്കമായ്ത്തിര കണക്കെയാർത്തു നിനവും
മകരക്കുളിർപ്പനി വിയർക്കുമീത്തപമുറക്കമറ്റ നിശിയിൽ

തപവീർപ്പുവന്നു, നെടുവീർപ്പുകൾ  കദനമൊപ്പിവന്നൊരലകൾ
ചപലപ്പഴംകനവിലീപ്പകൽവെയിലു നീർപ്പളുങ്കുമണികൾ
ജപമിപ്പൊഴിങ്ങധരജല്പനം ഹൃദയകല്പനാമുകുളമേ-
തു പടപ്പിലും ഞൊടിമിടിപ്പിലും വരുവതൊപ്പമിന്നനുപദം


വൃത്തം: തടിനി
പ്രാസം : ദ്വിതീയ + ദ്വാദശപ്രാസം


ഇഹസം ജസം ജസജസം തുടർന്നുവരുമെങ്കിലങ്ങു തടിനീ




No comments:

Post a Comment