Saturday, July 24, 2021

നിലാവസന്തം

 

വ്യാസമേറിയവിഭാസമൊടെവിധു വാസരാന്തമണയും സഹം
ധൂസരദ്യുതിവിലാസചന്ദ്രിക നികാസമോ തമനിരാസമായ്
ത്രാസമൻമദസുവാസതല്ലജസുഹാസമാടി നടരാസകം
ലാസമാർന്നരിയ രാസഭാവുക വികാസമാർന്നു സുമകേസരം 

(സഹം - ധനുമാസം. ധൂസര - കാന്തിയോടുകൂടിയ. നികാസം - ചക്രവാളം. ത്രാസ - ത്രസിപ്പിക്കുന്ന. രാസകം - നാട്യത്തിലെ ഉപരൂപങ്ങളിലൊന്ന്. രാസ ഭാവുക - രസത്തോടുകൂടി ഭാവിക്കുന്ന )

പേലവാംഗനടശീലമോടെവിധു ചേലണിഞ്ഞു വധുപോലതാ
താലമേന്തി, ഗിരിശൈലമാകെ നറുമാലതീകുസുമജാലവും
പാലപൂത്തശുഭകാലമായ്,നിശി വിലോലതാലവനമോലകൾ
ആലവട്ടനിരലോലലോലിത വിശാലസാനുതടമീ ലവം

(പേലവ - കോമളമായ. താലവനം - പനങ്കാട്. ലവം - വിനോദം)

പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞപുതുകൈരവങ്ങളുടെ മാരകേളിപകരും രജം
ഗൗരവർണ്ണദലതാരണിഞ്ഞപനി ഹീരമോ കതിരുചേരവേ
ധാരപോലൊഴുകിസൗരഭം സരസിതീരവും വനവിദൂരവും

(കൈരവം - ആമ്പൽ രജം - പൂമ്പൊടി. ഹീരം - വൈഡൂര്യം)

ശ്യാമയാമിനിയിലോമലാംനിലവു തൂമതൂകിയ നികാമമാം
യാമമായി തെളിസോമമാകെ നിറഭാമമായ് മധുനിലാമയം
ഹൈമമാർന്ന തണുചാമരംതഴുകി പൂമണംവിതറി കേമമാ-
രാമമാരുതസകാമചാതുരി വിലോമമൂതി വനസീമയിൽ

(നികാമം - ഏറ്റവും സമൃദ്ധമായി, യഥേഷ്ടം. ഭാമം - ശോഭ . സകാമം - ആഗ്രഹത്തോടുകൂടിയ. വിലോമ - ക്രമത്തിന്/പതിവിന് വിപരീതമായി  )

സ്ഫീതവെണ്ണിലവിഭൂതയാമിനി, വിധൂതകാളിമ നിപാതമായ്
വീതതാന്തമനകാതരസ്മൃതികളും, തലോടി നവനീതമാൽ
കേതകം കതിരിടുംതടം മിഴിവെഴും തളിർത്ത നറുചൂതവും
ശീതസാന്ദ്രകരനീതമാലെ വിടരുംതമാലകദലം തഥാ

(സ്ഫീത - വർദ്ധിച്ച ശുദ്ധമായ സന്തോഷമുള്ള. വിഭൂതം -  ഉണ്ടായ/കാണപ്പെട്ട. വിധൂത - ഇളക്കപ്പെട്ട, ഉപേക്ഷിച്ച. നിപാത - വീഴ്ച/ഒടുങ്ങിയ
കേതകം - പൂക്കൈത/താഴമ്പൂ ചൂതം - മാമ്പൂ. നീതം : ധ്യാനം/സമ്പത്ത്. തമാലകം - നീർമാതളം)

ശ്രീകരം ഭുവനമോ കലാകലിതനാകമാക്കിരജനീകരൻ
കാകജാതവിളി തൂകയായ് ഹൃദയമാകയോ കളസുധാകരം
ശീകരംതഴുകി വീകവും കുളിരുപൂകയായി സുമസൈകതം
സാകമാടിനിറവേകയായി നറുസൂകസൂനഗണമീ കണം

(കാകജാതം - കുയിൽ സുധാകരം - സമുദ്രം ശീകരം - മഞ്ഞുതുള്ളി വീകം - കാറ്റ് . സാകം - കുടെ/ഒപ്പം സൂകം ആമ്പൽ കണം - നിമിഷം (ക്ഷണം))

രാവലിഞ്ഞനുപമം വളർമതിനഭം വരാംഗനസമം വരേ 
ഈ വസുന്ധരയെ പാർവണേന്ദുവനുഭാവമോടു രതിസാവക
ദ്യോവടർന്നപടി കൂവരാഭിഗതദാവമാകെ പുതുദേവനം
കേവലാനുഭവതാവതാ ധനുവിലും വസന്തമിതു മേവതായ്

(വരാംഗന - ഉത്തമസ്ത്രീ. അനുഭാവം - മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം രതി സാവക - പ്രിയം ജനിപ്പിക്കുന്ന. കൂവര അഭിഗത - ഭംഗി (യോടെ) ആഗതമായ. ദാവം - കാട്. ദേവനം - ഉദ്യാനം. താവതാ - അത്രയുംകൊണ്ട്)

വൃത്തം: കുസുമമഞ്ജരി
പ്രാസം : ഷോഡശപ്രാസം






No comments:

Post a Comment