Saturday, April 24, 2021

ചോദക ചേതന

സംസ്കൃതി (24) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് തന്വി. അഞ്ചിലും പന്ത്രണ്ടിലും യതി വന്ന് മുറിഞ്ഞു നിൽക്കുന്നു. ആദ്യ ഭാഗം ഏതാണ്ട് മൗക്തികമാല പോലെ തന്നെ, ഒരു ലഘു കുറവുണ്ടെന്നേയുള്ളൂ. ചെറിയ വ്യത്യാസങ്ങളോടെ ആദ്യഭാഗം വീണ്ടും ആവർത്തിക്കുന്നു. അതിനാൽ  അഷ്ടപ്രാസം കൊടുക്കാൻ പറ്റിയ വൃത്തം, ഒന്ന് കൂടെ ഉത്സാഹിച്ചാൽ ദ്വാദശപ്രാസവും ആകാം.  ഇത് രണ്ടും പലപല വൃത്തങ്ങളിൽ നേരത്തെ എഴുതിയതിനാൽ ഇത്തവണ രണ്ടിനും മുതിരുന്നില്ല, പകരം സമാന ശബ്ദ പദങ്ങൾ നിരത്താനായിരുന്നു താല്പര്യം .  


ചോദക ചേതന

മേദുരമോദം പകരുകനിതരാം കാതരചിത്തവുമനിതരസൗഖ്യം
വേദനപാടേ തകരണനിമിഷം പ്രാണനിലേക്കൊരു മധുമഴവീഴ്കേ
ചോദനചിത്തം നിറകതിരൊളിയാൽ ചോദകചേതന പുതുനിറവാനം
മോദവിഭാതം കരിനിഴലഴിയേ ദ്യോതകഭാവന മധുരവിചാരം

ശീതപടീരം മണമൊടുനിറയും മോഹകുടീരവുമൊരു പുതുവെട്ടം
ചൂതനികുഞ്ജം സുമലതികകളും താമരമാതളകനകപരാഗം
ആതിരരാവിൽ നറുനിലകിരണം പാതിരമേലൊരു  പുളകമിടുംപോൽ
നിൻതിരിവെട്ടം മനമകമരുളും ആതപശാന്തിയിലൊരു പുതുസൗഖ്യം

ചുണ്ടിലുമുണ്ടേ പുതുകവിതകളും കൊണ്ടുവരുന്നൊരു മൊഴിമണിമുത്തായ്
ഉണ്ടതിലേറേ അനുഭവമറിവും കണ്ടതുമിണ്ടിയ ജനപദധൂളി
ചെണ്ടിനുമുള്ളിൽ മധുരിതരസമായ് കണ്ടുവരുന്നൊരു മധുവിനുതുല്യം
പണ്ടുമനസ്സിൽ തഴുകിയകനവിൻ വീണ്ടുമൊരോർമ്മയിലുരുതിയതാവാം

ഭാവിതചിത്തം വെറുതെയൊരിളവിൽ പൂർവികസൂരികളുടെവഴിധന്യം
പാവിതചിന്താസരണിയിലവരും പോയൊരുപാതയുമുണരണനേരം
പൂവിതളെങ്ങും പരിചൊടുവിതറി പ്രാണനുമാദരവടിവൊടുനിൽക്കേ
പൂർവികപാദം ചൊരിയണകണവും കേവലനാം മമ മനപുടരാഗം

ചിന്തിതമല്ലാതവ മതിമികവിൻ ഉന്നതിതൂകിയ കവിതമഹസ്സായ്
ചിന്തിയപുണ്യം ജനഹൃദയതടം ചന്തവുമേറിയശബളതരംഗം 
മന്ത്രണമായാവരികളിലിവനും നന്തുണിമീട്ടി പിറകെവരുന്നു
മുന്തിയചിന്താസരണിയിലൊരുനാൾ നിൻതുണയാലിവനണയുമതെങ്കിൽ !


വൃത്തം : തന്വി

പദപരിചയം
മേദുര : വളരെയധികം
നിതരാം : മുഴുവനായും
ചോദന : പ്രേരിപ്പിക്കുന്ന/(ഉത്തരം കണ്ടെത്താൻ) പ്രോത്സാഹിപ്പിക്കുന്ന
ചോദക: മുന്നോട്ടുകൊണ്ടുപോകുന്ന/പ്രേരിപ്പിക്കുന്ന 
ദ്യോതക : പ്രകാശിപ്പിക്കുന്ന ; തിളങ്ങുന്ന ; വ്യക്തമാക്കുന്ന; വിശദീകരിക്കുന്ന
പടീരം : ചന്ദനം
പാവിത : ശുദ്ധീകരിക്കപ്പെട്ട 



അഞ്ചഥ പന്ത്രണ്ടിഹകളിൽ മുറിയും ഭംതനസം ഭഭ നയമിഹ തന്വീ




No comments:

Post a Comment