Saturday, October 4, 2025

സ്വപ്നസുന്ദരി

ശ്ലോകരചനയിൽ ഗുരു ചേർന്ന ഗണങ്ങൾ വേണ്ടിവരുമ്പോഴൊക്കെ ദീർഘാക്ഷരങ്ങളെയാണ് സാമാന്യമായി ആശ്രയിക്കാറുള്ളത്. മന്ദാക്രാന്താ തുടങ്ങുന്നതുതന്നെ സർവ്വഗുരുവായ മഗണത്തിലാണ്. പക്ഷേ, പതഞ്ജലി നവകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ദീർഘസ്വരാക്ഷരങ്ങളെ പാടേ നിരാകരിച്ച്, അന്ത്യാക്ഷരപ്രാസത്തിനെടുക്കുന്ന അതേ അക്ഷരം കൊണ്ട് തന്നെ അനുപ്രാസവും കൊടുത്ത്, പതിവുപോലെ ദ്വിതീയ പ്രവാസവും വിടാതെ പിടിച്ച് പുതിയ പരീക്ഷണം 

വിണ്ണിൽ നിന്നും തരുണിയൊരുവൾ പുഷ്ടസമ്പന്ന, ദിഷ്ടം
മണ്ണിൽ വന്നിട്ടിനിയ നടനം ഹൃഷ്ടസങ്കൽപമിഷ്ടം
പെണ്ണിൻ ചുണ്ടിൽ കുസൃതി,യവളന്നിഷ്ടമൊത്തുള്ള  ദഷ്ടം 
കണ്ണിൽ മിന്നും മിഴിവിനകൃതം, കഷ്ടമെൻ നിദ്രനഷ്ടം!
(ദിഷ്ടം - ഒരു നാട്യാലങ്കാരം സന്ദിഷ്ട - നിർദിഷ്ട/വാഗ്ദാനം ചെയ്ത മിഷ്ടം - മധുരരസം ദഷ്ടം - നാട്യത്തിലെ ചുണ്ടുകടിക്കൽ അകൃതം - ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്തത്)

അല്പം തൊങ്ങൽ, കസവുഞൊറികൾ, ചിത്രവർണ്ണത്തിൽ വസ്ത്രം
ശില്പം നില്പിൽ, ലസിതനടനം, സത്രപം നിന്റെ വക്ത്രം
ജല്പം വില്പിച്ചഴകിലിളകുന്നത്രപം നിൻ കളത്രം
തല്പം കല്പിച്ചരുളി മിഴികൊണ്ടസ്ത്രമെയ്യും വിചിത്രം 
(സത്രപം - ലജ്ജയോടെ വക്ത്രം - മുഖം ജല്പം - പിണക്കം അത്രപം - ലജ്ജ കൂടാതെ കളത്രം - അരക്കെട്ട്)

നെറ്റിപ്പൊട്ടും കുറിയ തിലകം പിംഗലം കണ്ടു ലംഗം
തെറ്റിക്കൊണ്ടക്കുലകളിടയും പുംഗവം തുംഗശൃംഗം
ഇറ്റിച്ചെന്നിൽ വിഷയവിഷവും നംഗനിന്നുണ്ടൊരിംഗം
മുറ്റിത്തിങ്ങും രമണരുചി തൻ രംഗമെന്നന്തരംഗം
(പിംഗലം - ഗോരോചനനിറം ലംഗം - ചേർച്ച പുംഗവം - ശ്രേഷ്ഠമായ നംഗൻ - കാമുകൻ ഇംഗം - സൂചന/ഇംഗിതം)

തൊണ്ടിയ്ക്കൊക്കും പവിഴമധരം സിക്ത നിർലിപ്തഭുക്തം
കണ്ടിട്ടുള്ളിൽ ദ്രുതിയിലൊഴുകും രക്തിവന്നെന്റെ രക്തം 
വണ്ടിൻ മട്ടിൽ മധുരമലരിൽ സക്തമൊട്ടുന്നമുക്തം
മണ്ടിച്ചെല്ലും പ്രണയമസൃണം യുക്തമുക്തം നിരുക്തം
(തൊണ്ടി - തൊണ്ടിപ്പഴത്തിൻ്റെ മരം സിക്ത - നനയ്ക്കപ്പെട്ട നിർലിപ്ത - കറ പുരളാത്ത രക്തി -  രാഗം/സ്നേഹം സക്ത - ആസക്തിയുള്ള അമുക്തം - പിടിവിടാതെ പ്രയോഗിക്കപ്പെടുന്ന (ആയുധം) മണ്ടുക - ഓടുക ഉക്തം - പറയപ്പെട്ടത് നിരുക്തം - വ്യക്തമാക്കൽ)

നക്തം ചന്ദ്രപ്രഭയിലമരും, കുന്ദകത്തിന്റെ വൃന്ദം 
ശക്തം തന്നെ, സ്മിത നറുനിഭം, തുന്ദിലം പൊൻമരന്ദം
രക്തം തുള്ളിക്കിനിയുമധരം, ബിന്ദുവിൽ കണ്ടു നന്ദം
വ്യക്തം നിന്നിൽ ലഭസനിവനും നന്ദനത്തിൽ മിളിന്ദം
(നക്തം - രാത്രി കുന്ദകം - കുരുക്കുത്തി മുല്ല നിഭം - പ്രകാശം തുന്ദിലം - നിറഞ്ഞ /വഹിക്കുന്ന രക്തം - ചുവന്ന നിറം നന്ദം - ആനന്ദം ലഭസൻ - അപേക്ഷിക്കുന്നവൻ മിളിന്ദം - വണ്ട്)

അന്തിച്ചന്തം കവിളിണകളിൽ പുഞ്ചിരിക്കുന്ന കഞ്ചം
ചിന്തിച്ചിന്തും മധുകണികകൾ കൊഞ്ചിടും ചുണ്ടു് കുഞ്ചം
ദന്തിയ്ക്കൊക്കും ശിരവടിവുകൾ നെഞ്ചിനങ്ങുണ്ടു് തുഞ്ചം
വെന്തിട്ടുള്ളം മദനരതിയിൽ സഞ്ചിതിയ്ക്കെന്നു തഞ്ചം?
(കഞ്ചം - താമര കുഞ്ചം - പൂങ്കൊത്ത്/കതിർ കുല ദന്തി - ആന 
സഞ്ചിതി - ഒത്തുചേരൽ)

ശുംഗം കൊങ്കയ്ക്കുപരിവിലസും വല്കലത്തിന്നിളക്കം
അംഗം തങ്കം രചിതരതിതന്നുത്കരം കണ്ട തക്കം
ഭൃംഗം പുംഗം മമ നിനവുകൾ നിഷ്ക്രമിച്ചെത്തി രൊക്കം 
ഭംഗം വന്നിട്ടുഴറി, ഭഗി നിൻ പക്കമെത്തിക്കറക്കം
(ശുംഗം - പൂമൊട്ടിന്റെ ആവരണം ഉത്കരം -കൂട്ടം/കൂമ്പാരം ഭൃംഗം - വണ്ട് പുംഗം - കൂട്ടം നിഷ്ക്രമിക്കുക - പുറപ്പെടുക ഭഗി - ശോഭയുള്ള)

നെഞ്ചിൽ തുള്ളും സരസമുകുളം ശംബരം തൻ്റെ ബിംബം 
കിഞ്ചിത് ദൃഷ്ടം മുകളിലവളിട്ടംബരത്തുമ്പു് ലംബം
കൊഞ്ചിക്കൊണ്ടെൻ കരളിലരുളുന്നംബകം കൊണ്ടു് ശംബം
അഞ്ചി,ത്തഞ്ചി പ്രണയനിധിയെൻ ചുംബനത്തിൻ കദംബം
(ശംബരം - പർവ്വതം കിഞ്ചിത് - അല്പം  അംബരം - വസ്ത്രം അംബകം - കണ്ണ് ശംബം - മിന്നൽ കദംബം - കൂട്ടം)

മൊത്തം മെയ്യിൽ മിഴികളുഴിയും ലമ്പടൻ തൻ്റെ കമ്പം
മുത്തം നൽകി,ത്തഴുകി നിനവിൽ ചെമ്പഴത്തുള്ളി ലിമ്പം
നൃത്തം ചെയ്യും ചരണസുഭഗം ചെമ്പകത്തിൻറെയിമ്പം
ചിത്തം പിന്നെക്കവിയുമളവിൽ തമ്പടിക്കും കളിമ്പം 
(ലമ്പടൻ - അധികം ആഗ്രഹമുള്ളവൻ ലിമ്പം - പുരട്ടൽ)

യക്ഷിപ്പെണ്ണിൻ വിജരവദനം  സങ്കടം നിൻ കളങ്കം 
അക്ഷിക്കുള്ളിൽ പ്രകടവിരുതും ചെങ്കനൽ കൊണ്ടൊരങ്കം
ശിക്ഷിക്കുന്നുണ്ടിവനെ ചടുലം, മങ്ക ചിന്തും വിശങ്കം
ഭക്ഷിച്ചെങ്കിൽ മരണമിവനും ചങ്കിടിക്കുന്ന തങ്കം 
(വിജര - പുതിയ വിശങ്കം - സംശയം കൂടാതെ തങ്കം - ഭയം)

ചുണ്ടും മട്ടും പരിണതി മുഖം, കൊല്ലുമെന്നുള്ള ഥല്ലിൽ
രണ്ടും ദംഷ്ട്രം കുടിലനിശിതം ഖുല്ല, നിർഭുഗ്ന ചില്ലി
പണ്ടും നിങ്ങൾക്കിരകളവരിൽ പല്ലൊരഞ്ചെട്ടു,മെല്ലിൻ
തുണ്ടും മിച്ചം പരതിവരുകിൽ വല്ലതെന്തുണ്ടു്  ചൊല്ലിൻ
(പരിണതി -  രൂപാന്തരപ്രാപ്തി ഥല്ല് - ധിക്കാരം കുടില - വളഞ്ഞ നിശിതം - മൂർച്ചയുള്ള ഖുല്ല - താണ നിർഭുഗ്ന - വശത്തേയ്ക്ക് വളയ്ക്കപ്പെട്ട ചില്ലി - പുരികം)

നിദ്രയ്ക്കൊപ്പം കനവുമണയും, ഞെട്ടലിൽ കണ്ടതട്ടം
മദ്രത്തിൻറെ സ്ഫുരണകിരണം തൊട്ടടുത്തുള്ള വെട്ടം 
ക്ഷുദ്രസ്വപ്നം ! ചപലവെറികൊണ്ടൊട്ടലഞ്ഞില്ലെ നട്ടം 
ഭദ്രപ്രജ്ഞയ്ക്കരുളിയഭയം തൊട്ടറിഞ്ഞുള്ള തിട്ടം
(മദ്രം - സന്തോഷം/മംഗളം )

വൃത്തം: മന്ദാക്രാന്താ
പ്രാസം : ദ്വിതീയ + അനു + അന്ത്യം 

Saturday, February 15, 2025

നിത്യസൗഹിത്യസൗഖ്യം

ഓരോ വരിയിലും അവസാനഭാഗത്ത് രണ്ടക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതു കാണാം. പാദാന്ത്യം മറ്റൊരു അക്ഷരത്തിലാകയാൽ പാദാന്ത്യയമകം എന്ന വിശേഷണത്തിന് സാങ്കേതികമായി അർഹതയില്ല, യമകം പലമാതിരി എന്നുപറഞ്ഞ കൂട്ടത്തിലെ പേരിടാത്ത പലതിലൊന്നായി ഇതിനെ കണക്കാക്കാം. 


ചായം മായുന്നുമെല്ലേ, കനകഞൊറിമറഞ്ഞംബരം ശാബരം ചേർ-
ന്നായുംനേരത്തു പിന്നെ സ്മരസഖനുണരും ധാത്രിയി രാത്രിയിപ്പോൾ
ചായും തെന്നൽ കുളിർക്കെ പ്രവഹമലയജം പൂമരം ചാമരം പോൽ 
സായം സന്ധ്യയ്ക്കു ശേഷം തുഹിനമിഴകളായ് കോടമഞ്ഞാടമല്ലം 
(ശാബരം - ഇരുട്ട് സ്മരസഖൻ - ചന്ദ്രൻ മല്ലം - മനോഹരം) 

പാട്ടും കച്ചേരിയോടും കിളികളിളവിടും താവളം കൂവളത്തിൽ 
കേട്ടും താളം സ്വദിച്ചും തരു, ലത, മലരും മന്ദമാ വൃന്ദമാകേ 
കൂട്ടും കൂടിക്കലർന്നും സരസരസികരാ പാട്ടുകേട്ടിട്ടു കേളി 
കെട്ടും മട്ടൊട്ടുകണ്ടാൽ മുദിതസദിരുമായ് സ്വൈരകാന്താരകാലം 
(സദിര് - പാട്ടുകച്ചേരി കാന്താരം - കാട് ) 

നീഹാരം തൂകി വാനം വിധുവിനുവഴിയിൽ ചാരുതേ പോരു തേരിൽ
സ്നേഹാർദ്രം പാത തോറും പുതുമലരിതളാൽ സംഗതം സ്വാഗതം വാ
ദാഹാധേയത്തിലാടിപ്പടരുമിടയിലാ മുല്ല, തൻചില്ല തന്നിൽ
മോഹാവേശത്തൊടാമ്രപ്രസിതവിനിമയം പാടവത്തോടവയ്ക്കായ് 
(സംഗതം - അടുപ്പം/പൊരുത്തം ആധേയം - മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്നത് ആമ്രം - മാവ് പ്രസിത - ബന്ധിക്കപ്പെട്ട) 

തല്ലത്തിൽ ചന്ദ്രബിംബം, കുവലയസഖികൾ പൂത്തനേത്തനേകം 
മുല്ലപ്പൂക്കൾ വിരിഞ്ഞിട്ടൊഴുകി പരിമളം ഹാസമോ രാസമോടെ 
ചെല്ലക്കാറ്റിൽ കുണുങ്ങും ശിഖരകരവുമായ് ചെമ്പകക്കമ്പകങ്ങൾ
ചില്ലക്കൊമ്പാടിടുമ്പോളലരു വിതറിടും പേലവത്താലവട്ടം 
(കുവലയം - ആമ്പൽ കമ്പകം - ഇരിമ്പകം മരം പേലവ - കോമളമായ)

വെള്ളിച്ചായം നിലാവിന്നലകളിലകളിൽ ചേലിലായാലിലാകേ
വള്ളിപ്പൂന്തൊട്ടിലാടും മിഴിവിനിതളുകൾ കാവിലെപ്പൂവിലെത്ര
കള്ളിപ്പാലയ്ക്കു മാദം, കനവുതിരിയിടും നീരജത്തിൻ രജത്തിൽ
തുള്ളിത്തേനോടെ കൂമ്പുന്നുയിരിനിനിമയിൽ ? താമരയ്ക്കീ മരന്ദം! 
(മാദം - സന്തോഷിക്കൽ രജം - പൂമ്പൊടി ) 

യാമിക്കിന്നെന്തു മോദം രതിരസരുചിരം ചന്ദ്രനോ സാന്ദ്രനോട്ടം
ആമിശ്രപ്രാഭവത്താലവനി മുഴുവനും വെണ്മതന്നുണ്മതന്നെ
ഭൂമിപ്പെണ്ണിന്നുകണ്ടോ പുളകമലരുകൾ മാനിനീ മേനി നീളേ
പ്രേമിക്കുന്നോർക്കു കാണായ് വനിക നിറയുമീ നിത്യസൗഹിത്യസൗഖ്യം
(യാമി - രാത്രി രുചിരം - ഭംഗിയുള്ളത് സൗഹിത്യം - സംതൃപ്തി) 

മാസം വാസന്തമന്യേ മദനസദനമീ രാവിനോ ദ്യോവിനോളം 
വാസം വാരാർന്നരാഗം കുസുമമസൃണം സൌരഭം പാരഭംഗി 
ഭാസം ചന്ദ്രാംശുപൂരം ഗഗനമൊരു കടൽ തത്ര നക്ഷത്രനൻപർ 
ലാസം പൂണ്ടോരുരാവിൽ മിഴിവിലഴകെഴും നാകമാണാകമാനം 
(അന്യേ - കൂടാതെ ) 

വൃത്തം: സ്രഗ്ദ്ധര 
പ്രാസം: ദ്വിതീയ + അനു + യമകം

Saturday, April 6, 2024

നാരീവിലാസം


ശാർദ്ദൂലവിക്രീഡിതത്തിന് 12ആമത്തെ അക്ഷരം കഴിഞ്ഞു യതിയുണ്ടെന്ന് അറിയാമല്ലോ. 13, 14 എന്നീ അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഒരേ അക്ഷരങ്ങൾ 4 വരിയിലും ആവർത്തിച്ച് വരുന്നതുകാണാം . കൂടാതെ അഷ്ടപ്രാസവും അങ്ങിങ്ങായി അനുപ്രാസവും

ഛത്രം കൊറ്റവുറ്റവൻ പ്രിയനൊരാൾ പാത്രത്വനെപ്പൂണുവോൾ
ക്ഷേത്രം വീര്യമെടുത്തു പിൻതലമുറ,പ്പാത്രത്തിലിട്ടേകുവോ
പുത്രാദിപ്രതിപത്തിയൊടെയവരെ, പ്പാത്രത്തിലൂട്ടീടുവോൾ
ജൈത്രസ്ഥൈര്യവിധം വളർത്തിയ കഥാപാത്രങ്ങളേ വന്ദനം 
(ഛത്രം - വെൺകൊറ്റക്കുട;പ്രതാപചിഹ്നം , കൊറ്റം - അധീശത്വം പൂണുക - പ്രാപിക്കുക ക്ഷേത്രം - ഭാര്യ)

കഞ്ചം മാറിലണിഞ്ഞവൾ കടിതടം പഞ്ചാസ്യവൈശിഷ്ട്യവും
സഞ്ചാരം തുടുരാജഹംസവടിവിൽ പഞ്ചാസ്ത്രനുട്ടങ്കനം
കൊഞ്ചും ശിഞ്ജിതനാദമുണ്ടു വരവിൽ പഞ്ചാരതന്നെ സ്വരം
നെഞ്ചിൽ വെള്ളിടിവെട്ടിപോൽ കണവനോ പഞ്ചാരികേൾക്കാം തുടി
(കടിതടം - അരക്കെട്ട് പഞ്ചാസ്യം -  സിംഹം പഞ്ചാസ്ത്രൻ - കാമദേവൻ ഉട്ടങ്കനം - കൊത്തിവെച്ച)

തിങ്കൾ ഭൂമിയൊടെന്നപോലെ പതി തൻ പങ്കാളിയായ് മങ്ക നിൻ
കങ്കാണം ഭ്രമണത്തിലൂടനുദിനം, പങ്കായി നിൻ പ്രാഭവം
സങ്കീർണപ്രതിസന്ധിയിൽ തുഴയുവാൻ പങ്കായവും നിൻ മതി
സങ്കല്പോന്നതലോകമേറിയണയാൻ പങ്കാരവും നീ മതി
(കങ്കാണം -  മേൽനോട്ടം മതി - ബുദ്ധി പങ്കാരം - ഏണി)

ഒട്ടേറേ പ്രതിബന്ധമാലെദുരിതം  കെട്ടിച്ചമയ്ച്ചാലുമേ
വിട്ടിട്ടോടുകയില്ല, തെല്ലുമവളാ കെട്ടിച്ചുവിട്ടോരിടം
പൊട്ടാതുള്ളിലെ നൊമ്പരം തടയണക്കെട്ടിട്ടുനിർത്തുമ്പൊഴും
കെട്ട്യോൻ, കുട്ടി, കുടുംബമാണു ചരടിൻ കെട്ടിന്റെയറ്റത്തിലായ്
(ചരട് - താലി)

മൊത്തം വീടുഭരിച്ചിടുന്നസമയം പത്താണുകൈകൾ, തഥാ
എത്തും നിന്നുടെകണ്ണുകൾ കലവറ,പ്പത്തായ,മട്ടത്തിലും
മത്തേഭം കലികൊണ്ടപോലെവരുമാപത്താണു ദേഷ്യത്തിൽ ഹാ
തിത്തെയ് താണ്ഡവമാടിയൊന്നലറിയാൽ പത്താനനൻ തോറ്റിടും!
(മത്തേഭം - മദയാന പത്താനനൻ - 10 മുഖങ്ങളുള്ളവൻ)

വല്ലപ്പോഴുമെഴുന്ന രോഗവിഷമം വല്ലാത്തൊരസ്വസ്ഥത
തെല്ലും വിശ്രമമന്നുമില്ല മഹിതേ, വല്ലായ്മ സുല്ലിട്ടിടും
നല്ലോമൽച്ചിരി തൂകിടുന്നിളനിലാവല്ലാതെയില്ലേതുമേ
വെല്ലാൻ വെല്ലുവിളിച്ചിടാനുതകിടും വല്ലാത്മസംഭാവിതം
(വല്ല - ബലം/ശക്തി 

സന്തുഷ്ടപ്രതിദാനമോടെ കുലമേ സന്താപമാറ്റീടുവാൻ
സ്വന്തം വംശപരമ്പരയ്ക്കു ജനനം സന്താനകംതന്നെ നീ
തന്തുസ്യന്ദമെഴുന്നു നൊന്തു തരുമീ സന്താനസൗഭാഗ്യവും
പിന്താങ്ങായൊരു മന്ദഹാസമരുളേ സന്താരണം വാഴ്‌വിലും
(പ്രതിദാനം - ഏറ്റുവാങ്ങി മറ്റൊന്ന് കൊടുക്കൽ തന്തു - സന്തതി/വംശപരമ്പര സ്യന്ദം - ഉറവെടുക്കൽ സന്താരണം - തരണം ചെയ്യൽ  സന്താനകം - കല്പവൃക്ഷം )

നാക്കിൽ വീറൊടു നീതിബോധമറിവും വാർക്കുന്നു പൈതങ്ങളിൽ
വാക്കിൻശക്തി വിവേകമോടെയരുളായ് വാർക്കുന്നു ലോകത്തെയും
നോക്കിൽ തീയു,മതിന്റെചൂടണയുവാൻ വാർക്കുന്നതോ കണ്ണുനീർ
തോൽക്കാതുള്ളിലൊരോമലാം കനവുകൾ വാർക്കുന്നതാണഷ്ടിയും
(വാർക്കുക : ചെലുത്തുക/അച്ചിൽ ഉണ്ടാക്കുക/ഒഴുക്കുക/അരി വാർക്കുക അഷ്ടി - ചോറ്)

വൃത്തം: ശാർദ്ദൂലവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം + യമകം

Saturday, March 9, 2024

സായാഹ്നസഞ്ചാരം

ആകൃതി (22) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണു് മദിര.  ലക്ഷണം കൊടുത്തിരിക്കുന്നതു്  - ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കുവരും.  മഹിഷാസുരമർദ്ദിനീസ്തോത്രമെഴുതിയിട്ടുള്ള അഭിമതം എന്ന വൃത്തവുമായി ഏറെ സാദൃശ്യമുള്ള ഒരു വൃത്തമാണിതു്, കാരണം ആ സ്തോത്രത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങളുടെ സ്ഥാനത്ത് ഒരു ഗുരു ചേർത്തുകൊടുത്താൽ മാത്രം മതി.

സന്ധ്യയിക്ക് ഇരുട്ടുവീണശേഷം ഒരു 7 മണിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണു് ഇതിവൃത്തം. കൃത്യമായ ഒരു പ്രതിസമത്വവും സന്തുലിതാവസ്ഥയും ഉള്ള വൃത്തഘടനയായതിനാൽ ഷോഡശപ്രാസം കൊടുത്താണു് എഴുതുന്നതു്.



അർക്കനൊരസ്തമനക്കടലിൽ തലചായ്ക്കുവതിന്നു ഗമിക്കുകയായ്
ചക്കലമായ വിളക്കിനിയില്ലതു ചക്കനെമുങ്ങിമയക്കമിടും
നീക്കിയിരിപ്പിലെ ബാക്കിനിറങ്ങളുരുക്കിയരിച്ചു തിളക്കമെഴും
പോക്കുവെയിൽ പവനാക്കിയിതാ വിരചിക്കുകയാണവനിയ്ക്കുപരി
(അർക്കൻ - സൂര്യൻ ചക്കല - വൃത്താകാരമായ ചക്കനെ - പെട്ടെന്ന് അവനി - ഭൂമി)

ചന്തമെഴുന്നൊരു ചാന്തുപുരട്ടിയ കാന്തിമിനുങ്ങണൊരന്തിയിതാ
ധ്വാന്തമണഞ്ഞൊരു ശാന്തവിഭാവരിയന്തിമമെത്തി ദിനാന്തവുമായ്
സന്തമസക്ഷിതി കുന്തളമായതിലന്തിമലർക്കുടമന്തരിതം
മുന്തിയവാരൊളി ചിന്തിവിടർന്നവ, സന്തതഗന്ധമിതാന്തരികം
(ധ്വാന്തം - വെളിച്ചത്തിൻ്റെ അവസാനം വിഭാവരി - നക്ഷത്രങ്ങളുള്ള രാത്രി സന്തമസ - ഇരുട്ടാക്കിയ ക്ഷിതി - ഭൂമി കുന്തളം - മുടിക്കെട്ട് അന്തരിതം - അങ്ങിങ്ങായി ആന്തരികം - ഉള്ളിൽത്തന്നെയുള്ള)

ഉല്ലലമാടിയ ചില്ലകളിൽ മൃദുപല്ലവിമൂളിയ പല്ലവവും
വല്ലരികെട്ടിയ വല്ലകിപോൽ ചെറുചില്ലികളുണ്ടിവിടുല്ലസിതം
മല്ലികസൂനമതല്ലിക പൂത്തതു നല്ലമണം, തരുകില്ലെ മദം
അല്ലിചിരിക്കണ തല്ലമതിൻകര ചെല്ലുകിലോ വരുകില്ലെ രസം 
(വല്ലരി - വള്ളി വല്ലകി - വീണ മതല്ലിക - ശ്രേഷ്ഠം തല്ലം - കുളം)

ഉങ്ങിനുമേലെ പതുങ്ങിയിരുന്നൊരു മൂങ്ങകരഞ്ഞു, കിടുങ്ങിയതാൽ 
മങ്ങിയ കാഴ്ച, വിറങ്ങലിലാ നിമിഷങ്ങളിലൊന്നു കുടുങ്ങിമനം
തിങ്ങിയഭീതി മടങ്ങുകളേറി,യൊരേങ്ങലുവിട്ടു കലങ്ങി വയർ
എങ്ങനെ ഞാനിനി നീങ്ങണമീവഴി? തങ്ങിടുമെൻഗൃഹമങ്ങകലേ

നത്തുകരഞ്ഞതുമോർത്തുനടന്ന നിരത്തിനുമേലെ മരത്തലകൾ
മൊത്തമതൊക്കെയുമാർത്തുചിരിച്ചതിനൊത്തതുപോലെ മരുത്തൊഴുകീ
നൂത്തനുഴഞ്ഞു കറുത്തൊരു പൂച്ചയിടത്തുവശത്തരികത്തണയേ
പത്തിവിരിച്ചു വിടർത്തിയപോൽ ഭയമെത്തിമനസ്സിനകത്തളമേ
(മരുത്ത് - കാറ്റ് നൂത്ത - വേലിയിലുള്ള ദ്വാരം)

പൂക്കളടർന്ന വഴിയ്ക്കരികിൽ തലപൊക്കണ പാമ്പുകളൊക്കെ വരാം
മിക്കതുമേ നിവസിക്കണതോ തിരിവെയ്ക്കണ കാവു പരക്കെയതിൽ
തേക്കുമരങ്ങളെരിക്കുമരം തടിയാക്കമൊടങ്ങൊരു ചേക്കുമരം
തെക്കിനു പാലമണക്കണതാമൊരു ദിക്കുകടക്കണതോർക്കരുതാ
(ആക്കം - ശക്തി/ബലം)

മുമ്പിലെനിയ്ക്കൊളി,യമ്പിളിയെന്ന തിടമ്പുതെളിഞ്ഞു വരുമ്പൊളിതാ
കൂമ്പിയകണ്ണിമയാമ്പലുചിമ്മിയൊരിമ്പമൊടേ വിടരുമ്പൊളിതാ
കമ്പിവിളക്കിലെ ശമ്പമതാംദ്യുതി ചാമ്പി, ഭയന്നു കൊടുമ്പിരിയായ്
അമ്പലമേടയിലമ്പൊടുപൂത്തൊരു ചെമ്പകഗന്ധമകമ്പടിയായ് 
(ശമ്പ - മിന്നൽ, ഇവിടെ വൈദ്യുതിയെന്ന അർത്ഥത്തിൽ ചാമ്പുക - കെടുക) 

രാത്രിയിലുള്ളൊരു യാത്രയിലീവഴി ചിത്രകരാം തനിയാത്രികരെ
പത്രകമിത്തിരിമാത്രമിരന്നൊരു സൂത്രമൊടന്നഭിനേത്രി തരം
ഗാത്രികമിട്ടിളഗാത്രമൊടങ്ങനെ ഖാത്രവുമേറ്റി വിചിത്രവിധം
ശത്രുവിനൊത്തൊരു ചിത്രവധം, നിണമത്രയുമൂറ്റി ചരിത്രവശാൽ
(ചിത്രക - ധൈര്യമുള്ള/ശോഭയുള്ള പത്രകം - ഇല, ഇവിടെ വെറ്റില ഗാത്രിക - മുലക്കച്ച/ഒഡ്യാണം ഖാത്രം - കാട് വിചിത്ര - അദ്ഭുതകരമായ)

വമ്പിലുയർന്ന കരിമ്പനമേലെയുടമ്പടിവെച്ചു, പരമ്പരയായ്
തമ്പുമടിച്ചഥ, തുമ്പിനെ യക്ഷിണി കമ്പനമാട്ടി വികമ്പിതമായ്
തുമ്പ നിറഞ്ഞവരമ്പുകളന്നു കടമ്പകണക്കൊരു തുമ്പമതായ്
കമ്പിരികെട്ടു ഞരമ്പുവലിഞ്ഞു പെരുമ്പറപോൽതുടി വെമ്പലിലായ്
(കമ്പനം - ഇളക്കം/വിറ വികമ്പിത - വലുതായി കമ്പനം ചെയ്യുന്ന കമ്പിരി - വീറ്/ശൗര്യം)

അട്ടഹസിച്ചൊരു മട്ടിലവൾ പനയൊട്ടുകുലുക്കി വിരട്ടുകയായ്
പട്ടകളാം കരമാട്ടി, വരാനതു നീട്ടിവിളിച്ചതു ഞെട്ടലുമായ്
പട്ടിയൊരോരിയതട്ടയരോചകമിട്ടുതുടങ്ങണ കേട്ടതൊടേ
മുട്ടുവിറച്ചവ കൂട്ടിയിടിയ്ക്കണു് കോട്ടമിതാൽ വഴിമുട്ടിയഹോ!
(അട്ട - ഉയർന്ന/ഉച്ചത്തിൽ അരോചകം -  ഒട്ടും സുഖകരമല്ലാത്ത)

അക്കരെ,യീവയലിക്കുറിഞാനിനി പുക്കുവതെങ്ങിനെയാർക്കറിയാം
പോക്കുക ദുർഘട,മക്കിടി മാറി, കടക്കുകവേണമെനിയ്ക്കണയാൻ
നോക്കി സഹർഷമിരിക്കുകവേണ്ട ഹരിക്കുക നീ ഹരി വെക്കമിതും
കാക്കുക നീ, തവ വാക്കഭയം, നിവസിക്കു മനസ്സു മുഴുക്കെയുമേ
(പുക്കുക -  പ്രവേശിക്കുക പോക്കുക - നീക്കംചെയ്യുക )

വ്യഷ്ടിയിൽനിന്നു സമഷ്ടിവരേയ്ക്കിഹ സൃഷ്ടവുമേതൊരദൃഷ്ടമതും
സ്പഷ്ടവിചാരമൊരിഷ്ടസുഹൃത്തിനു തുഷ്ടിവരാൻ വരവൃഷ്ടി സമം
പുഷ്ടിയൊടന്നതു മൃഷ്ടമൊടോതിയ ശിഷ്ടമതേകിടുകഷ്ടമനേ
ദുഷ്ടയവൾക്കിവനഷ്ടിയുമോ? മമ കഷ്ടതകണ്ടൊരു ദൃഷ്ടിതരൂ
(വ്യഷ്ടി -  വ്യക്തി -  സമഷ്ടി - സമൂഹം അദൃഷ്ട - കാണപ്പെടാത്ത തുഷ്ടി -  സന്തോഷം  വൃഷ്ടി - മഴ പുഷ്ടി - ശക്തി/പോഷണം മൃഷ്ട - ശുദ്ധീകരിച്ച ശിഷ്ടം - ബാക്കിയുള്ളതു് അഷ്ടമൻ - എട്ടാമത്തവൻ അഷ്ടി - ഭക്ഷണം)

തീക്ഷ്ണത പൂണ്ടൊരു വീക്ഷണമോടവളക്ഷമയാം നിണകാംക്ഷിണിയായ്
തത്ക്ഷണമാണിര ഭക്ഷണമാകുക, ലക്ഷണമൊത്തൊരു യക്ഷിയവൾ
ശിക്ഷയിതിൽപ്പരമീക്ഷയുമെന്തിനി? രക്ഷതരാൻ മമപക്ഷമൊരാൾ
ദക്ഷമൊടെത്തുകയീക്ഷണമെങ്കിലരക്ഷിതഭാവന പോം ക്ഷണമേ
(കാംക്ഷിണി - ആഗ്രഹിക്കുന്ന ഈക്ഷ - കാഴ്ച/വിചാരം ദക്ഷം - സാമർത്ഥ്യം)

പത്തനമാർഗ്ഗമുരുത്തിരിയാൻ, പ്രഭുകാത്തു, കരാളവിപത്തകലാൻ
പുത്തനെബീഡി കൊളുത്തിയൊരാളരമത്തുപിടിച്ച നടത്തമൊടേ
ഒത്തതടി,യ്ക്കതിനൊത്തുയരം, വിരിവൊത്തുവരുന്നൊരു മത്തഗജം
പിത്തളകെട്ടിയ കത്തിയുമായ്, പനചെത്തിടുവോൻ തലമൂത്തതുമേ
(പത്തനം -  വീട് കരാള -  ഭയങ്കരമായ അര മത്ത് - പാതിമത്ത്)

മുന്നിലയാളുടെയന്നനട, പ്രതിപന്നനയാള,വസന്നനിവൻ
പിന്നിലൊളിച്ചുപപന്നതുണയ്ക്കു,വിപന്നനു മാർഗ്ഗമിതുന്നിയ ഞാൻ
ഉന്നതമാം പന സന്നതിതാണ്ടിയ ഭിന്നവിജാരണഖിന്നമനം
എന്നെവിരട്ടിയ സുന്നമതോ കഥ, പിന്നെ ലഭിച്ചതൊരുന്നമനം
(പ്രതിപന്ന - അറിയപ്പെട്ട/ജയിച്ച അവസന്ന - തളർന്ന/ക്ഷീണിച്ച ഉപപന്ന - അവസരോചിതമായ വിപന്ന - ആപത്തിൽപ്പെട്ട ഉന്നുക -  മനസ്സുറപ്പിക്കുക  സന്നതി - കുനിഞ്ഞ് മേലോടുനോക്കാൻ അപ്പോഴും ധൈര്യമില്ലെന്നു വ്യംഗ്യം ഭിന്ന - കൂടിക്കലർന്ന, സമ്മിശ്രവികാരങ്ങൾ എന്നു വിവക്ഷ വിജാരണം - സങ്കോചം ഖിന്ന - തളർന്ന സുന്നം - ശൂന്യം  ഉന്നമനം - ഉയർച്ച)

സങ്കടനീരദശങ്കയകന്നു ശശാങ്കനുയർത്തിയ തങ്കനിലാ
ചങ്കുപിടച്ച കരിങ്കനവില്ലിനി കങ്കരചിന്തയിലങ്കുരിതം
ചെങ്കനലായി പഴങ്കഥപോൽ മനസിങ്കലണഞ്ഞ ഭയങ്കരിയാം
മങ്കവിടർത്തിയ പൂങ്കുഴലല്ലതു സങ്കുലമായ പനങ്കുലകൾ!
(നീരദം -  മേഘം ശശാങ്കൻ - ചന്ദ്രൻ കങ്കര - ചീത്തയായ )


വൃത്തം : മദിര
പ്രാസം : ഷോഡശപ്രാസം








Saturday, February 3, 2024

ദ്വാദശാദിത്യഭാസം

ഭൂമിയിൽനിന്നു നോക്കുന്ന നമുക്ക് സൂര്യനേയും സൂര്യൻ്റെ പിന്നണിയിൽ മറ്റൊരു നക്ഷത്രവ്യൂഹത്തേയും ചേർത്താണ് ദൃശ്യമാകുന്നത്. ഒരുവർഷം എന്നുനമ്മൾ സാമാന്യമായി കണക്കാക്കുന്നത് ഭൂമിക്കു സൂര്യനെ ഒരുവട്ടം ചുറ്റിക്കറങ്ങിവരാനുള്ള സമയമാണല്ലോ. ഈ ഒരുവർഷത്തിനിടയിൽ സൂര്യൻ 12 നക്ഷത്രങ്ങൾക്കൊപ്പം ചരിക്കുന്നതായാണ് നമ്മൾ കാണുന്നത്, അതായത് ശരാശരി 30 ദിവസങ്ങൾകൊണ്ട് ഒരു നക്ഷത്രത്തിൻ്റെ പിന്നണി വിട്ട് സൂര്യൻ മറ്റൊരു നക്ഷത്രത്തിൻ്റെ ദിശയിലേക്ക് മാറുന്നു. പിന്നണിയിൽ അപ്പപ്പോൾ കാണുന്ന നക്ഷത്രവ്യൂഹത്തിന് എന്ത് ആകൃതിയാണോ ഇവിടെനിന്നും നോക്കുമ്പോൾ തോന്നുന്നത്, ആ പേര് ആ നക്ഷത്രവ്യൂഹത്തിനും ആ നക്ഷത്രവ്യൂഹത്തിനൊപ്പം സൂര്യൻ നില്ക്കുന്ന ദിവസങ്ങളെ അതേപേരിലുള്ള മാസങ്ങളായും കണക്കാക്കിയാൽ നമ്മുടെ കലണ്ടറായി. 


സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഈ 12 മാസങ്ങളിലും സൂര്യൻ ഭൂമിയെ സ്വാധീനിക്കുന്ന രീതി വെവ്വേറെയാണ്, അതിനെ നമ്മൾ 6 ഋതുക്കളായി കല്പിച്ചു. ഈ ലോകത്തിൻ്റെ ആവാസവ്യവസ്ഥ ഈ രീതിയിൽ പാകപ്പെടുത്തിയെടുക്കാൻ ആരെല്ലാം കാരണമാകുന്നുവോ അവരെല്ലാമാണ് ദേവതാസങ്കല്പമായി ഭാരതീയചിന്തകർ കൊണ്ടുനടന്നത്. അതിനാൽ അദിത്യദേവതാസങ്കല്പം അവർ 12 ആയി വേർതിരിച്ചു, അവയ്ക്ക് 12 പേരുകളുമിട്ടു. ദ്വാദശാദിത്യസങ്കല്പമായി ഇതിനെ കണക്കാക്കുന്നു.

ഓരോ ആദിത്യൻ്റേയും ഗുണമോ അധിഷ്ടാനമോ അവർ പ്രതിനിധാനം ചെയ്യുന്ന തത്വമോ അവരെ ആരാധിക്കേണ്ട രീതിയോ അതിൻ്റെ ഫലസിദ്ധിയോ ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല, അതുകൊണ്ടുതന്നെ ഇത് ഒരു സ്തോത്രമോ സ്തവമോ ആകുന്നുമില്ല. എഴുതിയിട്ട ശ്ലോകങ്ങളിൽ 12 ആദിത്യന്മാരെ പരാമർശിക്കുന്നതിനാൽ ആമുഖമായി സൂചിപ്പിക്കുന്നു എന്നുമാത്രം.

ചക്രബന്ധം

ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്ന  നിബന്ധനകൾ അതേപടി പാലിച്ചുകൊണ്ട് അതേ ചക്രബന്ധം തന്നെയാണ് എഴുതിയിരിക്കുന്നത്.  കാലം മാറിയതിനൊത്ത് പുതിയതരത്തിൽ ചിത്രീകരിച്ചുവെന്നുമാത്രം.  പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ് ഉദ്ധാരം. ഉദ്ധാരമായി അവിടെ രാജരാജവർമാ എന്ന കവിനാമം കൊടുത്തുകാണുന്നു. ഇവിടെ 12വട്ടം ചക്രം ചമച്ചിരിക്കുന്നതിനാൽ ഒരെണ്ണത്തിൽമാത്രം കവിനാമവും മറ്റു ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ഉദ്ധാരവാക്യവും കൊടുക്കുന്നു. ഉദ്ധാരം നമുക്ക് ഒഴിവാക്കാനാകില്ലല്ലോ. ചക്രത്തിൻ്റെ ആരക്കാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഉദ്ധാരമാണ്.

ചക്രബന്ധനിബന്ധനകൾ ലളിതമാണ്, ഒറ്റനോട്ടത്തിൽ ശ്ലോകത്തിൽ നിന്നുതന്നെ അവ മനസ്സിലാക്കാനാകും.

1 ശാർദ്ദൂലവിക്രീഡിതം ആസ്പദമാക്കി ശ്ലോകം എഴുതുക 

2 മൂന്നാം വരി അന്ത്യാക്ഷരം = നാലാം വരി ആദ്യാക്ഷരം = നാലാം വരി അന്ത്യാക്ഷരം

3 നാലാം വരി നാലാമക്ഷരം = ഒന്നാം വരി ആദ്യാക്ഷരം

4 നാലാം വരി ഏഴാമക്ഷരം = രണ്ടാം വരി ആദ്യാക്ഷരം

5 നാലാം വരി പത്താമക്ഷരം = മൂന്നാം വരി ആദ്യാക്ഷരം

6 നാലാം വരി പതിമൂന്നാമക്ഷരം = ഒന്നാം വരി അന്ത്യാക്ഷരം

7 നാലാം വരി പതിനാറാമക്ഷരം = രണ്ടാം വരി അന്ത്യാക്ഷരം

8 ഉദ്ധാരം 6 അക്ഷരങ്ങളാണ്, 1, 2, 3 വരികളുടെ മൂന്നാം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും തുടർന്ന് അതേവരികളുടെ 17ആം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും.


പൊതുവേ ഒന്നിലധികം ശ്ലോകങ്ങൾ ചക്രബന്ധത്തിലെഴുതിക്കണ്ടിട്ടില്ല. ഒന്നിലധികം ശ്ലോകങ്ങൾ എഴുതുകയാണെങ്കിൽ അവയുടെ അച്ചുതണ്ട് ഘടിപ്പിക്കുന്ന മധ്യഭാഗം ഒരേപോലെതന്നെ ആവേണ്ടേ എന്നൊരു ചിന്തയുമുണ്ടായി. അതിനാൽ അച്ചുതണ്ടിലെ മധ്യാക്ഷരം ഒരേപോലെയുള്ള ഇരട്ടശ്ലോകങ്ങളുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്.



1 ഇന്ദ്ര - ചിങ്ങം 
നിത്യം രാവിലെ വെട്ടമായുയരുവോൻ, ചിത്ബോധമാം ചന്ദ്രമായ്
സർവ്വം ജീവിതവേദിപൂകിയമരൂ സ്വർഗ്ഗത്തിലിന്ദ്രൻ സമം
ചിത്തം വർഷിതഹർഷമേറെയളവു,ൾക്കണ്ണാകെ ഭാസിപ്പു നീ
നീക്കൂ ഗ്ലാനി, വികാസമോടെ ചിതിയിൽ, മായ്ച്ചൂ തമം കണ്ണിൽ നീ
ഉദ്ധാരം - രാജീവചന്ദ്രൻ സി
(ചന്ദ്രം - വൈരക്കല്ല്)


2 വിവസ്വാൻ - കന്നി 
ധന്യം കന്നിയിലംബരം ചമയുമാ തേജോവിവസ്വാൻ്റെ പൊൻ-
വെട്ടം തിട്ടമതെത്തിടും സമയമീ ഭൂമങ്കതൻ ദർശനം
സന്ധ്യാരാജിതഹേമരാഗമഴകായ് സിന്ദൂരവാനം മുദാ
ദാവം മാധവമായ് വെയിൽ പ്രസരണം പൊൻദേവനം പോൽ തദാ
ഉദ്ധാരം : കതിരാസ്വാദനം
(ദാവം -  ചൂട് മാധവ -  തേൻ തൂകുന്ന [പൂമാനം പൂത്തതെന്നു വ്യംഗ്യം]
ദേവനം - പൂന്തോട്ടം തദാ - ആ സമയത്ത്)


3 ത്വഷ്ടാ - തുലാം 
കണ്ടോ രാവിനിരുട്ടുപോയ് സ്വയമിതാ ശോഭിപ്പു പാരാകവേ
രമ്യം ജീവനിദാനമേ, നിയമമായ് ത്വഷ്ടാ വിരാജിക്കു നീ
മന്ഥം വന്നുനിറഞ്ഞ ബോധയതനം സത്തിൻ വിഭാതം ഹി മേ 
മേവൂ നീ കതിരേ രമിക്കുമനമേ വേധസ്സു നീ ബിംബമേ
ഉദ്ധാരം - രാജീവരാജിതം
(നിദാനം - കാരണം മന്ഥം - സൂര്യരശ്മി യതനം - ഉത്സാഹം ഹി - തീർച്ചയായും മേ - എനിക്ക് വേധസ്സ് - സൂര്യൻ)

4 വിഷ്ണു - വൃശ്ചികം
ഗത്വാ ദേവനനന്തരം ഭ്രമണമാ,ലാവൃശ്ചികപ്രസ്ഥ വാ-
നത്തിൽ വന്നരുളുന്ന വിഷ്ണു, മരുതൻ വീശും കുളിർകാറ്റിതാ
രമ്യം താവിഷനീലയാം കമലമൊന്നുണ്ടാ നികാശം നഭം
ഭംഗ്യാ രംഗണലീനമാം സ്ഫുരണവും വാരുറ്റതാണീ നിഭം
ഉദ്ധാരം - ദേവതാപ്രകാശം
(പ്രസ്ഥ - പരക്കുന്ന താവിഷം - സ്വർഗ്ഗം നികാശം - സാമ്യം രംഗണം - നൃത്തം  നിഭം - പ്രകാശം/കാഴ്ച/പ്രത്യക്ഷത)

5 അംശുമാൻ - ധനു
ചിത്രം മാറി, നനുത്തമഞ്ഞുമണിയോടിന്നംശുമാനേകുമാ
വിശ്വം നക്തവിഹീനമാക്കുമഴകിൻ സത്താർന്ന തേജസ്സിതാ
മല്ലം സദ്ഗുണജാലമോടെ മലരാനേകും നവീനം രസം
സംവേദം ചിതിപൂവിടും കമലമായ് മാറേണ്ടതാസാരസം
ഉദ്ധാരം -  മാനസനേജനം
(നക്തം - ഇരുട്ട് മല്ലം - താമരപ്പൂ സംവേദം - മനസ്സിലാക്കൽ)

6 ഭഗ - മകരം
കല്പം ഭാവുകവാസനാമലരിയായ് പൂക്കേണ്ടതാൽ ഭാവമാ-
യെത്താ,നുജ്ജ്വലവീചിയായ്ക്കലരുവാ, നുണ്ടായതാം സദ്രസം
വന്ദ്രം തൻ ഭഗരശ്മിതന്നലകളിൽ ശോഭായമാനം യുഗം 
ഗംഭീരം കതിരായെഴുന്നവസരം മാമ്പൂരസം സൗഭഗം 
ഉദ്ധാരം -  ഭാനുതൻ ഭാസനം
(കല്പം - പ്രഭാതം സദ്രസം - സന്തോഷത്തോടെ/സത് + രസവുമാകാം വന്ദ്രം - ഐശ്വര്യം ഭഗം - ശോഭ )

7 പൂഷാ - കുംഭം 
ഭദ്രം ഭാസുരവാസരം ക്രമണമായ് വന്നീടവേ കണ്ടു സൗ-
വർണ്ണം വത്സലകാന്തിയോടിമകളിൽ പൂഷാവുപാരമ്യമായ്
തിങ്ങും ഭാസ്കരവീചിവന്നമരവേ വർഷിച്ചുതാനേ വരം
രംഗം സൗഭഗസാവനം ചിതിതമാം  സൗഹിത്യമായ് നിൻകരം
ഉദ്ധാരം - ഭാവഭാസ്കരനേ
(സാവനം - പൂർണമായ ഒരു പകൽ ചിതിത - കൂമ്പാരം സൗഹിത്യം - തികവ്/സംതൃപ്തി കരം - രശ്മി)

8 പർജ്ജന്യ - മീനം 
വന്നൂ ദേശകമെത്തിടും ചലനമാൽ മാനത്തു കാണട്ടെ, ചി-
ത്രത്തിൽ വാമിലരശ്മി, മീനലസിതൻ പർജ്ജന്യനീ നീടിലും
വിശ്നം തുന്തുഭമിട്ടിരുട്ടലഘനം മാറ്റുന്ന നീയേ പരാ
രാജശ്രീവലയം ത്രസിച്ചു വിലസേ ചിത്തത്തിലും മാഞ്ഞു രാ
ഉദ്ധാരം -  ദേവാ തുണ നീയേ
(ദേശകം - സൂചകം/കാട്ടിക്കൊടുക്കുന്നത് വാമില -  സൗന്ദര്യമുള്ള വിശ്നം -  പ്രകാശം തുന്തുഭം - കടുക് പരാ-  ഉയർന്ന രാ - രാവ്)


9 ധാതാ - മേടം
പുക്കും ചൈത്രവിനോദധാതപവനൻ വേവുന്നപോലത്തെ ചൂ-
ടിന്മേൽ ത്രസ്തവസുന്ധരയ്ക്കു പകരുന്നൻപാകെ പൂവായിതാ
മണ്ണിൽ കാണ്മിതു കൊന്നയായ് തപമതിൻ മേലേയ്ക്കു ചായുന്നിതേ
തേജസ്സിൻ പുതുമോടിതൻ സുമശതം ചൂടുന്നിതാകെ സ്വതേ
ഉദ്ധാരം - ചൈത്രകാലവായു
(പുക്കുക - പ്രവേശിക്ക ത്രസ്ത - ഭയന്ന  സ്വതേ -  താനേതന്നെ)


10 ആര്യമാ - ഇടവം
സിന്ദൂരാരുണദേവനുണ്ടുപവനം ഭൂഗോളകത്തിങ്കലാ-
യെന്നും സന്തതശോഭകൊണ്ടു പണനം കാടൊക്കെ മേടങ്ങനേ
നിഷ്കം മൊട്ടിടുമാര്യമാ, കൃപചൊരിഞ്ഞെത്തും പ്രഭാവം നലം
ലംഭം വാസിതമായെഴും വനികളോ ലാസിച്ചുനേടും ഫലം
ഉദ്ധാരം - രാസമൊത്തിടവം
(പണനം - വ്യാപാരം/വിക്രയം നിഷ്കം - സ്വർണ്ണം  ലംഭം - ലാഭം വാസിതം - സുഗന്ധം വരുത്തിയത് )

11 മിത്ര - മിഥുനം 
പ്രജ്ഞാ സുപ്രഭപൂണ്ടപോൽ തവകതിർ വീഴ്ത്തുന്നു പാരങ്ങനേ
സത്രാ മറ്റൊരു സത്തെഴും സുവനനായൊട്ടാകെ ശോഭിപ്പു നീ
മിത്രാ സുസ്ഥിരഗോളകാന്തവലയിൽ യൂഥത്തിനാലംബമേ
മേധാവി, പ്രഥമൻ, സമസ്തമികവിൻ നേതാവുനീ താരമേ
ഉദ്ധാരം - സുമസുരഭിലം
(സത്രാ - കൂടെ സുവനൻ - സൂര്യൻ )


12 വരുണ - കർക്കിടകം 
കിമ്പാകാധൃത കൂരിരുട്ടുവലകൾ ദേദിപ്പതാൽ സർവദാ
വമ്പാൽ വ്യക്തമുദിച്ചി,രുട്ടവനിമേലപ്പാടെ തീരേണമേ
മർമം ഭാസുരബോധമായവരുണൻ മാനത്തുകാണുന്നതോ
തോഷം പൂകിയ ഭാവസാരമചിരാദാസാരമേകുന്നതോ
ഉദ്ധാരം: കാവ്യഭാസരേണു
(കിമ്പാക - അജ്ഞത അധൃത - അടക്കിയിട്ടില്ലാത്ത അചിരാത് - താമസംവിനാ ആസാരം - പെരുമഴ)

































    















































Saturday, July 29, 2023

സ്മരപ്രേരണകൾ

യമകം പലമാതിരി എന്നുചൊല്ലി നിർത്തിയിരിക്കുകയാണു് ഭാഷാഭൂഷണം.  അവയേതെല്ലാമെന്നും എങ്ങനെനൊക്കെ ആകാമെന്നും തുടർന്നു നിർവചിക്കാത്തതുകൊണ്ടാകും നമ്മളെയും ഇത്രയേ പഠിപ്പിക്കുന്നുള്ളൂ.

അക്ഷരക്കൂട്ടങ്ങളൊന്നായി-
ട്ടർത്ഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി.

ഇതുതന്നെ കാണാപാഠം പഠിച്ചെഴുതിയാൽ മതി.  പക്ഷെ യമകവും പ്രാസവും തമ്മിലെന്തു വ്യത്യാസം എന്നു ചിന്തിച്ചിട്ടുണ്ടോ? ഒരക്ഷരത്തിൻ്റെ ആവർത്തനം പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുടെ ആവർത്തനം യമകമായി.  രണ്ടിലധികം അക്ഷരങ്ങൾ എന്നു പറയുമ്പോൾ അത് വാക്കോ അല്ലെങ്കിൽ വാക്കുപോലെ തോന്നിക്കുന്ന അക്ഷരക്കൂട്ടമോ ആകാം.  ലക്ഷണത്തിൽ പറഞ്ഞതുപോലെ കവിയുടെ ഭാവനയും കഴിവിനും അനുസൃതമായി യമകം പലവിധത്തിൽ ഉപയോഗപ്പെടുത്താം. അവയെയും നമ്മുടെ പൂർവികർ ക്രോഡീകരിച്ചിട്ടുണ്ടു്. അത്തരത്തിൽ ഭരതമുനിയുടെ യമകവർണ്ണനയിൽപ്പെട്ട ഒന്നാണു് ചക്രവാളയമകം. അദ്ദേഹത്തിൻ്റെ നിർവചനം താഴെ കൊടുക്കുന്നു

പൂവ്വസ്യാന്തേന പാദസ്യ 
പരസ്യാദിര്യദാ സമഃ 
ചക്രവച് ചക്രവാളം തദ് 
വിജ്ഞേയം നാമതോ യഥാ

ഒരോ പാദത്തിൻ്റെയും (വരിയുടെയും) അവസാനത്തെ രണ്ടക്ഷരങ്ങൾ അതേ ക്രമത്തിൽ തൊട്ടടുത്ത  പാദത്തിൻ്റെ (വരിയുടെ) ആദ്യഭാഗമാകുന്ന രീതിയാണു് ചക്രവാളയമകം.  അവസാനത്തെ രണ്ടക്ഷരങ്ങൾ എന്നു പറയുമ്പോൾ ഏറ്റവും ചുരുങ്ങിയത് രണ്ടക്ഷരങ്ങൾ എന്നുവേണം മനസ്സിലാക്കാൻ. ഉദാഹരണമായി  പ്രതിഭാശാലിയായ ഒരാൾ അവസാനത്തെ 5 അക്ഷരങ്ങൾ അതേക്രമത്തിൽ അടുത്തവരിയിലെ ആദ്യത്തെ 5 അക്ഷരങ്ങളായി വരുന്നമുറയ്ക്ക് എഴുതുകയാണെങ്കിൽ അതും ചക്രവാള യമകം തന്നെ.  താഴെ കൊടുത്തിരിക്കുന്ന ഹ്രസ്വകവിത നോക്കുക, ഒന്നാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ വെച്ച് രണ്ടാം വരിയും രണ്ടാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് മൂന്നാം വരിയും മൂന്നാം വരിയിലെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് നാലാം വരിയും തുടങ്ങുന്നു.  ഒരു ചാക്രികമായ നിരന്തരാവർത്തനം കൊണ്ടു വരുന്നതിനുവേണ്ടി നാലാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ തന്നെയാണു് ഒന്നാം വരിയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ.  ഒരു ചക്രമായി ശ്ലോകം ഇവിടെ കറങ്ങുകയാണു്, അതിനാൽ ചക്രവാളയമകം.  

ഭരതമുനിയുടെ നിർവചനം മലയാളീകരിച്ച് ഇങ്ങനെ എഴുതുന്നു

ആദ്യപാദത്തിനന്ത്യം താൻ 
രണ്ടാം പാദാദ്യവാക്കുകൾ
ശേഷം പാദങ്ങളവ്വണ്ണം
ശ്ലോകാന്ത്യം വേണമാദ്യമേ



സ്മരപ്രേരണകൾ

രാഗം പടർന്നുയിരു പൂക്കുവതോ  നികാമം
കാമം തുടിച്ച നിമിഷം മനമാകമാനം
മാനം തുടുത്തു കവിളും ഖലു നാണമാലേ
മാലേയഗന്ധമുതിരും കനവിൻ പരാഗം
(നികാമം - ഏറ്റവും സമൃദ്ധമായി ഖലു - നിശ്ചയമായിട്ടും/ ഇപ്പോള്‍ )

ലോലം വിടർന്നമിഴിയിൽ മദിരാതരംഗം
രംഗം സ്മരൻറെ വിളയാട്ട,മതിൻ വികാരം
കാരം കലർത്തി മധുരത്തൊടതിൻ പ്രമാദം
മാദം പകർന്നനിമിഷം മനമോ വിലോലം
(പ്രമാദം - ഓർമ്മക്കേട് മാദം - ലഹരി)

യോഗം സുഖാനുഭവമോ,ടവ തൻ തലക്കം
ലക്കം കുറിച്ചു പലത,ങ്ങുയരാൻ പതത്രം
തത്രം മറന്നു പുണരേ മറയും നിവാരം
വാരം വരം തരുവതോ തരസാ നിയോഗം
(തലക്കം -  മേന്മ ലക്കം - അടയാളം  പതത്രം - ചിറക് തത്രം - പരിഭ്രമം നിവാരം - തടസ്സം  വാരം - അവസരം തരസാ - വേഗത്തിൽ)

മാലം വസന്തവനി ചൈത്രമതിൻ വിഹാരം
ഹാരം കൊരുത്തു മധുമാസമതിൻ പ്രസാരം
സാരം രുചിച്ചു, മനമിന്നൊരു പൂങ്കിനാവിൽ,
നാവിൽ നുണഞ്ഞസമയം പടരും തമാലം
(തമാലം - ചന്ദനക്കുറി)

രാസം നുകർന്നു തനുവിൽ ബഹുദൂരമോടി
മോടിയ്ക്കു കൂടെ വിരുതും, പരതും വികാശം
കാശം സ്വദിച്ചുതിരയേ മധുരം വിശിഷ്ടം
ശിഷ്ടം മദിച്ച,ലസവേളകളിൻ നിരാസം
(രാസം -  രസം/അനുഭൂതി വികാശം - സ്വർഗ്ഗം/സന്തോഷം കാശം - ആകൃതി/ബാഹ്യഭാവം
സ്വദിക്കുക - രുചി നോക്കുക)

രാമം ശരിക്കനുഭവിപ്പതു മോശമല്ലാ
മല്ലാക്ഷിയാം കമനി,   പൊട്ടിടണം ഖലീനം
ലീനം സ്വയം മദനലീലകളിൽ നിതാന്തം
താന്തം ലയം ചപലകേളികളിൻ വിരാമം 
(രാമം - രമിപ്പിക്കുന്നത് ഖലീനം - കടിഞ്ഞാൺ നിതാന്തം - വളരെയധികം താന്തം - തളർന്ന)


വൃത്തം: വസന്തതിലകം
യമകം : ചക്രവാളയമകം

Saturday, June 24, 2023

തെളിനീർപ്പെണ്ണു്

അതിശക്വരി (15) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് മരതകനീലം. ലക്ഷണം കൊടുത്തിരിക്കുന്നത് സതനം തംയം മരതകനീലാഭിധവൃത്തം. സ്വരഭേദം വരുത്താതെ ദ്വിതീയാക്ഷരപ്രാസം കൊടുത്താണ് ഇത്തവണ എഴുതുന്നത്. കൂടാതെ ലാടാനുപ്രാസവും. ദ്വിതീയപ്രാസം മലയാളകവിതയിൽ സർവസാധാരണമാണെങ്കിൽ ലാടം അങ്ങനെയല്ല, വിരളമാണ്. വിപരീതതാൽപര്യങ്ങൾ പറയേണ്ടുന്ന കവിതാസന്ദർഭങ്ങളിൽ അത് ഒറ്റശ്ലോകത്തിൽ എഴുതിയിടാൻ ലാടം ഗുണംചെയ്യും.


മലതൻകാട്ടിൽ മരതകകാന്തിപ്രസരിപ്പിൽ
അലസം വീണോരിനിയ മഴയ്ക്കങ്ങുറവായീ
പലതുള്ളിയ്ക്കോ. ചെറിയൊരുചാലായ്,  വിളയാടാൻ
നലമോടല്ലീ വനഹൃദയത്തിൻ കളിമുറ്റം

ശലഭം, പൂക്കൾ, കനിയുതിരും മാമരവൃന്ദം
കുലകൾ തൂങ്ങും ലതികകളും പുഞ്ചിരി തൂകി 
കലഹം കൂടാൻ കലപിലകൂട്ടി പ്രിയമോടും
ചലനത്തോടെപ്പിറകെയൊരണ്ണാൻ വരുമൊട്ടി

അരുമക്കുഞ്ഞേ വെയിലിനുചൂടാൽ വരളല്ലേ
തരു തൻകൊമ്പാൽ തണലിനുമുണ്ടേ കുടചൂടി
ഒരു പുന്നാരം പറയുവതാരോ തരിമണ്ണോ
തരുകില്ലേ ഞാൻ രുചികരമാമെൻചുവ നിന്നിൽ

അതിലോലേ നീ തരളിതയായ് നീരൊഴുകുമ്പോൾ
മതിലേഖയ്ക്കും മതിവരുകില്ലാ,തിവിടെത്തും
കതിരാൽ തുന്നും രജതനിറം നൂപുരവട്ടം
അതിലോലം നിൻപദതളിരിൽ ചാർത്തിടുവാനായ്

തളകൾ കാലിൽ മണികളുമായ് കാഞ്ചിയുമിട്ടേ
തുളയും കാതിൽ തരിമണികൊണ്ടാണൊരു കമ്മൽ
കളനാദം നീയൊഴുകിയിറങ്ങും തടമെങ്ങും
വളരൂ കൈകാൽ, കളി ചിരി മാറാത്തൊരുപ്രായം!

ഒഴുകുന്തോറും വളരുകയാണാ കുസൃതിപ്പെൺ
മുഴുവൻനേരം കലപിലതന്നേ വഴിമൊത്തം
പഴുതും തേടിപ്പുതുവഴിയോടും, തടയിട്ടാൽ
വഴുതീട്ടെങ്ങോട്ടുഴറുകയാണെൻ ചിരിമുത്തേ

ഇടതേടുമ്പോളകലെയതാ താഴ്‌വര മേലേ
കുടപൂക്കും പൂമരമുലയും പൂത്തിരുമുറ്റം
പടവാണോ പാറകളുടെകൂട്ടം നിരപോലെ
തടയേണ്ടെന്നെ, ക്ഷണമുടനങ്ങോട്ടൊരു ചാട്ടം

കുതറിച്ചാടും വലിയൊരുതാഴ്ചയ്ക്ക,തിവേഗം
പതനം കണ്ടാൽ മലനിര ചാർത്തുന്നൊരു തൊങ്ങൽ 
പ്രതലം പൂകാൻ കുളിരരുവീ നീയണയുമ്പോൾ 
ചിതറും പൊട്ടിച്ചിരിമണി ചിന്തുന്നവിടെല്ലാം

ഇനിയും പോകുന്നെതുവഴി? നീർച്ചാലൊഴുകീടും
വനികൾ താണ്ടിപ്പരതുവതെന്തേ പറയൂ നീ
അനിശം തേടുന്നൊരു സവിധം ചേർന്നിടുമെങ്കിൽ
തനിയേനില്ക്കും ഗതിയവിടെ, സ്ഥാവരഗേഹം

പ്രിയരാം തോഴർ കരുതലൊടേ ലാളനമേകി
പ്രിയമോടല്ലേ മലനിരകൾ പോറ്റിയതെന്നും
ദയവില്ലാത്താർ മനുജഗണം വാഴുമിടത്തിൽ
ഭയമില്ലേ പോകുവതിനു നീയിന്നൊരു പെണ്ണു്!

മിഴിമാറ്റാത്ത പ്രവണതയുണ്ടേ നദികണ്ടാൽ 
മിഴിവോലും കുഞ്ഞലയിളകും നിർമ്മലനീരിൽ
കഴിയും പോലേ കഴുകുമവർ തൻമലമെല്ലാം
വഴിയേ നീയും മലിനജലം മാത്രവുമാകും

ചെവി കേൾക്കാഞ്ഞോ മൊഴിതിരിയാഞ്ഞോ പുഴവീണ്ടും
അവിരാമം പോയിടുവതുകണ്ടോ, വിധിയെന്തോ!
എവിടേയ്ക്കാവാം? വകതിരിവോ കൂസലുമില്ലേ
സവിധം നീ തേടുവതുയിരിന്നുംപ്രിയമെന്നോ?

നിറയേ വെള്ളം, തരുണിയൊരുത്തി പ്രവഹിക്കേ
നിറവാം നിന്നെപ്പുതുമഴവന്നിക്കിളികൂട്ടി
മറമൂടീട്ടും കനവുകളുള്ളിൽ കരുതീട്ടും
നിറമുണ്ടായ് തന്നരുണിമയാൽ പോക്കുവെയിൽ പോൽ

അവളെക്കാണാൻ പിറകെനടക്കാൻ പലരുണ്ടേ
കവരാനുള്ളം പ്രിയകമിതാവായ് നിലകൊള്ളാൻ
അവരോധിക്കാൻ ഹൃദയമുണർത്താൻ സഖിയാക്കാൻ
ഇവരെല്ലാരും പുഴയുടെ പിമ്പേ കൊതിയോടെ

അലനെയ്താ വാഹിനിയൊഴുകുമ്പോൾ പുളിനത്തിൽ
നിലകൊള്ളും പൂമരമൊരു പൂവാലനൊരുത്തൻ
മലരോലുന്നാ ശിഖരമുലച്ചൂ തലയാട്ടി 
കുലയായ് തൂങ്ങും മലരുമെറിഞ്ഞു പ്രവഹത്തിൽ 

തരുണിപ്പെണ്ണേ സുമതരുവാം ഞാനൊരു ഭിക്ഷു 
തരു നീ ചോലേ പ്രണയിനി നീ,യെൻ മധുപാത്രം 
ഒരു പൂവെന്നും സഖിയുടെ മാറിൽ വിരചിക്കാം
ഒരുമിക്കാം, നീയൊഴുകുകയേ വേണ്ടിനിയൊട്ടും

തളിരും വേണ്ടാ മലരുകളേതും ചൊരിയേണ്ടാ
തെളിനീർപ്പെണ്ണിൻ തുണയിവനാണേ ചെറുകാറ്റു്
കളികൾ ചൊല്ലീട്ടവളുടെമേൽ ഞാൻ തഴുകുമ്പോൾ
കുളിരും കൊണ്ടിന്നരുവിയിലോളം നടമാടും

തരണേ പെണ്ണേ തവമനമൂറൂന്നനുരാഗം
ചിരനാളായി പ്രണയവികാരം നുരയുന്നു
തരണം ചെയ്യാനിനിയുമതേറേ, പുഴയോടി
ചിരനാളായി പ്രണയവികാരം നുരയുന്നു

അപഹാസം പോൽ ചിരിമണിതൂകീട്ടവളോതി
ചപലർ ചൊല്ലും മധുമയമാം വാക്കുകളല്ലേ
കപടം മൊത്തംവഴികളിലുണ്ടെന്നവളോടായ്
ഉപദേശിച്ചോൻ കില കമിതാവോ, ഒരുപക്ഷേ

പുഴ പിന്നേയും കളരവമോടങ്ങൊഴുകുമ്പോൾ
അഴകാണല്ലോ വഴിയുവതും, നീരലയല്ലാ
പിഴവൊന്നേ നിൻവഴികളിലുണ്ടായ്, മനുജർക്കു്
കഴകം ഗ്രാമം നഗരമുയർത്താൻ കരനല്കീ

ശരിയാ, ജീവൻ ജലസുധകൊണ്ടേ നിലനില്ക്കൂ
തരിപോലും തെറ്റവളതിലേതും കരുതീലാ
തരിശാം മണ്ണിൽ പുതുമുളപൊന്താൻ വിളവേറാൻ
ഹരിതാഭയ്ക്കും നിചയനിദാനം ജലമല്ലേ

കുടിനീരിന്നായരികിലണഞ്ഞോർ പറയുന്നു 
തടിനിക്കുള്ളിൽ രുചികരമാം മീനുകളുണ്ടേ
കുടികെട്ടീടാമിരുകരമേലും നിവസിക്കാം
കുടിലർ പിന്നീടവളുടെമേൽ  ചൂഷണമായി

തുണപോലെന്നും നിരനിരയായി,ക്കരതന്നിൽ
തണലാം വൃക്ഷങ്ങളിലൊരുപോലേ  മഴുവെച്ചു
മണലും വേണം ബലമൊടെ നമ്മൾ പുരവെയ്ക്കും
പണമുണ്ടല്ലോ, പ്രകൃതിയെ വാങ്ങാനിനിയാകും

കരമൂടീടും തരിമണലിൻമേൽ കുഴിമാന്തി
നിരയായ് വന്നൂ മണലുകടത്താൻ പലവണ്ടി
ത്വരയോടെല്ലാം നിറയെനിറച്ചിട്ടവയോടീ
വിരവിൽ കാണായ് ചരലുനിറഞ്ഞാ കരരണ്ടും

പുഴവെള്ളത്തിന്നടിയിലെമണ്ണും മണലത്രേ
അഴലാൽ വിങ്ങുന്നവളുടെ നെഞ്ചിൽ കുഴികുത്തി
കഴ നാട്ടീട്ടങ്ങടിയിലിറങ്ങീ ചെളിവാരാൻ
കുഴലിൽക്കൂടിച്ചെളിയവരരൂറ്റീട്ടതു വിറ്റു

ഉയിരൂറ്റീട്ടും പുഴയൊഴുകീ തൻവഴിതേടി
തുയിലെപ്പോഴും പിറകെയുമുണ്ടേ, വരുപെണ്ണേ
മയി നിശ്വാസം ഹൃദയമിടിപ്പും നിലനിന്നാൽ
അയി നാഥാ ഞാനൊഴുകിവരാം നിന്നൊടുചേരാൻ

പരമാനന്ദം പ്രിയനൊടുചേർന്നാ,ലൊഴുകേണം
തരസാ വേണം സമയമൊരിറ്റും കളയാതെ
നരനാണെങ്കിൽ പുഴയൊഴുകാത്ത പ്രതിബന്ധം 
തരസാ വേണം സമയമൊരിറ്റും കളയാതെ

തടയാൻ നിന്നാൽ പലവഴിയോടുന്നൊരു പെണ്ണേ
തുടരേണ്ടാ നീയൊഴുകുകവേണ്ടാ,  കുളമാകൂ
മടകൾ തീർത്തൂ കിണറുകളാക്കീ വിരിമാറിൽ 
തടകൾ കെട്ടീ,യണപലതെണ്ണം, പകപോക്കാൻ?

പലവീട്ടിൽ നിന്നൊഴുകിയിറങ്ങും ചെളിവെള്ളം
മലപോൽ നാടിൻ പൊതുമുതലായോരവശിഷ്ടം
മലമാലിന്യം കറുകറെയുണ്ടേ, യിതുകഷ്ടം!
കലരുന്നെല്ലാം പുഴയുടെനീരോ കരിനീരായ്

കവരാൻ ചന്തംവഴിയുവതൊന്നും തരിയില്ലാ
അവശേഷിപ്പോ തെരുവിലെനാറ്റം കരിവെള്ളം
ലവലേശം സംശയമതിലേതും കരുതാതെ
അവളെന്നിട്ടും പ്രിയതരലക്ഷ്യംവരെയെത്താൻ

ഇളയിൽ പ്രാഞ്ചി പ്രചലിതയായ് പോകുകയാണോ
തളരും കൈകാ,ലൊഴുകുകയല്ലാ പുഴയിപ്പോൾ
പുളകം പൂക്കുന്നലമുകുളങ്ങൾ നദി പണ്ടു്
തളകൾ മാറ്റീട്ടിഴയുകയാണാ പുഴയിന്നു്

തൊടുവാൻപോലും മടിവരുമാ നീരൊഴുകിപ്പോ-
യൊടുവിൽ ചേർന്നൂ കടലിനൊടായാ നദി, പാവം!
കൊടുമാലിന്യം തിരകളുമായിട്ടിണചേരേ
നെടുവീർപ്പോടേ തടിനിയണഞ്ഞൂ നിജലക്ഷ്യം

പഴകിച്ചെന്നാൽ പുതുമയൊടേൽക്കും പ്രിയെനെന്നു്
പുഴ നീയന്നേ കരുതിയിരുന്നോ ഹൃദയത്തിൽ?
അഴകും പൊയ്പ്പോയ്, പൊലിമയുമില്ലാത്തൊരു നിന്നെ
അഴകായ്ത്തന്നെ പ്രണയിയവൻ ചേർത്തിടുമെന്നു്?


വൃത്തം: മരതകനീലം
പ്രാസം : ദ്വിതീയ(സ്വരഭേദം വരുത്താതെ)
                ലാടാനുപ്രാസം