Saturday, June 24, 2023

തെളിനീർപ്പെണ്ണു്

അതിശക്വരി (15) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് മരതകനീലം. ലക്ഷണം കൊടുത്തിരിക്കുന്നത് സതനം തംയം മരതകനീലാഭിധവൃത്തം. സ്വരഭേദം വരുത്താതെ ദ്വിതീയാക്ഷരപ്രാസം കൊടുത്താണ് ഇത്തവണ എഴുതുന്നത്. കൂടാതെ ലാടാനുപ്രാസവും. ദ്വിതീയപ്രാസം മലയാളകവിതയിൽ സർവസാധാരണമാണെങ്കിൽ ലാടം അങ്ങനെയല്ല, വിരളമാണ്. വിപരീതതാൽപര്യങ്ങൾ പറയേണ്ടുന്ന കവിതാസന്ദർഭങ്ങളിൽ അത് ഒറ്റശ്ലോകത്തിൽ എഴുതിയിടാൻ ലാടം ഗുണംചെയ്യും.


മലതൻകാട്ടിൽ മരതകകാന്തിപ്രസരിപ്പിൽ
അലസം വീണോരിനിയ മഴയ്ക്കങ്ങുറവായീ
പലതുള്ളിയ്ക്കോ. ചെറിയൊരുചാലായ്,  വിളയാടാൻ
നലമോടല്ലീ വനഹൃദയത്തിൻ കളിമുറ്റം

ശലഭം, പൂക്കൾ, കനിയുതിരും മാമരവൃന്ദം
കുലകൾ തൂങ്ങും ലതികകളും പുഞ്ചിരി തൂകി 
കലഹം കൂടാൻ കലപിലകൂട്ടി പ്രിയമോടും
ചലനത്തോടെപ്പിറകെയൊരണ്ണാൻ വരുമൊട്ടി

അരുമക്കുഞ്ഞേ വെയിലിനുചൂടാൽ വരളല്ലേ
തരു തൻകൊമ്പാൽ തണലിനുമുണ്ടേ കുടചൂടി
ഒരു പുന്നാരം പറയുവതാരോ തരിമണ്ണോ
തരുകില്ലേ ഞാൻ രുചികരമാമെൻചുവ നിന്നിൽ

അതിലോലേ നീ തരളിതയായ് നീരൊഴുകുമ്പോൾ
മതിലേഖയ്ക്കും മതിവരുകില്ലാ,തിവിടെത്തും
കതിരാൽ തുന്നും രജതനിറം നൂപുരവട്ടം
അതിലോലം നിൻപദതളിരിൽ ചാർത്തിടുവാനായ്

തളകൾ കാലിൽ മണികളുമായ് കാഞ്ചിയുമിട്ടേ
തുളയും കാതിൽ തരിമണികൊണ്ടാണൊരു കമ്മൽ
കളനാദം നീയൊഴുകിയിറങ്ങും തടമെങ്ങും
വളരൂ കൈകാൽ, കളി ചിരി മാറാത്തൊരുപ്രായം!

ഒഴുകുന്തോറും വളരുകയാണാ കുസൃതിപ്പെൺ
മുഴുവൻനേരം കലപിലതന്നേ വഴിമൊത്തം
പഴുതും തേടിപ്പുതുവഴിയോടും, തടയിട്ടാൽ
വഴുതീട്ടെങ്ങോട്ടുഴറുകയാണെൻ ചിരിമുത്തേ

ഇടതേടുമ്പോളകലെയതാ താഴ്‌വര മേലേ
കുടപൂക്കും പൂമരമുലയും പൂത്തിരുമുറ്റം
പടവാണോ പാറകളുടെകൂട്ടം നിരപോലെ
തടയേണ്ടെന്നെ, ക്ഷണമുടനങ്ങോട്ടൊരു ചാട്ടം

കുതറിച്ചാടും വലിയൊരുതാഴ്ചയ്ക്ക,തിവേഗം
പതനം കണ്ടാൽ മലനിര ചാർത്തുന്നൊരു തൊങ്ങൽ 
പ്രതലം പൂകാൻ കുളിരരുവീ നീയണയുമ്പോൾ 
ചിതറും പൊട്ടിച്ചിരിമണി ചിന്തുന്നവിടെല്ലാം

ഇനിയും പോകുന്നെതുവഴി? നീർച്ചാലൊഴുകീടും
വനികൾ താണ്ടിപ്പരതുവതെന്തേ പറയൂ നീ
അനിശം തേടുന്നൊരു സവിധം ചേർന്നിടുമെങ്കിൽ
തനിയേനില്ക്കും ഗതിയവിടെ, സ്ഥാവരഗേഹം

പ്രിയരാം തോഴർ കരുതലൊടേ ലാളനമേകി
പ്രിയമോടല്ലേ മലനിരകൾ പോറ്റിയതെന്നും
ദയവില്ലാത്താർ മനുജഗണം വാഴുമിടത്തിൽ
ഭയമില്ലേ പോകുവതിനു നീയിന്നൊരു പെണ്ണു്!

മിഴിമാറ്റാത്ത പ്രവണതയുണ്ടേ നദികണ്ടാൽ 
മിഴിവോലും കുഞ്ഞലയിളകും നിർമ്മലനീരിൽ
കഴിയും പോലേ കഴുകുമവർ തൻമലമെല്ലാം
വഴിയേ നീയും മലിനജലം മാത്രവുമാകും

ചെവി കേൾക്കാഞ്ഞോ മൊഴിതിരിയാഞ്ഞോ പുഴവീണ്ടും
അവിരാമം പോയിടുവതുകണ്ടോ, വിധിയെന്തോ!
എവിടേയ്ക്കാവാം? വകതിരിവോ കൂസലുമില്ലേ
സവിധം നീ തേടുവതുയിരിന്നുംപ്രിയമെന്നോ?

നിറയേ വെള്ളം, തരുണിയൊരുത്തി പ്രവഹിക്കേ
നിറവാം നിന്നെപ്പുതുമഴവന്നിക്കിളികൂട്ടി
മറമൂടീട്ടും കനവുകളുള്ളിൽ കരുതീട്ടും
നിറമുണ്ടായ് തന്നരുണിമയാൽ പോക്കുവെയിൽ പോൽ

അവളെക്കാണാൻ പിറകെനടക്കാൻ പലരുണ്ടേ
കവരാനുള്ളം പ്രിയകമിതാവായ് നിലകൊള്ളാൻ
അവരോധിക്കാൻ ഹൃദയമുണർത്താൻ സഖിയാക്കാൻ
ഇവരെല്ലാരും പുഴയുടെ പിമ്പേ കൊതിയോടെ

അലനെയ്താ വാഹിനിയൊഴുകുമ്പോൾ പുളിനത്തിൽ
നിലകൊള്ളും പൂമരമൊരു പൂവാലനൊരുത്തൻ
മലരോലുന്നാ ശിഖരമുലച്ചൂ തലയാട്ടി 
കുലയായ് തൂങ്ങും മലരുമെറിഞ്ഞു പ്രവഹത്തിൽ 

തരുണിപ്പെണ്ണേ സുമതരുവാം ഞാനൊരു ഭിക്ഷു 
തരു നീ ചോലേ പ്രണയിനി നീ,യെൻ മധുപാത്രം 
ഒരു പൂവെന്നും സഖിയുടെ മാറിൽ വിരചിക്കാം
ഒരുമിക്കാം, നീയൊഴുകുകയേ വേണ്ടിനിയൊട്ടും

തളിരും വേണ്ടാ മലരുകളേതും ചൊരിയേണ്ടാ
തെളിനീർപ്പെണ്ണിൻ തുണയിവനാണേ ചെറുകാറ്റു്
കളികൾ ചൊല്ലീട്ടവളുടെമേൽ ഞാൻ തഴുകുമ്പോൾ
കുളിരും കൊണ്ടിന്നരുവിയിലോളം നടമാടും

തരണേ പെണ്ണേ തവമനമൂറൂന്നനുരാഗം
ചിരനാളായി പ്രണയവികാരം നുരയുന്നു
തരണം ചെയ്യാനിനിയുമതേറേ, പുഴയോടി
ചിരനാളായി പ്രണയവികാരം നുരയുന്നു

അപഹാസം പോൽ ചിരിമണിതൂകീട്ടവളോതി
ചപലർ ചൊല്ലും മധുമയമാം വാക്കുകളല്ലേ
കപടം മൊത്തംവഴികളിലുണ്ടെന്നവളോടായ്
ഉപദേശിച്ചോൻ കില കമിതാവോ, ഒരുപക്ഷേ

പുഴ പിന്നേയും കളരവമോടങ്ങൊഴുകുമ്പോൾ
അഴകാണല്ലോ വഴിയുവതും, നീരലയല്ലാ
പിഴവൊന്നേ നിൻവഴികളിലുണ്ടായ്, മനുജർക്കു്
കഴകം ഗ്രാമം നഗരമുയർത്താൻ കരനല്കീ

ശരിയാ, ജീവൻ ജലസുധകൊണ്ടേ നിലനില്ക്കൂ
തരിപോലും തെറ്റവളതിലേതും കരുതീലാ
തരിശാം മണ്ണിൽ പുതുമുളപൊന്താൻ വിളവേറാൻ
ഹരിതാഭയ്ക്കും നിചയനിദാനം ജലമല്ലേ

കുടിനീരിന്നായരികിലണഞ്ഞോർ പറയുന്നു 
തടിനിക്കുള്ളിൽ രുചികരമാം മീനുകളുണ്ടേ
കുടികെട്ടീടാമിരുകരമേലും നിവസിക്കാം
കുടിലർ പിന്നീടവളുടെമേൽ  ചൂഷണമായി

തുണപോലെന്നും നിരനിരയായി,ക്കരതന്നിൽ
തണലാം വൃക്ഷങ്ങളിലൊരുപോലേ  മഴുവെച്ചു
മണലും വേണം ബലമൊടെ നമ്മൾ പുരവെയ്ക്കും
പണമുണ്ടല്ലോ, പ്രകൃതിയെ വാങ്ങാനിനിയാകും

കരമൂടീടും തരിമണലിൻമേൽ കുഴിമാന്തി
നിരയായ് വന്നൂ മണലുകടത്താൻ പലവണ്ടി
ത്വരയോടെല്ലാം നിറയെനിറച്ചിട്ടവയോടീ
വിരവിൽ കാണായ് ചരലുനിറഞ്ഞാ കരരണ്ടും

പുഴവെള്ളത്തിന്നടിയിലെമണ്ണും മണലത്രേ
അഴലാൽ വിങ്ങുന്നവളുടെ നെഞ്ചിൽ കുഴികുത്തി
കഴ നാട്ടീട്ടങ്ങടിയിലിറങ്ങീ ചെളിവാരാൻ
കുഴലിൽക്കൂടിച്ചെളിയവരരൂറ്റീട്ടതു വിറ്റു

ഉയിരൂറ്റീട്ടും പുഴയൊഴുകീ തൻവഴിതേടി
തുയിലെപ്പോഴും പിറകെയുമുണ്ടേ, വരുപെണ്ണേ
മയി നിശ്വാസം ഹൃദയമിടിപ്പും നിലനിന്നാൽ
അയി നാഥാ ഞാനൊഴുകിവരാം നിന്നൊടുചേരാൻ

പരമാനന്ദം പ്രിയനൊടുചേർന്നാ,ലൊഴുകേണം
തരസാ വേണം സമയമൊരിറ്റും കളയാതെ
നരനാണെങ്കിൽ പുഴയൊഴുകാത്ത പ്രതിബന്ധം 
തരസാ വേണം സമയമൊരിറ്റും കളയാതെ

തടയാൻ നിന്നാൽ പലവഴിയോടുന്നൊരു പെണ്ണേ
തുടരേണ്ടാ നീയൊഴുകുകവേണ്ടാ,  കുളമാകൂ
മടകൾ തീർത്തൂ കിണറുകളാക്കീ വിരിമാറിൽ 
തടകൾ കെട്ടീ,യണപലതെണ്ണം, പകപോക്കാൻ?

പലവീട്ടിൽ നിന്നൊഴുകിയിറങ്ങും ചെളിവെള്ളം
മലപോൽ നാടിൻ പൊതുമുതലായോരവശിഷ്ടം
മലമാലിന്യം കറുകറെയുണ്ടേ, യിതുകഷ്ടം!
കലരുന്നെല്ലാം പുഴയുടെനീരോ കരിനീരായ്

കവരാൻ ചന്തംവഴിയുവതൊന്നും തരിയില്ലാ
അവശേഷിപ്പോ തെരുവിലെനാറ്റം കരിവെള്ളം
ലവലേശം സംശയമതിലേതും കരുതാതെ
അവളെന്നിട്ടും പ്രിയതരലക്ഷ്യംവരെയെത്താൻ

ഇളയിൽ പ്രാഞ്ചി പ്രചലിതയായ് പോകുകയാണോ
തളരും കൈകാ,ലൊഴുകുകയല്ലാ പുഴയിപ്പോൾ
പുളകം പൂക്കുന്നലമുകുളങ്ങൾ നദി പണ്ടു്
തളകൾ മാറ്റീട്ടിഴയുകയാണാ പുഴയിന്നു്

തൊടുവാൻപോലും മടിവരുമാ നീരൊഴുകിപ്പോ-
യൊടുവിൽ ചേർന്നൂ കടലിനൊടായാ നദി, പാവം!
കൊടുമാലിന്യം തിരകളുമായിട്ടിണചേരേ
നെടുവീർപ്പോടേ തടിനിയണഞ്ഞൂ നിജലക്ഷ്യം

പഴകിച്ചെന്നാൽ പുതുമയൊടേൽക്കും പ്രിയെനെന്നു്
പുഴ നീയന്നേ കരുതിയിരുന്നോ ഹൃദയത്തിൽ?
അഴകും പൊയ്പ്പോയ്, പൊലിമയുമില്ലാത്തൊരു നിന്നെ
അഴകായ്ത്തന്നെ പ്രണയിയവൻ ചേർത്തിടുമെന്നു്?


വൃത്തം: മരതകനീലം
പ്രാസം : ദ്വിതീയ(സ്വരഭേദം വരുത്താതെ)
                ലാടാനുപ്രാസം







No comments:

Post a Comment