Saturday, May 27, 2023

കാളിയമർദ്ദനം

മുകുന്ദനജിതൻ, പിറവിയിന്ദുതനിശീഥ,മിഹ കുന്ദളിത നന്ദനവിഭു  അനിന്ദിതഭവാനുരഗകന്ദുകമതുണ്ടുലകവിന്ദു ചിതിതുന്ദില മഹാൻ
മകാന്ദനയനൻ നിഖിലനന്ദനനവൻ സുകൃതിനന്ദനുടെ നന്ദനുടവോ
കളിന്ദനദിതൻ്റെകര നന്ദികമൊടെത്തി വരസുന്ദരികളിന്ദുവദനർ 
(മുകുന്ദ- മോക്ഷം/മുക്തി പ്രദാനം ചെയ്യുന്നവൻ ഇന്ദുത -   രാത്രി നിശീഥം - ഉറങ്ങുന്ന സമയം   കുന്ദളിത - ഉണ്ടായ  നന്ദനൻ - വിഷ്ണു    കന്ദുകം - തലയിണ വിന്ദു - അറിവുള്ള തുന്ദില - വഹിക്കുന്ന മകാന്ദം - താമര നന്ദന - ആനന്ദിപ്പിക്കുന്ന സുകൃതി - പുണ്യമുള്ള നന്ദൻ - നന്ദഗോപർ നന്ദൻ - പുത്രൻ ഉടവ് - പരാജയം,/തകര്‍ച്ച/നാശം കളിന്ദം - യമുന ഉത്ഭവിക്കുന്ന പർവതം നന്ദികം - ചെറിയകൂട്ടം) 

അനന്തനുടയോനരുവി നീന്തിവിളയാടി ബത വേന്തിരനശാന്തനതിനാൽ
സമന്തനദി നഞ്ചയഹിചിന്തി മനകാളിമ നിതാന്തജലതന്തിപടരാൻ
സമാന്തരമുയർന്നു വപുപൊന്തി ഫണിമേൽ വിരലുകുന്തി,യഥസന്തുലിതനായ്
പരന്തപനുമെത്തി വിഷദന്തകനുമേ, ലവനു നൊന്തുതല താന്തമുടലും
(വേന്തിരൻ - പാമ്പ് സമന്ത -  മുഴുവൻ/ചുറ്റുമുള്ള നഞ്ച - വിഷം അഹി - സർപ്പം തന്തി - വിസ്താരം/വിശാലത പരന്തപൻ - ശത്രുക്കളെ തപിപ്പിക്കുന്നവന വിഷദന്തകൻ - വിഷപ്പല്ലുള്ളവൻ. താന്ത - ക്ഷീണിച്ച)

ഇരുണ്ടനിറമാർന്ന കരികൊണ്ടലഴകൻ്റെ കളികൊണ്ട തനിവിണ്ടലനടം
ഉരുണ്ടമണി നിൻ്റെകിണി ഘണ്ടികരവം ഭുജഗമിണ്ടലതുകൊണ്ടുപുളയേ
വിരണ്ടുഫണി കാൽത്തളിരുതീണ്ടുവതിനായി വരവുണ്ടു്, കടിതാണ്ടി വിരുതൻ
ചുരുണ്ടമുടി മാടിനിലകൊണ്ടു ചിരിതൂകി, തവചുണ്ടിലൊരു ചെണ്ടിനഴകോ 
(വിണ്ടലനടം - സ്വർഗ്ഗനടനം ഘണ്ടിക - ചെറിയ മണി ഭുജഗം - പാമ്പ്   ഇണ്ടൽ - ദുഃഖം ഫണി - സർപ്പം ) 

കുരുട്ടുഭുജഗന്നുടനെ നീട്ടിനിജവാൽ പ്രഹരമിട്ടവിടെ ചാട്ടസദൃശം
ചവിട്ടലിനൊടത്തടവുകാട്ടി മറിയേ ലതികമട്ടിലതിലൊട്ടുകളിയാൽ
ചുരുട്ടിയതു കൈവിരലിലിട്ടു ഞൊടികൊണ്ടു ചുവടിട്ട കളിയാട്ടമതിനാൽ
അലട്ടി വെറുതേ, ഫണിതികട്ടിയശനം, രസനപൊട്ടി, പല കോട്ടമുടലിൽ
(കുരുട്ട് -  കാഴ്ചയില്ലാത്ത(അഹന്ത കണ്ണുമൂടിയതിനാൽ) ഒട്ട് -  അധികം/കൂടുതൽ അശനം - ഭക്ഷണം രസന - നാക്ക്)

പദങ്ങളിളകുന്നമുറ കിങ്ങിണിരവം തളകിലുങ്ങി രജതങ്ങളവയിൽ
അരങ്ങുനിറയുന്ന നടനങ്ങളുടെ മോടി നയനങ്ങളിലൊതുങ്ങി നിറയാ
ക്ഷതങ്ങളുടെ വേദന നുറുങ്ങിയുടലും തലവിലങ്ങി തനുകങ്ങിനിണമാൽ
ഫണങ്ങളുടെ ഭീകരതമങ്ങി ഭയമാലവ ചുരുങ്ങി ദുരിതങ്ങളഴിയാ

ഉയർത്തിടുമൊരോ ഫണിപടത്തിലുമവൻ പദമമർത്തിയഴകൊത്ത വടിവിൽ
കടുത്ത പകയോടുടനടുത്ത ഫണമൂതിയഹി, തത്തിയവനെത്തിയവിടെ
കറുത്ത ചെറുബാലകനുരത്തൊടെ മെതിച്ചുട,നെടുത്തതല താഴ്ത്തി ഭുജഗം
കൊഴുത്തനിണവും പതപടർത്തി നുരയും വിഷമുതിർത്തതു സരിത്തിലൊഴുകീ
(ഫണി - പാമ്പ് അഹി - പാമ്പ് ഉരം - ശക്തി/ഊക്ക് സരിത്ത് - നദി)

പ്രകമ്പനമൊടേ നദി കലമ്പിയൊഴുകീ, കൊടിയ പാമ്പുഴറി, ചെമ്പറമയം
നിലിമ്പഗണമെത്തിയഥ വെമ്പലൊടു കണ്ടതു കളിമ്പമതിനിമ്പനടനം
ഉടമ്പുചതയുന്നവിധി! വമ്പനവനോതി മമതുമ്പമിതു നൊമ്പരകരം
അരിമ്പൊരുളവൻ തരുമലമ്പിലറിയൂ, തവപരമ്പരയിലമ്പെ സുകൃതം 
(ചെമ്പറ - ചുവന്ന/ചെമ്പിൻ്റെ നിറം. നിലിമ്പൻ - ദേവൻ കളിമ്പം - വിനോദം/കുട്ടിക്കളി തുമ്പം - ദുഃഖം അരിമ്പൊരുൾ - സാക്ഷാലുള്ള അർത്ഥം അലമ്പ് - ഉപദ്രവം) 

അരിത്രവിനുതൻ കമലനേത്രനിടയൻ ജലദവൃത്രകരിഗാത്രകമനൻ
വിചിത്രമിതു ശേഷനഥ ഛത്രി, ശയനത്തിനുമതത്രെ, മഹിസൂത്രനിപുണൻ
സവിത്രികുലപാല യദുഗോത്രമണിഭൂഷണനു ജൈത്രപഥമീ ത്രിഭുവനം
സചിത്രപദമൂന്നി ഫണമത്രയുമുടച്ചവനെഴും ത്രുടിത ചിത്രനടനം
(അരിത്ര - ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിനുത - സ്തുതിക്കപ്പെട്ട വൃത്രം - മേഘം ഛത്രി - കുടപിടിക്കുന്ന സവിത്രി - പശു
ധരിത്രിപതി ത്രുടിത - മുറിക്കപ്പെട്ട/ പൊട്ടിക്കപ്പെട്ട)

വിഭിന്നഫണമോടെയതിപന്നകൃതി സർവ്വതിനുമുന്നവിഭുവുന്നിയലിയാൻ
സമുന്നതനവൻ്റെയിരുപന്നഖമതിൽപ്പണിതു ഖിന്നരിപു പന്നഗഖലൻ
വിപന്നജനരക്ഷകനുമുന്നമനഹേതുവുമഭിന്നയദുമന്ന,നതിനാൽ
പ്രസന്നവദനൻ്റെ തിരുമുന്നിലഹിപത്നിനിര സന്നമനസന്നയമതാ
(വിഭിന്ന - ഉടയ്ക്കപ്പെട്ട അതിപന്ന - അതിരുകടന്ന കൃതി - പ്രവൃത്തി ഉന്ന - അലിവുള്ള/ദയവുള്ള ഉന്നി-   സൂക്ഷിച്ചുനോക്കി/അന്വേഷിച്ചിട്ട്/തിരഞ്ഞിട്ട് പന്നഖം - പാദനഖം ഖിന്ന - നിസ്സഹായമായ പന്നഗം - പാമ്പ് ഖലൻ -  പരോപദ്രവം ചെയ്യുന്നവൻ വിപന്ന - ആപത്തിൽപ്പെട്ട അഭിന്ന -  ഭേദിക്കപ്പെടാത്ത അഹി - സർപ്പം സന്നമനം - നമസ്കാരം. സന്നയം - സമൂഹം )

വിവക്ഷ തവയെന്തിവിടെ രൂക്ഷതരമീ കലഹമാൽ ക്ഷദനവും ക്ഷതികളും
വിലക്ഷണഫണിയ്ക്കൊരു പരീക്ഷണമൊരുക്കി തടിനിക്ഷരണവും
ക്ഷതജവും 
വിചക്ഷണനവൻ്റെയൊരു ലക്ഷണമതൊത്തകളി ദക്ഷവിധി ശിക്ഷയരുളാൻ
സമീക്ഷയിതുതന്നെ നിരുപേക്ഷഭഗവാൻ്റെയൊരു രക്ഷയതു ലക്ഷിതപദം
(വിവക്ഷ - ആഗ്രഹം ക്ഷദനം - മുറിക്കൽ/പിളർക്കൽ ക്ഷതി - മുറിവ്/ചതവ് വിലക്ഷണ - പരിഭ്രമിച്ച തടിനി - നദി ക്ഷരണം - കലഹം ക്ഷതജം - ചോര/ചലം തുടങ്ങി ക്ഷതത്തിൽ നിന്നും വരുന്നവ വിചക്ഷണ - അറിവുള്ള/ സൂക്ഷ്മദൃഷ്ടിയുള്ള ദക്ഷ - യോജിച്ച സമീക്ഷ - ഗ്രഹണം/ധാരണ നിരുപേക്ഷ - ഉപേക്ഷയില്ലാത്ത ലക്ഷിത - അടയാളപ്പെടുത്തിയ)

വൃത്തം: ശംഭുനടനം
പ്രാസം: ഷോഡശപ്രാസം

ജകാര സനഭത്തൊടു ജകാര സനഭം ലഘു ഗുരുക്കളിഹ ശംഭുനടനം

വേന്തിരൻ
വേന്തിരനെന്നവാക്ക് കാളിയന് ഉചിതമാകുമോ ഇല്ലയോ എന്ന ചർച്ചയാണിത്.  വാച്യാർത്ഥം നാലുതരം നാഗങ്ങളിൽ ഒന്ന്, അഥവാ അതിൽ നാലാമത്തേത്. ഇപ്രകാരം വിവരിച്ചാൽ അർത്ഥം പൂർണമായും മനസ്സിലാക്കാനാകില്ല എന്നതുകൊണ്ടും കാളിയനെ ഒരു വേന്തിരനായി കാണാനുള്ള കാരണം വ്യക്തമാകില്ല എന്നതുകൊണ്ടും കൂടുതൽ വിവരങ്ങൾ കുറിക്കുന്നു. 
നാഗലോകമെന്നത് അനന്തനും തക്ഷകനും വാസുകിയുമൊക്കെ ഉൾപ്പെടുന്ന ഒരു അതിവിശാലലോകമാണ്. അതിനാൽ അവരുടെ ആവാസവ്യവസ്ഥ കടലും കരയും മാത്രമല്ല, വൈകുണ്ഠവും കൈലാസവും ഇന്ദ്രലോകവും ഒക്കെ ഉൾപ്പെടുന്നു. വിഷവൈദ്യശ്ലോകങ്ങൾ കടമെടുത്താൽ 

പാരാവാരോദരേ ശൈല-
കന്ദരേ ബലിമന്ദിരേ      
ഇന്ദ്രാലയേ ച ഭ്രമൗെ ച 
വസിച്ചീടുന്നു ഭോഗികൾ
ഭോഗി= നാഗം .

പാലാഴിയിൽ കഴിയുന്ന അനന്തനും ശിവശൈലത്തിൽ അഭയം പ്രാപിച്ച വാസുകിയും ഇന്ദ്രലോകം പൂണ്ട തക്ഷകനുമൊക്കെ ഭൂമിയിൽ കഴിയുന്ന നാഗങ്ങൾക്കുപുറമേ മേൽപ്പറഞ്ഞ ശ്ലോകപ്രകാരം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഭൂമിയിലുള്ള നാഗങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു.

1. മുക് വൻ : ഫണള്ള നാഗമാണ്. ഇതിന്റെ ദംശനം വാതദോഷം ഉണ്ടാക്കുന്നു. അവയിൽ അവാന്തരജാതികൾ 26 എണ്ണം ഉണ്ടെന്നു പറയപ്പെടുന്നു.
2. മണ്ഡലി: ഫണമില്ലാത്ത തരം നാഗങ്ങളാണ്. ദംശനമേറ്റാൽ പിത്തദോഷം സംഭവിക്കുന്നു. ഇവ അവാന്തരമായി 16 തരത്തിലുണ്ടെന്ന് വിഷവൈദ്യം കണക്കുകൂട്ടുന്നു.
3. രാജീലം : ഇതും ഫണമില്ലാത്ത തരം നാഗങ്ങളാണ്. 13 തരമായി തിരിച്ചിരിക്കുന്ന ഇവയുടെ ദംശനം കഫദോഷം വർദ്ധിപ്പിക്കും.
മേൽപ്പറഞ്ഞ 3 തരത്തിലും ഉള്ളവയെ ഇതിൽപ്പറഞ്ഞ അത്രയും തരമല്ലെങ്കിലും ഏതാനും ചിലതിനെയെങ്കിലും കണ്ടറിവോ കേട്ടറിവോ ഒക്കെ മിക്കവർക്കും കാണും. തീർത്തും അപരിചിതം നാലാമത്തെ തരമാകാം.
4. വേന്തിരൻ: മേൽപ്പറഞ്ഞ ഒന്നാമന് രണ്ടിലും മൂന്നിലും ഉണ്ടാകുന്ന  സങ്കരയിനങ്ങളായിട്ടാണ് വേന്തിരനെ കല്പിച്ചിരിക്കുന്നത്. ആദ്യം പറഞ്ഞ മുക് വൻ വിഭാഗത്തിൽപ്പെട്ട ആണും പിന്നത്തെ രണ്ടു വിഭാഗങ്ങളിലെ പെണ്ണും ഇണചേരണം, അതായത് പത്തിയുള്ള ആൺപാമ്പിന് പത്തിയില്ലാത്ത വിജാതീയ പെൺപാമ്പുവർഗ്ഗങ്ങളിൽ പത്തിയോടുകൂടിയ വേന്തിരൻ ഉണ്ടാകുമെന്ന്. 
അവ 21 തരമുണ്ടെത്രെ. ഇവയ്ക്ക് ഫണമുണ്ട്, ദംശനം വാത-പിത്ത-കഫം എന്നിങ്ങനെ ത്രിദോഷങ്ങൾക്കും കാരണമാകുമെത്രെ. അത്രയ്ക്ക് മാരകമായിരിക്കാം അവയുടെ വിഷം. 
പക്ഷെ പാമ്പുകൾ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയുമായി മാത്രമേ ഇണചേരാറുള്ളൂ എന്ന് ആധുനിക ജന്തുശാസ്ത്രം പറയുന്നു, അപ്പോൾ ആ കാഴ്ചപ്പാടിൽ 3 തരം പാമ്പുകളേ ഉണ്ടാവൂ, ഫണമുള്ള ഒരു വർഗ്ഗവും ഫണമില്ലാത്ത 2 വർഗ്ഗങ്ങളും. വേന്തിരൻ ഒരു സങ്കൽപം മാത്രമാകാം. സാമാന്യമായി ഇന്ന് അതിന് അർത്ഥം കൊടുക്കുന്നത് ധരിച്ചുവെച്ചതിലും എത്രയോ അധികം വിഷം (മനസ്സിൽ) ഉള്ളിലുള്ളവൻ എന്ന നിലയ്ക്കാണ്, പ്രത്യേകിച്ചും മനുഷ്യൻ്റെ മനസ്സിലെ വിഷം.  
ഇതിൻ്റെ അടിസ്ഥാനപ്രമാണവും വിശദാംശങ്ങളും  എനിക്കപരിചിതമായതിനാലും വിഷവൈദ്യം എൻ്റെ വിഷയമേ അല്ലെന്നുള്ളതിനാലും വേന്തിരൻ എന്നൊരു വാക്ക് ഞാനെഴുതിയ കവിതയിൽ ഉൾപ്പെട്ടുപോയി എന്ന ഒറ്റ ക്കാരണത്താൽ അത് ഏത് അർത്ഥത്തിലാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കാം എന്ന പരിമിതമായ ഉദ്ദേശം മാത്രം ഉള്ളതിനാലും നമുക്ക് ഇനി കാളിയനിലേയ്ക്കു വരാം.
1. കാളിയൻ ഭൂമിയിൽ വസിക്കുന്ന നാഗമായിരുന്നു.
2 . കാളിയൻ ഒരു ഫണമുള്ള സർപ്പമായിരുന്നു, 
3. അതും ബഹുമുഖനായവൻ.
4.  കാളിയനു കൊടുംവിഷമായിരുന്നു.

ഇവയെല്ലാം ചേർത്തുവെയ്ക്കുമ്പോൾ ഭൂവാസിയായ കാളിയനു കൂടുതൽ ചേർച്ച നാലാം വിഭാഗമാണ് എന്ന് ഞാൻ കരുതുന്നു.

ഒരുപക്ഷേ, കാളിയൻ ഭൂവാസിയേ അല്ലെങ്കിലോ? അനന്തനെപ്പോലെ കടലിൽ ജീവിക്കുന്നതരം നാഗമായ  കാളിയൻ യമുനയിലെ ജലവാസിയായി വരികയും പിന്നീട് പോയി ജീവിച്ച രമണകദ്വീപിലും വെള്ളത്തിൽ മാത്രവുമാണ് കഴിഞ്ഞിരുന്നത് എങ്കിൽ വേന്തിരൻ എന്നവാക്ക് കാളിയനു യോജിക്കാതെ വരാം. സാധ്യത തുലോം കുറവാണെങ്കിലും  ആ വാക്ക് തന്നെ മാറ്റി വരി ഇങ്ങനെയെഴുതുന്നതാകും അപ്പോൾ ഉചിതം

അനന്തനുടയോനരുവിനീന്തിവിളയാടി ബത തന്തുവിലശാന്തഭുജഗം
(തന്തു -  തിര)






No comments:

Post a Comment