Saturday, April 29, 2023

കാവ്യവാഹിനി

എല്ലാ നാലാമത്തെ വരിയിലും 3 അക്ഷരങ്ങൾ വ്യത്യസ്ത അർത്ഥങ്ങളിൽ 2 വട്ടം ആവർത്തിക്കുന്നു.


പൂവിടേണ്ടു മനവാടി, വാണിയേ-
കും വിശിഷ്ടതരഭാവസേചനം
തൂവിടാനൊഴുകി കാവ്യവാഹിനി
ദ്യോവിലങ്ങനെയതിൻവിലങ്ങനെ
(സേചനം: നനയ്ക്കൽ ദ്യോവ്: ആകാശം)

ശ്രീകരം വിടരുവാൻ നികാമമെ-
ന്നിൽ കനിഞ്ഞു സുധബിന്ദുപോലവേ
ഏകണം നിഗരദാഹമാറ്റുവാൻ
ശീകരങ്ങളുതിരും കരങ്ങളാൽ
(നികാമം: ഏറ്റവും സമൃദ്ധമായി നിഗരം: തൊണ്ട ശീകരം: വെള്ളത്തുള്ളി)

ചാരുവാക്കി പദതല്ലജങ്ങളിൽ
നീരുതിർത്തതിനു മാറ്റുകൂട്ടിയോ
ചേരുമിമ്പമതു കണ്ണുമാറ്റിടാ-
താരുകണ്ടു കമനീയതാരുകൾ

മേദുരപ്രസരണങ്ങളുണ്ടതിൻ
ചോദനം തുയിലുണർത്തിടും വരം
വേദനിച്ചവനു വേദമായ് വരും
മോദകം മഹിതമാ ദകം മനം
(ദകം: വെള്ളം)

മാനസത്തിലെ മനോഹരാപ്തികൾ
താനലിഞ്ഞ വരി, വാക്കുപൂക്കയായ്
ജ്ഞാനധാര വരമായ്ത്തരുന്നൊരാ
ദാനമാണിഹ നിദാനമായതു്
(ആപ്തി: കിട്ടിയത് നിദാനം: കാരണം)

ജീവിതാനുഭവമെന്ന ചൂളയിൽ 
പാവിതം ഹൃദയകല്പനാതതി
ഭാവിതം മനനബിംബനാടകം
ഭൂവിലാസകലമീ വിലാസമായ്
(പാവിത: ശുദ്ധീകരിച്ഛ തതി: കൂട്ടം)

അംഗഹാരമഴകിൻ പദങ്ങളായ്
സംഗതം വരിതരുന്നൊരർത്ഥവും
രംഗണം വടിവിലൊത്ത വൃത്തമാൽ
രംഗമാധവ തരംഗമായവ
(സംഗതം : ചേർന്ന/യോജിച്ച രംഗണം: നൃത്തം മാധവ: തേൻതൂകുന്ന)

ഞാനിതാ കവനസുന്ദരാംബര-
ത്തിൽ നിരന്തരവിഹംഗമം മുദാ
തൂനിറം പദമരീചി തൂകവേ
വാനിലാവരിമമായ് നിലാവല
(വിഹംഗമം: പക്ഷി മരീചി: രശ്മി വരിമം: വ്യാപ്തി)

കാതരസ്മൃതികളൊക്കെ മായ്ച്ചിതാ
പൂതചിത്തമണിയുന്നു വീചികൾ 
പ്രീതഭാവുകമുണർത്തി നീക്കിയോ
ഭീതരാവിലെവിപത്തി രാവിലെ
(പൂത: ശുദ്ധിയുള്ള)

സത്തചേർത്തപദമുത്തമം വിള-
ക്കിത്തരാൻ കളിവിളക്കുപോൽ ചിരം
അത്തലെങ്ങിനെയൊഴിഞ്ഞുപോയതാ-
മുത്തരം ബഹുലചിത്തമുത്തരം
(അത്തൽ: ദുഃഖം മുത്തരം - സന്തോഷമുള്ള)

വൃത്തം: രഥോദ്ധത
പ്രാസം: ദ്വിതീയ + യമകം





No comments:

Post a Comment