Showing posts with label ചക്രബന്ധം. Show all posts
Showing posts with label ചക്രബന്ധം. Show all posts

Saturday, February 3, 2024

ദ്വാദശാദിത്യഭാസം

ഭൂമിയിൽനിന്നു നോക്കുന്ന നമുക്ക് സൂര്യനേയും സൂര്യൻ്റെ പിന്നണിയിൽ മറ്റൊരു നക്ഷത്രവ്യൂഹത്തേയും ചേർത്താണ് ദൃശ്യമാകുന്നത്. ഒരുവർഷം എന്നുനമ്മൾ സാമാന്യമായി കണക്കാക്കുന്നത് ഭൂമിക്കു സൂര്യനെ ഒരുവട്ടം ചുറ്റിക്കറങ്ങിവരാനുള്ള സമയമാണല്ലോ. ഈ ഒരുവർഷത്തിനിടയിൽ സൂര്യൻ 12 നക്ഷത്രങ്ങൾക്കൊപ്പം ചരിക്കുന്നതായാണ് നമ്മൾ കാണുന്നത്, അതായത് ശരാശരി 30 ദിവസങ്ങൾകൊണ്ട് ഒരു നക്ഷത്രത്തിൻ്റെ പിന്നണി വിട്ട് സൂര്യൻ മറ്റൊരു നക്ഷത്രത്തിൻ്റെ ദിശയിലേക്ക് മാറുന്നു. പിന്നണിയിൽ അപ്പപ്പോൾ കാണുന്ന നക്ഷത്രവ്യൂഹത്തിന് എന്ത് ആകൃതിയാണോ ഇവിടെനിന്നും നോക്കുമ്പോൾ തോന്നുന്നത്, ആ പേര് ആ നക്ഷത്രവ്യൂഹത്തിനും ആ നക്ഷത്രവ്യൂഹത്തിനൊപ്പം സൂര്യൻ നില്ക്കുന്ന ദിവസങ്ങളെ അതേപേരിലുള്ള മാസങ്ങളായും കണക്കാക്കിയാൽ നമ്മുടെ കലണ്ടറായി. 


സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഈ 12 മാസങ്ങളിലും സൂര്യൻ ഭൂമിയെ സ്വാധീനിക്കുന്ന രീതി വെവ്വേറെയാണ്, അതിനെ നമ്മൾ 6 ഋതുക്കളായി കല്പിച്ചു. ഈ ലോകത്തിൻ്റെ ആവാസവ്യവസ്ഥ ഈ രീതിയിൽ പാകപ്പെടുത്തിയെടുക്കാൻ ആരെല്ലാം കാരണമാകുന്നുവോ അവരെല്ലാമാണ് ദേവതാസങ്കല്പമായി ഭാരതീയചിന്തകർ കൊണ്ടുനടന്നത്. അതിനാൽ അദിത്യദേവതാസങ്കല്പം അവർ 12 ആയി വേർതിരിച്ചു, അവയ്ക്ക് 12 പേരുകളുമിട്ടു. ദ്വാദശാദിത്യസങ്കല്പമായി ഇതിനെ കണക്കാക്കുന്നു.

ഓരോ ആദിത്യൻ്റേയും ഗുണമോ അധിഷ്ടാനമോ അവർ പ്രതിനിധാനം ചെയ്യുന്ന തത്വമോ അവരെ ആരാധിക്കേണ്ട രീതിയോ അതിൻ്റെ ഫലസിദ്ധിയോ ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല, അതുകൊണ്ടുതന്നെ ഇത് ഒരു സ്തോത്രമോ സ്തവമോ ആകുന്നുമില്ല. എഴുതിയിട്ട ശ്ലോകങ്ങളിൽ 12 ആദിത്യന്മാരെ പരാമർശിക്കുന്നതിനാൽ ആമുഖമായി സൂചിപ്പിക്കുന്നു എന്നുമാത്രം.

ചക്രബന്ധം

ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്ന  നിബന്ധനകൾ അതേപടി പാലിച്ചുകൊണ്ട് അതേ ചക്രബന്ധം തന്നെയാണ് എഴുതിയിരിക്കുന്നത്.  കാലം മാറിയതിനൊത്ത് പുതിയതരത്തിൽ ചിത്രീകരിച്ചുവെന്നുമാത്രം.  പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ് ഉദ്ധാരം. ഉദ്ധാരമായി അവിടെ രാജരാജവർമാ എന്ന കവിനാമം കൊടുത്തുകാണുന്നു. ഇവിടെ 12വട്ടം ചക്രം ചമച്ചിരിക്കുന്നതിനാൽ ഒരെണ്ണത്തിൽമാത്രം കവിനാമവും മറ്റു ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ഉദ്ധാരവാക്യവും കൊടുക്കുന്നു. ഉദ്ധാരം നമുക്ക് ഒഴിവാക്കാനാകില്ലല്ലോ. ചക്രത്തിൻ്റെ ആരക്കാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഉദ്ധാരമാണ്.

ചക്രബന്ധനിബന്ധനകൾ ലളിതമാണ്, ഒറ്റനോട്ടത്തിൽ ശ്ലോകത്തിൽ നിന്നുതന്നെ അവ മനസ്സിലാക്കാനാകും.

1 ശാർദ്ദൂലവിക്രീഡിതം ആസ്പദമാക്കി ശ്ലോകം എഴുതുക 

2 മൂന്നാം വരി അന്ത്യാക്ഷരം = നാലാം വരി ആദ്യാക്ഷരം = നാലാം വരി അന്ത്യാക്ഷരം

3 നാലാം വരി നാലാമക്ഷരം = ഒന്നാം വരി ആദ്യാക്ഷരം

4 നാലാം വരി ഏഴാമക്ഷരം = രണ്ടാം വരി ആദ്യാക്ഷരം

5 നാലാം വരി പത്താമക്ഷരം = മൂന്നാം വരി ആദ്യാക്ഷരം

6 നാലാം വരി പതിമൂന്നാമക്ഷരം = ഒന്നാം വരി അന്ത്യാക്ഷരം

7 നാലാം വരി പതിനാറാമക്ഷരം = രണ്ടാം വരി അന്ത്യാക്ഷരം

8 ഉദ്ധാരം 6 അക്ഷരങ്ങളാണ്, 1, 2, 3 വരികളുടെ മൂന്നാം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും തുടർന്ന് അതേവരികളുടെ 17ആം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും.


പൊതുവേ ഒന്നിലധികം ശ്ലോകങ്ങൾ ചക്രബന്ധത്തിലെഴുതിക്കണ്ടിട്ടില്ല. ഒന്നിലധികം ശ്ലോകങ്ങൾ എഴുതുകയാണെങ്കിൽ അവയുടെ അച്ചുതണ്ട് ഘടിപ്പിക്കുന്ന മധ്യഭാഗം ഒരേപോലെതന്നെ ആവേണ്ടേ എന്നൊരു ചിന്തയുമുണ്ടായി. അതിനാൽ അച്ചുതണ്ടിലെ മധ്യാക്ഷരം ഒരേപോലെയുള്ള ഇരട്ടശ്ലോകങ്ങളുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്.



1 ഇന്ദ്ര - ചിങ്ങം 
നിത്യം രാവിലെ വെട്ടമായുയരുവോൻ, ചിത്ബോധമാം ചന്ദ്രമായ്
സർവ്വം ജീവിതവേദിപൂകിയമരൂ സ്വർഗ്ഗത്തിലിന്ദ്രൻ സമം
ചിത്തം വർഷിതഹർഷമേറെയളവു,ൾക്കണ്ണാകെ ഭാസിപ്പു നീ
നീക്കൂ ഗ്ലാനി, വികാസമോടെ ചിതിയിൽ, മായ്ച്ചൂ തമം കണ്ണിൽ നീ
ഉദ്ധാരം - രാജീവചന്ദ്രൻ സി
(ചന്ദ്രം - വൈരക്കല്ല്)


2 വിവസ്വാൻ - കന്നി 
ധന്യം കന്നിയിലംബരം ചമയുമാ തേജോവിവസ്വാൻ്റെ പൊൻ-
വെട്ടം തിട്ടമതെത്തിടും സമയമീ ഭൂമങ്കതൻ ദർശനം
സന്ധ്യാരാജിതഹേമരാഗമഴകായ് സിന്ദൂരവാനം മുദാ
ദാവം മാധവമായ് വെയിൽ പ്രസരണം പൊൻദേവനം പോൽ തദാ
ഉദ്ധാരം : കതിരാസ്വാദനം
(ദാവം -  ചൂട് മാധവ -  തേൻ തൂകുന്ന [പൂമാനം പൂത്തതെന്നു വ്യംഗ്യം]
ദേവനം - പൂന്തോട്ടം തദാ - ആ സമയത്ത്)


3 ത്വഷ്ടാ - തുലാം 
കണ്ടോ രാവിനിരുട്ടുപോയ് സ്വയമിതാ ശോഭിപ്പു പാരാകവേ
രമ്യം ജീവനിദാനമേ, നിയമമായ് ത്വഷ്ടാ വിരാജിക്കു നീ
മന്ഥം വന്നുനിറഞ്ഞ ബോധയതനം സത്തിൻ വിഭാതം ഹി മേ 
മേവൂ നീ കതിരേ രമിക്കുമനമേ വേധസ്സു നീ ബിംബമേ
ഉദ്ധാരം - രാജീവരാജിതം
(നിദാനം - കാരണം മന്ഥം - സൂര്യരശ്മി യതനം - ഉത്സാഹം ഹി - തീർച്ചയായും മേ - എനിക്ക് വേധസ്സ് - സൂര്യൻ)

4 വിഷ്ണു - വൃശ്ചികം
ഗത്വാ ദേവനനന്തരം ഭ്രമണമാ,ലാവൃശ്ചികപ്രസ്ഥ വാ-
നത്തിൽ വന്നരുളുന്ന വിഷ്ണു, മരുതൻ വീശും കുളിർകാറ്റിതാ
രമ്യം താവിഷനീലയാം കമലമൊന്നുണ്ടാ നികാശം നഭം
ഭംഗ്യാ രംഗണലീനമാം സ്ഫുരണവും വാരുറ്റതാണീ നിഭം
ഉദ്ധാരം - ദേവതാപ്രകാശം
(പ്രസ്ഥ - പരക്കുന്ന താവിഷം - സ്വർഗ്ഗം നികാശം - സാമ്യം രംഗണം - നൃത്തം  നിഭം - പ്രകാശം/കാഴ്ച/പ്രത്യക്ഷത)

5 അംശുമാൻ - ധനു
ചിത്രം മാറി, നനുത്തമഞ്ഞുമണിയോടിന്നംശുമാനേകുമാ
വിശ്വം നക്തവിഹീനമാക്കുമഴകിൻ സത്താർന്ന തേജസ്സിതാ
മല്ലം സദ്ഗുണജാലമോടെ മലരാനേകും നവീനം രസം
സംവേദം ചിതിപൂവിടും കമലമായ് മാറേണ്ടതാസാരസം
ഉദ്ധാരം -  മാനസനേജനം
(നക്തം - ഇരുട്ട് മല്ലം - താമരപ്പൂ സംവേദം - മനസ്സിലാക്കൽ)

6 ഭഗ - മകരം
കല്പം ഭാവുകവാസനാമലരിയായ് പൂക്കേണ്ടതാൽ ഭാവമാ-
യെത്താ,നുജ്ജ്വലവീചിയായ്ക്കലരുവാ, നുണ്ടായതാം സദ്രസം
വന്ദ്രം തൻ ഭഗരശ്മിതന്നലകളിൽ ശോഭായമാനം യുഗം 
ഗംഭീരം കതിരായെഴുന്നവസരം മാമ്പൂരസം സൗഭഗം 
ഉദ്ധാരം -  ഭാനുതൻ ഭാസനം
(കല്പം - പ്രഭാതം സദ്രസം - സന്തോഷത്തോടെ/സത് + രസവുമാകാം വന്ദ്രം - ഐശ്വര്യം ഭഗം - ശോഭ )

7 പൂഷാ - കുംഭം 
ഭദ്രം ഭാസുരവാസരം ക്രമണമായ് വന്നീടവേ കണ്ടു സൗ-
വർണ്ണം വത്സലകാന്തിയോടിമകളിൽ പൂഷാവുപാരമ്യമായ്
തിങ്ങും ഭാസ്കരവീചിവന്നമരവേ വർഷിച്ചുതാനേ വരം
രംഗം സൗഭഗസാവനം ചിതിതമാം  സൗഹിത്യമായ് നിൻകരം
ഉദ്ധാരം - ഭാവഭാസ്കരനേ
(സാവനം - പൂർണമായ ഒരു പകൽ ചിതിത - കൂമ്പാരം സൗഹിത്യം - തികവ്/സംതൃപ്തി കരം - രശ്മി)

8 പർജ്ജന്യ - മീനം 
വന്നൂ ദേശകമെത്തിടും ചലനമാൽ മാനത്തു കാണട്ടെ, ചി-
ത്രത്തിൽ വാമിലരശ്മി, മീനലസിതൻ പർജ്ജന്യനീ നീടിലും
വിശ്നം തുന്തുഭമിട്ടിരുട്ടലഘനം മാറ്റുന്ന നീയേ പരാ
രാജശ്രീവലയം ത്രസിച്ചു വിലസേ ചിത്തത്തിലും മാഞ്ഞു രാ
ഉദ്ധാരം -  ദേവാ തുണ നീയേ
(ദേശകം - സൂചകം/കാട്ടിക്കൊടുക്കുന്നത് വാമില -  സൗന്ദര്യമുള്ള വിശ്നം -  പ്രകാശം തുന്തുഭം - കടുക് പരാ-  ഉയർന്ന രാ - രാവ്)


9 ധാതാ - മേടം
പുക്കും ചൈത്രവിനോദധാതപവനൻ വേവുന്നപോലത്തെ ചൂ-
ടിന്മേൽ ത്രസ്തവസുന്ധരയ്ക്കു പകരുന്നൻപാകെ പൂവായിതാ
മണ്ണിൽ കാണ്മിതു കൊന്നയായ് തപമതിൻ മേലേയ്ക്കു ചായുന്നിതേ
തേജസ്സിൻ പുതുമോടിതൻ സുമശതം ചൂടുന്നിതാകെ സ്വതേ
ഉദ്ധാരം - ചൈത്രകാലവായു
(പുക്കുക - പ്രവേശിക്ക ത്രസ്ത - ഭയന്ന  സ്വതേ -  താനേതന്നെ)


10 ആര്യമാ - ഇടവം
സിന്ദൂരാരുണദേവനുണ്ടുപവനം ഭൂഗോളകത്തിങ്കലാ-
യെന്നും സന്തതശോഭകൊണ്ടു പണനം കാടൊക്കെ മേടങ്ങനേ
നിഷ്കം മൊട്ടിടുമാര്യമാ, കൃപചൊരിഞ്ഞെത്തും പ്രഭാവം നലം
ലംഭം വാസിതമായെഴും വനികളോ ലാസിച്ചുനേടും ഫലം
ഉദ്ധാരം - രാസമൊത്തിടവം
(പണനം - വ്യാപാരം/വിക്രയം നിഷ്കം - സ്വർണ്ണം  ലംഭം - ലാഭം വാസിതം - സുഗന്ധം വരുത്തിയത് )

11 മിത്ര - മിഥുനം 
പ്രജ്ഞാ സുപ്രഭപൂണ്ടപോൽ തവകതിർ വീഴ്ത്തുന്നു പാരങ്ങനേ
സത്രാ മറ്റൊരു സത്തെഴും സുവനനായൊട്ടാകെ ശോഭിപ്പു നീ
മിത്രാ സുസ്ഥിരഗോളകാന്തവലയിൽ യൂഥത്തിനാലംബമേ
മേധാവി, പ്രഥമൻ, സമസ്തമികവിൻ നേതാവുനീ താരമേ
ഉദ്ധാരം - സുമസുരഭിലം
(സത്രാ - കൂടെ സുവനൻ - സൂര്യൻ )


12 വരുണ - കർക്കിടകം 
കിമ്പാകാധൃത കൂരിരുട്ടുവലകൾ ദേദിപ്പതാൽ സർവദാ
വമ്പാൽ വ്യക്തമുദിച്ചി,രുട്ടവനിമേലപ്പാടെ തീരേണമേ
മർമം ഭാസുരബോധമായവരുണൻ മാനത്തുകാണുന്നതോ
തോഷം പൂകിയ ഭാവസാരമചിരാദാസാരമേകുന്നതോ
ഉദ്ധാരം: കാവ്യഭാസരേണു
(കിമ്പാക - അജ്ഞത അധൃത - അടക്കിയിട്ടില്ലാത്ത അചിരാത് - താമസംവിനാ ആസാരം - പെരുമഴ)