Showing posts with label ചക്രവാളയമകം. Show all posts
Showing posts with label ചക്രവാളയമകം. Show all posts

Saturday, July 29, 2023

സ്മരപ്രേരണകൾ

യമകം പലമാതിരി എന്നുചൊല്ലി നിർത്തിയിരിക്കുകയാണു് ഭാഷാഭൂഷണം.  അവയേതെല്ലാമെന്നും എങ്ങനെനൊക്കെ ആകാമെന്നും തുടർന്നു നിർവചിക്കാത്തതുകൊണ്ടാകും നമ്മളെയും ഇത്രയേ പഠിപ്പിക്കുന്നുള്ളൂ.

അക്ഷരക്കൂട്ടങ്ങളൊന്നായി-
ട്ടർത്ഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി.

ഇതുതന്നെ കാണാപാഠം പഠിച്ചെഴുതിയാൽ മതി.  പക്ഷെ യമകവും പ്രാസവും തമ്മിലെന്തു വ്യത്യാസം എന്നു ചിന്തിച്ചിട്ടുണ്ടോ? ഒരക്ഷരത്തിൻ്റെ ആവർത്തനം പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുടെ ആവർത്തനം യമകമായി.  രണ്ടിലധികം അക്ഷരങ്ങൾ എന്നു പറയുമ്പോൾ അത് വാക്കോ അല്ലെങ്കിൽ വാക്കുപോലെ തോന്നിക്കുന്ന അക്ഷരക്കൂട്ടമോ ആകാം.  ലക്ഷണത്തിൽ പറഞ്ഞതുപോലെ കവിയുടെ ഭാവനയും കഴിവിനും അനുസൃതമായി യമകം പലവിധത്തിൽ ഉപയോഗപ്പെടുത്താം. അവയെയും നമ്മുടെ പൂർവികർ ക്രോഡീകരിച്ചിട്ടുണ്ടു്. അത്തരത്തിൽ ഭരതമുനിയുടെ യമകവർണ്ണനയിൽപ്പെട്ട ഒന്നാണു് ചക്രവാളയമകം. അദ്ദേഹത്തിൻ്റെ നിർവചനം താഴെ കൊടുക്കുന്നു

പൂവ്വസ്യാന്തേന പാദസ്യ 
പരസ്യാദിര്യദാ സമഃ 
ചക്രവച് ചക്രവാളം തദ് 
വിജ്ഞേയം നാമതോ യഥാ

ഒരോ പാദത്തിൻ്റെയും (വരിയുടെയും) അവസാനത്തെ രണ്ടക്ഷരങ്ങൾ അതേ ക്രമത്തിൽ തൊട്ടടുത്ത  പാദത്തിൻ്റെ (വരിയുടെ) ആദ്യഭാഗമാകുന്ന രീതിയാണു് ചക്രവാളയമകം.  അവസാനത്തെ രണ്ടക്ഷരങ്ങൾ എന്നു പറയുമ്പോൾ ഏറ്റവും ചുരുങ്ങിയത് രണ്ടക്ഷരങ്ങൾ എന്നുവേണം മനസ്സിലാക്കാൻ. ഉദാഹരണമായി  പ്രതിഭാശാലിയായ ഒരാൾ അവസാനത്തെ 5 അക്ഷരങ്ങൾ അതേക്രമത്തിൽ അടുത്തവരിയിലെ ആദ്യത്തെ 5 അക്ഷരങ്ങളായി വരുന്നമുറയ്ക്ക് എഴുതുകയാണെങ്കിൽ അതും ചക്രവാള യമകം തന്നെ.  താഴെ കൊടുത്തിരിക്കുന്ന ഹ്രസ്വകവിത നോക്കുക, ഒന്നാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ വെച്ച് രണ്ടാം വരിയും രണ്ടാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് മൂന്നാം വരിയും മൂന്നാം വരിയിലെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് നാലാം വരിയും തുടങ്ങുന്നു.  ഒരു ചാക്രികമായ നിരന്തരാവർത്തനം കൊണ്ടു വരുന്നതിനുവേണ്ടി നാലാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ തന്നെയാണു് ഒന്നാം വരിയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ.  ഒരു ചക്രമായി ശ്ലോകം ഇവിടെ കറങ്ങുകയാണു്, അതിനാൽ ചക്രവാളയമകം.  

ഭരതമുനിയുടെ നിർവചനം മലയാളീകരിച്ച് ഇങ്ങനെ എഴുതുന്നു

ആദ്യപാദത്തിനന്ത്യം താൻ 
രണ്ടാം പാദാദ്യവാക്കുകൾ
ശേഷം പാദങ്ങളവ്വണ്ണം
ശ്ലോകാന്ത്യം വേണമാദ്യമേ



സ്മരപ്രേരണകൾ

രാഗം പടർന്നുയിരു പൂക്കുവതോ  നികാമം
കാമം തുടിച്ച നിമിഷം മനമാകമാനം
മാനം തുടുത്തു കവിളും ഖലു നാണമാലേ
മാലേയഗന്ധമുതിരും കനവിൻ പരാഗം
(നികാമം - ഏറ്റവും സമൃദ്ധമായി ഖലു - നിശ്ചയമായിട്ടും/ ഇപ്പോള്‍ )

ലോലം വിടർന്നമിഴിയിൽ മദിരാതരംഗം
രംഗം സ്മരൻറെ വിളയാട്ട,മതിൻ വികാരം
കാരം കലർത്തി മധുരത്തൊടതിൻ പ്രമാദം
മാദം പകർന്നനിമിഷം മനമോ വിലോലം
(പ്രമാദം - ഓർമ്മക്കേട് മാദം - ലഹരി)

യോഗം സുഖാനുഭവമോ,ടവ തൻ തലക്കം
ലക്കം കുറിച്ചു പലത,ങ്ങുയരാൻ പതത്രം
തത്രം മറന്നു പുണരേ മറയും നിവാരം
വാരം വരം തരുവതോ തരസാ നിയോഗം
(തലക്കം -  മേന്മ ലക്കം - അടയാളം  പതത്രം - ചിറക് തത്രം - പരിഭ്രമം നിവാരം - തടസ്സം  വാരം - അവസരം തരസാ - വേഗത്തിൽ)

മാലം വസന്തവനി ചൈത്രമതിൻ വിഹാരം
ഹാരം കൊരുത്തു മധുമാസമതിൻ പ്രസാരം
സാരം രുചിച്ചു, മനമിന്നൊരു പൂങ്കിനാവിൽ,
നാവിൽ നുണഞ്ഞസമയം പടരും തമാലം
(തമാലം - ചന്ദനക്കുറി)

രാസം നുകർന്നു തനുവിൽ ബഹുദൂരമോടി
മോടിയ്ക്കു കൂടെ വിരുതും, പരതും വികാശം
കാശം സ്വദിച്ചുതിരയേ മധുരം വിശിഷ്ടം
ശിഷ്ടം മദിച്ച,ലസവേളകളിൻ നിരാസം
(രാസം -  രസം/അനുഭൂതി വികാശം - സ്വർഗ്ഗം/സന്തോഷം കാശം - ആകൃതി/ബാഹ്യഭാവം
സ്വദിക്കുക - രുചി നോക്കുക)

രാമം ശരിക്കനുഭവിപ്പതു മോശമല്ലാ
മല്ലാക്ഷിയാം കമനി,   പൊട്ടിടണം ഖലീനം
ലീനം സ്വയം മദനലീലകളിൽ നിതാന്തം
താന്തം ലയം ചപലകേളികളിൻ വിരാമം 
(രാമം - രമിപ്പിക്കുന്നത് ഖലീനം - കടിഞ്ഞാൺ നിതാന്തം - വളരെയധികം താന്തം - തളർന്ന)


വൃത്തം: വസന്തതിലകം
യമകം : ചക്രവാളയമകം