Saturday, July 23, 2022

വാണീസ്തുതി

ഒരു വരിയിൽ 23 അക്ഷരങ്ങൾ വരുന്ന വികൃതി എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് ശ്രവണാഭരണം.  അഭിമതം എന്നൊരുപേരും ഇതിനുകേട്ടിട്ടുണ്ട്. മഹിഷാസുരമർദ്ദിനി സ്തോത്രം വായിച്ചിട്ടുള്ളവർക്കും കേട്ടിട്ടുള്ളവർക്കും പഠിച്ചിട്ടുള്ളവർക്കും  ഇഷ്ടപ്പെടുന്നവർക്കുമൊക്കെ ഈ വൃത്തം പെട്ടെന്നു തിരിച്ചറിയാനാകും, ഒരുപക്ഷെ അതിൻ്റെ പേരു്  അറിഞ്ഞുകാണില്ല. കാരണം  ഇത് വൃത്തമഞ്ജരിയിൽ കാണാത്ത ഒരു വൃത്തമാണ്. അതിനാൽ  ഓരോപേരിലും ഓരോ ലക്ഷണങ്ങളുംകൂടി താഴെ എഴുതി ചേർത്തിട്ടുണ്ട്. ഇഷ്ടപ്പെട്ടപേരിൽ ഇതിനെ വിളിക്കാം.  പ്രാസഭംഗിയുള്ളതുകൊണ്ടും അർത്ഥസമ്പുഷ്ടമായതുകൊണ്ടും എന്നും അത്ഭുതത്തോടും ആരാധനയോടുംകൂടിമാത്രമേ ഞാൻ മഹിഷാസുരമർദ്ദിനി സ്തോത്രം  കണ്ടിട്ടുള്ളൂ. അതേവൃത്തമെടുത്തു് ഒരു സ്തുതിയെഴുതാൻ തുനിയുമ്പോഴും എത്രത്തോളം പ്രാസം എഴുതിയൊപ്പിക്കാനാകും എന്നതായിരുന്നു എൻ്റെ മനസ്സിലെ ചിന്ത.

മഹിഷാസുരനിഗ്രഹത്തിൻ്റെ കഥപറഞ്ഞ്, ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും കാണിച്ച്, ഭ്രാമരീവിദ്യയും യോഗിനീജാലശാംബരവും പോലത്തെ തന്ത്രങ്ങളും പറഞ്ഞ്, മന്ത്രങ്ങളിൽത്തന്നെ മഹാമന്ത്രമായ മഹാഷോഡശാക്ഷരീമന്ത്രവും പരാമർശിച്ചു്, സുരഥൻ്റെയും സമാധിയുടെയും മോക്ഷകഥാസാരവും സൂചിപ്പിച്ച്, സമയാചാരം പോലത്തെ ദേവീസാധനാവിദ്യകളും പഠിപ്പിച്ച് ഒടുവിൽ ഫലസിദ്ധിയും പറഞ്ഞുപോകുന്ന ആ പ്രൗഡകൃതിയുടെ ബൗദ്ധികസത്തയോളമൊക്കെ ഉന്നതിയിൽ എൻ്റെചിന്തകൾക്ക് എത്താനാകുകയോ, അത്രയൊക്കെ  എഴുതിഫലിപ്പിക്കാനാകുകയോ ആകില്ലെങ്കിലും, വാക്കുകൾകൊണ്ടു് എന്തെങ്കിലുമൊക്കെ കസർത്ത്കാണിച്ച് വായനയിലെങ്കിലും അതുപോലെതോന്നിക്കുന്ന ഒരെണ്ണം അനുകരിച്ചെഴുതിയൊപ്പിക്കാനെങ്കിലും എനിക്കാകുമോ എന്ന് നോക്കിയത്താണു്. 


സവിധമണഞ്ഞു തൊഴുന്നൊരുവന്നു പുലർന്നകമിന്നു നിറന്നപദം
കവിമനഭാവനയെന്നസരോജനി തന്നുയിരിൽ നിറയുന്നനിശം
കവിത വിടർന്നുവരുന്നു മനം വഴിയുന്നമൃതം പകരുന്നളവിൽ
അവിരളവാക്കുകളൊന്നൊഴിയാതെയുയർന്നുപറന്നതിനുന്നതിയിൽ

(സരോജനി - താമരപ്പൊയ്ക)

അകമനകങ്കരപങ്കിലമങ്കകളങ്കിത സങ്കരസങ്കലനം
പുകമറകാങ്കിലുയർത്തിയസങ്കടപുംഗകലങ്കുര മങ്കിതമോ
മികവൊടു പുംഗലപുംഗവരംഗിതരംഗണരംഗതരംഗിണിയിൽ
മുകരിമണം! മനപങ്കജിനിപ്രതി സങ്കുലപങ്കജകങ്ക വരും

(കങ്കര - ചീത്തയായ പങ്കിലം - ചെളിനിറഞ്ഞപ്രദേശം
അങ്കം - പാപം/അപരാധം സങ്കര സമ്മിശ്രമായ  സങ്കലനം - കൂടിച്ചേർക്കൽ/ഒന്നാക്കൽ
കാങ്കിൽ തീക്കനൽ/ചൂട്
പുംഗം - കൂട്ടം കലങ്കുരം- നീർച്ചുഴി  മങ്കിതം - ചോല
പുംഗലം - ആത്മാവ്  പുംഗവം - ശ്രേഷ്ഠമായത്  രംഗിത - നിറംപിടിപ്പിച്ച/ആകര്‍ഷകമായ  രംഗണം - നൃത്തം മുകരി - മുല്ല പങ്കജിനി - താമരപ്പൊയ്ക  പ്രതി - പോലെ/സാദൃശ്യം  സങ്കുല - കൂട്ടത്തോടെ
കങ്ക - താമരയുടെ സുഗന്ധം)

നവനവസുന്ദരചിന്തകളൂള്ളിലെ മന്ഥരകന്ധരമാരി വിധം
ഭവതികനിഞ്ഞ ഭവാന്തരമെന്തൊരുബന്ധുരമന്തരകാന്തികളിൽ 
കവനമുണർന്നൊരു സിന്ധുസമം, തവബാന്ധവമാൽ മതിശാദ്വലമായ്
ഇവനുമനം മഴചിന്തിയതാൽ സുധതുന്ദിലബിന്ദു ഹൃതന്തവിധൗ

(മന്ഥര - കൊഴുത്ത കന്ധര - മേഘം ഭവാന്തരം - മറ്റൊരുജീവിതം/മറ്റൊരവസ്ഥ 
ബാന്ധവം - സ്നേഹം ശാദ്വല - പച്ചപ്പ് നിറഞ്ഞ തുന്ദില - വഹിക്കുന്ന വിധൗ - സമയത്ത്)

മഴപൊഴിയും കൃപമട്ടലരായ് തവനോട്ടമദൃഷ്ടമൊടേറ്റിവനിൽ
നിഴലിഴകൾ കടുകട്ടിയകത്തെയിരുട്ടുമകറ്റിയ വെട്ടമതായ്
അഴലഴിയും വഴിവിട്ടൊഴിയും, കളയട്ടെ,യലട്ടിയകഷ്ടതകൾ 
കഴലിണയാൽ തലതൊട്ടതുതൊട്ടൊരു ധന്യത! കിട്ടിയിരട്ടിഫലം.

(മട്ടലർ - തേനുള്ളപൂ അദൃഷ്ട - കാണപ്പെടാത്ത/സുകൃത-ദുഷ്കൃതങ്ങളുടെ ഫലമായിവരുന്ന സുഖദുഃഖാനുഭവങ്ങൾ) 

ഭഗവതിയുത്തമസദ്ഗുണസത്തുവിതിർത്തൊരുനീർത്തുളി പെയ്തമഴ
നിഗമമൊരിത്തിരി സത്തപടുത്തുകലർത്തിയെടുത്തതു വിത്തമഴ!
മൃഗമദഗന്ധമുണർത്തിയകത്തുനിരത്തിയതോ കവിവൃത്തനിര 
സുഗമപദം പടുവൊത്തതുകോർത്തിടെ വാഴ്ത്തിടുവാനിതു മൗക്തികമായ്

(നിഗമം - വേദം/ദൈവവാക്ക് വിത്തം -അറിവു്  മൃഗമദം - കസ്തൂരി മൗക്തികം - മുത്തുമാല  പടു - സമർത്ഥൻ, സാധാരണ/താണ  എന്നൊക്കെയും  പറയാം. അതായത് പദങ്ങൾ  സമർത്ഥമായിനിരത്തിയെതെന്നോ  അല്ലെങ്കിൽ  താണപദങ്ങൾ നിരത്തിയിട്ടും കൃപയാൽ അത് മൗക്തികമായി എന്ന രീതിയിലും എടുക്കാം)

മതി തെളിവോടെതിളങ്ങി, വിളങ്ങിമനം സ്ഫുരണങ്ങളരങ്ങിടവേ
സ്തുതിയിതുകൊണ്ടുകരങ്ങളിണങ്ങിവണങ്ങി പദങ്ങളിലിങ്ങനെ ഞാൻ 
ശിതികിരണങ്ങളുമായ് വചനങ്ങളൊരുങ്ങി,യിറങ്ങി വരങ്ങളതിൽ
ദ്യുതിവിതനുസ്ഫുടനങ്ങളിതോ സ്ഫടികങ്ങളതിൽ മണികങ്ങളുമോ

(അരങ്ങിടുക - ആരംഭിക്കുക ശിതി - വെളുത്ത വിതനു - അഴകുള്ള സ്ഫുടനം - വികാസം മണികം - രത്നം/ചില്ലുമേട)

ഒരുവനുമേൽ തവദൃഷ്ടിപതിഞ്ഞു ദയപ്രകലപ്രദ വിപ്രതയാൽ
ഒരുനിമിഷം പ്രചയംവരവായ് പ്രസഭപ്രദവപ്രഥിതപ്രതിഭ!
വരുമരികെ പ്രവഹം പ്രജവം പ്രണതന്നുഭവം സകലപ്രഭവം
തരുമധികം പ്രമദം പ്രയതപ്രകരപ്രതതപ്രണുതസ്തുതിയാൽ

(പ്രകല വളരെ ചെറിയ പങ്ക്, പ്രദ - കൊടുക്കുന്ന വിപ്രൻ - വിദ്വാൻ/കവി
പ്രചയം - കൂമ്പാരം പ്രസഭം ശക്തിയോടെ 
പ്രദവം - പ്രകാശം പ്രഥിത - പുകഴ്ത്തപ്പെട്ട/ അറിയപ്പെട്ട 
പ്രതിഭ- ബുദ്ധിവിശേഷം പ്രവഹം- ഒഴുക്ക് പ്രജവം - അതിവേഗം പ്രണത - നമസ്കരിക്കുന്ന ഭവം - പ്രാപ്തി പ്രഭവം - ജ്ഞാനത്തിന്‍റെ ഉറവിടം പ്രമദം - സന്തോഷം പ്രയത- പ്രയത്നിക്കുന്ന 
പ്രകര അധികം ചെയ്യുന്ന പ്രതതം - തുടര്‍ച്ചയായ പ്രണുത - സ്തുതിക്കപ്പെട്ട)

പുതുപുതുഭാവനമണ്ഡമെടുത്തൊരു പിണ്ഡിതപിണ്ഡികഭാണ്ഡവുമായ്
ചതുരവിചാരമഖണ്ഡമതിൽ പദമണ്ഡനമോടൊരു മണ്ഡലവും  
അതുമുഴുവൻ സ്തുതിപോൽ മമതുണ്ഡമുണർത്തിയ തുണ്ഡിലലുണ്ഡിവിധം
അതുമതി ഖണ്ഡിത,മിന്നൊരു പണ്ഡിതമണ്ഡനമണ്ഡപമേറിടുവാൻ

(മണ്ഡം - എല്ലാ രസങ്ങളുടെയും തെളി
പിണ്ഡിത - ഗുണിക്കപ്പെട്ട/ബലമുള്ള 
പിണ്ഡക - കസ്തൂരി മണ്ഡന - അലങ്കാരശീലമുള്ള തുണ്ഡം - വായ
തുണ്ഡില ധാരാളം സംസാരിക്കുന്ന
ലുണ്ഡി - ശരിയായ പ്രവര്‍ത്തനം,
ഖണ്ഡിതം - നിശ്ചയം മണ്ഡനം - അലങ്കാരമായ/ അനുകൂലവിമർശനം)

കനിവിലൊരക്ഷയമക്ഷരചക്ഷണമക്ഷിതചക്ഷണിയക്ഷമൊടും
ഇനിമയിലുക്ഷിതമിക്ഷുകമാം ക്ഷരമക്ഷരഭിക്ഷുവിനേകുക നീ
തനിമയിലക്ഷജമിക്ഷണമീക്ഷണമീക്ഷസമീക്ഷ കണക്കിവനും
ഇനിയവിവക്ഷയിതാ ക്ഷിതിരക്ഷക ഭിക്ഷതരൂ ക്ഷമമീക്ഷിക നീ

(അക്ഷയമായ അക്ഷരത്തിൻ്റെ, ചക്ഷണം = കാഴ്ച,/ഭാവം. 
അക്ഷിത = അഴുകാത്ത, ചീയാത്ത  ചക്ഷണി = പ്രകാശിപ്പിക്കുന്ന
അക്ഷം = ജ്ഞാനം
ഇനിമ - മധുരിക്കുന്ന  ഉക്ഷിത - ശുദ്ധി ചെയ്യപ്പെട്ട  ഇക്ഷുകം - കരിമ്പ് 
ക്ഷരം - വെള്ളം 
അക്ഷജം - വജ്രം,/വൈരക്കല്ല് ഇക്ഷണം - ഇപ്പോൾ/ഈ നിമിഷം
ഈക്ഷണം - കണ്ണ് ഈക്ഷ - കാഴ്ച/വിചാരം സമീക്ഷ - ധാരണ/ഗ്രഹണം
ഇനിയ - ഹിതമുള്ള/മനോഹരമായ വിവക്ഷ - ആഗ്രഹം ക്ഷമം - യോഗ്യത/ഔചിത്യം ഈക്ഷിക - കാണുന്നവൾ/നോക്കുന്നവള്‍)

മമമനമേ പുതുപത്രിണിചിത്രകയത്രവചിത്രഗചൈത്രസമം
ത്രിമധുരസത്തപെരുത്തൊരുസത്രി, വിചിത്രമഴ! ത്രിദിവം ത്രസനം
സമയിമനം വരദാത്രിതരും ത്രധസിദ്ധികെളത്ര,യരിത്രയവൾ
സുമധുരഭാവസരിത്തതു തത്രതരിത്രി,തരിത്രമതത്രെയിവൻ

(പത്രിണി അങ്കുരം,/മുള ചിത്രക - ശോഭയുള്ള അത്രവ - അവിടെത്തന്നെ
ചിത്രഗ - വിവിധവര്‍ണങ്ങളുള്ള ചൈത്രം - വസന്തം 
സത്രി - മേഘം ത്രിദിവം  - സ്വർഗ്ഗം  ത്രസനം - ഹൃദയം  
സമയി - സമയാചാരം അനുഷ്ഠിക്കുന്നയാൾ
ദാത്രി - കൊടുക്കുന്നവള്‍ ത്രധ - മൂന്നിരട്ടി അരിത്ര - മുന്നോട്ട് കൊണ്ടുപോകുന്ന
തത്ര - അവിടെ തരിത്രി - തോണിക്കാരി തരിത്രം - തോണി)




വൃത്തം: ശ്രവണാഭരണം / അഭിമതം 
പ്രാസം: അനുപ്രാസം

പരിചൊടുവൃത്തമതിൽ നജജം ജജജം ജലഗ ശ്രവണാഭരണം
അഭിമതവൃത്തമതിൽ നഗണം ജഗണം ജഗണം ജഗണം ല ഗുരു




Saturday, July 2, 2022

വിധുരമഴ

 അഷ്ടിഛന്ദസ്സിലുള്ള ഒരു സമവൃത്തമാണൂ് രുചിരതരം.


തീരാനോവിൻകടലലമുകളിൽ കദനതപം
കൂരാപ്പോലും കരിമുകിലുറവായ് മനമകമേ
പോരാതുണ്ടോ തുടിയകമിടിപോൽ ഹൃദയഞൊടി
തോരാക്കണ്ണീർമഴ പൊഴിയുകയായ് മിഴിയുഗളം
(കൂരാപ്പ് - വലിയ ഇരുട്ട് യുഗളം - ഇരട്ട)

തുള്ളിയ്ക്കോ വൻകുടമൊരുമഴയിൽ ചൊരിയുകിലും
വിള്ളൽ വീണോരകമനതടമോ വരളലിലും!
മുള്ളാൽ കള്ളിച്ചെടി നിണകണമൂറ്റിയ മുറിവിൽ-
ക്കൊള്ളും നീറ്റൽപടരവെ, നിഗരം മൊഴിയിടറും
(നിഗരം - തൊണ്ട)

കാറുണ്ടുള്ളിൽ പൊഴിവതുമുഴുവൻ വിധുരമഴ
നീറുന്നമ്ലം ചൊരിയണവിധ,മീ വിധി ശരിയോ?
പാറുന്നോർമ്മപ്പറവകളുടെയാ ശബളിമയും
മാറുന്നെന്നോ കഴുകനുസമമായ് ചുടലയിലെ
(വിധുര - ദുഃഖിച്ച/പ്രതികൂലമായ )

ചൂടുണ്ടുള്ളിൽ കനലുകളുമിയിൽ പുകയുകയോ
വാടുമ്പോഴും തനുവിനുതണുവായ് ചുടുമിഴിനീർ!
പാടുന്നെന്നോ മൃതിയരികെ, വരണ്ടൊരുചൊടികൾ
തേടുന്നോ വിസ്മൃതിയുടെനിഴലിൽ പുതുവരികൾ

ആഷാഢത്തിന്നിടിമഴ പുളകക്കുമിളുതിരും
പാഷാണം വീണകതളിരുകളോ കരിയുകയും
ഹർഷം പൂക്കേണ്ടിടമിതു നിറയേ തരിശുകളോ?
വർഷം വീണാൽ മലരുവതിനിയും വ്രണശതമോ?
(കുമിൾ - കൂണ് ഇടിവെട്ടി മഴപെയ്തപിറ്റേന്ന് ഭൂമിയുടെ പുളകം പോലെ മുളച്ചുപൊങ്ങും)

രാഗം പാടും കിളികുലസഖി യാതനമല തൻ
ശൃംഗം തന്നിൽ തടവിലൊരിര! കേഴുകയുമതിൽ
ഭൃംഗം മൂളും മുരളികയെവിടേ? നടമിടുവാൻ
അംഗം പാടേ വിഗളിതവികൃതം മയിലുകളും !
(വിഗളിതം - വീണുപോയ)

വൃത്തം: രുചിരതരം

ഉണ്ടാം വൃത്തം മഭനജനഗവും രുചിരതരം





Saturday, June 11, 2022

ചിന്താനന്ദനം


സുന്ദരം ശുഭചിന്തപൂത്തു നിതാന്തമോഹനകാന്തിയിൽ
നന്ദനം സ്ഫുടവൃന്ദമാൽ, ഹൃദയാരവിന്ദമരന്ദവും 
സ്പന്ദനം, തുടിയന്തരാളമൃദംഗമായ് മൃദുമന്ത്രണം
ചന്ദനപ്രിയഗന്ധതുന്ദില മന്ദമാരുതചാമരം

  
(നന്ദനം - ഇന്ദ്രന്റെ പൂന്തോട്ടം സ്ഫുടം - വിടര്‍ന്ന പൂക്കളോടെ നില്‍ക്കുന്ന മരം തുന്ദില - വഹിക്കുന്ന)
 

ശംബരദ്യുതിയംബരീഷണബിംബമേകി തെളിച്ചമായ്
അംബകം മറമൂടിടും മിഴിനീരിലൻപൊടു ചുംബനം
കംബരസ്മിതരശ്മിയായ് വരുമശ്രുബിന്ദുവിലാ കതിർ
അംബരം പടരുമ്പൊഴോ വരുമിമ്പമായ്  മഴവില്ലൊളി

(ശംബര - ഉത്തമ/ശ്രേഷ്ഠമായ അംബരീഷണൻ - സൂര്യൻ അംബകം - കണ്ണ് കംബര - പലനിറമുള്ള )

ഉന്മുകം, നിറവെൺമതിപ്രതി, വാങ്മയം തമഭഞ്ജനം
കന്മഷം കരികന്മതിൽ ദൃഢവന്മതിൽ തകരും മടം
പൊന്മനം നിറനന്മപൂത്തതു തിന്മയസ്തമയം മണം
സന്മനസ്സിലെ തന്മ തന്നിനിമയ്ക്കുതാൻ ദിനമുൻമുഖം

(ഉന്മുകം - പന്തം പ്രതി - പോലെ/സദൃശം വാങ്മയം -  വാക്സ്വരൂപം/പദപ്രവാഹം  മടം - അഴക് ഉന്മുഖ - ലക്ഷ്യമാക്കിയ/അതിലേക്ക് മുഖമുയർത്തിയ)

യുക്തിയിൽ വരുമുക്തികൾ സരളോക്തികൾ പ്രബലോക്തികൾ
ശക്തിതന്നു നിരുക്തമോടതു തപ്തമാനസസിക്തമായ്
വ്യക്തമാം പദപങ്ക്തിയാലെ, സമാപ്തിപൂണ്ടു വിരക്തി തൻ
തിക്തമാം നിമിഷങ്ങ,ളുത്തമ തൃപ്തിയോടെ ശുഭാപ്തിയായ്

(ഉക്തി - വാക്ക് നിരുക്തം - ശബ്ദങ്ങളുടെ നിഷ്പത്തിവിവരണം സിക്ത - നനച്ച)

ആശ്രയം പദമാം ശ്രണി, ക്ഷരമാകെ വിശ്രുതമക്ഷരം
അശ്രുതധ്വനി ശുശ്രുവാണി പകർന്നപാലിലെ മിശ്രിതം
ആ ശ്രുതം ശചി ശക്വരത്തിലെ
ശാണശാണിതമീണമാ-
ക്കാൻ ശ്രമം ശതതന്ത്രിമീട്ടിയ ശർമിപോൽ ശൃണുവെൻ ശ്രുതി

(ശ്രണി - കൂട്ടം ക്ഷരം - പ്രകൃതി വിശ്രുത - ഒഴുകുന്ന അക്ഷരം - നാശമില്ലാത്തത് ശുശ്രു - അമ്മ ശ്രുതം - പഠിത്തം ശചി - വാഗ്മിത്വം ശക്വരം - വിരൽ ശാണശാണിതം - ഉരകല്ലിലുരച്ച് മൂർച്ച കൂട്ടിയ ശർമി - സന്തുഷ്ടിയുള്ള)


നെഞ്ചിലോ കിളിപഞ്ചമംവിളി, കൊഞ്ചിശാരിക മഞ്ജുളം
തഞ്ചിടും ശ്രുതിതന്ന വാഞ്ഛയിലുള്ളിലായ് കവിലാഞ്ഛനം
കുഞ്ചികത്തിരി മഞ്ജുഭാവന കുഞ്ചമിട്ടൊരു മഞ്ജുഷ
അഞ്ചിടും പദകഞ്ചകാന്തി വിപഞ്ചിമീട്ടി സമഞ്ജസം

(കുഞ്ചികം -  മുളയുടെ നാമ്പ്  കുഞ്ചം - പൂങ്കൊത്ത്/കതിർക്കുല മഞ്ജുഷ - പൂക്കൂട കഞ്ചം - താമര സമഞ്ജസം -  ഉചിതമായതിൽ നിന്നും മാറാതെ)


സത്യമോ? പദമൗക്തികം തരുമത്യയിദ്യുതിയുത്കടം
നിത്യനിർവൃതിപൂത്തവാടി വിഹൃത്യഭാവന തഥ്യയോ
മർത്യമാനസവൃത്തികൾക്കമരത്വമായി നിപാത്യമാം
കൃത്യചിന്തന വിത്തുപാകി വളർത്തിയൊക്കെ വിടർത്തിയോ

(മൗക്തികം - മുത്ത്  അത്യയി - കവിയുന്ന വിഹൃത്യ - വികസിപ്പിച്ച നിപാത്യ - നിപതിപ്പിക്കപ്പെട്ട കൃത്യ - ശരിയായ)



വൃത്തം : മല്ലിക
പ്രാസം : അനുപ്രാസം





Saturday, April 23, 2022

നടീനടനാടകം

 2, 8 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


കത്തുമാശകളൊരിത്തിരിയുണ്ടേ
ചിത്തമേടയിലകത്തൊരു കോണിൽ
സ്വത്തതെൻ, മിഴിവിലൊത്തു നിരത്തി
മുത്തുപോലവ കൊരുത്തൊരു ഹാരം!

വിട്ടുപോയ് മനമലട്ടിയ ശങ്ക
കെട്ടിനിന്നൊരണപൊട്ടിയ ധാര
ഒട്ടുമില്ല, കരുതട്ടെ വിഘാതം
തൊട്ടിടാൻ കരുണകാട്ടുമൊരാഴി

നീക്കി കന്മഷമെഴുക്കു മുഴുക്കെ
വാക്കിനിന്നറുതി, നാക്കിനു മൗനം
ചേക്കുപോലെ മനമോർക്കുവതിന്നോ
ദിക്കിനേ വസനമാക്കിയ രൂപം

തൃപ്പദം നിനവുരാപ്പകലായി
അപ്പൊഴേ ഹൃദയദർപ്പമകന്നൂ
വീർപ്പു കൊണ്ടു ജപമാപ്പൊരു,ളുള്ളിൽ
തപ്പിടും തുടിമിടിപ്പൊരു താളം

സച്ചിദംബരമുറച്ചൊരു ബിംബം
വെച്ചു കാമനയെരിച്ചൊരു ദീപം
കച്ചരങ്ങളുമൊഴിച്ചൊരു നേരം
പച്ചയായകമുദിച്ചൊരു ബോധം

കില്ലുമാറിയലതല്ലുമൊരുള്ളം
നല്ല ബോധമതിലുല്ലലമാടീ
ചില്ലിലൂടെ മഴവില്ലൊളി തൂകു-
ന്നില്ലെയേഴഴകു ഝില്ലിയൊരേകൻ!

പിഞ്ചിളം ശശികലാഞ്ചിതമാസ്യം 
ക്രൗഞ്ചരാജസുത തഞ്ചുമിടത്തായ്
പഞ്ചബാണരിപു പുഞ്ചിരി തൂകെ
അഞ്ചുമെന്നഴലു കിഞ്ചനവേണ്ടാ

അങ്ങയിൽ വിലയമങ്ങയിലുദയം
തങ്ങി ലോകചലനങ്ങളതൊക്കെ
അങ്ങു താണ്ഡവനടങ്ങളുതിർക്കേ
അങ്ങയിൽ പകുതിവാങ്ങിയ ലാസ്യം

ഉത്തമാംഗന പകുത്തൊരുദേഹം
നർത്തനാലസിതനിത്തരുണത്തിൽ
ഹൃത്തടത്തിലൊരു പുത്തനുണർവിൻ
മൂർത്തമാം നടമുണർത്തിയതത്വം 


വൃത്തം : സ്വാഗത
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ചേക്കു് - അഭയസ്ഥാനം
കച്ചര - അഴുക്കു്/മുഴിഞ്ഞ/ദുഷിച്ച
കില്ലു് - ക്ലേശം
ഝില്ലി - സൂര്യപ്രകാശം
ക്രൗഞ്ചം - പർവതം
അഞ്ചുക -  ഭയപ്പെടുക/നടുങ്ങുക
കിഞ്ചന - ഒട്ടുംതന്നെ/ഒരുവിധത്തിലും
മൂർത്ത -  കാണത്തക്കതായ

നടീനടനാടകം എന്നു കേൾക്കുമ്പോൾ ഓർക്കേണ്ടതും ഓർമ്മവരേണ്ടതും മഹിഷാസുരമർദ്ദിനി സ്തോത്രമാണു്.  നടിതനടാർദ്ധ - നടീനടനായക - നാടകനാടിത - നാട്യരതേ.  ഒരുപകുതിയിൽ നടനായും മറുപകുതിയിൽ നടിയായും അർദ്ധനാരീശ്വരരൂപത്തിൽ വിശ്വലീലയാകുന്ന നാടകമാടി അതിൽ രമിക്കുന്നവളേ. ശിവനു് താണ്ഡവമാണെങ്കിൽ ദേവിക്കു ലാസ്യമാണു്.  അതുരണ്ടും സമന്വയിപ്പിച്ച നടനമാണു് വിശ്വലീല.

സ്വാഗതയ്ക്കു രനഭം ഗുരുരണ്ടും



Saturday, April 16, 2022

മരുദാരു

2, 7  എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


മരുദാരു

പാടുക വന്നീ പടുമരമൊന്നിൽ
കൂടുകനോവിൻ കൊടുമുടിതന്നിൽ
വാടുകയായ് ഞാൻ, ചുടുവെയിലോ പ-
ന്താടുകയായ്, വീണിടുമിവളിപ്പോൾ

പോരുക, ഞാനീമരുവിലൊരൊറ്റ!
നീരുറവില്ലാതുരുകിടുമുച്ച!
രുയിരേ നീയരുളുകയെന്നിൽ
നിൻ രുകനാദം കരുണകലർത്തി

തൂവിടുകില്ലേ ചെവിയിലൊരിറ്റു്
നോവിനെ മാറ്റുന്നവിരളഗാനം
പൂവിളികേൾക്കും കവിതകളെപ്പോൽ
മേവിടുവാനിന്നിവിടെയോരല്പം

ബാംസുരി പോലിന്നസുലഭനാദം
ഭാസുരമായ് വന്നസുഖവുമാറ്റാം
പാംസുലമീ ഞാനസുതയുമിപ്പോൾ
ത്സുകയായീ കുസുമിതയാകാൻ

കാതിലലയ്ക്കേയതിമധുരത്താൽ
നിൻ തികവൊത്തശ്രുതിലയഗാനം
പാതിമരിച്ചെൻ സ്മൃതികളിലൂർന്നി-
ട്ടോതിടുകില്ലേ പുതിയ വസന്തം

കിടു നീയാ മുകിലിനെനോക്കി- 
ക്കേകികളാടാൻ മകിഴുവൊരിമ്പം
നിൻ കിളിനാദം തുകിലുണരാനും
തൂകിടുകെന്നിൽ പകിടി കളിമ്പം

കേഴുകയില്ലാ, തഴുകിയ പാട്ടിൽ
ഴുക വേണം മുഴുവനുമായി
വീഴുകവേണ്ടാ, യിഴുകി മനസ്സാൽ
വാഴുകവേണ്ടേ മുഴുകിയതിന്മേൽ

മാറിടുവാനീ വെറിയുടെ നാൾകൾ
റിടുവാനെൻ മുറിവുകളൊക്കെ
നീറിടുമുള്ളം നെറിയണിയാനും
കൂറിനു നീയെന്നറിയുവതുണ്ടേ

ദീമണയ്ക്കാൻ വിയകലാനും
കാനമൈനേ സ്വമഴ പെയ്യൂ
ഗാമുണർന്നാൽ കലുമുഴുക്കെ 
തേലവീഴും നവണിയട്ടെ

എൻ നമോ കാളി മറയട്ടെ
തീഴതൻ ശോണിയൊഴിയട്ടെ
വെൺതിവെട്ടം സമുതിരട്ടെ 
തൂകളും പൂർണ്ണി ചൊരിയട്ടെ

വൃത്തം : മൗക്തികമാല
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ
രുക - 
ബാംസുരി - ഓടക്കുഴൽ
പാംസുല -  മാലിന്യമുള്ള
അസുത-  സന്താനമില്ലാത്ത ( ഇവിടെ, പുഷ്പിക്കാത്ത)/ശുദ്ധമാക്കപ്പെടാത്ത
പകിടി - നേരമ്പോക്ക്
കളിമ്പം - വിനോദം
മകിഴുക - സന്തോഷിക്കുക
തുകിൽ - ഉറക്കം
വെറി - ചൂട്/വെയിൽ
കൂറ് - സ്നേഹം/വാത്സല്യം
സ്വനം - സ്വരം

മൗക്തികമാലാ ഭതനഗഗങ്ങൾ
തൃഷ്ടുപ്പ് (11)



Saturday, April 9, 2022

മുദപദമാലിക

അതിജഗതി (13) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് മഞ്ജുഭാഷിണി.  രഥോദ്ധതയ്ക്കുമുന്നിലായി 2 ലഘു ചേർത്തുവെച്ചാൽ മഞ്ജുഭാഷിണിയായി.
2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


മുദപദമാലിക

വിഴം തിരഞ്ഞു സവിധം വരുന്നുഞാൻ
വിടുന്നലിഞ്ഞുറവിടും മനം വരൂ
വി വീണലിഞ്ഞരുവി ചോന്നപോലെയെൻ
വിതാനദിയ്ക്കു കവിയുന്നരാഗമായ്

രിമൂടിനിന്ന കിരിപെയ്ത മാരിയിൽ
രിതാഭയായി തരിശൊക്കെമാറിപോൽ
ചൊരിയേണമിന്നു  തരികെന്റെ വാക്കിനും
രിപൂരിതം മുകരിപൂത്തിടും മണം

നം വളർമതി കോരമെൻ മനം
നിയം വിനീതനു തുർമുഖൻ തുണ!
നാവിദൂരജമീകരങ്ങളേ
പ്രയം തെളിഞ്ഞൊരു രാവമായിടൂ

തിരില്ലതെല്ലു,മുതിരുന്നു മുത്തുകൾ
ദ്യുതിതന്നിടുന്നു ചിതിതന്റെ നേർമ്മയിൽ
ച്യുതിതീണ്ടിടാത്ത കതിരാണുകാണ്മതും
തിഭീകണക്കു മതികണ്ടൊരുണ്മകൾ

പുകങ്ങൾപോൽ മുകുവൃന്ദമൂർന്നിടും
ദത്തിലാഴ്ന്നു കകാഞ്ചിപോൽ വരും
യല്ല, വീണുമുപൊട്ടിടും കതിർ!
വില്ലപോൽ, വിരമായ സൃഷ്ടികൾ

രും മനം വികമായചിന്തകൾ
വിരും ദിവം പ്രകമായ വാക്കുകൾ
രുന്നു ചിത്തമിറാത്ത തേൻമൊഴി
മാടി നീടു് കുമാറ്റമായി കാൺ

നം വികാരതുനം, മനസ്സിലോ
നം വിചാരകനം കുറിക്കവേ
താണുചിന്ത, മരുന്നവാടിപോൽ
മാർന്നുനിന്നു നമാർന്നവീക്ഷണം

മിവിൻ്റെകാന്തി സലം കവർന്നപോൽ
രിപ്രവാളശലം വിളങ്ങിയോ
താരിലിന്നവിലം തെളിഞ്ഞുവോ
രംതളിർത്ത മരന്ദധാരപോൽ

രും പ്രചോദനശോദമായി മാ-
റിതിൻ്റെ മോടി നനാഭിരാമമായ്
സ്വമേവരുന്നരി വെൺപിറാവുപോൽ
മോടെയിങ്ങണവേ പ്രഗൽഭമായ്

നം മഥിച്ചമുമോടുകൂടിയെൻ
ഹൃയത്തിലിന്നു വിലാങ്കുരങ്ങളായ്
യം കനിഞ്ഞ ദനം കണക്കിതാ
മുമായ് വിരിഞ്ഞപമുള്ള മാലിക

വൃത്തം : മഞ്ജുഭാഷിണി
പ്രാസം : അഷ്ടപ്രാസം

പദപരിചയം
കിരി : മേഘം
മുകരി : മുല്ല/പൂക്കൈത
പ്രചയം : കൂമ്പാരം
ചരാവം: മൺചെരാത്
വിദൂരജം:  വൈഡൂര്യം
ചമീകരം : പൊന്നുവിളയുന്നസ്ഥലം
നിചയം : നിശ്ചയം
അതിഭീ : മിന്നൽ
നളദം:  താമരത്തേൻ
ലലനം : ഉല്ലാസം/ലീല
മകരി : സമുദ്രം
മകരം: ഇലഞ്ഞി
യശോദം : രസം
അമുദം : അമൃതം
വിദലം : വിടർന്ന/കീറിയ
ദദനം : സമ്മാനം

സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണീ



Saturday, March 19, 2022

പ്രഹർഷപ്രസൂനം

ത്രിഷ്ടുപ്പു് (11) എന്ന ഛന്ദസ്സിൽപെട്ട ഒരു സമവൃത്തമാണ് രഥോദ്ധത


അന്തരംഗമൃദുതന്തി മൂളവേ
ചിന്തിനിർവൃതികളെന്തു മോഹനം!
ചന്തമേറിയ വസന്തദേവതേ
നീന്തു മാമകവിചിന്തതൻ നദി!

എൻ പ്രഹർഷനിനവാം പ്രസൂനമേ
എൻ പ്രപഞ്ചനിറവിൻ പ്രഭാതമേ
നിൻ പ്രഭയ്ക്കു മധുരപ്രതീക്ഷയാൽ
വിപ്രലംഭമദനപ്രതീതികൾ

അക്ഷികണ്ടു മധുമക്ഷിയായ് മന-
സ്സാക്ഷിയോ കതകുസാക്ഷ മാറ്റിടും!
ഈക്ഷണം ഹൃദയവീക്ഷണം ബദൽ
ചക്ഷുവിൽ മദനലക്ഷണം വരും

നോട്ടമോ, മധുപുരട്ടിടും ശരം!
മൊട്ടുപോൽ, സ്മരനിരട്ടയമ്പുകൾ?
വിട്ടുനീ,യുയിരിലൊട്ടിനിന്നപോൽ
തൊട്ടു, ജീവിതമിരുട്ടുമാറി പോൽ

ചൈത്രമാർന്ന തവഗാത്രമോ നറും
ചിത്രവാടി, യതിലെത്ര പൂനിറം!
രാത്രികാളിനിറനേത്രഭംഗി, ന-
ക്ഷത്രശോഭയൊരുമാത്ര പൂത്തിതാ

ചെമ്പകം ചിരിയി,ലാമ്പലോ മുഖം?
വെമ്പലുണ്ടു് മനകമ്പനം വരേ!
കമ്പമോടെ തവമുമ്പിലിന്നു ഞാൻ
ഇമ്പമേറിയ കളിമ്പമോയിതു്!

കൊഞ്ചിവന്നമൊഴി നെഞ്ചിനുള്ളിലോ
പഞ്ചമം! മധുരസഞ്ചിതം പ്രിയേ
കെഞ്ചി കാമനക,ളഞ്ചിതാധര-
പ്പുഞ്ചിരിക്കതിരുതഞ്ചി നീവരൂ

കുന്ദമൂർന്ന മകരന്ദധാരയോ 
സാന്ദ്രമാം നിലവൊരിന്ദു തൂകയോ
ചന്ദനക്കുളിരു തുന്ദിലം ചിരി!
മന്ദമിങ്ങണയു സൂന്ദരീ വരൂ

മാറ്ററിഞ്ഞ മിഴിവുറ്റപെൺകൊടീ
നീറ്റലുള്ള മനമാറ്റുവാൻ വരൂ
ഇറ്റുനീയമൃതമൊറ്റിടും പ്രിയം
ചുറ്റുമൻപുമഴ ചാറ്റലായിയും

മഞ്ഞണിക്കുളിരണിഞ്ഞു നെഞ്ചകം
ചാഞ്ഞുനീ മധുമൊഴിഞ്ഞ വേളയിൽ 
വീഞ്ഞുപോൽ മനമറിഞ്ഞു കന്മദം
മാഞ്ഞുപോകരുതൊഴിഞ്ഞു നീയിനി


വൃത്തം : രഥോദ്ധത
പ്രാസം : അഷ്ടപ്രാസം

രം നരം ല ഗുരുവും രഥോദ്ധത