അതിജഗതി (13) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് മഞ്ജുഭാഷിണി. രഥോദ്ധതയ്ക്കുമുന്നിലായി 2 ലഘു ചേർത്തുവെച്ചാൽ മഞ്ജുഭാഷിണിയായി.
2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.
മുദപദമാലിക
പവിഴം തിരഞ്ഞു സവിധം വരുന്നുഞാൻ
അവിടുന്നലിഞ്ഞുറവിടും മനം വരൂ
രവി വീണലിഞ്ഞരുവി ചോന്നപോലെയെൻ
കവിതാനദിയ്ക്കു കവിയുന്നരാഗമായ്
കരിമൂടിനിന്ന കിരിപെയ്ത മാരിയിൽ
ഹരിതാഭയായി തരിശൊക്കെമാറിപോൽ
ചൊരിയേണമിന്നു തരികെന്റെ വാക്കിനും
പരിപൂരിതം മുകരിപൂത്തിടും മണം
വചനം വളർമതി ചകോരമെൻ മനം
നിചയം വിനീതനു ചതുർമുഖൻ തുണ!
രചനാവിദൂരജചമീകരങ്ങളേ
പ്രചയം തെളിഞ്ഞൊരു ചരാവമായിടൂ
പതിരില്ലതെല്ലു,മുതിരുന്നു മുത്തുകൾ
ദ്യുതിതന്നിടുന്നു ചിതിതന്റെ നേർമ്മയിൽ
ച്യുതിതീണ്ടിടാത്ത കതിരാണുകാണ്മതും
അതിഭീകണക്കു മതികണ്ടൊരുണ്മകൾ
പുളകങ്ങൾപോൽ മുകുളവൃന്ദമൂർന്നിടും
നളദത്തിലാഴ്ന്നു കളകാഞ്ചിപോൽ വരും
കളയല്ല, വീണുമുളപൊട്ടിടും കതിർ!
അളവില്ലപോൽ, വിരളമായ സൃഷ്ടികൾ
അടരും മനം വികടമായചിന്തകൾ
വിടരും ദിവം പ്രകടമായ വാക്കുകൾ
പടരുന്നു ചിത്തമിടറാത്ത തേൻമൊഴി
നടമാടി നീടു് കുടമാറ്റമായി കാൺ
ചലനം വികാരതുലനം, മനസ്സിലോ
ലലനം വിചാരകലനം കുറിക്കവേ
പലതാണുചിന്ത, മലരുന്നവാടിപോൽ
ദലമാർന്നുനിന്നു നലമാർന്നവീക്ഷണം
മികവിൻ്റെകാന്തി സകലം കവർന്നപോൽ
മകരിപ്രവാളശകലം വിളങ്ങിയോ
അകതാരിലിന്നവികലം തെളിഞ്ഞുവോ
മകരംതളിർത്ത മകരന്ദധാരപോൽ
ഉയരും പ്രചോദനയശോദമായി മാ-
റിയതിൻ്റെ മോടി നയനാഭിരാമമായ്
സ്വയമേവരുന്നരിയ വെൺപിറാവുപോൽ
വയമോടെയിങ്ങണയവേ പ്രഗൽഭമായ്
കദനം മഥിച്ചമുദമോടുകൂടിയെൻ
ഹൃദയത്തിലിന്നു വിദലാങ്കുരങ്ങളായ്
സദയം കനിഞ്ഞ ദദനം കണക്കിതാ
മുദമായ് വിരിഞ്ഞപദമുള്ള മാലിക
വൃത്തം : മഞ്ജുഭാഷിണി
പ്രാസം : അഷ്ടപ്രാസം
പദപരിചയം
കിരി : മേഘം
മുകരി : മുല്ല/പൂക്കൈത
പ്രചയം : കൂമ്പാരം
ചരാവം: മൺചെരാത്
വിദൂരജം: വൈഡൂര്യം
ചമീകരം : പൊന്നുവിളയുന്നസ്ഥലം
നിചയം : നിശ്ചയം
അതിഭീ : മിന്നൽ
നളദം: താമരത്തേൻ
ലലനം : ഉല്ലാസം/ലീല
മകരി : സമുദ്രം
മകരം: ഇലഞ്ഞി
യശോദം : രസം
അമുദം : അമൃതം
വിദലം : വിടർന്ന/കീറിയ
ദദനം : സമ്മാനം
സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണീ