Saturday, March 20, 2021

പതഞ്ജലി നവകം

ചിത് എന്നു പറഞ്ഞാൽ അറിവ് ശുദ്ധമായ അറിവ് അംബരം എന്നാൽ ആകാശം അങ്ങനെയെങ്കിൽ ചിദംബരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വെറുമൊരു സ്ഥലപ്പേരു മാത്രമല്ല മറിച്ച് അറിവിൻറെ ആകാശം എന്നു കൂടെയാണ്. ഈ സ്തോത്രം എഴുതിയതാണെങ്കിലോ പതഞ്ജലിയും. പത് + അഞ്ജലി = പതഞ്ജലി.  അപ്പോൾ അതിൻറെ അർത്ഥം കാലിൽ തൊഴുകൈയോടെ വീണവൻ എന്നായി. അറിവിൻറെ ആകാശത്തിൽ നൃത്തം ചെയ്യുന്ന ശിവനെ, ആ കാലിൽ തൊഴുകൈയോടെ വീണവൻ സ്തുതിക്കുന്ന കൃതി എന്ന രീതിയിൽ എടുത്താൽ അതൊരു സർവകാല സകലജന സ്തുതിയുമായി.

ശംഭു നടനം (സംസ്കൃതത്തിൽ ഈ വൃത്തത്തിൻറെ പേര് ശിവതാണ്ഡവം) എന്ന വൃത്തത്തിൽ പതഞ്ജലി എഴുതിയ ഒരു കൃതിയാണ് ഇത്. ചിദംബര മൂർത്തിയെ സ്തുതിക്കുന്ന ഈ കൃതി ദീർഘാക്ഷരങ്ങൾ തീർത്തും ഒഴിവാക്കി അനുസ്വാരവും അനുപ്രാസവും മാത്രം കൊടുത്ത് എഴുതിയിട്ടുള്ളതാണ്.  നന്ദികേശ്വരൻ ശിവദർശനം തടഞ്ഞപ്പോൾ അദ്ദേഹവുമായി ഇടഞ്ഞ് ദീർഘചരണങ്ങൾ തീർത്തും ഒഴിവാക്കി സ്തുതിച്ചുവെന്ന് കഥ. സർപ്പത്തിന്റെ ഉടലും മനുഷ്യൻറെ തലയും ഉള്ള രൂപമായാണ് പതഞ്ജലിയെ പറയുന്നത്. ഉരഗങ്ങൾ മാത്രമാണല്ലോ കാലുകളില്ലാതെ ഇഴഞ്ഞ് നടക്കുന്നത്. അങ്ങനെ ഇഴഞ്ഞ് നീങ്ങുന്ന ഒരുത്തന് ശിവന്റെ നടനം എങ്ങനെ കാണാനാകും. നന്ദികേശ്വരനാണെങ്കിൽ ചരിക്കാൻ പാദങ്ങളുണ്ട്, തലയിൽ ഉയർന്നു നിൽക്കുന്ന കൊമ്പുകളുണ്ട്. നൃത്തം ചെയ്യുന്ന ചന്ദ്രക്കലാ മൗലിയായ  ശിവനും അങ്ങനെ തന്നെ. ജട തന്നെ മേലോട്ട് ഉയർന്ന് അതിൽ ഒരു ചന്ദ്രനും ഗംഗയും പിന്നെ ഫണം വിരിച്ച ഒരു സർപ്പവുമൊക്കെയുണ്ട്. ഇതൊന്നുമില്ലാതെ ഒരു പാവം പതഞ്ജലിയും. ആകാരത്തിൽ പോലും ഉയർച്ചയും താഴ്ചയും ഒക്കെ ഉള്ള മറ്റുള്ളവരെവിടെ, ഒരു കുഴലു പോലെ മാത്രം  ശരീരമുള്ള പതഞ്ജലിയെവിടെ.

ഇനി ഇതേ കാര്യം ഒരു പദ്യത്തിലേക്ക് ചേർക്കുകയാണെങ്കിൽ ദീർഘസ്വരാക്ഷരങ്ങളാണ് ഇപ്പറഞ്ഞ കൈകാലുകളും ശിഖരവും എല്ലാം. അത് സർവ സാധാരണമായി എല്ലാ പദ്യത്തിലും ഉണ്ടാകും. ഇത് ഒഴിവാക്കിയ സ്തുതി എന്ന് പറയുമ്പോൾ അത് പതഞ്‌ജലി കണ്ട ശിവ നടനം കൂടിയാണ് 

ശിവന്റെവാഹനം കൂടിയാണ് നന്ദി. അങ്ങനെയെങ്കിൽ സാധാരണഗതിയിൽ ശിവൻറെ പദസഞ്ചലനവും വിശ്വനടനവുമെല്ലാം പതഞ്ജലി ഉപയോഗിക്കാതിരുന്ന  ദീർഘസ്വരങ്ങളിലൂടെയും ആവണമല്ലോ.  നീണ്ടുനിൽക്കുന്നത് ഒഴിവാക്കി, അതായത്  ശൃംഗവും ചരണവും  മാറ്റി, ഫലത്തിൽ പതഞ്ജലി നന്ദിയുടെ കൊമ്പും കുളമ്പും വെട്ടി, അതേ  ശിവനെ പതഞ്‌ജലി നൃത്തം ചെയ്യിക്കുന്നതാണ് ഇതെന്ന് ചുരുക്കം.   

ഇപ്രകാരം ദീർഘങ്ങളില്ലാത്ത ഒരു    സ്തുതിയിലൂടെ  ശിവന്റെ നടനം കൊണ്ടുവന്നു എന്നതാണ് ഈ സ്തോത്രത്തിൻറെ പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഉള്ള ദീർഘ സ്വരാക്ഷരങ്ങൾ ആണ് ഏതു കൃതിയിലും ഒരു നടനതാളം കൊണ്ടുവരുന്നത്.  ഈ വൃത്തത്തിൽ ആണെങ്കിൽ ഓരോ നാലാമത്തെ അക്ഷരവും ഒരു ഗുരു ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്. അതിനുപകരമായിട്ടാണ് ദീർഘസ്വരം തീർത്തും ഒഴിവാക്കി, അനുസ്വാരവും അനുപ്രാസവും പകരം കൊണ്ടുവന്നു, വൃത്തവടിവിൽ സ്തോത്രം എഴുതിയിരിക്കുന്നത്.   പതഞ്ജലി എന്നപേരിനുതന്നെ ദീർഘസ്വരങ്ങളില്ല. ദീർഘമില്ലാത്തവൻ ശിവൻറെ പ്രപഞ്ചനടനം എങ്ങനെകാണാനാണ് എന്ന്   ഒരു വിദ്വാൻ കളിയാക്കിയതിന്റെ ഉത്തരവുമാണ് ഈ കൃതി. (വ്യാഘ്രപാദനുമായി ബന്ധപ്പെടുത്തി അങ്ങനെയും ഒരു കഥയുണ്ട്)




സദഞ്ചിതമുദഞ്ചിതനികുഞ്ചിതപദം ഝലഝലഞ്ചലിതമഞ്ജുകടകം
പതഞ്ജലിദൃഗഞ്ജനമനഞ്ജനമചഞ്ചലപദം ജനനഭഞ്ജനകരം
കദംബരുചിമംബരവസം പരമമംബുദകദംബകവിടംബകഗളം
ചിദംബുധി മണിം ബുധ ഹൃദംബുജ രവിം പര ചിദംബര നടം ഹൃദി ഭജ   1

അഞ്ചിത :  പൂജിക്കപ്പെട്ട/ അലങ്കരിക്കപ്പെട്ട
സദഞ്ചിത : നന്നായി അഞ്ചിതമായ
മുദഞ്ചിത : സന്തോഷത്തോടെ അഞ്ചിതമായ
നികുഞ്ചിത : ചുരുങ്ങിയ, ഉള്‍വലിഞ്ഞ, സങ്കുചിതമായ 
ഝലഝല : ഝങ്കാര നാദത്തോടെ
ചലിത : ചലിക്കുന്ന
മഞ്ജു കടകം : സുന്ദരമായ കാൽത്തള
പതഞ്ജലി : ഇത് എഴുതിയ ആളുടെ പേര്,   (പകരം പത് + അഞ്ജലി എന്ന് ആണെങ്കിൽ കാലിൽ തൊഴുകൈയോടെ വീണവൻ)
ദൃഗഞ്ജനം : കണ്ണിന് മഷി പോലെ കുളിരേകുന്ന
അനഞ്ജനം : കളങ്കമില്ലാത്ത
അചഞ്ചല പദം : സുസ്ഥിര പദം
ജനന ഭഞ്ജന കരം : മുക്തി അഥവാ മോക്ഷം കൊടുക്കുന്നത്.
കദംബ രുചിം : കദംബ പുഷ്പ വർണ്ണമായ
അംബര വസം : ദിഗംബരൻ
പരമം : ഏറ്റവും ഉന്നതമായ
അംബുദ കദംബക : തിങ്ങിക്കൂടിയ മേഘം പോലെ
വിടംബക ഗളം : സാദൃശ്യം ജനിപ്പിക്കുന്ന  കണ്ഠം
ചിത് : അറിവ്
അംബുധി : സമുദ്രം
മണിം : മുത്ത് ആയും
ബുധ : അറിവുള്ളവൻറെ
ഹൃദംബുജ : ഹൃദയമെന്ന താമരയിലെ
രവിം : സൂര്യൻ ആയും
പര : ഉയർന്ന
ചിദംബര നടം: ചിത് (അറിവിന്റെ) അംബരം, അവിടെ നൃത്തം ചെയ്യുന്ന (ചിദംബരം എന്ന സ്ഥലത്തെ  ശിവക്ഷേത്രത്തെ കുറിച്ച് മാത്രം ഉള്ള പരിമിത അർത്ഥം എടുക്കുന്നതിനു പകരം) 
ഹൃദി ഭജ : ഹൃദയത്തിൽ ഭജിക്കുന്നവന് (അവസാന ശ്ലോകത്തിലെ ഫലപ്രാപ്തി വരും എന്ന്)

ഹരം തൃപുരഭഞ്ജനമനന്തകൃതകങ്കണമഖണ്ഡ ദയമന്തരഹിതം
വിരിഞ്ചിസുരസംഹിത പുരന്ധരവിചിന്തിതപദം തരുണചന്ദ്രമകുടം
പരം പദവിഖണ്ഡിതയമം ഭസിതമണ്ഡിതതനും മദനവഞ്ചനപരം
ചിരന്തനമമും പ്രണവസഞ്ചിതനിധിം പരചിദംബരനടം ഹൃദിഭജ   2

ഹരം : ശിവൻ
ത്രിപുര : ത്രിപുരാസുരൻറെ 3 പുരങ്ങൾ,  ഈ അസുരൻ ഒരു സമയം ഈ മൂന്നു പുരങ്ങളിൽ ഏതെങ്കിലും ഒന്നിനകത്ത് ഉണ്ടായിരിക്കും, അതിനാൽ മൂന്ന് പൂരങ്ങളും ഒന്നിച്ച് തകർത്തു മാത്രമേ ഈ അസുരനെ വിജയിക്കാനാകൂ. സത്യത്തിൽ ഇത് ഉണർവ്, ഉറക്കം, സ്വപ്നം എന്നിങ്ങനെ ജീവൻറെ മൂന്ന് തലങ്ങളാണ്. ശിവനാരെന്നറിയാതെ ശിവനെ മറ്റൊന്നായി കാണുന്ന ജീവൻ തന്നെ ത്രിപുരാസുരനും
ഭഞ്ജനം : തകർത്തു
അനന്ത കൃത കങ്കണം : അനന്തനെന്ന മഹാസർപ്പത്തെ കൈവളയാക്കി മാറ്റിയ
അഖണ്ഡ ദയ : മുഴുവനായ/മുടക്കമില്ലാത്ത ദയ
അന്ത രഹിതം : അവസാനമില്ലാത്ത, അമരനായ
വിരിഞ്ചി : ബ്രഹ്മാവ്
സുര സംഹിത : ദേവ ഗണങ്ങൾ
പുരന്ധര : ഇന്ദ്രൻ
വിചിന്തത പദം : വിശേഷമായി ചിന്തിച്ച, ധ്യാനിച്ച പദം, പദം എന്നാൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥാനം, ശിവൻറെ പാദവും ആകാം
തരുണ ചന്ദ്ര മകുടം : കൊച്ചു ചന്ദ്രനെ ധരിച്ച ജടയെന്ന കിരീടം
പരം പദ : അത്യുന്നതമായ പദം അഥവാ പാദം
വിഖണ്ഡിത : ഖണ്ഡനംചെയ്ത /അംഗഭംഗം വരുത്തിയ/വിഭജിക്കപ്പെട്ട, മുറിക്കപ്പെട്ട
യമം : യമൻ
ഭസിത : ഭസ്മീകരിച്ച
മണ്ഡിത :  അലങ്കരിക്കപ്പെട്ട
തനും : ദേഹം
മദന വഞ്ചന പരം : കാമനയിലൂടെ വഞ്ചിക്കുന്നതിൽ ഒന്നാമനായ കാമദേവൻ
ചിരന്തനം : നിത്യനായ
അമും : അവനെ
പ്രണവ സഞ്ചിത നിധിം : ഓംകാര പൊരുൾ എന്ന സഞ്ചിതനിധി


അവന്തമഖിലം ജഗദഭംഗഗുണതുംഗമമതം ധൃതവിധും സുരസരിത്
തരംഗ നികുരംബധൃതിലമ്പടജടം ശമന ദംഭസുഹരം ഭവഹരം
ശിവം ദശദിഗന്തരവിജൃംഭിതകരം കരലസന്മൃഗശിശും പശുപതിം
ഹരം ശശിധനഞ്ജയപതംഗനയനം പരചിദംബരനടം ഹൃദിഭജ    3

അവന്തം : സംരക്ഷിക്കുന്ന
അഖിലം : മുഴുവൻ
ജഗത് : ലോകം
അഭംഗ : ഭംഗമില്ലാത്ത, തടസ്സമില്ലാത്ത/തിരയില്ലാത്ത (ജലാശയമെന്നപോലെ)
ഗുണ തുംഗം : ഉയർന്ന ഗുണത്തോടു കൂടിയ
അമതം : അജ്ഞാതമായ
ധൃത : ധരിക്കപ്പെട്ട/ പിടിക്കപ്പെട്ട
വിധും : ചന്ദ്രനെ
സുര സരിത് : ഗംഗ
തരംഗ : അലകൾ
നികുരംബ : സമൂഹം കൂട്ടം
ധൃതി : ധാരണം, വഹിക്കല്‍
ലമ്പട : സാമര്‍ഥ്യമുള്ള /അത്യാഗ്രഹമുള്ള/കാമാധിക്യമുള്ള
ജടം : ജടയിൽ
ശമന ദംഭ : അഹങ്കാരം അടക്കി
സുഹരം : നന്നായി ഹരിക്കുന്ന
ഭവ ഹരം : ലൗകിക പ്രപഞ്ചം അവസാനിപ്പിക്കുന്നവൻ, ഭവം എന്നാൽ ഉണ്ടായത്, ഉണ്ടായ എന്തിനെയും നശിപ്പിക്കുന്നവൻ
ശിവം : 
ദശ ദിക് അന്തര : 10 ദിക്കിനും അറ്റം വരേയ്ക്കും
വിജൃംഭിത കരം : തള്ളിച്ച/ പ്രകടമായ കരം
കര ലസൻ : കൈയ്യിൽ ലസിക്കുന്ന
മൃഗ ശിശും : മാൻ കിടാവും
പശുപതിം : മൃഗാധിപതി
ഹരം ശശി ധനഞ്ജയ പതംഗ നയനം : ചന്ദ്രൻ, അഗ്നി, സൂര്യൻ ഇവ കണ്ണുകളായ ഹരൻ

അനന്തനവരത്നവിലസത് കടകകിംഗിണി ഝലംഝലഝൽഝലരവം
മുകുന്ദവിധിഹസ്തഗതമദ്ദളലയധ്വനി ധിമിദ്ധിമിതനർത്തനപദം
ശകുന്തരഥ ബർഹിരഥ നന്ദിമുഖ ശൃങ്കിരിടി ഭൃങ്കിഗണ സംഘനികടം
സനന്ദസനകപ്രമുഖ വന്ദിതപദം  പരചിദംബരനടം ഹൃദിഭജ   4

അനന്ത നവ രത്ന വിലസത് : എണ്ണിയാലൊടുങ്ങാത്ത നവരത്നങ്ങൾ വിലസുന്ന
കടക കിംഗിണി ഝലം ഝലഝൽ ഝല രവം : പൊൻവള അല്ലെങ്കിൽ അരഞ്ഞാണത്തിലെ കിങ്ങിണിയുടെ ഝങ്കാര നാദം
മുകുന്ദ : വിഷ്ണു
വിധി : ബ്രഹ്മാവ്
ഹസ്ത ഗത : കൈയ്യിൽ വന്ന
മദ്ദള ലയ ധ്വനി : മദ്ദളത്തിന്റെ ലയമാർന്ന ധ്വനിയുടെ (ലയം : താളത്തിന്റെ അനായാസ ഗതി)
ധിമിദ്ധിമിത നർത്തന പദം: ധിമിധിമി താളത്തിനൊത്ത് നൃത്തമാടുന്ന പദം
ശകുന്ത രഥ : ഗരുഡൻ വാഹനം ആയവനും
ബർഹി രഥ : മയിൽ വാഹനനും
നന്ദി മുഖ ശൃങ്കി രിടി ഭൃങ്കി ഗണ : നന്ദിമുഖനും ശൃങ്കി രിടി ഭൃങ്കി തുടങ്ങിയ ഭൂതഗണങ്ങളും
സംഘ നികടം : സംഘമായി സമീപത്ത് നിൽക്കുമ്പോൾ
സനന്ദ സനക പ്രമുഖ വന്ദിത പദം : സനന്ദ നെയും സനകനേയും പോലുള്ള പ്രമുഖരാൽ വന്ദിതമായ പദം

ആനന്തമഹസം ത്രിദശവന്ദ്യചരണം മുനിഹൃദന്തര വസന്തമമലം
കബന്ധവിയദിന്ദ്വവനി ഗന്ധവഹവഹ്നിമഖബന്ധുരവിമഞ്ജുവപുഷം
അനന്തവിഭവം ത്രിജഗദന്തരമണിം ത്രിനയനം ത്രിപുരഖണ്ഡനപരം
സനന്ദമുനിവന്ദിതപദം സകരുണം പരചിദംബരനടം ഹൃദിഭജ   5

അനന്ത മഹസം : അവസാനമില്ലാത്ത  മഹസ്സ് = ശക്തി തേജസ്സ് ശോഭ (അഹസ്സ് എന്നുപറഞ്ഞാൽ ആകാശം  അനന്തം + അഹസം എന്നും പറയാം എന്നു തോന്നുന്നു)
ത്രിദശ വന്ദ്യ ചരണം: മുപ്പത്തി മൂന്നാൽ വന്ദിക്കപ്പെട്ടുന്ന ചരണം (33 ദേവതകൾ) 33 പ്രകാരത്തിലുള്ള ദേവതകൾ, കോടി എന്നാൽ പ്രകാരം. അതായത് മുപ്പത്തിമുക്കോടി ദേവതമാരും ( 33 cr അല്ല ). കോടി എന്നാൽ ശ്രേഷ്‌ഠമായ, കൂട്ടം എന്നൊക്കെക്കൂടി അർത്ഥങ്ങളുണ്ട്.
മുനി ഹൃദന്തര - മുനിയുടെ ഹൃദയത്തിനകത്ത്
വസന്തമമലം : അമലമായ വസന്തകാലം പോലെ
കബന്ധ : വെള്ളം
വിയത് : ആകാശം
ഇന്ദു : ചന്ദ്രൻ
അവനി : ഭൂമി
ഗന്ധവഹ: വായു
വഹ്നി : തീ
മഖ ബന്ധു : യാഗത്താൽ ബന്ധിക്കപ്പെട്ട വൻ (ആത്മാവ്)
രവി : സൂര്യൻ
മഞ്ജു വപുഷം : (ആ)  മനോഹര ദേഹം (ഒരുക്കുന്നു)
അനന്ത വിഭവം : അവസാനിക്കാത്ത കാര്യസിദ്ധി കൊണ്ട് ഭവിച്ചതായി
ത്രിജഗദന്തര മണിം: മൂന്നു ലോകങ്ങൾക്കും അകത്തിരിക്കുന്ന മുത്തായ
ത്രിനയനം : മുക്കണ്ണൻ ആയി
ത്രിപുര ഖണ്ഡന പരം : ത്രിപുരങ്ങൾ തകർത്ത പരമോന്നതമായ
സനന്ദ മുനി വന്ദിത പദം : സനന്ദ മുനിയാൽ വന്ദിക്കപ്പെട്ട പാദങ്ങളോടെ 
സകരുണം : കരുണാമയൻ ആയി

അചിന്ത്യമളിവൃന്ദരുചിബന്ധുരഗളം കുരിതകുന്ദനികുരംബധവളം
മുകൂന്ദസുരവൃന്ദബലഹന്തുകൃതവന്ദനലസന്തമഹി കുണ്ഡലധരം
അകമ്പമനുകമ്പിതരതിം സുജന മംഗളനിധിം ഗജഹരം പശുപതിം
ധനഞ്ജയനുതം പ്രണതരഞ്ജനപരം പരചിദംബരനടം ഹൃദിഭജ   6

അചിന്ത്യ : ചിന്തിച്ചെടുക്കാനാവാത്ത
അളി വൃന്ദ രുചി: വണ്ടിൻറെ കൂട്ടം പോലെ നിറമുള്ള
ബന്ധുര ഗളം: സുന്ദരമായ കഴുത്തും
കുരിത : കുരികിൽ പൂത്തു
കുന്ദം : വെളുത്ത പിച്ചകം , മുല്ല പ്പൂ
നികുരംബ ധവളം : കൂട്ടത്തിൻറെ വെൺമയും
മുകുന്ദ സുര വൃന്ദ : വിഷ്ണു (വും) ദേവഗണങ്ങളും
ബലഹന്തു : ഇന്ദ്രനും
കൃത വന്ദന : വന്ദിച്ച
ലസന്തം : ലസിക്കുന്ന
അഹി : സർപ്പം (എന്ന)
കുണ്ഡല ധരം : കുണ്ഡലം ധരിച്ചവൻ
അകമ്പം : കമ്പമില്ലാത്ത/ഇളകാത്ത (വനും)
അനുകമ്പിത : അനുകമ്പയുള്ളവനും
രതിം സുജന : നല്ല മനുഷ്യരെ ഇഷ്ടപ്പെടുന്നവരും
മംഗള നിധിം : മംഗള നിധിയായവനും
ഗജ ഹരം പശുപതിം : ആനയെ കൊന്നവനും ആയ പശുപതിയായ
ധനഞ്ജയ നുതം : അർജ്ജുനാൽ സ്തുതിക്കപ്പെട്ടവനും
പ്രണത രഞ്ജന പരം: പിണങ്ങിയ അവനെ സന്തോഷിപ്പിക്കുന്നവനും ആയി..
 
പരം സുരവരം പുരഹരം പശുപതിം ജനിതദന്തിമുഖഷൺമുഖമമും
മൃഡം കനകപിംഗളജടം സനകപങ്കജരവിം സുമനസം ഹിമരുചിം
അസംഗമനസം ജലധി ജന്മകരളം കവലയന്തമതുലം ഗുണനിധിം
സനന്ദവരദം ശമിതമിന്ദുവദനം പരചിദംബരനടം ഹൃദിഭജ   7

പരം സുരവരം പുരഹരം പശുപതിം : സുരവരന്മാരിൽ ഉന്നതനും ത്രിപുര ഹരനും പശുപതിയും
ജനിത ദന്തിമുഖ ഷൺമുഖമമും : ആനമുഖനേയും ആറുമുഖനേയും ജനിപ്പിച്ചവനും (അമും - അവനും)
മൃഡം : ശിവം
കനക പിംഗല ജടം : സ്വർണ്ണ പിച്ചള നിറത്തോടു കൂടിയ ജടയോടും
സനക പങ്കജ രവിം : സനകൻ എന്ന താമരയെ ഉണർത്തുന്ന സൂര്യനായും
സുമനസം ഹിമരുചിം : നല്ല മനസ്സിലെ ഹിമമഴയായും
അസംഗ മനസം : ഒന്നിനോടും ഒട്ടിച്ചേരാത്ത മനസ്സോടും
ജലധി ജന്മകരളം : കടലിൽ നിന്നും ജനിച്ച വിഷം
കവലയന്തം : വിഴുങ്ങിയ
അതുലം ഗുണനിധിം : തുല്യതയില്ലാത്ത ഗുണനിധിയും
സനന്ദ വരദം : സനന്ദന് വരം കൊടുത്തവനും
ശമിതം : ശാന്തമായ
ഇന്ദു വദനം : ചന്ദ്രനെ പോലത്തെ മുഖത്തോടു കൂടിയവനും ആയ

അജം ക്ഷിതിരഥം ഭുജഗപുംഗവഗുണം കനകശൃംഗിധനുഷം കരലസത്
കുരംഗപൃഥുടങ്കപരശും രുചിരകുങ്കുമരുചിം ഡമരുകം ച ദധതം
മുകുന്ദവിശിഖം നമദവന്ധ്യഫലദം നിഗമവൃന്ദതുരഗം നിരുപമം
സചണ്ഡികമമും ഝടിതിസംഹതപുരം പരചിദംബരനടം ഹൃദിഭജ    8

അജം : ജനിക്കാത്തവനും
ക്ഷിതിരഥം : ഭൂമിയെ രഥമാക്കി
ഭുജഗ പുംഗവ : പാമ്പിലെ ശ്രേഷ്ഠൻ (വാസുകി)
ഗുണം : ഞാണായും
കനക ശൃംഗി : സ്വർണ്ണവർണ്ണമായ കൊടുമുടി ഉള്ള (മേരു പർവ്വതം) മലയെ
ധനുഷം : വില്ലായും
കരലസത് : ലസിക്കുന്ന കൈയ്യും
കുരംഗ : മാൻ
പൃഫു ടങ്ക : തടിച്ച വാളും
പരശും : വെൺമഴുവും
രുചിര : ഭംഗിയുള്ള
കുങ്കുമ രുചിം : കുങ്കുമ വർണ്ണത്തോടും
ഡമരുകം ച ദധതം: ഡമരുകവുമേന്തി
മുകുന്ദ വിശിഖം: മുകുന്ദനെ അമ്പാക്കി (മുകുന്ദൻ - മോക്ഷം പ്രദാനം ചെയ്യുന്നവൻ)
നമത് : നമസ്കരിക്കുന്നവർക്ക്
അവന്ധ്യ : വന്ധ്യമല്ലാത്ത 
ഫലദം : ഫലം കൊടുക്കുന്ന
നിഗമവൃന്ദ തുരഗം : വേദ വൃന്ദമാകുന്ന കുതിരകളാലും
നിരുപമം : ഉപമ ഇല്ലാത്തവനായി
സചണ്ഡികം : ചണ്ഡികയോടൊത്ത്
അമും : അവൻ
ഝടിതി സംഹത പുരം : ഝടിതിയിൽ ത്രിപുരം നശിപ്പിച്ചു


അനംഗപരിപന്ഥിനമജം ക്ഷിതിധുരന്ധരമലം കരുണയന്തമഖിലം
ജ്വലന്തമനലം ദധതമന്തകരിപും സതതമിന്ദ്രമുഖ വന്ദിതപദം
ഉദഞ്ചദരവിന്ദകുല ബന്ധുശതബിംബരുചിസംഹതി സുഗന്ധിവപുഷം
പതഞ്ജലിനുതം പ്രണവപഞ്ചരശുകം പരചിദംബരനടം ഹൃദിഭജ  9

അനംഗ : അംഗമില്ലാത്തവന് ( ദേഹം പരമേശ്വരൻ ചുട്ടെരിച്ചതിനാൽ പിന്നീട് കുറേക്കാലം ദേഹം ഇല്ലാതെയാണ് കാമദേവൻ ജീവിച്ചത്)
പരിപന്ഥിനം : ശത്രുവും (പരിപന്ഥി - ശത്രു)
അജം : ജനിക്കാത്തവനും
ക്ഷിതി ധുരന്ധരം : ഭൂമിയിൽ മറ്റൊരാളെ സഹായിക്കുന്ന നേതാവായി
അലം : വേണ്ടുവോളം/ മതിയാവോളം
കരുണയന്തമഖിലം : മുഴുവൻ പേർക്കും കരുണാമയനായും
ജ്വലന്തം : ജ്വലിക്കുന്ന
അനലം : അഗ്നി
ദധതം: വശമുള്ള
അന്തക രിപും : യമൻറെ ശത്രു
സതതം : എല്ലായെപ്പോഴും
ഇന്ദ്രമുഖ വന്ദിത പദം : ഇന്ദ്രൻ മുഖം താഴ്ത്തി വന്ദിക്കുന്ന പാദം
ഉദഞ്ചത് : വിടർന്ന
അരവിന്ദ കുല ബന്ധു - താമര പൂക്കൾക്ക് എല്ലാം ബന്ധുവായവൻ, അതായത് സൂര്യൻ
ശത ബിംബ രുചി  : നൂറ് ബിംബങ്ങളുടെ തിളക്കത്തോടെ 
സംഹതി : കൂടിച്ചേർന്ന പോലെ
സുഗന്ധി വപുഷം : സുഗന്ധമോലുന്ന ദേഹവും
പതഞ്ജലി നുതം : പതഞ്ജലിയാൽ സ്തുതിക്കപ്പെട്ടവനും (അഥവാ കാലിൽ തൊഴുകൈയോടെ വീണവൻ)
പ്രണവ പഞ്ചര : ഓംകാരമായ കിളിക്കൂട്ടിലെ
ശുകം : കിളിയും ആയ..

ഇനി സ്തോത്രത്തിൻറെ ഫലശ്രുതി

ഇതിസ്തവമമും ഭുജഗപുംഗവകൃതം പ്രതിദിനം പഠതി യഃ കൃതമുഖഃ
സദഃ പ്രഭുപദ ദ്വിതയദർശനപദം സുലളിതം ചരണശൃംഗരഹിതം
സരഃ പ്രഭവസംഭവഹരിത്പതി ഹരിപ്രമുഖ ദിവ്യനൃതശങ്കരപദം
സ ഗച്ഛതിപരം ന തു ജനുർജലനിധിം പരമദുഃഖജനകം ദുരിതദം


ഇതി : ഇപ്രകാരം
സ്തവമമും : ഈ സ്തോത്രം
ഭുജഗ പുംഗവ കൃതം : സർപ്പങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവന്നാൽ എഴുതപ്പെട്ടത് (പതഞ്ജലി ശേഷനാഗത്തിൻറെ അവതാരമാണെന്ന് ഒരു സങ്കൽപം ഉണ്ട്)
പ്രതിദിനം പഠതി : ദിവസേന പഠിക്കുന്നത് 
യഃ കൃതമുഖഃ 
നൈപുണ്യമുള്ള, അറിവുള്ള അവൻ
സദഃ സദസ്സിൽ
പ്രഭു പദ ദ്വിതയ : പ്രഭുവിന്റെ ഇരു പാദങ്ങളും
ദർശന പദം : ദർശിക്കുന്ന സ്ഥിതിയിലാകും
സുലളിതം : ഭംഗിയുള്ള /വളരെ ലളിതമായ
ചരണ ശൃംഗ രഹിതം : ദീർഘ സ്വരാക്ഷരങ്ങൾ ഇല്ലാത്ത ചരണങ്ങൾ
സരഃ പ്രഭവ സംഭവ : സരസിൽ പ്രഭവമായതിൽ ഉണ്ടായവൻ (സരസ്സിൽ ഉണ്ടായത് താമര താമരയിൽ ഉണ്ടായത് ബ്രഹ്മാവ്)
ഹരിത് പതി : ദിക് പാലകർ (ഹരിത് - ദിക്ക്)
ഹരി പ്രമുഖ : വിഷ്ണുവിനെ പോൽ പ്രമുഖരായവരും
ദിവ്യ നൃത : ദിവ്യമായി സ്തുതിച്ച
ശങ്കര പദം : ശങ്കരൻറെ സ്ഥാനം അല്ലെങ്കിൽ ശങ്കരന്റെ കാൽപാദം
സ : അവൻ
ഗച്ഛതി പരം : ഉയർച്ചയിൽ എത്തിച്ചേരുന്നു
ന തു : അങ്ങനെയല്ലാതെ
ജനുർജല നിധിം : ജനന (മരണ)ങ്ങളുടെ കടലിൽ
പരമ ദുഃഖ ജനകം ദുരിതദം : (അതും) പരമദുഃഖം ജനിപ്പിക്കുന്ന ദുരിതം തരുന്ന (അല്ല)


നവകം എന്നുപറഞ്ഞാൽ 9 പദ്യങ്ങളുള്ള സ്തോത്രം എന്നർത്ഥം  ഇവിടെ ശ്ളോകങ്ങൾ ഒൻപത് എണ്ണവും കഴിഞ്ഞ്, അതിന്റെ ഫലശ്രുതിയും കഴിഞ്ഞ് , ഇതിലൊന്നും ഉൾപ്പെടാതെ മറ്റൊരു ശ്ളോകം കൂടെ ശ്രദ്ധയിൽപ്പെട്ടു,  അത് ചുവടെ കൊടുക്കുന്നു. ഇത് എന്തുകൊണ്ട് മൂലകൃതിയിൽ ഉൾപ്പെട്ടില്ല എന്നൊന്നും അറിഞ്ഞുകൂടാ ഇനി അഥവാ ഇതും അതിൻറെ ഭാഗമാണെങ്കിൽ ഇത് പിന്നെ നവകം അല്ല  ദശകം ആണ്.

അഖണ്ഡവിധുമണ്ഡലമുഖം ഡമരുമണ്ഡിതകരം കനകമണ്ഡപഗൃഹം
സ്വദണ്ഡതലമുണ്ഡശശികുണ്ഡലിപ മണ്ഡനപരം ജലജഖണ്ഡജടിലം
മൃകണ്ഡുസുത ചണ്ഡകരദണ്ഡധര മുണ്ഡനപദം ഭുജഗകുണ്ഡലധരം
ശിഖണ്ഡശശിഖണ്ഡമണി മണ്ഡനപരം പരചിദംബരനടം ഹൃദിഭജ

അഖണ്ഡ വിധു മണ്ഡല മുഖം : ഭാഗിക്കാത്ത വിധു മണ്ഡലം പോലത്തെ മുഖം (പൂർണ്ണചന്ദ്ര മുഖം)
ഡമരു മണ്ഡിത കരം : ഡമരുവാൽ അലങ്കരിക്കപ്പെട്ട കരംകനക മണ്ഡപ ഗൃഹം : സ്വർണമണിഞ്ഞ നടന മണ്ഡപംസ്വദണ്ഡ : തൻറെ പരമാധികാരംതല മുണ്ഡ : ശിവൻശശികുണ്ഡ : വലയത്തിൽ ഉള്ള ചന്ദ്രൻലിപ : ലേപനം ചെയ്യുക, അടയാളംമണ്ഡന പരം :  അലങ്കരിക്കുന്ന ശീലമുള്ള, അലങ്കാരഭ്രമമുള്ള ജലജ ഖണ്ഡ ജടിലം : മുത്തുച്ചിപ്പിയില്‍നിന്നു കിട്ടുന്ന മുത്ത് മുറിച്ചു വെച്ചതു പോലെ ജടയും മൃകണ്ഡു സുത : മാർക്കണ്ഡേയൻ ( മൃകണ്ഡുവിൻറെ പുത്രൻ)ചണ്ഡ : ഉഗ്രമായ/ബലമുള്ള/ഊക്കുള്ളകര ദണ്ഡധര : കരദണ്ഡം ധരിച്ചമുണ്ഡന പദം : സംരക്ഷണ സ്ഥാനം അഥവാ പാദംഭുജഗ കുണ്ഡല ധരം : പാമ്പാകുന്ന ആഭരണം കാതിൽ ധരിച്ചശിഖണ്ഡ ശശിഖണ്ഡ : കുടുമയിൽ ചന്ദ്രൻറെ കഷണംമണി മണ്ഡനപരം : മുത്തു പോലെ അലങ്കരിക്കുന്ന


വൃത്തം : ശംഭുനടനം


Saturday, March 6, 2021

ശിവാഷ്ടകം

വൃത്തമഞ്ജരി പ്രകാരം ഒരു പദ്യത്തിലെ ഒരു വരിയ്ക്ക് ഉണ്ടാകാവുന്ന പരമാവധി നീളം 26 അക്ഷരങ്ങളാണ്. അതിന് മുകളിൽ അത് ഗദ്യമോ ദണ്ഡകമോ ആയിരിക്കും.  ഉത്‌കൃതി (26) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് ശംഭുനടനം. ശിവതാണ്ഡവ സ്തോത്രത്തിനുള്ളത് പോലെ ഒരു സ്വാഭാവിക നടന താളം ഉള്ളതുകൊണ്ടാകണം ഇതിന് ശംഭുനടനം എന്ന പേര് കൊടുത്തത്. പതഞ്ജലി എഴുതിയ പതഞ്ജലി നവകം അഥവാ നടേശ നവകം ഈ വൃത്തത്തിലാണ്.  

26 അക്ഷരങ്ങളുടെ നീളമുണ്ടെകിലും സത്യത്തിൽ ഇത് ആദ്യത്തെ 8 അക്ഷരങ്ങൾ 3 വട്ടം അതേ ക്രമത്തിൽ ആവർത്തിച്ച് ഒടുക്കം ഒരു ലഘുവും ഒരു ഗുരുവും കൂട്ടിചേർത്തതാണ്. അത് കൊണ്ട് തന്നെ ഘടനാ പരമായി ദ്വാദശപ്രാസം കൊടുക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു വൃത്തമാണ് ശംഭു നടനം.  

2 അക്ഷരങ്ങളുടെ ഒരു വാൽ മൂന്നാം ഭാഗത്ത് ചേരുന്നതിനാൽ ഇതിനെക്കൂടി രണ്ടായി പിരിക്കാനുള്ള ഒരു സാധ്യത കണ്ടിരുന്നു.  അതിൻ പ്രകാരം ദ്വാദശപ്രാസം കൊടുക്കാതെ ഷോഡശപ്രാസം കൊടുത്താണ് ഇത് എഴുതിയത്. 2, 10, 18, 22 എന്നീ സ്ഥാനങ്ങളാണ് ആദ്യത്തെ 7 പദ്യങ്ങളിലും പ്രാസത്തിനെടുത്തത്. അവസാനത്തേതിൽ അത് 3, 11, 19, 23 എന്നിവയായി.

ഷോഡശ പ്രാസം ഒറ്റ അക്ഷരവും ഇരട്ട അക്ഷരവും വെച്ച് കൊടുക്കാനാകും.  ഇതിൽ ആദ്യത്തെ 7 പദ്യങ്ങളും ഒറ്റ അക്ഷരം കൊണ്ടുള്ള ഷോഡശപ്രാസം ആണ്.  അതേ സമയം അവസാനത്തെ പദ്യം നോക്കുകയാണെങ്കിൽ അതിൽ അക്ഷരം ഇരട്ടിപ്പിച്ചാണ് ഷോഡശ പ്രാസം കൊണ്ടുവന്നിരിക്കുന്നത്.  ഷോഡശപ്രാസം കൊടുക്കുമ്പോൾ സ്വാഭാവികമായി കിട്ടുന്ന ദ്വിതീയ പ്രാസം ഇരട്ടിപ്പിച്ച അക്ഷരങ്ങൾ വരുമ്പോൾ ഇവിടെ നഷ്ടമാകും. അതിനാൽ അക്ഷരം ഇരട്ടിപ്പിക്കുന്നതിനോടൊപ്പം ദ്വിതീയ പ്രാസം കൂടി നാലു വരികളിലും കൊണ്ടുവരാനാണ് ശ്രമിച്ചത്.  ഫലത്തിൽ അത് ഷോഡശപ്രാസം + ദ്വിതീയ എന്ന കണക്കിൽ 16 + 4 എന്ന 20 അക്ഷരങ്ങളുടെ പ്രാസമായി മാറി. 

ശിവാഷ്ടകം

കരാളമിരുളേകിയ നിരാശമനവേപഥു തിരാർണ്ണവമൊരാധിയിളകേ
ചിരായ പലനൊമ്പരമരാളമുലയും ബത പരാജയനിരാസമുണരാൻ
നിരാതപമനസ്സൊരു മരാളഘനധാരയിലിരാചരനിരാവലികളും
തരാവുശിവനേ തവവിരാജിതമനം മമ, കിരാടികവരാവു മൊഴിയിൽ

കരാള - ഭയങ്കരമായ, ക്രൂരമായ, മാരകമായ 
വേപഥു -  വിറയല്‍, കമ്പനം, ഇളക്കം
തിരാർണ്ണവം - അലകടൽ
ചിരായ - വളരെ കാലമായുള്ള
അരാളം - ചാഞ്ചല്യം
നിരാസം - നിരസിക്കല്‍
നിരാതപ - ചൂടില്ലാത്ത
മരാളം - മേഘം
ഇരാചര - ആലിപ്പഴം
കിരാടിക - പഞ്ചവർണക്കിളി


കലാധരപരായണ ഹലാഹലഗളം സുരപലായന വിലാപശമനം
പ്രലാപിമനവേദനയലാതമെരിയേ കൃപവലാഹകമിലാവുമഴയായ്
ജലാശയവിഭാവന പലാശനിറസൈകതവിലാസിത കലാപിനടനം
ജലാഷമനപൂർണ്ണിമലലാമ മതിശോഭിത നിലാവിലെ വലാകചിതിപോൽ

പരായണ - ആശ്രയിച്ചിരിക്കുന്ന
ഹലാഹലം - കൊടിയ വിഷം
പ്രലാപി -  പ്രലപിക്കുന്ന
അലാതം - തീക്കൊള്ളി
വലാഹകം -  മേഘം
ഇലാവുക - ഉലാവുക
പലാശ - പച്ചനിറമുള്ള
സൈകതം -  മണല്‍ത്തിട്ട, മണല്‍പ്രദേശം
കലാപി - മയിൽ
ജലാഷം -  സുഖം, ആനന്ദം, സന്തോഷം
ലലാമ - ഭംഗിയുള്ള, കൗതുകം തോന്നിക്കുന്ന 
വലാക - വെള്ളിൽ കിളി, മേഘങ്ങൾക്കും മേലെ ഉയരങ്ങൾ തേടി പറക്കുന്ന പക്ഷി
ചിതി -  പ്രജ്ഞാനം, ഗ്രഹണം, അറിവ് 


സ്തവാദിഗണഗീതിക ദിവാനിശജപം ഭവനിവാരണ ദവാഗ്നിപടരാൻ
പ്രവാഹമണയേ, മദയവാസമെരിയേ, കൃപയവാന്തരഖവാരി തഴുകേ,
അവാച്യമൊരുചേതന വിവാരപദതല്ലജ സുവാസിതകവാരഹൃദയം
ഭവാനിപതിയെൻമന നിവാസമരുളേ മമശിവാ! ദിവകവാടനികടം


ദിവാനിശ - രാപ്പകൽ
ദവാഗ്നി - കാട്ടുതീ
ഖവാരി -  മഞ്ഞുവെള്ളം, മഴവെള്ളം
മദം - കോപം/ ഐശ്വര്യം കൊണ്ടുണ്ടാകുന്ന അഹങ്കാരം 
അവാന്തര - ഉള്ളില്‍പെട്ട
യവാസം - കടുത്തുവ, ചൊറിച്ചിലുണ്ടാക്കുന്ന തരം പുല്ല്
വിവാരം - വിരിവ്
തല്ലജം - ശ്രഷ്ഠം, പ്രശസ്തം
കവാരം - താമര
ദിവം - സ്വർഗ്ഗം
നികടം - അടുത്ത്


പ്രമാദമദകാമന കുമാരഗുരുനീക്കിടു യമാന്തക നമാമിസതതം
അമാന്തമരുളാതൊരു ശമാദിഗുണഭൂഷണമുമാപതി സമാഹിതവരം
പ്രമാണമകമേ ദിവസമാനവഴിപൂമുഖസമാഗതകമാനമഴവിൽ
ഹിമാലയഗിരീശനസമാഗമമനം പരിസമാവൃത സമാധിനിലയം


പ്രമാദം -  ചെയ്യേണ്ടതു ചെയ്യാതിരിക്കൽ/  മൂഢത,
മദം - ഐശ്വര്യംകൊണ്ടുണ്ടാകുന്ന അഹങ്കാരം 
കുമാര ഗുരു - ദക്ഷിണാമൂർത്തി
സമാഹിത - വാഗ്ദാനംചെയ്ത /ഒരുമിച്ചു കൂടിയ
സമാവൃത - ചുറ്റപ്പെട്ട/രക്ഷിക്കപ്പെട്ട


പ്രഹാരികവരം കരികഹാഹപരിവാഹന വിഹാപിതസഹായചരണം
വിഹായമിരുളിൻമറ സഹാരിയറിവിന്നൊളി സുഹാസിത മഹാതമഹതം
മഹാസതിസമാഹൃത മഹാനടനനാടക മഹാസ്ഥിതിവിഹാരമുലകം
നിഹാരചിരഭോജനഗൃഹാന്തരസുഖംനനു മഹാശിവനു ഹാ അതിസരം?

പ്രഹാരി - പ്രഹരിക്കുന്ന
കവരം - ഗർവ്വം
കരി - കറുത്ത
കഹാഹം - പോത്ത്
വിഹാപിത - നൽകപ്പെട്ട
വിഹായ - പിന്നിട്ടുകൊണ്ട്
സഹാരി - സൂര്യൻ
സമാഹൃത - കൂട്ടിച്ചേര്‍ക്കപ്പെട്ട
നനു -  ചോദ്യം ആക്ഷേപം അനുനയം അനുജ്ഞ തുടങ്ങിയവ കുറിക്കാന്‍ ഉള്ള പ്രയോഗം
അതിസരം - പ്രയത്നം

പ്രപാതമളവിൽ വരനിപാതനിചയം തരുമപാനൃത ജപാദിവിധിയിൽ
ഉപാസിതസുഭക്തനനുപാതമനപേതഗതി പാലയ കപാലിസവിധം
നൃപാലഗണനാഥനനപാകരണവൈരി തവപാടലിക പാരമറിവൂ
ഉപാഗതജനംവരുമപാരചരണം ഗുരുകൃപാനിധി വിപാകമരുളും

പ്രപാതം - വെള്ളച്ചാട്ടം
നിചയം - കൂട്ടം, ശേഖരം
അപാനൃതം - കള്ളമില്ലാത്ത
അനുപാതം - പിന്തുടരൽ
അനപേത -  വിട്ടുകളയാത്ത
അനപാകരണം - അപ്രകാരം ചെയ്യാതിരിക്കൽ /‍കൊടുക്കാതിരിക്കൽ
പാടലിക - അന്യന്‍റെ രഹസ്യങ്ങളറിയുന്ന/കാല ദേശ ജ്ഞാനമുള്ള
വിപാകം - ഫലം


സുതാര്യ ഹൃദികാമന നിതാന്തതവചിന്തന നതാനനവിതാനസവിധം
സിതാരുണവികാസിത സുതാരക വികാശമനുതാപമനതാരിലുയരാൻ
ഹിതാദരനിവേദനമിതാണു പദമാലിക ശതാഗദിത താമരദളം
പ്രതാപഗിരിരാജ മമ താന്തമനമന്തരപതാപതകൃതാന്തകദനം

നതാനനം - കുനിഞ്ഞ മുഖം
വികാശം - സുഖാനുഭവം/ ഏകാന്തത
അനുതാപം - താപം നീങ്ങിയ
ഹിതാദര - ഹിതവും ആദരവും
അഗദിത - പറയപ്പെടാത്ത
പതാപത -  കൂടെക്കൂടെ വീണുപോകുന്ന
കൃതാന്ത - അവസാനിപ്പിച്ച


ജഗത്തിനുപിതാവരിയൊരുത്തമകുലീനവധുവൊത്തിതു പകുത്തവപുവാൽ
അഗത്തിനധിപൻ ഗിരിയുയർത്തിയൊരു തുംഗസവിധത്തിലൊരു നർത്തനവിധം
'ഭഗ"ത്തിനധിപൻതവ കൊടുത്തതിരുമംഗലമുഖത്തിനൊരു കീർത്തിതിലകം
യുഗത്തിനൊടുവുള്ളവിലയത്തിലുമതേപടി,യൊരുത്തനതു ചാർത്തിയതിനാൽ

വപു - ദേഹം
അഗത്തിനധിപൻ - ഹിമവാൻ
ഭഗത്തിനധിപൻ - ഐശ്വര്യം, സമഗ്രത, ധർമ്മം, യശസ്സ്, ശ്രീത്വം, ജ്ഞാനം, വൈരാഗ്യം ഇവ ഉള്ളവൻ

വൃത്തം : ശംഭുനടനം
പ്രാസം :  ഷോഡശപ്രാസം

ജകാര സനഭത്തൊടു ജകാര സനഭം ലഘു ഗുരുക്കളിഹ ശംഭുനടനം





Saturday, February 20, 2021

ഭൂതോദയം

അതിധൃതി (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അമലതരം. ഇതിന് രസരംഗവുമായി ഒരു സാമ്യമുണ്ട്.  മൊത്തം 19 അക്ഷരങ്ങളുള്ളതിൽ ആകെ 3 അക്ഷരങ്ങളെ ഗുരു ആയിട്ടുള്ളൂ, ബാക്കിയെല്ലാം ലഘുക്കളാണ്. 7, 12, 19  എന്നീ സ്ഥാനങ്ങളിൽ മാത്രമാണ് ഗുരു വരുന്നത്.

അതേ സമയം രസരംഗം ആണെങ്കിൽ മൊത്തം 16 അക്ഷരങ്ങൾ, അതിൽ ഗുരു വരുന്നത് 5, 6,11, 12, 15, 16 എന്നീ സ്ഥാനങ്ങളിൽ മാത്രം. ഇതിൽ ആറാമത്തെയും, പന്ത്രണ്ടാമത്തെയും പതിനഞ്ചാമത്തെയും   ഗുരുക്കളെ  ഈരണ്ടു  ലഘുക്കളാക്കി മാറ്റുന്നു. സ്വാഭാവികമായും വരിയുടെ നീളം 16ൽ നിന്നും 19 ആയി മാറും, എന്നാൽ ഇവ രണ്ടും  ചൊല്ലാനെടുക്കുന്ന സമയം ഒന്നു തന്നെയാണ് എന്നും കാണാം.


ഉദാഹരണമായി,

നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ - രസരംഗം 

നവ മുകുളം പടി കവനമുയർത്തിടുമവയിവനിൽ - അമലതരം  


ദ്വാദശപ്രാസം കൊടുത്തതാണ് ഇത് എഴുതിയിട്ടുള്ളത്. ഓരോ വരിയിലും 2,9,18 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ് വരുന്നത്. അങ്ങനെ 4 വരികളിലായി മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു   

ഭൂതോദയം

യുമൊരാർദ്രത വയുമൊരാകുലനിനവകൾ
ജ്വനമണഞ്ഞുമിതുനകനൽ പുകമറതയിൽ
യഴിയാനിതു ഹമെരിയാൻ മതി വൃതനിയിൽ
ദിനമായിതു ചനവിഹീനവുമൊരു ശിപോൽ

ചിറിയചിന്തന സതമുയർന്നൊരു വിപിനതി
,യറിയില്ലൊരു ജിമനകാമനവഴി വിതം
ഭൃമറിവിൻ മധുവിളിടുവാനൊരു ഹൃദയടം 
വിധിയാലൊരു വ്രസമയം പരിചൊടുമുകാം

ചിസമയം മനവിസവുമാം ദിനമനവതം
സുഭിലമാമൊരു തളകിനാവല പുതുകിണം
സ്ഫുണവുമേറ്റതു മതകമാം നിറലയഭമായ്
ത്വയുണരും ഹൃദിതികളിലോ പുതുനിരനിയായ്

ലവിരാഗത കലെരിയുന്നൊരു ജനമമേ
വിയെരിയുന്നതിലഘ വിശോകത നിറകകം
തുനിഭാലന നിവുപടർന്നൊരു മമമമേ
വുപകർന്നിടു, ദിമുഖമായ്പ്പകരുക ഖകം

ടവുമാം പലചലകിനാമണിനിറയെ തിർ
ചയമായ് കള,യുചിതിയായ് ത്തരു പുതിയഥം
ദിമനസ്സുണരുരതിയാൽ തിരയുവതു രം 
ഗതമായ് മനമുവനമായൊരു പുതുവിലം 

വിലടിഞ്ഞൊരു കവുകളങ്കവുമടിയികും
യകലേ, കനിവിയുവതോ നലമണിമുകൾ
വെയിലേറ്റതു വരുവതുണ്ടൊരു ചിതിവിപോൽ
വറിയുന്നൊരുതിമനമാം കുളിരൊരു പുകം

വിലതയും മനവിടതയും സ്വയമെരിയുയായ്
മനചൂളയിൽ പരുക നീരലയൊരുശലം
പ്രരജലാശയമരിവിഭാവന നിധിനിടം
പ്രടവുമായ് വനമുരി വിരിഞ്ഞൊരു ഋതുനിരം

നകുതൂഹല ഹൃയമുണർന്നൊരു പുതുസനം
നമനോഹരമഭര രാഗവുമനുപമായ്
പ്രസുഭഗം നറുവിലസുമംസമ മമവനം
നുവരും തിരയുധിദധി ദ്യുതിയതിലുയം

നകരം വരുമനിയിരുൾ മറയഴിയുതായ്
ഗതമാം മനഭുനവുമോ പ്രഭവഴിയുതായ്
നശിഖാമണി കരുകിരുൾമറ മമശിനേ
നിരുകനീയൊരു കുലയമായ് പ്രഭു മനമിനിൽ

തൃധുരഭാവനയലതരം നറുകലികണം
ഭ്രരമണഞ്ഞൊരു കലദളം തരുമിനിയദം
പ്രദവനം പരനി കവരുന്നതിനഴകുതിൽ
ദ്രുസദൃശം ലതസുലസിതം കിസലയകനം



വൃത്തം : അമലതരം
പ്രാസം : ദ്വാദശപ്രാസം

പദപരിചയം
കല : കരിഞ്ഞ പാട്
ഹലം : വൈരൂപ്യം
വൃത : മറയ്ക്കപ്പെട്ട/ഒളിക്കപ്പെട്ട
സതതം : നിത്യവും/എല്ലാപ്പോഴും
തതി : വിസ്താരം/സമൂഹം/കൂട്ടം/
വിതതം : ദൂരെ
പരിചൊട് : ഭംഗിയായി/വേണ്ടതുപോലെ
അനവരതം : തുടർച്ചയായി
തനത് : തൻറേതായ
നിഭാലനം : ആത്മജ്ഞാനം
ദിനമുഖം : പ്രഭാതം
ഖനകം : ഖനി
ഉപചിതി : ഐശ്വര്യം/കൂട്ടിവയ്പ്പ്,/‍വര്ധന
സപദി : വേഗം
ഉപരതി : വിരക്തി
പരം : പരമമായത്, ഏറ്റവും ശ്രഷ്ഠമായത്
ഉപഗതം : നേട്ടം, സമ്പാദ്യം
വിപലം : നിമിഷം
ചിതി : പ്രജ്ഞാനം/ഗ്രഹണം/അറിവ്/ ചൈതന്യം
ഉളവ് : ഉണ്ടാകല്‍, ഉദ്ഭവം
തിള : പ്രകാശം
പ്രകര : അധികം ചെയ്യുന്ന
മകരി :  സമുദ്രം
നികടം : അടുത്ത്
മുകരി : മുല്ല
നികരം :  സമ്മാനം/നിധി
പ്രദ : പ്രദാനം ചെയ്യുന്ന
വിദല : വിടർന്ന
തദനു : അതിനു ശേഷം
ഉദധി : സമുദ്രം
ദധി : പാൽ/തൈര്
സവനൻ : സൂര്യൻ
അവഗത : അറിഞ്ഞ/പഠിച്ച/മനസ്സിലാക്കിയ
അവനം : രക്ഷണം/പാലനം/‍പോറ്റൽ
കിസലയം : തളിര്
കമനം : അശോകവൃക്ഷം

അമല തരാഭി ധമിഹ നജനം സന നഗ വരികിൽ




Saturday, February 6, 2021

മനവാനം

 അതിധൃതി (19 ) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു വൃത്തമാണ് ഭ്രമരാവലി.  മല്ലിക എന്ന വൃത്തവുമായി ഏറെ സാമ്യമുള്ള ഒരു വൃത്തമാണിത്. മല്ലിക വൃത്തത്തിന്റെ ആദ്യാക്ഷരം എടുത്ത് മാറ്റി പകരം അവിടെ രണ്ടു ലഘുക്കൾ വെയ്ക്കുകയാണെങ്കിൽ ഭ്രമരാവലി ആയി.

ഉദാഹരണത്തിന്,

ഈ  വിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - മല്ലിക 

അതിവിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - ഭ്രമരാവലി 


മനവാനം

കതിരിടും സരസങ്ങളാം നിമിഷങ്ങളാർന്നലയും മനം
പതിവുപോൽ ഗഗനം മുഴുക്കെയലഞ്ഞ  മേഘമരാളമോ
അതിവിശാലനഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ
മതിവരാതൊഴുകുന്നതുണ്ടു  കിനാക്കളേറെ മനസ്സിലും

പുലരിവന്നു, മനസ്സിലും പുതുനാമ്പിടും ശുഭകാമന
മലരണിഞ്ഞതിനാൽവരും, ദിനശോഭതന്നെ നഭസ്സിലും
വലയുമേറെ വിടർന്നകാമനയസ്തമിച്ചതിനപ്പുറം
കലതെളിഞ്ഞുവരാം വിചിന്തനമത്രമേൽ മറനീങ്ങിയാൽ

തരളിതം നിനവിൻറെപൂന്തിരകൊണ്ടു ദോളനലാളനം
തിരമനംപടരുംനിലാവല ലോലമാം നലവെണ്മയും
സുരപഥം ഗഹനം നിതാന്തവുമെന്തിനേറെ, ഹൃദന്തവും
തിരയിടും പലചിന്തകൾ വരുമന്തരംഗമചിന്തനം

നിറമണിഞ്ഞുമനം ദിനം പലനേരമോ പലഭാവമായ്
കറയണിഞ്ഞഴലിൻറെ നൊമ്പരമന്ധകാര നഭസ്സമം
ചെറുവിഭാവനകാന്തി താരകപോലെനിന്നു തമസ്സിലായ്
വെറുതെമിന്നിയതോ വിഭാവരിപോലെ വന്നൊളിചിന്നിടും

ചിരിയണിഞ്ഞുമിനുങ്ങി താരകളെന്നപോൽ മനവാനിലും
കരിമുകിൽ നിറമാലവന്നു കനത്തതാകുലചിന്തകൾ
ചൊരിയുമാ മഴപോൽക്കരഞ്ഞുമനം പലപ്പൊഴുമുള്ളിലായ്
അരിയരാഗമണിഞ്ഞു സംഗമവേളതൻ നിറജാലമായ്

പ്രഭപരത്തിയമിന്നലും വരുമീറനാം മുകിൽമൂടിയാൽ
നിഭവെളിച്ചമുദിച്ചിടാവു മനസ്സിനാതുരമോർമ്മപോൽ
നഭമടർന്നിടിവാളുവീണതുപോലെ മാനസചോദകം
സുഭഗമാം പ്രിയമുള്ളൊരോർമ്മ കഴിഞ്ഞകാലമതിൻസ്മൃതി

ഹൃദയവാനവുമാകമാനമുലഞ്ഞു പൂത്തുപുലർന്നിടാം
ഉദയവും പുനരസ്തമിക്കലുമുണ്ടിതേ മനവാനിലും
മദനരാഗമണിഞ്ഞപോലൊരു മാരിവില്ലുതെളിഞ്ഞിടാം
കദനമാമിരുൾമൂടിനിന്നു നിരാശകൊണ്ടു കറുത്തിടാം

അപചയം വരണുണ്ടു ചന്ദ്രനു വൃദ്ധിയും പിറകേവരും
കപടമായവികാരവും ബത തെറ്റുമേറ്റു തിരുത്തലും
ചപലമാം പടുശങ്ക പിന്തുടരും ദുരന്തവിചിന്തനം
സപദിവന്നുമറഞ്ഞു പോയിടുമുള്ളിലും ഒരുകൊള്ളിയാൻ

ദിവസവും മനമാർത്തവൃത്തി സമാപ്തികണ്ടു സുഷുപ്തിയിൽ
ധ്രുവനുമുണ്ടുമതേവിധം ചിരതാരയായതു സുസ്ഥിരം
അവനിയിൽ വലയുന്നവർ ദിശതേടുവാനതുനോക്കിടും
ജവനചിന്തകളിൽത്തളർന്നമനം വരുന്നതു നിദ്രയിൽ 

തെളിനിതാന്തമനന്തവാനിലെ കാമരൂപമുകിൽത്തിര
തെളിമനംനിറയുന്നതോ പലകാമ്യ കാമനജാലവും
ഒളിതരുന്നൊരുസൂര്യനും മറയുന്നുമേഘമിടയ്ക്കിടേ
നളിനകാന്തനുമുണ്ടതേപടിയന്തരംഗമതിങ്കലായ്

മുളവരുന്ന പുതുപ്രതീക്ഷകളെങ്ങു നിന്നറിവീലപോൽ
അളകനന്ദവരും കണക്കൊഴുകുന്നു ഗംഗയിലൊത്തിടാൻ
പുളകമാർന്നതുടിപ്പു വൈഖരിയായി വാഹിനി ഗംഗയായ്
അളവറിഞ്ഞവരാരിതുണ്ടു നഭസ്സിലുള്ളൊരു ഗംഗപോൽ

ധരണിതന്നിലൊടുങ്ങിവീണതിനില്ലപിന്നെ നിവൃത്തവും
സ്വരമണിഞ്ഞു പുറത്തുവീണ മൊഴിക്കുമുണ്ടുമതേ വിധി
ഉരയുമേതൊരുവാക്കിനും  തിരികേവരാൻ വഴികാണുമോ
ധരണിതന്നിലലിഞ്ഞുചേർന്നതു ഭാവിനാളു മെനഞ്ഞിടും

ഗഹനമാം ഗഗനത്തിനാഴമറിഞ്ഞു വന്നവരില്ലപോൽ
ഗഹനമാം ഹൃദയത്തിനാഴമറിഞ്ഞതില്ല സതീർത്ഥ്യരും
സഹചരൻ സഹപാഠിയും സഹവാസിയാം സഹധർമ്മിണി
സഹജനും സഹജാ സഹായിയുമൊന്നുപോലെ പരാജിതർ

ശ്രവണമാണിതൊരേവരം നഭമെന്ന ഭൂതമറിഞ്ഞിടാൻ
ശ്രവണമാണു പരൻറെയുള്ളുമറിഞ്ഞിടാനൊരു പോംവഴി
അവനിയിൽ വഴി വേറെയില്ലിവ രണ്ടുമിന്നൊരുപോൽവരും
ഇവതരുന്നതു സാമ്യമോ തനിരൂപകം കിലതന്നെയോ

വൃത്തം: ഭ്രമരാവലി

പദപരിചയം
കല : ചന്ദ്രക്കല
ലോല : ആകാംക്ഷയോടുകൂടിയ, പ്രത്യാശിച്ചുകൊണ്ടിരിക്കുന്ന
അചിന്തനം : ചിന്തിക്കാൻ ആവാത്തത്
വിഭാവരി: നക്ഷത്രങ്ങളുള്ള രാത്രി
നിഭ : പോലെ/ സാദൃശ്യമുള്ള
ചോദകം: പ്രേരിപ്പിക്കുന്നത്
സപദി:  ഉടനെ, തത്ക്ഷണം
ജവന: അധികം വേഗതയുള്ള
കാമരൂപൻ : ഇച്ഛാനുസരണം രൂപം മാറ്റാൻ കഴിവുള്ളവൻ
നളിനകാന്തൻ : ലക്ഷമീകാന്തൻ

വൈഖരി : ഉച്ചഭാഷണം അഥവാ പുറത്തേക്ക് വന്ന വാക്ക്.
യോഗ ശാസ്ത്രമനുസരിച്ച് ഒരു ചിന്ത വാക്കായി രൂപപ്പെടുന്ന പ്രക്രിയ നാലായി തരം തിരിച്ചിരിക്കുന്നു.
1)  പര - ആദ്യത്തെ ഉന്നതാവസ്ഥ, ചിന്ത ബോധമണ്ഡലത്തിനും പുറത്തെവിടെയോ ഉള്ള അവസ്ഥ
2) പശ്യന്തി - കാണുക, ബോധം അത് തിരിച്ചറിയുന്ന അവസ്ഥ
3) മാധ്യമ - ചിന്ത പ്രകടമാകാൻ ഉപയോഗിക്കുന്ന മാധ്യമം
4) വൈഖരി - പുറത്തേക്ക് വന്ന വാക്ക്

നിവൃത്തം: നിവർത്തിക്കൽ മടങ്ങിപ്പോക്ക് അഥവാ തിരിച്ചുപോക്ക്
പരയും പശ്യന്തി യും മധ്യമയും നിവർത്തിക്കാം, എന്നാൽ വൈഖരി ഒരിക്കലും നിവർത്തിക്കുന്നില്ല.

സതീർത്ഥ്യൻ : ഒരേ ഗുരുവിൽനിന്നും പഠിച്ചവൻ
സഹപാഠി: ഒപ്പമിരുന്ന് പഠിച്ചവൻ
സഹജൻ/സഹജാ: സഹോദരൻ /സഹോദരി

പഞ്ചഭൂതങ്ങളെ അവ ഏതെല്ലാം തരത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നതിനനുസരിച്ച് സൂക്ഷ്മമായതിൽനിന്നും സ്ഥൂലമായതിലേക്ക് എന്ന ക്രമത്തിൽ തരംതിരിച്ചിരിക്കുന്നു. കേട്ടു മാത്രം അറിയാൻ  സാധിക്കുന്ന ഒന്നാണ് ആകാശം.

ഭൂതങ്ങൾ കേൾവിസ്പർശംകാഴ്ചരുചിഗന്ധം
ആകാശം ✓xxxx
വായു ✓ ✓xxx
അഗ്നി ✓ ✓ ✓xx
ജലം ✓ ✓ ✓ ✓x
ഭൂമി ✓ ✓ ✓ ✓ ✓

  
രൂപകം : അവർണ്യത്തോടു വർണ്യത്തിന്നഭേദ്യം ചൊല്ക രൂപകം

കില: വാസ്തവത്തില്‍, സത്യമായിട്ട് 


നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി




Saturday, January 23, 2021

ഭൂമിക്കിനാക്കൾ

 ശാർദൂലവിക്രീഡിതത്തിന് ഒരു ഗുരു തുടക്കത്തിൽ ചേർത്തു കൊടുത്താൽ അത് മത്തേഭ വിക്രീഡിതം ആകും. അപ്പോൾ യതി 12 ൽ നിന്നും 13 ലേക്ക് മാറും. മുറിഞ്ഞു നിൽക്കുന്ന വരിയിൽ രണ്ടു തവണ വീതം പ്രാസം ചേർത്താൽ 4 വരിയിലായി  8  തവണ ഒരേ അക്ഷരം ആവർത്തിക്കും. ഇതാണ് അഷ്ടാക്ഷര പ്രാസം.


ഭൂമിക്കിനാക്കൾ

മുള്ളോലുംകള്ളിവളർന്നിതെത്ര, വരളും,വിള്ളുന്നഭൂവൂഷരം
ചുള്ളിക്കമ്പിൻകറുപഞ്ജരം ചലിതമാംവള്ളിക്കുടിൽ നിന്നിടം
വെള്ളിച്ചില്ലിൻ പവിഴംപൊഴിഞ്ഞ മണിതൻ തുള്ളിക്കുകേഴുമ്പൊഴും
പൊള്ളുംചൂടിൻ പൊരിവേനലിൽത്തളരുകില്ലുള്ളം കുളിർതേടിടും

പച്ചച്ചപ്പാടമണിഞ്ഞൊരാ കതിരുപോയ് കച്ചിത്തുരുത്തുമ്പുകൾ
കച്ചേലും വർണ്ണമണിഞ്ഞു ശാദ്വലതരം പച്ചപ്പിലാറാടിടാൻ
ഉച്ചത്തീനാമ്പഴലേറ്റഭൂമി ഭഗവൽ തൃച്ചേവടിത്താരിലായ്
നിച്ചം കൈകൂപ്പിവണങ്ങി തൻവ്യഥയതിൽ വെച്ചുള്ളഹൃദ്സ്പന്ദനം

കൊല്ലുംചൂടിൻകിരണം പതിച്ചതനുവോ വല്ലാതെവേവുമ്പൊഴും
ഇല്ലാതില്ലുള്ളിലൊരാഗ്രഹം വരളുമീ പൊല്ലാതിടം മാറിടാൻ
കല്ലോലംവീശിനിറഞ്ഞ സാരസതടം ഹൃല്ലേഖധാരാപഥം
നല്ലോരോമൽക്കനവിൻ നറുംകലികകൾ അല്ലിത്തളിർമൊട്ടുപോൽ

പന്നീരോലും മധുപെയ്തപോൽ വരണമാ കന്നിക്കുളിർമാരിയും
കിന്നാരംചേർത്തു തലോടിടാൻ തണുവെഴുംതെന്നൽതരും ലാളനം
മന്നിങ്കൽവന്നൊരു ഭാഗ്യസൂക്തമുരയാൻ മിന്നൽത്തുടിത്താളവും
മിന്നുംപൊൻപുഞ്ചിരിചേർന്ന വെൺപ്രഭതരും പൊന്നോണനാളിൻ രസം

കട്ടിപ്പുല്ലിന്നിടതൂർന്നുതിങ്ങിയൊരിളം പട്ടാടനീരാളമായ്
മേട്ടിൽ മേച്ചിൽപ്പുറമൊന്നുതീർത്തുതരണം കാട്ടിൽമരക്കൂട്ടവും
കൂട്ടിൽ പൊൻപൈങ്കിളിപാടുമൊച്ചയുയരേ പൊട്ടിത്തരിക്കുന്നതാം
ഞെട്ടിൽ വെൺപുഞ്ചിരിയോടെ പൂത്തുവിലസും മൊട്ടിൻറെശൃംഗാരവും

ചെത്തിപ്പൂ,പിച്ചക,ചെമ്പകം, കദളിയും പൂത്തോരുകാലംവരും
സത്തായെത്തും കനികൾവിളഞ്ഞ സുഫലം  അത്തിപ്പഴംമാമ്പഴം
തത്തിത്തത്തും കിളികൾക്കതന്നവിഭവം  വാഴ്ത്തുന്നു വായ്ത്താരിയാൽ
പേർത്തും സന്തോഷദിനങ്ങളിങ്ങണയവേ നൃത്തംചവിട്ടും മനം 

ഇമ്പത്തിൽ തുമ്പികളിങ്ങുതേടിവരണം പൂമ്പാറ്റകൾപാറണം
മുമ്പത്തേപ്പോളുലകം വസന്തവനിയായ് പൂമ്പാലതൻ ഗന്ധവും
ചെമ്പൊന്നിൻ വർണ്ണവിലാസമാൽ ശബളമാം വമ്പോടെപൂങ്കാവനം
കാമ്പോലുംസ്വപ്നമിതും വിപാകമണിയാൻ തുമ്പങ്ങളും തീർക്കണേ

തീപ്പന്തംപോലെരിയുന്ന സൂര്യകിരണം വേർപ്പില്ലയാചൂടിലും
കർപ്പൂരം പോൽ ശശിശീതരശ്മിസഹിതം ഒപ്പത്തിനൊപ്പംവരും
കൈയ്പ്പേറുംനാളുകളും മറഞ്ഞസമയം കാപ്പിട്ടൊരുങ്ങീടണം
അപ്പോൾപോരൂ വിധുസൂര്യരേ ചമയമായ് പപ്പാതിനേരംതരാം

ക്രൗഞ്ചങ്ങൾതന്നതിതുംഗശൃംഗസവിധം സഞ്ചാരിമേഘങ്ങളും
തുഞ്ചത്താവാനപഥത്തിനെപ്പൊതിയവേ വെഞ്ചാമരംവീശിടും
പുഞ്ചപ്പാടംകതിരാർന്നു തീറ്റതിരയും തഞ്ചുംകിളിക്കൊഞ്ചലും
പൂഞ്ചോലപ്പാലൊഴുകുംതടം ഉറവിടാൻ കെഞ്ചുന്നുനിൻകാൽക്കലിൽ

അന്തിച്ചോപ്പിൻ തൊടുകുങ്കുമംപടരവേ ചെന്താരകംചിന്നിടും
സന്താപത്തിൻ തിരമാഞ്ഞൊരാഗഗനവും ചിന്തിപ്പതിൻകൗതുകം
കാന്തംപോൽ പ്രോജ്വലഭാവിയാസ്മരണയിൽ പൊന്തുന്നിതുൾക്കാഴ്ചകൾ
അന്തർദാഹം വിരവോടുതീർന്നുവരുവാൻ എന്തുംസഹിക്കാംവിഭോ
 


വൃത്തം: മത്തേഭവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ഊഷരം : ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി 
കച്ചേലും : ഭംഗിയുള്ള
ശാദ്വല : പച്ച പുല്ല് നിറഞ്ഞ
നിച്ചം : നിത്യം
ഹൃല്ലേഖ : ഹൃദയത്തിലെ ചാല്, സ്വപ്നങ്ങളും വികാരങ്ങളും ഒഴുകുന്ന വഴി
പൊല്ലാത :  ചീത്തയായ,/കൊള്ളരുതാത്ത /ശോഭിക്കാത്ത
നീരാളം : പുതപ്പ് /വിരി /കസവു വസ്ത്രം
പേർത്തും : അധികമായി / പിന്നെയും/നല്ലപോലെ
വിപാകം : ഫലം/ സ്വാദ്
ക്രൗഞ്ചം : പർവ്വതം
വിരവോട് : വേഗത്തിൽ

ശാർദ്ദൂലാഭൗ ഗുരുവൊന്നു ചേർത്തിടുകിലോ മത്തേഭവിക്രീഡിതം




Saturday, January 9, 2021

കാണാക്കുയിൽ പാട്ട്

 അതിധൃതി   (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് മകരന്ദിക. ശിഖരിണി എന്ന വൃത്തവുമായി ഇതിന് സാമ്യമുണ്ട്.  രണ്ടിനും 6 അക്ഷരങ്ങൾക്ക് ശേഷം യതി ഉണ്ട്. ആദ്യത്തെ 12 അക്ഷരങ്ങൾ രണ്ടു വൃത്തങ്ങൾക്കും ഒരു പോലെ തന്നെ. മകരന്ദികയ്ക്ക് 12-)മത്തെ അക്ഷരം കഴിഞ്ഞാൽ രണ്ടാമത്തെ യതി വേണം, ശിഖരിണി ഒരു യതിയെ ഉള്ളൂ. ശിഖരിണിയ്ക്ക് തുടർന്ന് 5 അക്ഷരങ്ങളെ വരുന്നുള്ളൂ. മകരന്ദികയ്ക്ക് തുടർന്ന് 7  അക്ഷരങ്ങൾ വേണം . അധികം വേണ്ട 2 അക്ഷരങ്ങളിൽ ഒരു ലഘു തുടക്കത്തിലും ഒരു ഗുരു 3 അക്ഷരങ്ങൾക്ക് ശേഷവും ചേർത്താൽ മകരന്ദിക ആയി. ശിഖരിണിയുടെ ഒരു നീട്ടിയെടുത്ത പതിപ്പാണ് മകരന്ദിക

ഉദാഹരണത്തിന് 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മോഹന രവം - ശിഖരിണി 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മനോഹര ഗാനമാ - മകരന്ദിക 


കാണാക്കുയിൽ പാട്ട്

ഇളം കാറ്റേ മൂളും ചതുരവിരുതാൽ മനോഹരഗാനമാ
മുളംതണ്ടിൽപ്പോലും കളമൃദുരവം വിടർത്തിയുണർത്തിടാൻ
നവദ്വാരം വീണോരെളിയ കുഴലിൽ വിളിച്ചൊരു ചൂളമാൽ
പ്രവർഷം ഹർഷത്തിൻ പുളകമഴയാൽത്തരും മനമോദവും

വെറും പാഴ്ത്തണ്ടിൽനീ കയറിനിവരും വിലോലവിലാസമാൽ
നറുംപാൽ തന്നാഴിത്തിരകളുയരും ശുഭോദയസൗഭഗം
ലതാകുഞ്ജംതന്നിൽ മദനസദനം തിരഞ്ഞൊരുപൂങ്കുയിൽ
അതേനാദം നൽകും പ്രണയഴുകാൻ മുദാമദമത്തമായ്

നവസ്വപ്നം കാണും മലരിലുയരുംമണം നുണയുന്നനീ
കവർന്നാഗന്ധം, തന്നലചുരുളിലായ് കടത്തിയതസ്കരൻ
മലർപൂക്കുംമുറ്റം മലരിനഴകാൽ വിടർന്നൊരുവാടിയും 
മലർതൂകുംഗന്ധം പരനുടമയാം പറമ്പിനൊരിമ്പവും

കുയിൽ പാടുംപാട്ടിൻ മധുരമൊഴിനിൻ പ്രചോദനമേറ്റതിൽ
ഉയിർ പൂക്കും താരശ്രുതിപകരവേ വിടർന്നൊരു പഞ്ചമം
ഒളിപ്പൂതൻരൂപം നിഴലിഴയിടും തമസ്സിലധൃഷ്ടമായ്
വിളിപ്പൂ പുള്ളിപ്പൂങ്കുയിലിനെ, തുയിൽ വെടിഞ്ഞണയാനുടൻ

സദാനേരം കാറ്റിന്നലതഴുകയാൽ  പരന്നൊരുഗന്ധവും
ഹൃദന്തം തിങ്ങുന്നാ മൃദുതരളമാം  സരോരുഹമോഹവും
കവർന്നോടുംപോൽ നീ കുയിലുയിരിലായ് മുഴക്കിയഗാനവും
കവർന്നീടൊല്ലേ, തൻഹൃദയവനിയിൽ നിറഞ്ഞനുരാഗവും

വിരിക്കും മേലാപ്പിൽ ഗഹനഗഗനം വിളങ്ങിയഛായയിൽ
സ്വരത്തിൻ പൂമാരിക്കുളിരുപകരാൻ പുറത്തുവരാത്തതും  
മരപ്പൂഞ്ചില്ലയ്ക്കും മറയിലൊളിയാനിതോ നിജകാരണം?
സ്വരപ്പൂന്തേൻ തൂകുന്നരിയസുകൃതം സദാമറവിൽ  സ്ഥിരം!

കൂഹൂഗാനംതൂകും സ്വരമഴയിലായ് നനഞ്ഞൊരുതെന്നലോ
അഹോരാത്രം വൃക്ഷത്തളിരിലകളിൽ നിരന്തരമന്ത്രണം
നിനാദം, സായൂജ്യസ്വര,മുറവിടം തിരഞ്ഞുരയുമ്പൊഴോ
വനത്തിൻ സ്പന്ദംപോൽ മറുപടികളായ് വരും ദലമമർമരം

ദിനംതോറും നീറി,പ്പെരുകിയഭയം കളഞ്ഞനിലാ ഭവാൻ
മനസ്സിന്നാശങ്കയ്ക്കിളവുപകരൂ, കുയിൽ വെയിലിൽവരാം
വനിയ്ക്കുള്ളിൽനിന്നും വെളിയിലൊളിയിൽ നിരാമയതാരമായ്
ഇനിക്കുംപാട്ടെന്നും വിതതിസഭയിൽ വിനോദകുതൂഹലം


വൃത്തം: മകരന്ദികാ

പദപരിചയം
മത്തം : കുയിൽ
അധൃഷ്ടം : ലജ്ജയോടെ
ഉരയുക : പറയുക/ഉരസുക
അനിലൻ : കാറ്റ്
നിരാമയ : ആപത്തില്ലാത്ത
വിതതി : വലിയ/വ്യാപിച്ച
കുതൂഹലം : അദ്ഭുതം /താത്പര്യം/ സന്തോഷം/ആഹ്ലാദം/ ഉത്സാഹം



മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ




Saturday, December 19, 2020

പ്രസൂനപാത

 

പൂവീണപാതയിൽ പൂമെത്തതീർക്കുന്ന
പൂവിന്റെ നോവാണൊരുണ്മ
നോവോടെവീഴ്കിലും പൂപെയ്തു പാതയേ
ദ്യോവാക്കി മാറ്റുന്ന കാഴ്ച!

മോടിപ്പളുങ്കാകെയും താഴെയോവീഴ്ത്തി 
പൊട്ടിച്ചിരിക്കുന്നതാണോ
കഷ്ടം! വിധി ക്രൂരമാടിത്തിമിർത്തിട്ടു
പൊട്ടിച്ചിരിക്കുന്നതാണോ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്നനാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

പൂവിന്റെ വർണ്ണാഭയെക്കാളുമുണ്ടതിൽ
തൂവർണ്ണമോലും കിനാക്കൾ
എന്നെന്നുമുള്ളിലായ് തുന്നിപ്പിടിപ്പിച്ചു
കുന്നോളമായ് വന്നതെല്ലാം

പൂക്കാൻ തുടങ്ങുന്നതിന്നേറെമുമ്പു നീ
കൈക്കൊണ്ടിരുന്നുവോ സ്വപ്നം?
അപ്പൊഴേ സ്വപ്നത്തരിപൊട്ടിനാൽ മുഖ-
ക്കാപ്പിട്ടിരുന്നുവോ നിത്യം?

ചിന്താസരസ്സിലായ് സന്തോഷഭൂഷയിൽ
നീന്തിത്തുടിക്കും മരാളം
ചന്തം തുടിക്കുന്ന നിന്നന്തരംഗത്തി-
ലെന്തേ തിമിർത്താടി നൃത്തം

സ്വപ്നങ്ങൾ ചാലിച്ചവർണ്ണങ്ങളാലുള്ള
സ്വപ്നാടനം നിന്റെജന്മം
ആ വർണ്ണജാലങ്ങളോചേർന്നുവന്നാടി
മേവുന്നു നീ പൂത്തിടുമ്പോൾ

സന്തോഷഭാവം കിനിഞ്ഞെത്തിയുള്ളിലാ
പൂന്തേൻകണക്കേ വഴിഞ്ഞാൽ
കാന്താരസൗന്ദര്യമാകേ വസന്തമായ്
സന്താപഭാവം ത്യജിക്കും

നീകണ്ടസ്വപ്നങ്ങളെല്ലാം സുഗന്ധമായ്
തേകിപ്പകർന്നീലയെന്തേ?
നാനാവിധത്തിലായ് ഗന്ധം പരത്തുന്ന
സൂനങ്ങളുണ്ടെത്രെ മണ്ണിൽ

പൂവിട്ടുനിൽക്കുന്നതുണ്ടും പലപ്പൊഴും
ഭൂവിലായ് നിർഗന്ധപൂക്കൾ
മിന്നും പുറംമോടിമാത്രം ലഭിച്ചോരു
ഭിന്നശേഷിക്കതിർ മൊട്ട്!

ചന്തത്തിൽ പൂവിട്ടപൂവായിരുന്നിട്ടു 
മെന്തേ മണം മാത്രമില്ലാ
മൂടിപ്പൊതിഞ്ഞിട്ടടിത്തട്ടിലാഴ്ത്തിയോ
നീടുറ്റ നിൻപൊൻകിനാക്കൾ?

ആരോടുമൊന്നും പറഞ്ഞീലനിൻമോഹ
മാരോമലേമൂടി ഗൂഢം?
ചൊല്ലുവാനാകാത്തമോഹങ്ങളോ, അതോ
ചൊല്ലിടാൻനിന്നിലോ നാണം

അടക്കിപ്പിടിച്ചോരു മോഹങ്ങളെന്നും
തുടിക്കുന്നനിന്നന്തരാളം
തുടുപ്പാർന്നവാനം വിരിച്ചോരുചങ്കിൻ
മിടിക്കുന്നനിൻജീവതാളം

പൂമണം നിന്നുള്ളിൽ നീമൂടിവെച്ചതോ,
പൂമനം വീർപ്പിട്ടകാറ്റിൽ
ആമണം നേർത്തതോ, ആവിയായ് വെന്തതോ
നിൻമനക്കാമ്പിലെ ചൂടിൽ?

നിൻതാപമാണോ കടുംവർണ്ണമായതീ
കാതരപ്പൂവിൻ ദളത്തിൽ?
ഗന്ധം പരത്തുന്നപൂക്കളെക്കാളേറെ
സന്ധാനിറം പൂണ്ടുനിൽക്കാൻ

പൂമണംതൂകുവാൻ ആവതില്ലാത്തൊരാ
പൂമകൾക്കേറെയായ് ചന്തം
നേർമ്മയിൽ തുല്യതയ്ക്കായ്നിന്നിലേകിയോ
ഓർമ്മയോടമ്മയാം ഭൂമി

ഈഗന്ധമില്ലാത്ത പൂക്കൾക്കുമുണ്ടിടം
സൗഗന്ധികങ്ങൾക്കിടയ്ക്കും
വർണ്ണോത്സവംതീർത്ത പൂക്കളെനോക്കിയാൽ
വർണ്ണങ്ങളുണ്ടതിന്നേറേ

ഓരോസുമങ്ങളും ഓമൽക്കിടാങ്ങളായ്
പാരിലോ പാലിച്ചിടുമ്പോൾ
നിഷ്പന്നമാക്കിയീ വ്യത്യസ്ത മേളനം
നിഷ്പക്ഷയായൊരീ ഭൂമി

കായായിമാറുന്ന പൂക്കളോപാകമായ്
വായിലേയ്ക്കന്നമാം കാഴ്ച
കായായിമാറാതെ വാടിക്കരിഞ്ഞൊന്നു
പോയാലുമുണ്ടുനിൻ നന്മ

പാദങ്ങൾ പൊള്ളാതെ പാതതന്നാതപം
പാദപം പൂവീഴ്ത്തിയാറ്റി
പൂ വാടിവീഴുന്നിടംകണ്ടു ലോകമോ
പൂവാടിയെന്നേ വിളിക്കൂ

വർണ്ണത്തിടമ്പേ നിനക്കും പ്രചോദനം
കർണ്ണന്റെ വാഴ് വായിരുന്നോ?
കർണ്ണന്റെ താതനെ പിന്നെന്തിനേ കണ്ടു
കണ്ണെടുക്കാതെ നീ നിന്നു?

തീവെയിൽതൂകുന്ന സൂര്യനെത്തോൽപ്പിച്ച
പൂവിനും സൂര്യന്റെതന്മ
പൂവിനെപ്പെറ്റൊരാ മാമരത്തിന്നില
തീവെയിൽ പൂകിരുന്നെന്നും

ഉഗ്രമാത്തേജസ്സിലാണ്ടും തിരണ്ടിടാൻ 
വ്യഗ്രമായ്വീണ്ടും വിളിപ്പൂ 
ആതപം തന്നിലയ്ക്കുള്ളിലൂടേറ്റതോ
ചേതസ്സിലാക്കാൻ കൊതിപ്പൂ

പൂവേനിനക്കങ്ങുനിന്നും വരുന്നതീ
സൗവർണ്ണമോലും പകിട്ട്
പൂത്തൊരാപൂക്കളോ സൂര്യാംശുതന്നെയെ
ന്നൊത്തു നോക്കാമതിൻശോഭ

വട്ടത്തിലുള്ളൊരാ മാംഗല്യകുങ്കുമ
പ്പൊട്ടിട്ടപോൽവന്ന സൂര്യൻ
തീവെട്ടമോലുന്നവട്ടത്തിനേ ഭൂമി
വട്ടംകറങ്ങുന്നപോലേ

പൂവിട്ടനാൾതൊട്ടു ഞെട്ടറ്റിടുംവരേ
വട്ടംപരത്തുന്നു വെട്ടം
വിട്ടൊന്നുമാറാതെ തൊട്ടുംതലോടുന്ന
മട്ടിൽകറങ്ങും പതംഗം

കായായിമാറാതെ വീഴുന്നപൂക്കൾതൻ
മായികാ സൗവർണ്ണമോർമ്മ
മായുംപകൽ വെട്ടമോടൊത്തൊരാഴിയിൽ
ചായുന്നസൂര്യനോ യാത്ര

സത്യാർത്ഥസാരം പരത്തിയീ ലോകത്തു
നിത്യനേർക്കാഴ്ചയായ് മാറാൻ
വ്യർത്ഥാഭിലാഷങ്ങൾ, പാടേകൊഴിഞ്ഞിട്ട-
നിത്യനേർക്കാഴ്ചയായ് മാറാൻ

ഈവിധം പൂവിതിർത്തേകുവാൻ വന്നുനീ
ജിവിതപ്പാതയിൽ നീളെനീളെ
ഈവഴിപ്പോയവർ കണ്ടതേയില്ലപോൽ
പാവമാം നിന്നെയോ പൂവുപോലെ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്ന നാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

വൃത്തം: മാരകാകളി
പ്രാസം: ദ്വിതീയപ്രാസം ലാടാനുപ്രാസം