Saturday, January 23, 2021

ഭൂമിക്കിനാക്കൾ

 ശാർദൂലവിക്രീഡിതത്തിന് ഒരു ഗുരു തുടക്കത്തിൽ ചേർത്തു കൊടുത്താൽ അത് മത്തേഭ വിക്രീഡിതം ആകും. അപ്പോൾ യതി 12 ൽ നിന്നും 13 ലേക്ക് മാറും. മുറിഞ്ഞു നിൽക്കുന്ന വരിയിൽ രണ്ടു തവണ വീതം പ്രാസം ചേർത്താൽ 4 വരിയിലായി  8  തവണ ഒരേ അക്ഷരം ആവർത്തിക്കും. ഇതാണ് അഷ്ടാക്ഷര പ്രാസം.


ഭൂമിക്കിനാക്കൾ

മുള്ളോലുംകള്ളിവളർന്നിതെത്ര, വരളും,വിള്ളുന്നഭൂവൂഷരം
ചുള്ളിക്കമ്പിൻകറുപഞ്ജരം ചലിതമാംവള്ളിക്കുടിൽ നിന്നിടം
വെള്ളിച്ചില്ലിൻ പവിഴംപൊഴിഞ്ഞ മണിതൻ തുള്ളിക്കുകേഴുമ്പൊഴും
പൊള്ളുംചൂടിൻ പൊരിവേനലിൽത്തളരുകില്ലുള്ളം കുളിർതേടിടും

പച്ചച്ചപ്പാടമണിഞ്ഞൊരാ കതിരുപോയ് കച്ചിത്തുരുത്തുമ്പുകൾ
കച്ചേലും വർണ്ണമണിഞ്ഞു ശാദ്വലതരം പച്ചപ്പിലാറാടിടാൻ
ഉച്ചത്തീനാമ്പഴലേറ്റഭൂമി ഭഗവൽ തൃച്ചേവടിത്താരിലായ്
നിച്ചം കൈകൂപ്പിവണങ്ങി തൻവ്യഥയതിൽ വെച്ചുള്ളഹൃദ്സ്പന്ദനം

കൊല്ലുംചൂടിൻകിരണം പതിച്ചതനുവോ വല്ലാതെവേവുമ്പൊഴും
ഇല്ലാതില്ലുള്ളിലൊരാഗ്രഹം വരളുമീ പൊല്ലാതിടം മാറിടാൻ
കല്ലോലംവീശിനിറഞ്ഞ സാരസതടം ഹൃല്ലേഖധാരാപഥം
നല്ലോരോമൽക്കനവിൻ നറുംകലികകൾ അല്ലിത്തളിർമൊട്ടുപോൽ

പന്നീരോലും മധുപെയ്തപോൽ വരണമാ കന്നിക്കുളിർമാരിയും
കിന്നാരംചേർത്തു തലോടിടാൻ തണുവെഴുംതെന്നൽതരും ലാളനം
മന്നിങ്കൽവന്നൊരു ഭാഗ്യസൂക്തമുരയാൻ മിന്നൽത്തുടിത്താളവും
മിന്നുംപൊൻപുഞ്ചിരിചേർന്ന വെൺപ്രഭതരും പൊന്നോണനാളിൻ രസം

കട്ടിപ്പുല്ലിന്നിടതൂർന്നുതിങ്ങിയൊരിളം പട്ടാടനീരാളമായ്
മേട്ടിൽ മേച്ചിൽപ്പുറമൊന്നുതീർത്തുതരണം കാട്ടിൽമരക്കൂട്ടവും
കൂട്ടിൽ പൊൻപൈങ്കിളിപാടുമൊച്ചയുയരേ പൊട്ടിത്തരിക്കുന്നതാം
ഞെട്ടിൽ വെൺപുഞ്ചിരിയോടെ പൂത്തുവിലസും മൊട്ടിൻറെശൃംഗാരവും

ചെത്തിപ്പൂ,പിച്ചക,ചെമ്പകം, കദളിയും പൂത്തോരുകാലംവരും
സത്തായെത്തും കനികൾവിളഞ്ഞ സുഫലം  അത്തിപ്പഴംമാമ്പഴം
തത്തിത്തത്തും കിളികൾക്കതന്നവിഭവം  വാഴ്ത്തുന്നു വായ്ത്താരിയാൽ
പേർത്തും സന്തോഷദിനങ്ങളിങ്ങണയവേ നൃത്തംചവിട്ടും മനം 

ഇമ്പത്തിൽ തുമ്പികളിങ്ങുതേടിവരണം പൂമ്പാറ്റകൾപാറണം
മുമ്പത്തേപ്പോളുലകം വസന്തവനിയായ് പൂമ്പാലതൻ ഗന്ധവും
ചെമ്പൊന്നിൻ വർണ്ണവിലാസമാൽ ശബളമാം വമ്പോടെപൂങ്കാവനം
കാമ്പോലുംസ്വപ്നമിതും വിപാകമണിയാൻ തുമ്പങ്ങളും തീർക്കണേ

തീപ്പന്തംപോലെരിയുന്ന സൂര്യകിരണം വേർപ്പില്ലയാചൂടിലും
കർപ്പൂരം പോൽ ശശിശീതരശ്മിസഹിതം ഒപ്പത്തിനൊപ്പംവരും
കൈയ്പ്പേറുംനാളുകളും മറഞ്ഞസമയം കാപ്പിട്ടൊരുങ്ങീടണം
അപ്പോൾപോരൂ വിധുസൂര്യരേ ചമയമായ് പപ്പാതിനേരംതരാം

ക്രൗഞ്ചങ്ങൾതന്നതിതുംഗശൃംഗസവിധം സഞ്ചാരിമേഘങ്ങളും
തുഞ്ചത്താവാനപഥത്തിനെപ്പൊതിയവേ വെഞ്ചാമരംവീശിടും
പുഞ്ചപ്പാടംകതിരാർന്നു തീറ്റതിരയും തഞ്ചുംകിളിക്കൊഞ്ചലും
പൂഞ്ചോലപ്പാലൊഴുകുംതടം ഉറവിടാൻ കെഞ്ചുന്നുനിൻകാൽക്കലിൽ

അന്തിച്ചോപ്പിൻ തൊടുകുങ്കുമംപടരവേ ചെന്താരകംചിന്നിടും
സന്താപത്തിൻ തിരമാഞ്ഞൊരാഗഗനവും ചിന്തിപ്പതിൻകൗതുകം
കാന്തംപോൽ പ്രോജ്വലഭാവിയാസ്മരണയിൽ പൊന്തുന്നിതുൾക്കാഴ്ചകൾ
അന്തർദാഹം വിരവോടുതീർന്നുവരുവാൻ എന്തുംസഹിക്കാംവിഭോ
 


വൃത്തം: മത്തേഭവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ഊഷരം : ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി 
കച്ചേലും : ഭംഗിയുള്ള
ശാദ്വല : പച്ച പുല്ല് നിറഞ്ഞ
നിച്ചം : നിത്യം
ഹൃല്ലേഖ : ഹൃദയത്തിലെ ചാല്, സ്വപ്നങ്ങളും വികാരങ്ങളും ഒഴുകുന്ന വഴി
പൊല്ലാത :  ചീത്തയായ,/കൊള്ളരുതാത്ത /ശോഭിക്കാത്ത
നീരാളം : പുതപ്പ് /വിരി /കസവു വസ്ത്രം
പേർത്തും : അധികമായി / പിന്നെയും/നല്ലപോലെ
വിപാകം : ഫലം/ സ്വാദ്
ക്രൗഞ്ചം : പർവ്വതം
വിരവോട് : വേഗത്തിൽ

ശാർദ്ദൂലാഭൗ ഗുരുവൊന്നു ചേർത്തിടുകിലോ മത്തേഭവിക്രീഡിതം




No comments:

Post a Comment