Saturday, March 6, 2021

ശിവാഷ്ടകം

വൃത്തമഞ്ജരി പ്രകാരം ഒരു പദ്യത്തിലെ ഒരു വരിയ്ക്ക് ഉണ്ടാകാവുന്ന പരമാവധി നീളം 26 അക്ഷരങ്ങളാണ്. അതിന് മുകളിൽ അത് ഗദ്യമോ ദണ്ഡകമോ ആയിരിക്കും.  ഉത്‌കൃതി (26) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് ശംഭുനടനം. ശിവതാണ്ഡവ സ്തോത്രത്തിനുള്ളത് പോലെ ഒരു സ്വാഭാവിക നടന താളം ഉള്ളതുകൊണ്ടാകണം ഇതിന് ശംഭുനടനം എന്ന പേര് കൊടുത്തത്. പതഞ്ജലി എഴുതിയ പതഞ്ജലി നവകം അഥവാ നടേശ നവകം ഈ വൃത്തത്തിലാണ്.  

26 അക്ഷരങ്ങളുടെ നീളമുണ്ടെകിലും സത്യത്തിൽ ഇത് ആദ്യത്തെ 8 അക്ഷരങ്ങൾ 3 വട്ടം അതേ ക്രമത്തിൽ ആവർത്തിച്ച് ഒടുക്കം ഒരു ലഘുവും ഒരു ഗുരുവും കൂട്ടിചേർത്തതാണ്. അത് കൊണ്ട് തന്നെ ഘടനാ പരമായി ദ്വാദശപ്രാസം കൊടുക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു വൃത്തമാണ് ശംഭു നടനം.  

2 അക്ഷരങ്ങളുടെ ഒരു വാൽ മൂന്നാം ഭാഗത്ത് ചേരുന്നതിനാൽ ഇതിനെക്കൂടി രണ്ടായി പിരിക്കാനുള്ള ഒരു സാധ്യത കണ്ടിരുന്നു.  അതിൻ പ്രകാരം ദ്വാദശപ്രാസം കൊടുക്കാതെ ഷോഡശപ്രാസം കൊടുത്താണ് ഇത് എഴുതിയത്. 2, 10, 18, 22 എന്നീ സ്ഥാനങ്ങളാണ് ആദ്യത്തെ 7 പദ്യങ്ങളിലും പ്രാസത്തിനെടുത്തത്. അവസാനത്തേതിൽ അത് 3, 11, 19, 23 എന്നിവയായി.

ഷോഡശ പ്രാസം ഒറ്റ അക്ഷരവും ഇരട്ട അക്ഷരവും വെച്ച് കൊടുക്കാനാകും.  ഇതിൽ ആദ്യത്തെ 7 പദ്യങ്ങളും ഒറ്റ അക്ഷരം കൊണ്ടുള്ള ഷോഡശപ്രാസം ആണ്.  അതേ സമയം അവസാനത്തെ പദ്യം നോക്കുകയാണെങ്കിൽ അതിൽ അക്ഷരം ഇരട്ടിപ്പിച്ചാണ് ഷോഡശ പ്രാസം കൊണ്ടുവന്നിരിക്കുന്നത്.  ഷോഡശപ്രാസം കൊടുക്കുമ്പോൾ സ്വാഭാവികമായി കിട്ടുന്ന ദ്വിതീയ പ്രാസം ഇരട്ടിപ്പിച്ച അക്ഷരങ്ങൾ വരുമ്പോൾ ഇവിടെ നഷ്ടമാകും. അതിനാൽ അക്ഷരം ഇരട്ടിപ്പിക്കുന്നതിനോടൊപ്പം ദ്വിതീയ പ്രാസം കൂടി നാലു വരികളിലും കൊണ്ടുവരാനാണ് ശ്രമിച്ചത്.  ഫലത്തിൽ അത് ഷോഡശപ്രാസം + ദ്വിതീയ എന്ന കണക്കിൽ 16 + 4 എന്ന 20 അക്ഷരങ്ങളുടെ പ്രാസമായി മാറി. 

ശിവാഷ്ടകം

കരാളമിരുളേകിയ നിരാശമനവേപഥു തിരാർണ്ണവമൊരാധിയിളകേ
ചിരായ പലനൊമ്പരമരാളമുലയും ബത പരാജയനിരാസമുണരാൻ
നിരാതപമനസ്സൊരു മരാളഘനധാരയിലിരാചരനിരാവലികളും
തരാവുശിവനേ തവവിരാജിതമനം മമ, കിരാടികവരാവു മൊഴിയിൽ

കരാള - ഭയങ്കരമായ, ക്രൂരമായ, മാരകമായ 
വേപഥു -  വിറയല്‍, കമ്പനം, ഇളക്കം
തിരാർണ്ണവം - അലകടൽ
ചിരായ - വളരെ കാലമായുള്ള
അരാളം - ചാഞ്ചല്യം
നിരാസം - നിരസിക്കല്‍
നിരാതപ - ചൂടില്ലാത്ത
മരാളം - മേഘം
ഇരാചര - ആലിപ്പഴം
കിരാടിക - പഞ്ചവർണക്കിളി


കലാധരപരായണ ഹലാഹലഗളം സുരപലായന വിലാപശമനം
പ്രലാപിമനവേദനയലാതമെരിയേ കൃപവലാഹകമിലാവുമഴയായ്
ജലാശയവിഭാവന പലാശനിറസൈകതവിലാസിത കലാപിനടനം
ജലാഷമനപൂർണ്ണിമലലാമ മതിശോഭിത നിലാവിലെ വലാകചിതിപോൽ

പരായണ - ആശ്രയിച്ചിരിക്കുന്ന
ഹലാഹലം - കൊടിയ വിഷം
പ്രലാപി -  പ്രലപിക്കുന്ന
അലാതം - തീക്കൊള്ളി
വലാഹകം -  മേഘം
ഇലാവുക - ഉലാവുക
പലാശ - പച്ചനിറമുള്ള
സൈകതം -  മണല്‍ത്തിട്ട, മണല്‍പ്രദേശം
കലാപി - മയിൽ
ജലാഷം -  സുഖം, ആനന്ദം, സന്തോഷം
ലലാമ - ഭംഗിയുള്ള, കൗതുകം തോന്നിക്കുന്ന 
വലാക - വെള്ളിൽ കിളി, മേഘങ്ങൾക്കും മേലെ ഉയരങ്ങൾ തേടി പറക്കുന്ന പക്ഷി
ചിതി -  പ്രജ്ഞാനം, ഗ്രഹണം, അറിവ് 


സ്തവാദിഗണഗീതിക ദിവാനിശജപം ഭവനിവാരണ ദവാഗ്നിപടരാൻ
പ്രവാഹമണയേ, മദയവാസമെരിയേ, കൃപയവാന്തരഖവാരി തഴുകേ,
അവാച്യമൊരുചേതന വിവാരപദതല്ലജ സുവാസിതകവാരഹൃദയം
ഭവാനിപതിയെൻമന നിവാസമരുളേ മമശിവാ! ദിവകവാടനികടം


ദിവാനിശ - രാപ്പകൽ
ദവാഗ്നി - കാട്ടുതീ
ഖവാരി -  മഞ്ഞുവെള്ളം, മഴവെള്ളം
മദം - കോപം/ ഐശ്വര്യം കൊണ്ടുണ്ടാകുന്ന അഹങ്കാരം 
അവാന്തര - ഉള്ളില്‍പെട്ട
യവാസം - കടുത്തുവ, ചൊറിച്ചിലുണ്ടാക്കുന്ന തരം പുല്ല്
വിവാരം - വിരിവ്
തല്ലജം - ശ്രഷ്ഠം, പ്രശസ്തം
കവാരം - താമര
ദിവം - സ്വർഗ്ഗം
നികടം - അടുത്ത്


പ്രമാദമദകാമന കുമാരഗുരുനീക്കിടു യമാന്തക നമാമിസതതം
അമാന്തമരുളാതൊരു ശമാദിഗുണഭൂഷണമുമാപതി സമാഹിതവരം
പ്രമാണമകമേ ദിവസമാനവഴിപൂമുഖസമാഗതകമാനമഴവിൽ
ഹിമാലയഗിരീശനസമാഗമമനം പരിസമാവൃത സമാധിനിലയം


പ്രമാദം -  ചെയ്യേണ്ടതു ചെയ്യാതിരിക്കൽ/  മൂഢത,
മദം - ഐശ്വര്യംകൊണ്ടുണ്ടാകുന്ന അഹങ്കാരം 
കുമാര ഗുരു - ദക്ഷിണാമൂർത്തി
സമാഹിത - വാഗ്ദാനംചെയ്ത /ഒരുമിച്ചു കൂടിയ
സമാവൃത - ചുറ്റപ്പെട്ട/രക്ഷിക്കപ്പെട്ട


പ്രഹാരികവരം കരികഹാഹപരിവാഹന വിഹാപിതസഹായചരണം
വിഹായമിരുളിൻമറ സഹാരിയറിവിന്നൊളി സുഹാസിത മഹാതമഹതം
മഹാസതിസമാഹൃത മഹാനടനനാടക മഹാസ്ഥിതിവിഹാരമുലകം
നിഹാരചിരഭോജനഗൃഹാന്തരസുഖംനനു മഹാശിവനു ഹാ അതിസരം?

പ്രഹാരി - പ്രഹരിക്കുന്ന
കവരം - ഗർവ്വം
കരി - കറുത്ത
കഹാഹം - പോത്ത്
വിഹാപിത - നൽകപ്പെട്ട
വിഹായ - പിന്നിട്ടുകൊണ്ട്
സഹാരി - സൂര്യൻ
സമാഹൃത - കൂട്ടിച്ചേര്‍ക്കപ്പെട്ട
നനു -  ചോദ്യം ആക്ഷേപം അനുനയം അനുജ്ഞ തുടങ്ങിയവ കുറിക്കാന്‍ ഉള്ള പ്രയോഗം
അതിസരം - പ്രയത്നം

പ്രപാതമളവിൽ വരനിപാതനിചയം തരുമപാനൃത ജപാദിവിധിയിൽ
ഉപാസിതസുഭക്തനനുപാതമനപേതഗതി പാലയ കപാലിസവിധം
നൃപാലഗണനാഥനനപാകരണവൈരി തവപാടലിക പാരമറിവൂ
ഉപാഗതജനംവരുമപാരചരണം ഗുരുകൃപാനിധി വിപാകമരുളും

പ്രപാതം - വെള്ളച്ചാട്ടം
നിചയം - കൂട്ടം, ശേഖരം
അപാനൃതം - കള്ളമില്ലാത്ത
അനുപാതം - പിന്തുടരൽ
അനപേത -  വിട്ടുകളയാത്ത
അനപാകരണം - അപ്രകാരം ചെയ്യാതിരിക്കൽ /‍കൊടുക്കാതിരിക്കൽ
പാടലിക - അന്യന്‍റെ രഹസ്യങ്ങളറിയുന്ന/കാല ദേശ ജ്ഞാനമുള്ള
വിപാകം - ഫലം


സുതാര്യ ഹൃദികാമന നിതാന്തതവചിന്തന നതാനനവിതാനസവിധം
സിതാരുണവികാസിത സുതാരക വികാശമനുതാപമനതാരിലുയരാൻ
ഹിതാദരനിവേദനമിതാണു പദമാലിക ശതാഗദിത താമരദളം
പ്രതാപഗിരിരാജ മമ താന്തമനമന്തരപതാപതകൃതാന്തകദനം

നതാനനം - കുനിഞ്ഞ മുഖം
വികാശം - സുഖാനുഭവം/ ഏകാന്തത
അനുതാപം - താപം നീങ്ങിയ
ഹിതാദര - ഹിതവും ആദരവും
അഗദിത - പറയപ്പെടാത്ത
പതാപത -  കൂടെക്കൂടെ വീണുപോകുന്ന
കൃതാന്ത - അവസാനിപ്പിച്ച


ജഗത്തിനുപിതാവരിയൊരുത്തമകുലീനവധുവൊത്തിതു പകുത്തവപുവാൽ
അഗത്തിനധിപൻ ഗിരിയുയർത്തിയൊരു തുംഗസവിധത്തിലൊരു നർത്തനവിധം
'ഭഗ"ത്തിനധിപൻതവ കൊടുത്തതിരുമംഗലമുഖത്തിനൊരു കീർത്തിതിലകം
യുഗത്തിനൊടുവുള്ളവിലയത്തിലുമതേപടി,യൊരുത്തനതു ചാർത്തിയതിനാൽ

വപു - ദേഹം
അഗത്തിനധിപൻ - ഹിമവാൻ
ഭഗത്തിനധിപൻ - ഐശ്വര്യം, സമഗ്രത, ധർമ്മം, യശസ്സ്, ശ്രീത്വം, ജ്ഞാനം, വൈരാഗ്യം ഇവ ഉള്ളവൻ

വൃത്തം : ശംഭുനടനം
പ്രാസം :  ഷോഡശപ്രാസം

ജകാര സനഭത്തൊടു ജകാര സനഭം ലഘു ഗുരുക്കളിഹ ശംഭുനടനം





No comments:

Post a Comment