Tuesday, August 17, 2021

വിരഹം



നിരന്നോരു മാകന്ദമന്ദാരവൃന്ദം
കുരംഗാക്ഷി ദൂരെ, ത്വരയ്ക്കില്ലടക്കം
സ്മരൻ തീർത്തഹർമ്യം ശശാങ്കൻ നിലാവും
പരത്തുന്നരാവോ കരാളത്തമസ്സിൽ

സിതാഫുല്ലമുല്ല പ്രസൂനപ്രസാരം
വിതാനിച്ചു മത്താൽമയക്കുന്നഗന്ധം
നിതാന്തം ഹൃതന്തം മദിക്കേണ്ടയാമം
ലതാകുഞ്ജമിപ്പോൾ പിണഞ്ഞോരു സർപ്പം

മുളംതണ്ടിനീണം കിളിപ്പാട്ടുമൂളും
വിളംബം കളഞ്ഞിന്നിണയ്ക്കൊത്തു കൊഞ്ചൽ 
നളം പൂത്തുകണ്ടോർത്തു നാളീകനേത്രം
ഇളം മഞ്ഞുവീണും വിയർക്കുന്നു ദേഹം

ഇലഞ്ഞിത്തറപ്പൂവിതിർത്തോരു രംഗം
വലഞ്ഞന്തരംഗം നിരാശാതരംഗം
ചിലമ്പിട്ട മോഹം ചിലമ്പിച്ചു കേണി-
ട്ടലയ്ക്കുന്നു കാതിൽവരും കമ്പനങ്ങൾ

സുവാസം നിറഞ്ഞോരു മന്ദാനിലന്റെ
പ്രവാഹം വരുമ്പോൾ കിനാവും തളിർക്കും
അവാച്യം മനംപൂത്ത സൗരഭ്യവാടം
നിവാസം തപംപൂണ്ടുപാടും വിവക്ഷ

വിഹായസ്സിലോ സാന്ദ്രചന്ദ്രാംശു ഭാനം
സുഹാസം പൊഴിക്കും തുഷാരാർദ്രസൂനം
വിഹാരം മുഴുക്കെക്കുഴക്കുന്നഭാസം
സ്പൃഹാവേശപീഡ പ്രമത്തപ്രയാസം

രസക്കാഴ്ച മേവുന്ന കേളീവനത്തിൻ
നിസർഗ്ഗപ്രഭാവം ത്രസിപ്പിച്ചനേരം
വസന്തോത്സവത്തിന്റെ കൈവല്യഭാവം
അസഹ്യം  തനിച്ചായവൈകല്യഭാരം

വൃത്തം : ഭുജംഗപ്രയാതം

യകാരങ്ങൾ നാലോ ഭുജംഗപ്രയാതം




No comments:

Post a Comment