Sunday, June 28, 2020

മഴനിലാവ്


ദ്വാദശാക്ഷര പ്രാസത്തിൽ എഴുതിയ പദ്യമാണ് ഇത്.  സാധാരണ ദ്വാദശ പ്രാസം കൊടുക്കുമ്പോൾ മത്തേഭം ആണ്  ഉപയോഗിക്കാറുള്ളത്.  ഇവിടെ സ്രഗ്ദ്ധര ആണ് ഉപയോഗിച്ചിരിക്കുന്നത്.  ഏഴേഴായ്  മൂന്നു ഖണ്ഡം എന്ന് പറയുമ്പോൾ ഓരോ 7 അക്ഷരങ്ങൾ കഴിയുമ്പോഴും യതി ഉണ്ട് എന്നർത്ഥം.  ഈ യതി സ്ഥാനത്തു വെച്ച് തന്നെ ഒരു വരിയെ മൂന്നായി മുറിച്ച് 3 തവണ പ്രാസം കൊടുത്തിരിക്കുന്നു. അങ്ങനെ 4 വരിയിൽ മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു.

മഴനിലാവ് വിഗ്രഹിക്കാൻ പറഞ്ഞാൻ മഴയും നിലാവും എന്നായിരിക്കും ആദ്യ ഉത്തരം. മഴപോലെ പെയ്യുന്ന നിലാവും രണ്ടാമതായി ഓർക്കും. ഒന്നും കൂടെ കടന്നു ചിന്തിച്ചാൽ ഒറ്റയ്ക്ക് പെയ്തപ്പോൾ പൂർണ്ണതയില്ലെന്ന തോന്നലിൽ  മഴയോട് താദാത്മ്യം പ്രാപിച്ച് മഴയോടു കൂടെ ചേർന്ന് മഴ പോലെ പെയ്ത് മഴ മാറിയിട്ടും വീണ്ടും മഴ പോലെ പെയ്ത് പോകുന്ന ഒന്നാണ് മഴനിലാവ്.


പാരമ്യംവേനലിൻ തീത്തിരകളലയിടും ഘോരമാമുഷ്ണഭൂവിൽ
നൈരന്തര്യം പതിക്കും തരളമഴയിലോ നീരണിഞ്ഞാർദ്രമാകും
തീരത്തിൽ നാമ്പിടുന്നൂ സരസമധുവനം തീരമോ ശാദ്വലംതാൻ
സൗരഭ്യത്തിൻവസന്തം തിരയുമുപവനം സാരസം നീർത്തിടുന്നൂ


പാലപ്പൂപൂത്തഗന്ധം മലരുമരുമയാം മാലതീപുഷ്പവൃന്ദം
ചോലത്തെന്നൽ പുണർന്നാലിലകളുരുവിടും പോലതാ മർമ്മരങ്ങൾ
ജാലത്താൽ മാറ്റിയോ നീ ജലകണസുധയാൽ ജ്വാലയിൽ വെന്തഭൂമീ!
ശൈലത്തിൻ മേലെനിന്നാൽ നിലവിനതിശയം കാലഭേദം സ്വദിച്ചും


കാതങ്ങൾ താണ്ടിവന്നും പ്രതമിവതരിശാം വീതകേദാരഭൂവിൽ
നെയ്തപ്പോഴും, സ്വയംഞാൻ, പ്രതലമലിവെഴും ശീതളത്തേൻനിലാവാൽ
പെയ്തപ്പോഴും  തളിർക്കാലതകളെവിടെയും, മാതളം പൂത്തുമില്ലാ
ചൂതം തന്നുൾക്കുളിർപോലിതളിടുവതിനെൻ പാതകൾ നിന്നിലാക്കാം


യാമങ്ങൾ തോറുമെന്നും മമനിലവൊളിയാൽ തൂമതൂകിത്തരാം ഞാൻ
ശ്യാമക്കാറിൽനിറഞ്ഞാ തമനിറമണിയേ കോൾമയിർകൊണ്ടിടാംഞാൻ
ധാമങ്ങൾ നിൻറെതായാൽ സമരസമൊഴുകാം തൂമഴത്തുള്ളിയായി
പ്രേമത്തിൻധാരയായ് നാമമരമൊഴുകിടാം സീമകൾക്കും വിലോപം


ആനന്ദത്താൽ പൊഴിഞ്ഞൂ നനയുമൊരൊളിയായ് വാനമേഘത്തിനൊപ്പം
മാനത്തോ കാർമുകിൽപോയ് പുനരപിനിലവോ ദീനയായ് നിന്നുപെയ്തൂ
ഊനത്തിൽപ്പോയ്  പൊലിഞ്ഞൂ കനവതുകരിയേ കൈനഖപ്പാടു പോലേ
സ്വാനന്ദം പൂനിലാവിൻ മനമരുളിയതോ സൂനമായ്പ്പൂത്തു മണ്ണിൽ


വൃത്തം: സ്രഗ്ദ്ധര
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ശാദ്വലം പച്ചപ്പ് ഉള്ള, പുൽപ്പരപ്പ്
പ്രത മരിച്ച ഇവ പോലെ 
വീത പൊയ്  പോയ
കേദാരം കൃഷി സ്ഥലം, വയൽ, വിളനിലം
ചൂതം പവിഴമല്ലി (നാനാർത്ഥം മാവ്)
ധാമം ഗൃഹം, വാസസ്ഥലം, പരമപദം
പുനരപി വീണ്ടും, ഒരിക്കൽ കൂടി, ചാക്രികമായ ആവർത്തനത്തെ സൂചിപ്പിക്കുന്നു
ദീന ദുഃഖിത, പാരവശ്യമുള്ള
ഊനം കുറവ്, പോരായ്മ




No comments:

Post a Comment