Wednesday, June 17, 2020

ആശാസുമങ്ങൾ


ദ്വിതീയാക്ഷര പ്രാസം ഒരേ പോലെ നാല് വരികളിലും കൊടുക്കുന്നതിനു പുറമെ ഒരു വരിയെ തന്നെ രണ്ടായി മുറിച്ച്, ഒരു വരിയിൽ തന്നെ രണ്ട് തവണ ഉപയോഗിക്കുകയാണെങ്കിൽ ആകെ എട്ട് തവണ പ്രാസാക്ഷരം ആവർത്തിച്ച് വരും. ശാർദ്ദൂല വിക്രീഡിതത്തിന് പന്ത്രാണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി വരുന്നുണ്ട് എന്നറിയാമല്ലോ. തന്നെയുമല്ല, യതിക്കു ശേഷം വരുന്ന രണ്ടാമത്തെ അക്ഷരം വരിയുടെ രണ്ടാമത്തെ അക്ഷരം പോലെ തന്നെ ഗുരു ആണ്.  അതിനാൽ നമുക്ക് 12 + 7 എന്ന ക്രമത്തിൽ ഓരോ വരിയും മുറിച്ച് 8 തവണ ദ്വിതീയാക്ഷരപ്രാസം കൊടുത്ത് എഴുതാം. ഇതിനെ അഷ്ടപ്രാസം, അഷ്ടാക്ഷര പ്രാസം, എട്ടക്ഷര പ്രാസം എന്നൊക്കെ വിളിക്കാം

പ്രാസാക്ഷരം താഴെത്താഴെയായി വരി മുറിച്ച് എഴുതിയിട്ടുണ്ട്.


ആശാസുമങ്ങൾ

ചൂടും പൂവിതളെന്നുമേ പുലരിയിൽ, 
വാടും ദലം സന്ധ്യയിൽ
പാടും പുഞ്ചിരിതൂകി, കാമ്യനികരം
കൂടും ഹൃദന്തത്തിലും
തേടും മറ്റൊരു പൂവിതൾ പുതിയനാൾ,
ആടും തുടർനാടകം
ഓടും ജീവിതമീവിധം വരിശപോ
ലേടും മറിച്ചങ്ങനേ

ഭാവാർദ്രം മതിദാരുവിൽ വിടരുമാ
പൂവാണൊരാശാസുമം
തൂവാനം മിഴിവേകിടാം, വെയിലിലോ
പോവാമുണങ്ങീട്ടതും,
മേവാമോർമ്മകളിൽ, പഴുത്തു കനിയാ 
യാവാമതും ഭാവിയിൽ,
ദാവാഗ്നിക്കു കരിഞ്ഞിടാ,മതുവെറും
നോവായിയെന്നുംവരാം

വിങ്ങും നൊമ്പരമെന്തിനിന്നു വെറുതേ
തേങ്ങും മനക്കൂട്ടിലായ്?
മുങ്ങും സദ്ഗുണമുള്ളചിന്തന കടം
വാങ്ങും സരസ്സിൽ മനം
തിങ്ങും ചിന്തകളാൽ നിറഞ്ഞസുഭഗം
തങ്ങും സുഖം തുഷ്ടിയും
പൊങ്ങും മറ്റൊരു രമ്യകാമനമന
സ്സെങ്ങും വരാം കാന്തികൾ

ചെല്ലപ്പൂങ്കുല മൊട്ടിടും നിമിഷമെൻ
ചില്ലയ്ക്കതാനന്ദമായ്
വെല്ലട്ടേ നിറകാന്തിയിൽ പരിജനം
ചൊല്ലട്ടെ നിൻവാഴ്ത്തുകൾ
ഗല്ലത്തിൻ നിറമേകിടാൻ തരുവതീ
വില്ലല്ലെയേഴും നിറം
നല്ലത്താരിതുതീർക്കുവാൻ കുളിരിളം
ചില്ലല്ലെ മോടിക്കുമേ

ചിത്രത്തൂവലുവീശുവാൻ വരുവതോ
മിത്രങ്ങളായ് പക്ഷികൾ
പത്രങ്ങൾ തളിരൂയലായ് തഴുകുവാ
നത്രയ്ക്കുമോ ലാളനം?
വക് ത്രത്തിൻ കമനീയശോഭപകരാ
നെത്രപ്രിയം നിൻസ്മിതം
ചൈത്രത്തിൻ പുതുമോടിമൂടി വിടരാൻ
ചിത്രാംഗചിത്രീകൃതം!

ചേറ്റിൽ പൊങ്ങുമൊരേവിധം ചെടികളും
നൂറ്റിൽപരം പത്രിണീ
ഈറ്റില്ലം സമമാകയാൽ കളകളും
ഞാറ്റിൻറെയൊപ്പം വരും
മാറ്റില്ലേ കളകൾ, നിറഞ്ഞുവളരാൻ
ചേറ്റിൽ പതം ഞാറിനാ
മാറ്റിൽ പത്തരതന്നെയായ് തെളിയുമേ
ഞാറ്റിൽവരും പൊൻകതിർ

ചൊല്ലട്ടേ, കളപോലെയായ് വളരുമാ
പുല്ലല്ലനിൻചിന്തകൾ
അല്ലല്ലീ, മനമേവിടർന്നു കളപോ
ലല്ലല്ലതും വന്നിടാൻ
മുല്ലപ്പൂ നിജഗന്ധമോ പകരുമാ
കല്ലല്ലെ ദൃഷ്ടാന്തമായ്
നല്ലത്താരതു ലക്ഷ്മിതൻനിലയമാ
വല്ലപ്പൊഴും ഓർക്കനീ



വൃത്തം: ശാർദ്ദൂല വിക്രീഡിതം
പ്രാസം: അഷ്ടപ്രാസം


പദപരിചയം
തൂവാനം : ഉള്ളിലേയ്ക്ക് തെറിച്ചു വീഴുന്ന (വെള്ള)മഴത്തുള്ളി
ദാരു : വൃക്ഷം ദാവാഗ്നി : കാട്ടുതീ
നികരം : സ്വത്ത്/നിധി/സമ്മാനം
വരിശ : ക്രമം/നിര/ഭംഗി
തുഷ്ടി : തൃപ്തി/സന്തുഷ്ടി
പത്രിണീ - മുള, അങ്കുരം
ഗല്ലം: കവിൾത്തടം




No comments:

Post a Comment