Saturday, March 25, 2023

വരവർണ്ണവര

വര എന്നാൽ ശ്രേഷ്ഠമായതു് എന്നർത്ഥം, രണ്ടാമത്തെ വര തലവരയും.  

മിഴികളിൽ മിഴിവോടെഴുന്ന കൊഴിഞ്ഞുകേഴുമൊരോർമ്മതൻ
കിഴിതുറന്നൊരു ചിമിഴിനുള്ളിലഴിച്ചപാഴ്ക്കനവിന്നഴൽ  
മൊഴിയിനിച്ചു കഴിഞ്ഞവേദനകൾ പിഴിഞ്ഞൊരു തേനിനാൽ
വഴികളിൽ തഴുകുന്നുകാറ്റല,യൂഴിയിൽ പുതുപൂമഴ

വിഷയമൂന്നിദുഷിച്ചചിന്തകളുള്ളിലേറ്റിയ കല്മഷം
വിഷമമാറ്റി തുഷാരനിർമലവർഷമേറ്റു സഹർഷമായ്
സുഷമപൂണ്ടുഷസ്സിൻ്റെ വെട്ടമണഞ്ഞ തോഷമൊടെൻ മനം
വിഷമുതിർത്തൊരുദോഷശോഷണമായിടാനതൊരൗഷധം

അഹനശോഭ വിഹർഷരോഹിതരശ്മിതൂകി വിഹംഗമൻ
സഹജഹൈമകവീചികൾ സഹിതം വരും മഹിതം ഹിതം
അഹരഹം വ്യവഹാരബാഹുലഹല്ലനം സഹസാ ഹതം
ഗഹനവിദ്യവിഹായവാഹിനിയാത്മദാഹശമം ഹി മേ
(അഹന - പ്രഭാതം വിഹർഷം - വലിയ സന്തോഷം രോഹിത - ചെമപ്പുനിറമുള്ള വിഹംഗമൻ - സൂര്യൻ ഹൈമകം - സ്വർണ്ണം അഹരഹം - ദിനംതോറും ഹല്ലനം - (ബോധ്യമില്ലാതെ) കിടന്നുരുളല്‍ സഹസാ - പെട്ടെന്നു് ഹതം - ഹനിക്കപ്പെട്ട വിഹായ - പിന്നിട്ടുകൊണ്ട്)

ധവളരശ്മി കവർന്നിരുൾ നവഭവ്യഭാവനവിദ്രുമം
ഭുവനമാകെ വെളിച്ചമായ് രവിവന്നു വിദ്രവകാളിമ
അവനിയിൽ സവിതാവുകൂവരവാരിജങ്ങളുണർത്തിടും
കവനഭാവനയേവതും വിവിധം വിരിഞ്ഞിഹ വിദ്രുതം
(വിദ്രുമം - പവിഴം വിദ്രവം - പിൻവലിയൽ വിദ്രുതം - പെട്ടെന്ന്)

നിശയകറ്റിയ ദർശനം ശശികാന്തശോഭയിലന്തരം
ദിശതെളിഞ്ഞ നികാശമാ,യകശർവരം  ശബളാഭയിൽ 
അശനിപാതവിധം വിശാരദകൗശലം വശമാക്കിയെൻ
കൃശനിരാശയുരുക്കി ശാരികയാക്കി മാനസമൂശമേൽ
(നികാശം - ചക്രവാളം/കാഴ്ചയുടെ പരിധി ശർവരം - ഇരുട്ട് ) 

വിരവിലാരുഷിപോരവേ ഗതഭീതരാവിനിരുട്ടു പോയ്
കിരണധാരപരക്കെ ഭാവനതാരുണർന്നു വിരിഞ്ഞുപോയ് 
സ്വരമണിഞ്ഞൊരു കീരമാധുരി ശാരശാരികരാഗമായ്
വരവരേണ്യമൊരെണ്ണമെൻ്റെ ശിരസ്സിലാരു വരച്ചിതോ
(വിരവ് - വേഗം ആരുഷി - പ്രഭാതം കീരം - തത്ത ശാര - പലനിറമുള്ള)

ഗുണമെഴും മധുവാണിതൻ രണനങ്ങളുള്ളൊരു രേണുപോൽ
ഉണരുമാ സ്ഫുരണങ്ങൾ ചാരണചേണിലായ് മനവീണയിൽ
തുണതരുന്നൊരു പാണിവേണമതാണു ധാരണയാകുവാൻ
അണയുമെന്നകകോണിലീണമണിഞ്ഞു, കൺകണി കാണുവാൻ 
(രണനം - മാറ്റൊലി ചാരണം - ചലിപ്പിക്കൽ ചേണ് - അഴക്/തിളക്കം ധാരണ - വഹിക്കുന്ന/രക്ഷിക്കുന്ന)

സുഗമയോഗവുമായനർഗ്ഗളനിർഗ്ഗളം വിഗളിച്ചൊരെൻ
നിഗമസൗഭഗസാരസംഗമവാണി രംഗണരംഗമായ്
ഗഗനകാവ്യവിതാനഗീർണദിഗന്തഗമ്യ വിഹംഗമം
നിഗരഗഹ്വരഗദ്യഗീതിക ഭാഗധേയമഭംഗുരം  

(അനർഗ്ഗളം - മുറുകിനില്ക്കാതെ നിർഗ്ഗളം - ഒഴുകുന്ന വിഗളിക്കുക - പൊഴിയുക രംഗണം - നൃത്തം ഗീർണ - സ്തുതിക്കപ്പെട്ട ഗമ്യ - പോകാവുന്ന നിഗരം - തൊണ്ട ഗഹ്വരം - ഗുഹ/കുഴി)

വിടരുമെൻ മനവാടിചൂടിയ കോടിഭാവനചോടയം
നടനനീടൊടെ കാവ്യകോകിലയാടിടും തടിനീതടം
അടവിപൂത്തതു മാടിമാടിവിളിച്ചു, ഗാനകിരാടിക
സ്ഫുടമൊടേകിയ പാടവം തുടരേണ്ടു, ഞാൻ തവകോടരം 
(ചോടയം - ഭംഗി നീട് - ഭംഗി കിരാടിക - പഞ്ചവർണക്കിളി കോടരം - മരപ്പൊത്ത് )

നിജകൃപാജലബിന്ദു ജല്പിതമേകിടും ജലഗാസമം
രജതസാരജഭോജ്യമായഥ കാവ്യരാജിതതല്ലജം
വിജനജാഡ്യമനം സരോജിനി, കുടെ ശാരികകൂജനം
വിജയിയായ് വിജിഗീഷുവായ സജീവജാവി വിജാനനായ്
(ജല്പിതം - വാക്ക് ജലഗാ - നദി സാരജം - വെണ്ണ അഥ - പിന്നീട് വിജനജാഡ്യമനം - വൃത്തികളൊഴിഞ്ഞ് മരവിച്ച മനസ്സ് സരോജിനി - താമരപ്പൊയ്ക വിജിഗീഷു - ജയിക്കാന്‍ ആഗ്രഹിക്കുന്ന സജീവ - പ്രവർത്തനനിരതമായ ജാവി - വേഗമുള്ള വിജാനൻ - അറിഞ്ഞ)

വൃത്തം: ഭ്രമരാവലി
പ്രാസം : അനുപ്രാസം

നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി







Saturday, September 10, 2022

കൃഷ്ണഹരി

പൊതുവേ എല്ലാവൃത്തങ്ങളിലും അവസാന അക്ഷരം ഗുരുവിൽ അവസാനിക്കുമ്പോൾ സ്തിമിത എന്നവൃത്തത്തിൽ അവസാന 3 അക്ഷരങ്ങളും ലഘുക്കളാണു്. ഹരിനാമകീർത്തനം രചിച്ചിട്ടുള്ളത് പ്രധാനമായും ഈ വൃത്തത്തിലാണു്.  വൃത്തമഞ്ജരി 24 വൃത്തങ്ങൾ എന്നഭാഗത്ത് ഇത് വിവരിച്ചിരിക്കുന്നു,  ലക്ഷണമായി കൊടുത്തിരിക്കുന്നത് “തഭയം ജലലം മദ്ധ്യേ മുറിഞ്ഞാൽ സ്തിമിതാഭിധം“. 

മത്തേഭവുമായി വളരെസാമ്യമുള്ള ഒരു വൃത്തമാണിത്.  മത്തേഭത്തിനെ മൂന്നായി പകുത്താൽ കിട്ടുന്ന ആദ്യത്തെ 14 അക്ഷരങ്ങൾ തന്നെയാണു് സ്തിമിതയിലും.  മത്തേഭം ദ്വാദശപ്രാസത്തിനെങ്കിൽ സ്തിമിത അഷ്ടപ്രാസത്തിനും അതുപോലെതന്നെ ചേരും. നാരായണായ നമ എന്ന സപ്താക്ഷരി 8 തവണ എഴുതിയാൽ സ്തിമിതയിലെ ഒരു ശ്ലോകമായി.  ഏതു വൃത്തത്തിൻ്റെയും ലക്ഷണം അതേവൃത്തത്തിൽത്തന്നെ എഴുതണമെന്നത് സംസ്കൃതവൃത്തങ്ങളുടെ കാര്യത്തിൽ പൊതുവെ പിന്തുടർന്നുവരുന്ന കീഴ്വഴക്കമാണു്. ശക്വരി(14) എന്ന ഛന്ദസ്സിൽ ഉൾപ്പെടുത്താവുന്നതുമായിരുന്നു ഈ വൃത്തം. പക്ഷെ, വൃത്തമഞ്ജരിയിൽ ഇത് മറ്റൊരിടത്താണു് കൊടുത്തിട്ടുള്ളത്. ഏതായാലും ഒരു സംസ്കൃതസമവൃത്തമെന്നരീതിയിൽ അതേലക്ഷണംതന്നെ ഒരു പുതിയലക്ഷണമായി അതേ വൃത്തത്തിൽത്തന്നെ മാറ്റിയെഴുതി താഴെ ചേർത്തിട്ടുണ്ടു്.  

ലക്ഷണത്തിൽ യതി ഉള്ളതായിട്ടാണു് പറഞ്ഞിരിക്കുന്നത്, അതിനാൽ അത് മാറ്റിയെഴുതിയപ്പോഴും യതി ചേർത്തുതന്നെയാണു് ലക്ഷണം കൊടുത്തിട്ടുള്ളത്.  യതി ചൊല്ലുമ്പോൾകിട്ടുന്ന ആകർഷണീയതയ്ക്കു വേണ്ടിയാണു് നിഷ്കർഷിക്കപ്പെടുന്നതു്; അഥവാ യതിഭംഗം വന്നാൽ അതൊരു കല്ലുകടിയായി അവശേഷിക്കുമെന്നർത്ഥം. പക്ഷെ ഹരിനാമകീർത്തനത്തിൽ എവിടെയാണു് യതി? അതിലില്ലാത്ത യതി പിന്നെങ്ങനെ ലക്ഷണമെഴുതിയപ്പോൾ കയറിപ്പറ്റി എന്നും അറിയില്ല. “തോന്നുന്നതാകിലഖി//ലം ഞാനിതെന്ന വഴി“ . അഖിലം എന്നത് യതിക്കുമുമ്പ് അഖി എന്നും ലം പിന്നീടുമാണു് വന്നിട്ടുള്ളത്. പക്ഷെ ചൊല്ലിയപ്പോൾ ഇതുവരെയും എനിക്കൊരു കല്ലുകടി ഉള്ളതായി തോന്നിയിട്ടില്ല. ഇനിയും ഉദാഹരണങ്ങളുണ്ടു്. “തള്ളിപ്പുറപ്പെടുമ// ഹം ബുദ്ധികൊണ്ടു ബത“ . എന്തിനാണുപിന്നെ ലക്ഷണത്തിൽ യതി നിഷ്കർഷിച്ചത് എന്ന് എനിക്കറിയില്ല.  സ്തിമിത പഠിക്കും മുമ്പ് ഹരിനാമകീർത്തനം പഠിച്ചതുകൊണ്ടു് എൻ്റെ എഴുത്തിലും അതേശൈലിതന്നെയാണു് വന്നതും ഞാൻ എഴുതിഫലിപ്പിക്കാൻ ശ്രമിച്ചതും, അതുകൊണ്ടു് ചില വരികളിൽ അങ്ങിങ്ങായി ലക്ഷണത്തിലെ നിയമപ്രകാരം മാത്രം യതിഭംഗം കണ്ടേക്കാം. സ്തിമിത എന്തെന്നറിയാതെയാണു് വായിക്കുന്നതെങ്കിൽ നിങ്ങൾക്കും അതൊരു ന്യൂനതയായി തോന്നുകയില്ല.

വൃത്തമഞ്ജരി നിയമപ്രകാരം 1,2 വരികൾ തമ്മിലും 3,4 എന്നീ വരികൾ തമ്മിലും സന്ധിസമാസബന്ധമാകാം, 2,3 എന്നിവ തമ്മിൽ ഒരിക്കലും ആകാവതല്ല.   വരിയുടെ തുടർച്ചയ്ക്ക് സന്ധി-സമാസബന്ധം മാത്രമായിരുന്നോ എഴുത്തച്ഛൻ എടുത്തിരുന്നത്? ഈ വരികൾ നോക്കൂ

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി

ണത്താരിൽമാനനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനിതി

ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി

വൃത്തമഞ്ജരി പഠിക്കും മുൻപേ ഹരിനാമകീർത്തനം പഠിച്ചിരുന്നതുകൊണ്ടും അത് മനസ്സിൽ പതിഞ്ഞിരുന്നതുകൊണ്ടും ഹരിനാമകീർത്തനത്തിൻ്റെ വഴിയിലാണ് എൻ്റെവരികളും പോയത്.  അതുകൊണ്ടുതന്നെ സന്ധി-സമാസ-ബന്ധം ഉൾപ്പെടുത്തിമാത്രമേ  പാദങ്ങളെ മുറിക്കാവൂ എന്ന നിഷ്കർഷയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.  നേരത്തെ പറഞ്ഞതുപോലെ ഹരിനാമകീർത്തനം വായിച്ചിട്ടുള്ള, അതേസമയം, വൃത്തനിയമമൊന്നും പഠിച്ചിട്ടില്ലാത്ത ഒരാളാണു് നിങ്ങളെങ്കിൽ ഇതും ഒരു ന്യൂനതയായി തോന്നുകയില്ല.

ശ്രുതി/സ്മൃതിവചനങ്ങൾ പ്രകാരം വിദ്യ വിദ്വാനോടു് പറയുന്നത് ഞാൻ അങ്ങയുടെ നിധിയാണെന്നും ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്നും തന്നെ വീര്യവത്താക്കുന്നവനു മാത്രമേ കൊടുക്കാവൂ എന്നും അസൂയയുള്ളനു് കൊടുക്കരുതെന്നുമാണു്. “വിദ്യാഃ ബ്രാഹ്മണമാജഗാമ ശേവധിഷ്ടേസ്മി രക്ഷകാം മാം ഗോപായ  അസൂയകായമാം മാ ദാ സ്തദാ വീര്യവത്തമാം “  ഒന്നാം ശ്ലോകം വായിക്കുമ്പോൾ ബുദ്ധി ഒളിച്ചുവെച്ചവാൾ പോലെയാണെന്നു് പറഞ്ഞതിൻ്റെ കാരണം പറഞ്ഞെന്നേയുള്ളൂ.

2, 9 എന്നീ സ്ഥാനങ്ങളിൽ പ്രാസാക്ഷരം ആവർത്തിക്കുന്നു. കൂടാതെ രണ്ടാം  ശ്ലോകത്തിൽ നാരാ എന്ന രണ്ടക്ഷരമാണു് ആവർത്തനം. ഒരു വ്യഞ്ജനം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ വ്യഞ്ജനങ്ങൾ ചേർന്ന വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണ് വ്യത്യസ്ത അർത്ഥങ്ങളിൽ ആവർത്തിക്കുന്നതെങ്കിൽ അത് യമകവുമായി. കൂടാതെ മറ്റൊരു ശ്ലോകത്തിൽ സാര എന്ന ശബ്ദം ആവർത്തിക്കുന്നുണ്ട്.


ഏകൂ വിനായക! ഭവാൻ കൂർമ്മബുദ്ധിയിവ-
നാ കൂർച്ച വേണമിനിയെൻ  കൂടഖഡ്ഗമതു്
നീ കൂടെയെങ്കിലകമേ കൂവരപ്രതിഭ
സാകൂതമേകു കൃപ കൈകൂപ്പിടുന്നരികെ

( കൂർച്ച - മൂർച്ച/മുന കൂടഖഡ്ഗം - മറച്ചുവെച്ചവാൾ കൂവര - സൗന്ദര്യമുള്ള സാകൂതം - ഉദ്ദേശ്യപൂര്‍വകമായി/അര്‍ത്ഥവത്തായി)

നാരായണായ നമ നാരായവേരുലകി-
നാ രായഹേതുപതി നാരായമാണിവനു്
നാരാധിപാ മതധുനാ രാ വെളുക്കുവതി-
നാരാണു വേറെയിഹ? നാരായണാ ഹരി ഹി 

(നാരായവേര് - മുഖ്യമായ/ ആധാരം/ നിലനിറുത്തുന്നത്  രായം - സ്വർണ്ണം/ധനം  നാരായം - എഴുത്താണി നാരം - നരധർമ്മം/നരസമൂഹം   മത് - എൻ്റെ അധുനാ - ഇപ്പോഴുള്ള  രാ - രാത്രി/ഇരുൾ ഇഹ - ഇവിടെ ഹി - തന്നെ/തനിച്ച് )

വാക്കാണു സത്യമതിനൊക്കുന്നപോലെ തവ
തൃക്കൈതരും വരമുദിക്കേണമെൻ മനസി
കേൾക്കുന്നു സോദരികണക്കെന്നു  വാണി, മമ
നാക്കിൽ വിളങ്ങിടുവതാക്കില്ലെ കൃഷ്ണ! ഹരി

(ശ്രദ്ധയോടും വിശ്വാസത്തോടുംകൂടി ഏതേതു ദേവതകളെ ആരാധിച്ച് ഏതേതുകാമനകൾക്കായി പ്രാർത്ഥിക്കുന്നുവോ അത് കൊടുക്കുന്നത് ഞാൻ തന്നെയാകുന്നു എന്ന ഗീതാവാക്യം 7:22 ആധാരമാക്കി എടുക്കുന്നു. കൂടാതെ വാണി സരസിജനാഭസോദരിയുമാണല്ലോ)

പൊല്ലാപ്പുകാട്ടി വരി, പൊല്ലാത ശൈലിയിലെ
വല്ലാത്ത വീഴ്ചകളു,മില്ലാ തെളിച്ചമഥ
കില്ലാകെമാറ്റി പദകല്ലോലമായിയവ-
യെല്ലാമെനിക്കുതരു സല്ലാപഭാഷി ഹരി

(പൊല്ലാത - ചീത്തയായ/ശോഭിക്കാത്ത അഥ - അനന്തരം കില്ല് -  സംശയം/ക്ലേശം കല്ലോലം - തിര, പദങ്ങൾ മനസ്സിൽ ഉറവെടുക്കുന്നതിനാൽ സന്തോഷം എന്നും എടുക്കാം സല്ലാപഭാഷി - സരസമായി ഭാഷണം ചെയ്യുന്നവൻ)

കീലാലമായിവരുമാലാപവേണുവിലെ
ജാലാദിവേലപടി,യാ ലാഘവത്തിലൊരു
കാലാതിവൃത്തിപദചേലാലൊരുക്കി കവി
പോലാക്കിടാനിവനെ പാലാഴിമങ്കപതി

(കീലാലം - തേൻ അതിവൃത്തി - കവിഞ്ഞുനില്‍ക്കൽ/ജയിക്കല്‍)

കാമ്പുള്ള വൈഖരി വിളമ്പിത്തരുന്നസുധ-
യിമ്പത്തിലായ് കതിരിടുമ്പോളതിൻ മഹിമ
കമ്പം കുറഞ്ഞു, പലതുമ്പങ്ങളങ്ങകലെ
സമ്പൂർണ്ണനാം നിപുണനമ്പാടി തൻ്റെനിധി!

(വൈഖരി - പുറത്തുവന്ന വാക്ക് കമ്പം - ഭയം/സംഭ്രമം തുമ്പം - ദുഃഖം)

കംസാരി നീയിവനു ഹംസാധിരൂഢയുടെ
ഭാസാവിഭൂതിയൊരു ഹംസാപ്തവിദ്യപടി
ആ സാരമാകെ വരമാസാരമായ് പ്പൊഴികെ
കാസാരമായ്ത്തരിക നീ, സാദരം തൊഴുവു

(ഹംസാധിരൂഢ - സരസ്വതി ഭാസാവിഭൂതി - തിളക്കത്തിൻറെ ശക്തി/ഐശ്വര്യം  ആപ്ത - വിശ്വസിക്കപ്പെട്ട/ ലഭിക്കപ്പെട്ട;  വെള്ളവും പാലും കലർത്തിവെച്ചാൽ ഹംസത്തിന് പാൽ മാത്രം കുടിക്കാനാകും എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിദ്യ അറിയാം. നീരക്ഷീരവിവേകം എന്നത് നന്മതിന്മകൾ വേർതിരിച്ചറിഞ്ഞ് നല്ലതുമാത്രം സ്വീകരിക്കുന്ന വിവേകമായി വിവക്ഷിക്കപ്പെടുന്നു. ആസാരം - പെരുമഴ കാസാരം - തടാകം)

ആങ്കാരമാം നിബിഡപങ്കം നിറഞ്ഞിവിടെ
സങ്കോച,ശങ്കയതിസങ്കീർണമാണു മതി
കൈങ്കര്യഭാവമൊടെ സങ്കീർത്തനം ജപന-
മെങ്കിൽ ഭവാനിവിടെ നങ്കൂരമിട്ടിടുക

(ആങ്കാരം - അഹങ്കാരം പങ്കം - ചെളി കൈങ്കര്യം - ദാസ്യം)

വീറുള്ളമായ മനമേറുന്നു മൂടലൊടെ
കാറുള്ളപോലെ ചിതിതാറുന്ന നേരമൊരു
തേറുന്നമിഥ്യയുടെ മാറുന്നകാഴ്ചകളി-
ലൂറുന്ന മോഹമിതു മാറില്ലെ കൃഷ്ണ! ഹരി 

(താറുക - താത്കാലികമായി നിന്നുപോവുക തേറുക - വര്‍ദ്ധിക്കുക
മാറുന്ന കാഴ്ചകൾ - മാറിമറിയുന്നതൊന്നും സത്യമാകില്ല, സത്യമെന്നാൽ 3 കാലങ്ങളിലും മാറാതെ നിൽക്കുന്നതാകണം)

പൊങ്ങുന്നു നൂറുവിഷയങ്ങൾ തരുന്ന ചല-
നങ്ങൾ നിറഞ്ഞനടനങ്ങൾ മനസ്സിലവ
നീങ്ങുന്നതിന്നിടയിലങ്ങുന്നഹോ! ഇടയ-
നങ്ങല്ലെ, പിന്നണിയിലങ്ങല്ലെ കൃഷ്ണ! ഹരി 

(അഹോ - ആശ്ചര്യസൂചകം ഇടയൻ - ഇടയിൽ നിൽക്കുന്നവൻ ഇടയിൽക്കൂടെ കാണുന്നത് അതിനും പിന്നിലുള്ള ഒന്നാകണമല്ലോ)

തെണ്ടിത്തിരിഞ്ഞു മതി മണ്ടുന്നതുണ്ടിവിടെ-
യിണ്ടൽ രുചിച്ചകഥ മിണ്ടാനുമാക ഹരി
രണ്ടല്ല,യെൻ്റെമിഴി കണ്ടോരനേകവിധ-
മുണ്ടിങ്ങു കൃഷ്ണ! ഹരി കണ്ടില്ലെയെൻ്റെ വിധി

(മണ്ടുക - ഓടുക ഇണ്ടൽ -  ദുഃഖം ഒന്നായതിനെ രണ്ടായിട്ടുകാണാനുള്ള അറിവ് എഴുത്തച്ഛനുണ്ടായിരുന്നെങ്കിൽ അത് അനേകമായിട്ടാണ് എനിക്ക് കാണപ്പെടുന്നത്. ആദ്യം അത് രണ്ടായിക്കാണാനും അതുരണ്ടും ഒന്നെന്ന് പിന്നീടും മനസ്സിലാക്കേണ്ടിയിരിക്കുന്നു)

കൊണ്ടൽ മറഞ്ഞുടനെ തണ്ടേണ്ടതില്ല, കിരി
താണ്ടിക്കഴിഞ്ഞു രവി പണ്ടുള്ളപോലിവിടെ
വീണ്ടും വരുന്നപതിവുണ്ടെങ്കിലും കരി പു-
രണ്ടിട്ടുതന്നെ മതി കണ്ടില്ലെ കൃഷ്ണ! ഹരി 

(കൊണ്ടൽ - മേഘം തണ്ടുക - അന്വേഷിക്കുക കിരി - മേഘം 
പരിച്ഛിന്നനായി കാണപ്പെടുന്നത്
അജ്ഞാനം കൊണ്ടുമാത്രമാണ്, അത് നശിച്ചാൽ മേഘം മാറി സൂര്യൻ തെളിയുംപോലെ ആത്മാവ് താനേ പ്രകാശിക്കും എന്ന് ശങ്കരവചനം - ആത്മബോധം 5, പക്ഷെ പഠിച്ചത് പുസ്തകത്തിലും മനസ്സിൽ ഇരുളും മാത്രം അവശേഷിക്കുന്നു)

ദൃക്കായനിന്നെ മനമൊക്കെത്തിരഞ്ഞു മൊഴി
കേൾക്കാനുമാശ മറനീക്കീട്ടു നീവരിക
തൃക്കാലെഴുംദ്യുതി വിളക്കായിനിൽക്കണമൊ-
ളിക്കല്ലെ നീ, വഴിതുറക്കില്ലെ കൃഷ്ണ! ഹരി 

(ദൃക്ക് - സാക്ഷീഭാവത്തിൽ എല്ലാം കാണുന്നവൻ, ദൃക്-ദൃശ്യവിവേകത്തിലെ അതേ അർത്ഥത്തിൽ)

ഭൃംഗാദിജാലമതു ശൃംഗാരഭാവമൊടെ-
യംഗാരവർണ്ണമലരിൽ ഗാഢമൂർന്നപടി
രാഗാംഭണം മുരളിയിൽ ഗാനമായുയരെ
ഭാഗാർത്ഥി ഞാനരികെ നിൻ ഗാഥ മൂളിയിഹ

(അംഗാരം - ചുവന്ന നിറം  അംഭണം - ശബ്ദം പുറപ്പെടുവിക്കുന്നത് ഭാഗാർത്ഥി - പങ്കിന് അപേക്ഷിക്കുന്നവൻ ഗാഥ - സ്തുതിഗീതം)

ചെഞ്ചായമിട്ടഴകു് തഞ്ചുന്ന കാലടിക-
ളെഞ്ചുന്നുവെൻ്റെ വിന നെഞ്ചോടലിഞ്ഞ കറ
ചാഞ്ചാടിവന്നു കളകാഞ്ചിക്കിലുക്കമൊടെ
കൊഞ്ചിച്ചിരിച്ച ചിരിയഞ്ചുന്നു കണ്ണു് ഹരി

(എഞ്ചുക - നശിക്കുക/കുറയുക)

നൃത്തം ചവിട്ടി മമ ഹൃത്തും മെതിച്ചതു വി-
ഷത്തോടെ കാളിയനകത്തെത്തിയൂതി പക
പത്തിക്കുമേലെ വടിവൊത്തോരു പാദകല
തത്തിക്കളിച്ചഗതി ചിത്തത്തിലെത്തി ഹരി

മഞ്ഞച്ചയാടകളണിഞ്ഞിട്ടു പുഞ്ചിരി വി-
രിഞ്ഞോരുപൂർണ്ണിമ തികഞ്ഞൊരു കാഴ്ച മമ 
പഞ്ഞം കുചേലനു കുറഞ്ഞെന്നപോലിഹ ചൊ-
രിഞ്ഞിട്ടു ചിന്തന വിളഞ്ഞെൻ്റെ കൃഷ്ണ ഹരി 

(പഞ്ഞം - ദാരിദ്ര്യം ചിന്തന - വിചാരിക്കൽ)

അങ്ങുന്നുവന്നു മമ വിങ്ങുന്നമാനസമി-
റങ്ങീടണം, വ്യഥകലങ്ങീടുമാറു ചിതി
താങ്ങിപ്പിടിച്ചു കദനങ്ങൾക്കുമേലനുഭ-
വങ്ങൾ കടഞ്ഞതിനുമങ്ങേയ്ക്കു വെണ്ണ ഹരി 

(ചിതി - അറിവ്/ചൈതന്യം കൂർമ്മത്തിലുറച്ചു മന്ഥരപർവതം കടഞ്ഞതുപോലെ ചിതിയിൽ ഉറപ്പിച്ച് അനുഭവങ്ങൾ കൊണ്ട് മനസ്സ് കടയുന്നതായി സങ്കൽപ്പിക്കുന്നു)

പ്രക്ഷുബ്ധമാനസവുമീക്ഷിച്ച ചക്ഷു തവ
കാംക്ഷിച്ചമാനസവുമെൻ ക്ഷുദ്രമായ മതി
വിക്ഷേപമെന്നവ വിവക്ഷിച്ചുതന്നിവനൊ-
രക്ഷൗണിണിപ്പടയിലക്ഷാമ കൃഷ്ണ! ഹരി 

(ഈക്ഷിക്കുക - കാണുക/നോക്കുക ചക്ഷു - കണ്ണു് വിക്ഷേപം - മായയുടെ 2 ശക്തികളിലൊന്ന്; ആവരണം സത്യം മറയ്ക്കുമ്പോൾ വിക്ഷേപം മറ്റൊന്നിനെ ആ സ്ഥാനത്ത് തെറ്റിദ്ധരിപ്പിച്ചുകാണിക്കുന്നു.  അക്ഷാമ - ക്ഷാമം ഇല്ലാത്ത )

ഭള്ളോടു കൂടിയൊരു കള്ളം കളങ്കമന-
മള്ളിപ്പിടിച്ച വിഷവള്ളിയ്ക്കിതെന്തു ചുറ
മുള്ളോടുകൂടിയതു നുള്ളിക്കളഞ്ഞ തവ
കള്ളച്ചിരിയ്ക്കഴകിലുള്ളോരു കാന്തി ഹരി

(ഭള്ള് - അഹംഭാവം/ധിക്കാരം ചുറ - ചുറ്റ്/വളയം)

ഒട്ടുന്ന പാശമിഹ പൊട്ടാത്തൊരാ ലതിക
കെട്ടുള്ളബന്ധമതു വിട്ടിട്ടു പോവതിനു
കൂട്ടായി വന്നു വഴികാട്ടുന്നൊരെന്നുടയ
പട്ടാഭിരാമ! മനമൊട്ടാകെ കൃഷ്ണ! ഹരി

സ്പഷ്ടം ഭവാൻ്റെയൊരു ദൃഷ്ടിക്കിവൻ സപദി
നഷ്ടക്കയം കയറി കഷ്ടത്തിനെന്തറുതി!
മിഷ്ടപ്രസന്നസുമവൃഷ്ടിക്കുമൊത്ത ചിരി
സൃഷ്ടിച്ചു പൊൻപുലരി ശിഷ്ടന്നു കൃഷ്ണ! ഹരി

(സപദി - ഉടനെ/തത്ക്ഷണം മിഷ്ട - നനഞ്ഞ/തളിക്കപ്പെട്ട/മാധുര്യമുള്ള ശിഷ്ട -
ശാസിക്കപ്പെട്ട /നല്ലരീതിയില്‍ വളര്‍ത്തപ്പെട്ട)

നീ വാഴുമെൻ്റെമനമോ വാഗതീതരുചി
തേവാരനേരമതു ഭാവാനുബന്ധശതി
പൂവായിയേകി തതി നാവാൽ ജപിച്ച കതി
എൻ വാങ്മയപ്രതിമ നീ വാരിജാക്ഷഹരി 

(വാഗതീത - വാക്കുകള്‍കൊണ്ടു വെളിപ്പെടുത്താനാവാത്ത രുചി - ഭംഗി/നിറം/ ശോഭ  തേവാരം - ഈശ്വരപൂജ ഭാവാനുബന്ധം -   ഏതെങ്കിലും ഒന്നിനോടുള്ള സ്വാഭാവികപ്രതിപത്തി ശതി - നൂറുമടങ്ങായ. തതി - സമൂഹം/കൂട്ടം. കതി - എത്ര വാങ്മയം- വാക്സ്വരൂപം)

വൃത്തം: സ്തിമിത
പ്രാസം : അഷ്ടപ്രാസം 

ഏഴിൽയതിക്കുതഭ യംജംലലസ്തിമിത





Saturday, August 20, 2022

നീതോജ്വലലോകം

ജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണു് മണിമാല. 6 വീതം രണ്ടായി ഓരോവരിയും മുറിയുന്നു, അതുകൊണ്ടുതന്നെ അഷ്ടപ്രാസം ഈ വൃത്തത്തിൽ എളുപ്പം കൊണ്ടുവരാനാകും. 2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.



വാടാമലരിൽ നിന്നീടാക്കിയ കാന്തി
ചൂടാത്തൊരു പൂവിൻ തേടാത്തൊരു ഗന്ധം 
പാടാത്തൊരു പാട്ടിൻ നീടാകെനിറച്ചും
നേടാമിതു നേരിൻ വീടായ് മനമെൻ്റെ

(നീട് - അഴക്/ശോഭ)

ആരാമസമാനം വാരായ് മനമെല്ലാം
എൻ രാഗവസന്തം കാൺ രാജിതഭാവം
ഓരാതൊരു ചൈത്രം  തൻ രാസനികുഞ്ജം
തീരാമുകുളങ്ങൾ പോരാ പുളകങ്ങൾ

(വാര്- ഭംഗി ഓരാതെ - ഓർക്കാതെ ചൈത്രം - വസന്തം)

എൻ കീർത്തനധാരയ്ക്കേകീ പുതുമയ്ക്കായ്
കേൾ കീരമൊഴിയ്ക്കിന്നേകീകൃതനാദം
നാകീയസരിത്തായ് പാകീ ശ്രുതിയെന്നിൽ
പുൽകീയതിനോളംതൂകീയനുഭൂതി

(കീരമൊഴി - കിളിമൊഴി ഏകീകൃത - ഒന്നുപോലാക്കിയ നാകീയ സരിത്ത് - സ്വർഗ്ഗീയ നദി)

എൻ ചാതുരിനീന്തും വൈചാരികതന്തു
ആചാരികമാകെ,പ്പോയ് ചാപലമെല്ലാം
ആ ചാർന്നപദങ്ങൾ ഹാ! ചാറിയിറങ്ങി
തൻ ചാരുതതിങ്ങും വാചാലവികാശം

(ആചാരികം - ദിനചര്യ ചാർന്ന ചാര്‍ച്ചയുള്ള, ബന്ധുതയുള്ള
വികാശം -  സന്തോഷം/ ജയിച്ചടക്കിയപ്രദേശം വാചാലതയാൽ ജയിച്ച അക്ഷരലോകം എന്ന അർത്ഥത്തിൽ)

ഏതോ പുതുബോധം പെയ്തോരറിവോലും
ചേതോഹരസത്തിൻ ശീതോത്തമസിന്ധു
ഭൂതോദയമായിട്ടീ തോഷമകത്തായ്
നെയ്തോരഴകോലും നീതോജ്വലലോകം

(ശിതോത്തമം - വെള്ളം  ഭൂതോദയം - പെട്ടെന്നുള്ള തോന്നൽ/ കാരണംകൂടാതെയുണ്ടാകുന്ന തോന്നല്‍  തോഷം - സന്തോഷം നീതം -  ധ്യാനം)

കാണാനഴകേറും കാണാത്തൊരു ലോകം 
പൂണാരസമാനം കാണായിവനെന്നോ
ശോണാർദ്രഹൃതന്തം കേണാലതൊരീണം 
ചേണാർന്നുടനീളം വീണാമണിനാദം

( പൂണാരം - വംശത്തിനോ സമൂഹത്തിനോ അലങ്കാരമായ വ്യക്തി  ശോണം - കുങ്കുമം/ചുവപ്പ്  ചേണ് - അഴക്/ തിളക്കം)

ധീ ദാനുവിലെന്നാൽ കേദാരവിചിന്ത
സൗദാമിനിമിന്നും താദാത്മ്യമൊടുള്ളിൽ
ആദായനിമാനം ആദാനവിചാരം 
മോദാനുഭവത്തിൻ സ്വാദാണതിനെന്നോ

(ധീ - ബുദ്ധി ദാനു - തൃപ്തി കേദാരം - കൃഷിസ്ഥലം വിചിന്ത - പലപലചിന്തകൾ
സൗദാമിനി - മിന്നൽ നിമാനം - വില/അളവ് ആദാനം - കൊള്ളൽ/ എടുക്കൽ/വാങ്ങൽ )

കൂലങ്കഷചിന്ത സ്ഥൂലപ്പെരുധാര
ചോലയ്ക്കുസമം വന്നോലക്കവുമുണ്ടേ
ആലക്തികമായിട്ടെൻ ലക്ഷിതബോധം
കാലത്തിനതീതം ശീലല്ലെ മനസ്സിൽ 

( കൂലങ്കഷം - ഊക്കോടുകൂടിയ ഒഴുക്ക്   സ്ഥൂലം - തടിച്ച ഓലക്കം - ഭംഗി, അഴക്, പ്രൗഢി ആലക്തിക - വിദ്യുച്ഛക്തിസംബന്ധമായ /മിന്നൽ മിന്നിയപോലെയെന്നു വിവക്ഷ ലക്ഷിത - വേര്‍തിരിച്ചറിഞ്ഞ/നിര്‍വചിക്കപ്പെട്ട)

ആ മന്ത്രണമുള്ളിൽ സാമർത്ഥ്യമൊടെന്നിൽ
ധാമത്തൊടെ പൂത്തിട്ടീ മഞ്ജുളവാക്കായ്
സാമന്തവിഹീനം ക്ഷേമത്തൊടെ മേവാൻ
ശ്യാമത്തിരമാറ്റും സാമഗ്രികളോ ചൊൽ

(ധാമം - പ്രഭാവം സാമന്ത - അതിരുകളുള്ള)

അഞ്ചാതിവനുള്ളിൽ പിഞ്ചായൊരു സൂക്തം
ചാഞ്ചാടി വിടർന്നും തഞ്ചാനിടവന്നാൽ
നെഞ്ചാകെ നിറയ്ക്കും സഞ്ചാലകഭേരി
പഞ്ചാരി മുഴക്കാം വെഞ്ചാമരമേന്തി

(അഞ്ചുക - പതറുക/ശങ്കിക്കുക   സഞ്ചാലക - ചലിപ്പിക്കുന്ന, (പ്രവര്‍ത്തനങ്ങള്‍) നടത്തുന്ന ഭേരി - വാദ്യം/മേളം)


വൃത്തം: മണിമാല
പ്രാസം: അഷ്ടപ്രാസം




ആറാറിഹതംയം തംയംമണിമാലാ




Saturday, July 23, 2022

വാണീസ്തുതി

ഒരു വരിയിൽ 23 അക്ഷരങ്ങൾ വരുന്ന വികൃതി എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് ശ്രവണാഭരണം.  അഭിമതം എന്നൊരുപേരും ഇതിനുകേട്ടിട്ടുണ്ട്. മഹിഷാസുരമർദ്ദിനി സ്തോത്രം വായിച്ചിട്ടുള്ളവർക്കും കേട്ടിട്ടുള്ളവർക്കും പഠിച്ചിട്ടുള്ളവർക്കും  ഇഷ്ടപ്പെടുന്നവർക്കുമൊക്കെ ഈ വൃത്തം പെട്ടെന്നു തിരിച്ചറിയാനാകും, ഒരുപക്ഷെ അതിൻ്റെ പേരു്  അറിഞ്ഞുകാണില്ല. കാരണം  ഇത് വൃത്തമഞ്ജരിയിൽ കാണാത്ത ഒരു വൃത്തമാണ്. അതിനാൽ  ഓരോപേരിലും ഓരോ ലക്ഷണങ്ങളുംകൂടി താഴെ എഴുതി ചേർത്തിട്ടുണ്ട്. ഇഷ്ടപ്പെട്ടപേരിൽ ഇതിനെ വിളിക്കാം.  പ്രാസഭംഗിയുള്ളതുകൊണ്ടും അർത്ഥസമ്പുഷ്ടമായതുകൊണ്ടും എന്നും അത്ഭുതത്തോടും ആരാധനയോടുംകൂടിമാത്രമേ ഞാൻ മഹിഷാസുരമർദ്ദിനി സ്തോത്രം  കണ്ടിട്ടുള്ളൂ. അതേവൃത്തമെടുത്തു് ഒരു സ്തുതിയെഴുതാൻ തുനിയുമ്പോഴും എത്രത്തോളം പ്രാസം എഴുതിയൊപ്പിക്കാനാകും എന്നതായിരുന്നു എൻ്റെ മനസ്സിലെ ചിന്ത.

മഹിഷാസുരനിഗ്രഹത്തിൻ്റെ കഥപറഞ്ഞ്, ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും കാണിച്ച്, ഭ്രാമരീവിദ്യയും യോഗിനീജാലശാംബരവും പോലത്തെ തന്ത്രങ്ങളും പറഞ്ഞ്, മന്ത്രങ്ങളിൽത്തന്നെ മഹാമന്ത്രമായ മഹാഷോഡശാക്ഷരീമന്ത്രവും പരാമർശിച്ചു്, സുരഥൻ്റെയും സമാധിയുടെയും മോക്ഷകഥാസാരവും സൂചിപ്പിച്ച്, സമയാചാരം പോലത്തെ ദേവീസാധനാവിദ്യകളും പഠിപ്പിച്ച് ഒടുവിൽ ഫലസിദ്ധിയും പറഞ്ഞുപോകുന്ന ആ പ്രൗഡകൃതിയുടെ ബൗദ്ധികസത്തയോളമൊക്കെ ഉന്നതിയിൽ എൻ്റെചിന്തകൾക്ക് എത്താനാകുകയോ, അത്രയൊക്കെ  എഴുതിഫലിപ്പിക്കാനാകുകയോ ആകില്ലെങ്കിലും, വാക്കുകൾകൊണ്ടു് എന്തെങ്കിലുമൊക്കെ കസർത്ത്കാണിച്ച് വായനയിലെങ്കിലും അതുപോലെതോന്നിക്കുന്ന ഒരെണ്ണം അനുകരിച്ചെഴുതിയൊപ്പിക്കാനെങ്കിലും എനിക്കാകുമോ എന്ന് നോക്കിയത്താണു്. 


സവിധമണഞ്ഞു തൊഴുന്നൊരുവന്നു പുലർന്നകമിന്നു നിറന്നപദം
കവിമനഭാവനയെന്നസരോജനി തന്നുയിരിൽ നിറയുന്നനിശം
കവിത വിടർന്നുവരുന്നു മനം വഴിയുന്നമൃതം പകരുന്നളവിൽ
അവിരളവാക്കുകളൊന്നൊഴിയാതെയുയർന്നുപറന്നതിനുന്നതിയിൽ

(സരോജനി - താമരപ്പൊയ്ക)

അകമനകങ്കരപങ്കിലമങ്കകളങ്കിത സങ്കരസങ്കലനം
പുകമറകാങ്കിലുയർത്തിയസങ്കടപുംഗകലങ്കുര മങ്കിതമോ
മികവൊടു പുംഗലപുംഗവരംഗിതരംഗണരംഗതരംഗിണിയിൽ
മുകരിമണം! മനപങ്കജിനിപ്രതി സങ്കുലപങ്കജകങ്ക വരും

(കങ്കര - ചീത്തയായ പങ്കിലം - ചെളിനിറഞ്ഞപ്രദേശം
അങ്കം - പാപം/അപരാധം സങ്കര സമ്മിശ്രമായ  സങ്കലനം - കൂടിച്ചേർക്കൽ/ഒന്നാക്കൽ
കാങ്കിൽ തീക്കനൽ/ചൂട്
പുംഗം - കൂട്ടം കലങ്കുരം- നീർച്ചുഴി  മങ്കിതം - ചോല
പുംഗലം - ആത്മാവ്  പുംഗവം - ശ്രേഷ്ഠമായത്  രംഗിത - നിറംപിടിപ്പിച്ച/ആകര്‍ഷകമായ  രംഗണം - നൃത്തം മുകരി - മുല്ല പങ്കജിനി - താമരപ്പൊയ്ക  പ്രതി - പോലെ/സാദൃശ്യം  സങ്കുല - കൂട്ടത്തോടെ
കങ്ക - താമരയുടെ സുഗന്ധം)

നവനവസുന്ദരചിന്തകളൂള്ളിലെ മന്ഥരകന്ധരമാരി വിധം
ഭവതികനിഞ്ഞ ഭവാന്തരമെന്തൊരുബന്ധുരമന്തരകാന്തികളിൽ 
കവനമുണർന്നൊരു സിന്ധുസമം, തവബാന്ധവമാൽ മതിശാദ്വലമായ്
ഇവനുമനം മഴചിന്തിയതാൽ സുധതുന്ദിലബിന്ദു ഹൃതന്തവിധൗ

(മന്ഥര - കൊഴുത്ത കന്ധര - മേഘം ഭവാന്തരം - മറ്റൊരുജീവിതം/മറ്റൊരവസ്ഥ 
ബാന്ധവം - സ്നേഹം ശാദ്വല - പച്ചപ്പ് നിറഞ്ഞ തുന്ദില - വഹിക്കുന്ന വിധൗ - സമയത്ത്)

മഴപൊഴിയും കൃപമട്ടലരായ് തവനോട്ടമദൃഷ്ടമൊടേറ്റിവനിൽ
നിഴലിഴകൾ കടുകട്ടിയകത്തെയിരുട്ടുമകറ്റിയ വെട്ടമതായ്
അഴലഴിയും വഴിവിട്ടൊഴിയും, കളയട്ടെ,യലട്ടിയകഷ്ടതകൾ 
കഴലിണയാൽ തലതൊട്ടതുതൊട്ടൊരു ധന്യത! കിട്ടിയിരട്ടിഫലം.

(മട്ടലർ - തേനുള്ളപൂ അദൃഷ്ട - കാണപ്പെടാത്ത/സുകൃത-ദുഷ്കൃതങ്ങളുടെ ഫലമായിവരുന്ന സുഖദുഃഖാനുഭവങ്ങൾ) 

ഭഗവതിയുത്തമസദ്ഗുണസത്തുവിതിർത്തൊരുനീർത്തുളി പെയ്തമഴ
നിഗമമൊരിത്തിരി സത്തപടുത്തുകലർത്തിയെടുത്തതു വിത്തമഴ!
മൃഗമദഗന്ധമുണർത്തിയകത്തുനിരത്തിയതോ കവിവൃത്തനിര 
സുഗമപദം പടുവൊത്തതുകോർത്തിടെ വാഴ്ത്തിടുവാനിതു മൗക്തികമായ്

(നിഗമം - വേദം/ദൈവവാക്ക് വിത്തം -അറിവു്  മൃഗമദം - കസ്തൂരി മൗക്തികം - മുത്തുമാല  പടു - സമർത്ഥൻ, സാധാരണ/താണ  എന്നൊക്കെയും  പറയാം. അതായത് പദങ്ങൾ  സമർത്ഥമായിനിരത്തിയെതെന്നോ  അല്ലെങ്കിൽ  താണപദങ്ങൾ നിരത്തിയിട്ടും കൃപയാൽ അത് മൗക്തികമായി എന്ന രീതിയിലും എടുക്കാം)

മതി തെളിവോടെതിളങ്ങി, വിളങ്ങിമനം സ്ഫുരണങ്ങളരങ്ങിടവേ
സ്തുതിയിതുകൊണ്ടുകരങ്ങളിണങ്ങിവണങ്ങി പദങ്ങളിലിങ്ങനെ ഞാൻ 
ശിതികിരണങ്ങളുമായ് വചനങ്ങളൊരുങ്ങി,യിറങ്ങി വരങ്ങളതിൽ
ദ്യുതിവിതനുസ്ഫുടനങ്ങളിതോ സ്ഫടികങ്ങളതിൽ മണികങ്ങളുമോ

(അരങ്ങിടുക - ആരംഭിക്കുക ശിതി - വെളുത്ത വിതനു - അഴകുള്ള സ്ഫുടനം - വികാസം മണികം - രത്നം/ചില്ലുമേട)

ഒരുവനുമേൽ തവദൃഷ്ടിപതിഞ്ഞു ദയപ്രകലപ്രദ വിപ്രതയാൽ
ഒരുനിമിഷം പ്രചയംവരവായ് പ്രസഭപ്രദവപ്രഥിതപ്രതിഭ!
വരുമരികെ പ്രവഹം പ്രജവം പ്രണതന്നുഭവം സകലപ്രഭവം
തരുമധികം പ്രമദം പ്രയതപ്രകരപ്രതതപ്രണുതസ്തുതിയാൽ

(പ്രകല വളരെ ചെറിയ പങ്ക്, പ്രദ - കൊടുക്കുന്ന വിപ്രൻ - വിദ്വാൻ/കവി
പ്രചയം - കൂമ്പാരം പ്രസഭം ശക്തിയോടെ 
പ്രദവം - പ്രകാശം പ്രഥിത - പുകഴ്ത്തപ്പെട്ട/ അറിയപ്പെട്ട 
പ്രതിഭ- ബുദ്ധിവിശേഷം പ്രവഹം- ഒഴുക്ക് പ്രജവം - അതിവേഗം പ്രണത - നമസ്കരിക്കുന്ന ഭവം - പ്രാപ്തി പ്രഭവം - ജ്ഞാനത്തിന്‍റെ ഉറവിടം പ്രമദം - സന്തോഷം പ്രയത- പ്രയത്നിക്കുന്ന 
പ്രകര അധികം ചെയ്യുന്ന പ്രതതം - തുടര്‍ച്ചയായ പ്രണുത - സ്തുതിക്കപ്പെട്ട)

പുതുപുതുഭാവനമണ്ഡമെടുത്തൊരു പിണ്ഡിതപിണ്ഡികഭാണ്ഡവുമായ്
ചതുരവിചാരമഖണ്ഡമതിൽ പദമണ്ഡനമോടൊരു മണ്ഡലവും  
അതുമുഴുവൻ സ്തുതിപോൽ മമതുണ്ഡമുണർത്തിയ തുണ്ഡിലലുണ്ഡിവിധം
അതുമതി ഖണ്ഡിത,മിന്നൊരു പണ്ഡിതമണ്ഡനമണ്ഡപമേറിടുവാൻ

(മണ്ഡം - എല്ലാ രസങ്ങളുടെയും തെളി
പിണ്ഡിത - ഗുണിക്കപ്പെട്ട/ബലമുള്ള 
പിണ്ഡക - കസ്തൂരി മണ്ഡന - അലങ്കാരശീലമുള്ള തുണ്ഡം - വായ
തുണ്ഡില ധാരാളം സംസാരിക്കുന്ന
ലുണ്ഡി - ശരിയായ പ്രവര്‍ത്തനം,
ഖണ്ഡിതം - നിശ്ചയം മണ്ഡനം - അലങ്കാരമായ/ അനുകൂലവിമർശനം)

കനിവിലൊരക്ഷയമക്ഷരചക്ഷണമക്ഷിതചക്ഷണിയക്ഷമൊടും
ഇനിമയിലുക്ഷിതമിക്ഷുകമാം ക്ഷരമക്ഷരഭിക്ഷുവിനേകുക നീ
തനിമയിലക്ഷജമിക്ഷണമീക്ഷണമീക്ഷസമീക്ഷ കണക്കിവനും
ഇനിയവിവക്ഷയിതാ ക്ഷിതിരക്ഷക ഭിക്ഷതരൂ ക്ഷമമീക്ഷിക നീ

(അക്ഷയമായ അക്ഷരത്തിൻ്റെ, ചക്ഷണം = കാഴ്ച,/ഭാവം. 
അക്ഷിത = അഴുകാത്ത, ചീയാത്ത  ചക്ഷണി = പ്രകാശിപ്പിക്കുന്ന
അക്ഷം = ജ്ഞാനം
ഇനിമ - മധുരിക്കുന്ന  ഉക്ഷിത - ശുദ്ധി ചെയ്യപ്പെട്ട  ഇക്ഷുകം - കരിമ്പ് 
ക്ഷരം - വെള്ളം 
അക്ഷജം - വജ്രം,/വൈരക്കല്ല് ഇക്ഷണം - ഇപ്പോൾ/ഈ നിമിഷം
ഈക്ഷണം - കണ്ണ് ഈക്ഷ - കാഴ്ച/വിചാരം സമീക്ഷ - ധാരണ/ഗ്രഹണം
ഇനിയ - ഹിതമുള്ള/മനോഹരമായ വിവക്ഷ - ആഗ്രഹം ക്ഷമം - യോഗ്യത/ഔചിത്യം ഈക്ഷിക - കാണുന്നവൾ/നോക്കുന്നവള്‍)

മമമനമേ പുതുപത്രിണിചിത്രകയത്രവചിത്രഗചൈത്രസമം
ത്രിമധുരസത്തപെരുത്തൊരുസത്രി, വിചിത്രമഴ! ത്രിദിവം ത്രസനം
സമയിമനം വരദാത്രിതരും ത്രധസിദ്ധികെളത്ര,യരിത്രയവൾ
സുമധുരഭാവസരിത്തതു തത്രതരിത്രി,തരിത്രമതത്രെയിവൻ

(പത്രിണി അങ്കുരം,/മുള ചിത്രക - ശോഭയുള്ള അത്രവ - അവിടെത്തന്നെ
ചിത്രഗ - വിവിധവര്‍ണങ്ങളുള്ള ചൈത്രം - വസന്തം 
സത്രി - മേഘം ത്രിദിവം  - സ്വർഗ്ഗം  ത്രസനം - ഹൃദയം  
സമയി - സമയാചാരം അനുഷ്ഠിക്കുന്നയാൾ
ദാത്രി - കൊടുക്കുന്നവള്‍ ത്രധ - മൂന്നിരട്ടി അരിത്ര - മുന്നോട്ട് കൊണ്ടുപോകുന്ന
തത്ര - അവിടെ തരിത്രി - തോണിക്കാരി തരിത്രം - തോണി)




വൃത്തം: ശ്രവണാഭരണം / അഭിമതം 
പ്രാസം: അനുപ്രാസം

പരിചൊടുവൃത്തമതിൽ നജജം ജജജം ജലഗ ശ്രവണാഭരണം
അഭിമതവൃത്തമതിൽ നഗണം ജഗണം ജഗണം ജഗണം ല ഗുരു




Saturday, July 2, 2022

വിധുരമഴ

 അഷ്ടിഛന്ദസ്സിലുള്ള ഒരു സമവൃത്തമാണൂ് രുചിരതരം.


തീരാനോവിൻകടലലമുകളിൽ കദനതപം
കൂരാപ്പോലും കരിമുകിലുറവായ് മനമകമേ
പോരാതുണ്ടോ തുടിയകമിടിപോൽ ഹൃദയഞൊടി
തോരാക്കണ്ണീർമഴ പൊഴിയുകയായ് മിഴിയുഗളം
(കൂരാപ്പ് - വലിയ ഇരുട്ട് യുഗളം - ഇരട്ട)

തുള്ളിയ്ക്കോ വൻകുടമൊരുമഴയിൽ ചൊരിയുകിലും
വിള്ളൽ വീണോരകമനതടമോ വരളലിലും!
മുള്ളാൽ കള്ളിച്ചെടി നിണകണമൂറ്റിയ മുറിവിൽ-
ക്കൊള്ളും നീറ്റൽപടരവെ, നിഗരം മൊഴിയിടറും
(നിഗരം - തൊണ്ട)

കാറുണ്ടുള്ളിൽ പൊഴിവതുമുഴുവൻ വിധുരമഴ
നീറുന്നമ്ലം ചൊരിയണവിധ,മീ വിധി ശരിയോ?
പാറുന്നോർമ്മപ്പറവകളുടെയാ ശബളിമയും
മാറുന്നെന്നോ കഴുകനുസമമായ് ചുടലയിലെ
(വിധുര - ദുഃഖിച്ച/പ്രതികൂലമായ )

ചൂടുണ്ടുള്ളിൽ കനലുകളുമിയിൽ പുകയുകയോ
വാടുമ്പോഴും തനുവിനുതണുവായ് ചുടുമിഴിനീർ!
പാടുന്നെന്നോ മൃതിയരികെ, വരണ്ടൊരുചൊടികൾ
തേടുന്നോ വിസ്മൃതിയുടെനിഴലിൽ പുതുവരികൾ

ആഷാഢത്തിന്നിടിമഴ പുളകക്കുമിളുതിരും
പാഷാണം വീണകതളിരുകളോ കരിയുകയും
ഹർഷം പൂക്കേണ്ടിടമിതു നിറയേ തരിശുകളോ?
വർഷം വീണാൽ മലരുവതിനിയും വ്രണശതമോ?
(കുമിൾ - കൂണ് ഇടിവെട്ടി മഴപെയ്തപിറ്റേന്ന് ഭൂമിയുടെ പുളകം പോലെ മുളച്ചുപൊങ്ങും)

രാഗം പാടും കിളികുലസഖി യാതനമല തൻ
ശൃംഗം തന്നിൽ തടവിലൊരിര! കേഴുകയുമതിൽ
ഭൃംഗം മൂളും മുരളികയെവിടേ? നടമിടുവാൻ
അംഗം പാടേ വിഗളിതവികൃതം മയിലുകളും !
(വിഗളിതം - വീണുപോയ)

വൃത്തം: രുചിരതരം

ഉണ്ടാം വൃത്തം മഭനജനഗവും രുചിരതരം





Saturday, June 11, 2022

ചിന്താനന്ദനം


സുന്ദരം ശുഭചിന്തപൂത്തു നിതാന്തമോഹനകാന്തിയിൽ
നന്ദനം സ്ഫുടവൃന്ദമാൽ, ഹൃദയാരവിന്ദമരന്ദവും 
സ്പന്ദനം, തുടിയന്തരാളമൃദംഗമായ് മൃദുമന്ത്രണം
ചന്ദനപ്രിയഗന്ധതുന്ദില മന്ദമാരുതചാമരം

  
(നന്ദനം - ഇന്ദ്രന്റെ പൂന്തോട്ടം സ്ഫുടം - വിടര്‍ന്ന പൂക്കളോടെ നില്‍ക്കുന്ന മരം തുന്ദില - വഹിക്കുന്ന)
 

ശംബരദ്യുതിയംബരീഷണബിംബമേകി തെളിച്ചമായ്
അംബകം മറമൂടിടും മിഴിനീരിലൻപൊടു ചുംബനം
കംബരസ്മിതരശ്മിയായ് വരുമശ്രുബിന്ദുവിലാ കതിർ
അംബരം പടരുമ്പൊഴോ വരുമിമ്പമായ്  മഴവില്ലൊളി

(ശംബര - ഉത്തമ/ശ്രേഷ്ഠമായ അംബരീഷണൻ - സൂര്യൻ അംബകം - കണ്ണ് കംബര - പലനിറമുള്ള )

ഉന്മുകം, നിറവെൺമതിപ്രതി, വാങ്മയം തമഭഞ്ജനം
കന്മഷം കരികന്മതിൽ ദൃഢവന്മതിൽ തകരും മടം
പൊന്മനം നിറനന്മപൂത്തതു തിന്മയസ്തമയം മണം
സന്മനസ്സിലെ തന്മ തന്നിനിമയ്ക്കുതാൻ ദിനമുൻമുഖം

(ഉന്മുകം - പന്തം പ്രതി - പോലെ/സദൃശം വാങ്മയം -  വാക്സ്വരൂപം/പദപ്രവാഹം  മടം - അഴക് ഉന്മുഖ - ലക്ഷ്യമാക്കിയ/അതിലേക്ക് മുഖമുയർത്തിയ)

യുക്തിയിൽ വരുമുക്തികൾ സരളോക്തികൾ പ്രബലോക്തികൾ
ശക്തിതന്നു നിരുക്തമോടതു തപ്തമാനസസിക്തമായ്
വ്യക്തമാം പദപങ്ക്തിയാലെ, സമാപ്തിപൂണ്ടു വിരക്തി തൻ
തിക്തമാം നിമിഷങ്ങ,ളുത്തമ തൃപ്തിയോടെ ശുഭാപ്തിയായ്

(ഉക്തി - വാക്ക് നിരുക്തം - ശബ്ദങ്ങളുടെ നിഷ്പത്തിവിവരണം സിക്ത - നനച്ച)

ആശ്രയം പദമാം ശ്രണി, ക്ഷരമാകെ വിശ്രുതമക്ഷരം
അശ്രുതധ്വനി ശുശ്രുവാണി പകർന്നപാലിലെ മിശ്രിതം
ആ ശ്രുതം ശചി ശക്വരത്തിലെ
ശാണശാണിതമീണമാ-
ക്കാൻ ശ്രമം ശതതന്ത്രിമീട്ടിയ ശർമിപോൽ ശൃണുവെൻ ശ്രുതി

(ശ്രണി - കൂട്ടം ക്ഷരം - പ്രകൃതി വിശ്രുത - ഒഴുകുന്ന അക്ഷരം - നാശമില്ലാത്തത് ശുശ്രു - അമ്മ ശ്രുതം - പഠിത്തം ശചി - വാഗ്മിത്വം ശക്വരം - വിരൽ ശാണശാണിതം - ഉരകല്ലിലുരച്ച് മൂർച്ച കൂട്ടിയ ശർമി - സന്തുഷ്ടിയുള്ള)


നെഞ്ചിലോ കിളിപഞ്ചമംവിളി, കൊഞ്ചിശാരിക മഞ്ജുളം
തഞ്ചിടും ശ്രുതിതന്ന വാഞ്ഛയിലുള്ളിലായ് കവിലാഞ്ഛനം
കുഞ്ചികത്തിരി മഞ്ജുഭാവന കുഞ്ചമിട്ടൊരു മഞ്ജുഷ
അഞ്ചിടും പദകഞ്ചകാന്തി വിപഞ്ചിമീട്ടി സമഞ്ജസം

(കുഞ്ചികം -  മുളയുടെ നാമ്പ്  കുഞ്ചം - പൂങ്കൊത്ത്/കതിർക്കുല മഞ്ജുഷ - പൂക്കൂട കഞ്ചം - താമര സമഞ്ജസം -  ഉചിതമായതിൽ നിന്നും മാറാതെ)


സത്യമോ? പദമൗക്തികം തരുമത്യയിദ്യുതിയുത്കടം
നിത്യനിർവൃതിപൂത്തവാടി വിഹൃത്യഭാവന തഥ്യയോ
മർത്യമാനസവൃത്തികൾക്കമരത്വമായി നിപാത്യമാം
കൃത്യചിന്തന വിത്തുപാകി വളർത്തിയൊക്കെ വിടർത്തിയോ

(മൗക്തികം - മുത്ത്  അത്യയി - കവിയുന്ന വിഹൃത്യ - വികസിപ്പിച്ച നിപാത്യ - നിപതിപ്പിക്കപ്പെട്ട കൃത്യ - ശരിയായ)



വൃത്തം : മല്ലിക
പ്രാസം : അനുപ്രാസം





Saturday, April 23, 2022

നടീനടനാടകം

 2, 8 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


കത്തുമാശകളൊരിത്തിരിയുണ്ടേ
ചിത്തമേടയിലകത്തൊരു കോണിൽ
സ്വത്തതെൻ, മിഴിവിലൊത്തു നിരത്തി
മുത്തുപോലവ കൊരുത്തൊരു ഹാരം!

വിട്ടുപോയ് മനമലട്ടിയ ശങ്ക
കെട്ടിനിന്നൊരണപൊട്ടിയ ധാര
ഒട്ടുമില്ല, കരുതട്ടെ വിഘാതം
തൊട്ടിടാൻ കരുണകാട്ടുമൊരാഴി

നീക്കി കന്മഷമെഴുക്കു മുഴുക്കെ
വാക്കിനിന്നറുതി, നാക്കിനു മൗനം
ചേക്കുപോലെ മനമോർക്കുവതിന്നോ
ദിക്കിനേ വസനമാക്കിയ രൂപം

തൃപ്പദം നിനവുരാപ്പകലായി
അപ്പൊഴേ ഹൃദയദർപ്പമകന്നൂ
വീർപ്പു കൊണ്ടു ജപമാപ്പൊരു,ളുള്ളിൽ
തപ്പിടും തുടിമിടിപ്പൊരു താളം

സച്ചിദംബരമുറച്ചൊരു ബിംബം
വെച്ചു കാമനയെരിച്ചൊരു ദീപം
കച്ചരങ്ങളുമൊഴിച്ചൊരു നേരം
പച്ചയായകമുദിച്ചൊരു ബോധം

കില്ലുമാറിയലതല്ലുമൊരുള്ളം
നല്ല ബോധമതിലുല്ലലമാടീ
ചില്ലിലൂടെ മഴവില്ലൊളി തൂകു-
ന്നില്ലെയേഴഴകു ഝില്ലിയൊരേകൻ!

പിഞ്ചിളം ശശികലാഞ്ചിതമാസ്യം 
ക്രൗഞ്ചരാജസുത തഞ്ചുമിടത്തായ്
പഞ്ചബാണരിപു പുഞ്ചിരി തൂകെ
അഞ്ചുമെന്നഴലു കിഞ്ചനവേണ്ടാ

അങ്ങയിൽ വിലയമങ്ങയിലുദയം
തങ്ങി ലോകചലനങ്ങളതൊക്കെ
അങ്ങു താണ്ഡവനടങ്ങളുതിർക്കേ
അങ്ങയിൽ പകുതിവാങ്ങിയ ലാസ്യം

ഉത്തമാംഗന പകുത്തൊരുദേഹം
നർത്തനാലസിതനിത്തരുണത്തിൽ
ഹൃത്തടത്തിലൊരു പുത്തനുണർവിൻ
മൂർത്തമാം നടമുണർത്തിയതത്വം 


വൃത്തം : സ്വാഗത
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ചേക്കു് - അഭയസ്ഥാനം
കച്ചര - അഴുക്കു്/മുഴിഞ്ഞ/ദുഷിച്ച
കില്ലു് - ക്ലേശം
ഝില്ലി - സൂര്യപ്രകാശം
ക്രൗഞ്ചം - പർവതം
അഞ്ചുക -  ഭയപ്പെടുക/നടുങ്ങുക
കിഞ്ചന - ഒട്ടുംതന്നെ/ഒരുവിധത്തിലും
മൂർത്ത -  കാണത്തക്കതായ

നടീനടനാടകം എന്നു കേൾക്കുമ്പോൾ ഓർക്കേണ്ടതും ഓർമ്മവരേണ്ടതും മഹിഷാസുരമർദ്ദിനി സ്തോത്രമാണു്.  നടിതനടാർദ്ധ - നടീനടനായക - നാടകനാടിത - നാട്യരതേ.  ഒരുപകുതിയിൽ നടനായും മറുപകുതിയിൽ നടിയായും അർദ്ധനാരീശ്വരരൂപത്തിൽ വിശ്വലീലയാകുന്ന നാടകമാടി അതിൽ രമിക്കുന്നവളേ. ശിവനു് താണ്ഡവമാണെങ്കിൽ ദേവിക്കു ലാസ്യമാണു്.  അതുരണ്ടും സമന്വയിപ്പിച്ച നടനമാണു് വിശ്വലീല.

സ്വാഗതയ്ക്കു രനഭം ഗുരുരണ്ടും