Saturday, November 21, 2020

അക്ഷരമുറ്റം

 ദ്വാദശ പ്രാസം പൊതുവെ മത്തേഭം എന്ന വൃത്തത്തിലാണ് എഴുതി കണ്ടിട്ടുള്ളത്.  ഒരു വരിയെ മൂന്നായി മുറിക്കാവുന്ന ഏത് സമവൃത്തത്തിലും ദ്വാദശപ്രാസം പ്രയോഗിക്കാവുന്നതാണ്.  നേരത്തെ സ്രഗ്ദ്ധരയിൽ ഇങ്ങനെ ശ്രമിച്ചിരുന്നു.  ഇത്തവണ രസരംഗം ആണ്. അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് രസരംഗം.  

എല്ലാ 4 വരികളിലും 2, 8, 14 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ്.


അക്ഷരമുറ്റം

ഹിരണമണിഞ്ഞാ കിരണവുമേറ്റക്ഷര മുറ്റം
സ്വരസുധ പോൽ പാൽ നുരയുമൊരാഴിക്കര പോലേ
വരമരുളൂയെൻ കരപുടമേ സ്ഥാവര പുണ്യം  
തിരയുയരും സാഗരസമമെൻ കാതര ചിത്തം

തവ കനിവോലും പവനുതിരേ, പാലവനത്തിൽ
നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ
കുവലയമെല്ലാം ദിവസവുമിന്നീ ഭുവനത്തിൽ 
സുവനനുണർത്താൻ  പ്രവണതയുണ്ടെന്നവബോധം

അപശകുനങ്ങൾക്കപചയമായ് സ്നേഹപരാഗം 
കൃപ തഴുകുമ്പോൾ  തപശമമാം ശീതപടീരം
ചപലവികാരം ഉപമയുമില്ലാത്ത പകിട്ടിൽ
ഉപവനമാലോലുപമണയും വർണ്ണപതംഗം

മലയജഗന്ധം കലയവിലോലം അല ചൂടും
മലരണി വാകക്കുലകളിലാ തെന്നലണഞ്ഞൂ 
പലവിധ വാക്കും  നലമൊടു വിടരാം പുഷ്കല നാവിൽ
ഉലകിനുമേ വ്യാകുലമകലും കോകില ഗാനം

വിമലതരം മഞ്ജിമ പകരും വാക്കുമനേകം
കമലദളം പോൽ സുമമധുവും ചിന്തി മനസ്സിൽ
ക്രമമൊടു വന്നും ചമയുകയെന്നും കമനീയം
സുമധുര ഭാവം ഹിമകര ശൈത്യം മമ ചിത്തം

കൃത മമ ചിത്തം ഭൃതമിതു വിത്തം ധൃത സത്താൽ
ഇതളണിയാം ചാരുതയണിയാമെൻ ലതയെല്ലാം
സിതമതു ഫുല്ലം വിതതമൊരർത്ഥം നതവാക്യം
ശത നിറമാലംകൃത വരി പോലും സ്വതസിദ്ധം

വൃത്തം: രസരംഗം
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ഹിരണം: സ്വർണ്ണം
സ്ഥാവര: സ്ഥിരമായ/ ഇളകാത്ത
പാലവനം : വെള്ളം കുറവുള്ള അത്യുഷ്ണ ഭൂമി
കുവലയം: ആമ്പൽ/താമര
സുവനൻ: ചന്ദ്രൻ/സൂര്യൻ
അവബോധം : അറിവ്/ഉദ്ദേശം/മനോഭാവം
അപചയം: ക്ഷയം/നാശം/കുറവ്
തപം: ചൂട്
ശീതപടീരം: കുളിർചന്ദനം
ലോലുപ: തീവ്രമായ ആഗ്രഹമുള്ള, കൊതിക്കുന്ന, അഭിനിവേശമുള്ള
കലയ: വിചാരിച്ചാലും, ചിന്തിച്ചാലും,  ചെയ്താലും, ധരിച്ചാലും, ഭാവന ചെയ്താലും
പുഷ്കല: ഉത്തമമായ/പ്രധാനമായ/ഐശ്വര്യമുള്ള/പൂര്‍ണമായ/മുഴങ്ങുന്ന
ധൃത: ധരിക്കപ്പെട്ട
ഭൃതം: നിറച്ച
വിത്തം : അറിവ്
കൃത: ചെയ്യപ്പെട്ട/സൃഷ്ടിക്കപ്പെട്ട 
സിത:  അറിയപ്പെട്ട/മുഴുവനായ/വെളുത്ത/തികവായ
വിതതം: വിസ്തൃതി

നയന യസംഗം വരുവതു വൃത്തം രസരംഗം




Saturday, November 7, 2020

ശീകരകുസുമം

അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സകലകലം.  യമകം  ചേർത്ത് ആണ് ഇത് എഴുതിയിരിക്കുന്നത്. ഉദാഹരണം  വര - സൗവര,  രവി - ഭൈരവി ഈ രീതിയിൽ എല്ലാ വരികളിലും രണ്ടക്ഷരമുള്ള ഒരു വാക്ക് ആവർത്തിച്ചു വരുന്നു. ഒരു അക്ഷരം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുള്ള വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത് യമകമായി.


ശീകരകുസുമം

ഗന്ധർവൻ തൻ വരഗതമാം സൗവരമധുവാൽ
സന്ധ്യാനേരം രവിമറയേ ഭൈരവിയുണരും
നീഹാരത്താൽ നനയുമൊരാ കാനനതടമോ
ആഹാ ധന്യം! വനഹൃദയം പാവനമുണരും

താനംപാടും രവമണയേ കൈരവമുകുളം
ഗാനംമൂളും മനമകമേ കാമനവിരിയും
സാമോദത്തിൻ തിരയുയരുന്നാതിരയിരവിൽ 
ആമോദത്തിൻ രജമുണരും തൂ രജതസുമം

സ്മേരംതൂകും സരസിജമോ ധൂസരമിഴിവാൽ
പാരം നിൻ പൊൻസരനടനം കേസരമുലയേ
താളംതുള്ളും സുരവടിവിൻ ഭാസുരചലനം
ഓളംമേലേ ധവളസുമം മാധവമണിയേ

നീരാടും നീ മദനനുമേ കാമദമലരായ്
ആരാധിക്കും തികവുമെഴും ചേതികമലരും,
താരാജാലം, കണിമലരും, കാകണിമണിയും,
തീരാദുഃഖം തരളഘനം കാതരമുകിലും

താരംവാനിൽ രതിവിളയിച്ചാരതിയുഴിയും
നേരം പൂവിൻ മുദിതമുഖം കൗമുദി പകരും
നേശം പൂണ്ടീ പഥമിതിലേ കാപഥകുളിരാൽ
വീശും കാറ്റിൽ മരശിഖരം ചാമരമുഴിയും

മേവാൻ ഗോമേദകമണിപോൽ മോദകമിഴിവിൽ
ഭാവാതീതം ചമയമിടും മൃൺമയകിരണം
ഹൈമക്കാറ്റിൽ രഭസമിതാ സൗരഭമണയും
തൂമത്താരോ ദകമലമേൽ മാദകനടനം

വിണ്ണിൻതുല്യം ഭഗമുദയം സൗഭഗവനിയിൽ
കിണ്ണാരം പോൽ ജനമറിവൂ കൂജന രവവും
തൃത്താവിന്നും കിലമധുരം കോകിലയൊലിയിൽ
നൃത്തം ചെമ്മേ പകരുമിതാ ചെമ്പക മലരും

മിന്നും പൊന്നിൻ നവചമയം മാനവനിതരം
നിന്നിൽ കാണാമവികലമാമീ സകലകലം
സർഗം ശ്രേഷ്ഠം! പകടമെഴും രൂപകവടിവാൽ
സ്വർഗ്ഗം തീർപ്പൂ കരളിലുമാ ശീകരകുസുമം

വൃത്തം: സകലകലം
പ്രാസം : ദ്വിതീയ + യമകം


പദപരിചയം
സൗവര : ശബ്ദസംബന്ധിയായ
ആമോദം : സുഗന്ധം
രജം : പൂമ്പൊടി
ധൂസര: ഭംഗിയുള്ള/ഇളം വെളുപ്പ് നിറമുള്ള
സര: ചലിക്കുന്ന/ഇളകുന്ന
മാധവം: വസന്തം/മധു തൂകുന്ന
കാമദ : കാമത്തെ നല്‍കുന്ന/ ഇഷ്ടമുള്ളതിനെക്കൊടുക്കുന്ന
ചേതിക : പിച്ചകം
കാകണി : ചുവന്ന കുന്നി
കാപഥം: രാമച്ചം
രഭസം: വേഗം
ദകം : വെള്ളം
ഭഗം: ശോഭ/സൗന്ദര്യം
കിണ്ണാരം : ശൃംഗാരം
തൃത്താവ് : തുളസി
കില: വാസ്തവത്തിൽ/ സത്യമായ
കലം : ആഭരണം
പകടം: പകിട്ട്
രൂപക : രൂപത്തെ സംബന്ധിച്ച
ശീകരം : വെള്ളം/വെള്ളത്തുള്ളി




കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം





Saturday, October 24, 2020

ഗന്ധർവയാമം

 അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സാരസകലിക.

പാരാവാരം പക്ഷികളണയും രവിമറയേ
ആരാവാരം കേൾപ്പതുസദിരാം കളമൊഴിയോ
ഓരാതോരോ ഭൈരവിയലിയും സ്വരജതിയിൽ
താരാജാലം തന്നിനിമ  വിഭാവരിയണിയും

സന്ധ്യാരാഗം മായികമലിയും ഇരുളലയിൽ
ഗന്ധോൻമാദം പാലകളണിയും മലരുതിരും
ഗന്ധർവൻവന്നൂഴിയിലണയും ദിവമൊഴിവായ്
സന്ധാബന്ധം സന്തതമവനീ സുഖവനിയിൽ

ഓമൽത്താരിൽ പാലൊളിപകരാൻ മധുനിശിതൻ
യാമത്തിൽ പൊൻചന്ദ്രികവരവായ് കസവിടുവാൻ
രാമച്ചം പെൺഗാത്രമണിയപോൽ നിലവൊളിയാ
തൂമഞ്ഞിറ്റും പല്ലവപുടമോ കളഭമിടും

പൂക്കുംമുല്ലപ്പൂ, കുറുമൊഴിയും ലതികകളിൽ
നോക്കിൽ ചൂതം പിച്ചിയുമവരോടിടയുമിതാ
മൂക്കിൽമത്തായ് ഗന്ധവുമുതിരും ധവളസുമം
ദിക്കിൽ ദൂരെപ്പോലുമിതറിയും വനശലഭം

മന്ദാരപ്പൂ മന്ദപവനനാൽ തഴുകിടവേ
വൃന്ദാരത്താൽ നന്ദനവനമോ മിഴികവരും
സിന്ദൂരത്തിൻ ബന്ധുരദളവും മടുമലരിൻ
വൃന്ദം ഗന്ധർവന്നു ദിവസമം പ്രിയമരുളും

സ്വർലോകത്തിൽ കണ്ടതുസമമോ വിപിനമിതിൽ
ഭുർലോകത്തിൽ വാഴുവതിനുമിന്നൊരുസുകൃതം
ആലോലം പൂങ്കാറ്റലപടരും ധരണിമുദാ
നിർലോപം തൻപല്ലവിവിടരും സരണികളായ്

നീളേപാടും പാട്ടിനുമനുപല്ലവിയൊലിയായ്
മൂളിച്ചെല്ലും വണ്ടുകളുടെ കാമുകഹൃദയം
മേളംതാളംസോമവുമൊടു രാസവുമുണരേ
വ്രീളാലോലം പച്ചിലമറയും നവമുകുളം

ഇന്ദ്രൻവാഴും മുന്തിയൊരമരാവതി വിരസം
ചന്ദ്രൻമണ്ണിൽ പൂമഴപൊഴിയും വനിസരസം
സാന്ദ്രം തൂവെൺചന്ദ്രികമെഴുകും ഭുവനമിതോ
വന്ദ്രംവിൺപോൽ, നന്ദനവനിയീ പ്രിയസദനം

മണ്ണിൽകാൺമൂ വിണ്ണിനുപരമാം സുഭഗപുരം
കണ്ണിൽമിന്നും കാഴ്ചകളതുപോൽ ദിവസമവും
മണ്ണിൽത്തന്നേ കാൺമതുദിവവും ജനമതിനാൽ
മണ്ണായ്പ്പോയാലും മൃതനു 'ദിവംഗത'മരുളും

മർത്യന്നിത്ഥം വാണിടുമിടമിന്നൊരുപടിമേൽ
ഓർത്താലുള്ളം നിർവൃതിയടയും മൊഴിമറയും
അർത്ഥാപത്തിയ്ക്കൊക്കുമിതതിനാൽ വിവരണവും
വ്യർത്ഥം, വാക്കും തോൽക്കുമിതുരയാൻ നലവടിവിൽ

വൃത്തം : സാരസകലിക

പദപരിചയം
പാരാവാരം : നദിയുടെ ഇരു കരകളും
ആരാവാരം : ശബ്ദകോലാഹലം
സദിര്: പാട്ടുകച്ചേരി ഓരാതെ : ഓർക്കാതെ/വിചാരിക്കാതെ
വിഭാവരി : നക്ഷത്രങ്ങൾ ഉള്ള രാത്രി
ദിവം : സ്വർഗ്ഗം
സന്ധ : ഗാഡമായ ഐക്യം സന്തതം : തുടർച്ചയായി അവനീ: ഭൂമി
ചൂതം : പവിഴമല്ലി
വൃന്ദാരം : അഴക്/ലാവണ്യം 
നന്ദനവനം : ഇന്ദ്രന്റെ പൂന്തോട്ടം
ബന്ധുര : ഭംഗിയുള്ള 
മടുമലർ : തേനുള്ള പൂ വൃന്ദം : കൂട്ടം
വിപിനം : ഉപവനം/വലിയ കാട്
ധരണി : ഭൂമി മുദാ : സന്തോഷത്തോടെ
വ്രീള : ലജ്ജ
വന്ദ്രം : ഐശ്വര്യം
അർത്ഥാപത്തി : പിന്നെ ഒന്നും ചൊല്ലാനില്ലെന്ന യുക്തി

ചൊല്ലാം വൃത്തം സാരസകലികാ മതനഭസം





Saturday, October 3, 2020

അലവയലുകൾ



കച്ചമെയ്യൊടുവലിച്ചു കർഷകനുറച്ചവൻപൊടുകിളച്ചതിൽ
മൂർച്ചതേടിയ മദിച്ചപൊൻമണിവിതച്ചുവേർപ്പുവിളയിച്ചതാം
പച്ചനാമ്പിലമുളച്ചഭൂമികവിരിച്ചസൗഭഗസമുച്ചയം
കൊച്ചുകേരളമുരച്ചു "നെല്ലറ" ലസിച്ചുകാൺമു  പുകളുച്ചമായ്

കെൽപ്പിലൂന്നിയകലപ്പതൻറെ കടുദർപ്പമൂർന്നതനുചിപ്പിയിൽ
വേർപ്പുമുത്തുമണികൈപ്പുറഞ്ഞരസമുപ്പുചേർന്നുമൊഴുകപ്പെടും
താപ്പിനുള്ളവകമൂപ്പിനുള്ളനിലമുപ്പലിഞ്ഞകണമൊപ്പിടും
വേർപ്പിലിന്നുകരചോർപ്പുകൊണ്ടുനിറകാപ്പണിഞ്ഞു മിഹിരാർപ്പണം

വിത്തെറിഞ്ഞു, ഹൃദയത്തിലുള്ള നിറസത്തുമായ, തനിസത്തയും
നീർത്തിടുന്നു ഹരിതത്തിനാഭ മിഴിയെത്തിടാമൊരകലത്തിലും
നേർത്തകാറ്റിനലമുത്തമിട്ടകുളിരൊത്തു നെൽയലുണർത്തിടും
പൂത്തുപൂംകതിരുമെത്തിനീളെമനമാർത്തുകാണ്മുമണിനർത്തനം

അങ്ങുദൂരെനിളകിങ്ങിണിക്കൊലുസിണങ്ങിടുന്ന ചരണങ്ങളും
പൊങ്ങിടുന്നവിരഹങ്ങളാർന്നചലനങ്ങളുള്ളയലതിങ്ങിയും
എങ്ങുമെങ്ങുമിടതങ്ങിടാതെ കടലങ്ങുപോംവഴിമുടങ്ങിയാൽ
തേങ്ങിടുന്നുകദനങ്ങളാലെ മതിവിങ്ങിടുന്നനിമിഷങ്ങളിൽ

വെള്ളമൂർന്നുധൃതിയുള്ളൊഴുക്കു കലിതുള്ളുമാ കടലിനുള്ളിലായ്
കള്ളി! പോകുവതിനുള്ളൊരാ ത്വരയുമുള്ളമോഹമറിവുള്ളതാൽ 
വെള്ളമേറെവിളവുള്ളമണ്ണിനരികുള്ളചാലിലണതള്ളിടും
വള്ളിപോലെ ചുറയുള്ളമാല കതിരുള്ളപാടമഴകുള്ളതായ്

ക്ഷുണ്ണകാമനയിലർണ്ണവംപരതി, കണ്ണുനീട്ടിയവിഷണ്ണയോ
വിണ്ണുകണ്ടു വരവർണ്ണമാം ഹരിതവർണ്ണമാടിടുമിതർണമായ്
തീർണമായവയലർണ്ണവംകളിയെ താർണസൈകതസുവർണ്ണവും
മണ്ണിതിൻനിധി വികീർണമായവിള കണ്ണിനേകിയൊരു പൂർണ്ണത!

പഞ്ഞമില്ല, തുടുമഞ്ഞയാംനിറമണിഞ്ഞു പൊൻകുലയുലഞ്ഞിതാ 
മഞ്ഞുനീർമണിയുറഞ്ഞതുമ്പിലൊരു കുഞ്ഞുസൂര്യനുമലിഞ്ഞിതാ
മഞ്ഞിനുള്ളിലതഴിഞ്ഞു ചെന്തിരയുഴിഞ്ഞുതൻപ്രഭ ചൊരിഞ്ഞിതാ
പഞ്ഞമാറ്റിയ വിളഞ്ഞധന്യതയറിഞ്ഞു ദൈന്യതമറഞ്ഞിതാ

നീട്ടിമൂളിയൊരുപാട്ടുതേനിലലയിട്ടകൊയ്ത്തിനൊലി കേട്ടിതാ
നട്ടഞാറിനടിവെട്ടിടുന്ന വളയിട്ടപെൺകരപകിട്ടിതാ
കെട്ടിമാറ്റികതിരിട്ടകറ്റ മെതിയിട്ടുകോരിപറകൂട്ടിയാ 
കോട്ടമറ്റവരയിട്ടകുത്തിയരി മട്ടനെല്ലുനിറവട്ടകം

കന്നിനുള്ളതവിടൊന്നുമാറ്റി തിരയുന്നധാന്യമണിതിന്നതാൽ
വന്നുതീറ്റ ചികയുന്നപൈങ്കിളികളൊന്നു പാടിയകലുന്നിതാ
കുന്നുകൂട്ടിരിയെന്നതങ്കനിധി തന്നവൈഭവവുമിന്നിതാ
തിന്നചോറിനുയരുന്നകൂറു വളരുന്നമണ്ണിനുപകർന്നിതാ 

കർമ്മമണ്ഡലസുധർമ്മമുണ്ടിവിടെ തമ്മിലുള്ളുറവുമർമ്മമായ്
ഘർമ്മഭൂവിലൊരുകമ്മനായനരനിർമ്മിതി പ്രചുരനിർമ്മലം
ധർമ്മമാണുധര നമ്മിലുണ്ടുകൃപ നമ്മളെത്തഴുകുമമ്മതാൻ
ഓർമ്മവേണമിതു അമ്മയാംപ്രകൃതി നേർമ്മയാലലിവുനമ്മളിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ഷോഡശപ്രാസം

പദപരിചയം
വൻപ്: ഊറ്റം (പാലക്കാടൻ പ്രയോഗം തെമ്പ്)
മൂർച്ച : കൊയ്ത്തു കാലം
സമുച്ചയം: കൂട്ടം
ഉരച്ച : ഉരചെയ്ത (പറഞ്ഞ)
കെൽപ്പ് : സാമർത്ഥ്യം/കഴിവ്
ദർപ്പം : വൻപ്,തെമ്പ്
താപ്പ് : ലാഭം/സുഖം/ഭാഗ്യം
മൂപ്പ് : വിളവ്
ചോർപ്പ് : കലർപ്പ്/കലർന്നുണ്ടായത്
കാപ്പ് : അഭിഷേകം/ചാർത്തൽ ഇവിടെ വിയർപ്പ് കൊണ്ട് മണ്ണിന്
മിഹിരൻ : സൂര്യൻ
സത്ത്: സാരം/പരമാർത്ഥം
സത്ത : നിലനിൽപ്/ഉൺമ
ആഭ: ശോഭ/സൗന്ദര്യം
ത്വര : തിടുക്കം
അണ: അണക്കെട്ട്
ചാല്: അണക്കെട്ടിലെ വെള്ളം തിരിച്ചു വിടുന്ന വഴി (ഉദാ:മലമ്പുഴ ചാല്, ചാല് വെള്ളം)
ചുറ: ചുറ്റും/വലയം ചെയ്തു പോകുന്ന
ക്ഷുണ്ണ : തകർക്കപ്പെട്ട/വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട
അർണ്ണവം : കടൽ
വിഷണ്ണ: വിഷാദിച്ച
അർണ : ചലിച്ചു കൊണ്ടിരിക്കുന്ന
തീർണ : വ്യാപിച്ച
താർണം : പുല്ല് കൊണ്ടുള്ള
സൈകതം : മണൽത്തിട്ട
വികീർണം : പ്രസിദ്ധമായ
പഞ്ഞം: ദാരിദ്ര്യം
അഴിയുക: അലിഞ്ഞ് ഇല്ലാതാകുക
ധന്യത : ഐശ്വര്യം ദൈന്യത : അവശത/ദാരിദ്ര്യം
മട്ട: പാലക്കാടൻ മട്ട വട്ടകം :അളവുമാനം
കമ്മൻ : പോരാളി
ഘർമ്മ : ചൂടുള്ള
പ്രചുര : വളരെ/പെരുകിയ




Saturday, September 19, 2020

ഇടയാഷ്ടകം

ഇടയൻ എന്നാൽ ഇടയിൽ നിൽക്കുന്നവൻ. തുടർച്ചയായി ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ പലതും വന്നു പോകുമ്പോൾ ഒരു വിഷയം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്റെ ഇടയ്ക്കുള്ള സമയം അവിടെ കാണുന്നവൻ.

ഒരുപീലിക്കൊടിതൻറെ  ചുരുളോലുംമുടിമാടി
ത്തിരുകിപ്പാലൊളിതൂകും ചിരികണ്ടെന്നാൽ 
വരുമെൻറെമനതാരും അരുമപ്പാൽക്കടലായ്നിൻ
ചിരിതൂകും തിരമേലേസരസംനീന്തീ

സ്വതസിദ്ധം തിരുഹാസം മതിമുന്നിൽ അതുകാന്തം
സിതലജ്ജം തരളാബ്ജം ലതമേൽകുന്ദം
സ്മിതമേകും ഒളിതൻറെ ച്യുതിതീണ്ടാ പ്രഭകണ്ടാൽ
നതശീർഷം തൊഴുകുന്നാ ദ്യുതിതൻമുന്നിൽ

തുളപോലേ മുറിവാലിന്നുളവാകും മമദേഹം
വിളയാടൂ വിരലാൽപ്പാഴ്മുളപോലെന്നിൽ
മുളതോൽക്കും കളനാദം കുളിരേകും കരളാകെ
വളരുമ്പോൾ  വരളാത്ത പ്രളയം തന്നേ

അലതല്ലും ഒലിതന്റെ നലമോലും പുളിനത്തിൽ
പലവർണ്ണം മമദാഹം മലരുംചേലിൽ
ജലദത്തിൻ ഘനവർണ്ണം തുലനം നിൻവിരിമാറിൽ
അലരെല്ലാം നറുമാല്യം മലരൊന്നാകേ

ഫണിമേലെനടമാടും അണിയാൻനിൻപദയുഗ്മം
അണിചേർന്നീപ്പദമാകെ കിണിതൻതാളം
മണിവർണ്ണാ തവപാദം പണിയാനീ പദശ്രേണി
ശൃണുനീയെൻ ഹൃദയത്തിൻ മണിതൻ നാദം

നവനീതം കുഴയുംപോൽ പവഭാവം നുകരേണം
അവഗാഹം, കവനം നീ അവധാനത്താൽ
തവതൃക്കൺ കൃപവീണെൻ ധവമോലും മനസ്സിൻറെ
ദവനാശം* ഭഗവാനേ ജവനം വേണം

ഇടചേർന്നും തുടരുന്നീ നടമാടും വിഷയങ്ങൾ
ക്കിടയിൽനീ സ്ഥിരമുണ്ട്, "ഇടയൻ" തന്നേ!
നടനത്തിൽ മമചിത്തം ഉടനീളം മുഴുകുമ്പോൾ
ഉടയോനേ അറിവീലാ ഇടയാനിന്നേ

അജയൻനീ അജിതന്നും ദ്വിജമിത്രം തവവക്ത്രം
കജസൂനം നറുകഞ്ജം രജതം ചാന്ദ്രം
വ്രജബാലാ പ്രജപാലാ നിജതേജോമയബിംബം
ഭജരേഹം യദുജാതാ ഭജതത്പാദം

പ്രാസം: അഷ്ടപ്രാസം + അനു

*ഭവം ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് ഭവനാശവും അർത്ഥിക്കാം 


പദപരിചയം

മതി: ചന്ദ്രൻ   കാന്തം : ആകർഷണീയമായത്
സിത : നിലാവ്
തരളാബ്ജം : തരളമായ വെള്ളത്തിൽ ജനിച്ചത് (ആമ്പൽ)
കുന്ദം: മുല്ല ച്യുതി: നാശം
നത: കുനിഞ്ഞ/നമസ്കരിച്ച ദ്യുതി: ശോഭ/ദീപ്തി/മഹത്വം
പ്രളയം: നിത്യം/ആത്യന്തികം   
പുളിനം: നദിക്കര (ഇവിടെ ഒലിയാണു നദി)
ഫണി: സർപ്പം യുഗ്മം : രണ്ട്/ഇരട്ട
അണി: ആദ്യത്തേത് അണിയുക/അലങ്കരിക്കുക രണ്ടാമത്തേത് അണിചേരുക/നിരന്നു നിൽക്കുന്ന
കിണി : കൈ താളം
മണിവർണ്ണൻ : അഴകാർന്ന വർണ്ണമുള്ളവൻ
(പാദം) പണിയുക: വന്ദിക്കുക/സ്തുതിക്കുക
ശൃണു: കേട്ടാലും
കവനം : കവിതയെഴുത്ത് നവനീതം : വെണ്ണ
പവം: ശുദ്ധീകരിച്ച ഭാവം: ഭക്തി
അവഗാഹം - മുങ്ങിയ/അഗാധമായ അറിവ് അവധാനം : ശ്രദ്ധ/താത്പര്യം
ജവനം: വേഗത്തിൽ ദവം : തീ  ധവം : ഇളക്കം/വിറയൽ
കജം: വെള്ളത്തിൽ ജനിച്ചത്  കഞ്ജം: താമര




Saturday, August 22, 2020

ഗ്രീഷ്മോഷ്മം



വേനൽച്ചൂടിൽ ധരണിയുരുകും തീവെയിൽ തൂവിടുന്നാ
കാനൽതട്ടിത്തളരുമവനീ ഹൃത്തടം കാത്തിരിപ്പൂ
മാനത്തുണ്ടോ, കരിമഴമുകിൽത്തുണ്ടുപോൽ കണ്ടിടാനും
മീനക്കാലം കൊടിയനടനം മേടവും താണ്ടിടേണം

വർഷിച്ചോരോ അമൃതകണമായ് മാരി പർജ്ജന്യധന്യം
ഘോഷത്തോടായ്  പടഹമുയരും വജ്രജീമൂതതാളം
പോഷിപ്പിക്കും മരതകമയം പട്ടിനാലിട്ടുമൂടും
ഹർഷത്താലോ പുളകമുകുളം കൂണുകൾ വീണുപൊങ്ങും

സോമത്തേനാൽ തഴുകിയ ശരശ്ചന്ദ്രികാസാന്ദ്രരാവും
ഹേമന്തം തന്നിനിയകുളിരിൽ പൂമ്പുലർകാലചേലും
തൂമഞ്ഞോലും ശിശിരപടമോ സ്നിഗ്ധമായ്  മുഗ്ധദൃശ്യം 
ഓമൽപ്പൂവിൻ കലികമലരും സന്തതം പൊൻവസന്തം

ഓരോനൃത്തം  ഋതുവനുസരം! അഞ്ചിനും ലാസ്യഭാവം
നേരോ ഗ്രീഷ്മം നടനരസമോ താണ്ഡവംചണ്ഡതാളം
തോരാത്തീതൻ പൊരിവെയിലിലും ധാത്രിയോ കാത്തിരിക്കും
മാരിക്കാറിൻ സലിലമലിയുന്നാതപംവീതതാപം

ഏറുംവേനൽ ജ്വലനതുലനം, വാകയോ പൂത്തുപക്ഷേ
നീറുംമണ്ണിൻ ഹൃദയകദനം വേരിലൂടൂറ്റി പോലും
പേറുംപൂക്കൾ തളിരിലകളും മോടിയിൽ മൂടിടുമ്പോൾ
മാറുംവർണ്ണം തരുണമരുണം കാട്ടുതീ തൊട്ടിടുംപോൽ

തീർക്കും സ്വപ്നം നിനവുകരിയുന്നുഷ്മമാം ഗ്രീഷ്മകാലം 
കോർക്കും മോഹം വിഭവസുഭഗം പൂവനം മേവുമെന്നും
ഓർക്കുന്തോറും സഹനമരുളും മണ്ണിലോ കർണ്ണികാരം
പൂക്കുന്നേരം മലരിയണിയും വർണ്ണമോ സ്വർണ്ണനാണ്യം


വൃത്തം : മന്ദാക്രാന്ത 
പ്രാസം : ദ്വിതീയ + അനു 


പദപരിചയം
കാനൽ : ചൂട്/ സൂര്യ രശ്മി അവനി : ഭൂമി
പർജ്ജന്യ : ഇന്ദ്രൻ ധന്യം : നിധി/സമ്പത്ത് ജീമൂത : ഇടിവെട്ട്/മേഘം
സന്തതം : തുടർച്ചയായി 
ധാത്രി : ഭൂമി സലിലം : വെള്ളം 
ആതപം : വെയിൽ/ സൂര്യപ്രകാശം വീത : പൊയ് പ്പോയ താപം: ചൂട്
ഉഷ്മം: ചൂട് ഗ്രീഷ്മം: വേനൽ




Saturday, August 1, 2020

നിള നിലാവ്



മാനമെന്നമഹിചോലമുങ്ങിനിവരുന്ന തിങ്കളിനു മോഹമായ്
മാനവൻറെപുകളേറിടും നിളയിലൊന്നു ചേർന്നൊഴുകി നീന്തണം
വാനമേഘമിടയിൽത്തടഞ്ഞു വഴിമൂടിനിന്നു കരികൊണ്ടലാൽ
ഈ നിളയ്ക്കു വിരിമാറിലല്ല നിറവിണ്ണിലാണു തിരുവിണ്ടലം

താരവാനപഥമാകെനീന്തി സുരനാരിപോലെ വിലസുന്നു നീ
ചേരുകില്ല തവലാസ്യമോഹനനടം നടത്തിവരുവാനിടം
നീരുമില്ല, പുഴയാകെമാറിയതിലാലിമാലിമണലാഴിയായ്
ചാരെ വഞ്ഞികളുമാശയോടെയൊരു മാരികേണു  മിഴിനീട്ടിടും

ഇല്ലയില്ല മുകിലേയെനിക്കു വഴിമാറുകില്ലെ ജലദങ്ങളേ
നല്ലമാമഴകളല്ലെ ഭൂമിതിരയുന്ന ജീവജലധാരകൾ
അല്ലലാറ്റി, ധരതന്നെമാറ്റിയൊഴുകുന്ന പാലരുവികൊണ്ടതിൻ
കില്ലുമാറിയഴകുള്ളപല്ലവി വിടർന്നിടും ഹൃദയവല്ലകി

ഇണ്ടലുണ്ടുമിടനെഞ്ചിലുണ്ടു് വരളുന്ന വിണ്ടലുവളർന്നിടം
ഉണ്ടു് നിന്നിലൊരു നോവുറഞ്ഞ ഘനമുണ്ടു് പെയ്തൊഴിക കൊണ്ടലേ
നീണ്ടമാരി മഴകൊണ്ട മണ്ണിലഴകുണ്ടു്, തേനുറവു രണ്ടുമേ
കണ്ടറിഞ്ഞുമഴ പെയ്തുമാറയിനി മണ്ണിലാകുമൊരുവിണ്ടലം

വീണുമണ്ണിലടിയുമ്പൊളന്നതിലലിഞ്ഞിടുന്നകണമായി നീ
കാണുമെന്നെ നിള ചേർത്തണച്ച മണിമുത്തുകോർത്തൊരു പതക്കമായ്
രേണുവെൻറെയലയിൽക്കലർന്നു നിളനീളെയോളകളകാഞ്ചിയായ്
ഈണമേകിയൊരു താളമുള്ളയൊലി പാട്ടുപോൽ പലരറിഞ്ഞിടും

മൂടിനിന്ന കരിമേഘമൊന്നു മഴയായ്‌പ്പൊഴിഞ്ഞു, മനഭാരവും
ചൂടിനിന്നു മതി പുഞ്ചിരിക്കതിരു കാറൊഴിഞ്ഞ നിറവാനിലായ്
കാടറിഞ്ഞകുളിരിൽപ്പിറന്ന ചെറുചോലകൾ രജതമാലകൾ
ഓടിവന്നുനിളയേവരിച്ചു പുഴപിന്നെയും ജലസമൃദ്ധമായ്

വെള്ളിമേൽപ്പണിത കാഞ്ചിപോലെനിള വള്ളുവൻറെകരചുറ്റവേ
കള്ളിവെണ്ണിലവു രാത്രിനേരമതിലെത്തി മുത്തമിടുമാസുഖം
തുള്ളിയോടിടുമതിൻറെ നെഞ്ചിനകമിക്കിളിക്കുളിരിളക്കിടും
തുള്ളികൾക്കു ചിരിവന്നതിന്റെ കളിയൊച്ചകേൾപ്പതു കളം കളം

പാലുപെയ്യണ നിലാവുവന്നു നടമാടിടുന്നവിരിമാറിലായ്
ചോലതന്നലകളുള്ളിലെപ്പുളകമോടുചേർന്നു കളിയാടവേ
ചോലകൊണ്ടകുളിരും കവർന്നു പുളിനം കടന്നുമിളമാരുതൻ
നീലയാമിനികളിൽവിരിഞ്ഞസുമ പല്ലവങ്ങളിലിറങ്ങിയോ

മാറ്റുകൂടിയതിളക്കമോടെ നറുവെണ്ണിലാവു നിളനീന്തിടും  
ഏറ്റുവാങ്ങിനിള മാറിലേറ്റിയലയിൽത്തെളിഞ്ഞു മറുതിങ്കളും
ആറ്റുവഞ്ഞിനിര കാറ്റിലാടി മനമാർത്തുനിന്നു  നിറകാഴ്ചയിൽ
തോറ്റുപോയിടുമതിൻറെ മുന്നിലൊരു നീലവാനപഥചോലയും

പാൽനിലാവുനിളയിൽലയിച്ചിരുവരും പുണർന്നമദമേളനം 
പൂനിലാവിനൊളിതൂകിടും പ്രണയമായ് നിറഞ്ഞഹൃദയാമൃതം
താനലിഞ്ഞ നറുവെൺമകൊണ്ടുതളിരോളമോ നടനമാടിടും
ന്യൂനമില്ല വികലങ്ങളല്ല വിരഹങ്ങളില്ലയനുഭൂതിയിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ദ്വിതീയ + അനു



പദപരിചയം
മഹി: വലിയ/വലിപ്പമുള്ള
ആലി : അരിക്/ വരമ്പ്
മാലി : വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഭൂമി
വിണ്ടലം : സ്വർഗ്ഗം
കാഞ്ചി : അരഞ്ഞാണം
കളകാഞ്ചി : (കളനാദം പൊഴിച്ച്) കിലുങ്ങുന്ന കാഞ്ചി
ഇണ്ടൽ : ദുഃഖം/സങ്കടം/വ്യാകുലത
ഉറവ് : ബന്ധുത്വം
മറു: മറ്റൊരു