Saturday, October 3, 2020

അലവയലുകൾ



കച്ചമെയ്യൊടുവലിച്ചു കർഷകനുറച്ചവൻപൊടുകിളച്ചതിൽ
മൂർച്ചതേടിയ മദിച്ചപൊൻമണിവിതച്ചുവേർപ്പുവിളയിച്ചതാം
പച്ചനാമ്പിലമുളച്ചഭൂമികവിരിച്ചസൗഭഗസമുച്ചയം
കൊച്ചുകേരളമുരച്ചു "നെല്ലറ" ലസിച്ചുകാൺമു  പുകളുച്ചമായ്

കെൽപ്പിലൂന്നിയകലപ്പതൻറെ കടുദർപ്പമൂർന്നതനുചിപ്പിയിൽ
വേർപ്പുമുത്തുമണികൈപ്പുറഞ്ഞരസമുപ്പുചേർന്നുമൊഴുകപ്പെടും
താപ്പിനുള്ളവകമൂപ്പിനുള്ളനിലമുപ്പലിഞ്ഞകണമൊപ്പിടും
വേർപ്പിലിന്നുകരചോർപ്പുകൊണ്ടുനിറകാപ്പണിഞ്ഞു മിഹിരാർപ്പണം

വിത്തെറിഞ്ഞു, ഹൃദയത്തിലുള്ള നിറസത്തുമായ, തനിസത്തയും
നീർത്തിടുന്നു ഹരിതത്തിനാഭ മിഴിയെത്തിടാമൊരകലത്തിലും
നേർത്തകാറ്റിനലമുത്തമിട്ടകുളിരൊത്തു നെൽയലുണർത്തിടും
പൂത്തുപൂംകതിരുമെത്തിനീളെമനമാർത്തുകാണ്മുമണിനർത്തനം

അങ്ങുദൂരെനിളകിങ്ങിണിക്കൊലുസിണങ്ങിടുന്ന ചരണങ്ങളും
പൊങ്ങിടുന്നവിരഹങ്ങളാർന്നചലനങ്ങളുള്ളയലതിങ്ങിയും
എങ്ങുമെങ്ങുമിടതങ്ങിടാതെ കടലങ്ങുപോംവഴിമുടങ്ങിയാൽ
തേങ്ങിടുന്നുകദനങ്ങളാലെ മതിവിങ്ങിടുന്നനിമിഷങ്ങളിൽ

വെള്ളമൂർന്നുധൃതിയുള്ളൊഴുക്കു കലിതുള്ളുമാ കടലിനുള്ളിലായ്
കള്ളി! പോകുവതിനുള്ളൊരാ ത്വരയുമുള്ളമോഹമറിവുള്ളതാൽ 
വെള്ളമേറെവിളവുള്ളമണ്ണിനരികുള്ളചാലിലണതള്ളിടും
വള്ളിപോലെ ചുറയുള്ളമാല കതിരുള്ളപാടമഴകുള്ളതായ്

ക്ഷുണ്ണകാമനയിലർണ്ണവംപരതി, കണ്ണുനീട്ടിയവിഷണ്ണയോ
വിണ്ണുകണ്ടു വരവർണ്ണമാം ഹരിതവർണ്ണമാടിടുമിതർണമായ്
തീർണമായവയലർണ്ണവംകളിയെ താർണസൈകതസുവർണ്ണവും
മണ്ണിതിൻനിധി വികീർണമായവിള കണ്ണിനേകിയൊരു പൂർണ്ണത!

പഞ്ഞമില്ല, തുടുമഞ്ഞയാംനിറമണിഞ്ഞു പൊൻകുലയുലഞ്ഞിതാ 
മഞ്ഞുനീർമണിയുറഞ്ഞതുമ്പിലൊരു കുഞ്ഞുസൂര്യനുമലിഞ്ഞിതാ
മഞ്ഞിനുള്ളിലതഴിഞ്ഞു ചെന്തിരയുഴിഞ്ഞുതൻപ്രഭ ചൊരിഞ്ഞിതാ
പഞ്ഞമാറ്റിയ വിളഞ്ഞധന്യതയറിഞ്ഞു ദൈന്യതമറഞ്ഞിതാ

നീട്ടിമൂളിയൊരുപാട്ടുതേനിലലയിട്ടകൊയ്ത്തിനൊലി കേട്ടിതാ
നട്ടഞാറിനടിവെട്ടിടുന്ന വളയിട്ടപെൺകരപകിട്ടിതാ
കെട്ടിമാറ്റികതിരിട്ടകറ്റ മെതിയിട്ടുകോരിപറകൂട്ടിയാ 
കോട്ടമറ്റവരയിട്ടകുത്തിയരി മട്ടനെല്ലുനിറവട്ടകം

കന്നിനുള്ളതവിടൊന്നുമാറ്റി തിരയുന്നധാന്യമണിതിന്നതാൽ
വന്നുതീറ്റ ചികയുന്നപൈങ്കിളികളൊന്നു പാടിയകലുന്നിതാ
കുന്നുകൂട്ടിരിയെന്നതങ്കനിധി തന്നവൈഭവവുമിന്നിതാ
തിന്നചോറിനുയരുന്നകൂറു വളരുന്നമണ്ണിനുപകർന്നിതാ 

കർമ്മമണ്ഡലസുധർമ്മമുണ്ടിവിടെ തമ്മിലുള്ളുറവുമർമ്മമായ്
ഘർമ്മഭൂവിലൊരുകമ്മനായനരനിർമ്മിതി പ്രചുരനിർമ്മലം
ധർമ്മമാണുധര നമ്മിലുണ്ടുകൃപ നമ്മളെത്തഴുകുമമ്മതാൻ
ഓർമ്മവേണമിതു അമ്മയാംപ്രകൃതി നേർമ്മയാലലിവുനമ്മളിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ഷോഡശപ്രാസം

പദപരിചയം
വൻപ്: ഊറ്റം (പാലക്കാടൻ പ്രയോഗം തെമ്പ്)
മൂർച്ച : കൊയ്ത്തു കാലം
സമുച്ചയം: കൂട്ടം
ഉരച്ച : ഉരചെയ്ത (പറഞ്ഞ)
കെൽപ്പ് : സാമർത്ഥ്യം/കഴിവ്
ദർപ്പം : വൻപ്,തെമ്പ്
താപ്പ് : ലാഭം/സുഖം/ഭാഗ്യം
മൂപ്പ് : വിളവ്
ചോർപ്പ് : കലർപ്പ്/കലർന്നുണ്ടായത്
കാപ്പ് : അഭിഷേകം/ചാർത്തൽ ഇവിടെ വിയർപ്പ് കൊണ്ട് മണ്ണിന്
മിഹിരൻ : സൂര്യൻ
സത്ത്: സാരം/പരമാർത്ഥം
സത്ത : നിലനിൽപ്/ഉൺമ
ആഭ: ശോഭ/സൗന്ദര്യം
ത്വര : തിടുക്കം
അണ: അണക്കെട്ട്
ചാല്: അണക്കെട്ടിലെ വെള്ളം തിരിച്ചു വിടുന്ന വഴി (ഉദാ:മലമ്പുഴ ചാല്, ചാല് വെള്ളം)
ചുറ: ചുറ്റും/വലയം ചെയ്തു പോകുന്ന
ക്ഷുണ്ണ : തകർക്കപ്പെട്ട/വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട
അർണ്ണവം : കടൽ
വിഷണ്ണ: വിഷാദിച്ച
അർണ : ചലിച്ചു കൊണ്ടിരിക്കുന്ന
തീർണ : വ്യാപിച്ച
താർണം : പുല്ല് കൊണ്ടുള്ള
സൈകതം : മണൽത്തിട്ട
വികീർണം : പ്രസിദ്ധമായ
പഞ്ഞം: ദാരിദ്ര്യം
അഴിയുക: അലിഞ്ഞ് ഇല്ലാതാകുക
ധന്യത : ഐശ്വര്യം ദൈന്യത : അവശത/ദാരിദ്ര്യം
മട്ട: പാലക്കാടൻ മട്ട വട്ടകം :അളവുമാനം
കമ്മൻ : പോരാളി
ഘർമ്മ : ചൂടുള്ള
പ്രചുര : വളരെ/പെരുകിയ




No comments:

Post a Comment