Saturday, September 19, 2020

ഇടയാഷ്ടകം

ഇടയൻ എന്നാൽ ഇടയിൽ നിൽക്കുന്നവൻ. തുടർച്ചയായി ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ പലതും വന്നു പോകുമ്പോൾ ഒരു വിഷയം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്റെ ഇടയ്ക്കുള്ള സമയം അവിടെ കാണുന്നവൻ.

ഒരുപീലിക്കൊടിതൻറെ  ചുരുളോലുംമുടിമാടി
ത്തിരുകിപ്പാലൊളിതൂകും ചിരികണ്ടെന്നാൽ 
വരുമെൻറെമനതാരും അരുമപ്പാൽക്കടലായ്നിൻ
ചിരിതൂകും തിരമേലേസരസംനീന്തീ

സ്വതസിദ്ധം തിരുഹാസം മതിമുന്നിൽ അതുകാന്തം
സിതലജ്ജം തരളാബ്ജം ലതമേൽകുന്ദം
സ്മിതമേകും ഒളിതൻറെ ച്യുതിതീണ്ടാ പ്രഭകണ്ടാൽ
നതശീർഷം തൊഴുകുന്നാ ദ്യുതിതൻമുന്നിൽ

തുളപോലേ മുറിവാലിന്നുളവാകും മമദേഹം
വിളയാടൂ വിരലാൽപ്പാഴ്മുളപോലെന്നിൽ
മുളതോൽക്കും കളനാദം കുളിരേകും കരളാകെ
വളരുമ്പോൾ  വരളാത്ത പ്രളയം തന്നേ

അലതല്ലും ഒലിതന്റെ നലമോലും പുളിനത്തിൽ
പലവർണ്ണം മമദാഹം മലരുംചേലിൽ
ജലദത്തിൻ ഘനവർണ്ണം തുലനം നിൻവിരിമാറിൽ
അലരെല്ലാം നറുമാല്യം മലരൊന്നാകേ

ഫണിമേലെനടമാടും അണിയാൻനിൻപദയുഗ്മം
അണിചേർന്നീപ്പദമാകെ കിണിതൻതാളം
മണിവർണ്ണാ തവപാദം പണിയാനീ പദശ്രേണി
ശൃണുനീയെൻ ഹൃദയത്തിൻ മണിതൻ നാദം

നവനീതം കുഴയുംപോൽ പവഭാവം നുകരേണം
അവഗാഹം, കവനം നീ അവധാനത്താൽ
തവതൃക്കൺ കൃപവീണെൻ ധവമോലും മനസ്സിൻറെ
ദവനാശം* ഭഗവാനേ ജവനം വേണം

ഇടചേർന്നും തുടരുന്നീ നടമാടും വിഷയങ്ങൾ
ക്കിടയിൽനീ സ്ഥിരമുണ്ട്, "ഇടയൻ" തന്നേ!
നടനത്തിൽ മമചിത്തം ഉടനീളം മുഴുകുമ്പോൾ
ഉടയോനേ അറിവീലാ ഇടയാനിന്നേ

അജയൻനീ അജിതന്നും ദ്വിജമിത്രം തവവക്ത്രം
കജസൂനം നറുകഞ്ജം രജതം ചാന്ദ്രം
വ്രജബാലാ പ്രജപാലാ നിജതേജോമയബിംബം
ഭജരേഹം യദുജാതാ ഭജതത്പാദം

പ്രാസം: അഷ്ടപ്രാസം + അനു

*ഭവം ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് ഭവനാശവും അർത്ഥിക്കാം 


പദപരിചയം

മതി: ചന്ദ്രൻ   കാന്തം : ആകർഷണീയമായത്
സിത : നിലാവ്
തരളാബ്ജം : തരളമായ വെള്ളത്തിൽ ജനിച്ചത് (ആമ്പൽ)
കുന്ദം: മുല്ല ച്യുതി: നാശം
നത: കുനിഞ്ഞ/നമസ്കരിച്ച ദ്യുതി: ശോഭ/ദീപ്തി/മഹത്വം
പ്രളയം: നിത്യം/ആത്യന്തികം   
പുളിനം: നദിക്കര (ഇവിടെ ഒലിയാണു നദി)
ഫണി: സർപ്പം യുഗ്മം : രണ്ട്/ഇരട്ട
അണി: ആദ്യത്തേത് അണിയുക/അലങ്കരിക്കുക രണ്ടാമത്തേത് അണിചേരുക/നിരന്നു നിൽക്കുന്ന
കിണി : കൈ താളം
മണിവർണ്ണൻ : അഴകാർന്ന വർണ്ണമുള്ളവൻ
(പാദം) പണിയുക: വന്ദിക്കുക/സ്തുതിക്കുക
ശൃണു: കേട്ടാലും
കവനം : കവിതയെഴുത്ത് നവനീതം : വെണ്ണ
പവം: ശുദ്ധീകരിച്ച ഭാവം: ഭക്തി
അവഗാഹം - മുങ്ങിയ/അഗാധമായ അറിവ് അവധാനം : ശ്രദ്ധ/താത്പര്യം
ജവനം: വേഗത്തിൽ ദവം : തീ  ധവം : ഇളക്കം/വിറയൽ
കജം: വെള്ളത്തിൽ ജനിച്ചത്  കഞ്ജം: താമര




Saturday, August 22, 2020

ഗ്രീഷ്മോഷ്മം



വേനൽച്ചൂടിൽ ധരണിയുരുകും തീവെയിൽ തൂവിടുന്നാ
കാനൽതട്ടിത്തളരുമവനീ ഹൃത്തടം കാത്തിരിപ്പൂ
മാനത്തുണ്ടോ, കരിമഴമുകിൽത്തുണ്ടുപോൽ കണ്ടിടാനും
മീനക്കാലം കൊടിയനടനം മേടവും താണ്ടിടേണം

വർഷിച്ചോരോ അമൃതകണമായ് മാരി പർജ്ജന്യധന്യം
ഘോഷത്തോടായ്  പടഹമുയരും വജ്രജീമൂതതാളം
പോഷിപ്പിക്കും മരതകമയം പട്ടിനാലിട്ടുമൂടും
ഹർഷത്താലോ പുളകമുകുളം കൂണുകൾ വീണുപൊങ്ങും

സോമത്തേനാൽ തഴുകിയ ശരശ്ചന്ദ്രികാസാന്ദ്രരാവും
ഹേമന്തം തന്നിനിയകുളിരിൽ പൂമ്പുലർകാലചേലും
തൂമഞ്ഞോലും ശിശിരപടമോ സ്നിഗ്ധമായ്  മുഗ്ധദൃശ്യം 
ഓമൽപ്പൂവിൻ കലികമലരും സന്തതം പൊൻവസന്തം

ഓരോനൃത്തം  ഋതുവനുസരം! അഞ്ചിനും ലാസ്യഭാവം
നേരോ ഗ്രീഷ്മം നടനരസമോ താണ്ഡവംചണ്ഡതാളം
തോരാത്തീതൻ പൊരിവെയിലിലും ധാത്രിയോ കാത്തിരിക്കും
മാരിക്കാറിൻ സലിലമലിയുന്നാതപംവീതതാപം

ഏറുംവേനൽ ജ്വലനതുലനം, വാകയോ പൂത്തുപക്ഷേ
നീറുംമണ്ണിൻ ഹൃദയകദനം വേരിലൂടൂറ്റി പോലും
പേറുംപൂക്കൾ തളിരിലകളും മോടിയിൽ മൂടിടുമ്പോൾ
മാറുംവർണ്ണം തരുണമരുണം കാട്ടുതീ തൊട്ടിടുംപോൽ

തീർക്കും സ്വപ്നം നിനവുകരിയുന്നുഷ്മമാം ഗ്രീഷ്മകാലം 
കോർക്കും മോഹം വിഭവസുഭഗം പൂവനം മേവുമെന്നും
ഓർക്കുന്തോറും സഹനമരുളും മണ്ണിലോ കർണ്ണികാരം
പൂക്കുന്നേരം മലരിയണിയും വർണ്ണമോ സ്വർണ്ണനാണ്യം


വൃത്തം : മന്ദാക്രാന്ത 
പ്രാസം : ദ്വിതീയ + അനു 


പദപരിചയം
കാനൽ : ചൂട്/ സൂര്യ രശ്മി അവനി : ഭൂമി
പർജ്ജന്യ : ഇന്ദ്രൻ ധന്യം : നിധി/സമ്പത്ത് ജീമൂത : ഇടിവെട്ട്/മേഘം
സന്തതം : തുടർച്ചയായി 
ധാത്രി : ഭൂമി സലിലം : വെള്ളം 
ആതപം : വെയിൽ/ സൂര്യപ്രകാശം വീത : പൊയ് പ്പോയ താപം: ചൂട്
ഉഷ്മം: ചൂട് ഗ്രീഷ്മം: വേനൽ




Saturday, August 1, 2020

നിള നിലാവ്



മാനമെന്നമഹിചോലമുങ്ങിനിവരുന്ന തിങ്കളിനു മോഹമായ്
മാനവൻറെപുകളേറിടും നിളയിലൊന്നു ചേർന്നൊഴുകി നീന്തണം
വാനമേഘമിടയിൽത്തടഞ്ഞു വഴിമൂടിനിന്നു കരികൊണ്ടലാൽ
ഈ നിളയ്ക്കു വിരിമാറിലല്ല നിറവിണ്ണിലാണു തിരുവിണ്ടലം

താരവാനപഥമാകെനീന്തി സുരനാരിപോലെ വിലസുന്നു നീ
ചേരുകില്ല തവലാസ്യമോഹനനടം നടത്തിവരുവാനിടം
നീരുമില്ല, പുഴയാകെമാറിയതിലാലിമാലിമണലാഴിയായ്
ചാരെ വഞ്ഞികളുമാശയോടെയൊരു മാരികേണു  മിഴിനീട്ടിടും

ഇല്ലയില്ല മുകിലേയെനിക്കു വഴിമാറുകില്ലെ ജലദങ്ങളേ
നല്ലമാമഴകളല്ലെ ഭൂമിതിരയുന്ന ജീവജലധാരകൾ
അല്ലലാറ്റി, ധരതന്നെമാറ്റിയൊഴുകുന്ന പാലരുവികൊണ്ടതിൻ
കില്ലുമാറിയഴകുള്ളപല്ലവി വിടർന്നിടും ഹൃദയവല്ലകി

ഇണ്ടലുണ്ടുമിടനെഞ്ചിലുണ്ടു് വരളുന്ന വിണ്ടലുവളർന്നിടം
ഉണ്ടു് നിന്നിലൊരു നോവുറഞ്ഞ ഘനമുണ്ടു് പെയ്തൊഴിക കൊണ്ടലേ
നീണ്ടമാരി മഴകൊണ്ട മണ്ണിലഴകുണ്ടു്, തേനുറവു രണ്ടുമേ
കണ്ടറിഞ്ഞുമഴ പെയ്തുമാറയിനി മണ്ണിലാകുമൊരുവിണ്ടലം

വീണുമണ്ണിലടിയുമ്പൊളന്നതിലലിഞ്ഞിടുന്നകണമായി നീ
കാണുമെന്നെ നിള ചേർത്തണച്ച മണിമുത്തുകോർത്തൊരു പതക്കമായ്
രേണുവെൻറെയലയിൽക്കലർന്നു നിളനീളെയോളകളകാഞ്ചിയായ്
ഈണമേകിയൊരു താളമുള്ളയൊലി പാട്ടുപോൽ പലരറിഞ്ഞിടും

മൂടിനിന്ന കരിമേഘമൊന്നു മഴയായ്‌പ്പൊഴിഞ്ഞു, മനഭാരവും
ചൂടിനിന്നു മതി പുഞ്ചിരിക്കതിരു കാറൊഴിഞ്ഞ നിറവാനിലായ്
കാടറിഞ്ഞകുളിരിൽപ്പിറന്ന ചെറുചോലകൾ രജതമാലകൾ
ഓടിവന്നുനിളയേവരിച്ചു പുഴപിന്നെയും ജലസമൃദ്ധമായ്

വെള്ളിമേൽപ്പണിത കാഞ്ചിപോലെനിള വള്ളുവൻറെകരചുറ്റവേ
കള്ളിവെണ്ണിലവു രാത്രിനേരമതിലെത്തി മുത്തമിടുമാസുഖം
തുള്ളിയോടിടുമതിൻറെ നെഞ്ചിനകമിക്കിളിക്കുളിരിളക്കിടും
തുള്ളികൾക്കു ചിരിവന്നതിന്റെ കളിയൊച്ചകേൾപ്പതു കളം കളം

പാലുപെയ്യണ നിലാവുവന്നു നടമാടിടുന്നവിരിമാറിലായ്
ചോലതന്നലകളുള്ളിലെപ്പുളകമോടുചേർന്നു കളിയാടവേ
ചോലകൊണ്ടകുളിരും കവർന്നു പുളിനം കടന്നുമിളമാരുതൻ
നീലയാമിനികളിൽവിരിഞ്ഞസുമ പല്ലവങ്ങളിലിറങ്ങിയോ

മാറ്റുകൂടിയതിളക്കമോടെ നറുവെണ്ണിലാവു നിളനീന്തിടും  
ഏറ്റുവാങ്ങിനിള മാറിലേറ്റിയലയിൽത്തെളിഞ്ഞു മറുതിങ്കളും
ആറ്റുവഞ്ഞിനിര കാറ്റിലാടി മനമാർത്തുനിന്നു  നിറകാഴ്ചയിൽ
തോറ്റുപോയിടുമതിൻറെ മുന്നിലൊരു നീലവാനപഥചോലയും

പാൽനിലാവുനിളയിൽലയിച്ചിരുവരും പുണർന്നമദമേളനം 
പൂനിലാവിനൊളിതൂകിടും പ്രണയമായ് നിറഞ്ഞഹൃദയാമൃതം
താനലിഞ്ഞ നറുവെൺമകൊണ്ടുതളിരോളമോ നടനമാടിടും
ന്യൂനമില്ല വികലങ്ങളല്ല വിരഹങ്ങളില്ലയനുഭൂതിയിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ദ്വിതീയ + അനു



പദപരിചയം
മഹി: വലിയ/വലിപ്പമുള്ള
ആലി : അരിക്/ വരമ്പ്
മാലി : വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഭൂമി
വിണ്ടലം : സ്വർഗ്ഗം
കാഞ്ചി : അരഞ്ഞാണം
കളകാഞ്ചി : (കളനാദം പൊഴിച്ച്) കിലുങ്ങുന്ന കാഞ്ചി
ഇണ്ടൽ : ദുഃഖം/സങ്കടം/വ്യാകുലത
ഉറവ് : ബന്ധുത്വം
മറു: മറ്റൊരു




Saturday, July 25, 2020

വിഭാതാഭ



അരുണവികിരണംപോൽ ഹാ! കിഴക്കിൻ വെളുപ്പിൽ
അരിയകതിരുതൂകും സൂര്യബിംബം വരുമ്പോൾ
തിരളുമിളവെയിൽതൻ പൊൻപണം പൂത്തിറങ്ങീ-
ട്ടിരുളുകളയതെങ്ങും മേളനം വാസരത്തിൽ

ഇളനിലവുതഴുകിത്തൂവെണ്മയാൽ ചേർത്തുറക്കും
തളിരില ചുരുളോ തൻനിദ്ര വിട്ടിട്ടുണർന്നൂ
അളി മുരളിവരുമ്പോൾ പൂക്കളും കേൾപ്പതെന്തോ 
കളരവമുരളീ നീതൂകിയെത്തും സ്വരത്തേൻ

പുതുവെയിലണിയുമ്പോൾ തുമ്പയും തുമ്പിതുള്ളും
അതുമതിയൊരുനൃത്തം പൂത്തപൂവിന്റെ കാണാൻ 
ശതതരശലഭങ്ങൾ പാറുമിമ്പം കളിമ്പം
ലത സുമവതിയാകുന്നഞ്ചിതം മഞ്ജുസൂനം

സുമദലമൃദുലം പൂങ്കാറ്റിലേറ്റം മനോജ്ഞം
സമ കിസലയമാടും കൂടെയാടോപമോടേ
ദ്രുമശിഖനിറവാലേ പേറുമാനന്ദഗന്ധം
ഹിമമണിയുരുകുമ്പോൾ ചേർത്തചാതുര്യമോടേ

അരുവിയലകളിൽ നിൻവെട്ടമേകും പകിട്ടോ
സുരലയനടനത്തിൽ പൊന്നുചാന്തിട്ട ചന്തം
മരതകമയവർണ്ണം വാഹിനീയാഹുതീരം
സുരഭിലനിമിഷങ്ങൾ കണ്ടിടാം നിർനിമേഷം

കനകമണികൊഴിഞ്ഞും പാരിജാതം നതംപോൽ
അനഘമനിതരം നീ ചിന്തുമാ കാന്തികണ്ടും
മനമഥനവിഷാദം കൂരിരുൾ തിങ്ങുമങ്ങും
ദിനകരകരമെങ്ങും കാട്ടിടും വെട്ടമെല്ലാം

ദിവസമദിവസംതാൻ വന്നിടുന്നിന്നു മുന്നിൽ
സവനിനിയ തിടമ്പായ് പ്രോജ്ജ്വലം സജ്ജമല്ലേ
ജവനകിരണമൽപ്പം വീണിടും കോണിലെല്ലാം
തവ തിമിരനിരാസം കൊണ്ടുപോമന്ധകാരം

ഉപവനമുണരുമ്പോളാഭതൻ സുപ്രഭാതം
ജപനഹൃദയവാനം ദൈവമേ നിന്റെഭാനം
കൃപ തവയൊഴുകുമ്പോൾ പൂവെയിൽ കാവ്യഭാനം
തൃപുടരമണജീവൻ തേടിടും ജ്ഞാനഭാനം



വൃത്തം: മാലിനി
പ്രാസം: ദ്വിതീയ + അനു

പദപരിചയം
വികിരണം: ചിതറൽ/പ്രസരണം
തിരളുക: പ്രകാശിക്കുക/വർദ്ധിക്കുക
വാസരം: പ്രഭാതം/പകൽ കളിമ്പം: വിനോദം അഞ്ചിത: അലങ്കരിച്ച
നതം: നമസ്കരിച്ച മഥന: നശിപ്പിച്ച
സുര: ജലം വാഹിനി: നദി ആഹു: വ്യാപിച്ച
കിസലയം: തളിര് ആടോപം: ആഡംബര/പ്രതാപപ്രകടനം
ദിവം : സ്വർഗ്ഗം സവൻ: സൂര്യൻ ജവന: വേഗമേറിയ
ആഭ: ശോഭ
തിമിരം : ഇരുട്ട് നിരാസം : നിരസിക്കൽ/അകൽച്ച
ജപനം : ജപം/പ്രാർത്ഥന ഭാനം : പ്രകാശം
തൃപുട : 3 പുടങ്ങൾ ഉള്ള/ മൂന്നായി പിരിഞ്ഞ (ഉദാ: ത്രിതലം, ത്രിപുരം, ത്രിഗുണം)



Saturday, July 18, 2020

സ്വപ്നവസന്തം



പൊട്ടുംമുളയ്ക്കുകനവാം കതിരിട്ടമോഹം
മുട്ടിത്തുറന്നുവിദലം സുമമൊട്ടിടുംപോൽ
വിട്ടൊന്നുമാറിടുവതില്ലൊരു മട്ടിലല്ലേ
തൊട്ടുംതൊടാതെ വരുമാശകളൊട്ടിടുന്നൂ


മഞ്ഞിൻനനുത്തപടമിട്ടുവിരിഞ്ഞു സൂനം
ചാഞ്ഞെത്തിടും ഹരിതചില്ല ചൊരിഞ്ഞതിമ്പം
കുഞ്ഞുമ്മവെച്ച പുളകത്തിലുലഞ്ഞു നിൽക്കേ
നെഞ്ഞിൽവരുന്നു പരിവേഷമണിഞ്ഞചന്തം


പൊന്നിൻവെയിൽതഴുകിയാ തളിരിന്നുമേലേ
മിന്നുന്നൊരാടചമയത്തിനു തുന്നിടുമ്പോൾ
തെന്നൽകുളിർത്തഴുകിവന്നൊരു കന്നമോടോ
കിന്നാരമൊന്നുപറയുംകഥ കിന്നരംപോൽ


കച്ചാർന്നുവാർന്നുവിലസുന്നൊരു പിച്ചകംപോൽ
ഉച്ചസ്ഥമായമിഴിവോടു ലസിച്ചുനിൽക്കേ
ഉച്ചൂഡമത്സ്യമകരം കൊടിവെച്ചവന്നും
ഉച്ചത്തിലായ ഹൃദയത്തുടിയൊച്ചകേൾക്കാം


പൂക്കാലസാമ്യ നിറവോ, കനവൊക്കെയെന്നിൽ
പൂക്കൂനതീർക്കുമഴകിൻകണി വെയ്ക്കതില്ലേ
ഉൾക്കാഴ്ചകൂടിനിറയും മണമൊക്കെവന്നാ
നേർക്കാഴ്ചകാന്തിമുകരാനൊരുനോക്കുപോരാ


വിത്തായവിത്തുമഴകോടു നിരത്തിയെന്നാൽ
തത്തിക്കളിച്ചുവനിയിൽ മദനൃത്തമാടാം
മുത്തുംമണിപ്പവിഴജാലവുമെത്തിനോക്കും
മുത്തായനിന്നെ, കൊതികൊണ്ടൊരു അത്തലോടേ


ഇല്ലംനിറഞ്ഞകനവിൽ പതിരില്ലപോലും
പല്ലംനിറച്ചമണികൾ കളയില്ലയെങ്ങും
വല്ലംനിറഞ്ഞുവരികിൽ അഴലില്ലതെല്ലും
ഇല്ലായ്മയില്ല, കതിരായ്കനവല്ലെയുള്ളിൽ


വൃത്തം: വസന്തതിലകം 
പ്രാസം: അഷ്ടപ്രാസം 



പദപരിചയം
വിദലം: തുറന്ന/കീറിയ
കന്നം : കന്നത്തരം/സൂത്രം
കിന്നരം: ഒരു സംഗീത ഉപകരണം
കച്ച്: അഴക്
ഉച്ചസ്ഥ: ഉയർന്ന അവസ്ഥ
ഉച്ചൂഡം : കൊടിയിലെ അലങ്കാരം/തോരണം
മകരമത്സ്യം: കാമദേവന്റെ കൊടിയടയാളം
വിത്ത്: കീർത്തി/അറിവ് ഉള്ള
അത്തൽ: സങ്കടം
പല്ലം: പത്തായം വല്ലം: വയറ്/പതിരു കളയൽ




Saturday, July 11, 2020

ചൈത്രരാത്രി




വരുംതിങ്കൾബിംബം നറുദധി വിതിർത്തംബരപഥം
മലർമേഘംനീന്തും നിജരജതമാം രാജിതപദം
പ്രഭാസാന്ദ്രംവന്ദ്രം സുരലലനതൻ കാന്തികളഭം
നിശീഥംശീതം തൂ തുഹിനമണിയും നർത്തനനഭം

പ്രഫുല്ലം, തെല്ലോളം ഇളകുമൊരുതല്ലം തെളിജലം
നിരന്നുംസാരള്യം ധവളമിഴിവിൽ കൈരവഗണം
നിലാവോലാവുംപോൽ അലമുകളിലായ് ലോലനടനം
പ്രഭാവം ഭാവംതൻ പ്രഭപകരണം ഭാസുരകണം

കണിക്കൊന്നപ്പൂവിൻ കുലകളുലയും ദാരുശിഖരം
കുബേരൻ കാണാപ്പൊൻ ഹിരണമണിതൻ മൂല്യനികരം
ചകോരംകേഴും പൂനിലവുനുകരാൻ ദാഹനിഗരം
മണക്കുംമാലേയം പവനനണയും ശൃംഗവിഗരം

തരുംചിത്രംചൈത്രം മദകരമനോമോഹനകരം
വസന്തംചിന്തുംതേൻ ഭ്രമരമധുപൻ തേടുമമൃതം
മൃദംഗം തേൻഭൃംഗം മുരളുമലയിൽ രഞ്ജനസുമം
മരാളംചേരുമ്പോൾ പുളകമിയലും പല്ലവപുടം

സ്വസങ്കൽപംതന്നിൽ നിലവുനുകരും പക്ഷിവിതരം
അതിൻദാഹം മുക്തം നിശിയുമതിനോയിന്നുസുതരം 
രതംപൂന്തേൻഭൃംഗം സുമദലപുടം മെത്തവിദരം
അതിൻദാഹം മുക്തം നിശിയുമതിനോയിന്നുസുതരം

വളർത്തിങ്കൾബിംബം ഗഗനപഥമേ ലാസ്യലസിതം
തരാമോകാന്തം തൻകരപുടനടം ചെയ്തുനിതരാം
വെളുത്തോരാമ്പൽപ്പൂവൊളിവിതറിടും ചന്ദ്രസദൃശം
തരാമോകാന്തം തൻകരപുടനടം ചെയ്തുനിതരാം

വിലോലം താലോലം പുളിനമിതു മാലേയപവനം
മണംവേണോവേറേ മനമണയുമേ വൈഭവഗണം
സുവർണ്ണംനിൻവർണ്ണം കണിമലരിയായ്ക്കാണുമുലകം
മണംവേണോവേറേ മനമണയുമേ വൈഭവഗണം


വൃത്തം : ശിഖരിണി 
പ്രാസം: അനുപ്രാസം
(കൂടാതെ, അന്ത്യാക്ഷര പ്രാസവും)

വ്യഞ്ജനത്തിന് കൃത്യമായ എണ്ണവും നിശ്ചിതസ്ഥാനങ്ങളും ഇല്ലാത്ത പ്രാസം  അനുപ്രാസം. അതിൽ തന്നെ, വ്യഞ്ജനം (നിശ്ചിതസ്ഥാനങ്ങളില്ലാതെ)
          ----  2 വട്ടം ആവർത്തിച്ചാൽ ഛേകം. ഉദാ: സ്വർണ്ണവർണ്ണം 
         -----  3 ഓ, 3ൽ അധികമോ എങ്കിൽ വൃത്യം. കൂടാതെ ഛേകമല്ലാത്തതെല്ലാം ഉദാ: സ്വർണ്ണവർണ്ണപർണ്ണം
        ------ ഒരു വരി അതേപടി അർത്ഥം/ആശയം  മാറ്റി ആവർത്തിച്ചാൽ ലാടം

(ഒരു വ്യഞ്ജനത്തിന് പകരം ഒരു വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത്  യമകം)

പദപരിചയം
ദധി: തൈര്/വെണ്ണ നിജ: തന്റെ, രജതം: വെള്ളി രാജിത: വിരാജിക്കുന്ന പദം: സ്ഥാനം. സാന്ദ്രം: ഉറഞ്ഞ 
വന്ദ്രം: ഐശ്വര്യം 
നിശീഥം: പാതിരാ തൂ: ശുദ്ധം 
തുഹിനം: മഞ്ഞ് നഭം: ആകാശം
തല്ലം: കുളം/ചിറ പ്രഫുല്ലം: വിടർന്ന കൈരവം: ആമ്പൽ
ലാവുക: ഉലാത്തുക പ്രഭാവം: ശോഭ ഭാവം: ഉൺമ (അഭാവമില്ല) ഭാസുരം: പ്രകാശമുള്ള കണം: ചെറുതരി
ദാരു: മരം ഹിരണം: സ്വർണ്ണം മണി: മുത്ത്
നികരം: സ്വത്ത്, സമ്മാനം, കുബേരനിധി
നിഗരം: തൊണ്ട മാലേയം: ചന്ദനം 
(മലയം: ചന്ദനമരമുള്ള മല)
ശൃംഗം: ഉയർന്ന വിഗരം : പർവ്വതം 
ചൈത്രം: വസന്താരംഭം (മാർച്ച് 14 - ഏപ്രിൽ 13) 
മൃദംഗം: ശബ്ദം ഭ്രമര: ചുറ്റി കറങ്ങുന്ന (അങ്ങനെ ചെയ്യുന്നത് ഭ്രമരം)
മധുപൻ: തേൻ കുടിക്കുന്നവൻ (വണ്ട്)
ഭൃംഗം/മരാളം : വണ്ട്
രഞ്ജന : പ്രീതിപ്പെടുത്തുന്ന
വിതരം : ദൂരെ രതം: ആസ്വദിച്ച
സുതരം: വളരെ നല്ലത്   വിദരം : വിള്ളൽ/ദ്വാരം ഇല്ലാത്ത
നിതരാം: മുഴുവനും/എല്ലായെപ്പോഴും. കാന്തം: ചന്ദ്രകാന്തം/ഹൃദ്യമായ വസ്തു/വസന്തം
വിലോലം: മന്ദം ചലിക്കുന്ന ആലോലം: ഇളംകാറ്റ് വൈഭവം: മഹത്വം/ശ്രേഷ്ഠത










Saturday, July 4, 2020

ലാടാനുപ്രാസം

ഒരുവരി രണ്ടുതവണ ഒരേപോലെ ആവർത്തിക്കുകയും അതിന്റെയർത്ഥം/താൽപര്യം രണ്ടുതരത്തിൽ ആയിരിക്കുകയും ചെയ്യുന്നതാണ് ലാടാനുപ്രാസം. ലാടശബ്ദത്തിന് ബാലിശമെന്നുകൂടി അർത്ഥമുണ്ടല്ലോ. അച്ഛന്റെ മടിയിൽ ഇരിക്കുകയെന്നത് ഒരു താൽപര്യം, അമ്മയുടെ പാലുകുടിക്കുകയെന്നത് മറ്റൊരു താൽപര്യം. ഇങ്ങനെയുള്ള ഒരുകുഞ്ഞിനെപ്പോലെ, ആണും പെണ്ണും പോലെ എതിർചേരികളിൽപ്പെട്ടതും, പലപ്പോഴും വിപരീതഭാവമുള്ളതുമായ രണ്ടുവ്യത്യസ്തവരികൾക്കിടയിൽ ഒരുപോലെ ‘ഇരുന്ന്‘ ഓരോവരികളോടും താദാത്മ്യത്തോടെ ചേരുകയും രണ്ടുവിധതാൽപര്യങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നപ്രാസം. കുതിരലാടവും ലാടവൈദ്യവുമൊന്നും ഇതുമായി ബന്ധമുള്ളതല്ല. (ഇത് എൻ്റെസ്വന്തം വ്യാഖ്യാനമാണ്, യുക്തിഭദ്രമെന്നുതോന്നുന്നുവെങ്കിൽ മാത്രം സ്വീകരിക്കാം)


രാവിന്നിരുൾനീക്കി വെളിച്ചമേകും
ധാവള്യമല്ലേമതിയോമലാളേ
ശോകത്തിലും രാജിതഭാവമേകും
ധാവള്യമല്ലേമതിയോമലാളേ
മതി: ചന്ദ്രൻ, അത്രയും മതി

അഞ്ചാതെനിൽക്കാനുതകും വിധത്തിൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം
അഞ്ചുന്നനിൻപുഞ്ചിരി കണ്ടുവെന്നാൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം

സായന്തനത്തിൽ വെയിലേറ്റു സന്ധ്യാ-
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
പ്രേമംതുടിക്കും മനമാകമാനം
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
സന്ധ്യാരാഗം : അന്തിച്ചുവപ്പ് രാഗം : അനുരാഗം

മായില്ലെരാവോടതു മായികംതാൻ
ആവർണ്ണജാലം നിമിഷാർദ്ധനേരം
മായാത്തരാഗം തരുനീയെനിക്കായ്
ആവർണ്ണജാലം നിമിഷാർദ്ധനേരം

നീഹാരമുള്ളിൽ കതിരേറിവന്നാ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
ചില്ലിക്കുതാഴേ പ്രിയനോട്ടമെയ്യാൻ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
വില്ല്: മഴവില്ല്, വില്ല്

വർണ്ണങ്ങളേഴാണൊരു ഞാണുവേണം
വില്ലെന്തിനായീ ശരമെന്തുവേറേ
നോക്കൊന്നിതെന്നിൽ തുളയുന്നനേകം
വില്ലെന്തിനായീ ശരമെന്തുവേറേ

പൂവിന്റെമോഹം മണിമുത്തുപോലെ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
നിൻരൂപഭംഗി  പ്രതിബിംബമായീ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
ചില്ല്: ജലകണം, കണ്ണാടിച്ചില്ല്

ചാപല്യമോലു,ന്നതുബാഷ്പമല്ലേ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ
സായൂജ്യമല്ലേ പ്രതിബിംബമായാൽ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ

മണ്ണിൽ വിയർപ്പിന്റെകണം പൊഴിഞ്ഞൂ
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
സ്വേദം മദംകൊണ്ടുനനഞ്ഞനാണം
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
അനൃതം: കൃഷി, കള്ളത്തരം

കള്ളപ്പറേം വേണ്ടൊരുനാഴിയൂനം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം
ഗൂഢം മറച്ചുള്ളതെല്ലാമതെല്ലാം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം

വൃത്തം: ഇന്ദ്രവജ്ര