Saturday, September 21, 2013

ശിവ താണ്ഡവ സ്തോത്രം - വ്യാഖ്യാനം

Shivathandava Sthothram - Malayalam Translation
മഹാശിവന്റെ താണ്ഡവതാളത്തിലെഴുതിയ ഒരു സ്തോത്രകൃതിയാണ്‌ ശിവതാണ്ഡവസ്തോത്രം. ഇതിലെ വാക്കുകളും അത്‌ ധ്വനിപ്പിക്കുന്നപ്രതീതികളും അർത്ഥമറിയാതെ ചൊല്ലുന്നവനുപോലും ഒരു താണ്ഡവനടനാനുഭവം നൽകാൻപോന്നതാണ്‌. തന്നേയുമല്ല, സ്തോത്രകൃതികള്‍ക്ക് അതിന്റെ ഫലസിദ്ധി കൈവരാന്‍ അര്‍ത്ഥമറിഞ്ഞുതന്നെ ചൊല്ലണം എന്നനിര്‍ബന്ധവുമില്ല. പഞ്ചചാമരം എന്നവൃത്തത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 16 അക്ഷരങ്ങളുള്ള ഓരോവരിയും ഒരു ലഘുവിൽ തുടങ്ങി പിന്നെ ഒരുഗുരു പിന്നെ ഒരുലഘു എന്നക്രമത്തിൽപ്പോയി അവസാനം ഒരുഗുരുവിൽ ചെന്ന് അവസാനിക്കുന്നു.  താണ്ഡവത്തിന്റെ സ്വാഭാവികതാളം ഇങ്ങനെ ഒന്നിടവിട്ട്‌ വരുന്ന ലഘുഗുരുക്കൾ നൽകുന്നു. പദങ്ങളിലെ പ്രാസവും വാൿവൈഭവവും താണ്ഡവപ്രതീതിയുമുളവാക്കുന്നു.

ചുക്കുമുളകുതിപ്പലി എന്നരീതിയില്‍ ഇടവിടാതെ എഴുതിയിട്ടുള്ള വാക്കുകളെ അര്‍ത്ഥമറിയാതെ ചുക്കുമു ളകുതി പ്പലി എന്ന് വായിക്കേണ്ടിവന്നിരുന്നതുകൊണ്ടും, പിന്നീട് ഓരോവാക്കിന്റെയും അര്‍ത്ഥം കണ്ടുപിടിച്ചപ്പോള്‍ വായിച്ചിരുന്നരീതി തെറ്റെന്ന് മനസ്സിലാക്കേണ്ടിവന്നത് കൊണ്ടും, സമാനരീതിയില്‍ തെറ്റിവായിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഈ ഭൂമിമലയാളത്തില്‍ കണ്ടേക്കാമെന്ന് തോന്നിയതുകൊണ്ടും, അവരില്‍ തല്പരരായവര്‍തന്നിലെ തെറ്റുതിരുത്തുവാന്‍ ഒരു നിമിത്തമാകുന്നതുകൊണ്ട് തെറ്റില്ലെന്ന് തോന്നിയതുകൊണ്ടും,  മലയാളത്തില്‍ അന്വയാര്‍ത്ഥസഹിതം ഈ കൃതിയെക്കുറിച്ച് ആരെങ്കിലും എഴുതിയത് internet-ല്‍ കാണാത്തതുകൊണ്ടും, ഇങ്ങനെയൊരു പോസ്റ്റ് ഞാനിടുന്നു.




സ്തോത്രരചയിതാവ്


ഇത്‌ രാവണനാൽ രചിക്കപ്പെട്ടസ്തോത്രമാണെന്ന് കരുതപ്പെടുന്നതുകൊണ്ട്‌ രാവണനെക്കൂടി പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും.  വൈകുണ്ഠത്തിലെ ദ്വാരപാലകരായ അജയനും വിജയനും സനത്‌ കുമാരന്മാരുടെ ശാപത്താൽ മൂന്നുജന്മങ്ങൾ ഹിരണ്യാക്ഷൻ-ഹിരണ്യകശിപു, രാവണൻ-കുംഭകർണ്ണൻ, ശിശുപാലൻ-ദന്തവക്ത്രൻ എന്നിങ്ങനെ ഭൂമിയിൽ പിറക്കുകയും മൂന്നു ജന്മത്തിലും വിഷ്ണുവിനാൽ നിഗ്രഹിക്കപ്പെട്ട്‌ ശാപമോക്ഷം കൈവന്ന്  തിരികെ വൈകുണ്ഠത്തിലെത്തുകയും ചെയ്തുവെന്നകാര്യം ആദ്യമേ ഓർമ്മിപ്പിക്കട്ടെ. ഇതില്‍ രാവണനൊഴികെ മറ്റാര്‍ക്കും കവി, പണ്ഡിതന്‍, ജ്ഞാനി എന്നിങ്ങനെ വിശേഷണങ്ങളും നല്‍കിവന്നിട്ടില്ല. ശിവന്റെ എക്കാലത്തെയും മികച്ചഭക്തനായി രാവണനെ കണക്കാക്കുന്നു. ഈ ഭക്തിയില്‍ പ്രസാദിച്ചാണല്ലോ ശിവന്‍ ചന്ദ്രഹാസം രാവണനു കൊടുക്കുന്നതും. വിശ്രവസ്സിന്റെ പുത്രനാണു രാവണൻ, സാമവേദിയാണു രാവണൻ.  രാവണന്റെഭാഷ സംസ്കൃതമാണ്‌. ശിവനെയും ബ്രഹ്മാവിനെയും പ്രീതിപ്പെടുത്തി വരസിദ്ധി നേടിയവനാണ്‌ രാവണൻ. അതേസമയം വിഷ്ണുവിനോട്‌ ‘വിദ്വേഷഭക്തി‘ കാണിച്ച രാവണൻ.



മൂക്കും മുലയും ഛേദിക്കപെട്ട ശൂർപ്പണഖ സീതയേയും രാമനേയും കുറിച്ച്‌ പറഞ്ഞപ്പോൾ തനിക്ക്‌ എന്ന് വൈകുണ്ഠപ്രാപ്തി ഉണ്ടാകുമെന്ന് ചിന്തിച്ച രാവണൻ. ശൂര്‍പ്പഖാവിലാപം എന്ന ഭാഗത്ത് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: 

വ്യക്തം മാനുഷനല്ല രാമനല്ലെന്നതു 
നൂനം 'ഭക്തവത്സനനായ' ഭഗവാന്‍ പത്മേക്ഷണന്‍..... 
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ

അശോകവനിയിൽ 'മായാ'സീതയെ 'മാതൃ'രൂപേണ ഇരുത്തിയ രാവണൻ.ഇത്രയും എഴുതിയത് രാമനും രാവണനും ഒരുസാധാരണ കഥയിലെ നായക-പ്രതിനായകന്മാരല്ല, മറിച്ച് ദേവനും ദാസനും അല്ലെങ്കില്‍ ഭഗവാനും ഭക്തനും ആയിരുന്നു എന്നു സൂചിപ്പിക്കാനാണ്.  രാവണനന്‍ ഒരു പണ്ഡിതനും ജ്ഞാനിയും കൂടിയായിരുന്നത്കൊണ്ടാണ് വിദ്വേഷഭക്തി ശീലിക്കാന്‍ കഴിഞ്ഞത്.  ഈ സ്തോത്രത്തിലെതന്നെ അവസാനഭാഗങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു ശരാശരി രാവണസങ്കല്പത്തിനു ചേരാത്തവിധത്തിലാണ്  അദ്ദേഹം ശിവനോട് പ്രാര്‍ത്ഥിക്കുന്നത് എന്നുകാണാം.


അങ്ങനെയുള്ള രാവണന്‍ എഴുതിയ ഒരു കൃതിയിലേക്ക് നമുക്ക് കടക്കാം.


സ്തോത്രം


ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യലംബിതാം ഭുജംഗതുംഗ മാലികാം
ഡമഡ്ഡമഡ്ഡമന്നിനാദമഡ്ഡമഡ്ഡമര്‍വയം
ചകാര ചണ്ഡതാണ്ഡവം തനോതുനഃശിവശ്ശിവം          ശ്ലോകം      1

ജട + അടവി = കാടു പിടിച്ച ജട 
ഗള = കിനിയുക ജല പ്രവാഹം = നീരൊഴുക്ക് പാവിത = പവിത്രീകരിച്ച സ്ഥല = സ്ഥലം
ഗളേ /അവലംബ്യലമ്പിതാം = ഗളത്തെ അവലംബിച്ച് ലംബമായി (തൂങ്ങിക്കിടക്കുന്ന) ഭുജംഗം = പാമ്പ് തുംഗ = ഉയർന്ന മാലികാ = പൂമാല
ഡമഡ് ഡമഡ് ഡമൻ = ഡമരുകം കൊട്ടുന്ന ഒച്ചയെ സൂചിപ്പിക്കുന്നു നിനാദം = ശബ്ദം ഡമർ = ഡമരുകം വയം =നെയ്യുന്ന - കൊട്ടുന്ന
ചകാര = ചെയ്തു ചണ്ഡതാണ്ഡവം = ഉഗ്രതാണ്ഡവം തനോതു = തന്നാലും നഃ = ഞങ്ങൾക്ക് ശിവഃ - പരമശിവൻ  ശിവം = മംഗളകരമായത് ശിവം

ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു  ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു.  ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്.  എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.




ജടാകടാഹസംഭ്രമഭ്രമര്‍നിലിമ്പമിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാന മൂര്‍ദ്ധനി
ധഗധ്ധഗധ്ധഗല്ലലാടപട്ടപാവകേ
കിശോര ചന്ദ്രശേഖരേ രതി പ്രതിക്ഷണം മമ      ശ്ലോകം       2

ജടാ കടാഹം = കുടം അല്ലെങ്കിൽ  നിറച്ചു വെയ്ക്കുന്ന വലിയ പാത്രം കണക്കെ ഉള്ള ജട 
സംഭ്രമ = ഭ്രമണം ചെയ്യുക അഥവാ കറങ്ങുക ഭ്രമ = കറങ്ങുക നിലിമ്പ = ദേവ നിർജ്ഝരി = നദി
വിലോല = ഇളകിയാടുന്ന വീചി = തരംഗം വല്ലരി = വള്ളി വിരാജമാന = വിരാജിക്കുന്ന മൂർദ്ധനി = മൂർദ്ധാവ്
ധഗധ് = കത്തിക്കാളുന്നതിനെ സൂചിപ്പിക്കുന്നു ലലാടം = നെറ്റിത്തടം പട്ട = പരന്ന പാവകേ = കത്തുന്ന
കിശോരചന്ദ്രശേഖരേ = കൊച്ചു ചന്ദ്രക്കല ചൂടിയ രതി = ഇഷ്ടം /  പ്രിയം / സന്തോഷം പ്രതിക്ഷണം = ക്ഷണം പ്രതി മമ = ഞാൻ /  എന്റെ

ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവനദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്നുവീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്നനെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചുചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണംപ്രതി രതി തോന്നുന്നു.  രതിയെന്ന വാക്കിന് ഇഷ്ടം, പ്രിയം, സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.






ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിപ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ദരാദപി
ക്വചിദ്ദിഗംബരേ  മനോ വിനോദമേതുവസ്തുനി       ശ്ലോകം     3 

ധരാധരേന്ദ്രൻ = ഭൂമിയെ ധരിച്ചവൻ = ഹിമവാൻ  ധരാധരേന്ദ്ര നന്ദിനി = ഹിമവൽ പുത്രി = പാർവതി വിലാസ = വിലസീടുന്ന ബന്ധു ബന്ധുര = മനോഹരിയായ ബന്ധു (ഭാര്യ) 
സ്ഫുരദ് = സ്ഫുരിക്കുന്ന ദിഗന്തം = ദിക്കിന്റെ അറ്റം = ചക്രവാളം  സന്തതി = പരക്കുന്ന /  വ്യാപിക്കുന്ന പ്രമോദമാന മാനസേ = സന്തോഷമാനമായ മാനസം
കൃപാകടാക്ഷ ധോരണി =  കൃപയാലുള്ള കടാക്ഷത്തിന്റെ ഇടതടവില്ലാത്ത പ്രവാഹം നിരുദ്ധ = നിരോധിക്കുക തടയുക ദുർദ്ദരാദ് അപി = കഷ്ടമേറിയതു പോലും ദുർദ്ദരാപദി എന്നും പാഠഭേദമുണ്ട് = ദുർദ്ദരമായ (കഷ്ടമേറിയ) ആപത്ത്
ക്വചിദ് = ചിലപ്പോൾ ദിഗംബരൻ = ദിക്കിനെ വസ്ത്രമാക്കിയവൻ മനോ വിനോദം = മനോവിനോദം വസ്തുനി = വസ്തു = ഉള്ള സാധനം = ഉണ്ടാവുന്നു എന്ന അർത്ഥത്തിൽ

ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു.  ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായതുപോലും തരണംചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെപ്പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന്  ഈ മനോവിനോദനൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.





ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ
കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ
മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ           ശ്ലോകം     4 

ജടാ ഭുജംഗം = ജടയിലെ പാമ്പ് ലതാഭുജംഗം എന്നും പാഠഭേദമുണ്ട് = വള്ളിപോലുള്ള പാമ്പ് പിംഗള = പിംഗളവർണ്ണം = തവിട്ടു നിറം സഫുൽ ഫണാ = വിരിഞ്ഞ പത്തി സ്ഫുരത് ഫണാ എന്നും പാഠഭേദമുണ്ട് = സ്ഫുരിക്കുന്ന പത്തി മണി പ്രഭാ = മാണിക്യത്തിന്റെ പ്രഭ
കദംബം = കൂട്ടം കുങ്കുമദ്രവം = കുങ്കുമച്ചാറ് പ്രദീപ്ത ദിക് = പ്രകാശിക്കുന്ന ദിക്ക് പ്രലിപ്തദിക് എന്നും പാഠഭേദമുണ്ട് = ദിക്കിലേക്ക് വ്യാപിക്കുന്ന വധൂ മുഖേ = വധുവിന്റെ മുഖമെന്ന പോലെ
മദാന്ധ = മദത്താൽ അന്ധനായ സിന്ധുര = ആന സ്ഫുരത് = സ്ഫുരിക്കുന്ന വിറയ്ക്കുന്ന ത്വക് = തോൽ ഉത്തരീയം = മേൽ വസ്ത്രം മേദുരം = കട്ടിയുള്ള
മനോവിനോദമത്ഭുതം = മനസ്സ്  വിനോദവും അത്ഭുതവും ബിഭർത്തു =  കൊണ്ടുപോകുന്നു ഭൂതഭർത്തരി = സർവ്വതിനേയും നിലനിർത്തുന്നത്

ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളിപോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാദിക്കിനെയും വധുവിന്റെമുഖമെന്നപോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു.  തീർന്നില്ല, ശിവന്റെ ഉത്തരീയം മദംപൊട്ടിയ ആനയുടെ കട്ടിയേറിയചർമ്മം പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെമനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.  






സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ
ഭുജംഗരാജ മാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ         ശ്ലോകം 5

സഹസ്രലോചനൻ = 1000 കണ്ണുള്ളവൻ = ഇന്ദ്രൻ പ്രഭൃതി = തുടങ്ങിയ അശേഷ = ശേഷമില്ലാത്ത / അവസാനമില്ലാത്ത ലേഖ = നിര ശേഖര = കിരീടം / തല
പ്രസൂനം = പൂക്കൾ ധൂളി = പൊടി ധോരണി = ഇടതടവില്ലാത്ത പ്രവാഹം    വിധൂസര = മണ്ണിന്റെ നിറം ആംഘ്രി = പാദം പീഠഭൂ = പീഠഭൂമി
ഭുജംഗ രാജ മാലയ = രാജവെമ്പാല മാല നിബദ്ധ = കെട്ടിയ ജാടജൂടക = ജടാജൂടം
ശ്രിയൈ = ശ്രീത്വം ചിരായ = നീണ്ടു നിൽക്കുന്ന ജായതാം = ആയിത്തീരട്ടെ ചകോരബന്ധു = ചന്ദ്രൻ ചകോരബന്ധുശേഖരൻ = തലയിൽ ചന്ദ്രനെ ചൂടിയവൻ

ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്തനിരയായി വന്നുനിൽക്കുമ്പോൾ പൂക്കളെന്നപോലെ പീഠഭൂമിയിൽ നൃത്തംചവിട്ടുന്ന ശിവന്റെ മണ്ണിന്റെനിറമായ  പാദങ്ങളിൽനിന്നും പൊടിപരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽച്ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു.  ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും എന്നണ് കവി സങ്കല്പം. അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്.






ലലാടചത്വരജ്ജ്വലധ്ധനഞ്ജയ സ്ഫുലിംഗഭാ
നിപീത പഞ്ചസായകം നമറ്നിലിമ്പ നായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജടാലമസ്തുനഃ           ശ്ലോകം     6

ലലാടം = നെറ്റിത്തടം ചത്വര = ഹോമകുണ്ഠം ജ്വല = ജ്വലിക്കുന്ന ധനഞ്ജയ = അഗ്നി സ്ഫുലിംഗം = തീപ്പൊരി ഭാ = പ്രകാശം
നിപീത = മുങ്ങി പഞ്ചസായകം = കാമദേവൻ നമഃ = നമിക്കുന്നു നിലിമ്പനായകം = ദേവനായകൻ
സുധാ = അമൃത് മയൂഖ = പ്രകാശരശ്മി ലേഖ = നിര വിരാജമാന = വിരാജിക്കുന്ന ശേഖര = തല
മഹാ കപാലി = മഹാശിവൻ സമ്പദേ = സമ്പത്ത് ശിരോജടാല = ശിരസ്സിലെ ജട അസ്തു = ആയിത്തീരട്ടെ നഃ = നമുക്ക്

നെറ്റിത്തടത്തിലെ തീപ്പൊരിചിതറി ജ്വലിക്കുന്നഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധുതൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും  ആയിത്തീരട്ടെ.  ഒരുവരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്.





കരാളഫാലപട്ടികാ ധഗധ്ധഗധ്ധഗജ്വലാ
ധനഞയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക
പ്രകല്പനൈകശില്‍പ്പിനീ ത്രിലോചനേ മതിര്‍മ്മമ      ശ്ലോകം       7

കരാള = വലുതായ് തുറന്ന / ഭീകരമായ  ഫാല / ഭാല = നെറ്റി പട്ടിക = തടം ധഗധ് = തീ കത്തുന്നതിനെ കാണിക്കുന്നു ജ്വലാ = ജ്വലിക്കുന്ന
ധനഞയ = തീ ധരീകൃത = ധരിച്ച്   ആഹുതി കൃത എന്നും പാഠഭേദമുണ്ട് = ആഹുതിയർപ്പിച്ച് പ്രചണ്ഡ = ഉഗ്രം  പഞ്ചസായകൻ = കാമദേവൻ
ധരാ ധരേന്ദ്ര നന്ദിനീ = ഹിമവൽ പുത്രി കുച = മാറിൽ അഗ്ര =അറ്റത്ത് ചിത്രപത്രക = ചിത്രം വരയ്ക്കാൻ
പ്രകല്പന = സാധിക്കുന്ന ഏക = ഒരേ ഒരു ശില്പിൻ = ശില്പി ത്രിലൊചനൻ = മുക്കണ്ണൻ മതി = ഭക്തി സ്തുതി ചിന്ത എന്നെല്ലാം അർത്ഥമുണ്ട് മമ = ഞാൻ / എന്റെ രതിർമ്മമ എന്നും പാഠഭേദമുണ്ട് = ഞാൻ ഇഷ്ടപ്പെടുന്നു

കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്നനെറ്റിത്തടവും അതേസമയം ഹിമവൽപുത്രിയുടെ മാറിടത്തിൽ ചിത്രംവരയ്ക്കാൻ കഴിയുന്ന ഏകവ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞതുപോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെഹോമിച്ചവനെന്നും പിന്നീട് ഹിമവൽപുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചുപറയുന്നു.



നവീന മേഘമണ്ഡലീ നിരുദ്ദദുര്‍ധരസ്ഫുരൽ
കുഹൂനിശീഥിനീതമഃപ്രബന്ധബന്ധ കന്ധര
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തി സിന്ധുര
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ദുരന്ധരഃ            ശ്ലോകം   8

നവീന മേഘ മണ്ഡലീ = പുതിയ മേഘ മണ്ഡലം  നിരുദ്ധ = തടഞ്ഞു നിർത്തിയ ദുർധര =  ദുർധരമായത്  സ്ഫുരൽ = സ്ഫുരിക്കുന്ന
കുഹു = അമാവാസി നിശീഥിനി = രാത്രി തമഃ = ഇരുട്ട് പ്രബന്ധ = കെട്ടിവെച്ച ബന്ധ = ബന്ധിച്ച കന്ധര = കഴുത്ത്
നിലിമ്പ നിർഝരി = ഗംഗ ധര =ധരിച്ച്  തനോതു = തന്നാലും കൃത്തി = തോൽ സിന്ധുര = ആന
കലാ നിധാന  ബന്ധുരഃ = മനോഹരമായ ചന്ദ്രക്കല ചൂടി ശ്രിയം = ശ്രീത്വം ജഗത് = ലോകം  ധുരന്ധര = മറ്റൊരാളെ സഹായിക്കുന്ന നേതാവ്

കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസിരാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കലചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.





പ്രഫുല്ലനീലപങ്കജപ്രപഞ്ചകാളിമഛടാ
വിഡംബകണ്ഠകന്ധരാ രുചി പ്രബന്ധകന്ധരം
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദന്ധകഛിദം തമന്തകച്ഛിദം ഭജേ             ശ്ലോകം   9

പ്രഫുല്ലം = വിരിഞ്ഞ നീലപങ്കജം = നീലത്താമര  പ്രപഞ്ചം = പ്രപഞ്ചം കാളിമ = കറുപ്പു നിറം  പ്രപഞ്ചകാളിമ ചേർത്തുപറയുമ്പോൾ കാളകൂടവിഷത്തെ സൂചിപ്പിക്കുന്നു ഛടാ = കൂട്ടം / കട്ടപിടിച്ച വിഡംബ = അനുകരിച്ച കണ്ഠം = കഴുത്ത് രുചി = പ്രകാശം / ഭംഗി പ്രബന്ധ = കെട്ടിയ കന്ധരം = കഴുത്ത്
ഛിദം = നശിപ്പിച്ച  സ്മരൻ = കാമദേവൻ പുരൻ = ത്രിപുരാസുരൻ ഭവ = സംസാരം അഥവ വ്യാവഹാരിക ലോകം മഖ = യാഗം (ദക്ഷന്റെ) ഗജൻ = ഗജാസുരൻ  അന്ധകൻ = അന്ധകാസുരൻ  തം = ആ / അങ്ങനെയുള്ള അന്തകൻ = യമൻ ഭജേ = ഭജിക്കുന്നു
വിരിഞ്ഞനീലത്താമരയെ അനുകരിക്കും പോലെ  കാളകൂടവിഷത്തിന്റെ കട്ടപിടിച്ചനിറം കഴുത്തിനുചുറ്റും ഭംഗിയോടെകെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരികലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെയാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമനാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരുമനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും.  ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറിമാറി വസിക്കുന്ന ആളാണ്.  ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.



അഖര്‍വസര്‍വ്വമംഗളാകലാകദംബനിര്‍ഝരീ
രസപ്രവാഹമാധുരിവിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ             ശ്ലോകം   10

അഖര്‍വ =ചെറുതല്ലാത്ത സര്‍വ്വമംഗളാ = എല്ലാ മംഗളങ്ങളും കലാകദംബം = കലകളുടെ കൂട്ടം നിര്‍ഝരി = ഒഴുക്ക്  രസ പ്രവാഹ മാധുരി = മധുരമുള്ള രസ പ്രവാഹം വിജൃഭ = തുറന്ന/വികസിച്ച മധു = തേന്‍ വ്രത = തീരുമാ‍നം / സ്വാധീനം / സേവ /ഇച്ഛ /നിഷ്ഠ മധുവില്‍ വ്രതമുള്ളവന്‍ = മധുവ്രത = വണ്ട്
തുടര്‍ന്ന് ഛിദം എന്ന വാക്ക് മാറ്റി അന്തകം എന്ന് ചേര്‍ത്ത് ശ്ലോകം 9-ലെ വരികള്‍ പുനരവതരിപ്പിച്ചിരിക്കുന്നു

ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകലകലകളുടെയും ഒഴുക്കും മധുരസപ്രവാഹവും  നുകര്‍ന്ന് വളര്‍ന്നവണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും  വ്യാവഹാരിക ലോകത്തെ കൊന്നവനും  ദക്ഷന്റെയാഗം കൊന്നവനും  ഗജാസുരനെ കൊന്നവനും  അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.





ജയത്വദംഗവിഭ്രമല്‍ഭ്രമദ്ഭുജംഗമസ്ഫുര
ധഗധ്ധഗധ്വനിര്‍ഗമല്‍ കരാളഫാലഹവ്യവാട്
ധിമിധ്ധിമിധ്ധിമിധ്വനമൃദംഗതുംഗമംഗള
ധ്വനിക്രമപ്രവര്‍ത്തിതപ്രചണ്ഡതാണ്ഡവ ശിവഃ             ശ്ലോകം  11

ജയ = ജയിക്കട്ടെ ത്വദ് അംഗ = അങ്ങയുടെ അവയവങ്ങള്‍ വിഭ്രമല്‍ = ഇളകിയാടല്‍/മുന്നോട്ടും പിന്നോട്ടും ചലിക്കല്‍ ഭ്രമ = തിരിയുന്ന ഭുജംഗ = പാമ്പ് സ്ഫുരല്‍ = സ്ഫുരിക്കുന്ന
ധഗധ് = തീ കത്തുന്നതിനെ സൂചിപ്പിക്കുന്നു നിര്‍ഗമല്‍ = നിര്‍ഗമിക്കുന്ന കരാള = ഭയങ്കരമായ ഫാല = നെറ്റിത്തടം ഹവ്യം = യാഗത്തില്‍ അര്‍പ്പിക്കുന്നത് വാട് = ആശ്ചര്യസൂചകമായി
ധിമി = മൃദംഗത്തിന്റെ നാദം ധ്വനി = ശബ്ദം തുംഗ = ഉയര്‍ന്ന മംഗള = മംഗളകാരിയായ ധ്വനിക്രമപ്രവര്‍ത്തിത = താ‍ളക്രമത്തില്‍ ചെയ്യുന്ന പ്രചണ്ഡതാണ്ഡവം = ഉഗ്ര താണ്ഡവം ശിവഃ = ശിവന്‍

അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടുകൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്നതാളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്രതാണ്ഡവനടനമാടുന്ന ശിവന്‍ ജയിക്കട്ടെ.





ദൃഷദ്വിചിത്രതല്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍
ഗ്ഗരിഷ്ടരത്നലോഷ്ടയോ സുഹൃദ്വിപക്ഷപക്ഷയോര്‍
തൃണാരവിന്ദചക്ഷുഷോര്‍ പ്രജാമഹീമഹേന്ദ്രയോര്‍
സമം പ്രവര്‍ത്തയന്മന കദാ സദാശിവം ഭജേ            ശ്ലോകം  12

ദൃഷദ് = പാറ/വലിയൊരു കല്ല് വിചിത്ര തല്പം = വിചിത്രമായ കിടക്ക/കട്ടില്‍ ഭുജംഗം = പാമ്പ് മൌക്തികസ്രജം = മുത്തുമണിമാല ഗരിഷ്ട = തടിച്ച രത്ന = രത്നം ലോഷ്ട = മണ്ണാങ്കട്ട സുഹൃദ് = സുഹൃത്ത് വിപക്ഷന്‍ = സ്വപക്ഷത്തില്ലാത്തവന്‍ (ശത്രു) പക്ഷന്‍ = സ്വപക്ഷത്തുള്ളവന്‍ = ബന്ധു
തൃണം = പുല്ല് അരവിന്ദം = താമര  ചക്ഷുസ്സ്=  കണ്ണുകള്‍ പ്രജ = പ്രജകള്‍ മഹീ = മഹിമയേറിയ മഹേന്ദ്രന്‍ = ഇന്ദ്രന്‍
സമം = സമമായി പ്രവര്‍ത്ത യത് മന = ആരുടെ മനസ്സാണോ ഒരു പോലെ പ്രവര്‍ത്തിക്കുന്നത് / കാണുന്നത് കദാ = എങ്ങനെ/എപ്പോള്‍ സദാശിവം = സദാശിവന്‍ ഭജേ = ഭജിക്കുന്നു

പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരുപോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ ണ്ണുകൊണ്ട് ഒരുപോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയരാജാവും ഒരുപോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും.  രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക.  ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.





കദാനിലിമ്പനിര്‍ഝരീ നികുഞ്ജകോടരേവസന്വി
മുക്തദുര്‍മതിസദാ ശിരസ്തമഞലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാല ലഗ്നകഃ
ശിവേതിമന്ത്രമുച്ഛരന്‍ കദാസുഖീ ഭവാമ്യഹം             ശ്ലോകം  13   

കദാ = എന്ന്‍ നിലിമ്പനിര്‍ഝരി = ഗംഗ നികുഞ്ജം = വള്ളിക്കുടില്‍ കോടര = ഗുഹ വസന്‍ = വസിക്കുക വിമുക്ത = മുക്തനായി ദുര്‍മതി = ചീത്ത വിചാരങ്ങള്‍ ശിരസ്തമഞ്ജലി വഹന്‍ = ശിരസ്സില്‍ തൊഴുകൈയ്യും വഹിച്ചുകൊണ്ട്
വിമുക്ത = മുക്തനാക്കപ്പെട്ട ലോലം = ഇളകിയാടുന്ന = ലോചനം = കണ്ണ്   ഇളകിയാടുന്ന ലോചനം = ഉറയ്ക്കാത്ത ദൃഷ്ടി = പലതില്‍ ശ്രദ്ധിക്കുന്ന.  അപ്പോള്‍ അതില്‍ നിന്നു മുക്തനായിട്ടുള്ളാവന്‍ = ഉറച്ച ദൃഷ്ടിയോടെയുള്ളവന്‍ = ഒന്നില്‍ത്തന്നെ ധ്യാനിച്ചിരിക്കുന്നവന്‍ ലലാമം = തൊടുകുറി ഫാലം= നെറ്റിത്തടം ലഗ്നക = മദ്ധ്യസ്ഥന്‍ ശിവ ഇതി = ശിവന്‍ എന്ന മന്ത്രമുച്ഛരന്‍ = മന്തമുച്ഛരിച്ച് കദാ = എന്ന് സുഖീ = സുഖമുള്ളവന്‍ ഭവാമി അഹം = ഭവിക്കുന്‍ ഞാന്‍

എന്നാണു ഞാന്‍ ഗംഗാതീരത്തെ നികുഞ്ജത്തിനകത്ത് ഒരുഗുഹയില്‍ എല്ലാ ചീത്തവിചാരങ്ങളില്‍നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക.  എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറിതൊട്ട് ശിവന്‍ എന്നമന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക





ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ഭുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശുയാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം             ശ്ലോകം   14

ഇമം = ഇതിനാല്‍ ഹി = തീര്‍ച്ചയായും നിത്യം = എന്നും ഏവം = മാത്രം ഉക്തം = പറഞ്ഞ ഉത്തമോത്തമം = ഉത്തമത്തില്‍ ഉത്തമം സ്തവം = സ്തോത്രം  പഠന്‍ = പഠിക്കുക സ്മരന്‍ = സ്മരിക്കുക ഭ്രുവന്‍ = പറയുക വിശുദ്ധി = വിശുദ്ധി ഇതി = ഇപ്രകാരം സംതതം = നിര്‍ത്താതെ ഹരേ ഗുരൌ = ഹരന്‍ എന്നഗുരു സുഭക്തി = നല്ല ഭക്തി ആശു = വേഗം യാതി = പോകുക ന = അല്ല/ഇല്ല അന്യഥ = മറ്റൊന്ന് ഗതിം = ഗതി വിമോഹനം = മായാമോഹം ഹി = തീര്‍ച്ചയായും ദേഹിനാം = ദേഹമെന്ന ചിന്തനം = ചിന്തിക്കല്‍

ഇതിനാല്‍ത്തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്നഗുരുവില്‍ നല്ലഭക്തിയോടെ ഉത്തമത്തിലും ഉത്തമമായിപ്പറഞ്ഞ സ്തോത്രംമാത്രം എന്നും നിരന്തരം പഠിച്ചും  സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍  ദേഹമെന്നമായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരുഗതി ഉണ്ടാകില്ല.





ഇനി വസന്തതിലകത്തിലെഴുതിയ അവസാ‍ന ഭാഗം: ഇതാണ് ഫലശ്രുതി

പൂജാവസാനസമയേ ദശവക്ത്രഗീതം
യഃശംഭു പൂജനമിദം പഠതി പ്രദോഷേ
തസ്യഃസ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മിം സദൈവസുമുഖിം പ്രദതാതി ശംഭു

പൂജാവസാന സമയേ = പൂജ അവസാനിച്ച സമയം ദശവക്ത്രഗീതം = 10 തലയുള്ളവന്റെ ഗീതം = രാവണഗീതം
യഃ = യാതൊരുവന്‍ ശംഭു പൂജനമിദം = ശംഭുവിന്റെ പൂജയ്ക്കായി ഇവിടെ പ്രദോഷേ = പ്രദോഷ സന്ധ്യകളില്‍
തസ്യഃ = അവന് സ്ഥിരാം = സ്ഥിരമായി  രഥ - ഗജേന്ദ്ര -തുരംഗ യുക്താം = തേരും ആനയും കുതിരയും ചേര്‍ന്ന
ലക്ഷിം സദൈവ സുമുഖിം = സുമുഖിയായ ലക്ഷിയും = ഐശ്വരവും പ്രദതാതി ശംഭുഃ = ശിവന്‍ നല്‍കും

Monday, November 7, 2011

സൗന്ദര്യ ലഹരി - വിവര്‍ത്തനം

Soundarya Lahari - Malayalam Translation

ആമുഖം
ശ്രീ ശങ്കരാചാര്യര്‍ ശിഖരിണി വൃത്തം അവലംബിച്ച്‌ എഴുതിയ കൃതിയാണ്‌ സൗന്ദര്യലഹരി. 100 ശ്ളോകങ്ങളുള്ള ഈ കൃതി സത്യത്തില്‍ രണ്ടു ഭാഗങ്ങളാണ്‌. 41 ശ്ളോകങ്ങളുള്ള ആദ്യഭാഗം ആനന്ദലഹരിയെന്നും അറിയപ്പെടുന്നു. ഈ ഭാഗത്ത് വരുന്ന ശ്ളോകങ്ങളില്‍ പാര്‍വതി ദേവിയുടെ മഹിമയാണ്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌. ഈ ശ്ളോകങ്ങളെല്ലാം തന്നെ സ്വതന്ത്രവും ഒന്നിനൊന്നോട്‌ ബന്ധമില്ലാത്തതുമാണ്‌. തുടര്‍ന്നു വരുന്ന 59 ശ്ളോകങ്ങള്‍ ദേവിയുടെ കിരീടം മുതല്‍ താഴേയ്ക്ക്‌ പാദാഗ്രം വരെയുള്ള ഭാഗങ്ങള്‍ വര്‍ണ്ണിക്കുന്നു. ഇവിടെ ക്രമമായ വര്‍ണ്ണനയാണ്‌ കാണുന്നത്‌.

ലളിതകലയെ ഉപാസിക്കുന്നവന്‌ സരസ്വതിയും സമ്പത്ത്‌ അനുഭവിക്കുന്നവന്‌ ലക്ഷ്മീ ദേവിയും കല്‍പനാപരമായെങ്കിലും പ്രാപ്യയാണ്‌. അതേ സമയം പാര്‍വതീ ദേവി ശിവന്‌ ഒഴികെ മറ്റാര്‍ക്കും ഒരു കാലത്തും പ്രാപ്യയാകുന്നുമില്ല എന്ന്‌ അദ്ദേഹം തന്നെ ഇതിൽ (ശ്ളോകം 96 സൗന്ദര്യലഹരി) പറയുന്നുണ്ട്‌.  ശങ്കരാചാര്യരുടെ തന്നെ മറ്റൊരു കൃതിയായ അന്നപൂര്‍ണ്ണ സ്തോത്രത്തിൻറെ അവസാനഭാഗത്ത്‌,

മാതാ ച പാര്‍വതീ ദേവീ,
പിതാദേവോ മഹേശ്വരഃ
ബാംധവാഃ ശിവഭക്‌താശ്ച
സ്വദേശോ ഭുവനത്രയം

എന്നും പറയുന്നുണ്ട്‌.

ഈ രണ്ടു കാഴ്ച്പ്പാടും സമന്വയിപ്പിച്ച് മനസ്സിലുള്ളതു കൊണ്ടാകാം അദ്ദേഹം പാര്‍വതീ ദേവിയെ ഉത്തമ വനിതയായി കണ്ടുകൊണ്ട്‌ മഹിമയും അംഗപ്രത്യംഗ വര്‍ണ്ണനയും നടത്തിയത്‌. ആദിശങ്കരന്‍ എന്ന സന്യാസിവര്യൻറെ കവി ഭാവന അദ്ദേഹത്തിൻറെ തന്നെ ഇതര കൃതികളില്‍ നിന്നും കൂടുതലായി ഇതില്‍ കാണാനാകും. മിക്ക ശ്ളോകങ്ങളിലും യമകം/അനുപ്രാസം കാണാവുന്നതാണ്‌.

ഉദാഹരണങ്ങള്‍
സകൃന്നത്വാ ന ത്വാ - നമസ്കരിച്ച് ഇല്ല നിന്നെ (ശ്ലോകം 15)
സഹോര്‍വശ്യാ വശ്യാ (ശ്ളോകം 18) - അവന്‌ ഉര്‍വശി പോലും വശ്യയാകും
വിഹരതിസതി ത്വത്‌ പതി രസൌ (ശ്ളോകം 26) - 'ത' ശബ്ദത്തിൻറെ ആവര്‍ത്തനം ശ്രദ്ധിക്കുക.
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം (ശ്ളോകം 26)
സ്വതന്ത്രം തേ തന്ത്രം - സ്വതന്ത്രമായ നിന്റെ തന്ത്രം (ശ്ളോകം 31)
തവാപര്‍ണ്ണേ കര്‍ണ്ണേ - നിന്റെ, അപര്‍ണ്ണേ, കര്‍ണ്ണം (ശ്ളോകം 56)
തവ സ്‌തന്യം മന്യേ ധരണി ധര കന്യേ - നിന്റെ മുലപ്പാല്‍, മാനിക്കുന്നു, ഹിമവാന്റെ മകളേ (ശ്ളോകം 75)

സൗന്ദര്യലഹരി സത്യത്തില്‍ ഒരു സാഹിത്യഗ്രന്ഥം മാത്രമല്ല, ഒരു സ്‌തുതിയും ഒരു താന്ത്രികഗ്രന്ഥവും കൂടിയാണ്‌. ഇതിലെ ഓരോ ശ്ളോകങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം യന്ത്രങ്ങളും പൂജാവിധികളും അതിൻറെ ഫലസിദ്ധിയും അതിനുതാഴെ തന്നെയായി കൊടുത്തിട്ടുണ്ട്‌. തന്ത്രവിദ്യ എൻറെ വിഷയമല്ലാത്തതിനാലും, അതിലുള്ള എന്റെ അറിവ് പരിമിതമായതിനാലും, പദ്യ വിവര്‍ത്തനം മാത്രം ഇവിടെ എഴുതുന്നതിനാലും, വിവര്‍ത്തനം ചെയ്യപ്പെട്ടാലും മലയാളപദ്യത്തിന്‌ ശങ്കരാചാര്യര്‍ എഴുതിയ ശ്ളോകത്തിൻറെ അതേ ഫലസിദ്ധിതന്നെ കൊടുക്കാന്‍ ശേഷിയുണ്ടോയെന്ന ഉറപ്പ്‌ എനിക്കുതന്നെ ഇല്ലാത്തതിനാലും, താന്ത്രികവിധിയിലേക്കു ഞാന്‍ കടക്കുന്നില്ല.

ഈ കാവ്യത്തിന്‌ കുമാരനാശാന്‍ ഒരുപൂര്‍ണ്ണ വിവര്‍ത്തനം എഴുതിയിട്ടുണ്ട്‌. മലയാളം സംസ്കൃതത്തില്‍നിന്നും ജന്യമാണെങ്കിലും സംസ്കൃതവുമായി തുലനം ചെയ്യുമ്പോള്‍ അതിനുചില പരിമിതികളുണ്ട്‌. അതുകൊണ്ടാവണം 17 അക്ഷരങ്ങളില്‍ ശങ്കരാചാര്യര്‍ എഴുതിയ ആശയം വിവര്‍ത്തനം ചെയ്യുമ്പോള്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വൃത്തത്തെ കുമാരനാശാന്‍ ആശ്രയിച്ചത്‌. സംസ്കൃതശ്ളോകങ്ങളെ വൃത്തം മാറാതെ മലയാളീകരിക്കാന്‍ ഒരു ശ്രമം ഞാന്‍ ഇവിടെ നടത്തുന്നു. കടുത്ത താന്ത്രികസങ്കല്പമുള്ള വരികൾ ഞാൻ വിവർത്തനം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. വായിച്ചതിൽനിന്ന്  ഞാൻ ഹൃദിസ്ഥമാക്കിയതും  എനിക്ക് ഇഷ്ടപ്പെട്ടതുമായ  ശ്ലോകങ്ങൾ  മാത്രമേ ഇവിടെ വിവർത്തനം ചെയ്തിട്ടുള്ളൂ. ദ്വിദീയപ്രാസം എന്നത് എന്റെ ഒരു നിർബന്ധബുദ്ധിയാണ്, ആചാര്യന്റെ സംസ്കൃതം ശിഖരിണി എന്റെ മലയാളം ശിഖരിണിയിലേക്ക് വരുമ്പോൾ, അദ്ദേഹത്തിന്റെ താന്തികഫലസിദ്ധിക്ക് പകരമായി ഞാൻ ദ്വിദീയപ്രാസം കൊണ്ട്  തൃപ്തിപ്പെടുന്നു.    ഈ കൃതിയുടെ പൂര്‍ണ്ണ രൂപം ഇംഗ്ലീഷിലുള്ള വ്യാഖ്യാന സഹിതം (താന്ത്രിക വിധി ഇല്ലാതെ) ഇവിടെ കാണാം.


ഹരന്‍ ശക്തന്‍ തന്നേ ഭവതിസവിധം വന്നസമയം
ചരിപ്പാന്‍ പോലും തെല്ലുമിട,യബലന്‍ പാര്‍വതി വിനാ
അമോഘം പാടാതേ തവമഹിമ സല്‍കര്‍മ്മ സുകൃതം
ത്രിമൂര്‍ത്തീവന്ദ്യം നിൻ പദമിഹ തൊഴാനായ് കഴിയുമോ ശ്ളോകം ... 1

കണം നിന്‍ കാല്‍പങ്കം ഒരുതരിമതി ബ്രഹ്മ്മനുലകം
ഗുണങ്ങള്‍ മൂന്നാലിങ്ങനവധിവിധം തീര്‍ക്കുവതിനും
ഫണീന്ദ്രന്‍ കഷ്ടത്തോടതുതലയിലായ് താങ്ങു, മൊടുവില്‍
അണിഞ്ഞൂ ഭസ്മംപോൽ ശിവനതുപൊടിച്ചും തരികളായ് ശ്ലോകം....2

അവിദ്വാനോ ഉള്ളില്‍ ഇരവിനെതിരാം സൂര്യനഗരം
ഭവിപ്പൂ ചൈതന്യം മധുവിനുറവായ് മണ്ടനുലകില്‍
ദരിദ്രന്നോ ചിന്താമണിയണിയും മാലാ, അഴലിലോ
വരാഹത്തിന്‍ തേറ്റയ്ക്കുയരെ വരുവാന്‍, മുങ്ങിയവനും    ശ്ലോകം .....3

കരത്താലേ ദൈവം പകരുമഭയം പിന്നെ വരവും
തരും, എന്നാലെന്തേ ഭവതിയതുപോല്‍ വന്നിടണമോ
ഭയം മാറാനിച്ഛയ്ക്കധികതരമായ് തന്നെ വരവും
സ്വയം നല്‍കാന്‍ പ്രാപ്തം ചരണയുഗളം ദേവി ശരണം      ശ്ലോകം   ...... 4

അപാരം സൗന്ദര്യം തവമഹിമതൻ ചാരുതകളോ
അപര്‍ണ്ണേ വര്‍ണ്ണിക്കാന്‍ പദമരുതിതാ ബ്രഹ്മനുലകിൽ
മനക്കണ്ണാലേ നിന്നഴകു നുകരാനായി സതതം
മനസ്സാല്‍ പ്രാപിപ്പൂ സുരലലനകള്‍ ശൈവപദവും ശ്ളോകം ... 12

നരച്ചും, തന്‍ ദേഹം ജരസഹിത,മോജസ്സു കുറവും,
വിരൂപന്‍ തന്നില്‍ നിൻ, മിഴി കൃപ പതിച്ചെങ്കിലവനേ,
മുടിപ്പൂംകെട്ടും പോയ്‌, പുടവ മണി മാറത്തു മറയാ-
തടര്‍ന്നും ഒഢ്യാണം, വിവശവതികള്‍ പിന്തുടരുമേ. ശ്ളോകം ... 13

ശരത്തിങ്കള്‍ വെട്ടം തിരുജടയതില്‍ ചന്ദ്രമകുടം
കരഗ്രന്ഥം മാലാ വരവുമഭയം മുദ്ര സഹിതം
മനം ഓർക്കേ വാക്കോ നിറയുമളവിൽ ഭക്തനകമേ
ഇനിക്കും പാലും, തേൻ കനി മധുവിലും‌മേല്‍ മധുരമായ്. ശ്ലോകം ...15

ഉമേ നിന്നില്‍നിന്നും ത്രിഗുണവഴിയായ്‌ വന്നിതരുളും
ത്രിമൂര്‍ത്തീപൂജയ്ക്കും ഫലമറിവു നിൻ പൂജയനിശം
ശിവേ നീ കാൽ വെയ്ക്കും  കനകമണിപീഠത്തിനരികില്‍
അവര്‍ മൂവര്‍ നില്‍പൂ തൊഴുതു, മകുടംമേല്‍ കരപുടം ശ്ളോകം ... 25

മരിക്കും ബ്രഹ്മാവും, മുരരിപു വരിക്കും വിലയനം,
മരിക്കും സർവ്വം, ഈ യമ - സുര- കുബേരന്റെഗതിയും
സുരേന്ദ്രന്നന്ത്യത്തിൽ  ഇമകളടയും, നാശസകലം
ഹരന്‍ മാത്രം ശേഷം, ഇതു സതി  ശിവേ നിന്‍ വ്രതഫലം  ശ്ളോകം ... 26

കിരീടം ബ്രഹ്മാവിന്‍ തിരുവടികളില്‍ വിഷ്ണു പിറകില്‍
തിരിഞ്ഞാല്‍ തട്ടല്ലേ കനക മകുടം ഇന്ദ്രനിവിടെ
പ്രണാമം ചെയ്യുമ്പോള്‍ ഭവതി പതിയെ സ്വാഗതവുമായ്‌
എണീറ്റോടും നേരം തവ പരി ജനം ചൊല്ലുമിതുപോല്‍ ശ്ളോകം ...29

ചമച്ചൂ തന്ത്രങ്ങൾ ശിവനറുപതും നാലു വിധമായ്‌
ഉമാകാന്തൻ തൃപ്തൻ, അതതുതര സിദ്ധിക്കു, ഹിമവല്‍
സുതേ നിന്‍ നിര്‍ബന്ധം സകല പുരുഷാര്‍ത്ഥത്തിനൊരുപോല്‍
സ്വതന്ത്രം നിന്‍ തന്ത്രം ധരയിലുളവാകാനുമിടയായ്‌. ശ്ളോകം ... 31

നിലാവോലും പൂംപുഞ്ചിരി വിരിയുമാസ്യം നുകരവേ
മലര്‍ തേന്‍ തോറ്റോടും മധുരിമ ചകോരത്തിനുളവായ്‌
ഇനിപ്പാൽ നാവിന്മേൽ കഠിന മരവിപ്പും, പുളിരസം
മനസ്സില്‍ ഓർത്തിട്ടാ കിളി മുകരുമാ ചന്ദ്ര കിരണം ശ്ളോകം ... 63

അറിഞ്ഞൂ ഞാനമ്മേ ദധിപകരുമമ്മിഞ്ഞയമൃതം
വെറും പാലേയല്ലക്ഷരവുമറിവും ധാരയൊഴുകും
കുടിച്ചൂ ഭാഗ്യത്താൽ ദ്രവിഡശിശുവും നിന്‍ ദയവിനാല്‍
ഇടം നേടീ ശ്രേഷ്ഠം കവികുലമതില്‍ കേമനവനും ശ്ളോകം ... 75

ഹരന്‍ തന്‍ ക്രോധത്തീയുടലുമുഴുവന്‍ പൂണ്ടു വരവേ
സരസ്സായ്‌ തോന്നീ നാഭീ, മനസിജനതില്‍ മുങ്ങിയുടനേ
അതില്‍ നിന്നും പിന്നെ,പ്പുക ചുരുളു പോല്‍ പൊന്തിയതിനേ
ഇതാ കാണ്‍മൂ അമ്മേ, തവ തരള രോമാവലികളായ്‌ ശ്ളോകം ... 76

ജയിക്കാനായ് കാമന്‍ ശിവനെ, നിജതൂണീര നിറയേ
സ്വയം രണ്ടാക്കീ, നിന്നഴകിയമുഴങ്കാലു പണിതൂ
ശരത്തിന്‍ അഗ്രം പോല്‍ നഖമുനകളോ കാണ്‍മു നിരയായ്‌
അരം പോൽ രാകാനോ സുരരണിയുമാ തങ്ക മകുടം ശ്ളോകം ... 83

സ്തുതിച്ചോരോ വാക്കും, കതിരവനു കര്‍പ്പൂരശിഖ പോൽ
മതിയ്ക്കുള്ളോരര്‍ഘ്യം തരള ശശികാന്തം ഉരുകി പോൽ
ജലം കയ്യില്‍ കോരീട്ടലകടലിനായ് തര്‍പ്പണ സമം,
ജ്വലിക്കും സൌന്ദര്യം, തവ മഹിമയില്‍ നിന്നപരമോ ശ്ലോകം .. 100

വൃത്തം: - ശിഖരിണി
പ്രാസം  ദ്വിതീയ 

ലക്ഷണം : യതിയ്ക്കാറിൽ തട്ടും യമനസഭലം ഗം ശിഖരിണീ

Thursday, August 18, 2011

സൂച്യഗ്രേ കൂപഷഡ്കം

സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാ പ്രവാഹം
Soochi - needle agre - tip koopam - Well shadkam - 6 nos thad - that upari - above nagaram - city thatra - there Ganga pravaham - Ganga flows : in the tip of a needle, six wells, a city above that and River Ganga flows there.



ഉത്തരമില്ലാതെ ഈ സമസ്യ അക്ഷരശാസ്‌ത്രം എന്ന ബ്ളോഗില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. അതില്‍ അദ്ദേഹം പറഞ്ഞ ആശയത്തില്‍ പൂരിപ്പിച്ചിട്ടുള്ള പൂരണം താഴെ കൊടുക്കുന്നു.

ശാന്തം സര്‍പ്പാവലംബീ ശയനവിഭുപുരം ദൃഷ്ടുഭക്‌ത്യാ സമീക്ഷ്യാ 
ഹന്ത! കന്യാകുമാരീ! ദിനകരശശിസമ്മേളനം ചൈത്രസന്ധ്യാ! 
തഞ്ചാവൂർ ദേശമാര്‍ഗ്ഗേ ജനശത പുരതോ മായികാജാലവിദ്യാം 
സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാപ്രവാഹം!!

 
ശാന്തം സര്‍പ്പാവലംബീ ശയനവിഭുപുരം - ശാന്തനായി പാമ്പിന്റെ മേലെ കിടക്കുന്ന സർവ്വ വ്യാപിയുടെ പുരം 
ദൃഷ്ടു ഭക്‌ത്യാ സമീക്ഷ്യാ - ഭക്തിയോടും ശ്രദ്ധയോടും ദർശിച്ച് 
ഹന്ത! കന്യാകുമാരീ! -   ആശ്‌ചര്യം ! കന്യാകുമാരിയിലെ 
ദിനകരശശിസമ്മേളനം - സൂര്യനും ചന്ദ്രനും ഒരുമിക്കുന്ന 
ചൈത്ര സന്ധ്യാ!  -  ചൈത്രമാസത്തിലെ സന്ധ്യ  (പൗർണമി ദിവസം സൂര്യാസ്തമനത്തിന് ചന്ദ്രോദയം കാണാനാകും) കണ്ട് 
തഞ്ചാവൂർ ദേശ മാര്‍ഗ്ഗേ - തഞ്ചാവൂർ ദേശത്തേക്ക് പോകുമ്പോൾ 
ജനശത പുരതോ - നൂറു കണക്കിന് ആളുകൾക്ക് മുന്നിൽ 
മായികാ ജാലവിദ്യാം - മായികമായ ജാല വിദ്യകൾ നടക്കുന്നു 
സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാ പ്രവാഹം!! - സൂചി മുനയിൽ 6 കിണറുകളും അതിനെ മേലെ ഒരു നഗരവും അവിടേക്കു ഗംഗാ പ്രവാഹവും 



ഇതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാനാകും.

ഹരിനാമകീര്‍ത്തനത്തില്‍,

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി മുമ്പേ നിജാസനമുറച്ചേകനാഡിയുടെ 
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു 
തുമ്പങ്ങള്‍ തീര്‍ക്ക ഹരി നാരായനായ നമഃ  

എന്നു പറയുന്നുണ്ട്‌. ഇതില്‍ പറഞ്ഞിട്ടുള്ള മൂലാധാരം തുടങ്ങി ആറു പടികളെ കൂപങ്ങളായും സൂചിയെ ഏകനാഡിയായ സുഷുമ്‌നയായും കണ്ട്‌ ഈ പ്രകാരം പൂരിപ്പിക്കുന്നു. കൂപം എന്നതിന് തോണി പോലെയുള്ള ജലവാഹനം, തടി എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്. 

പ്രജ്ഞാമി ജ്ഞാനധാരാഹ്യമലമമിതമാകാശ ഗംഗേ ച ഏവം 
പ്രാജ്ഞ്യോ, വിശ്വസ്ത്തൈജസ്സാം, നഗരപുരപതിം ക്രീഢതേ ലോലലോലം
സൂച്യേവം സുഷുമ്‌നാ, തദ്‌ ഗതിവിഗതിപരാം ഷഡ്‌തലം വിദ്ധി കൂപം 
സൂച്യഗ്രേ കൂപഷഡ്കം തദുപരിനഗരം തത്രഗംഗാപ്രവാഹം


പ്രജ്ഞാമി - ഞാൻ അറിയുന്നു 
ജ്ഞാനധാരാ ഹി - അറിവിന്റെ ഒഴുക്ക് തന്നെയാണ് 
അമലമമിതം - ശുദ്ധവും വളരേയധികം അപരിമിതവുമായ 
ആകാശ ഗംഗേ ച ഏവം - ആകാശഗംഗയാണെന്നും, കൂടാതെ 
പ്രാജ്ഞ്യോ വിശ്വസ്ത്തൈജസ്സാം - വിശ്വൻ, തൈജസൻ പ്രാജ്ഞൻ എന്നിങ്ങനെ ജീവൻറെ  3 സ്ഥിതി വിഷേശങ്ങളായി  
നഗരപുര പതിം - തിപുരങ്ങൾ - ഉണർവ്, സ്വപ്നം, ഉറക്കം എന്നീ നഗരങ്ങളുടെ പതിയായി, അവയെ ഭരിച്ചുകൊണ്ട് 
ക്രീഢതേ ലോലലോലം - മാറി മാറി വിളയാടുന്നു 
സൂച്യേവം സുഷുമ്‌നാ, തദ്‌ - സൂചി സുഷുമ്നാ നാഡി തന്നെ, അതിലൂടെ  
ഗതിവിഗതിപരാം - ഉന്നത ബോധത്തിന്റെ വരവും പോക്കും  
ഷഡ്‌തലം വിദ്ധി കൂപം - 6 തലങ്ങളിലുള്ള (പടികളിലുള്ള)  ഷഢാധാരങ്ങളായ  കിണറുകളായി മനസ്സിലാക്കിയാൽ  
സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാ പ്രവാഹം - സൂചിമേലെ 6 കൂപങ്ങളും അതിലൊഴുകിവന്ന ജ്ഞാനഗംഗാധാരയിൽ വെളിവായ ഈ  ലോകവും.
    

ആറു കൂപങ്ങളെ ഷഡ്‌രസങ്ങളായും കണക്കാക്കാം. ബോധം(ഗംഗ) മനസ്സിലൂടെ (ത്രിപുരം) ആറു രസങ്ങളിലേക്കു വരുന്നുവെന്നു സാരം.

Friday, January 16, 2009

അദ്വൈത ചിന്തകള്‍

ആദിശങ്കരൻ്റെ അദ്വൈതചിന്തയിലൂന്നിയ വരികളിലൂടെയാണു് ഈ കവിത പോകുന്നത്. അദ്വൈതം എന്തെന്ന് പൊതുവിൽ മനസ്സിലാക്കിയവർ ഉണ്ടാകും. നിങ്ങളിൽ പലരും ഭഗവദ്ഗീതയുടെയും ഉപനിഷത്തുക്കളുടെയുമൊക്കെ വ്യാഖ്യാനങ്ങളും വായിച്ചിരിക്കാം.   മാണ്ഡൂക്യകാരികയുടെ നാലാം ഭാഗം സൃഷ്ടിയുടെ കാര്യകാരണബന്ധം ചർച്ച ചെയ്തുകൊണ്ടാണു് മുന്നോട്ടുപോകുന്നത്. സാധാരണഗതിയിൽ വേദാന്തപുസ്തകങ്ങളോ ഗീതാവ്യാഖ്യാനമോ ഒക്കെ വായിച്ചുപോന്നവർക്കും  രജ്ജുസർപ്പഭ്രാന്തി ഉൾപ്പെടെ വിക്ഷേപവും ആവരണവുമൊക്കെ പരിചയപ്പെട്ടവർക്കും ഒരുപക്ഷെ ഈ കാര്യകാരണബന്ധം ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുതർക്കം ശ്രദ്ധയിൽപ്പെട്ടുകാണില്ല. ആ തർക്കം എത്രത്തോളമൊക്കെ ഭംഗിയാക്കി അവതരിപ്പിക്കാൻ എനിക്കായി എന്നറിയില്ല, എത്രത്തോളമൊക്കെ ആ യുക്തികൾ നിങ്ങൾക്കു മനസ്സിലാക്കിത്തരാനായി എന്നും അറിയില്ല, അഥവാ നിങ്ങൾക്കിതൊക്കെ വായിച്ച് പുതിയൊരു പ്രബോധനം ഉണ്ടായെങ്കിൽ അത് ശങ്കരൻ്റെയും ഗുരുവായ ശ്രീ ഗൗഡപാദരുടെ സാമർത്ഥ്യം കൊണ്ടുമാത്രമാണു്. അസംബന്ധങ്ങളായിത്തോന്നിയെങ്കിൽ അത് എൻ്റെ അല്പജ്ഞാനവും.


ആമുഖം



വേദസംഗ്രഹസാരമുള്ളൊരു വാക്യമുള്ളതിലേതിലും
വേദമോതിടുമര്‍ത്ഥശുദ്ധി പകര്‍ന്നതിൻ്റെ മഹത്വമെന്‍
ലോകത്തിൻ ഗുരുവന്ദ്യനുള്ളതുപോലെ, യേതൊരു തെറ്റിനും
ഏകകാരണമെൻ്റെയജ്ഞതയൊന്നു മാത്രമറിഞ്ഞിടൂ.



************



ദൈവം എങ്ങോ എവിടെനിലകൊള്ളുന്നിടം തേടിനീങ്ങും
പാവം പാന്ഥൻ പടുമനുജനീ ഭൂമിതോറും കറങ്ങീ
ആഴീയേഴും വഴിയെതരണംചെയ്തുപോരാതെ, ജീവന്‍
വാഴും തീരം മുഴുകെയവനും തേടിയോ വാടിനിന്നൂ

അഴിക്കുള്ളിൽ ഗഹനതരമാം ഗർത്തവും നോക്കിപോലും!
പാഴായ്പ്പോയീ ശ്രമവു,മവിടേയൊന്നുമേ കണ്ടതില്ലാ 
അകാശം, പിന്നലിനനലനൻ പഞ്ചഭൂതങ്ങളെന്ന്യേ
ലോകത്തെങ്ങും ചെറുമണികണം വിട്ടുപോകാതെ തേടി

കണ്ടീലെങ്ങും ഭുവനമിതിനെത്തീര്‍ത്തൊരാ പൂജ്യരൂപം
തേടുന്നോരോ കണികകളിലും പാവമാ പാന്ഥനെങ്ങും
എന്തേ നീയീയഖിലമുലകം തേടിടും നേരമൊന്നും
സ്വന്തം ചിത്തം വെറുതെയുഴറിത്തിരഞ്ഞീല തെല്ലും?

അജ്ഞാനത്തിൻ കരിനിഴലിലൂടിത്തിരി കൈത്തിരിയ്ക്കാ
വിജ്ഞാനത്തിൻ പ്രഭയിലവിടം കാണുമാറാവതല്ലേ
ശുദ്ധം ബോധം, കതിരുടയവൻ! വെട്ടമോ വേറെവേണോ?
അന്തര്യാമിപ്പരമപുരുഷൻ വാഴുമാ ധാമമല്ലേ

വ്യാഖ്യാനം: വിദ്യാവിദ്യാം നിഹത്യേവ തേജസ്തിമിരസങ്കവത് എന്ന് ആത്മബോധം. പ്രകാശം എപ്രകാരം ഇരുട്ടിനെ അകറ്റുന്നുവോ അപ്രകാരം വിദ്യ അവിദ്യയെ ഇല്ലാതാക്കുന്നു. അതു ശുദ്ധമായ ബോധമാകുന്നു അതുതന്നെ കതിരിനും ഉടയവൻ, സ്വയം പ്രകാശിക്കുന്നവൻ, എങ്കിൽ അതുകാണാൻ മറ്റൊരു വെട്ടം ആവശ്യമാകില്ലല്ലോ   


ഏകം ദൈവം ഗഗനവിരിവാലുള്ളവന്‍ തന്നെയല്ലേ
ലോകത്തെങ്ങും നിറയു,മതുപോലുള്ളിലും വാണിരിപ്പൂ
പൂക്കൾ നാനാതരവു,മവയെച്ചേർത്തുനിർത്തുന്ന നൂലായ്
കോർക്കുന്നേകൻ വെളിയിലറിയാത്തന്തുതൻ തത്വമോർക്കാം

വ്യാഖ്യാനം: ദൈവം എന്ന പദം സത്യത്തിൽ ഭാരതീയദർശനങ്ങളിലില്ല. ഇവിടെ ദേവതാസങ്കല്പവും ഈശ്വരനും ഭഗവാനുമൊക്കെയാണു്.  God എന്ന ഇംഗ്ളീഷ് വാക്കിൻ്റെ തർജ്ജമയായി, ഇന്ന് അത് പരക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകത്തിനു് ഏറെ പരിചിതമായ ഒരു വാക്ക് എന്ന നിലയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നു മാത്രം.  ഗഗനസദൃശം എന്നുപറയുമ്പോൾ ആകാശനീലനിറത്തോടുകൂടിയവൻ എന്ന പരിമിത അർത്ഥത്തിലല്ല ശാന്താകാരം സ്തുതി.  എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നതാണു് ആകാശം, അതിനു് യാതൊരു നിറമോ ഗുണമോ മണമോ ഇല്ല. അത് മേലെമാത്രമല്ല, ഈ ലോകത്ത് എല്ലായിടത്തുമുണ്ടു്.  അതിനെ കളങ്കപ്പെടുത്താനുമാകില്ല. ഈ ലോകത്തെ സകലതിനും ഇരിക്കാനുള്ള ഇരിപ്പിടം/ആധാരം, പക്ഷെ കേട്ടുമാത്രം അറിയാനാകും.  വായുവിനെതൊട്ടറിയാനുമാകും, തീയെങ്കിൽ തൊട്ടും കേട്ടും കാണാനുമാകും.  പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മമായതായി ഇതിനാൽ കണക്കാക്കപ്പെടുന്നു.

ഭഗവദ്ഗീത 7:7 ...സൂത്രേ മണിഗണാ ഇവ - ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. തന്തും മണിപ്രകരഭേദങ്ങൾ പോലെ പരമെന്തെന്തുജാതമിഹ നാരായണായനമഃ എന്നു് എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ.  മാലകോർത്ത നാരു് പുറത്തു് കാണാനാകില്ല, പക്ഷെ ആ നാരാണു് അത്രയും പൂക്കളെ ഒന്നിച്ചുചേർത്തുനിർത്തുന്നത് എന്നു നമുക്കറിയാം, ആ നാരു് അവിടെ ഇല്ലെങ്കിൽ പൂക്കളങ്ങനെ ഒന്നിച്ചുനിൽക്കുകയുമില്ല.


നാമീക്കാണും സകലവിധമാം ദ്രവ്യമോരോന്നിലഞ്ചായ്‌
നാമം, രൂപം, ചിതി,യുമവതന്നുണ്മ,യാനന്ദമെന്നായ്
നാമം രൂപം ഭുവനഗുണമായ് കണ്ടിടൂ രണ്ടിനേയും
ആനന്ദം പിന്നറിവുമതുപോലുണ്മയും ബ്രഹ്മദത്തം

വ്യാഖ്യാനം: ദൃക്‌-ദൃശ്യവിവേകം ഇപ്രകാരം പറയുന്നു: - അസ്തി ഭാതി പ്രിയം നാമം രൂപം ചേത്യംശപഞ്ചകം.  ആദ്യത്രയം ബ്രഹ്മ രൂപം ജഗത് രൂപം തതൊദ്വയം.  ഈ ലോകത്തെ ഏതുവസ്തുവിലും 5 കാര്യങ്ങൾ ഉണ്ടെന്നുപറയുന്നു.  1. നാമം – അതിനൊരു പേരുണ്ടു് 2. അതിനൊരു രൂപമുണ്ടു്. 3. അറിവു് – അത് അറിയാനാകും 4. ഉണ്മ – ഉണ്ട്, അത് ഉള്ളതാണു്. അതിനൊരു അസ്തിത്വമുണ്ടു്. 5. അത് ഒരു ജീവിക്ക് അല്ലെങ്കിൽ മറ്റൊന്നിനു് ആനന്ദദായകമാണു് അഥവാ പ്രിയം കൊടുക്കുന്നതാണു്.  ഇതിൽ ആദ്യം പറഞ്ഞ രണ്ടും ഈ ലോകത്തിൻ്റേതാണു്.  അത് നിരന്തരം മാറിക്കൊണ്ടിരിക്കും, പക്ഷെ പിന്നത്തെ മൂന്നും പരബ്രഹ്മത്തിൽനിന്നു വന്നതാണു്, അതുകൊണ്ടുതന്നെ അവ എല്ലാറ്റിനും ബാധകമാണു്, ഇതിൽ ഏതെങ്കിലും ഒരെണ്ണത്തിനെ ഏതെങ്കിലും ഒരുദ്രവ്യത്തിൽനിന്നും എടുത്തുമാറ്റാനുമാകില്ല, 

ഇല്ലാതെല്ലും ദിനവുമിരവും, ജീവ - നിർജ്ജീവ ഭേദം
പുല്ലും പൂവും ചരവുമചരം തന്നിലെന്നും സമസ്തം 
ഉള്‍ക്കൊള്ളേണ്ടൂ ഭുവമിതിലാനന്ദസച്ചിന്‍മയത്വം
തള്ളാം ദേശം സമയമിവയും നാമരൂപാത്മകത്വം  

വ്യാഖ്യാനം: ഖവായഗ്നി ജലോര്‍വീഷു ...ദൃഗ്ദൃശ്യ വിവേകം (21) രാവെന്നോ പകലെന്നോ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഉള്ള ഭേദമിതിനില്ല. പുല്ലായാലും പൂവായാലും ചലിക്കുന്നതാണെങ്കിലും അല്ലെങ്കിലും സമസ്ത ദ്രവ്യങ്ങളിലും ഈ 3 ഗുണങ്ങളും കാണപ്പെടുന്നു. ഉപേക്ഷ നാമരൂപേദ്യേ ... ദൃഗ്ദൃശ്യവിവേകം (22) ആയതിനാൽ അറിവ്(ചിത്), ആനന്ദം, ഉണ്മ(സത്) ഇവ മൂന്നും ബ്രഹ്മഗുണമായ തത്വമായി ഉൾക്കൊണ്ട് ദേശം, കാലം, നാമം, രൂപം എന്നിവ എക്കാലവും മാറിക്കൊണ്ടിരിക്കുന്നതായതിനാൽ തള്ളിക്കളയേണ്ടതുമാകുന്നു.

മാറ്റം = മരണം.  അതായത് തൊട്ടുമുമ്പത്തെ അവസ്ഥമരിച്ച് ഒരു പുതിയ അവസ്ഥ ജനിച്ചു.  പാൽ മരിച്ചു, തൈരു് ജനിച്ചു, തൈരു മരിച്ച് വെണ്ണയും മോരും പിറന്നു. അതിൽ വെണ്ണമരിച്ചപ്പോൾ നെയ്യും പിറന്നു. ഇനി ദൈവത്തിലേക്കു തിരിച്ചുവരാം.  ദൈവത്തിനു മാറ്റമുണ്ടായി എന്നു പറഞ്ഞാൽ ദൈവം മരിച്ചുമറ്റൊന്നായി എന്നാകും അർത്ഥം.  അതായത് ദൈവം മരിച്ചു, ഇപ്പോൾ ആ മറ്റൊന്നാണു് ഉള്ളതു്.  ഇത് സ്വീകാര്യമല്ലാത്തതിനാൽ ദൈവം = മാറ്റമില്ലാത്തവൻ എന്ന നിയമം നിലനിർത്തിയേ പറ്റൂ. ഉദാഹരണത്തിൽ പറഞ്ഞതുപോലെ മാറ്റത്തിൽ  മരണത്തോടൊപ്പം ഒരു ജനനവും നടക്കുന്നുണ്ടു്.  അതുകൊണ്ടു് മാറ്റമില്ലാത്തദൈവം എന്നതിനു് ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ലാത്തവൻ എന്നുകൂടി പറയേണ്ടിവരും. ഇത്രയും പറഞ്ഞതിൽനിന്നും നമ്മൾ മനസ്സിലാക്കേണ്ട ആ ദൈവത്തിനെ ഒന്നുകൂടി പുനരവലോകനം ചെയ്യാം.

 

അജാതൻ

ജനിക്കാത്തവൻ

മറ്റൊന്നിൽനിന്നും ജനിച്ചതാവരുത്, സ്വയമേ ഉള്ളതാകണം

അമരൻ

മരിക്കാത്തവൻ

ഒരുതരത്തിലുള്ള മാറ്റവും സംഭവിക്കാത്തവനാകണം

സത്

ഉണ്മയാണ്

സത്യത്തിൽ ഉള്ളതാണു്.  സത്യം എന്നു പറഞ്ഞാൽതന്നെ 3 കാലത്തിലും (പണ്ടോ ഇപ്പോഴോ നാളെയോ) മാറാതെ നിലകൊള്ളുന്നത് എന്നർത്ഥം.  ഇനിമുതൽ വരാനിരിക്കുന്ന ശ്ലോകങ്ങളിലൊക്കൊ സത്യം എന്ന വാക്കിനു് നുണയുടെ വിപരീതമെന്നല്ല, ഇനിയുള്ള ചർച്ചകളിലെല്ലാം ഇതേ അർത്ഥമെടുക്കണം

ചിത്

അറിവാണു്

ശുദ്ധമായബോധം, എന്തും എല്ലാ അറിവും അറിയുന്നവൻ.  അപ്പോൾ സർവജ്ഞാനി

ആനന്ദം

സന്തോഷം, തുഷ്ടി

സ്വരൂപം തന്നെ ആനന്ദമാണു്, അവിടെ അല്ലലൊരുതരിയില്ലപോൽ

ഗഗനസദൃശം

അരൂപി, സർവവ്യാപി

അരൂപിയാണു്, എല്ലായിടത്തും നിറഞ്ഞിരിക്കുന്നതാണു്.  അതിനെ കളങ്കപ്പെടുത്താനാകാത്തതാണു്.  ഉള്ളിലും പുറത്തുമുള്ളതാണു് ഒരു കാലിയായകുടം കമിഴ്ത്തിവെച്ചിരിക്കുകയാണെങ്കിൽ കുടത്തിനകത്ത് ഘടാകാശവും കുടത്തിനുപുറത്തു് മഹാകാശവുമെന്നപോലെ.


 

ഇത്രയൊക്കെ ഉള്ളവൻ്റെ അടുത്ത വിശേഷണങ്ങൾ നോക്കാം.




ഐശ്വര്യത്തോടഖിലമുലകിൽ ശ്രീ, സമഗ്രം, സുധർമ്മം,
യശ്ശസ്സോടും, അമരുകഭവൻ ജ്ഞാനവൈരാഗ്യമോടും
ആരംഭം തൊട്ടു,ലകവിലയം, വന്നതും പോയതെല്ലാം 
ആരോകാൺമൂ, അറിവു,മതുപോൽമായയും ദൈവമത്രേ.

വ്യാഖ്യാനം: വീണ്ടും പറയട്ടെ, God = ദൈവം എന്നൊരു ചിന്തയോ നിർവചനമോ നമുക്കില്ല.  നമുക്കു ഭഗവാനുണ്ടു്.  വിഷ്ണുപുരാണത്തിൽ 2 ശ്ലോകങ്ങളിലായി ഭഗ എന്ന ശബ്ദത്തിൻ്റെ സൂചനയും ഭഗവാൻ ആരെന്നും പറയുന്നുണ്ടു്. 

ഐശ്വര്യസ്യ സമഗ്രസ്യ ധര്‍മ്മസ്യ യശ്ശസ്സഃ ശ്രിയ 
ജ്ഞാന വൈരാഗ്യയോര്‍ശ്ചൈവ ഷണ്ണാം ഭഗ ഇതീരണാ

ഐശ്വര്യം, സമഗ്രത ധർമ്മം യശസ്സ്, ശ്രീ, ജ്ഞാനം വൈരാഗ്യം (ഐഹികസുഖങ്ങളോടുള്ള വിരക്തി) ഇവയെല്ലാം ആർക്കുണ്ടോ അത് ഭഗ എന്നശബ്ദംകൊണ്ടു പറയുന്നു.

ഉത്പത്തിം പ്രളയം ചൈവ ഭൂതാനാമഗതീം ഗതിം
വേത്തി വിദ്യാം അവിദ്യാം ച സ വാച്യോ ഭഗവാനിതി

ഉത്ഭവവും പ്രളയവും സകലഭൂതങ്ങളുടെയും വരവും പോക്കും അറിവും അജ്ഞാനവും (മായ) ആരറിയുന്നുവോ അവനെ ഭഗവാനെന്നു് വിളിക്കുന്നു. നേരത്തെ പട്ടികയിൽ പറഞ്ഞ ഗുണങ്ങളുമായി ചേർത്തുവായിക്കുമ്പോൾ നമ്മുടെ ദൈവം, ലോകമുണ്ടാകും മുമ്പേ ഉള്ളതാകണം, ലോകാവസാനത്തിനു ശേഷവും നിലകൊള്ളണം.  എങ്കിൽ മാത്രമേ ലോകമുണ്ടാക്കിയ ദൈവം എന്ന വിശേഷണം യോജിക്കുകയുള്ളൂ.

വിത്തിന്നുള്ളില്‍ ചെറിയമരമായ് നിന്നിരുന്നന്നുലോകം
ഹൃത്തിന്നുള്ളില്‍ പ്രഭചിതറിടും ബോധമാം തൻസ്വരൂപം 
സ്പഷ്ടം, ശുദ്ധം, അറിവുഘനമായ് സൃഷ്ടിതൻ മുമ്പുപണ്ടേ
സൃഷ്ടാവേകീ പലവിധമതിൽ ചിത്രവൈചിത്ര്യഭേദം


ദേശം, കാലം, ധിഷണയിതു തീര്‍ക്കുന്നുപാധിദ്വയത്താൽ
ലോകം തീര്‍ത്തന്നിവിടെയൊരുനാൾ യോഗി-മായാവി പോലേ 
ചേലില്‍ തീര്‍ക്കാനൊരു കുട,മതിന്നാസ്പദം മൃൺമയത്താൽ
മൂലാധാരം പ്രകൃതിയിതുപോലായതോ മായയാലും

വ്യാഖ്യാനം: ദക്ഷിണാമൂർത്തിസ്തോത്രം – ശ്ലോകം 2ൻ്റെ തർജ്ജമ 6 വരികളിലായിക്കൊടുത്ത് ആത്മബോധത്തിലെ ശ്ലോകം 8 (ഉപദാനേഖിലാധാരേ) ചേർത്തുവെച്ചിരിക്കുന്നു.  കൂടാതെ ദൃഗ്ദൃശ്യവിവേകം ശ്ലോകം 12ഉം (മനോഹംകൃത്യുപാദാനം) സമാനവിഷയമാണു്.
 
ഒരുകുടം മണ്ണുകൊണ്ടുനിർമ്മിക്കപ്പെടുന്നുവെന്നതുപോലെ ബുദ്ധി കൽപ്പിച്ചുകൊടുത്ത 2 ഉപാധികളായ ദേശം, കാലം എന്നിവയിലൂടെ ഒരു യോഗിയോ മായവിയോ ശൂന്യതയിൽനിന്നും സൃഷ്ടിച്ചെടുക്കുന്നപോലെ ഉലകജനനം നടന്നുവെന്നു പറയുന്നു.  സത് ഏവ സൗമ്യ, അഗ്ര ആസീത് – ഹേ സൗമ്യാ, തുടക്കത്തിൽ സത് (ഉണ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ) എന്ന് വേദവാക്യം.  സൃഷ്ടിക്കുമുമ്പ് എന്തായിരുന്നു, ഘനീഭവിച്ച ശുദ്ധമായ അറിവു മാത്രം ഉണ്ടായിരുന്നു. ആ അറിവു് ഉണ്മയായിരുന്നു, അതിൽ മറ്റൊന്നും മാറ്റം വരുത്താനില്ലായിരുന്നു. കാലം അഥവാ സമയം, ദേശം ഇവരണ്ടും ബുദ്ധിയുടെ വഴികളാണു്.  ഒരുകാര്യം നടന്നു എന്നുപറയുമ്പോൾ അതു് ഒരു പ്രത്യേകസ്ഥലത്ത് ഒരു നിശ്ചിതസമയത്ത് നടന്നു എന്നാണു് നമ്മൾ മാസ്സിലാക്കുന്നതു്. ഗഗനം പോലെ എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഒന്നാണു് ബോധമെന്നു നമ്മൾ നേരത്തെ പറഞ്ഞിരുന്നു, അതിനാൽ അത് ദേശത്തെ മറികടന്നുനിൽക്കുന്നു.  സമയം ആദ്യമായി രേഖപ്പെടുത്തിയത് എന്നാകും? അത് ആദ്യം അറിഞ്ഞ അന്ന്. ആദ്യത്തെ സമയം കണക്കാക്കപ്പെട്ട അന്നു് അത് അറിഞ്ഞെങ്കിൽ, ബോധം അതിനുമുമ്പേ ഉണ്ടാകണമല്ലോ, അപ്പോൾ ബോധം സമയത്തിനുമുമ്പേ ഉണ്ടായിരിക്കണമല്ലോ, ഇനിസർവ്വവും നശിച്ചാലും ബോധം മാത്രം അവശേഷിക്കുന്നുവെങ്കിൽ അതിനെ കാലാതീതം എന്നു പറയാം. അപ്പോൾ നമ്മുടെ ദൈവം കാലാതീതനാണു് എന്നു പറയണമെങ്കിൽ ഈ നിബന്ധനകൾ കൂടി സംയോജിപ്പിച്ചുവേണം ഇനി മുന്നോട്ടുപോകാൻ.


ഒന്നേയൊന്നീയുലകസകലം സൃഷ്ടമാക്കാൻ നിദാനം
തന്നുള്ളില്‍ത്തന്നെയൊരുമറ വിക്ഷേപമൊത്തീടിനാലേ
വിക്ഷേപത്താൽ, മറബലവതായ്  ദൃക്കിനേ മൂടിടുമ്പോൾ
സൂക്ഷ്മംദേഹം മുതലഖിലലോകം വരേയ്ക്കും ചമയ്ക്കും

വ്യാഖ്യാനം:  . ശക്തിദ്വയം ഹി മായായാ ....ദൃഗ്ദൃശ്യ വിവേകം (12) വിക്ഷേപശക്തി ......... വിവേക ചൂഢാമണി (113) എന്നീ ശ്ലോകങ്ങളിലെ ആശയം.  ഒരേയൊരു സാധനമാണു് ഈ സകലലോകത്തിൻ്റേയും സൃഷ്ടിയ്ക്കു നിദാനം.  വിക്ഷേപം, ആവരണം എന്നിങ്ങനെ മായയ്ക്ക് രണ്ടുശക്തികളുണ്ടു്.  അതിൽ ആവരണം ബോധം മറച്ചുപിടിക്കുന്നു, തൽസമയം വിക്ഷേപം ബുദ്ധിയ്ക്കു ബോധ്യമാകുന്ന മറ്റെന്തോ അവിടെ കല്പിച്ചുനൽകുന്നു.  

ലക്ഷംപ്രകാരമിതു സൃഷ്ടിപ്പതിന്നുമതു ... വിക്ഷേപമാവരണമീരണ്ടു ശക്തികളിതിങ്കേന്നുദിച്ചു ഹരിനാരായണായ നമഃ എന്നു് എഴുത്തച്ഛൻ. ശുദ്ധമായബോധം ഇക്കാണുന്നപ്രപഞ്ചമായി മാറിയത് അതിനെ മായ മറച്ചുവെച്ച് മറ്റൊന്നിനെ ആ സ്ഥാനത്ത് കല്പിച്ചുതന്നിട്ടാണെന്ന് ശങ്കരസിദ്ധാന്തം.  രജ്ജു-സർപ്പ-ഭ്രാന്തി:- കയറിൽ പാമ്പെന്നു കണ്ടുധരിക്കുന്നതുപോലെ എന്ന് അദ്ദേഹം ദൃഷ്ടാന്തമായിപ്പറയുന്നു.  ഉണ്ടായിരുന്നത് കയർ മാത്രമായിരുന്നു, പക്ഷെ അതുതിരിച്ചറിയാനുള്ള തെളിച്ചം ബുദ്ധിയ്ക്ക് ഇല്ലാതെപ്പോയപ്പോൾ കയറിൻ്റെ സ്വത്വം മനസ്സിലാക്കുന്നസമയം വരെ അവിടെ ഒരു സർപ്പം വന്നു.  ആവരണമെന്ന മറ അത്രയും ബലവത്തായതാണു്.  അത് സത്യത്തെ (3 കാലങ്ങളിലും മാറാതെ നിൽക്കുന്നതിനെ) മൂടിമറയ്ക്കുമ്പോൾ വിക്ഷേപം നാമവും രൂപവും ചേർത്ത് ഇങ്ങനെയൊരുലോകം ചമയ്ക്കുന്നു.


ലോകം തീർക്കാനവനു പുതുതായ് വസ്തു വേറെന്തിനാ
ലോകം തന്നെപ്രഭുമഹിമപോൽ കണ്ടിടാമൊത്തുനോക്കൂ
ലോകം മൊത്തം വിഭുവൊരുവനാണാശ്രയം സർവവ്യാപി
ലോകം സ്വത്വം നിറയുമതിലോ കാരണം-കാര്യബന്ധം ?
 
വ്യാഖ്യാനം: ഒരു സൃഷ്ടി നടക്കണമെങ്കിൽ അവിടെ ഒരു ദ്രവ്യം വേണം അതുണ്ടാക്കുന്ന ഒരാൾ വേണം അവതമ്മിൽ ഒരു കാര്യകാരണബന്ധവും വേണം.   കുടമെന്ന ഉദാഹരണത്തിൽ മണ്ണു് ദ്രവ്യവും, ചക്രവും വടിയുമൊക്കെ ഉപകരണങ്ങളും കുഴച്ച കളിമണ്ണിനെ കുടമാക്കാനുള്ള നൈപുണ്യവുമള്ള ഒരു മനുഷ്യൻ്റെ പ്രയത്നവും തീച്ചൂളയുടെ ചൂടുമൊക്കെ ചേരുമ്പോഴാണു് മണ്ണ് കുടമായി മാറുന്നത്. ഇങ്ങനെ ഒരു കാര്യകാരണബന്ധം എല്ലാ സൃഷ്ടികൾക്കും കാണാനാകും.  ഒരു പ്രത്യേകസ്ഥലത്തു് ഒരു പ്രത്യേകസമയത്തു് കാര്യകാരണബന്ധം സഹിതമാണു് നമ്മുടെലോകത്ത് എല്ലാകാര്യങ്ങളും അപഗ്രഥിക്കപ്പെടുന്നതു്.  ദേശം – കാലം – കാര്യകാരണബന്ധം എന്നത് ഒരു മുക്കാലിയാണ്.  നമ്മൾ പടുത്തുയർത്തിയിരിക്കുന്ന യുക്തികളത്രയും ഈ മുക്കാലിക്കു മുകളിലെ ഒരു പീഠത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നതു്. ഈ മുക്കാലിയുടെ ഏതെങ്കിലും ഒരു കാൽ തകർന്നാൽ ആ പീഠം താനെ നിലം പതിക്കും. ആദിശങ്കരൻ്റെ ഗുരുവായ ഗൗഡപാദർ മാണ്ഡൂക്യോപനിഷത്തിനു് ഒരു കാരിക എഴുതിയിട്ടുണ്ടു്. അതിൽ അദ്ദേഹം ദേശം കാലം എന്നിവയെ വിട്ട് സൃഷ്ടിയിലെ കാര്യകാരണബന്ധം നിരാകരിച്ചുകൊണ്ടാണു് മുന്നേറുന്നത്. സൃഷ്ടിപ്രക്രിയയിലെ കാര്യകാരണബന്ധം നിരാകരിക്കപ്പെട്ടാൽ ദേശം, കാലം എന്നിവയുടെ പ്രസക്തിയും താനേ നഷ്ടപ്പെട്ടുകൊള്ളും.  അപ്രസക്തമായ കാല-ദേശങ്ങളെപ്പറ്റി പിന്നെ ചർച്ചചെയ്തു സമയം കളയേണ്ടതുമില്ല. അദ്ദേഹം നയിച്ച യുക്തിവാദങ്ങളിലൂന്നിയാണു് ഇനി മുന്നോട്ടുപോകുന്നത്.

ഇപ്പോൾ നമുക്കുമുന്നിലുള്ള പ്രശ്നം എപ്പോൾ, എവിടെവച്ച്, എന്തുസാധനം കൊണ്ട് ആരു് ഈ ലോകമുണ്ടാക്കി എന്നതാണു്. അതുണ്ടാക്കിയ ആൾക്ക് മുകളിൽ വിവരിച്ചയത്രയും ഗുണങ്ങളുമുണ്ടു്.  എപ്പോൾ, എവിടെവച്ച് എന്നിവ തൽകാലം മാറ്റിവെച്ച് നമുക്ക് ബാക്കികാര്യങ്ങൾക്കു പിറകെ പോകാം.      


തന്നില്‍നിന്നും അപര,മുഭയം വസ്തുവില്‍ നിന്നുമായീ
ഒന്നും വന്നീലിവിടെയുലകില്‍,പിന്നെയോ സത്തു മാത്രം
സത്യാസത്തില്‍, ഇരു പകുതിയും ചേർന്നസമ്മിശ്രണത്തിൽ
സത്യം ചൊന്നാലിവിടൊരു കണം പോലുമുണ്ടായതില്ലാ 

വ്യാഖ്യാനം: തന്നിൽ നിന്നോ മറ്റൊന്നിൽനിന്നോ താനും മറ്റൊന്നും ചേർന്ന ഉഭയവസ്തുവിൽ നിന്നോ ആയി ഇവിടെ ഒന്നും വന്നിട്ടില്ല. ഇവിടെ ആകെ സത്തു് (ഉണ്മ) മാത്രമേയുള്ളൂ. ലോകം വന്നെങ്കിൽ ഒന്നുകിൽ അത് തന്നിൽനിന്നും വരണം അല്ലെങ്കിൽ മറ്റൊന്നിൽ നിന്നും വരണം, ഇതുരണ്ടുമല്ലെങ്കിൽ താൻ തന്നെ മറ്റൊന്നിനോട് ചേർന്ന് ഇതായിവരണം.  ഇത് സംഭവിച്ചിട്ടില്ല എന്നതാണു് അദ്ദേഹത്തിൻ്റെ സിദ്ധാന്തം. സത്തിൽ (ഉള്ളതിൽ) നിന്നും ഉണ്ടാകാം, അസത്തിൽ (ഇല്ലാത്തതിൽ) നിന്നും ഉണ്ടാകാം എന്നിങ്ങനെയും വാദങ്ങളുള്ളതിനാൽ ഉള്ളതിൽനിന്നോ ഇല്ലാത്തതിൽനിന്നോ ഉള്ളത് ഇല്ലാത്തതിനോടുചേർന്ന മിശ്രിതത്തിൽ നിന്നോ ഇവിടെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. (സ്വതോ വാ പരതോ – മാണ്ഡൂക്യകാരിക – 22)


"ആരംഭം" പോൽ വിവിധവിധമാം യുക്തിസിദ്ധാന്തമെല്ലാം
"സാരം ശൂന്യം" വരെ ഗഹനമാം തത്വമെല്ലാമസത്യം
തമ്മിൽത്തമ്മിൽ തെളിവുസഹിതം വാക്കുതർക്കങ്ങളോതി
ചെമ്മേകൊണ്ടുത്തരുവതുമതേ യുക്തിവൈരുധ്യമല്ലേ

"കാര്യം" വന്നാലിഹ പുതിയതായ്‌ "കാരണം" സത്തുമല്ലാ
നേരേ ചൊൽവൂ തെളിവുസഹിതം  ന്യായ-വൈശേഷികന്‍മാര്‍
സാംഖ്യം വാദം തിരികെയുയരും കേൾക്കു സത്-കാര്യവാദം
ലോകം മൊത്തം പ്രബലമുണരാൻ ഹേതുവോ സത്തുമാത്രം

വ്യാഖ്യാനം: ലോകം എങ്ങനെ ഉണ്ടായി എന്നുചോദിച്ചാൽ പലപല സിദ്ധാന്തങ്ങളുണ്ടു്, അതിനൊക്കെ ഓരോ പേരുകളുമുണ്ടു്, അന്നും ഇന്നും.  പണ്ടത്തെ പ്രബലമായ വാദങ്ങളിൽ ചിലതാണു് ആരംഭവാദം, ശൂന്യവാദം തുടങ്ങിയവയൊക്കെ. ഇവയൊക്കെ അവയുടെയുക്തിക്കനുസരിച്ച് ലോകം ഒരുനാൾ പെട്ടെന്ന് തുടങ്ങിയതാണു്, ഇല്ല ശൂന്യതയാണു് സത്യം എന്നിങ്ങനെ അതാതുവാദങ്ങൾ നിരത്തുന്നു. ഇവ പലപ്പോഴും പരസ്പരവിരുദ്ധവും എതിർചേരികളിൽപ്പെടുന്നതുമാകയാൽ ഇവയുടെ യുക്തികൾ മറ്റുസിദ്ധാന്തങ്ങളെ നിരന്തരം എതിർത്തുകൊണ്ടേയിരിക്കുന്നു.  ഉദാഹരണമായി ന്യായശാസ്ത്രവും വൈശേഷികസിദ്ധാന്തവും എടുത്തുനോക്കാം. ഒരാൾ പറയുന്നു കാര്യം (ലോകം) ഇവിടെ പുതിയതായി വന്നതാണു്.  മറ്റൊരാൾ പറയുന്നു, അതിൻ്റെ കാരണം (ദൈവം) അസത്ത് ആണു് (ഇല്ലാത്ത ഒന്നാണു്) സത്ത് (ഉള്ളത്) അല്ല.  ഇനി സാംഖ്യശാസ്ത്രമെടുത്താലോ കാര്യവും കാരണവും സത്ത് ആണു്.
(ഭൂതസ്യ ജാതമിച്ഛന്ദി ... മാണ്ഡൂക്യകാരിക 3)

ഉണ്‍മയ്ക്കര്‍ത്ഥം ഉലകമിവിടേയുള്ളൊരാ "സത്യ"മെങ്കിൽ
ഉണ്‍മയ്ക്കെന്തേ പുതിയജനനം വന്നിടേണ്ടൂ ജഗത്തില്‍
ഇല്ലാത്തൊന്നിങ്ങൊരുദിവസമിന്നുള്ളോരു സത്തായിടാമോ ?
ചൊല്ലും നിങ്ങൾ തെളിവുസഹിതം, മൂഢമോ തത്വചിന്ത?

വ്യാഖ്യാനം: ഉണ്മ = സത്ത് = ഉള്ളത് = സത്യം എന്നൊക്കെ നമ്മൾ കണ്ടു.  സത്യം എന്നാൽ 3 കാലങ്ങളിലും മാറാതെ നിൽക്കുന്നത് എന്നും പറഞ്ഞു. മാറ്റം = മരണം. ലോകമാണു കാര്യം അതിനുള്ള കാരണമോ ദൈവവും. അപ്പോൾ കാരണം മാറി എന്നു പറഞ്ഞാൽ ദൈവം മരിച്ചു എന്നു പറയേണ്ടിവരും. പക്ഷെ സത്യമായ, ഉണ്മയായ, സത്ത് ആയ ആ കാരണം എന്തിനു വീണ്ടും ഈ ലോകമാകാൻ പുതിയതായി ജനിക്കണം? ആ “കാരണം“ പണ്ടും ഇപ്പോഴും നാളെയും മാറാതെ, ഉണ്മയായി, സത്തായി “അങ്ങനെത്തെന്നെ“ നിലകൊള്ളുകയല്ലേ.  എങ്കിൽ പണ്ട് ഇല്ലായിരുന്നെന്നും പിന്നീട് ഉണ്ടായി എന്നും പറയേണ്ടിവരും. ഇല്ലാത്ത ഒരെണ്ണം എങ്ങനെയാണു് പെട്ടെന്നൊരുദിവസം ഉള്ളതായ ഉണ്മയും സത്യവുമൊക്കെയായി മാറിയത്? അങ്ങനെ അതിനു മാറാനാകുമോ (ഭൂതം ന ജായതേ – മാണ്ഡൂക്യകാരിക 4)


ലോകം രണ്ടെന്നറിവുകളയൂ, ദ്വൈതമോ മൂഢതത്വം
ഏകം സത്യം ഭവഭയമൊഴിഞ്ഞുള്ളൊരാ ബോധരൂപം
ദ്വൈതംസർവ്വം പറവതു മതം, ലോകസൃഷ്ടിപ്രസിദ്ധം
സത്യം, ജ്ഞാനം, അമരവിഭുവാം  സൃഷ്ടികര്‍ത്താവജാതൻ

വ്യാഖ്യാനം: ദ്വൈതം എന്നാൽ അദ്വൈതമല്ലാത്തത് എല്ലാം. അതായത് രണ്ടു് ഉണ്ട് എന്ന സിദ്ധാന്തം. ഒരു ദൈവം, ആ ദൈവം സൃഷ്ടിച്ച ഒരു ലോകം എന്നുപറയുമ്പോൾ ഇവിടെ രണ്ടു് ഉണ്ടു്, ഇത് ദ്വൈതം. അദ്വൈതം എന്നതോ ഇങ്ങനെ രണ്ടില്ല, ഇവിടെ ആകെ ഒന്നുമാത്രമേ ഉള്ളൂ, രണ്ടാമതായി ഒന്നില്ലാത്ത ആ ഒന്ന്, എന്ന സിദ്ധാന്തം കൊണ്ടുവരുന്നു. എല്ലാ ദ്വൈതസിദ്ധാന്തങ്ങളിലും ലോകസൃഷ്ടി എന്ന തത്വമുണ്ടു്, സൃഷ്ടി ഉണ്ടായിട്ടുണ്ടെങ്കിൽ അത് എങ്ങനെ ഉണ്ടായി ആരു് ഉണ്ടാക്കി എന്നിങ്ങനെയുള്ള അനുബന്ധചോദ്യങ്ങളും വരും, ഇതിനൊന്നും മതിയായ ഉത്തരങ്ങളുമില്ല.  അദ്വൈതമാണെങ്കിലോ ഇവിടെ ഒന്നുമാത്രമേ ഉള്ളൂ എന്നു സ്ഥാപിച്ചെടുക്കുന്നു.  അതാണു് സത്യം (3 കാലങ്ങളിലും മാറാതെ നിലകൊള്ളുന്നതു്), ജ്ഞാനം (ശുദ്ധമായ അറിവു്) അമരൻ (മരണമില്ലാത്തതവൻ, സത്യം എന്നതുതന്നെ മാറാതെ നിലകൊള്ളുന്നത്, മാറ്റമാണു് മരണം) അങ്ങനെ മരണമില്ലാത്ത സത്യമാണെങ്കിൽ അത് കാലത്തെ അതിക്രമിച്ചുനിൽക്കുന്നതാകണം. വിഭുവെന്നാൽ എങ്ങും നിറഞ്ഞിരിക്കുന്നതു്.  സ്വാഭാവികമായും അത് അജാതവും (ജനിക്കാത്തത്) ആകും.  ജനനമുള്ളതിനു് മരണമുണ്ടു്, മരണമെന്നപോലെ ജനനവും ഒരു മാറ്റം തന്നെയാണല്ലോ, പൂവു് ജനിച്ചെങ്കിൽ മൊട്ടു മരിച്ചെന്നുകൂടി അർത്ഥം.

ദൈവത്തിന്നീ നിഖിലഗുണമായ്  മേല്‍പ്പറഞ്ഞീടുമെല്ലാം
മേവുന്നെങ്കിൽ,  വിഭുവിനിവകൾ സത്യമായുള്ളതെങ്കിൽ
എന്തേ ലോകം ജനനമരണത്തിന്നു പാത്രീഭവിച്ചൂ?
എന്തേ ജീവന്‍ കദനമെരിയും വഹ്നി മൂടിക്കരിഞ്ഞൂ?

എന്തേ മാറ്റം സകലവിധമാം വസ്തുവിന്നും വരുന്നൂ?
എന്തേ ജ്ഞാനം അഴലിനിരുളില്‍ മുങ്ങിയജ്ഞാനമായീ?
എന്തേ ലോകം മുകുരസദൃശം  ബിംബമായ് കണ്ടിടും പോൽ 
സ്വന്തം പാര്‍ശ്വം ഇരു വശവുമേ നേരെ മാറുന്നപോലേ

വ്യാഖ്യാനം: ദൈവത്തിൻ്റെ ഗുണഗണങ്ങൾ പലവട്ടം നമ്മൾ വിസ്തരിച്ചുപറഞ്ഞു കഴിഞ്ഞു. സത്യത്തിൽ ദൈവത്തിനു് ഇവയൊക്കെ അവകാശപ്പെടാനുള്ളതാണെങ്കിൽ ആ ദൈവത്തിൻ്റെ സ്വന്തം സൃഷ്ടിയെന്ന് അവകാശപ്പെടുന്ന ലോകമോ അതിനു നേർവിപരീതമായി, കണ്ണാടിയിൽ കാണുന്ന പ്രതിബിംബമെന്നപോലെ, ഇടതു വലതായും വലത് ഇടത്തായും കാണുന്നതെന്തേ? 

ദൈവം

ലോകം

അമരൻ, അജാതൻ

ജനനവും മരണവും നിത്യവും നടക്കുന്നു

ആനന്ദൻ

ദുഃഖപൂർണ്ണം

സത്യം – 3 കാലങ്ങളിലും മാറാതെ നിൽക്കുന്നവൻ

മാറ്റം എല്ലായിടത്തും കാണാം

അറിവിൻ്റെ തൽസ്വരൂപം

അറിവില്ലായ്മയും ഉണ്ടു്

(വിശ്വം ദര്‍പ്പണദൃശ്യമാനനഗരീതുല്യം നിജാന്തര്‍ഗതം
 ദക്ഷിണാമൂര്‍ത്തിസ്തോത്രം – ശ്ലോകം 1)

ഏതും വസ്തുക്കളിവിടെ ഗുണം ചേർന്നുകാണുന്നുവെങ്കിൽ
ഏതെല്ലാമാ വഴികളിലവയ്ക്കാ ഗുണം വന്നമാർഗ്ഗം
ശാസ്ത്രം ചൊല്ലുന്നതവ, യകൃതം, തൽസ്വരൂപം, പ്രകൃത്യാ
സംസിദ്ധത്താൽ, സഹജവുമതുപോൽ സ്വഭാവങ്ങളെന്ന്യേ

വ്യാഖ്യാനം: ഗുണം എല്ലാവസ്തുക്കൾക്കുമുണ്ടെന്നു് നമുക്കറിയാം. ഏതു വസ്തുവായാലും അതിൽ ഗുണം ചേർന്നുകാണുന്നുണ്ടെങ്കിൽ, ഏതെല്ലാം വഴികളിലൂടെ അവയ്ക്ക് ആ ഗുണം സ്വായത്തമാക്കാനാകും? ഭാരതീയപഠനങ്ങളിൽ അവ അകൃതം, തൽസ്വരൂപം, പ്രകൃത്യാ, സംസിദ്ധം, സഹജം, സ്വഭാവം എന്നിങ്ങനെയാണു് അവ തരംതിരിച്ചിരിക്കുന്നത്.

നീരോ താഴ്ചക്കൊഴുകിവരുവാനായി ചെയ്യേണ്ടയൊന്നും
പാരിൻ തത്വം, പറവ‘തകൃതം‘ കേൾക്കു ദൃഷ്ടാന്തമായി
സ്ത്രീയ്ക്കായ് സ്ത്രീത്വം, ബത പുരുഷനിൽ പൗരുഷം പോലെയെന്നും
ഓർക്കാം രൂപപ്രകൃതിയതിനെ സ്വന്തരൂപപ്രകാരം

വ്യാഖ്യാനം: അകൃത എന്നു പറഞ്ഞാൽ ചെയ്യാത്ത എന്ന അർത്ഥം. അത് അങ്ങനെ ആയിത്തീരാൻ ഇനി നമ്മളായിട്ട് പ്രത്യേകിച്ചൊന്നുംതന്നെ ചേയ്യേണ്ടതില്ലാത്തത് എന്ന് അർത്ഥം. വെള്ളം താഴോട്ടൊഴുകുന്നപോലെ, അതിനെ മുകളിലേയ്ക്കൊഴുക്കാനേ പ്രത്യേകിച്ചൊരു ഉദ്യമം ആവശ്യമുള്ളൂ.  സ്ത്രീക്കു സ്ത്രീതത്വമെന്നതും പുരുഷനു പൗരുഷമെന്നതും തൽസ്വരൂപമാണു്.

ആർജ്ജിച്ചെന്നാലൊരുതവണ കൊണ്ടാഗുണം പിന്നെയെന്നും
വർജ്ജിച്ചീടാൻ കഴിവതരുതാം രീതി സംസിദ്ധമാകും
വാനിൽ നീളേ പറവചിറകും നീർത്തിടുമ്പോൾ, മരാളം
താനേ നീരിൽ സഹജമണയും വാസനയ്ക്കൊത്ത മട്ടിൽ

വ്യാഖ്യാനം: ചിലപ്പോൽ ചില ഗുണങ്ങൾ ഒരു തവണ ഒരു വസ്തുവിനോടുചേർന്നാൽ പിന്നെയൊരു മടങ്ങിപ്പോക്കില്ല. ആ ഗുണം പിന്നെ ആജീവനാന്തം ആ വസ്തുവിനോടുകൂടെയുണ്ടാകും.  പാൽ തൈരാകുന്നതോ തൈര് നെയ്യാകുന്നതുപോലെ. അതുമല്ലെങ്കിൽ വിദ്യാഭാസയോഗ്യതകൾ, അതിലെ മൂല്യങ്ങൾ ഒക്കെ വിദ്യാർത്ഥിയ്ക്കു ലഭിക്കുന്നതുപോലെ.  സഹജവാസന ജനനത്തോടുകൂടി ലഭിക്കുന്നു.  നീർക്കോലിക്കുഞ്ഞിനെ ആരും നീന്താനും പൊന്മാനെ ആരും മീൻപിടിക്കാനും പഠിപ്പിക്കാറില്ല എന്നതുപോലെ.

നീരിൽ ശൈത്യം പൊതുവൊരുഗുണം കണ്ടിടാമെങ്ങുമെങ്ങും
ചേരും ചൂടൊന്നനലനുമതേപോൽ സ്വഭാവങ്ങളായി
തന്നിൽച്ചേരും ഗുണവഴികളീയഞ്ചുമാർഗ്ഗത്തിലൂടെ
ഒന്നും സ്വന്തം ഗുണഗണമതെ,ക്കൈവിടില്ലേതു നാളും

ഏതാണോ തൻ തനിഗുണമതിങ്ങൊന്നു കൈവിട്ടിടുന്നു
സ്വന്തം സാരം കളയുമിവിടെ, ക്കാണ്മു മറ്റൊന്നുപിന്നെ
സാരത്തോടും ഗുണഗണമതോ വിട്ടുപോയിട്ടുകൂടി
പേരും മാറ്റാതുലുകമിതിലൊന്നിന്നുമാവുന്നതല്ല

വ്യാഖ്യാനം: വെള്ളത്തിനു തണുപ്പും തീയ്ക്കു ചൂടും അവയുടെ സ്വഭാവങ്ങളാണു്.  മേൽപ്പറഞ്ഞ 5 വഴികളിലൂടെയാണു് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിനെ ആ വസ്തുവാക്കുന്ന ഒഴിച്ചുകൂടാനാകാത്ത, അടിസ്ഥാനപരമായ ആ ഗുണം ലഭ്യമാകുന്നത്.  ആ ഗുണം കൈവെടിഞ്ഞു എന്നു പറഞ്ഞാൽ അത് അതല്ലാതായിത്തീർന്നു എന്നു കൂടി കരുതേണ്ടി വരും. കാരണം നഷ്ടപ്പെടുന്നത് ഏതുഗുണം ഉള്ളതുകൊണ്ടാണോ ആ വസ്തുവിനെ അപ്രകാരം നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് ആ ഗുണം തന്നെയാണു്. ചൂടില്ലാത്ത തീയും, ആണത്തമില്ലാത്ത ആണും, അക്ഷരമറിയാത്ത അഭ്യസ്തവിദ്യനും, എന്തിനധികം ലഹരിയില്ലാത്ത മദ്യവുമൊക്കെ അവ എന്തിനെ ഉദ്ദേശിച്ചിട്ടുള്ളതാണോ ആ കാര്യത്തിനു് ഉതകാത്തതെങ്കിൽ ഉപയോഗശൂന്യമായതായിക്കൂടി കണക്കാക്കേണ്ടിവരും.  അപ്പോൾ പ്രപഞ്ചത്തിൻ്റെ കാരണഭൂതനോ? കാരണം തന്നെയാണു് കാര്യം എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞതുപോലെ സൃഷ്ടാവും സൃഷ്ടിയും നേരെ വിപരീതങ്ങളായിട്ടാണു് കാണുന്നത്.  കാരണം കാര്യമായപ്പോൾ ആ ഗുണങ്ങളൊക്കെ നഷ്ടപ്പെട്ടുവെങ്കിൽ ആ കാരണം ഇപ്പോൾ ഉപയോഗശൂന്യമായി എന്നു സമ്മതിക്കേണ്ടിവരും. തൻ്റെ തനിഗുണമായതെന്തോ അത് കൈവിട്ടുപോയി എന്നുപറഞ്ഞാൽ സാരം മാറി അത് മറ്റൊന്നായിക്കഴിഞ്ഞു എന്നുപറയാം. സാരം നിലനിർത്തി, പേരും അതുപോലെതന്നെനിലനിർത്തി തൻ്റെ തനിഗുണം മാത്രം കൈവിട്ടുകളയാനാണെങ്കിലോ ഇവിടെ ഒന്നിനും ആവുകയുമില്ല.

ഏതും മാറ്റം സഹിതമുലകം വന്നിടുന്നെങ്കിലാട്ടേ
തീർത്തും ചൊല്ലാം ജനനമരണം സംഭവിക്കുന്നിതങ്ങ്
സച്ചിദ് രൂപം സമയപരിധിയ്ക്കപ്പുറത്തുള്ള തത്വം
വാച്യാർത്ഥം കേൾ ചിരസമയമായ് സ്ഥായിയായുള്ള സത്യം

വ്യാഖ്യാനം: ഏതെങ്കിലും ഒരു മാറ്റം സഹിതമാണു് ലോകം വന്നിട്ടുള്ളതെങ്കിൽ സംശയലേശമന്യേ നമുക്കു പറയാം അവിടെ കാരണത്തിൽ ഒരു ജനനവും മരണവും സംഭവിച്ചുകഴിഞ്ഞു. “കാരണം“ മരിച്ചുകഴിഞ്ഞെങ്കിൽപ്പിന്നെ ഇപ്പൊഴും എങ്ങനെയാണു് അത് സത്യമാണെന്നും അമരമാണെന്നുമൊക്കെ പറയാനാകുക? സച്ചിദ് രൂപം, സത് +‍ ചിത് രൂപമായ കാലാതീതമായ തത്വം എന്നു പറഞ്ഞാൽ നമ്മൾ മനസ്സിലേക്കണ്ടതോ കാലത്തേയും കടന്നുനിന്നു് വളരെക്കാലമായി ഒരുമാറ്റവും ഇല്ലാതെ ഒരേപോലെ തുടരുന്ന ഒന്നാണെന്നും.


ആനന്ദത്തിന്നറിവുപകരും  ബ്രഹ്മമാം ബോധരൂപം
നാനാത്വം പോലനുഭവമതിൻ ധർമ്മമാധാര ലോകം
തന്നില്‍ത്തന്നേയുലകസകലം ജന്‍മമൃത്യുസ്ഥിതീയം
തന്നില്‍ത്തന്നേ ത്രിപുരജനനം ജീവലീലാലയങ്ങള്‍

വ്യാഖ്യാനം: ആനന്ദത്തിൻ്റെ അറിവു് അല്ലെങ്കിൽ ആനന്ദത്തോടെയുള്ള അറിവു് പകരുന്ന ബ്രഹ്മമാണു് ബോധരൂപമായി നിൽക്കുന്നതും പലതായി അനുഭവവേദ്യമാകുന്നതുമായ ധർമ്മം ആധാരമായുള്ള ഈ ലോകം. ഏതൊന്നാണോ ഒരുവസ്തുവിനെ അതാക്കി നിലനിർത്തുന്നത് അത് അതിൻ്റെ ധർമ്മം. നിലനില്ക്കുന്നതെന്തോ അത് ഉണ്മ, അതായത് സത്.  സത് സത്തായിത്തന്നെ നിലനിൽക്കുന്നതിനാൽ അതുതന്നെ ലോകധർമ്മവും. ഈ ലോകം നിലനിൽക്കുന്നതും നമ്മിൽത്തന്നെയാണു്. ഉണർവ്, സ്വപ്നലോകം, ഉറക്കം എന്നിങ്ങനെ 3 തലങ്ങളിലായാണു് ജീവിതം.  ജീവൻ എപ്പോഴും ഈ 3 തലങ്ങളിലെവിടെയോ ഉണ്ടാകും. ഉറക്കത്തിൽനിന്നും ഉണർവിലേക്കും സ്വപ്നത്തിലേക്കും മാറിമാറി ചരിച്ചുകൊണ്ടിരിക്കും.  കണ്ണുതുറന്നിരുന്നുകൊണ്ടു് സ്വപ്നം കാണും.   ഇങ്ങനെ ഒരു ത്രിപുരത്തിൽ ജീവിക്കുന്നവനെ 3 പുരങ്ങളും ഒന്നിച്ചുതകർത്തല്ലാതെ മോചിപ്പിക്കുവാനുമാകില്ല. 


ലോകത്തിൻ്റെ പ്രഭുവുമുടയോൻ ദൈവമായ് തത്വശാസ്ത്രം
ഏകം ഓതുന്നതിനു പൊതുവിൽ മാറിടാനാവതില്ലാ 
ഏതും മാറ്റം ജനനമരണത്തിന്നു സാക്ഷ്യം വഹിക്കും !
അര്‍ത്ഥം : ലോകം ജനനസമയം “കാരണം“ മൃത്യുപൂകും

വ്യാഖ്യാനം: ലോകകാരണം എവിടെയിരുന്നാലും അതിനൊരു മാറ്റം വന്നിട്ടുണ്ടെന്നു് ഒരിക്കലും പറയാനാകില്ല. അങ്ങനെ പറഞ്ഞാൽ അതിനർത്ഥം ലോകം ജനിച്ചപ്പോൾ അതിൻ്റെകാരണം അന്നു മരിച്ചെന്നുകൂടിയാകും


നിത്യം സത്യം അജവുമമരം “കാരണം“ തന്നെ “കാര്യം“
സത്യം കാലത്രയവുമൊരുപോല്‍ മാറിടാതുള്ളതാകും
ആധാരം ഇങ്ങൊരുവശമിതാ നിത്യ നിര്‍മുക്തമായും
ഭേദം കണ്ടോരുലകമതിനാലിങ്ങു വന്നുള്ളതാകും ?

വ്യാഖ്യാനം: ഇങ്ങനെ നിത്യമായയതും സത്യമായതും ജനിക്കാത്തതും മരിക്കാത്തതുമായ “കാരണം“ തന്നെയാണു് “കാര്യവും“ എന്നു പറഞ്ഞാലോ 3 കാലങ്ങളിലും മാറാതെ നിലകൊള്ളുന്ന ഭുവനാധാരം നിത്യനിർമുക്തമായും അതിൽനിന്നും വ്യത്യാസമോടെയുള്ളൊരു ലോകം അതിൽനിന്നു തന്നെ വന്നിട്ടുള്ളതുമാണെന്നു പറയേണ്ടിവരും. കാരണം മാറിയിട്ടാണു് കാര്യമായതെങ്കിൽ കാരണം നിത്യമോ സത്യമോ അല്ലതാനും. കാരണവും കാര്യവും തമ്മിൽ യാതൊരുബന്ധവുമില്ല. ഇതെങ്ങിനെ ശരിയാകും?

വിശ്വാധാരം അജിതമമരം നിത്യമാം നഗ്നസത്യം
വിശ്വം മാറ്റം വരുമനുദിനം ഭംഗുരം ചഞ്ചലം താൻ
ജന്‍മം കൊള്ളാത്തൊരു പൊരുളിതായ്‌ “കാരണം“ വാഴ്ത്തിടുമ്പോള്‍
ജന്‍മം നല്‍കാനതിനു കഴിയുന്നെന്നവാദം വിചിത്രം !

വ്യാഖ്യാനം: ജനിക്കാത്തതും മരിക്കാത്തതും നിത്യവുമായ ഒരു സത്യമാണു് വിശ്വത്തിനാധാരം എന്നത് തിരുത്താകാത്ത ഒരു വാക്യം.  അതിൽനിന്നുമാണു് മാറ്റത്തോടുകൂടിയ ഭംഗുരവും ചഞ്ചലവുമായ വിശ്വവും വന്നിട്ടുള്ളതെങ്കിൽ ആ സിദ്ധാന്തവും തെറ്റ്.  ജനിക്കാത്ത ഒരു “കാരണ“മാണ് ജനിപ്പിച്ചത് എന്നാണു് പറയുന്നതു്. ജനിച്ചിട്ടേയില്ലാത്ത ഒന്നിനു് മറ്റൊന്നിനെ എങ്ങനെ ജനിപ്പിക്കാനാകും? ഇത് അതിലും വിചിത്രമായ വാദമല്ലേ (അജദ്വൈജായതേ - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 13)

ജന്‍മം കൊണ്ടൊരുടയവനവൻ “കാരണം“ ചൊന്നുവെന്നാൽ
ജന്‍മം ആദ്യം വരുവതൊരു പൂച്ചെണ്ടിനോ പൂച്ചെടിയ്ക്കോ ?
കാര്യാധാരം ഉലകജനനം ഹേതുവോ “കാരണം“ പോൽ
“കാര്യം“ പിന്നെ,ത്തിരികെയൊരു ‍നാൾ “കാരണം“ തന്നെയാകും

വ്യാഖ്യാനം: ജന്മം കൊണ്ടവൻ തന്നെയാണു് ഉടയവനായ ആ “കാരണം“ എന്നു പറഞ്ഞാൽ ഫലത്തിൽ “കാര്യം“ “കാരണ“ത്തിൻ്റെ കാരണമാണു്,  കാര്യത്തിൻ്റെ കാരണം കാരണവുമാണു് ഇങ്ങനെ പരസ്പരപൂരകങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായ ഒരു ചങ്ങലയിൽ കണ്ണിചേർത്തുപോകുന്നതുപോലെ അവ പൊയ്ക്കൊണ്ടിരിക്കും. ബീജവൃക്ഷന്യായം ഇവിടെയാണു് വരുന്നത്.  വിത്താണോ അതോ മരമാണോ അപ്പോൾ ആദ്യമുണ്ടായത്  എന്ന ചോദ്യം അവശേഷിക്കും. തന്നെയുമല്ല, അപ്പോൾ “കാരണം“ ജനിക്കാത്ത മരിക്കാത്ത ഒരു സത്യവുമാകില്ല. (ഹേതോരാദി - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 14) കാര്യത്തിൽനിന്നും വന്നതാണു് കാരണമെങ്കിൽ അതിനെ നമുക്ക് സമർത്ഥിച്ചെടുക്കാനാകില്ല. അങ്ങനെയുള്ള ഒരു കാരണത്തിനു് എങ്ങനെ കാര്യത്തെ ജനിപ്പിക്കാനാകും?

കാര്യം പിന്നെങ്ങിനെയജവുമായ്‌, കാരണം ജന്‍മ മുക്തം ?
നേരോ പുത്രന്‍ ജനകനു പിതാവായി വന്നീടുമെന്നോ ?
ആദ്യം ഏതാണിവിടെയുദയം ചെയ്തതെന്നും നിഗൂഢം
ചോദ്യം മാത്രം, മറുപടികളേതു യുക്തിക്കുമൊക്കാ

വ്യാഖ്യാനം: തേടുന്നത് സത്യമാണു്, സത്യമാണെങ്കിലോ ജനിക്കാത്ത, മരിക്കാത്ത മാറാത്ത ഒന്നും. അപ്പോൾ  “കാര്യം“ പിന്നെ എങ്ങനെ ജനിക്കാത്ത ഒന്നാകും? കാരണമെങ്ങിനെ ജന്മമില്ലാത്തതാകും? കാര്യത്തിനു് കാരണത്തിൻ്റെ കാരണമാകാനാകുമെങ്കിൽ മകനു് അച്ഛൻ്റെ അച്ഛനാകാനാകും എന്നു പറയുന്നതിനു തുല്യമാകും.  ഇവ രണ്ടിൽ ആദ്യം ഏതായിരിക്കും വന്നത്? ഇതിനൊന്നും യുക്തിഭദ്രമായ ഒരു മറുപടിയും കിട്ടുകയുമില്ല.
 

ഒന്നേ നേരം ഒരുസമയമീ കാര്യഹേതുക്കളൊന്നായ്‌
വന്നൂ നേരേയിവിടെയുദയം ചെയ്തതാണെന്നു ചൊന്നാല്‍
എന്തേബന്ധം അവയിടയിലായ്‌ തമ്മിലായ്‌ചേര്‍ത്തുവെച്ചാല്‍
ദന്തം ദന്തിക്കിരുവശവുമോരോന്നു കാണുന്നപോലേ

വ്യാഖ്യാനം: മറ്റൊരു സാധ്യത ഒരേസമയത്ത് കാര്യവും കാരണവും വന്നുവെന്നു പറയുന്നതാണു്. പക്ഷെ ഇങ്ങനെ പറഞ്ഞാൽ കാര്യവും ഉണ്ടാകും കാരണവും ഉണ്ടാകും, കാര്യകാരണബന്ധം മാത്രമില്ല. കാരണം, അവ രണ്ടും തമ്മിൽത്തമ്മിൽ ഒരു ബന്ധവും കാണുന്നില്ല,  ആനയ്ക്കു 2 കൊമ്പുകൾ ഇരുവശത്തും വെവ്വേറെ നിൽക്കുന്നപോലെ.  അപ്പോൾ “കാരണം“ വേറെ, “കാര്യം“ വേറെ രണ്ടും സ്വതന്ത്രമായി പരസ്പരബന്ധമില്ലാതെ വെവ്വേറെ നിലകൊള്ളും.  കാര്യത്തിൻ്റെ ആരുമല്ല കാരണമെങ്കിൽപ്പിന്നെ നമ്മളെന്തിനു് ആ കാരണത്തിനു പിറകെ പോകണം?  (സംഭവേ ഹേതുഫല - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 16)

അജ്ഞാനത്താൽ മറുപടികളോ യുക്തിഭദ്രം വരില്ലാ
വിജ്ഞാനം താൻ ചപലമുലകം സത്യമല്ലൊന്നുമിങ്ങും
ആരംഭിച്ചാലൊരു ദിനമതിന്നന്ത്യവും  നിശ്ചയം പോല്‍
ആരംഭിക്കാത്തതിനു വരുവാനന്ത്യമേയില്ല സാരം

വ്യാഖ്യാനം:  കാര്യകാരണബന്ധം കൃത്യമായി സമർത്ഥിക്കാനായില്ലെങ്കിൽ അതിനർത്ഥം അങ്ങനെയൊന്നില്ലെന്നുതന്നെ.  അപ്പോൾ വിശേഷിച്ചു മനസ്സിലാക്കേണ്ടത് ഈ ലോകം ചപലമാണു്, മാറ്റമുള്ളതാണു്. അതിനാൽ ഇത് സത്യമാകില്ല.  കാരണം സത്യം മാറാതെ നിൽക്കേണ്ടതാണു്. അതുകൊണ്ടു് സത്യം അജാതം തന്നെയാകുകയും വേണം.  ഏതൊന്നാണോ ജനിച്ചിട്ടുള്ളത് അതിനൊരു അന്ത്യവും ഒരുനാൾ വന്നേ തീരൂ.  ജനിച്ചിട്ടേയില്ലെങ്കിൽ പിന്നെ അതിനെങ്ങനെ മരണം വരാനാണു്?
(അശക്തിരപരിജ്ഞാനം - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി (19)
ആദാവന്തേ ച - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി (31))

നിത്യം, മുക്തം, അമരമജിതം വസ്തുവാദ്യന്തഹീനം
യുക്ത്യാലുക്തം ക്ഷണികതരമാം വസ്തുവാദ്യന്ത്യമോടും
സൃഷ്ടാവെന്നും അജിതനമരൻ, ജന്മജന്മാന്തഹീനൻ
സൃഷ്ടം മാത്രം ജനനമരണം വന്നുപോകുംസദാ കാൺ 

വ്യാഖ്യാനം:  ഏതുവസ്തുവാണോ ആദ്യവും അന്തവും ഇല്ലാത്തത്, അത് നിത്യവും മുക്തവും മരണമില്ലാത്തതും ജനിക്കാത്തതും ആകണം. അതേ യുക്തിയിൽ പറഞ്ഞാൽ ക്ഷണികമായ വസ്തുവേതാണോ അത് ആദ്യവും അന്ത്യവുമൊക്കെ ഉള്ളതുമാകും.  അപ്പോൾ സൃഷ്ടാവു് ജനിക്കാത്തവനും മരിക്കാത്തവനും ജന്മവും ജന്മാന്തവുമൊക്കെ ഇല്ലാത്തതാകണം, സൃഷ്ടിച്ചതോ ജനനവും മരണവുമൊക്കെ എപ്പോഴും വന്നുപോകുന്ന ഒന്നുമാത്രം.



സത്യം ദൈവം, അവനുലകമായ്ത്തീർത്തസത്താണു ലോകം
തീർത്തും മിഥ്യ, ക്കരുതിടുക നീ സത്യമല്ലാത്തതെല്ലാം
സത്തിൽനിന്നും കളയു പതിരായ് വന്നസത്തായ മിഥ്യ
സത്തിൽക്കാണും ധിഷണരചിതം നാമരൂപപ്രപഞ്ചം

വ്യാഖ്യാനം: “കാരണം“ സത്യമാണു്, “കാര്യ“മെന്ന ഈ ലോകം അസത്തും.  ഏതാണോ സത്യമല്ലാത്തത് അതിനെ മിഥ്യയെന്നു പറയും. നിലനില്ക്കുന്നതെന്തോ അത് ഉണ്മ, അതായത് സത്.  ലോകം ഇല്ലാത്തതല്ല, അതിനും ഉണ്മയുണ്ടു്. മിഥ്യയാണെന്നു പറഞ്ഞാൽ സത്യമല്ലാത്തത് എന്ന് അർത്ഥം. ലോകം മാറ്റമില്ലാത്തതല്ല, മാറ്റ‘മുള്ള‘താണു് എന്നു പറയുമ്പോൾ വീണ്ടും നമ്മൾ ഉണ്മയിലേക്കാണു് വരുന്നത്. എല്ലാം മാറിക്കൊണ്ടിരിക്കുന്നുവെങ്കിലും അവ അപ്പോഴും ഉണ്ട് എന്നുതന്നെയാണു് പറയുന്നത്.  ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയാൽ മാറുന്നതത്രയും/മാറിയതത്രയും രൂപവും പേരും മാത്രമായിരുന്നുവെന്നുകൂടി കാണാം. ഇത് സത്തിൽ ആരോപിക്കപ്പെട്ട പതിരാണു്. സത്ത് അന്നും ഇന്നും എന്നും സത്തു മാത്രമാണു്, അസത്തിനെ തൻ്റെബുദ്ധി സത്തിൽ ആരോപിച്ചപ്പോഴും ആ അസത്തിനു് സത്തിൻ്റെ ഉണ്മയാണു് കിട്ടിയത്. 


മിഥ്യയ്ക്കിങ്ങൊട്ടൊരുവിധവുമേ കാരണം മിഥ്യയല്ലാ 
തഥ്യയ്ക്കിങ്ങൊട്ടൊരുവിധവുമേ ‌ ഹേതുവാകാവതല്ലാ 
തഥ്യയ്ക്കോ കേൾ, ഒരു വിധവുമേ ഹേതുവാ തഥ്യയല്ലാ
മിഥ്യാലോകം ഇവിടെ ജനനംകൊണ്ടുവെന്നെങ്ങിനോതും ?

വ്യാഖ്യാനം:  മിഥ്യയായ ഒന്നിനു് ഒട്ടൊരുവിധത്തിലും മിഥ്യ തന്നെ കാരണമാകാൻ പറ്റില്ല.  മിഥ്യയ്ക്കു കാരണം തഥ്യയാണെന്ന് ഒട്ടൊരുവിധത്തിലും പറയാനും പറ്റില്ല. തഥ്യ സ്വയമേ ഉണ്മയും അതിനിനി വേറൊരു കാരണവും പ്രത്യേകിച്ച് വേണ്ടതുമില്ല. മിഥ്യാലോകം പിന്നെങ്ങിനെ ഇവിടെ ജനിച്ചിട്ടുണ്ടെന്നു പറയും? (നാസ്ത്യസത് ഹേതുകം - മാണ്ഡൂക്യോപനിഷത്ത് - അലാത്ത ശാന്തി 40)


സത്യം ചൊന്നാലിവിടെമുഴുവൻനിന്നതാ സത്തുമാത്രം
സത്യം തേടുന്നൊരുമനുജനും നേരിലാ സത്തുതന്നേ
മായാമോഹം വെറുതെയവനിൽ ജീവനായ്‌ മാറിയപ്പോള്‍
മേയും പുല്ലില്‍ മൃഗമദമണംതേടി നീങ്ങുന്നമാനായ്

വ്യാഖ്യാനം:  ഇന്നലെയും ഇന്നും ഇനി നാളെയും ഇവിടെ ഉണ്മയായിട്ടുള്ളത് സത്തുമാത്രമാണു്. അത് തേടിനടക്കുന്ന മനുജനും അതേ സത്തുമാത്രമാണു്. അസത്തായ ഒന്നിനെ സത്തായതിൽ ഉണ്ടെന്നുസങ്കൽപ്പിച്ച്, സത്തിൻ്റെ ഉണ്മയെ അസത്തിൽ ആരോപിച്ച്, ഒരിക്കലും ഉണ്ടായിട്ടേയില്ലാത്ത ഒരു അസത്തിൻ്റെ സൃഷ്ടിക്കു് ഒരു കാരണം കൂടി ഉണ്ടായേക്കാമെന്ന തോന്നലിൽ ആ കാരണത്തെ അതേ മിഥ്യാലോകത്തിൽ തേടിനടക്കുന്നവൻ തൻ്റെതന്നെ കസ്തൂരി പുല്ലിൽ തിരഞ്ഞുനടക്കുന്ന മാനിനെപ്പോലെതന്നെ.

വൃത്തം : മന്ദാക്രാന്താ