Showing posts with label ഇന്ദുവദന. Show all posts
Showing posts with label ഇന്ദുവദന. Show all posts

Saturday, October 16, 2021

ചൂതവനചന്ദ്രിക

 

ചൂതവനചന്ദ്രിക

വന്നു കുളിരിന്ദുമതി നിന്നു ചിരിതൂകി
തന്നു മനമാകെ നിറയുന്ന നറുവെണ്ണ
കുന്നിമണിമാലയഴിയുന്ന തവമുത്തായ്
തോന്നി കുനുതാരകളുമിന്നു നിറവാനിൽ

പേലവ നതാംഗി രതിപോലവളിതെന്തേ
ലോലകമനീയചലനം ലസിതലാസ്യം
കീലമണിതൻ രജതമാലയതു വേണ്ടേ
നീലരജനീസുഷമയാലവനി വെല്ലാൻ

ശീതളനിലാവിനൊളി ചൂതവനമാകെ
നൂതനവികാരമിഴനെയ്ത കരജാലം
കാതരമനോവ്യഥകളും തരു മറന്നു
വീതശിശിരം പുതുമകൾ തളിരു മൂടി

വിണ്ണു ദധിതൂകി,യളവുണ്ണു നവനീതം
പൂർണ്ണവിധു ബിംബമതു മണ്ണിനമൃതേകി
സ്വർണ്ണനിറമുള്ള തരുപർണ്ണ,മവ തൊട്ടാൽ
കണ്ണിലറിയുന്നതു സുവർണ്ണസുരലോകം

ചാറി മഴപോൽ നിലവു,മേറി കതിരൊന്നിൽ
കൂറിനലിവിൻറെരസമൂറി കലികയ്ക്കും
മാറിയതു തൂമധുരമേറിയൊരു ധാര
വേറിടുവതില്ല,മധുപേറിയിനി പൂക്കാം

ചേർത്തുതഴുകീ ശശി കുളിർത്തമധുരാവിൽ
ചാർത്തിപുളകം, മുള കിളിർത്തു പലമോഹം
ഓർത്തുമരമാകെ മധുരത്തിനലതല്ലീ
പൂത്തു ശിഖരങ്ങളമുതത്തിലവ മുങ്ങി

രാവിനൊരു മാദകനിലാവിഴ നിചോളം
ദ്യോവിലെ ദുകൂലമിതു കാവിനുടയാട
തൂവിയവതന്നിളമ പൂവിതളിലെന്നോ
മേവിടുകയായ് സുരഭിലം വിഗതശോകം

അങ്കുരമദം പ്രണയപങ്കില കളങ്കം
തങ്കനികരപ്രഭ ശശാങ്കനുതിരുമ്പോൾ
പൂങ്കുല വിടർന്നു,യിരു സങ്കുലമുദിച്ചോ
തിങ്കളൊളിതൻ കരമതിങ്കലൊരു മായം!

പൂമണമണിഞ്ഞു പുതു കാമനകളൊക്കെ
പ്രേമമധുരം തഴുകി സോമകിരണങ്ങൾ
തൂമ ചൊരിയുന്നൊളി നികാമമഴയാകിൽ
ഹൈമമണിയുന്നനിലചാമരമതാ കാൺ

നീ രുചിരവെണ്മയുടെ ചാരുത പകർന്നോ
ചേരുമവ മാവിനകതാരുകളിലെന്നോ
ദാരുശിഖരങ്ങളിള മാരുതനിലാടീ
ആരുമറിയാതിളകി താരുണമനസ്സും

തൂകിശശി സാന്ദ്രനിലവിൻ കിരണമൻപായ്
കോകിലമദം പരതി വൈകിയിണയെന്തേ
കൂകി കുയിലും, പ്രണയമേകിയൊരു നാദം
പൂകിയതു തന്നിനിമയും കിസലയങ്ങൾ

മോഹിതമനം സ്മരസമാഹിത ഘനത്താൽ
വാഹിനി വികാരതടബർഹിനടരംഗം
ദേഹിയനുഭൂതി നുണയും ഹിമകരാ നിൻ
ഗാഹിത നിലാമഴയിലും ഹിതമതേതു് ?


വൃത്തം: ഇന്ദുവദന
പ്രാസം: അഷ്ടപ്രാസം

പദപരിചയം
പേലവ - കോമളമായ/നേർമ്മയുള്ള
നതാംഗി - സ്തനഭാരത്താൽ കുനിഞ്ഞവൾ
കീല - ജ്വാല/അഗ്നിശിഖ
കൂറ് - വാത്സല്യം/ഇഷ്ടം/സ്നേഹം
അമുതം - അമൃത്
നിചോളം - മൂടുപടം/ മേലുടുപ്പ്
ദുകൂലം - പട്ട്
സങ്കുല - കൂട്ടത്തോടെ/ഇടതിങ്ങിയ
നികാമം - ഏറ്റവും സമൃദ്ധമായി
കിസലയം - തളിര്
ബർഹി - മയിൽ
ഹിമകരൻ - ചന്ദ്രൻ
ഗാഹിത - കുളിച്ച/മുങ്ങിയ