Sunday, October 3, 2021

ഹൃദിനന്ദനം

ശക്വരി (14) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സംസ്കൃതവൃത്തമാണ് മദനാർത്ത.  ഇതുതന്നെ പ്രാചാരാധിക്യംകൊണ്ട് 24 വൃത്തങ്ങൾ എന്ന ഭാഷാവൃത്തവിഭാഗത്തിലും ഇടം പിടിച്ചിട്ടുണ്ട്.  ഇതിന്റെ ലാളിത്യമാർന്ന പദനിരയാകാം ഭാഷാവൃത്തമായി മാറ്റിയെഴുതുന്നതിനു കാരണം. ഗുരു ഗുരു ലഘു ലഘു എന്ന  ക്രമം 3 വട്ടം ആവർത്തിച്ച് 2 ഗുരുക്കളോടെ അവസാനിക്കുന്നതിനാൽ ഒരു വരിയെത്തന്നെ മൂന്നായി മുറിച്ച് അതിൽ  ദ്വാദശപ്രാസം കൊണ്ടുവരാനാണ് ശ്രമിച്ചത്. 

ഹൃദിനന്ദനം

 
കാടും മലമേടും വിരിമൂടും മലരെല്ലാം
ചൂടും, വനിതേടും കിളിപാടും കളഗാനം
കൂടും പുതുനീടും  മയിലാടും തടമെങ്ങും 
കൂടും കളിവീടും  പ്രിയമോടും സദനം പോൽ
(കൂടുക, നീട് - പ്രഭ/ഭംഗി, കൂട് )


ചെമ്മാർന്നൊരു സമ്മോദക സമ്മാനിത രംഗം
ചിമ്മാതിമ സമ്മുഗ്ദ്ധവുമമ്മട്ടിലെ കാഴ്ച
സമ്മന്ത്രണനിർമ്മഗ്നനു ചെമ്മേ മനമാകെ
സമ്മോഹന സമ്മേളന കിർമ്മീരതരംഗം
(ചെമ്മ് - ഭംഗി,  സമ്മന്ത്രണം - ആലോചന, കിർമ്മീരം - നാനാനിറം)

 
ആകാലികമാകാലികിയേകാവലി പോലെ
ആകാശവുമാ കാന്തിയിലോ കാൺമിതു രമ്യം
എൻ കാമനയാകാമതുതൻ കാന്തത മിന്നാം
നാകാരുഷിയേകാമവ നീകാശമൊടെന്നും
(ആകാലികം - അല്പസമയം മാത്രമുള്ള
ആകാലികി - മിന്നൽ ഏകാവലി - ഒറ്റവരി മുത്തുമാല കാന്തത - സൗന്ദര്യം
ആരുഷി - ഉഷസ്സ് നീകാശം - തുല്യത)


വാരായൊളിതൻ രാജികളായ് രാജിതചിത്തം
മാരാമൃതസാരാംശുവിലാരാമവുമാകാം
ചേരാമതു ധാരാളിമചോരാതിവനുള്ളിൽ
പോരാമതിലും രാഗിണിപോൽ രാഗപരാഗം
(വാർ - ഭംഗി/മനോഹരമായ)


ന്യുനങ്ങളുമോ നഷ്ടവുമാ നന്ദനമില്ലാ
സൂനങ്ങളുമായ് നന്മകളും നന്ദനമാകാം
സാനന്ദമതോ നല്ലൊരു ഗാനത്തിനു വേണ്ടി
കാനത്തിലെ മൈനയ്ക്കു രവം നൽകിയതാകാം
(കാനം - വനം)


സൗവർണ്ണവുമായ് വത്സകിനാവല്ലരി ലാസ്യം
ഭാവത്തിരയായ് വർഹിണമാവർത്തന നാട്യം
നിൻ വർത്തനമാവട്ടെ, യതിൽ വന്നണയാനീ
കൈവല്യവുമായ് വർണ്ണക കൈവന്നതുമാകാം
(വത്സം : നെഞ്ച് വർഹിണം : മയിൽ വർത്തനം : ജീവിതം/ജീവിതക്രമം
വർണ്ണക : ചായം, മാറ്റ്)


സ്യന്ദം മകരന്ദം മുദസന്ദായകഫുല്ലം
ഇന്ദീവരവൃന്ദം നറുകുന്ദം പുതുഗന്ധം
വൃന്ദാവനമന്ദാനിലഹിന്ദോളനികുഞ്ജം
സ്പന്ദം തുടിമന്ദം ഹൃദിനന്ദം മതിശാന്തം
(സ്യന്ദം - ഒഴുക്ക് ഉറവെടുക്കൽ, ഇന്ദീവരം - നീലത്താമര കുന്ദം - മുല്ല ഹിന്ദോള - തൊട്ടിൽ നന്ദം - ആനന്ദം)

വൃത്തം: മദനാർത്ത
പ്രാസം: ദ്വാദശപ്രാസം

ചേർന്നാൽ തയ സംഭം ഗഗവൃത്തം മദനാർത്താ





No comments:

Post a Comment